Wednesday 28 November 2018

‘അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ സവിധത്തില്‍ വന്നീടരുതത്രേ’


സാമൂഹ്യ പുരോഗതിക്കു വേണ്ടിയുള്ള സമരങ്ങളെല്ലാം തന്നെ താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുമെന്നുള്ളത് ചരിത്ര യാഥാര്‍ഥ്യമാണ്. സമരത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കേണ്ടവര്‍ തന്നെ സമരത്തെ എതിര്‍ക്കും എന്നുള്ളതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലവെ ഇല്ലൈ എന്നു പ്രഖ്യാപിച്ച ഇ വി രാമസ്വാമി നയിച്ച വൈക്കം സത്യഗ്രഹം താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്തു. പി കൃഷ്ണപിള്ളയും, കെ കേളപ്പനും, എ കെ ഗോപാലനും നയിച്ച ഗുരുവായൂര്‍ സമരവും പരാജയത്തിലൂടെ ശാശ്വത വിജയത്തിലെത്തി. മാറ് മറയ്ക്കാനുള്ള വിലക്ക് നീങ്ങിയിട്ടുപോലും കുറേ സ്ത്രീകള്‍ കുറേ കാലത്തേയ്ക്ക് മാറ് മറയ്ക്കാതെ തന്നെ വീടുകളില്‍ കഴിഞ്ഞുകൂടി. ഇന്നാകട്ടെ, മാറ് മറയ്ക്കാത്തവരായി ആരും തന്നെ കേരളത്തില്‍ ഇല്ലല്ലോ.

പുന്നപ്ര വയലാര്‍ സമരത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താന്‍ അന്നത്തെ ഭരണകൂടത്തിന് കഴിഞ്ഞു. എന്നാല്‍ കാലക്രമേണ പരദേശികള്‍ ഒഴിഞ്ഞുപോകുകയും തൊഴിലാളി പീഡനം ഒടുങ്ങുകയും ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ സമരത്തെ മാമൂല്‍വാദികള്‍ പേശീബലംകൊണ്ടും മുള്ളുവേലികൊണ്ടും എതിര്‍ക്കുകയായിരുന്നു. എതിര്‍ത്തവരാരും ഇന്ന് ചരിത്രത്തിലില്ല. മുള്ളുവേലിയും ഇല്ല. അഹൈന്ദവര്‍ക്കെതിരെയുള്ള മുള്ളുവേലി അധികകാലം നിലനില്‍ക്കുകയുമില്ല.

ഗുരുവായൂര്‍ സത്യഗ്രഹികള്‍ കവി കെ ടി രാമുണ്ണി മേനോനെഴുതിയ കവിത ചൊല്ലിക്കൊണ്ടാണ് സമരം നടത്തിയത്.
”പ്രണതവത്സലാ ഭഗവാനേ കൃഷ്ണാ
പ്രണയവാരിധേ മുകില്‍ വര്‍ണാ
അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ
സവിധത്തില്‍ വന്നീടരുതത്രേ
തടയണമങ്ങേക്കിവരെയന്നാകില്‍
ഭടര്‍ വേണോ മുള്ളു മറ വേണോ?”
സത്യഗ്രഹികളെ തടയണമെങ്കില്‍ ഗുരുവായൂരപ്പന് നേരിട്ടാകാമല്ലോ എന്നാണ് ഈ കവിതയിലെ ധ്വനി.

സമരം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മഹാത്മാഗാന്ധി ഇടപെട്ട് പിന്‍വലിപ്പിക്കുകയും ചെയ്തു. എന്നാലും എല്ലാ ഭക്തര്‍ക്കും ഗുരുവായൂരില്‍ പ്രവേശനം ലഭിച്ചില്ല. അതിന് പിന്നെയും കാത്തിരിക്കേണ്ടതായി വന്നു.

പയ്യന്നൂരെ ക്ഷേത്രത്തിനു സമീപമുള്ള വഴിയിലൂടെ ദളിതര്‍ക്ക് നടക്കാന്‍ പാടില്ലായിരുന്നു. കെ എ കേരളീയന്റെയും എ കെ ഗോപാലന്റെയും നേതൃത്വത്തില്‍ പ്രകടനം നടത്തിയ ദളിതരെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടമാണ് ഉലക്കകളുമായെത്തി തല്ലിയോടിക്കാന്‍ ശ്രമിച്ചത്. കേരളീയനും എകെജിക്കും മറ്റും തല്ലുകിട്ടിയെങ്കിലും പില്‍ക്കാലത്ത് ആ വഴിയും എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുകൊടുക്കുകയാണുണ്ടായത്.

സമരത്തെ എതിര്‍ത്തവരെല്ലാം മുന്നോട്ടുവച്ചത് ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ആശയമായിരുന്നു. ആചാരത്തിന്റെ പേരില്‍ അയ്യങ്കാളിയുടെ സമൂഹത്തിന് വിദ്യാഭ്യാസം പോലും നിഷേധിച്ചു. അയ്യങ്കാളി പ്രഖ്യാപിച്ച പൊതു പണിമുടക്കുപോലും അനിശ്ചിതമായി നീണ്ടുപോയതല്ലാതെ ഉടനടി ഫലം കണ്ടില്ല. അയ്യങ്കാളിയുടെ മനുഷ്യാവകാശ സ്വപ്‌നവും കാലക്രമേണ സഫലമാകുന്നതാണ് കേരളം കണ്ടത്.

മനുഷ്യവിരുദ്ധമായ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടെങ്കില്‍ മാത്രമേ സമൂഹത്തിന് പുരോഗതിയുണ്ടാവുകയുള്ളു. ആചാരങ്ങളുടെ പേരിലാണ് മനുഷ്യനെ അകറ്റി നിര്‍ത്തിയിരുന്നത്. ദാഹജലം പോലും നിഷിദ്ധമാക്കിയിരുന്നത്, സ്ത്രീകളെ അന്തര്‍ജനങ്ങളാക്കിയിരുന്നത്; അടിമകളാക്കിയിരുന്നത്.

ആചാരങ്ങള്‍ ലംഘിച്ചതോടെ അമ്പലങ്ങളില്‍ മാത്രമല്ല വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പൊതുവഴികളിലും എല്ലാം മനുഷ്യസാന്നിധ്യമുണ്ടായതായി ചരിത്രം നമ്മോട് പറയുന്നു.

Tuesday 20 November 2018

അലസം


ഉറങ്ങണമെന്നു കടല്‍
നിലവിട്ടു നടക്കണമെന്നു മലകള്‍
എങ്കിലീ ക്ഷുഭിതസഞ്ചാരം നിറുത്തി നിശ്ചലം
കിടക്കണമെന്നു പുഴകള്‍
മാനം വിട്ടൊരുദിനം മണ്ണില്‍
ഒരു മൈതാനത്ത്
കളിക്കാര്‍ക്കൊപ്പരം പറക്കണമെന്നു
മടുത്ത തോല്‍ചന്ദ്രന്‍.

അലസദുര്‍ഭൂതം പിടിക്കയാലെല്ലാം
പഴയതുപോലെ.
അതുകൊണ്ടാകാം ഞാന്‍
വെളുപ്പിനെയൊട്ടും  നടക്കാതിങ്ങനെ
ഇവിടെ കമ്പ്യൂട്ടര്‍ കളിച്ചിരിക്കുന്നു.

Wednesday 14 November 2018

ക്ഷേത്ര ഭണ്ഡാരത്തിലെ നിരോധിത നോട്ടുകള്‍


നോട്ടുനിരോധനം പൂര്‍ണപരാജയമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. കള്ളപ്പണം പിടികൂടിയില്ല എന്നുമാത്രമല്ല നിയമനിര്‍മാണ സഭകളുമായി ബന്ധമുള്ള സമ്പന്നന്മാര്‍ പോലും കോടികള്‍ കീശയിലാക്കിക്കൊണ്ട് സമുദ്രാതിര്‍ത്തി കടന്നുപോകുകയും ചെയ്തു.

നോട്ടുനിരോധനമുണ്ടാക്കിയ ദുരിതങ്ങള്‍ ചില്ലറയല്ല. ഒരു മുന്‍കരുതലുമില്ലാതെ പൊടുന്നനെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണല്ലോ ഈ ജനവിരുദ്ധതീരുമാനം ഇടിത്തീപോലെ വന്നുവീണത്. മുണ്ടുമുറുക്കിയുടുത്ത് അണ്ണാറക്കണ്ണന്‍ മാങ്ങാണ്ടി ശേഖരിക്കുന്നതുപോലെ കരുതിവച്ച പണമെല്ലാം ഒറ്റനിമിഷം കൊണ്ട് ബീഡി കത്തിക്കുവാനുള്ള കടലാസുകളായി മാറി. ബാങ്കുകള്‍ക്ക് മുന്നില്‍ ഒട്ടകവരി നിന്ന് നിരപരാധികള്‍ വലഞ്ഞു. പാവം പൗരന്‍ ബോധംകെട്ടുവീണു. ചിലര്‍ സ്വയം മരിച്ചു. പെന്‍ഷന്‍ വാങ്ങി ചികിത്സയ്ക്കുവേണ്ടി പണം കരുതിവച്ചവര്‍ ഭ്രാന്താവസ്ഥയിലെത്തി. വഞ്ചിക്കപ്പെട്ട ജനത നെട്ടോട്ടമോടി.

നോട്ടുപിന്‍വലിക്കലിനെ തുഗ്ലക്കു നടപടിയായി അടയാളപ്പെടുത്തിയ ജ്ഞാനപീഠപുരസ്‌കാര ജേതാവ് എം ടി വാസുദേവന്‍ നായര്‍ ആക്ഷേപിക്കപ്പെട്ടു. സാമ്പത്തിക വിദഗ്ധന്മാരെ നവമാധ്യമങ്ങളില്‍ തെറിമലയാളത്താല്‍ അഭിഷേകം ചെയ്തു.

പ്രാദേശിക ബാങ്കുകള്‍ നിരസിച്ചാല്‍ റിസര്‍വ് ബാങ്കുകള്‍ നോട്ടു മാറിക്കൊടുക്കും എന്നായിരുന്നു വാഗ്ദാനം. റിസര്‍വ് ബാങ്കില്‍ ചെന്നപ്പോള്‍ ചെന്നൈയിലെ റിസര്‍വ് ബാങ്കില്‍ പോയാലെ നടക്കൂ എന്നായി. പ്രധാനമന്ത്രിയുടെ വാഗ്ദാനലംഘനം മൂലമാണ് സമ്പാദ്യം ബാങ്കിലെത്തിക്കാന്‍ കഴിയാതെ പോയതെന്ന് ചില പൗരന്മാരെങ്കിലും കാരണമെഴുതിക്കൊടുത്തു. ബാങ്കില്‍ കൊടുക്കാം പക്ഷേ, അത്രയും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. വിവാഹങ്ങള്‍ മുടങ്ങി. തീര്‍ഥാടനങ്ങള്‍ പോലും മാറ്റിവയ്ക്കപ്പെട്ടു. കൃഷിയും വ്യവസായവുമെല്ലാം ത്രിശങ്കുസ്വര്‍ഗത്തിലായി.

സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കയ്യിലുള്ള അധ്വാനഫലം എവിടെ കൊടുക്കാം എന്ന ചിന്തയിലായി ജനങ്ങള്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ദൈവമായതിനാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ ഭക്തജനങ്ങള്‍ തീരുമാനിച്ചു. ഗാനഗന്ധര്‍വന്റെ പ്രിയദേവതയായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ 22 മാസത്തിനിടെ ഭണ്ഡാരപ്പെട്ടിയില്‍ വീണത് പതിനൊന്നര ലക്ഷത്തിന്റെ കറന്‍സികളാണ്. നവരാത്രി ആഘോഷത്തിനുവന്നവര്‍ കയ്യിലുണ്ടായിരുന്ന നോട്ടുകളെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെ കാണിക്കപ്പെട്ടികളില്‍ നിന്നും ഇതുപോലെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഈ നോട്ടുകളൊന്നും മാറി നല്ല പണമാക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല. ദൈവം കൊടുത്താലും നിരോധിത നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബാങ്കുകള്‍.

ഇവിടെയൊരു ചിന്തയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാരിനെക്കാളും മുകളിലാണ് ദൈവമെങ്കില്‍ ഈ പണം മാറാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഉത്തരം വളരെ ലളിതമാണ്. ദൈവം ഭരണഘടനയ്ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മേലെയല്ല. സര്‍ക്കാര്‍ ഉത്തരവു തെറ്റാണെങ്കില്‍ തിരുത്തിപ്പിക്കാനുള്ള ഒരധികാരവും ദൈവത്തിനില്ല. ജനങ്ങള്‍ വിചാരിച്ചെങ്കില്‍ മാത്രമെ സര്‍ക്കാരിനെ സമ്മതിദാനാവകാശം ഉപയോഗിച്ച് ബോധവല്‍ക്കരിക്കാന്‍ സാധിക്കൂ. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വോട്ടവകാശമില്ലാത്ത ദൈവങ്ങള്‍ക്ക് സാധിക്കില്ല. രക്തമിറ്റുന്ന നാക്കോ, ശൂലമോ, ചക്രമോ, ഗദയോ ഒന്നും വിലപ്പോവില്ല. ആയുധധാരികളല്ലാത്ത ജനങ്ങളുടെ കൈയില്‍ വോട്ടവകാശം എന്ന മൂര്‍ച്ചയുള്ള ആയുധമുള്ളതിനാല്‍ ജനങ്ങള്‍ക്കു മാത്രമേ തിരുത്തല്‍ ശക്തിയാകാന്‍ സാധിക്കൂ.

എടുക്കാത്ത നോട്ടുകള്‍ എണ്ണിക്കുഴയുന്ന ക്ഷേത്ര ജീവനക്കാരെ രക്ഷപ്പെടുത്താനായി എടുക്കുന്ന നോട്ടുകള്‍ മാത്രമേ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാവൂ എന്ന് എഴുതിവയ്ക്കാവുന്നതാണ്. സാക്ഷരരായ ഭക്തരെങ്കിലും അതു വായിക്കുമല്ലൊ.
എടുക്കാത്ത നോട്ടുകള്‍ മാറ്റിനല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് മൂകാംബിക ക്ഷേത്ര ട്രസ്റ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവപ്രീതിക്കായി അതു ചെയ്യുകയോ പ്രായശ്ചിത്തം ചെയ്യുകയോ ഉണ്ടാകുമായിരിക്കാം.