Monday 28 January 2019

മേയര്‍ മരിച്ച ദിവസം


വൃക്ഷം മയങ്ങിയിട്ടില്ല
പക്ഷികള്‍ നിദ്രിച്ചുമില്ല
വേട്ടനായ് കാട്ടില്‍ കറങ്ങി
എല്ലാ കടയും തുറന്നു
ഹര്‍ത്താലുമില്ല ബന്തില്ല
ബാര്‍ഹോട്ടലെല്ലാം സജീവം
സന്തുഷ്ടരല്ലോ ജനങ്ങള്‍
മേയര്‍ മരിച്ച സന്തോഷം.

എങ്ങും പടക്കങ്ങള്‍ പൊട്ടി
പൂത്തിരി,മത്താപ്പ് കത്തി
പാതയിലാട്ടവും പാട്ടും
ജാഥകളെല്ലായിടത്തും
വാക പൊടുന്നനെ പൂത്തു
ട്രാന്‍സ്ജെന്റര്‍ കെട്ടിപ്പുണര്‍ന്നു
സംതൃപ്തരല്ലോ ജനങ്ങള്‍
മേയര്‍ മരിച്ച ദിവസം.

ഒറ്റയാള്‍ മാത്രം വരുന്നു
ഒത്തൊരു റീത്തും ചുമന്ന്
മൂല്യമില്ലാതായ നോട്ട്
കോര്‍ത്ത പടുകൂറ്റന്‍ റീത്ത്.

Thursday 24 January 2019

പ്രാര്‍ഥനയ്ക്കു പകരം സിനിമാപ്പാട്ട്


ആലപ്പുഴയിലെ ജനജാഗൃതി എന്ന പ്രസ്ഥാനത്തിനും ഓറ മാസികയ്ക്കും നേതൃത്വം നല്‍കിയ ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ ജീവിതം മാതൃകാപരമായിരുന്നു. അനുക്രമമായ വികാസങ്ങളിലൂടെ ക്രിസ്തു വിശ്വാസത്തില്‍ നിന്നും മനുഷ്യവിശ്വാസത്തിലേക്ക് മാറ്റിയെഴുതപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ബാല്യകാലത്ത് അടിയുറച്ച മതവിശ്വാസിയും ക്രിസ്തുഭക്തനുമായ അദ്ദേഹം വൈദികനാകുകയും വിവിധ ഇടവകകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അദ്ദേഹം പുരോഹിതന്‍ എന്നതിലുപരി ജനങ്ങളുടെ സഖാവായി മാറുകയായിരുന്നു. ക്രമേണ വിമോചന ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിലേക്ക് ഈ പുരോഹിതന്‍ ആകര്‍ഷിക്കപ്പെട്ടു.

ക്രിസ്തുവിനെ തള്ളിപ്പറയാതെതന്നെ ക്രൈസ്തവ ചിന്തയെ തൊഴിലാളികളുടെയും അശരണരുടെയും മോചനത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു വിമോചന ദൈവശാസ്ത്രം ചെയ്തത്.

വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടരായ നിരവധി പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളത്തിലുണ്ടായി. അവരില്‍ ചിലര്‍ അസംഘടിതരായിരുന്ന മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതത്തെ സന്തോഷഭരിതമാക്കുവാന്‍ ക്രിസ്തുമാര്‍ഗം മാത്രം പോരെന്ന് അവര്‍ തിരിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ ആധാരം മത്സ്യങ്ങളാകയാല്‍ ആ ജലസമ്പത്തിന്റെ സംരക്ഷണത്തിനായും അവര്‍ പോരാട്ടങ്ങള്‍ നടത്തി. പുരോഹിതന്മാരും കന്യാസ്ത്രീകളും ജില്ലാ കേന്ദ്രങ്ങളില്‍ നിരാഹാരസമരം നടത്തി. കന്യാസ്ത്രീകള്‍ തീവണ്ടി തടയുന്ന സമരഘട്ടം വരെ രൂപംകൊണ്ടു. ഇതിന്റെ ഫലമായി മത്സ്യസമ്പത്തിന്റെ രക്ഷയ്ക്കായി പ്രജനനകാലത്ത് ട്രോളിങ് നിരോധിക്കപ്പെട്ടു.

മത്സ്യത്തൊഴിലാളികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ ജീവിത ദൗത്യം. പുന്നപ്ര വയലാര്‍ സമരത്തിലെ അറിയപ്പെടാതെ പോയ ധീരസഖാക്കളുടെ ജീവിതം അദ്ദേഹം രേഖപ്പെടുത്തി. വിവിധ ഘട്ടങ്ങളിലുള്ള സ്ത്രീ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തി. ഓറ മാസികയിലൂടെ മലയാള കവിതയിലേയ്ക്ക് പുതുമുഖങ്ങളുടെ ഒരു നിരതന്നെ അവതരിപ്പിച്ചു. ജനജാഗ്രതിയില്‍ സാഹിത്യ-സാംസ്‌ക്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ദിശാബോധം നല്‍കി.

വിമോചന ദൈവശാസ്ത്രത്തില്‍ നിന്നുകൂടി അദ്ദേഹം പുറത്തുകടക്കുകയും മത രഹിതവും ദൈവം ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാങ്ങളെ ഒഴിവാക്കി യുക്തിഭദ്രമായ ഒരു ചിന്തയിലേക്ക് സഞ്ചരിക്കുകയും ചെയ്തു. ഡോക്ടര്‍ ലവണത്തിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ യുക്തിവാദ കേന്ദ്രത്തില്‍പ്പോയി പഠിക്കുകയും ജനജാഗ്രതിയെ അത്തരത്തിലുള്ള ഒരു സ്ഥാപനമാക്കി മാറ്റാന്‍ കൊതിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശില്‍ നിന്നും മടങ്ങുന്നവഴി തീവണ്ടിയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു. ക്രൈസ്തവ പുരോഹിതനായിരുന്ന അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ മൃതശരീരം ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുത്തു.

പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷിക സമ്മേളനം ഒരു സിനിമാപ്പാട്ടോടുകൂടിയാണ് ഇത്തവണ ആരംഭിച്ചത്. നാസ്തികരായ വയലാര്‍ രാമവര്‍മ്മയും ജി ദേവരാജനും ചേര്‍ന്ന് രൂപപ്പെടുത്തി ആസ്തികനായ യേശുദാസ് പാടിയ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട്. രാഷ്ട്രപതിയുടെ അംഗീകാരം നേടിയ ഈ മതാതീത സാംസ്‌കാരിക ഗാനം ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. ദൈവവും മനുഷ്യനും തെരുവില്‍ മരിക്കുമ്പോള്‍ ചെകുത്താനും മതങ്ങളും തെരുവില്‍ ചിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ഈ പാട്ട് മതപരമായി വിഭജിക്കപ്പെട്ടതിനാല്‍ കണ്ടാലറിയാതായ ജനതയെയും അടയാളപ്പെടുത്തുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ മതദൈവ പ്രാര്‍ഥനയ്ക്കു പകരം ഈ അനശ്വരഗാനം ആലപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

Thursday 17 January 2019

വാർത്താകുമാരി


കമറുദ്ദീൻ വാർത്ത കാണുകയാണ് 

മൊസാന്തക്കവിളിലെ
നുണക്കുഴിപ്പൂവ്
മൂക്കിനുകീഴിലെ
പൊടിരോമങ്ങൾ
കണ്ണിലെ കമ്പിത്തിരികൾ
റോസ്ചുവയുള്ള ചുണ്ടുകൾ 
പപ്പയ്ക്കാ കഴുത്ത്
വിരൽ തേടുന്ന ചുമലുകൾ
ആടയിൽ തെളിയുന്ന അടിവസ്ത്ര സൂചനകൾ

കമറുദ്ദീൻ വാർത്ത കാണുകയാണ് 
അപകടങ്ങളെയും യുദ്ധങ്ങളേയും
കമറുദ്ദീൻ വെറുത്തു
കുഞ്ഞുങ്ങളുടെ ശവങ്ങളും
മുറിവേറ്റ ഭടൻമാരും
വാർത്താവായനക്കാരിയെ
ഒരുനിമിഷമെങ്കിലും മറച്ചാലോ? 

വാർത്തയായാൽ മരണം വേണം 
പുംബീജങ്ങളെക്കൊന്ന്
പകരംവെയ്ക്കാൻ
കമറുദ്ദീന്റെ കൈതരിച്ചു

വാർത്ത വിഴുങ്ങി
വായനക്കാരി പുഞ്ചിരിച്ചിട്ടും
കമറുദ്ദീൻ 
വാർത്ത കണ്ടുകൊണ്ടിരുന്നു

വാർത്ത വായിച്ച വനിതയുടെ
പേരെന്തായിരുന്നു? 
അല്ലെങ്കിലും ഒരുപേരിൽ
എന്തിരിക്കുന്നു? 

ഇതിനിടെ
വാർത്താകുമാരി കാർക്കിച്ചുതുപ്പിയതും
കമറുദ്ദീൻ നെറ്റിയിൽ കഫക്കലയണിഞ്ഞതും
എപ്പോഴാണ്?

Friday 11 January 2019

അഗ്രഗാമിയായ സൈമണ്‍ ബ്രിട്ടോ



കേരള നിയമസഭയിലെ അംഗമായിരുന്നവരില്‍ മരണാനന്തരം സ്വന്തം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കി മാറ്റിയ ഏക വ്യക്തിയാണ് സൈമണ്‍ ബ്രിട്ടോ.

ചിതയില്‍ നിന്നും പതുക്കെപതുക്കെ ചിറകുവിരിച്ചു പറന്ന ഫീനിക്‌സ് പക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ഹൃദയപക്ഷ രാഷ്ട്രീയത്തിന്റെ കൈപിടിച്ചു വളര്‍ന്ന ബ്രിട്ടോ ശാരീരികാവശതകളെ ഇച്ഛാശക്തി കൊണ്ടു മറികടക്കുകയും ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും ചെയ്തു. ബിഹാറും മഹാരാഷ്ട്രയുമെല്ലാം ഹൃദിസ്ഥമാക്കിയ ബ്രിട്ടോ നോവലുകളിലൂടെ ജീവിതത്തിന്റെ നിഴലും വെളിച്ചവും സ്ഥാപിച്ചെടുത്തു. പന്ത്രണ്ടാം നിയമസഭയിലാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ബ്രിട്ടോ അംഗമായത്. അക്കാലത്ത് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ച ഒരു ബില്‍ നിയമസഭ ശ്രദ്ധിച്ചില്ലെങ്കിലും കേരളത്തിലെ പുരോഗമനവാദികള്‍ ചര്‍ച്ച ചെയ്തിരുന്നു.

മതനിരപേക്ഷ മൃതദേഹ സംസ്‌കരണ സ്വാതന്ത്ര്യം ഉറപ്പാക്കല്‍ ബില്‍ എന്നായിരുന്നു അതിന്റെ ശീര്‍ഷകം. പുരോഗമനവാദികളായ പലരും സ്വന്തം മൃതശരീരം പഠിക്കാനായി നല്‍കണമെന്ന് ആഗ്രഹമുള്ളവരാണ്. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണം എന്ന് ആഗ്രഹമുള്ളവരുമുണ്ട്. എന്നാല്‍ മരണവീട്ടിലുണ്ടാകുന്ന ചില അഭിപ്രായങ്ങളെത്തുടര്‍ന്ന് മരിച്ചയാളുടെ അഭിപ്രായം കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഇതിനൊരു പരിഹാരമായിരുന്നു സൈമണ്‍ ബ്രിട്ടോ അവതരിപ്പിച്ച ബില്‍. അന്ധവിശ്വാസം നിറഞ്ഞതും പണച്ചെലവേറിയതുമായ സംസ്‌കാര രീതികളെ ഒഴിവാക്കി ഒരു പൗരന് മതാതീത മാനവികതയോടെ സ്വന്തം മൃതശരീരം സംസ്‌കരിക്കപ്പെടാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നത് ഈ ബില്ലിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ടിരുന്നു.

ഈ ബില്‍ അനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ജനന മരണ രജിസ്ട്രാര്‍മാരേയും മതനിരപേക്ഷ മൃതദേഹ സംസ്‌കരണ അധികാരികളായി ചുമതലപ്പെടുത്താമായിരുന്നു. മതനിരപേക്ഷമായി സ്വന്തം മൃതദേഹം സംസ്‌കരിക്കപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ അധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കാമായിരുന്നു. അവകാശിയെയും നിര്‍ദ്ദേശിക്കാം. സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള വിവരം അവകാശിയെയും സമര്‍പ്പിച്ച ആളെയും രേഖാമൂലം അറിയിക്കണമായിരുന്നു. വ്യക്തിയെ മാത്രമല്ല ഒരു സംഘടനയെപ്പോലും അവകാശിയായി നിര്‍ദേശിക്കുവാന്‍ ഈ ബില്ലില്‍ ഇടമുണ്ടായിരുന്നു.

ഈ ബില്ലനുസരിച്ച് അവയവദാനവും തര്‍ക്കരഹിതമായി നിര്‍വഹിക്കാമായിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്നാണ് ആഗ്രഹമെങ്കില്‍ അതും സാധിക്കുമായിരുന്നു.

പത്രികയിലെ വിവരങ്ങള്‍ക്ക് വിരുദ്ധമായി മതപരമായ ചടങ്ങുകളോടെ സംസ്‌കരണം നടത്തിയാല്‍ പതിനായിരം രൂപയില്‍ കുറയാത്ത പിഴയോ മൂന്നുമാസത്തില്‍ കുറയാത്ത തടവോ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന കാര്യവും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

മൃതദേഹ സംസ്‌കരണത്തിന് മതങ്ങള്‍ പല രീതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചിലര്‍ മരണാനന്തരം പ്രാര്‍ഥിക്കാനുള്ള സൗകര്യത്തോടെ വിപുലമായ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യും. ചിലരാകട്ടെ, രാത്രിയില്‍ മൃതദേഹം പുറത്തിറങ്ങി സഞ്ചരിക്കാതിരിക്കാനായി കുഴിമാടത്തില്‍ കുരിശുനാട്ടും. ചിലര്‍ മാവോ ചന്ദനമുട്ടികളോ ചാണകവറളികളോ ഉപയോഗിച്ച് അഗ്നിക്കിരയാക്കും. ചിലര്‍ മതപരമായ ചടങ്ങുകള്‍ക്കുശേഷം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. മറ്റു ചിലര്‍ പകുതി വെന്തശരീരം പുഴയിലൊഴുക്കും. ഇനിയും ചിലര്‍ കഴുകന് കൊത്തിത്തിന്നാനായി ഉപേക്ഷിക്കും.

ഇത്തരം സംസ്‌കാര രീതികള്‍ പുരോഗമനവാദികള്‍ക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് സൈമണ്‍ ബ്രിട്ടോ അവതരിപ്പിച്ച ബില്‍ പ്രസക്തമാകുന്നത്.

ദുര്‍മന്ത്രവാദ നിരോധന നിയമം കേരളത്തില്‍ ഇനിയും ഉണ്ടായില്ല. മതനിരപേക്ഷ മൃതദേഹ സംസ്‌കരണ ബില്ലാകട്ടെ നിയമസഭയിലെത്തി. സൈമണ്‍ ബ്രിട്ടോയോടുള്ള ഏറ്റവും വലിയ ആദരവ്, ശ്രദ്ധിക്കപ്പെടാതെ പോയ പ്രസ്തുത ബില്ലിലെ ആശയങ്ങള്‍ പുനരാവിഷ്‌കരിച്ചു നിയമ നിര്‍മാണം നടത്തുക എന്നതാണ്.

Monday 7 January 2019

ഡിസംബറിലെ തീവണ്ടി


പഴകുന്നു പുതുവത്സരാശംസകൾ 
നെഞ്ചിലുരുകിത്തിളയ്ക്കും
വിഷാദത്തിൽ വീണെന്റെ
മുഖമിന്നു പൊള്ളി. 
വളർത്തുസ്വപ്നങ്ങളെ
കരയിക്കുവാൻ വന്നു-
മാഞ്ഞ ഡിസംബറിൻ
മുടിയിഴ വീണുകിടക്കും
വിരിപ്പിലെ
ചതുരവും കോണും ഗുണിക്കുന്നു സൂചികൾ

ഇന്നത്തെ രാത്രിവണ്ടിക്കു വന്നെത്തിടും
കണ്ണിൽ പരുന്തും പടക്കവുമായ്
രക്തബന്ധം കുറിക്കും ജനുവരി
ഭൂപാളബന്ധിനി
ശല്ക്കങ്ങളിൽ ശാപമോക്ഷവും
സഞ്ചാരഗീതം പകർത്താനിലങ്ങളും
സഞ്ചിയിലാപ്പിളും ചുംബനപ്പൂക്കളും

ഓർക്കുന്നു ഞാൻ പോയ വത്സരാരംഭമ-
ന്നാർത്തുനാം പാടിയുണർത്തിയൊരുണ്ണിയും
നങ്ങേലിയും തുറുകണ്ണുള്ള പൂതവും-
ഊരിത്തെറിച്ച മനസ്സിൻ കഴുത്തിലേ-
യ്ക്കാവണ്ടി കേറവേ ചോരച്ചിലന്തികൾ
നൂൽക്കെണി കെട്ടിക്കുരുക്കിയ ജീവനും
ഞാനും കരഞ്ഞു തളർന്നുപോയൊത്തിരി

അഴുകുന്നു പുതുവത്സരാശംസകൾ 
മുന്നിലിഴയുന്നു ശിശിരപ്രതീക്ഷകൾ പൊട്ടിച്ച-
കുഴലും കുടുക്കയും കണ്ണഞ്ചിരട്ടയും
കലവിയും കാലിലെ തളയും തളർച്ചയും

ഒടുവിൽ നാശത്തിന്റെ 
ഫയലുകൾക്കിടയിലെ
മരണവേരുള്ള
കറുത്ത ഫോസിൽപോലെ
മരവിച്ചു ജീവിതം

പഴകുന്നു പുതുവത്സരാശംസകൾ 
ഇനിപ്പറയേണ്ട വാക്കുകൾ 
ജനുവരിക്കൊക്കിലാ-
ണതുവാങ്ങുവാനഞ്ചു കാതുകൾ കാവൽ.