Monday 25 February 2019

വിവാഹമഹോത്സവം


നഗരത്തിൽ
ധനികരുടെ
വിവാഹമഹോത്സവം 

വധു
ആഭരണശാല
വരൻ
പട്ടാംബരധാരി

കർമ്മിയോ
കാവി പുതച്ച
സന്യാസിപ്പൂച്ച

ഹാരം പകരുംമുൻപ്
മൈക്കിലൂടെ
സൌമ്യസംഭാഷണം

-ഇനി കന്യാദാനം
ആശീർവ്വദിക്കുക-

വധു ഒന്ന് ഊറിച്ചിരിച്ചു
വരന്റെ മുഖത്ത് ആശ്വാസം 
കന്യകനെന്ന്
പറഞ്ഞില്ലല്ലോ 
കാര്യമറിഞ്ഞ
കരിങ്കുഴലുകൾ
അടിച്ചുപൊളിച്ചു

പെപ്പേപെപ്പേപെപ്പേ
പേപെപെപെപ്പെപെപ്പേ

Wednesday 20 February 2019

ആട്ടക്കാരി പോരാട്ടക്കാരി



ആട്ടക്കാരിയായും പോരാട്ടക്കാരിയായും സാംസ്‌കാരിക നഭസില്‍ തെളിഞ്ഞുവരുന്ന ഒരു നക്ഷത്രമേയുള്ളു- ചവറ പാറുക്കുട്ടി
ആക്ഷേപസ്വരത്തില്‍ വിളിക്കപ്പെട്ട ആട്ടക്കാരി എന്ന സംബോധനയില്‍ നിന്നാണ് അവര്‍ കഥകളി രംഗത്തെത്താന്‍ തീരുമാനിച്ചത്. സവര്‍ണ സംസ്‌കാരത്തിന്റെ വന്‍മതില്‍ ഭേദിക്കുവാനുള്ള പോരാട്ടമായി ആ തീരുമാനം മാറേണ്ടതായും വന്നു.

ജനലിനപ്പുറം നിന്ന് നൃത്തം കണ്ടുപഠിച്ച ഏകലവ്യയായിരുന്നു ചവറ പാറുക്കുട്ടി. ദ്രോണാചാര്യരായ കെ പി തോമസ് ഭാഗവതര്‍ ഗുരുദക്ഷിണയായി വിരല്‍ ചോദിച്ചില്ല. പകരം അമ്പരപ്പിച്ച ഈ ശിഷ്യയുടെ അപ്പനെ കണ്ട് നൃത്തം പഠിക്കാന്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഥകളിയരങ്ങില്‍ സവര്‍ണതയുടെ പതാക എക്കാലത്തും ഉണ്ടായിരുന്നു. തമ്പുരാനില്‍ തുടങ്ങി അടുത്തു നില്‍ക്കാവുന്ന സേവകന്‍മാരാല്‍ വികസിച്ച കലാരൂപം. കലകള്‍ക്ക് ജാതിയോ മതമോ ഇല്ല എന്ന തിരിച്ചറിവോടെ കളരിയിലെത്തിയ ഹൈദരാലി അടക്കമുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ ധാരാളമുണ്ടായി. സദനം റഷീദും വേട്ടയാടപ്പെട്ടു. സവര്‍ണതയുടെ തിരുമുറ്റത്തായതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന സ്ഥിരം ബോര്‍ഡും അരങ്ങില്‍ ഉറപ്പിച്ചിരുന്നു. അവിടേയ്ക്കാണ് അവര്‍ണയായ ചവറ പാറുക്കുട്ടി എന്ന പെണ്‍കുട്ടി കടന്നുചെന്നത്.

തട്ടാത്തി വേഷമിടുന്നെങ്കില്‍ ഞങ്ങള്‍ വേഷമിടില്ല എന്നു പറഞ്ഞ് കിരീടത്തിനു പുറംതിരിഞ്ഞുനിന്ന സവര്‍ണ പുരുഷത്വം ചവറ പാറുക്കുട്ടിയില്‍ കലയോടുള്ള മനുഷ്യസഹജമായ പ്രതിപത്തി വാശിയോടെ വളര്‍ത്തിയെടുത്തു. പ്രസിദ്ധനായ ഒരു കഥകളിയാശാന്റെ വീട്ടില്‍ ക്ഷണപ്രകാരം ചെന്ന പാറുക്കുട്ടിക്ക് നിലത്തിരുത്തി ചാണകം കോരുന്ന ഓട്ടുപാത്രത്തില്‍ കഞ്ഞികൊടുത്തതും അവര്‍ ഊര്‍ജമാക്കുകയായിരുന്നു. കുട്ടിവേഷക്കാര്‍ വരെ കഥകളിയുമായി വിദേശരാജ്യങ്ങളില്‍ കറങ്ങി നടന്നപ്പോള്‍ ചവറ പാറുക്കുട്ടിക്ക് അങ്ങനെയൊരു സന്ദര്‍ഭമേ ലഭിച്ചില്ല. പത്മശ്രീ പോലെയുള്ള ദേശീയ ബഹുമതികളൊന്നും അഷ്ടമുടിക്കായലിന്റെ ഈ വീരപുത്രിയെ തേടി ചെന്നില്ല.

പുരുഷാധിപത്യത്തിന്റെ ജയില്‍ മുറിയായ ദാമ്പത്യത്തില്‍ നിന്നുപോലും ചവറ പാറുക്കുട്ടി രക്ഷപ്പെട്ടു. രണ്ടുവര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതകാലത്ത് ഒരിക്കല്‍ പോലും കളിവിളക്കിനു മുന്നിലെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

പൂതനാമോക്ഷത്തിലായിരുന്നു പാറുക്കുട്ടി തുടങ്ങിയത്. ഒരു പാവക്കുട്ടിയെ കയ്യില്‍ വച്ചുകൊണ്ട് അവര്‍ അരങ്ങില്‍ കാട്ടിയ അത്ഭുതം കുട്ടിക്കാലത്ത് കണ്ടത് ഞാനിപ്പോഴും ഓര്‍മിക്കുന്നു. ശകുന്തളയും സന്ധ്യാവലിയും കുന്തിയുമെല്ലാം അവരിലൂടെ അരങ്ങിലെത്തി. സ്ത്രീവേഷങ്ങള്‍ മാത്രമല്ല ഭീമനേയും പരശുരാമനേയുമൊക്കെ അവര്‍ മിഴിവുറ്റതാക്കി.

കഥകളി രംഗത്ത് ഔപചാരിക വിദ്യാഭ്യാസമുള്ളവര്‍ വളരെ കുറവാണ്. അരനൂറ്റാണ്ടിനു മുമ്പ് ധനതത്വശാസ്ത്രത്തില്‍ ബിരുദവുമായാണ് ചവറ പാറുക്കുട്ടി ആട്ടവിളക്കിനു മുന്നില്‍ നിറഞ്ഞാടിയത്.

ചവറ പാറുക്കുട്ടിയെ ആട്ടക്കാരിയായും പോരാട്ടക്കാരിയായും നിലനിര്‍ത്തുവാന്‍ സംരക്ഷണവലയം ഒരുക്കിക്കൊടുത്ത ഗുരുനാഥന്‍മാരുടെ പങ്കും വിസ്മരിക്കാവുന്നതല്ല. ഏതാനും ദിവസം മുമ്പ്, ഇടപ്പള്ളിയെ സംസ്‌കരിച്ച മുളങ്കാടകം ശ്മശാനത്തില്‍ ഔദേ്യാഗിക ബഹുമതികളോടെ ചവറ പാറുക്കുട്ടി എരിഞ്ഞടങ്ങിയപ്പോള്‍ ഒരധ്യായം അവസാനിക്കുകയായിരുന്നു.

Wednesday 6 February 2019

ആചാരങ്ങളും സാമൂഹ്യനീതിയും



കേരള സാഹിത്യ അക്കാഡമി മഹനീയമായ രീതിയില്‍ സംഘടിപ്പിച്ചുവരുന്ന വൈജ്ഞാനിക മേളയാണ് ദേശീയ പുസത്‌കോത്സവം. അപൂര്‍വ സുന്ദരങ്ങളായ പല പുസ്തകങ്ങളും വന്‍കിട പ്രസാധകരുടെ വില്‍പ്പനച്ചരക്കുകളല്ല. കവിതയിലെ ഏറ്റവും പുതിയ മുഖങ്ങളെ കണ്ടെത്തി അമ്പരപ്പ് അനുഭവിക്കണമെങ്കില്‍ ചെറു പ്രസാധകരുടെ പുസ്തകശാലയിലേക്ക് സഞ്ചരിക്കണം. സജി കല്യാണി, ടി ജി അജിത, സി ഇ സുനില്‍, രമ്യാലക്ഷ്മി, കെ ആര്‍ രഘു തുടങ്ങി അടുത്ത കാലത്ത് കവിതയുടെ മാന്ത്രികാനുഭവങ്ങള്‍ കാഴ്ചവച്ച കവികളുടെ പുസ്തകങ്ങള്‍ കാണണമെങ്കില്‍ ചെറുപ്രസാധകരില്‍ എത്തിയേ കഴിയൂ. അങ്ങനെയുള്ള പുസ്തകശാലകളാല്‍ നിറവുറ്റതാണ് അക്കാഡമിയും പരിസരവും.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഈ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അതില്‍ ശ്രദ്ധേയമായ ഒരു സെമിനാറിന്റെ വിഷയം ആചാരങ്ങളും സാമൂഹ്യ നീതിയും എന്നതായിരുന്നു.

സ്വാഭാവികമായും ഈ വിഷയം അനാചാരങ്ങളെ സ്പര്‍ശിക്കുന്നതായി. ശബരിമലയെ മുന്‍നിര്‍ത്തി അനാചാരങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടങ്ങളെ അനുസ്മരിച്ച തമിഴ് നോവലിസ്റ്റ് സു വെങ്കിടേശന്‍ കേരളം തോറ്റാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് പറഞ്ഞത് സദസ്യര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിലനില്‍ക്കുന്ന അനാചാരങ്ങളെക്കുറിച്ചുള്ള ഡോ.നിഷ എം ദാസിന്റെ പ്രഭാഷണം സദസ്യര്‍ ഞെട്ടലോടെ ശ്രവിച്ചു. വാല്‍മീകിയേയും എഴുത്തച്ഛനേയും വ്യാസനേയും കുമാരനാശാനേയും ഉദ്ധരിച്ചുകൊണ്ടുള്ള ഡോ. രാജാ ഹരിപ്രസാദിന്റെ പ്രഭാഷണവും ശ്രദ്ധേയമായി.

ആചാരങ്ങളെല്ലം തന്നെ അനാചാരങ്ങളാണ്. അധ്യാപകനെ വിദ്യാര്‍ഥി വന്ദിക്കുന്നത് ആചാരമല്ല ബഹുമാനം പ്രകടിപ്പിക്കലാണ്. ആളുകള്‍ പരസ്പരം പിരിയുമ്പോള്‍ റ്റാറ്റാ പറയുന്നതും കാണുമ്പോള്‍ ആശ്ലേഷിക്കുന്നതും ആചാരമല്ല.
എന്നാല്‍ നിരവധി അനാചാരങ്ങളുടെ ശബ്ദതാരാവലിയാണ് കേരളം. എല്ലാംതന്നെ ഒഴിവാക്കപ്പെടേണ്ടവ. പലതും കേരളം ഒഴിവാക്കിക്കഴിഞ്ഞു. ഇനിയും ഒഴിവാക്കേണ്ടതിന്റെ ഒരു വലിയ പട്ടിക തന്നെ നിലവിലുണ്ട്.

മരണാനന്തര ചടങ്ങുകളിലാണ് അനാചാരങ്ങളുടെ മാലിന്യകൂമ്പാരങ്ങള്‍ കാണുന്നത്. മ്യതശരീരം കുളിപ്പിക്കുക എന്നത് ഒരാവശ്യവുമില്ലാത്ത അനാചാരമാണ്. ജീവിച്ചിരുന്ന കാലത്ത് മറ്റാരെയും കാണിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സ്വകാര്യഭാഗങ്ങള്‍ ബലമായി കാണുന്ന കൊടും ക്രൂരതയാണ് ഈ ചടങ്ങ്.

ശവത്തെ കോടി പുതപ്പിക്കുക, ഉടുമുണ്ടിന്റെ കോന്തലയ്ക്കല്‍ നാണയം കെട്ടിവെയ്ക്കുക, വായ്ക്കരിയിടുക തുടങ്ങിയവയും അര്‍ഥമില്ലാത്ത അനാചാരങ്ങളാണ്. നാരായണഗുരു മുതല്‍ വൈലോപ്പിള്ളി വരെയുള്ളവര്‍ മരണാനന്തര ചടങ്ങുകളിലെ അനാചാരങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്.

തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങളെ വിദ്യാരംഭം എന്ന പേരില്‍ പീഡിപ്പിക്കുന്നത് മറ്റൊരു അനാചാരമാണ്. വിദ്യാരംഭത്തിന്റെ പിറ്റേന്നുള്ള പത്രങ്ങളില്‍ അപരിചിതരായ സാംസ്‌കാരിക നായകരുടെ മടിയിലിരുന്ന് അലറിക്കരയുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുമായിരുന്നു. പത്രമാഫീസിന്റെ മുറ്റങ്ങളിലും ഈ അനാചാരം ആരംഭിച്ചതോടെയാണ് അത്തരം ചിത്രങ്ങള്‍ മാറ്റിയത്. ശിശുപീഡനത്തിന് കേസെടുക്കാനുള്ള ഒരു കുറ്റകൃത്യമാണ് വിദ്യാരംഭ ദിവസം സമൂഹം നടത്തുന്നത്. പോളിയോ തുള്ളിമരുന്ന് കൊടുക്കുന്നതു പോലെയുള്ള ഒരു കാര്യമല്ല ഇത്.

പുതിയ അനാചാരങ്ങള്‍ക്കും കേരളം വേദിയാകുന്നുണ്ട്. പരീക്ഷാര്‍ഥിയുടെ പേന പൂജിക്കുക എന്നതാണ് അതിലൊന്ന്. അനിയന്ത്രിതമായ മതപ്രചരണമാണ് അന്ധവിശ്വാസങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന ഒരു ഘടകം.
ആധുനിക സമൂഹത്തില്‍ വാസ്തുശാസ്ത്രം, ജാതകം തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടിയേറിയിട്ടുണ്ട്. വീടു വയ്ക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് കാറ്റിന്റെയും വെളിച്ചത്തിന്റേയും വെള്ളത്തിന്റെയും ലഭ്യതയാണ്. വാസ്തു ശാസ്ത്രമല്ല.
കേരളത്തില്‍ കൃഷി ചെയ്തവരും കലവും കുടവും ഉണ്ടാക്കിയവരും തുണി നെയ്തവരും വീടുണ്ടാക്കിയവരും മരത്തില്‍ കയറിയവരും അരിയില്‍ ഹരിശ്രീ എഴുതിയല്ല ഈ വിദ്യയൊന്നും നേടിയത് . അടിസ്ഥാന വര്‍ഗത്തിന് ഹരിശ്രീയില്‍ തുടങ്ങുന്ന വിദ്യാഭ്യാസം നിഷിദ്ധവുമായിരുന്നു. സവര്‍ണ്ണ സംസ്‌കാരത്തിന്റെ മുദ്രയായ ഹരിശ്രീയിലുള്ള ആരംഭവും അനാചാരമാണ്.
ഇങ്ങനെയുള്ള നിരവധി ചിന്തകള്‍ക്കാണ് സാഹിത്യ അക്കാഡമിയുടെ ഈ സെമിനാറില്‍ സെക്രട്ടറി കെ പി മോഹനന്‍ വഴിമരുന്നിട്ടത്. രണ്ടു മണിക്കൂറിലധികം നേരം ശ്രദ്ധയോടെയിരുന്ന സദസ്സും ആകര്‍ഷകമായിരുന്നു.