Friday 27 December 2019

മഹാഭാരതം


ശത്രുപക്ഷത്തുനിന്നെത്തിയ യുയുത്സുവെ
കെട്ടിപ്പുണർന്നു വരിച്ചു യുധിഷ്ഠിരൻ
ഒപ്പം വിയർത്തു സുയോധനൻ, കർണ്ണന്റെ
രക്തം തിളച്ചു, ചിലച്ചു ദുശ്ശാസനൻ

കുന്തിയും ഗാന്ധാരിയും നടുക്കങ്ങളാൽ
നൊന്തുനൊന്തങ്ങനെ ജൻമപാപത്തിന്റെ
ശമ്പളം വാങ്ങി
കുരുക്ഷേത്രഭൂമിയിൽ
ശംഖോടുശംഖ് മുഴങ്ങീ വിളംബരം



അച്ഛൻ മുറിച്ചൂ മഹാഭാരതം
പിന്നെയെത്ര സത്രങ്ങളിൽ
രാത്രിക്കു കാവലായ്
ഭിത്തിയിൽ ചാരി ഞാൻ വച്ചൂ ദുരന്തങ്ങ-
ളുഗ്രാസ്ത്രമെയ്തു തുളച്ച മനസ്സിന്റെ
പ്രശ്നമായ്ത്തീർന്ന മഹാഭാരതം
രോഷതൃഷ്ണകൾപൂക്കുന്ന കൃഷ്ണയ്ക്കുവേണ്ടി ഞാൻ
മുക്കിയ ചോരയ്ക്കിതെന്റെ ഷർട്ടിൻനിറം

നെഞ്ചിലെ തോണിയിൽ മഞ്ഞിൻമറയ്ക്കുള്ളിൽ
നിന്നു കിതയ്ക്കും കറുത്തപെണ്ണിൽ നിന്ന്
കണ്ണെടുക്കുന്നു മഹർഷി യൊടുക്കമെൻ
കണ്ണിൽനിന്നൂർന്നിറങ്ങുന്നു
കനൽക്കട്ടയെന്നപോൽ വ്യാസൻ
വിഷക്കാറ്റുപോലെന്റെ
യുള്ളിൽ തറയ്ക്കുന്നു ഭീഷ്മപ്രതിജ്ഞകൾ

അംബതൻ കണ്ണീരു വീണുകുതിർന്നെന്റെ
ചിങ്ങപ്പുലർച്ചകൾ
പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
നെറ്റിയിൽ തൊട്ടന്നു
സന്ധ്യയാവോളമെൻ ചോരനുകർന്നുപോയ്
അർജ്ജുനജ്വാല പിറന്നൂ നഖത്തിൽനി-
ന്നസ്ഥിയിൽ ഭീമസേനന്റെയലർച്ചകൾ
സ്വപ്നംതൊടുത്ത് അഭിമന്യുവിൻ ധീരത
ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള

കത്തുന്നു ജാതൂഗൃഹത്തിൽ അനാഥരാം
മക്കളും അമ്മയും
കള്ളക്കരുക്കളിൽ കത്തിയും പച്ചയും
യുദ്ധം തുടർന്നെന്റെ സന്ധിയും ഗ്രന്ഥിയും


കാതുകീറുന്നുണ്ടു ഗാന്ധാരിയമ്മതൻ
പ്രേതാവലോകനം


ഉത്തരം തേടുന്നു മജ്ജയിലുത്തര
ഉഷ്ണകാലംപോൽ സുഭദ്ര
മോഹത്തിന്റെ ദു:ഖം വിതച്ചു
കൊടുംദു:ഖവും കൊയ്തു
വസ്ത്രമില്ലാതെയകന്ന ജേതാക്കളിൽ
സ്വപ്നവും സ്വത്തും സ്വരാജ്യപ്രതീക്ഷയും
യുദ്ധാവസാനസ്സുഖങ്ങളും പൊള്ളുന്നു

അച്ഛൻ മരിച്ചതോഗസ്റ്റിൽ
പിന്നെത്രയോ സത്രങ്ങളിൽ
രാവുതോറും പുനർജ്ജനി-
ച്ചൊറ്റക്കിരിക്കുന്നൊരെന്റെ ത്രാസങ്ങളിൽ
കൊത്തിവെയ്ക്കുന്നൂ മഹാഭാരതം
ക്രൂരദു:ഖങ്ങൾ മേയുമിരുട്ടിന്റെ പുസ്തകം
രക്തം പുരണ്ട കാലത്തിന്റെ വല്ക്കലം

Thursday 26 December 2019

എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍..


ഒരു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട ഭരണകൂടം ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുന്ന അസാധാരണവും അനഭിലഷണീയവുമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ.അതിനു ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതോ അമിത മതബോധവും. 

സ്വന്തം ദൈവത്തില്‍ വിശ്വസിക്കാത്തവരെ ശത്രുക്കളായി കാണുകയെന്നത് മതബോധത്തിന്റെ അടിസ്ഥാന അപകടങ്ങളില്‍ ഒന്നാണ്. എന്നെ വെറുത്താലും ജര്‍മ്മനിയെ വെറുക്കരുത് എന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ വചനത്തെ ഓര്‍മ്മിപ്പിക്കുന്നത് പോലെയുള്ള ഭരണാധികാരിയുടെ പ്രസംഗം കൂടിയായപ്പോള്‍ എരിതീയില്‍ പെട്രോള്‍ ഒഴിച്ചതിനു തുല്യമായി.

ഇന്ത്യയില്‍ പൗരത്വം സംബന്ധിച്ച അവിശ്വാസത്തിന്റെയും ഭയത്തിന്റെയും തീ കത്തുകയാണ്. അത് മതാതീത സംസ്ക്കാരത്തിന്‍റെ കൊടിചൂടിയ കേരളത്തിലേക്കും വ്യാപിച്ചു കഴിഞ്ഞു. സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥാകാരന്‍ എന്‍.എസ്.മാധവനും ജനകീയ സിനിമയുടെ വക്താവായ കമലും അടക്കം കേരളത്തിന്റെ സാംസ്കാരികരംഗവും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

എല്ലാവരെയും സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം.ആ വിശാലഹൃദയത്വം സിന്ധു നദീതീരത്തെ ദ്രാവിഡജനതതന്നെയാണ് ആദ്യം പ്രകടിപ്പിച്ചത്.  ചരിത്രം അങ്ങനെയാണെങ്കില്‍ പുരാണങ്ങളും അഭയാര്‍ഥിയെ പുറന്തള്ളിയിട്ടില്ല. 

രാജ്യം നഷ്ടപ്പെട്ടു  കാട്ടില്‍ പാര്‍ക്കേണ്ടി വരുന്ന യുധിഷ്ഠിരന്‍ തന്നെപോലെ ദുഃഖം അനുഭവിച്ചവരായി മറ്റാരെങ്കിലും ഉണ്ടോ എന്നു വിലപിക്കുമ്പോള്‍ ബൃഹദശ്വന്‍ എന്ന മഹര്‍ഷിയാണ് നളന്റെ ദുഃഖം വിവരിക്കുന്നത്. ഇത്  പൊലിപ്പിച്ച് എഴുതിയ ഉണ്ണായിവാര്യര്‍ അതിമനോഹര പദങ്ങളിലൂടെ നളവിഷാദം ജനഹൃദയങ്ങളില്‍ എത്തിച്ചു.

രാജ്യവും പ്രേയസിയും നഷ്ടപ്പെട്ട നളന്‍ ബാഹുകനായി അയോധ്യയിലെ രാജാവായ ഋതുപര്‍ണനോട് അഭയം തേടുന്നു. തേരോടിക്കുന്നതിലും പാചകകലയിലും മിടുക്കനായ ബാഹുകനെ രാജാവ് ഇക്കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ച് സംരക്ഷിക്കുന്നു. വസ വസ സൂതാ മമ നിലയെ സുഖം ബാഹുക സാധുമതേ എന്നാണു ഋതുപര്‍ണന്‍ പറയുന്നത്. എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍ എന്നുടെ കുലത്തില്‍ ഇല്ലെന്നും രാജാവ് പറയുന്നു.

ഭാര്യയെ കാട്ടിലെറിഞ്ഞ രാമന്‍ മാത്രമല്ല, ഭാര്യയും നാടും നഷ്ടപ്പെട്ട മനുഷ്യനെ സംരക്ഷിച്ച രാജാവും അയോദ്ധ്യയിലെ കവികല്‍പ്പിതമായ അധികാര പദവിയില്‍ ഉണ്ടായിരുന്നു. 

ചരിത്രവും പുരാണവുമൊക്കെ ഇങ്ങനെയാനെന്നിരിക്കെ ഭാരതത്തില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ചിട്ടുള്ള ഭീകരാന്തരീക്ഷം സാംസ്ക്കാരിക രംഗത്തുള്ളവരെയും പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Monday 23 December 2019

ഒഴിവാക്കേണ്ടത്



അച്ഛന്റെ മരണം
കവിതയാക്കരുത്
ആത്മാവിൽ ഒരു ചിതയുണ്ടല്ലോ

തൊണ്ടയിലെ അർബ്ബുദം
വേണ്ട
സഫലമീയാത്ര വായിക്കാം

ഉണ്ണിയുടെ മരണം
എഴുതരുത്
മാമ്പഴം ചൊല്ലാം

ദാരിദ്ര്യദു:ഖം
ഇല്ല
കുചേലവൃത്തം ഓർമ്മിക്കാം


എന്നാൽ പ്രണയമോ
ഇനിയുമിനിയുംമെഴുതേണ്ടത്.

Thursday 19 December 2019

ഉൾവാക്കുകൾ


ഞാനെൻ ശരീരം പരീക്ഷണശാലയിൽ
മേശപ്പുറത്തു കിടത്തി
വസ്ത്രങ്ങൾ നീക്കി, കൊടും കത്തിയാലതിൻ
ത്വക്കുടുപ്പും കൊത്തിമാറ്റി

നഗ്നം അതേ പൂർണനഗ്നം അകങ്ങളിൽ
അക്ഷരങ്ങൾ തെളിയുന്നു

അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല യാഥാർത്ഥ്യം

കയ്പുകുടിച്ചു ചുവന്ന മസ്തിഷ്ക്കത്തിൽ
ഒറ്റവാക്കേയുള്ളു സ്നേഹം
കണ്ണുകൾക്കുള്ളിൽ നിലാവ്
ചെവിക്കുള്ളിൽ
മങ്ങിയ നെൽകൃഷിപ്പാട്ട്
അന്നനാളത്തിൽ വിശപ്പ്
തോളസ്ഥിയിൽ
ഒന്നിറങ്ങൂ എന്ന വീർപ്പ്

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിതമഷിയിൽ പ്രണയം
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസം പുക എന്ന വാക്യം
രക്തനാളത്തിൽ സമരം
ആമാശയശല്ക്കത്തിൽ തീരാദുരിതം
വൃക്കയിൽ മോഹങ്ങൾ
വൻകുടലിൽ സൂര്യൻ
വൃഷണത്തിനുള്ളിൽ അശാന്തി
മാലിന്യസഞ്ചിയിൽ ജീവിതം
താരാട്ടുപോരെന്നു തൊണ്ടയും കൈയ്യും


കരളിൽ ബിയർ
വാരിയെല്ലിൽ, നാട്ടു-
വഴിയിലെ പുല്ലിന്റെ പേര്
കാലസ്ഥിയിൽ കാട്ടുപക്ഷി
പാദങ്ങളിൽ
ചൂടിൽ നടന്ന കഥകൾ
വാക്കുകൾ നാക്കുകൾ തോരുന്നതേയില്ല
വാക്കിന്റെ പേമാരിയുള്ളിൽ

Saturday 14 December 2019

കവിയുടെ രാഷ്ട്രീയബോധവും ഭക്തിയും


By: Web Desk | Wednesday 11 December 2019 9:48 PM IST

 കുരീപ്പുഴ ശ്രീകുമാർ
കന്യാസ്ത്രീകൾ ഹൈക്കോടതിയുടെ സമീപം നടത്തിയ സമരത്തെ ഭക്തി തീരെയില്ലാത്തവർ പോലും അനുകൂലിച്ചു. അഭയക്കേസിൽ ശരിയായ അന്വേഷണവും വിധിയും ഉണ്ടാകണമെന്ന കാര്യത്തിൽ ഭക്തിയില്ലാത്തവർക്ക് ഒരു സംശയവും ഇല്ല. ശബരിമലയിൽ പോയി പ്രാർഥിക്കണമെന്ന് സന്താനോല്പാദന ശേഷിയുള്ള ഒരു വനിതയ്ക്ക് തോന്നിയാൽ തീരെ ഭക്തിയില്ലാത്തവരും അതിനെ അനുകൂലിക്കുന്നു. ബാബറിപ്പള്ളി പൊളിച്ചതിനെ ഭക്തിയില്ലാത്തവർ എതിർത്തു. ഇത് എന്തുകൊണ്ടാണ്? ഭക്തിയില്ലാത്തവർ, ഭക്തിയുള്ളവരെക്കാൾ കൂടുതൽ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ടാണ്. 
എന്നാൽ സ്വന്തം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലെങ്കിലും അന്യമതസ്ഥകൾക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്.
അവരാണ് കന്യാസ്ത്രീ സമരത്തെ അനുകൂലിക്കുകയും ശബരിമലയിൽ സഹോദരിമാരെ തടയാൻ അണിനിരക്കുകയും ചെയ്തത്. രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ഭക്തി അർഥശൂന്യമെന്ന് അറിയാമെങ്കിലും അവിടെയുള്ള ജീവിതത്തെ കാണാതിരിക്കാൻ കഴിയുന്നില്ല. ദൈവങ്ങൾക്കിടയിൽ ജന്മിമാരും പാവങ്ങൾക്കിടയിൽ ദൈവങ്ങളും ഉണ്ടെന്നു വയലാർ ഒരു സിനിമാപ്പാട്ടിൽ സിദ്ധാന്തിക്കുന്നുണ്ട്. ആലുവാപ്പുഴയ്ക്ക് അക്കരെയുള്ള ഒരു അമ്പലം പൊന്നമ്പലം. ഇക്കരെയുള്ള ദരിദ്രകൃഷ്ണന് കല്ലമ്പലം. അക്കരെ കൃഷ്ണന് നൃത്തമാടാൻ ആയിരം ഗോപികമാർ. ഇക്കരെ കൃഷ്ണന് ചന്ദനം ചാർത്താൻ എല്ലുപോലെ ഒരു എമ്പ്രാന്തിരി. ഇത്തരം ചിത്രീകരണങ്ങ­ൾക്ക് ശേഷമാണ്, ദൈവങ്ങൾക്കിടയിലും ജന്മികൾ, പാവങ്ങൾക്കിടയിലും ദൈവങ്ങൾ എന്ന് വയലാർ എഴുതുന്നത്. ഭക്തി അന്ധവിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴും ആ മേഖലയിലെ ജീവിതവേദനകൾ കാണാതിരുന്നുകൂടാ. ഇഐഎസ് തിലകന്റെ അഞ്ജനം എന്ന കവിത മുഖപുസ്തകത്തിൽ ചേർക്കാനായി വായിച്ചപ്പോഴാണ് ഈ ചിന്തകൾ ഉണ്ടായത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിക്കുകയും ആ പ്രത്യയശാസ്ത്രത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന കവിയാണ് തിലകൻ. അമ്പതു വർഷത്തിലധികമായി അദ്ദേഹം മുംബൈ നഗരത്തിൽ ജീവിക്കുന്നു. അഞ്ജനം എന്ന കവിത ഒരു ക്ഷേത്രം അഗ്നിക്ക് ഇരയാവുന്നതിനെ കുറിച്ചാണ്. ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവനെയും ഗുരുവായൂർ അമ്പലം കത്തിയപ്പോൾ തീയണയ്ക്കാൻ ഓടിയെത്തിയവരിൽ ഉണ്ടായിരുന്ന അഹിന്ദുവായ എ വി ജോസിനെയും ഒക്കെ ഈ കവിത ഓർമ്മയിൽ കൊണ്ടുവരും. ഊട്ടുപുരയിൽ മനുഷ്യർക്ക് തിന്നേണ്ട ആഹാരമാണ് ആദ്യം തീ തിന്നുന്നത്. ആക്രാന്തം തീരാതെ ചുറ്റമ്പലത്തിലേക്ക് കയറി. ശ്രീകോവിലിലേക്ക് കയറാൻ അഗ്നിദേവനു ധൈര്യം വരില്ലെന്നു മേൽശാന്തി ആണയിട്ടു.
അഗ്നിക്ക് ധൈര്യം വന്നു. ശ്രീകോവിലിനു തീപിടിച്ചു. മേൽശാന്തി, അഞ്ജനശിലയിലുള്ള വിഗ്രഹം ഇളക്കിയെടുത്ത് വീട്ടിലേക്കു നടന്നു. ദൈവത്തെ രക്ഷിക്കാനാണോ ഇങ്ങനെ ചെയ്തത്? കവി പറയുന്നത്, അമിത ചൂടിൽ അഞ്ജനവിഗ്രഹം ഉരുകിപ്പോയാൽ മേൽശാന്തിയുടെയും മറ്റു പല പാവങ്ങളുടെയും കഞ്ഞികുടി മുട്ടും എന്നാണ്. 
അതെ, രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ദൈവത്തെക്കാൾ പ്രധാനം ശാന്തിക്കാരന്റെയും മറ്റു പാവങ്ങളുടെയും വിശപ്പാണ്. ദൈവത്തിന്റെ അപ്രസക്തി ചൂണ്ടിക്കാണിക്കുമ്പോഴും വിശപ്പ് മറക്കാൻ കഴിയില്ല. അത് അടയാളപ്പെടുത്താതെ വയ്യ.

Sunday 1 December 2019

മാമ്പഴക്കവി എവിടെയാണ്?



1975 ലെ ഒരു മധ്യാഹ്നം.
തൃശ്ശിവപേരൂരിൽ ബസ്സിറങ്ങുമ്പോൾ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളൂ. ഹൃദയത്തിൽ മുനവച്ചുനിന്ന ഒറ്റ ആഗ്രഹം. മാമ്പഴക്കവിയെ കാണണം. വെറുതെ കുറച്ചുനേരം കണ്ടു കൊണ്ടിരിക്കണം. കാലത്തിന്റെ കൈതവം കണ്ടു കണ്ണുനീർത്തടാകമായ എന്റെ കണ്ണുകൾ കൊണ്ടു നാരുനാരായ് നരച്ച തലമുടിക്കാരനെ കാണണം. ഹൃദയത്തിൽ വിരൽതൊട്ടു കവിത വിളയിച്ച മഹാകവിയോട് ഒന്നും പറയാനില്ല. കേട്ടിരിക്കാനേയുള്ളൂ.
പൂരപ്പറമ്പ് പകുതിചുറ്റി. എന്നെപ്പോലെയുള്ള യുവ കവികൾക്ക് അന്യംനിന്നുപോയ തറവാടായ സാഹിത്യഅക്കാദമിയുടെ മുന്നിലൂടെ ഇടത്തോട്ട്. ഇനി ചോദിക്കാം മലയാളമെങ്ങും നിറഞ്ഞു നിൽക്കുന്ന കവിയുടെ ആശ്രമം കൈചൂണ്ടിത്തരാൻ ആയിരം വിരലുകൾ ഉണ്ടായിരിക്കും .കറുകയും തെങ്ങോലയും കാണിച്ചുതരുന്നത് സഹ്യന്റെ മകൻ ഗംഭീരമൗനം നിറഞ്ഞുനിൽക്കുന്ന വനഗേഹം ആയിരിക്കാം.
"വൈലോപ്പിള്ളിയുടെ വീടേതാണ് ?"
"ആരുടെ വീട് ?"
"മഹാകവി വൈലോപ്പിള്ളിയുടെ വീട്?"
" അറീല്ല്യ. ഇവിടെയെങ്ങും അല്ല."
ഞെട്ടിപ്പോയി. ഇവിടെയെവിടെയോ ആണല്ലോ .
അടുത്ത ആളിനോട് ചോദിച്ചു.
" കുറി നടത്തുന്ന മെലിഞ്ഞ ഒരാളാണോ?"
എനിക്ക് നാവിൻ തുമ്പത്തൊരു തെറിപ്പു തുറിച്ചു വന്നു.
" ഇടതുവശത്തെ ഇറയത്തിരുന്ന് പുസ്തകം വായിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു. ആ കുട്ടി അവിടെ നിന്നും അകത്തേക്ക് ഓടിപ്പോയി. ഒരു മധ്യവയസ്കൻ പ്രത്യക്ഷപ്പെട്ടു.
" നിങ്ങൾ എവിടെ നിന്നാണ്?"
" കൊല്ലത്തുനിന്ന് "
"എന്താ കാര്യം?"
"കവിതയെഴുതുന്ന വൈലോപ്പിള്ളി മാഷെ അന്വേഷിച്ചു വന്നതാണ്."
മധ്യവയസ്കൻ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു:
"ഇവിടെന്തായാലും അങ്ങനെയൊരാളില്ല."
എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നി .കാക്കകളേ, കയ്പവല്ലരികളേ നമ്മുടെ പ്രിയകവി താമസിക്കുന്നത് എവിടെയാണ് എന്ന് അലറിച്ചോദിക്കാൻ തോന്നി.
ഇനിയെന്തു ചെയ്യും? അക്കാദമിയിലേക്ക് തിരിച്ചുനടന്നു .ആരോടോ ചോദിച്ചു മനസ്സിലാക്കി. പിന്നെയും നടന്നു. എനിക്ക് വഴികാട്ടിത്തരാൻ അറിയാത്ത ആളുകളുടെ ഇടയിലൂടെ അവരുടെ വീടിനടുത്തുള്ള കവിഭവനം ഞാൻ ഒറ്റയ്ക്ക് കണ്ടുപിടിച്ചു.
മഞ്ഞിൽ നനഞ്ഞ പവിഴമുല്ലപ്പൂക്കളൂം മടങ്ങിക്കിടക്കുന്ന പത്രവും. വീട് പുറത്തുനിന്ന് പൂട്ടിയിരുന്നു. കവി യാത്രയിലാണ്.
നൈരാശ്യത്തിന്റെ പതാകയും പിടിച്ച് ഞാൻ തിരിച്ചുപോന്നു.
വർഷങ്ങൾക്കുശേഷം ഒരു കൂട്ടുകാരനോടൊപ്പം ഞാൻ അവിടെയെത്തി. വാതിലിൽ മുട്ടി .
"ആരാ ?"
"ഞങ്ങളാ .കൊല്ലത്തുനിന്നാ"
"എന്താ കാര്യം?"
"കവിയെ കാണാനാ?"
" കവിയെ കാണാൻ കൊല്ലത്തുനിന്നോ?"
വാതിൽ തുറക്കപ്പെട്ടു.
സാക്ഷാൽ വൈലോപ്പിള്ളി ശ്രീധരമേനോൻ .എല്ലാ അമ്മമാരെയും മാമ്പഴം പഠിപ്പിച്ച കണ്ണീർപ്പാടത്തിന്റെ ജന്മി. തലയിൽ വെളിച്ചം ചൂടി വരുന്ന തലമുറയ്ക്ക് താലോലം
ആദരവ് കൊണ്ടും ആഹ്ലാദം കൊണ്ടും തളർന്നുവീഴാതിരിക്കാൻ ഞാന് അഷ്ടമുടിക്കായലിന്റെ കല്ലൊതുക്കുകളിൽ പിടിച്ചുനിന്നു.
കവിയുടെ തോരാത്ത ശൈശവവാക്കുകൾ. കാപ്പിയിടാന് കവി വെള്ളം തിളപ്പിച്ചു. തിളച്ചവെള്ളത്തിൽ കാപ്പിപ്പൊടിയും ചായപ്പൊടിയും ഒന്നിച്ച് തെറ്റിച്ചിട്ടു .ഞങ്ങളെ സൽക്കരിച്ചു .
ഞാനവിടെയിരുന്ന് എന്നെ അഗ്നിക്കിരയാക്കിയ 'കൊറിയയിൽ സിയൂളില്' ചൊല്ലി .അഗ്നിശിഖ പോലെ നീണ്ടുതെളിഞ്ഞ കൊറിയയിലെ പ്രണയ ദേവത .കടലിലും കൊള്ളാത്ത കണ്ണുനീര്. ചെറിപ്പൂള്വിലൊതുങ്ങുന്ന ചിരി നിസ്തബ്ധ നിമിഷം. അലറുന്ന കുഞ്ഞിനെ ചെന്നേറ്റെടുക്കുന്ന കവി.
എൻറെ രണ്ടു കണ്ണുകളും നിറഞ്ഞു .തൊഴുതു നിന്നു.
പുറത്തൊരു വാഹനം. ഒളപ്പമണ്ണയും അക്കിത്തവും അതാ ഇറങ്ങുന്നു .
'ഈ കവിത പ്രസിദ്ധീകരിച്ച കാലത്ത് പി ഭാസ്കരൻ നല്ല അഭിപ്രായം പറഞ്ഞിരുന്നു .പിന്നെ ഞാൻ ഇപ്പോഴാണ് ഈ കവിതയെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത്.'
നിറഞ്ഞ ഹൃദയവുമായി ഞാൻ പൂരപ്പറമ്പിലേക്ക് നടന്നു. ഞാനന്ന് ആരോടും ഒന്നും മിണ്ടിയില്ല. എൻറെ മനസ്സു നിറയെ കൊന്നപ്പൂക്കൾ ആയിരുന്നു.
(മലയാളനാട് വാരിക-1995)