Saturday 29 June 2019

അവാര്‍ഡ്


വാസുക്കുട്ടി മാഷിനു 
മികച്ച അധ്യാപകനുള്ള 
അവാര്‍ഡ് കിട്ടി.
ഇന്ന് സ്വീകരണം.

പഞ്ചവാദ്യം 
താലപ്പൊലി 
തെങ്ങേപ്പാട്ട് 
വടിവീശ് 

ആശംസാ പ്രസംഗത്തില്‍ 
സ്റ്റാഫ് സെക്രട്ടറി 
അനന്തന്‍ മാഷ്‌ പറഞ്ഞു:

ഈ അവാര്‍ഡിനു വേണ്ടി 
മാഷ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 
മറ്റൊരവാര്‍ഡ്  കൂടി 
നല്‍കേണ്ടതാണ്.

Wednesday 26 June 2019

പഴവിളയോടൊപ്പം മംഗളാദേവിയില്‍

പഴവിള രമേശന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, കരൂര്‍ ശശി എന്നീ കവികള്‍ പൂര്‍ണ ആരോഗ്യത്തോടെ കേരളത്തിലുടനീളം കവിത ചൊല്ലി സഞ്ചരിച്ച കാലം.
പീരൂമേട്ടില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ തങ്കപ്പന്റെ ഉത്സാഹത്തില്‍ ഒരു കവിയരങ്ങ്. ഈ ജ്യേഷ്ഠ കവികളോടൊപ്പം എനിക്കും ഒരവസരം   
തന്നിട്ടുണ്ട്. വിളിച്ചപ്പോഴേ ഞാന്‍ തങ്കപ്പനോട് പറഞ്ഞു കവികള്‍ക്ക് മംഗളാദേവി കാണുവാനുള്ള ഒരു സന്ദര്‍ഭം ഉണ്ടാക്കണം. അതിമനോഹരമായ ആ സഹ്യാദ്രിക്കൊമ്പില്‍ ഈ മൂന്നു മുതിര്‍ന്ന കവികളും പോയിട്ടുണ്ടായിരുന്നില്ല. പഴവിള രമേശനാണെങ്കില്‍ സഞ്ചാരപ്രിയനുമാണ്. അടിയന്തിരാവസ്ഥക്കാലത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, ശിവന്‍ എന്നിവരോടൊപ്പം ഇന്ത്യയുടെ തീരപ്രദേശങ്ങളിലൂടെ പഴവിള നടത്തിയ യാത്ര സുവിദതമാണല്ലോ.
മംഗളാദേവിയില്‍ പോവുക എളുപ്പമല്ല. തേക്കടിയിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുമതി വാങ്ങണം. തേക്കടിയില്‍ നിന്നും ഒരു മണിക്കൂറിലധികം മനുഷ്യവാസമില്ലാത്ത വനഭൂമിയിലൂടെ സഞ്ചരിക്കണം. വന്യമൃഗങ്ങളുടെ വിഹാരരംഗം ആയതിനാല്‍ ആയുധധാരികളായ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് യാത്ര.
കവിതയുടെ ലഹരിയില്‍ മുങ്ങി നാടു ചുറ്റിയിരുന്ന കാലത്ത് ഒരിക്കല്‍ കുമുളിയിലെത്തിയ ഞാന്‍ ഒരു സുഹൃത്തിനോടൊപ്പം മംഗളാദേവിയില്‍ പോകുവാന്‍ ശ്രമിച്ചിരുന്നു. തേക്കടിയില്‍ വച്ച് ഞങ്ങളെ തടഞ്ഞ വനപാലകര്‍ വനത്തിലൂടെയുള്ള കാല്‍നട യാത്ര അനുവദനീയമല്ലെന്നും ഉയര്‍ന്ന വനംവകുപ്പുദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണെന്നും ബോധ്യപ്പെടുത്തി. ഉത്തര്‍ പ്രദേശുകാരനായ ഒരു ഐഎഫ്എസ്സുകാരനായിരുന്നു അവിടെ മുഖ്യ വനപാലകന്‍. കവിതയുടെ തുറുപ്പുചീട്ടു കാണിച്ചിട്ടും അദ്ദേഹം അനുമതി തന്നില്ല. നിരാശയോടെ തിരിച്ചുപോയ ഞങ്ങള്‍ മുണ്ടിയെരുമയിലെ ഡൊമിനിക് കാട്ടൂരിന്റെ സുഹൃത്തുക്കളായ ചില നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരോടൊപ്പം മംഗളാദേവിയില്‍ പോയി.
മംഗളാദേവി അസാധാരണമായ ഒരു അനുഭവമാണ്. പണ്ടെങ്ങോ സംസ്‌കാരസമ്പന്നരായ മനുഷ്യ സമൂഹം സ്ഥിരമായി പെരുമാറിയതിന്റെ അടയാളങ്ങള്‍ അവിടെ ധാരാളമുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ മംഗളാദേവി ക്ഷേത്രമാണ് പ്രധാന കാഴ്ച. അഴകും തികവുമുള്ള നിരവധി കരിങ്കല്‍ ശില്‍പങ്ങള്‍ ആ കുന്നില്‍ ചിതറിക്കിടപ്പുണ്ട്. ആരുടേയും അനുമതി കൂടാതെ സഹ്യപര്‍വ്വതത്തിന്റെ കിഴക്കന്‍ ചരുവിലൂടെ തമിഴര്‍ അവിടെ വന്ന് പൂജ നടത്താറുണ്ട്. നരബലി പോലും അവിടെ ഉണ്ടായിട്ടുണ്ടത്രേ.
നീലംപേരുരും പഴവിളയും പക്കാ നിരീശ്വരവാദികളാണ്. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായ അവര്‍ ദൈവ കേന്ദ്രീകൃതമായ പ്രപഞ്ച ധാരണയെ നിരസിച്ചവരാണ്. നാസ്തികതയുടെ കാര്യത്തില്‍ ഞാന്‍ അവരുടെ വിനീതനായ പിന്‍ഗാമിയും.
ഉച്ചയോടുകൂടി ഞങ്ങള്‍ മംഗളാദേവിയില്‍ എത്തി. അവിടെ ചിതറിക്കിടക്കുന്ന ശില്‍പങ്ങളില്‍ തൊട്ടു. വളരെ നേരം അവിടെ മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഞാന്‍ ജെസ്സി ചൊല്ലി.
മലയിറങ്ങുമ്പോള്‍ മനസ്സു നിറയെ സന്തോഷമായിരുന്നു. മനുഷ്യനിര്‍മ്മിത ശില്‍പങ്ങളുടെ പ്രദര്‍ശനശാല കാണുവാന്‍ കഴിഞ്ഞ സന്തോഷം. ആ ആരാധനാലയത്തെ രക്ഷിക്കുവാന്‍ കാളിക്കുപോലും കഴിഞ്ഞില്ലല്ലോ എന്ന ചിന്ത കൂടുതല്‍ വെളിച്ചം പ്രസരിപ്പിക്കുന്നതായി തോന്നി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി പഴവിള രമേശന്റെ വേര്‍പാട് ഈ ഓര്‍മകളിലേക്ക് ദുഃഖത്തോടെ സഞ്ചരിപ്പിക്കുന്നു.
image.png

Thursday 20 June 2019

ബീഡി


പത്രവായന കേട്ടിരുന്ന 
ബീഡികള്‍ പൊട്ടിച്ചിരിച്ചു.
ബീഡിക്കമ്പനിയുടെ
സുരക്ഷക്കായി
പുകവലിക്കാത്തവരുടെ 
സമരം!
ബീഡിച്ചിരിക്ക്
മരണത്തിന്റെ ചാരനിറം.

ദൈവത്തിന്റെ ദു:ഖം


ആറുതലയുള്ള
ദൈവത്തിന്റെ ദു:ഖം
ആരറിയാനാണ്?

നൂറ്റിത്തൊണ്ണൂറ്റി രണ്ടു പല്ലുകൾ
വൃത്തിയാക്കാൻ
ഒരു ചരുവം പേസ്റ്റ്

കാഴ്ച ശരിയാക്കാൻ
പന്ത്രണ്ടു ചില്ലുകൾ

ജലദോഷം വന്നാൽ
കുടുങ്ങിയതുതന്നെ
തുമ്മലിന്റെ ഘോഷയാത്ര

പാസ്പോര്ട്ട് എടുക്കാനേ
കഴിയുന്നില്ല
ഏതു സ്റ്റുഡിയോയിൽ പോയാലും
ഗ്രൂപ്പ് ഫോട്ടോ മാത്രം

Thursday 13 June 2019

മരണമില്ലാത്തവരുടെ കവിതയരങ്ങ്




By: Web Desk | Thursday 13 June 2019 9:38 AM IST


books
kureeppuzhaദികവി വാല്മീകി വായിച്ച പുസ്തകമേതാണ്? നിരവധി നാടോടിക്കഥകളിലൂടെ ഉരുവംകൊണ്ട മനുഷ്യജീവിതം കേട്ടറിവുകളുടെ നിഷ്‌കളങ്കദിനങ്ങളില്‍ വാല്മീകി വായിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും നദികളുടെയും ജീവിതം നിരീക്ഷിച്ചുപഠിച്ചു. മനുഷ്യജീവിതത്തില്‍ത്തന്നെ അപമാനിക്കപ്പെടുന്ന സ്ത്രീജീവിതത്തെ പ്രതേ്യകിച്ചു പഠിച്ചു. ആ പഠനങ്ങളുടെ ഫലമാണ് രാമായണം. ഇക്കാലത്തെ കവികള്‍ക്ക് രാമായണമടക്കം പുസ്തകലക്ഷങ്ങള്‍ ലഭ്യമാണ്.
കവിത വായന സജീവമായി മുന്നോട്ടുപോകുന്നത് നവമാധ്യമങ്ങളിലാണ്. വിവിധ പേജുകളിലായി ഒറ്റദിവസം തന്നെ അഞ്ഞൂറിലധികം മലയാളികള്‍ കവിത വായിക്കുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലെ വായനക്ക് ശ്രദ്ധിക്കേണ്ട ഒരു അപകടാവസ്ഥയുണ്ട്.
മണ്‍മറഞ്ഞുപോയ കവികളുടെ രചനകള്‍ അധികമായി വായിക്കപ്പെടുന്നില്ല. അതേസമയം സൗഹൃദപ്പട്ടികയില്‍പ്പെട്ടവരുടെ രചനകള്‍ വായിച്ചോ വായിക്കാതെയോ ലൈക്കടിക്കുന്ന പ്രവണത നിലവിലുണ്ട്.
മുന്‍പേ പോയ കവികളുടെ രചനകളിലൂടെ സഞ്ചരിക്കേണ്ടത് പുതിയ വായനക്കാര്‍ക്കെന്നപോലെ പുതിയ കവികള്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാര്യമാണ്.
വായനയിലെ ഈ അപകടാവസ്ഥ മനസിലാക്കിയവര്‍ ചേര്‍ന്നാണ് നെടുമങ്ങാട് മലയാള കവിത ചരിത്രപഥങ്ങളിലൂടെ എന്ന പേരിലുള്ള വായനപ്പകല്‍ സംഘടിപ്പിച്ചത്. ആനന്ദീ രാമചന്ദ്രന്റെ നേതൃത്വത്തില്‍ മയിലാടുംകാവില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതീയവും മലയാളവേദിയും ചേര്‍ന്നാണ് ഈ പകല്‍ സാക്ഷാത്കരിച്ചത്.
ഡോ. ബി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം പഴയ കവിതകള്‍ ശേഖരിച്ച് പകര്‍പ്പുകളെടുത്തു. ഇതില്‍ കവികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത നാടന്‍പാട്ടുകള്‍ മുതല്‍ വേര്‍പിരിഞ്ഞുപോയ യുവകവി ആര്‍ മനോജിന്റെയും ജിനേഷ് മടപ്പള്ളിയുടെയും കവിതകള്‍വരെയുണ്ടായിരുന്നു.
മണ്‍മറഞ്ഞുപോയ കവികളുടെ രചനകള്‍ മാത്രം അവതരിപ്പിച്ച ഈ ചടങ്ങില്‍ കവി ഒ വി ഉഷ അടക്കം അറുപതോളം ആസ്വാദകര്‍ പങ്കെടുത്തു. 
മാപ്പിള രാമായണത്തിലായിരുന്നു തുടക്കം.
രാമചരിതവും രാമകഥപ്പാട്ടും ഔവ്വയാറിന്റെ രചനകളും മണിപ്രവാള കൃതികളും സൂക്ഷ്മതയോടെ അവതരിപ്പിക്കപ്പെട്ടു. സുമേഷ് കൃഷ്ണനും അസീം താന്നിമൂടും ഉണ്ണായി വാര്യരേയും വി കെ ഗോവിന്ദന്‍ നായരേയും അവതരിപ്പിച്ചപ്പോള്‍ ഭൂതകാലത്തിന്റെ കാവ്യസൗരഭ്യം പതഞ്ഞുപൊങ്ങി. വൈലോപ്പിള്ളിയെ ഗിരീഷ് പുലിയൂരും ബാലാമണിഅമ്മയെ വി എസ് ബിന്ദുവും ശ്രദ്ധേയമായി അവതരിപ്പിച്ചു. വിനയചന്ദ്രനെ ഡി അനില്‍കുമാറും എ അയ്യപ്പനെ ബി എസ് രാജീവും പുനര്‍ജ്ജനിപ്പിച്ചു. അമൃതയും ഗിരിശങ്കറും സലിം അഞ്ചലും ധന്യയും സൗരഭ്യയും മരണമില്ലാത്ത കവിതകളെ കൂട്ടിക്കൊണ്ടുവന്നു. അതിപ്രസിദ്ധ രചനകളെ മാറ്റിവച്ചിട്ട് മറ്റു രചനകളെ കൈപിടിച്ചു നടത്തുകയായിരുന്നു. എന്‍ എന്‍ കക്കാടിന്റെ പട്ടിപ്പാട്ടാണ് രാജന്‍ കൈലാസ് അവതരിപ്പിച്ചത്. ഇരിഞ്ചയം രവിയുടെ ഫലിതപൂര്‍ണമായ ഇടപെടലും ശ്രദ്ധേയമായിരുന്നു. ഏറ്റവും കൂടുതല്‍ കവിതകള്‍ കാണാപ്പാഠമായി ചൊല്ലിയത് കല്ലാര്‍ ഗോപകുമാര്‍ ആയിരുന്നു. 
പുതുതലമുറയുടെ കൈപിടിച്ച് വി സി ബാലകൃഷ്ണപ്പണിക്കരും കെ സി കേശവപിള്ളയും കുറ്റിപ്പുറത്തു കേശവന്‍ നായരും ശശി മധുരവേലിയും അടക്കമുള്ള കവികള്‍ ഈ വായനപ്പകലില്‍ തിളങ്ങി നിന്നു.

Thursday 6 June 2019

ശിങ്കാരി


പൊട്ടും കെട്ടുമായി 
ചെന്നിട്ടും 
കൊട്ടു നടന്നില്ല.
പഞ്ചാരിമുറ്റത്ത്
ശിങ്കാരിക്കെന്തു കാര്യം.

Tuesday 4 June 2019

ലൈക്ക്



രണ്ടു ബസ്സ്‌ 
ഇരുപത് കാറ്
ഇരുനൂറു ബൈക്ക് 

എല്ലാരും കൂടി 
എങ്ങോട്ടാ?

ഞങ്ങടെ ഫ്രണ്ട് 
പക്കി ഇത്തിക്കരയുടെ കവിത 
ഇന്ന് ഫേസ്ബുക്കില്‍
പോസ്റ്റിയിട്ടുണ്ട്.
ലൈക്കിടാന്‍ പോകുവാ.

അതിനു താഴെ 
ഒരു മരുഭൂമി.
എഴുത്തച്ഛന്റെ കവിത.