Thursday 11 July 2019

പറക്കും തളിക



ഹിമഗിരി
മരുവിരി
കടലോരം

ഹരിതത്താഴ്വര
മുകിൽമുറ്റം

ബഹിരാകാശം
ഗ്രഹവീഥി
ചാന്ദ്രസമുദ്രം
ശനിമേഘം

പറന്നു പറന്നു പറന്നുപോയി
പ്രണയത്തേൻ തളിക

അതിലൊരു ഞാനും നീയും
പിന്നൊരു നീയും ഞാനും

നാഭിത്തീയിൽ ചുണ്ടുകരിച്ചും
വിരലുപൊരിച്ചും
ചക്കരവള്ളിയെരിച്ചും
ഇന്നലെയെപ്പോൽ

എങ്ങു പറന്നാലെന്ത്?
എങ്ങു പിറന്നാലെന്ത്?

Wednesday 10 July 2019

കാമ്പിശ്ശേരിയും വേലുക്കുട്ടി അരയനും



അയ്യാ വൈകുണ്ഠര്‍ മുതല്‍ ഡോ. വി വി വേലുക്കുട്ടി അരയന്‍ വരെയുള്ള എല്ലാ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും കവികള്‍ കൂടിയായിരുന്നു. കവിതയെ മൂര്‍ച്ചയുള്ള ആയുധമാക്കിയവരില്‍ പ്രമുഖരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കാവ്യചരിത്രത്തില്‍ വേണ്ട രീതിയില്‍ അടയാളപ്പെടുത്തിയിട്ടില്ല. മഹാകവി കുമാരനാശാന്‍ മാത്രമാണ് അക്കാര്യത്തില്‍ ശ്രദ്ധേയനായിട്ടുള്ളത്.

ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ചികിത്സിക്കാനറിയാമായിരുന്ന ഡോ. വി വി വേലുക്കുട്ടി അരയന്‍ സമൂഹത്തെ ബാധിച്ചിരുന്ന മഹാരോഗങ്ങളെ ആട്ടിപ്പായിക്കാനാണ് ജീവിതം നീക്കിവച്ചത്. അരയസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക വഴി അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ വിമോചന സമരത്തില്‍ മുന്നണിപ്പോരാളിയായി മാറി. വൈക്കം സത്യാഗ്രഹത്തില്‍ ഡോ. വി വി വേലുക്കുട്ടി അരയന്‍ നടത്തിയ ഇടപെടലുകള്‍ ഇനിയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

പതിനൊന്ന് കാവ്യകൃതികളടക്കം ഇരുപത്തിനാല് സാഹിത്യകൃതികള്‍ ഡോ. വി വി വേലുക്കുട്ടി അരയന്‍ രചിച്ചു. അവയില്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം രചിച്ച വിമര്‍ശന കൃതിയാണ്. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ കവികളുടെ ചിന്തയില്‍ നിന്നും ജാതിയും മതവും സമ്പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഡോ. വി വി വേലുക്കുട്ടി അരയന്റെ ഒരു മകന്‍ ഈഴവ സമൂഹത്തില്‍ നിന്നും മകള്‍ നായര്‍ സമുദായത്തില്‍ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. അദ്ദേഹം അടക്കമുള്ളവര്‍ നടത്തിയ വിചാര വിപ്ലവത്തിന്റെ ഫലമാണ് കേരളത്തില്‍ പ്രീതി വിവാഹം, ആദര്‍ശ വിവാഹം എന്നീ പേരുകളിലും അറിയപ്പെട്ട മിശ്ര വിവാഹം.

തൊഴിലാളികളെ സംഘടിപ്പിക്കുമ്പോള്‍ ജാതീയമായ പരിഗണന ഉണ്ടാകരുത് എന്ന കണ്ടെത്തലിലാണ് ഡോ. വി വി വേലുക്കുട്ടി അരയന്‍ അവസാന കാലത്ത് എത്തിച്ചേരുന്നത്. മരണത്തിലവസാനിച്ച രോഗശയ്യയില്‍ കിടക്കുമ്പോള്‍ ഈ ചരിത്ര പുരുഷനെ സന്ദര്‍ശിച്ച ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനോടും കവി പുതുശ്ശേരി രാമചന്ദ്രനോടുമാണ് അദ്ദേഹം ഈ അഭിപ്രായം തുറന്നു പറഞ്ഞത്.

തൊഴില്‍ മേഖലയില്‍പ്പോലും ജാതീയ സംഘടനകള്‍ ഉണ്ടാകണം എന്ന് ചിലരെങ്കിലും കരുതുന്ന ഇക്കാലത്ത് വേലുക്കുട്ടി അരയന്റെ ഈ അഭിപ്രായം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കുലത്തൊഴില്‍ എന്ന കെണിയില്‍ നിന്നും കേരളീയര്‍ ഏതാണ്ട് രക്ഷപ്പെട്ടു കഴിഞ്ഞു. പൊതുവിദ്യാഭ്യാസവും ജനാധിപത്യ ഭരണ സംവിധാനവുമാണ് ഇതിനു നമ്മളെ സഹായിച്ചത്.

കീഴാള ജനതയെ മുന്നോട്ടു നയിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളെ തൊഴില്‍ മേഖലയില്‍ പരിമിതപ്പെടുത്തിയാല്‍, ഇന്നുണ്ടായിട്ടുള്ള നേട്ടങ്ങള്‍ പോലും അപകടത്തില്‍പ്പെടും. മത്സ്യത്തൊഴിലാളികളേയും ചെത്തുതൊഴിലാളികളേയും മരപ്പണിക്കാരേയും മറ്റും ജാതീയമായി സംഘടിപ്പിച്ച് വോട്ടുബാങ്കുറപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഡോ. വി വി വേലുക്കുട്ടി അരയന്റെ ഈ അഭിപ്രായത്തെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ലംഘിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിന്റെ മത്സ്യത്തൊഴിലാളികളില്‍ വിവിധ ജാതി മതസ്ഥരുണ്ട്. പ്രളയകാലത്ത് ഈ മത്സ്യത്തൊഴിലാളികള്‍ ജാതി മത വ്യത്യാസമെല്ലാം മറന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഓടിയെത്തിയവരാണ്. അവരെ ജാതീയമായി ഭിന്നിപ്പിക്കുന്നത് ഡോ. വി വി വേലുക്കുട്ടി അരയന്റെ ദീര്‍ഘവീക്ഷണത്തെ അപമാനിക്കലാണ്.

വേലുക്കുട്ടി അരയന്റെ സംഭാഷണങ്ങള്‍ രക്തശോഭയോടെ 1969 ല്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍ ജാതി മത ദൈവ ചിന്തകളില്‍ നിന്നും മോചിതനായ പച്ചമനുഷ്യന്‍ ആയിരുന്നു.