Thursday 27 November 2014

അസഹ്യന്‍



മിഴിയടയ്‌ക്കുന്നു സഹ്യന്‍
തീ വീണു കത്തിപ്പോയ
പുരികങ്ങളില്‍
കോപതാപങ്ങള്‍ സ്പന്ദിക്കുന്നു.

മഴയും മിന്നല്‍പ്പാടും
വറ്റിയ നെറ്റിത്തടം
പുതിയാകാശം
വാതകങ്ങളാല്‍ ഭദ്രം ക്ഷുദ്രം.

അശ്രുപര്‍വതം പോലെ
നില്‍ക്കയാണിപ്പോള്‍ പ്രാണന്‍
സ്വപ്‌നവും സ്വത്തുംപോലെ
പകുത്തോന്‍ മഹാഗിരി.

ഇടറും മൌനത്തിന്‍റെ
നേര്‍മ്മയാല്‍ മൂടല്‍മഞ്ഞിന്‍
പുടവക്കുത്തില്‍ നോക്കി-
യിരുന്നു ദു:ഖാചലം.

ജനസാഗരം ദൂരെ നിശ്ചലം നരയ്‌ക്കുമ്പോള്‍
ഹൃദയം വാക്കായ് പൊട്ടി കുഞ്ഞാറില്‍ തിളയ്‌ക്കുന്നു.

ഞാനാണ്‌ സഹ്യന്‍
നദികളുടെ അച്‌ഛന്‍
സ്‌നേഹപൂര്‍വം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവന്‍
ഞാനാണ് സഹ്യന്‍.

എന്‍റെ തോള്‍തോറും
മുകില്‍ക്കറുപ്പാര്‍ന്നവര്‍
സ്നേഹിച്ചു കാമിച്ചു
പെറ്റു പെരുകുന്നതും
മുനിയറയ്‌ക്കുള്ളിലുറങ്ങാന്‍ കിടന്നതും
അറിയുവാനിനിയേതു
പുലിയുണ്ട്‌ പൂവുണ്ട്‌
പുതിയ കിളിയുണ്ടെന്നു
തേടി നടന്നതും
ഓര്‍മ്മയുണ്ടാകണം ചന്ദ്രന്‌
ന്‌ലാമരംപോലെ വെളിച്ചം
തുളുമ്പിയ രാക്കളും.

എന്‍റെ വക്ഷസ്സിലെ ചെങ്കീരി
പന്നഗം വന്നവഴിക്കു
വാല്‍വട്ടം വരച്ചതും
നാടിറങ്ങിപ്പോയ പൂച്ചകള്‍
പിന്നെ വന്നാടലകറ്റാന്‍
മരപ്പൊത്തണഞ്ഞതും
ഈട്ടിയില്‍ ചാരി മദിച്ച കളഭമായ്‌
രാത്രികള്‍ വന്നു തടാകം കടന്നതും
ഓര്‍മ്മയുണ്ടാകണം ചെന്താരകത്തിന്
നീലക്കൊടുവേലി നീന്തിയേറുന്നതും.

ഞാനാണ്‌ സഹ്യന്‍
ഭുജങ്ങളില്‍ പൂവിട്ടു മാവും പിയണിയും
മഞ്ഞളും കൂവയും
തീയിലും തീരാത്ത പുല്ലാഞ്ഞിവള്ളിയില്‍
കേറിയിറങ്ങിക്കളിച്ചു വില്ലൂന്നികള്‍
വാനരങ്ങള്‍ മനംപോലാടി മംഗലം
പൂവനമെന്നു വിളിച്ചു തീര്‍ത്ഥാടകര്‍
ഓര്‍മ്മയുണ്ടാകണം സൂര്യന്‌
പെണ്‍മക്കളോടിയൊളിച്ച
ശിലോദ്യാനഭംഗികള്‍.

ഞാനിന്നസഹ്യന്‍
നിനക്കെന്തു കാര്യമെന്‍
മക്കളെ വില്‍ക്കാന്‍
വിലങ്ങുവയ്‌ക്കാന്‍
നീരുവറ്റിച്ചൊതുക്കാന്‍
വിഷപ്പിച്ചു കൊല്ലുവാന്‍
പൂമരം കൊയ്‌തു വിനാശം വിതയ്‌ക്കുവാന്‍
ജീവിതത്തിന്‍റെയിളംഞാറു നുള്ളുവാന്‍?

ഞാനിന്നസഹ്യന്‍
മനസ്സിലിരമ്പുന്നു
ഭൂമിയെയമ്മാനമാടുമാപത്തുകള്‍.

കണ്ണുകലക്കിയടയ്‌ക്കുന്ന കാലമേ
അന്ധകാരം നീ വരുത്താതിരിക്കണേ
കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ!

മൂകം മിഴിനീര്‍ നിയന്ത്രിച്ചുനിര്‍ത്തുവാന്‍
പാടുപെടും ഞാന്‍ അസഹ്യന്‍.

4 comments:

  1. സഹ്യൻ "അസഹ്യ"നാകുന്ന അവസ്ഥ ചിന്തോദ്ദീപകം തന്നെ!

    ReplyDelete
  2. ഈ കവിത അങ്ങയുടെ ശബ്ദത്തിലൊന്ന് കേള്‍ക്കണമെന്ന് വല്ലാതെ ആഗ്രഹം തോന്നുന്നുണ്ട്.

    ReplyDelete
  3. കണ്ണുകലക്കിയടയ്‌ക്കുന്ന കാലമേ
    അന്ധകാരം നീ വരുത്താതിരിക്കണേ
    കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
    ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ!

    ReplyDelete
  4. എന്നും സഹ്യനെക്കണ്ടുണരാൻ ഭാഗ്യം സിദ്ധിച്ച ഈയുള്ളവൻ പറയട്ടെ,നന്നായിരിക്കുന്നൂ...

    ReplyDelete