Tuesday, 26 April 2016

മറഞ്ഞൊരാൾ


കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കീ
മുന്തിരിക്കള്ളു മോന്തീ

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റടുക്കെന്തിയേടീ
എന്റെ പാട്ടെന്തിയേടീ

ഏപ്പിൽ പിടിച്ചുകൊണ്ടേ
ഏങ്ങലടിച്ചുകൊണ്ടേ
ഏഴിലം പാലമൂട്ടിൽ
ഏറ്റിരിക്കുന്നതാര്

എന്റെ തെങ്ങെന്തിയേടീ
എന്റെ തേറെന്തിയേടീ
എന്റെ ക്ടാവെന്തിയേടീ
എന്റെ ന്ലാവെന്തിയേടീ

മുണ്ടകൻ ചുണ്ടു ചോന്നോ
മൂവാണ്ടൻ മാവു പൂത്തോ
വേറ്റേമ്മാനെന്തിയേടീ
കറ്റകെട്ടെന്തിയേടീ

ആറ്റെറമ്പത്തിരുന്ന്
കാറ്റുകൊള്ളുന്ന കല്ലേ
എന്റെയാറെന്തിയേടീ
എന്റെ മീനെന്തിയേടീ

നെഞ്ചത്തു കൈപിണച്ചേ
കൊങ്ങയിൽ വാക്കുടഞ്ഞേ
കന്നാരക്കാട്ടിൽ നിന്ന്
കോട്ടുവായിട്ടതാര്

മൺകൂജയെന്തിയേടീ
കൺമഷിയെന്തിയേടീ
മെത്തപ്പായെന്തിയേടീ
പുത്തരിയെന്തിയേടീ

രാമച്ചമെന്തിയേടീ
രാപ്പാടിയെന്തിയേടീ
കാവുകളെന്തിയേടീ
മാവുകളെന്തിയേടീ

ചുറ്റുമതിൽപ്പുറത്ത്
ചുറ്റിനടന്നുകൊണ്ട്
തെക്കെപ്പുറത്തുവന്ന്
ചൂളമടിച്ചതാര്?..

ചാണകമെന്തിയേടീ
ചാരവുമെന്തിയേടീ
നഞ്ചില്ലാത്തക്കാളിയും
വെണ്ടയുമെന്തിയേടീ

വഴുതനയെന്തിയെടീ
പയർവള്ളിയെന്തിയേടീ
ചെഞ്ചീരയെന്തിയേടീ
കാന്താരിയെന്തിയേടീ

പുളിമരമെന്തിയേടീ
തണുവെള്ളമെന്തിയേടീ
കളിവള്ളമെന്തിയേടീ
മഴമേഘമെന്തിയേടീ

മുറ്റത്തുവന്നുനിന്ന്
മൂത്രമൊഴിച്ചതാര്
കാണാമറ ചമച്ച്
കാര്യം പറഞ്ഞതാര്.

Friday, 22 April 2016

പ്രകൃതിക്കൊരു കൂട്ട്‌; പ്രസാദിന്‌ ഒരു വോട്ട്‌തെരഞ്ഞെടുപ്പുകാലത്ത്‌ കേരളത്തിലൂടെ സഞ്ചരിക്കുന്നത്‌ കൗതുകകരമാണ്‌. ചുമരായ ചുമരുകളിലെല്ലാം സ്ഥാനാർഥികൾ ചിരിച്ചുല്ലസിച്ച്‌ ഇരിക്കുന്നത്‌ കാണാം. ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടില്ലാത്തവർ പോലും സ്ഥാനാർഥിയായാൽ ചിരിക്കും. ക്യാമറയ്ക്ക്‌ മുന്നിൽ ഇവരെങ്ങനെയാണ്‌ ചിരി അഭിനയിക്കുന്നത്‌. ഒരുപക്ഷേ ടൂത്ത്‌ ബ്രഷിന്റെ നാരുകൾക്കിടയിൽ ചെറിയ ക്യാമറ ഒളിപ്പിച്ചുവച്ച്‌  പല്ല് തേക്കുമ്പോൾ ക്ലിക്ക്‌ ചെയ്യുന്നതാകാം.

ചില സ്ഥാനാർഥികളുടെ ചുമരെഴുത്തുകൾ കണ്ടാൽ ഇവർ ജനിച്ചതുതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ എന്നു തോന്നിപ്പോകും. പത്തിലധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ പതിവായി തോറ്റവരും ഇക്കുറി ഭാഗ്യപരീക്ഷണത്തിനുണ്ട്‌.

പുതുമയുള്ള ഒരു കാര്യവും ചുമരുകളിലെങ്ങും എഴുതിക്കാണാറില്ല. കലാഭവൻമണിയുടെ പാട്ടുകൾക്കുവരെ ഇക്കുറി പാരഡികൾ ഇറങ്ങിയിട്ടുണ്ട്‌. അഭ്യർഥിക്കുകയാണ്‌, അപേക്ഷിക്കുകയാണ്‌ എന്ന്‌ ഉച്ചഭാഷിണിയിലൂടെ അലറിവിളിക്കാനും തുടങ്ങിയിട്ടുണ്ട്‌.

ആലപ്പുഴയിൽ ഒരു മതാതീത വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ വളരെ വ്യത്യസ്തമായ മുദ്രാവാക്യം ശ്രദ്ധയിൽപ്പെട്ടത്‌. മുഖത്തും മുടിയിലും പെയിന്റടിക്കാത്ത സ്ഥാനാർഥി. ചൂണ്ടുവിരൽ ഉയർത്തിനിൽക്കുന്ന ആകർഷകമായ ചിത്രം. അതിനോടൊപ്പം എഴുതിയിട്ടുള്ളതാണ്‌ വളരെ വ്യത്യസ്തമായി തോന്നിയത്‌. പ്രകൃതിക്ക്‌ ഒരു കൂട്ട്‌, പ്രസാദിന്‌ ഒരു വോട്ട്‌. ഹരിപ്പാട്‌ വച്ചാണ്‌ ഈ മനോഹര മുദ്രാവാക്യം ഞാൻ കണ്ടത്‌.

എല്ലാ പ്രസംഗവേദികളിലും കോഴയും സരിതയും വർഗീയതയും അലറിവിളിക്കുമ്പോൾ പാരിസ്ഥിതിക അവബോധം മുന്നോട്ടുവയ്ക്കുകയാണ്‌ ഈ മുദ്രാവാക്യത്തിലൂടെ. പ്രകൃതിക്ക്‌ കൂട്ടായി നിന്ന്‌ അതിനെ സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്ത്‌ വളരെ വലുതായിരിക്കും. ആഗോളതാപനത്തിന്‌ മരംകൊണ്ടു മാത്രമേ മറുപടി പറയാൻ കഴിയൂ എന്ന്‌ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

പണ്ടെങ്ങുമില്ലാത്തതുപോലെ കേരളം വറചട്ടിയിൽ നിന്നും അടുപ്പിലേക്ക്‌ വീണിരിക്കുകയാണ്‌. പുഴയായ പുഴയെല്ലാം വറ്റിത്തുടങ്ങിയിരിക്കുന്നു. കിളികൾ ചത്തുവീഴുന്നു. പനകൾ തനിയെ കത്താൻ തുടങ്ങുന്നു. മരുവൽക്കരണത്തിന്റെ നാന്ദിയായി കേരളത്തിൽ ഈന്തപ്പനകൾ കുലച്ചുതുടങ്ങിയിരിക്കുന്നു. ഇനിയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ സംരക്ഷിക്കണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്‌ ആയിരിക്കണം.

കുടിവെള്ളം ശേഖരിക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തെ തുടർന്നാണ്‌ ലാത്തൂരിൽ 144 പ്രഖ്യാപിച്ചത്‌ എന്നത്‌ വരാൻ പോകുന്ന വലിയ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും സൂചനയാണ്‌.

പ്രകൃതി സ്നേഹിയായ സ്ഥാനാർഥി പ്രസാദിന്റെ ചിഹ്നത്തിലേയ്ക്ക്‌ കുറേനേരം ഞാൻ നോക്കി നിന്നു. ചിഹ്നങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പഴക്കം അവകാശപ്പെടാവുന്നത്‌ അരിവാളും ധാന്യക്കതിരും. ഈ ചിഹ്നത്തോടൊപ്പം ഉണ്ടായിരുന്ന നുകം വച്ച കാള, കുടിൽ, ആൽമരം, ദീപം ഇവയൊന്നും ഇപ്പോഴില്ല. എ കെ ഗോപാലൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവായതും ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായതും ഈ ചിഹ്നത്തിൽ ജനങ്ങൾ വോട്ടുചെയ്തതുകൊണ്ട്‌ ആയിരുന്നല്ലോ.

Saturday, 9 April 2016

ന്യൂനപക്ഷക്കണ്ണുകളിൽ ഭയത്തിന്റെ പതാകകൾ


മതാതീത സാംസ്കാരിക യാത്ര മലപ്പുറത്തെത്തിയപ്പോൾ ചില ആശങ്കകളൊക്കെയുണ്ടായിരുന്നു. മതാതീത സംസ്കാരം എന്ന ആശയത്തെ അനുകൂലിക്കുവാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷ സമൂഹത്തിന്‌ ഭൂരിപക്ഷമുള്ള പ്രദേശമാണല്ലോ മലപ്പുറം.

ഇവിടെയുള്ളവരിൽ നിന്ന്‌ മതാതീത സംസ്കാരത്തിന്റെ വിളംബര ചിത്രങ്ങൾ ആലേഖനം ചെയ്ത വാഹനത്തിന്‌ ഇന്ധനം വാങ്ങി ഒഴിക്കുവാനുള്ള പണം ശേഖരിക്കാൻ പറ്റുമോ? ഞങ്ങൾ ലഘുലേഖകളും ശബ്ദകങ്ങളും നൽകി സംഭാവനകൾ സ്വീകരിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞ ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ നിശ്ചയദാർഢ്യത്തോടെ നിന്നു.

അത്ഭുതകരമായിരുന്നു ജനങ്ങളുടെ പ്രതികരണം. അവർ ആവശ്യത്തിന്‌ പണം തന്ന്‌ ഞങ്ങളെ സഹായിച്ചു. അവരുടെ കണ്ണുകളിൽ ഞങ്ങൾ വായിച്ചെടുത്തത്‌ ഭയത്തിന്റെയും നിസഹായതയുടെയും സഹകരണ മനോഭാവത്തിന്റെയും കവിതകളായിരുന്നു. പലരുമായും ഞങ്ങൾ സ്വകാര്യ സംവാദങ്ങൾ നടത്തി.

ഹിന്ദുവർഗീയതയെ എന്നതുപോലെ ഇസ്ലാം-ക്രൈസ്തവ വർഗീയതയേയും പ്രതിസ്ഥാനത്ത്‌ നിർത്തിക്കൊണ്ടായിരുന്നല്ലോ ഞങ്ങളുടെ പ്രസംഗങ്ങളും പ്രയാണങ്ങളും. ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും ഞങ്ങൾ മനസിലാക്കിയത്‌ ഹിന്ദുമത വർഗീയവാദികൾക്ക്‌ കേരള രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞാൽ ന്യൂനപക്ഷ സമൂഹങ്ങൾ ശാരീരികമായി ആക്രമിക്കപ്പെടും എന്ന ഭയം നിലനിൽക്കുന്നു എന്നതാണ്‌.

ഈ ഭയത്തിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വംശഹത്യ ലക്ഷ്യമാക്കി ഗുജറാത്തിൽ നടന്ന നരനായാട്ടും ഇപ്പോൾ ഭരണകൂടത്തിന്റെ കുടക്കീഴിൽ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ഈ ഭയത്തിന്‌ അടിസ്ഥാനമുണ്ടെന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. അതിനാൽ ന്യൂനപക്ഷസമൂഹങ്ങളുടെ രക്ഷയ്ക്ക്‌ മതാതീത സംസ്കാരം എന്ന ആശയം പ്രയോജനപ്പെടും എന്ന്‌ അവർ പറഞ്ഞു. മനുഷ്യസംഗമ സംഘാടകരുടെ കൈയിൽ ചുവന്ന ഗാന്ധിനോട്ടുകൾ വച്ചു കൊടുത്തുകൊണ്ട്‌ നിസ്കാരത്തഴമ്പുള്ള ഒരു വന്ദ്യ വയോധികൻ പറഞ്ഞത്‌ ഈ ആശയം കൂടി കേരളത്തിൽ ഉണ്ടെങ്കിലേ ഞങ്ങൾക്കും കൂടി ഇവിടെ ജീവിക്കാൻ കഴിയൂ എന്നതാണ്‌.

ഹിന്ദുമത ഭീകരതയ്ക്ക്‌ ഉദാഹരണമായി രോഹിത്‌ വെമുല ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വം മാത്രമല്ല ചേകന്നൂർ മൗലവിയുടെ വധം, കൈവെട്ടുകേസ്‌, മുടിപ്പള്ളി വിവാദം, മദ്രസകളിലെ ബാലപീഡനം തുടങ്ങിയ ഇസ്ലാമിക വിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടും ന്യൂനപക്ഷ സമൂഹം ഞങ്ങളെ അഭിവാദ്യം ചെയ്തു.

ആ അഭിവാദ്യത്തിനു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം, മതാതീതമായി മനുഷ്യനെ സ്നേഹിക്കണമെന്ന ശ്രേഷ്ഠമായ ആശയമായിരുന്നു. ഹിന്ദുമത വർഗീയതയ്ക്ക്‌ മേൽക്കൈ ലഭിച്ചിടത്തെല്ലാം അവിശ്വാസികൾ മാത്രമല്ല ഇസ്ലാം, ക്രൈസ്തവ മത വിശ്വാസികളും വേട്ടയാടപ്പെടുകയാണ്‌. നരേന്ദ്ര ധബോൽക്കറേയും ഗോവിന്ദ്‌ പൻസാരെയെയും എം എം കൽബുർഗിയേയും വെടിവച്ചുകൊന്ന അതേ കൈകൾ തന്നേയാണ്‌ ഒഡിഷയിൽ പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും ആക്രമിച്ചതും ഗുജറാത്തിലേയും മറ്റും ഇസ്ലാമിക സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും. കേരളത്തിൽ നിന്നും ന്യൂനപക്ഷ സമൂഹത്തിന്റെ ഭയവിഹ്വലതകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്‌.

യഥാർഥത്തിൽ ഹിന്ദു വർഗീയതയ്ക്ക്‌ മേൽക്കൈ ഉണ്ടായാൽ വേട്ടയാടപ്പെടുന്നത്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല, യഥാർഥ ഇരകൾ കേരളത്തിലെ ദളിതർ തന്നെ ആയിരിക്കും. അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്ക്‌ ചാടിക്കൊണ്ടിരിക്കുന്ന ഗോത്രമഹാസഭാ നേതാവടക്കം കേരളത്തിലെ എല്ലാ കീഴാളരും ഈ വിപത്ത്‌ തിരിച്ചറിയേണ്ടതുണ്ട്‌.