Saturday 28 September 2019

ആരാണ് നിങ്ങള്‍?



ബദ്ധശത്രുക്കളോ നാട്യക്കാരോ 
ഭര്‍ത്താവും ഭാര്യയുമെന്ന പോലെ 
സ്വപ്നങ്ങളോ കട്ട യാഥാര്‍ത്ഥ്യമോ
സത്യസങ്കല്‍പ്പങ്ങളെന്ന പോലെ 
ശത്രുക്കളോ ദൃഢമിത്രങ്ങളോ 
അഗ്നിയും വെള്ളവുമെന്നപോലെ
ബുദ്ധിമാന്മാരാണോ വിഡ്ഢികളോ 
വെട്ടനിഴലുകളെന്ന പോലെ 
ആര്‍ട്ടറിയാണോ അയോര്‍ട്ടയാണോ
കാമുകീകാമുകരെന്ന പോലെ 
ആരാണു നിങ്ങള്‍?

Thursday 19 September 2019

കണ്ണൂര്‍


കണ്ണൂരെനിക്കേറെ ഇഷ്ടം

വിണ്ണില്‍ നിന്നും വീണ
നക്ഷത്രമുത്തു പോല്‍
മണ്ണില്‍ വേരോടിച്ച
കുങ്കുമച്ചാമ്പ പോല്‍
കണ്ണൂരെനിക്കേറെ ഇഷ്ടം

പൈതല്‍മല പോല്‍ കുമിഞ്ഞ സ്നേഹം
പയ്യന്നൂര്‍പ്പുഴ പോലെ വശ്യം
പയ്യാമ്പലത്തെ സ്മൃതിക്കടല്‍ ഗര്‍ജ്ജനം
കൃഷ്ണപ്പാട്ടായി പടര്‍ന്ന താരാട്ട്
ഏ വി നടന്ന വരമ്പ്
ഏ കെ ജിപ്പൂമരം
വീരപഴശ്ശി പറന്ന പോര്‍വീഥികള്‍
രക്തസാക്ഷിച്ചൂരുറഞ്ഞ തെയ്യങ്ങള്‍
ഏഴിമലക്കാറ്റ്, വേങ്ങക്കഥ
കല്ലൂക്കഫേ, വാഗ്ഭടാനന്ദമാടിയ
ചിന്തയും വാക്കും ജ്വലിച്ച മുറ്റങ്ങള്‍
കണ്ണൂരെനിക്കേറെ ഇഷ്ടം

ബ്രണ്ണന്‍, നിലാവിലെ മാടായിപ്പാറ
കണ്ണായ വെള്ളൂരെ ജവഹര്‍
കോത്തായിക്കഥകള്‍ തളിപ്പറമ്പില്‍ കേട്ട 
പാട്ടുകള്‍, ചക്കരക്കല്ല്
പുഷ്പനില്‍ പൂക്കുന്ന ചെമ്പരത്തി
കാവുമ്പായിയിലെ വെടിക്കുന്ന്
കേളപ്പനുപ്പു കുറുക്കിയ സാഗര-
തീരം, കെ.കെ.ആര്‍ ശില്‍പ്പം
ഗാന്ധിമാവ്,ബീഡി വിളയുന്ന വായന
അറയ്ക്കല്‍ ചിറക്കല്‍ പെരുമ
കണ്ണൂരെനിക്കേറെ ഇഷ്ടം

നഷ്ടജന്മങ്ങള്‍ വിലാപങ്ങളായ് വന്നു
ചുറ്റി നില്‍ക്കുമ്പൊഴും
കണ്ണൂരെനിക്കേറെ ഇഷ്ടം.

അമ്മമലയാളം – സമരം തുടരണം


കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ എല്ലാ ചോദ്യങ്ങളും മലയാളത്തില്‍ കൂടി നല്‍കണമെന്ന ആവശ്യവുമായി തലസ്ഥാനത്തു നടന്ന ഉപവാസസമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഉറപ്പുകള്‍ മാനിച്ചാണ് സമരം അവസാനിപ്പിച്ചത്. രണ്ടു വിദ്യാര്‍ഥികളും രണ്ടു വിദ്യാര്‍ഥിനികളും ഒരു അധ്യാപകനുമാണ് നിശ്ചയതീവ്രതയോടെ നിരാഹാരം കിടന്നത്.
കേരളം കണ്ട ഏറ്റവും ലജ്ജാകരമായ സമരമായിരുന്നു അത്. മലയാളം മാതൃഭാഷയായുള്ള മന്ത്രിസഭയും സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രമേധാവികളും ഉള്ളപ്പോള്‍ അവരുടെ മുന്നില്‍ മലയാളത്തിനു വേണ്ടി മലയാളികള്‍ക്ക് സമരം ചെയ്യേണ്ടി വന്നു. ഭരണഭാഷയും ശ്രേഷ്ഠഭാഷയും ഒക്കെയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളം ഇപ്പോഴും പടിക്കുപുറത്ത് അരുതരുതുമക്കളേയെന്നു കേണപേക്ഷിക്കുകയാണ്. കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷാവിധി അനുഭവിച്ചു നില്‍ക്കുകയാണ്. മലയാള ഐക്യ പ്രസ്ഥാനത്തിന്റെ സമരം ഇനി സമൂഹത്തിലേക്കും അതിന്റെ പ്രാഥമിക ഘടകമായ വീടുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
വാസ്തവത്തില്‍ പിഎസ്‌സിയുടെ ഒരു മനോഭാവപ്രശ്‌നം മാത്രമാണോ ഇത്? അല്ല. കൂറ്റന്‍നൗകകളെ പോലും തകര്‍ക്കാന്‍ കഴിവുള്ള മഞ്ഞുമലകളുടെ അഗ്രം മാത്രമാണ് പിഎസ്‌സി. തടസ്സമല വിപുലമായി കടലാഴങ്ങളില്‍ ഉണ്ട്.
നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന്റെയും മക്കള്‍ പഠിക്കുന്നത് മലയാളം പറഞ്ഞാല്‍ പിഴയൊടുക്കേണ്ടിവരുന്ന ബ്രോയിലര്‍ സ്‌കൂളുകളില്‍ ആണ്. 
കൊല്ലം ജില്ലയിലെ പൂവത്തൂരില്‍ കുറേക്കാലം മുന്‍പ് വിചിത്രമായ ഒരു വിദ്യാര്‍ഥിസമരം നടന്നു. അവിടെയുള്ള സ്‌കൂളിലെ അധ്യാപകരുടെ മക്കളെ അവിടെത്തന്നെ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 
അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പ്രവാസികള്‍, രാഷ്ട്രീയക്കാര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ അങ്ങനെ സമൂഹത്തിലെ മാന്യകുടുംബങ്ങളിലെ കുഞ്ഞുങ്ങളെല്ലാം നിര്‍ബ്ബന്ധിതമായി മലയാളവിരുദ്ധ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അവരുടെ കീശകളില്‍ പിഴയൊടുക്കാനുള്ള പണം ഉറപ്പ്. അവര്‍ വളര്‍ന്നു വരുമ്പോള്‍ നേരെചൊവ്വെയുള്ള ഇംഗ്ലീഷോ മാതൃഭാഷയായ അമ്മമലയാളമോ അറിയാത്തവര്‍ ആയി രൂപപ്പെട്ടു കഴിഞ്ഞിരിക്കും. അവര്‍ക്ക് ഇംഗ്ലീഷിലുള്ള ചോദ്യവും ഉത്തരമെഴുതാനുള്ള അവസരവും അവരുടെ രക്ഷകര്‍ത്താക്കള്‍ ഉണ്ടാക്കിക്കൊടുക്കും. അവര്‍ക്ക് മലയാളം പഠിച്ച കുട്ടികളോട് മത്സരിക്കാന്‍ കഴിയില്ല. അവിടെയാണ് പ്രശ്‌നത്തിന്റെ പ്രഭവസ്ഥാനം.
ഇടപെടാനുള്ള ഇംഗ്ലീഷിനാണ് ഇവിടെ പ്രാധാന്യം. സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ വ്യാകരണം വില്‍പവര്‍ ആണ്. വില്ലും ഷാലുമല്ല. ഉദ്യോഗസ്ഥര്‍ ആയിക്കഴിഞ്ഞാല്‍ ഇടപെടേണ്ടത് പാവം മലയാളികളോടാണ്. മദാമ്മമാരോടും സായിപ്പുമാരോടും അല്ലല്ലോ.  
ദളിതര്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം. പേരാമ്പ്രയിലും പത്തനാപുരത്തുമൊക്കെ അത്തരം സ്‌കൂളുകള്‍ ഉണ്ട്. പറപ്പള്ളിയും പുലപ്പള്ളിയും മാത്രമല്ല അങ്ങനെ വിശേഷിപ്പിക്കാവുന്ന പള്ളിക്കൂടങ്ങളും ഉണ്ട്. ലക്ഷം വീടുകളില്‍ നിന്നും പോകുന്ന കുഞ്ഞുങ്ങള്‍ പൊതു വിദ്യാലയത്തിലെ ഭക്ഷണവും പുസ്തകവും പ്രതീക്ഷിക്കുന്നവരാണ്. അവരെ മനുസ്മൃതിയുടെ കാലത്തേക്ക് മാറ്റി നിര്‍ത്താനുള്ള ഗൂഢതന്ത്രമാണ് ഈ മലയാള വിദ്വേഷത്തിനു പിന്നില്‍ ഉള്ളത്. 
സാങ്കേതിക പദങ്ങള്‍ ഇല്ലെന്നുള്ളതും മറ്റും മുട്ടാത്തര്‍ക്കങ്ങളാണ്. സിറിഞ്ചു മുതല്‍ കമ്പ്യൂട്ടര്‍ വരെ നമ്മള്‍ മലയാളം ലിപിയില്‍ എഴുതി ഉപയോഗിക്കുന്നുണ്ടല്ലോ. ഇംഗ്ലീഷുകാര്‍ കയറും കൊപ്രയും ഉപയോഗിക്കുന്നത് പോലെ.
സി കെ ജാനുവും ഗോത്രമഹാസഭക്കാരും പണ്ട് തലസ്ഥാനത്തു നടത്തിയ സമരം മനോഹരമായി ഒത്തുതീര്‍പ്പാക്കിയതിനു ശേഷം വീണ്ടും നടത്തേണ്ടി വന്നതുപോലെയുള്ള ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ. അതിനാല്‍ ഇനി സമരം മലയാളിയുടെ ദുരഭിമാനത്തിന്റെ നേര്‍ക്കും ഭാഷാപരമായ അപകര്‍ഷതയുടെ നേര്‍ക്കും കൂടി നടത്തേണ്ടതുണ്ട്.

Sunday 15 September 2019

ആദ്യരതി






ആ നിഴല്‍പ്പാടില്‍
ഇരുണ്ട മണ്ണില്‍, ചൂടു
കാറ്റേല്ക്കവേ,ദ്രുത-
ത്താളത്തില്‍ ഹൃല്‍-
സ്പന്ദനങ്ങള്‍ കൈകോര്‍ക്കവേ
ഓരോ സിരയു-
മെരിതിരിയായ് വേര്‍പ്പു-
തോരണം കെട്ടീ-
യുടുക്കു കൊട്ടീ മനം.
നാഗമായ്,
നഗ്നഫണമുള്ള നാഗമായ്
നൂറു ശിഖയുള്ളോരാഗ്നേയ രൂപമാ-
യൊന്നായൊരുജ്ജ്വല
സ്ഫോടനത്തില്‍ ശക്തി-
യൊന്നായ് മരിച്ചു
മരവിച്ചു വീണു നാം!

ആദ്യരതി,-
വിഭ്രാന്ത തീക്ഷ്ണ മുഹൂത്തത്തി-
ലാര്‍ത്തരയമാര്‍ന്ന ലയ-
മിപ്പോഴോരര്‍മ്മിക്കവേ
ചുണ്ടിലല്‍ നിന്നെന്തേ
തുടച്ചു മാറ്റുന്നു നാം
പുഞ്ചിരി,
നെഞ്ചില്‍പ്പടര്‍ന്നൊരാ
പ്പൂത്തിരി.
-------------------------------------------
1983 മെയ് 22 മലയാളനാട്

Monday 9 September 2019

ഒറ്റവാക്ക്


ഒറ്റവാക്കാല്‍ നരകമാക്കുന്നു നാം
പുഷ്പഗന്ധം പുണര്‍ന്ന വള്ളിക്കുടില്‍
ഒറ്റവാക്കാല്‍ മലിനമാക്കുന്നു നാം
വൃത്തിയായി കരുതിയ വീടകം.

ഒറ്റവാക്കാല്‍ ശിഥിലമാക്കുന്നു നാം
മജ്ജ കൊണ്ടു വരിഞ്ഞ സ്വജീവിതം
ഒറ്റവാക്കാല്‍ വിഷം പുരട്ടുന്നു നാം
ഇത്തിരിപ്പോന്ന ജീവിതറൊട്ടിയില്‍

സ്വപ്നമെന്നു പേരിട്ടുള്ള നൗകയില്‍
ഒറ്റവാക്കാല്‍ മരിച്ചു വീഴുന്നു നാം
ഒറ്റവാക്കേ മനസ്സിന്നരീനയില്‍
മുത്തമിട്ട വൈരൂപ്യമേ തോറ്റു ഞാന്‍.

Thursday 5 September 2019

മനുഷ്യപക്ഷത്തു നിന്ന ദൈവാലയങ്ങള്‍



മനുഷ്യപക്ഷത്തു നിന്ന ദൈവാലയങ്ങള്‍


kureeppuzha














എല്ലാ ആരാധനാലയങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണ്. പ്രകൃതി ദുരന്തങ്ങള്‍ ആരാധനാലയങ്ങളെ വെറുതെ വിട്ടില്ല. പ്രളയത്തിനു വിവേചനമില്ല. 
കഴിഞ്ഞ പ്രളയകാലത്ത് ആലുവാ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങിപ്പോയി. പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. ശബരിമലയ്ക്ക് മുകളിലുള്ള കുന്നാര്‍ ഡാം നികന്നുപോയി. സന്നിധാനത്തിലേക്ക് ജലം എടുത്തിരുന്നത് ഈ ഡാമില്‍ നിന്നായിരുന്നു. 
വെള്ളമിറങ്ങിയപ്പോള്‍ മനുഷ്യര്‍ ചെളി വാരിമാറ്റി കാര്യങ്ങള്‍ പഴയതുപോലെയാക്കുകയും ഭിന്നിച്ചു നിന്ന് ആര്‍ത്തവലഹള നടത്തി അപഹാസ്യരാവുകയും ചെയ്തു. 
മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പിനെതിരെ പാവങ്ങളെ തെരുവിലിറക്കിയവര്‍ കെട്ടിപ്പൊക്കിയ പള്ളിക്കും പ്രളയം പണികൊടുത്തു. നാട്ടിലെ ഉത്സവങ്ങളെയും യാഗങ്ങളെയും വെടിക്കെട്ടുകളെയും ഇവയോടനുബന്ധിച്ചുള്ള വമ്പന്‍ പണപ്പിരിവുകളെയും പ്രളയം ബാധിച്ചില്ല.
അന്യമതസ്ഥരെ അകറ്റിനിര്‍ത്തുന്ന ദൈവപ്പുരകളില്‍ ചിലതെങ്കിലും മനുഷ്യപക്ഷത്തു നിന്ന കാഴ്ചയും കാണാതിരുന്നുകൂടാ. മലബാറിലെ ഒരു പള്ളിയോടു ചേര്‍ന്നുള്ള മദ്രസ പൊതുവിദ്യാലയമായി. സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ വരുകയും കുട്ടികള്‍ വഴിയാധാരമാവുകയും ചെയ്തപ്പോള്‍ മദ്രസയില്‍ ലോവര്‍ പ്രൈമറി സ്‌കൂളിനു ഇടം കൊടുത്തു. വെറുതെ സ്ഥലം കൊടുക്കുക മാത്രമല്ല ചെയ്തത്. ചുമരുകളില്‍ ജീവികളുടെയും പൂവിട്ട ചെടികളുടെയും ചിത്രം വരച്ച് ആകര്‍ഷകമാക്കിയാണ് കുഞ്ഞുമക്കളെ മതഭേദം കൂടാതെ അവിടെയിരുത്തി പഠിപ്പിച്ചത്. മതാലയം മനുഷ്യാലയമായി. 
കുട്ടനാട്ടെ ക്ഷേത്രങ്ങളുടെ ഊട്ടുപുരകള്‍ തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാകുന്നതിനു മുന്‍പ് എല്ലാ വര്‍ഷവും ഉണ്ടാകുമായിരുന്ന പ്രളയത്തെ കൂടി കണക്കിലെടുത്ത് ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇങ്ങനെയൊരു വെള്ളപ്പൊക്കക്കാലത്തെ രസകരമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ് നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെ ഒഴുക്കത്തുവന്ന വീട് എന്ന നോവല്‍. അമ്പലത്തിന്റെ ഊട്ടുപുരയില്‍ അഭയം പ്രാപിച്ച ആള്‍ക്കൂട്ടത്തിലെ ചീട്ടുകളി വിദഗ്ധരിലൂടെയാണ് ആ നോവല്‍ വികസിക്കുന്നത്. വീണന്‍ വേലു, ഗുലാംപെരിശു വാസു, മരംകേറി കേശവന്‍ എന്നിവര്‍ ചീട്ടുകളി മടുത്തപ്പോള്‍ അകലെ മലവെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു വീടിനെ പിന്തുടരുന്നതാണ് കഥ. വെളളം ഇറങ്ങുമ്പോഴാണ് കഥ അവസാനിക്കുന്നത്.
ഇക്കൊല്ലത്തെ പ്രളയം വടകരയിലെ ഒരു കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന്റെ കണ്ണുതുറപ്പിച്ചു. ആയഞ്ചേരിയിലെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തു. കുട്ടിച്ചാത്തനെ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം കേരളീയര്‍ക്ക് ഉണ്ടായല്ലോ. ചികിത്സാസഹായം, വിദ്യാഭ്യാസസഹായം തുടങ്ങി നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ആ ക്ഷേത്രക്കമ്മിറ്റി ചെയ്യുന്നുണ്ട്. വീടിനു കല്ലെറിയുക, ആഹാരത്തില്‍ മാലിന്യമിടുക തുടങ്ങിയ പഴയ പരിപാടികള്‍ കുട്ടിച്ചാത്തന്‍ അവസാനിപ്പിക്കുകയും ജനങ്ങളെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇക്കാലത്ത് ആയിരുന്നുവെങ്കില്‍ നാരായണഗുരുവിന് ചാത്തനെ അഭിസംബോധന ചെയ്തു കത്തെഴുതുകയോ ഡോ. എ ടി കോവൂരിന് ചാത്തനെ പിടിക്കാന്‍ പോവുകയോ വേണ്ടിവരില്ലായിരുന്നു. ആ ക്ഷേത്ര ഭാരവാഹികളുടെ മനുഷ്യപക്ഷ നിലപാടിനെ അഭിനന്ദിക്കുന്നു.
ആവുന്നത്ര ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സുമനസുകളുടെ സഹായത്തോടെ ശേഖരിച്ച് ഞാനും കൂട്ടുകാരും പോയ ഇടിഞ്ഞില്ലം ദുരിതാശ്വാസ ക്യാമ്പ്, ദേവമാതാ പള്ളിയോട് അനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തില്‍ ആയിരുന്നു. അറുപതിലധികം ദളിത് കുടുംബങ്ങള്‍ക്ക് തലചായ്ക്കാനാണ് പള്ളിയുടെ സൗകര്യങ്ങള്‍ തുറന്നു കൊടുത്തത്. 
ഏറ്റവും ശ്രദ്ധേയമായ സംഭവം, മലപ്പുറത്തെ പോത്തുകല്ല് അങ്ങാടിയിലെ മുസ്‌ലിം പള്ളിയില്‍ നടന്നതാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള സൗകര്യം അവര്‍ ചെയ്തുകൊടുത്തു. കവളപ്പാറ ദുരന്തത്തില്‍പെട്ട അലക്‌സ് മാനുവല്‍, രാഗിണി, പ്രിയദര്‍ശന്‍, ചക്കി, അനഘ തുടങ്ങി മുപ്പതോളം നിരപരാധികളുടെ മൃതശരീരങ്ങളാണ് പള്ളിയില്‍ വച്ച് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചത്.
മതസ്‌നേഹം പോഷിപ്പിച്ചു മനുഷ്യകുലവിരോധത്തിന്റെ പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളാകാതെ മനുഷ്യപക്ഷത്ത് നിന്ന എല്ലാ മതസ്ഥാപനങ്ങളുടെയും നടത്തിപ്പുകാരെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.

Tuesday 3 September 2019

രാഹുലൻ ഉറങ്ങുന്നില്ല


ജനലഴിയിൽ മുറുകെ പിടിച്ചു ജൻമത്തിന്റെ
പടവുകൾ വയസ്സാൽ ഗുണിച്ചു സ്വപ്നത്തിന്റെ
പതിരുപാടം കടന്നെത്തുന്ന പക്ഷികൾ
തുരുതുരെ പെയ്യുന്ന പ്രാക്കുകൾ തിന്നുകൊ-
ണ്ടിടവഴിയിലേക്കുറ്റു നോക്കുന്നു രാഹുലൻ
കടമകളുടഞ്ഞതറിയാതെ
തലമുറ തകർന്നതറിയാതെ

മിഴിയിൽ മൗനത്തിന്റെ മാറാലയിൽപ്പെട്ട
പകലിൻ ശവം
ഉഷ്ണകാലങ്ങൾ ചുംബിച്ച ഹൃദയം
ഉലത്തീ പഴുപ്പിച്ച ചിന്തയിൽ
നിറനൊമ്പരങ്ങൾ
നിരക്കാത്ത വാക്കിന്റെ
വിധുരതകൾ വിങ്ങുന്ന തൊണ്ടയിൽ നിന്നൊരു
ജ്വരഗീതകം
ശാപമുനയേറ്റ പ്രജ്ഞയിൽ
കടലിരമ്പുമ്പോൾ ഉറങ്ങാതിരിക്കുന്നു
മുറിയിൽ അശാന്തിസ്വരൂപമായ് രാഹുലൻ

നദി വറ്റി നൻമകൾ വറ്റി നാട്ടിൻപുറ-
ത്തെളിമയും താളവും വറ്റി
നിലാവിന്റെ കുളിരും കിനാക്കളും വറ്റി
പിശാചിന്റെ ഭരണക്രമത്തിൽ
പുരാവസ്തുവായ് തീർന്ന
മധുരപ്രതീക്ഷയെ നെഞ്ചോടു ചേർത്തുകൊ-
ണ്ടിമയടക്കാതെ കിടക്കുന്നു രാഹുലൻ.

ഒരു വിഡ്ഢിവേഷം പിറന്നുവീഴുന്നുണ്ടു-
യവനികയ്ക്കുള്ളിൽ
വെളിച്ചം തിരക്കിട്ടു തെളിയുന്നു
മാലിഖമാരും വരുന്നുണ്ട്
മുല കൊടുക്കുന്നുണ്ട്
ബുദ്ധന്റെ നാട്യത്തിലൊരു
പിതാവിൻ കപടഭിക്ഷാടനം കണ്ടു
മതിയെന്നു പൊട്ടിത്തെറിക്കുന്നു രാഹുലൻ

ഇരുളിന്റെ മറകീറിയർത്ഥവും അർക്കനും
വരുമെന്നു ചൊല്ലിയ ഭ്രാന്തൻ പ്രവാചകൻ
തലയറ്റുവീണ നിരത്തിൽനിന്നും സ്നേഹ -
രഹിതമാം വാഹനപ്പുഴ മുറിച്ചകലുന്നു
കറുകയും കിളികളും കുങ്കുമപ്പൂക്കളും
കഥനുള്ളിനിന്ന കായൽത്തുരുത്തിൽ പൂർവ്വ-
ലയഭംഗികൾ കേട്ടു നിൽക്കുവാൻ രാഹുലൻ
നിറതോക്കുയർന്നതറിയാതെ
കനൽവഴി പുകഞ്ഞതറിയാതെ
സ്മരണയുടെ വള്ളികൾ മണ്ണിൽ മുട്ടുമ്പൊഴും
നിലവറയിൽ നിൽപാണുറങ്ങാതെ രാഹുലൻ

വരതെറ്റി വാസ്തവം തെറ്റി
വായ്ത്താരിയും വരിശയും തെറ്റി
കിഴക്കോട്ടിറങ്ങേണ്ട ഗതി തെറ്റി
ഗായത്രി തെറ്റി
രൂപങ്ങൾ തൻ രതി തെറ്റി
രാമായണം തെറ്റി യോർമ്മയിൽ-
കടുകും ഒരമ്മയും ശിശുവിന്റെ ശവവുമായ്
പൊളിയും പദപ്രശ്നവിഭ്രാന്തിയിൽനിന്നു
കരകയറുവാൻ ബോധപുസ്തകം തേടുന്ന
ഗുരുഗൗതമൻ പുഞ്ചിരിക്കുമ്പൊഴൊക്കെയും
ചിരിമരിച്ചസ്ഥിബിംബങ്ങൾ ചിരിക്കുന്നൊ-
രിടനാഴിയിൽനിന്നു കണ്ണുരണ്ടും തുറി-
ച്ചുറയുന്നു കലികാല രാഹുലൻ മൃത്യുവിൻ
മണിമുഴങ്ങുന്നതറിയാതെ
മുറിവുകൾ പഴുത്തുകരിയാതെ

തടവറയിൽ നിൽക്കുന്നു രാഹുലൻ രാത്രിയും
വെയിലും വളർന്നു തളർന്നിട്ടു മക്കരെ-
കുതിരക്കുളമ്പടി നിലച്ചിട്ടുമപ്രിയ-
കുരുതിക്കു സാക്ഷിയായ്
മിഴിയടക്കാതെന്റെ
മിഴികളിൽ നിൽക്കുന്നു രാഹുലൻ, പന്തങ്ങൾ
വിരലിൽ കൊളുത്തുന്നു രാഹുലൻ
മണ്ണിന്റെ സിരകളിലരിച്ചിറങ്ങുന്നുണ്ടു രാഹുലൻ

ഇതുവരെയുറങ്ങിയിട്ടില്ല
മഹാദു:ഖമൊഴുകുന്നു ധമനിയിൽ
കാത്തിരിപ്പിൻ നീണ്ട
വിരസനിമിഷങ്ങൾ വന്നസ്ത്രം തൊടുക്കവേ
തൊഴുതുനിൽക്കുന്നുണ്ടു രാഹുലൻ ജീവന്റെ
അപകടങ്ങൾക്കൊപ്പമെത്തുന്നു നിത്യവും
ശവദർശനങ്ങളാൽ ഞെട്ടുന്നു രാഹുലൻ

ചുടുകാറ്റു താരാട്ടുപാടുന്ന നേരവും
ചുടുകാട്ടിൽ നിൽപാണുറങ്ങാതെ രാഹുലൻ