Thursday 30 August 2018

ഫീനിക്സ്പക്ഷിയെപ്പോലെ കേരളം


മുന്‍പരിചയമില്ലാത്ത അതിഭീകരമായ പ്രളയത്തെ കേരളം അതിജീവിക്കുകയാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ അടിപതറാത്ത നിലപാടുകളും നിര്‍ദേശങ്ങളുമാണ് കേരളത്തെ ഉയര്‍ത്തിയെടുക്കാന്‍ സഹായിച്ചത്.

പ്രളയാനന്തരം ഗൗരവമുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്. ആദ്യദിവസങ്ങളില്‍ ഇടുക്കി ഡാമിലെ അഞ്ചു ഷട്ടറുകളും മെല്ലെമെല്ലെ തുറക്കുകയും ഒരു നിശ്ചിത അളവു ജലം പുറത്തുവിട്ടതിനുശേഷം രണ്ട് ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്തു. മുന്നറിയിപ്പുകളും രക്ഷാസംവിധാനങ്ങളുമെല്ലാം കൃത്യമായിത്തന്നെ ഉണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മഹാമാരി സൃഷ്ടിക്കുകയും ഷട്ടറുകളെല്ലാം വീണ്ടും തുറക്കേണ്ടിവരികയും ചെയ്തു. കേരളത്തിലുടനീളമുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നു. കാലപ്പഴക്കംകൊണ്ട് ആശങ്കയുയര്‍ത്തിയിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പരീക്ഷണവസ്തുവാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്രയും ഡാമുകള്‍ കേരളത്തിന് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രതിവര്‍ഷം വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്കുപോലും ഈ പ്രളയത്തെ നേരിടാന്‍ കഴിഞ്ഞില്ല. ബാണാസുരസാഗര്‍ തുറന്നുവിട്ടതോടെ വയനാടുജില്ല അക്ഷരാര്‍ഥത്തില്‍ അപകടാവസ്ഥയിലായി. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കയ്യേറ്റങ്ങളും വനനശീകരണവും പാറഖനനവും ഒഴിവാക്കാന്‍ കേരളത്തിന് കഴിയാതെപോയി.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തി മലയോര പ്രദേശത്തുണ്ടായ പ്രക്ഷോഭങ്ങള്‍ കേരളീയര്‍ മറന്നിട്ടില്ല. പുലികളെയും രാജവെമ്പാലകളെയും ഇറക്കിവിട്ട് വന്തവാസികളെ ഇല്ലാതാക്കുവാനുള്ള ഗൂഢശ്രമമാണെന്നുപോലും ഗിരിപ്രഭാഷണങ്ങളുണ്ടായി. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കീരിക്കരയിലെ സെന്റ് തോമസ് ദേവാലയം പ്രളയത്തില്‍ തകര്‍ന്നുവീണു. ഇനിയെങ്കിലും പരിസ്ഥിതിലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണം.
തീര്‍ത്തും ഒറ്റപ്പെട്ടുപോയ മറ്റൊരു പ്രദേശം മൂന്നാര്‍ ആണ്. അവിടത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും പുതിയ നിര്‍മ്മിതികള്‍ തടയാനുമുള്ള അടിയന്തര നടപടികളുണ്ടാകണം.
പമ്പാനദി ഗതിമാറി ഒഴുകി. ശബരിമല ഒറ്റപ്പെട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യമുണ്ടായതിനാല്‍ ധര്‍മ്മശാസ്താവ് കോപിച്ചതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ശാസ്ത്രബോധത്തില്‍ നിന്നും യുക്തിചിന്തയില്‍ നിന്നും കേരളീയര്‍ എത്രമാത്രം ദുരീകരിക്കപ്പെട്ടുവെന്ന് ഞെട്ടലോടെ തിരിച്ചറിയേണ്ടതുണ്ട്. ഹെലികോപ്ടര്‍ വഴി വസ്ത്രങ്ങള്‍ വിതരണം ചെയ്ത കൂട്ടത്തില്‍ സ്ത്രീകള്‍ക്കാവശ്യമുള്ള അടിവസ്ത്രങ്ങളും നാപ്കിനുകളും ശബരിമലയില്‍ ഇട്ടുകൊടുത്തത് സ്ത്രീപ്രവേശനത്തിന് അയ്യപ്പന്‍ അനുകൂലിക്കുന്നതുകൊണ്ടാണെന്ന് വേണമെങ്കില്‍ ഒരു പ്രളയാനന്തര ചിരിയോടെ വിലയിരുത്താം.

ഔഷധം പാടില്ലെന്നും പ്രാര്‍ഥനകൊണ്ട് ലോകത്തെ രക്ഷപ്പെടുത്താമെന്നും പ്രചരിപ്പിക്കുന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് ഒരു സ്ഥാപനം എന്ന നിലയില്‍ ഏറ്റവും വലിയ ദുരന്തം ഉണ്ടായത്. പശുവും പന്നിയും താറാവുമടക്കം മൂവായിരത്തോളം മിണ്ടാപ്രാണികളാണ് അവിടെ ചത്തൊടുങ്ങിയത്. ആയിരത്തി അഞ്ഞൂറിലധികം മനുഷ്യര്‍ രക്ഷിക്കണമെന്ന് മറ്റു മനുഷ്യരോട് യാചിച്ചു. മൂന്നുപേര്‍ മരിച്ചു. ദൈവത്തിന്റെ അനുമതിയോടെയാണോ ഈ ദുരന്തമുണ്ടായത്. സാംസ്‌കാരിക കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു.
സുനാമി മരണത്തെ അതിജീവിച്ച മൂവായിരത്തോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചത്. കേരളത്തിന്റെ തീരദേശ കാവല്‍സേനയെ ശക്തമാക്കുകയും സൈനികര്‍ക്ക് ലഭിക്കുന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. കേരളം കുഞ്ഞാലിമരയ്ക്കാരുടെ നാടാണ്. കേരളത്തിന് ശക്തമായ ഒരു ജലദുരന്ത നിവാരണ സംഘത്തെ രൂപപ്പെടുത്താവുന്നതേയുള്ളു.

കേരള സംസ്ഥാനം കൂടുതല്‍ ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും വാങ്ങേണ്ടതായിട്ടുണ്ട്. ജില്ലാന്തര ഗതാഗതത്തിനും ചരക്കുകള്‍ കൊണ്ടുപോകാനും ഒക്കെ ഇതുപകരിക്കും. ദുരിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ഇവ ഉപയോഗിക്കാം.


യോഗാഭ്യാസം പഠിപ്പിക്കുന്നതിനേക്കാളും അത്യാവശ്യം വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കുകയാണ്. തെക്കുവടക്കു നീണ്ടുകിടക്കുന്ന കടലും നാല്‍പ്പത്തിനാലു നദികളും നിരവധി കായലുകളും ഉള്ള കേരളത്തില്‍ നീന്തലറിയാത്ത ഒരു മലയാളിയും ഉണ്ടാകരുത്.
കേരളത്തോടുള്ള കേന്ദ്ര നിലപാട് പുനഃപരിശോധിക്കണം. അപ്രതീക്ഷിത ദുരന്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം നല്‍കിയില്ലെന്നു മാത്രമല്ല മഹാബലിയുടെ മനസുള്ള ദാനശീലരായ മറുനാട്ടുകാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍പോലും ലഭിക്കാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മനുഷ്യവിരുദ്ധമായ ഒരു നിലപാടാണിത്.
പ്രളയം കേരളത്തിന് ഒരു പാഠമാണ്. മുന്‍ കരുതലിന്റെയും തിരിച്ചറിവിന്റെയും ജീവിതപാഠം.

Tuesday 14 August 2018

കെ.ആര്‍.മീരയുടെ കവിത

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

–––––
കെ.ആര്‍.മീര 

Wednesday 8 August 2018

ജീവിക്കാന്‍ ചിതയൊരുക്കി ഒരു വീട്ടമ്മ


കേരളം അവിശ്വസനീയമായ പല സമരങ്ങളും കണ്ടിട്ടുണ്ട്. ഉടുപ്പിടാന്‍ വേണ്ടിയുള്ള സ്ത്രീസമരം, ഉപ്പു കുറുക്കി സമരം, അടുപ്പുകൂട്ടി സമരം, ആറടി മണ്ണിനുവേണ്ടിയുള്ള നില്‍പ്പുസമരം, കാലുകടഞ്ഞു പൊട്ടാറാവുമ്പോള്‍ ഒന്നിരിക്കാന്‍ വേണ്ടിയുള്ള ഇരിപ്പുസമരം, അങ്ങനെ വരും തലമുറയ്ക്കു വിശ്വസിക്കാന്‍ പ്രയാസമായ നിരവധി ജീവിതസമരങ്ങള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മാനാത്തുപാടത്തു നടക്കുന്ന ഒരു വീട്ടമ്മയുടെ സമരം.

വിറകും ചിരട്ടയും ഉപയോഗിച്ച് ചിതയുണ്ടാക്കി അതിനുമുകളില്‍ വെള്ളത്തുണി വിരിച്ച് സാമ്പ്രാണിത്തിരികളും കത്തിച്ചുവച്ചാണ് പാവപ്പെട്ട ആ വീട്ടമ്മ സമരം നടത്തുന്നത്. ആകെക്കൂടി സ്വന്തമായുള്ള ഒരു ചെറിയ വീടും അല്‍പസ്ഥലവും മനുഷ്യസ്‌നേഹം കാട്ടിയതിനു വിലയായി പിടിച്ചെടുത്ത് തെരുവിലിറക്കുകയാണെങ്കില്‍ ഒതുക്കിവച്ചിരിക്കുന്ന ചിത സ്വയം കത്തിച്ച് മരിക്കുമെന്നാണ് പ്രീതാഷാജി എന്ന ഈ വീട്ടമ്മയുടെ തീരുമാനം.

ചേരനല്ലൂര്‍ സ്വദേശി സാജന്‍ എന്ന ആള്‍ക്ക് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി ലോഡ്കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ ലോണെടുക്കേണ്ടിവന്നു. കൂട്ടുകാരനായ ഷാജിയാണ് ജാമ്യം നിന്നത്. കടബാധ്യത പലിശസഹിതം പെരുകി ഇപ്പോള്‍ രണ്ടരക്കോടിയോളമായത്രെ. ലോണെടുത്തയാള്‍ അടച്ചില്ല. സര്‍ഫാസി നിയമപ്രകാരം ഷാജിയുടെ വീടും പുരയിടവും ബാങ്കുകള്‍ ലേലം ചെയ്തു. കൃഷ്ണഭഗവാന്റെ പേരിലുള്ള ആ ബാങ്ക് ഇല്ലാതായപ്പോള്‍ കടംതിരിച്ചുപിടിക്കാനുള്ള ചക്രായുധം എച്ച്ഡിഎഫ്‌സിയുടെ നിയന്ത്രണത്തിലായി.

സര്‍ഫാസി നിയമം വായ്പയെടുത്ത് രക്ഷപ്പെടാമെന്നു വിചാരിക്കുന്ന പാവം മനുഷ്യരെ കുടുക്കി ഒഴിവാക്കുന്ന കെണിയാണ്. അതനുസരിച്ച് ഭീമമായ തുക അടയ്ക്കാന്‍ കഴിയാതെ ബാങ്കിനെ വിശ്വസിച്ചവര്‍ വഴിയാധാരമാകും. വീടും പുരയിടവും ലേലത്തില്‍ പിടിച്ച സമ്പന്നര്‍ക്ക് അനുകൂലമായി നീതിന്യായവ്യവസ്ഥയും നിലകൊണ്ടിരിക്കുകയാണ്.
ഇതിനെതിരെയാണ് ഷാജിയുടെ ഭാര്യ പ്രീത വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം തുടങ്ങിയത്. പിന്നീട് സമരച്ചിത ബാങ്കിന്റെ മുന്നിലേക്ക് മാറ്റി.

നമ്മുടെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. പാവങ്ങള്‍ക്കുവേണ്ടിയോ പണക്കാര്‍ക്കുവേണ്ടിയോ? മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ കഴിയാത്ത പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും പിടികൂടിയ പട്ടിണിക്കാശെല്ലാം കൂടി കൂട്ടിവച്ചപ്പോള്‍ കോടികളുടെ അവിശ്വസനീയ ധനമാണ് കാണാന്‍ കഴിഞ്ഞത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മൊബൈല്‍ സന്ദേശങ്ങള്‍ക്കുപോലും പണം ഈടാക്കുകയാണ്. ബാങ്കിലേക്ക് പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും കൈനഷ്ടം ഉറപ്പ്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബാങ്കുകള്‍ നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ കയ്യില്‍ നിന്നുമാണ് ചുമട്ടുതൊഴിലാളിക്ക് നോക്കുകൂലി ആവശ്യപ്പെടാന്‍ സന്ദര്‍ഭം കിട്ടിയിരുന്നതെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ബാങ്കിന്റെ ഉരുക്കുമുഷ്ടികളിലാണ്.

എല്ലാവരെക്കൊണ്ടും അക്കൗണ്ടെടുപ്പിച്ചതിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാരിക്കുഴി രൂപപ്പെടുത്തിയത്. കോടീശ്വരന്മാരാകട്ടെ, ശതകോടികള്‍ വെട്ടിച്ചുകൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നു.

ഇവിടെയാണ് പ്രീതാഷാജി എന്ന വീട്ടമ്മയുടെ ചോരയും കണ്ണുനീരും കാവല്‍നില്‍ക്കുന്ന ചിതകൂട്ടി സമരം മനഃസാക്ഷിയെ മുറിപ്പെടുത്തുന്നത്. കൂട്ടുകാരനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ കെണിയില്‍പ്പെട്ടത് എന്നോര്‍ക്കുമ്പോള്‍ ജാമ്യം നില്‍ക്കാനും ഇനി ആളിനെ കിട്ടാതെവരും. മനുഷ്യസ്‌നേഹം എന്ന വലിയ ആശയമാണ് ഇവിടെ മുറിവേറ്റുവീഴുന്നത്.

വാസ്തവത്തില്‍ ചിതയിലെരിയേണ്ടത് സര്‍ഫാസി നിയമത്തിലെ ദരിദ്ര ജനവിരുദ്ധതയാണ്. ജാമ്യം നിന്നുപോയ സ്‌നേഹനിധികളായ പാവങ്ങളല്ല

Thursday 2 August 2018

കടലേറ്റം


വെളുത്തവാവിനു
വെല്ലുവിളിക്കും
സമുദ്രമേലാളന്‍

ഭയന്നു കുരിശു
വരയ്ക്കും പാവം
മത്സ്യത്തൊഴിലാളി

ഇടയ്ക്കു വള്ളം
തിരപ്പുറത്തൊരു
തെക്കന്‍ കരകാട്ടം

കറുത്ത കുഞ്ഞിന്‍
കരച്ചിലായൊരു
ജീവിത സന്ദേശം

പകര്‍ത്തി വയ്ക്കാന്‍
കഴിയാതങ്ങനെ
പാതിര നില്‍ക്കുമ്പോള്‍

പൊടുന്നനെയൊരു
ഭ്രാന്തത,കാവല്‍
ഭടന്‍റെ രൂപത്തില്‍

കടന്നുവന്നീ
കടുത്ത കാഴ്ചകള്‍
കയ്യിലൊതുക്കുന്നു

പതുക്കെ നേരം
വെളുത്തു വരുമോ
തണുത്ത മീന്‍കാറ്റേ?

Wednesday 1 August 2018

ഫ്ലൂട്ട്


തുടുമാനച്ചുണ്ടത്ത്
തരിതരിയായ് തെളിയുന്നു
ഒരു കള്ളച്ചിരി പോലെ
മഴവില്ല്

വെയിലത്തും മറയത്തും
കുരുവിക്കുഞ്ഞലയുമ്പോള്‍
പെരുതായിപ്പെയ്യുന്നു
മുകില്‍മെയ്യ്‌

വയലില്ലാക്കാലത്ത്
ഫയല്‍ പൂക്കും നേരത്ത്
ഇടിമിന്നല്‍ചോദ്യങ്ങള്‍
പടരുമ്പോള്‍

ഒരു മൂകമുഖംമൂടി
തരുമോയെന്നാരായും
പുതുബാല്യം വന്നെന്നെ
കൊല്ലുന്നു.

എവിടേക്കീ സഞ്ചാരം
കുതിരേ,നീ നില്‍ക്കെന്നു
ഹൃദയത്തിലിരുന്നാരോ
ചോക്കുമ്പോള്‍

ഗതികെട്ട കാലത്തില്‍
ശ്രുതി തെറ്റിക്കേഴുന്നു
വെറുതെയെന്‍ ഫ്ലൂട്ടിലെ
ഗദ്ഗദങ്ങള്‍