Wednesday 29 January 2020

ഉടല്‍



ഉടലാണ്  സത്യം 
ഉടലില്‍ നിന്നല്ലോ പറക്കുന്നു
ചിന്തയുടെ കുരുവിയും കഴുകനും 
ഫീനിക്സ് പക്ഷിയും 

ഉടലാണിരിപ്പിടം 
പ്രണയത്തിന്, സ്നേഹമധുരം 
പുരട്ടിയ അമ്മനിലാവിന്

ഉടലാണുറവിടം
കരുണയ്ക്ക്, സ്മരണയ്ക്ക്
മഴവില്ലു കണ്ടു മദിക്കുമൊഴുക്കിന്

ഉടലാണ് വീട് 
കൊടുംകാട്, സാഗര-
ച്ചുഴിയിലെ സ്രാവുവേട്ടയ്ക്കായൊരുങ്ങുന്ന
ധിഷണയ്ക്ക് 
വിഷമിച്ചു നില്‍ക്കുമലിവിന്

ഉടലാണ് മാളം 
ആത്മീയസര്‍പ്പത്തിന്
പിടിമുറുക്കിക്കൊല്ലും 
അര്‍ബുദഞണ്ടിന്

ഉടലാണ് കാമം 
ഉടലാണ് കര്‍മ്മം 
ഉടലുകള്‍ ചാലിച്ചതല്ലോ ചരിത്രം. 


Monday 20 January 2020

ഡിങ്കമതവും വടശ്ശേരിക്കര പഞ്ചായത്തും.


ബാലമംഗളത്തില്‍ നിന്നും  ഉയര്‍ന്നുവന്ന ഒരു കഥാപാത്രമാണ് ഡിങ്കന്‍. അത്ഭുതശക്തിയുള്ള ഒരു കുഞ്ഞെലി.
എന്‍.സോമശേഖരന്റെ ആശയത്തില്‍ ബേബി രൂപകല്‍പ്പന ചെയ്ത ഈ കാര്‍ട്ടൂണ്‍ കഥാപാത്രം മതദൈവങ്ങളുടെ  ദിവ്യപരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. നെഞ്ചത്ത്‌ ചെന്താരകമുള്ള ഡിങ്കന്‍റെ വേഷം  അടിവസ്ത്രം പുറത്തു ധരിക്കുന്ന രീതിയിലാണ്. കുട്ടികളെ ഈ കഥാപാത്രം നന്നേ രസിപ്പിച്ചിരുന്നു.

അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും അതുവഴി സംഭവിപ്പിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കും  എതിരേ ഹാസ്യാത്മകമായി പ്രതികരിക്കുവാന്‍ ഡിങ്കനെ നവമാധ്യമങ്ങളിലൂടെ പലരും ഉപയോഗിക്കുന്നുണ്ട്.

അടുത്തകാലത്ത് അങ്ങനെയുണ്ടായ ഒരു പ്രതികരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിങ്കമത വിശ്വാസികള്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച ഒരു കത്തിന്‍റെ രൂപത്തിലാണ് ഈ ഹാസ്യരചന പ്രത്യക്ഷപ്പെട്ടത്.

ഡിങ്കമതത്തിന്‍റെ അടിസ്ഥാനകേന്ദ്രമായ പങ്കിലക്കാട്ടിലെക്ക് 
ഡിങ്കദൈവത്തിന്‍റെ തിരുവസ്ത്രമായ ചുവന്ന അടിവസ്ത്രം  ഘോഷയാത്രയായി കൊണ്ടുപോകുന്നതിനാല്‍ ആ പഞ്ചായത്ത് പരിധിയിലുള്ളവര്‍  ഡിങ്കദൈവം ധരിച്ചിരുന്നതുപോലെ വസ്ത്രത്തിനു പുറത്ത് അടിവസ്ത്രം ധരിക്കുവാന്‍ ഉത്തരവ് ഇറക്കണമെന്നായിരുന്നു ഈ ഹാസ്യരചനയുടെ ഉള്ളടക്കം.

ഇതിനവരെ പ്രേരിപ്പിച്ചത് വടശ്ശേരിക്കര പഞ്ചായത്ത് രണ്ടായിരത്തിയിരുപത് ജനുവരി നാലിന് പുറപ്പെടുവിച്ച ബി3/ 6725/19 നമ്പരായുള്ള നോട്ടീസ് ആയിരുന്നു.ആ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് ശബരിമല മകരവിളക്ക്‌ മഹോത്സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകള്‍, കോഴിക്കടകള്‍,മത്സ്യവ്യാപാരം ചെയ്യുന്നകടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 2020 ജനുവരി 13,14 തിയതികളില്‍ നിര്‍ത്തി വയ്ക്കണമെന്നാണ്.

ഈ ഉത്തരവിനെ കുറിച്ച് പ്രമുഖ കവി എം.എം.സചീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്, ഒരു സെക്കുലർരാഷ്ട്രത്തിലെ സർക്കാർഓഫീസിൽനിന്ന് ഇത്തരം ഒരു ഉത്തരവ് ഇറങ്ങുന്നതിന്റെയും ഇറക്കുന്നതിന്റെയും വൃത്തികേട് തേച്ചാലും മായ്ച്ചാലും പോകാത്തതാണ് എന്നാണ്.

ശരിയാണല്ലോ. എന്തുഭക്ഷിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് വടക്കോട്ട്‌ നോക്കി പറയുമ്പോള്‍ കേരളത്തില്‍ ഒരിടത്തെങ്കിലും ആ സ്ഥിതി നിലവിലുണ്ട് എന്നല്ലേ അര്‍ത്ഥം? ഈ മനോഭാവം വളര്‍ന്നു വന്നാല്‍ മണ്ഡലപൂജക്കാലം മുഴുവന്‍ മത്സ്യമാംസാദികള്‍ നിരോധിക്കാവുന്നതല്ലേയുള്ളൂ.

കൃഷ്ണാഷ്ടമി ദിവസം ഭാരതത്തില്‍ ഒട്ടാകെ മത്സ്യമാംസക്കടകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്  ഉണ്ടായാലോ? 

വാസ്തവത്തില്‍ പത്തനംതിട്ട കോട്ടയം ജില്ലകളിലെ മദ്യശാലകളല്ലേ അടച്ചിടേണ്ടിയിരുന്നത്, പ്രയോജനം ഇല്ലെങ്കില്‍പ്പോലും.

ഡിങ്കമതക്കാര്‍ ആക്ഷേപഹാസ്യസാഹിത്യമാണ് രചിച്ചതെങ്കിലും മനുഷ്യന്റെ ആഹാരകാര്യത്തിലും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിലും  അധികാരികള്‍ പ്രതിലോമകരമായി കൈ കടത്തുന്നത് ശരിയുള്ള കാര്യമല്ല.

Wednesday 15 January 2020

കോഴികളുടെ പ്രാർത്ഥന


സമസ്തലോക-
കോഴി ഫെഡറേഷൻ
ദൈവത്തോടു
പ്രാർത്ഥിച്ചു.

നാലു കാലും
രണ്ടു കാലുമുള്ള
എല്ലാകുറുക്കൻമാർക്കും
അർശ്ശസ്സു നൽകേണമേ

കോഴിക്കറിയില്ലാത്ത ചോറ്
ദൈവം
ദൂരേയ്ക്കു വലിച്ചെറിഞ്ഞു

നെബുല


ആരുമരിച്ചാലും 
ആദ്യം വരുന്നത് 
വിശ്വംഭരന്‍ സഖാവായിരുന്നു.

മോളെ പഠിപ്പിക്കാന്‍ 
ലോണെടുത്തപ്പൊഴോ
ജാമ്യമായ് ജോണ്‍ സഖാവായിരുന്നു 

ഡെങ്കി കടിച്ചപ്പോള്‍ 
കൂട്ടിനിരുന്നത് 
കുഞ്ഞിമൂസാ സഖാവായിരുന്നു 

ഭക്തരെറിഞ്ഞപ്പോള്‍
കാവലിരുന്നത് 
യുക്തിരാജന്‍ സഖാവായിരുന്നു 

പ്രേമം തകര്‍ന്നപ്പോള്‍ 
ആശ്വസിപ്പിച്ചത്‌ 
സ്നേഹലത സഖാവായിരുന്നു 

എത്ര സഖാക്കളീ 
ഓര്‍മ്മവിഹായസ്സില്‍ 
വജ്രനക്ഷത്ര നെബുലയായി.

Friday 10 January 2020

അഭിമുഖം


വസന്തത്തെക്കുറിച്ച്
മാത്രം പാടിയ മഹാകവി
മനസ്സു തുറക്കുന്നു

പരസ്യവാചക-
പ്പൂവള്ളിയിൽ പിടിച്ച്
കൗതുകത്തോടെ ഞാൻ
അഭിമുഖം വായിച്ചു

എന്തൊരു ദുർഗന്ധം
മാലിന്യക്കൂമ്പാരം
വെറുതെയല്ല
താമര വിടർന്നത്

Tuesday 7 January 2020

സൂര്യഗ്രഹണം അന്നും ഇന്നും


അന്നും ഇന്നും എന്നും  സൂര്യഗ്രഹണം ഒരുപോലെ തന്നെയാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നു. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യപശ്ചാത്തലത്തില്‍ ചന്ദ്രനെ കാണുന്നു. കാര്യം ഇതുതന്നെ ആണെങ്കിലും സഹ്യന്‍റെ നിഴലില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന മലയാളിയുടെ ജ്ഞാനചക്രവാളത്തില്‍ വലിയരീതിയിലുള്ള വികാസം സംഭവിച്ചിരിക്കുന്നു. ഈ മാറ്റം അഭിമാനകരമാണ്.

ആയിരത്തി തൊള്ളായിരത്തി എണ്‍പത് ഫെബ്രുവരി പതിനാറിനാണ് ഞാന്‍ ആദ്യമായി ഒരു സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കണ്ടത്. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മില്‍ അറിവിന്റെയും അന്ധവിശ്വാസത്തിന്റെയും കാര്യത്തില്‍ വലിയ വ്യതാസമാണ് ഉള്ളത്.

അന്ന് നിരവധി വിലക്കുകള്‍ ഉണ്ടായിരുന്നു.സൂര്യഗ്രഹണ സമയത്ത് ആരും പുറത്തിറങ്ങാന്‍ പാടില്ല.ആഹാരം കഴിക്കാനോ വീട്ടില്‍ ആഹാരം സൂക്ഷിക്കാനോ പാടില്ല.അതുകൊണ്ടുതന്നെ ഹോട്ടലുകളൊന്നും തുറക്കില്ലായിരുന്നു.. കിണറുകള്‍ ഓലയും മരച്ചില്ലകളും ഉപയോഗിച്ചു മറയ്ക്കണമായിരുന്നു.

കാരണവന്മാര്‍ കതകുകളും ജനലുകളും അടച്ച വീട്ടിനുള്ളില്‍ ഇരുന്നു ഗദ്ഗദത്തോടെ വിട്ടുകൊട് ഗോവിന്ദാ  വിട്ടുകൊട് വിട്ടുകൊട് ഗോവിന്ദാ എന്ന് പ്രാര്‍ഥിച്ചിരുന്നു.സൂര്യനെ പാമ്പു വിഴുങ്ങുന്നു എന്ന പരിമിതമായ അറിവില്‍ നിന്നായിരുന്നു ഈ പ്രാര്‍ത്ഥന ഉരുവം  കൊണ്ടത്. ചന്ദ്രഗ്രഹണസമയത്തും ഈ പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തെങ്ങോല വെട്ടിയെടുത്ത മടല്‍ കൊണ്ട് മണ്ണില്‍ ആഞ്ഞടിച്ച് പാമ്പിനെ വിടുവിക്കാന്‍ ശ്രമിക്കുമായിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനുമെല്ലാം സഞ്ചാരം തുടരുന്നതിനാല്‍ ഗ്രഹണം അവസാനിക്കുകയും പാമ്പിനെ ഓടിച്ചവര്‍ സമാധാനിക്കുകയും ചെയ്യുമായിരുന്നു.

ഞങ്ങള്‍, അഷ്ടമുടിക്കായലിന്റെ പടിഞ്ഞാറെ തീരത്തുള്ള  വള്ളിക്കീഴു ബ്രദേഴ്സ് ക്ലബ്ബുമായി ബന്ധമുള്ള അഞ്ചുപേര്‍ അന്ന് വീട്ടില്‍ നിന്നിറങ്ങി സഞ്ചരിക്കാനും പരസ്യമായി ആഹാരം കഴിക്കാനും തീരുമാനിച്ചു. കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപരായുള്ള ജനയുഗം വാരികയില്‍ ഇടമറുക്, ജോണ്‍സണ്‍ ഐരൂര്‍ തുടങ്ങിയവര്‍ മലയാളപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്ന ഡോ.ഏ.ടി.കോവൂരിന്റെ ഡയറിക്കുറിപ്പുകളും എം.പ്രഭ, മുളവന പണിക്കര്‍, ഡോ.എന്‍.രാമാനുജന്‍ തുടങ്ങിയവരുടെ ക്ലാസ്സുകളും വി.ബി.സി വായനശാലയിലെ പുസ്തകങ്ങളും മറ്റുമായിരുന്നു ഞങ്ങളെ സ്വാധീനിച്ച ഘടകങ്ങള്‍.

നീണ്ടകര പാലമാണ് ഗ്രഹണം കാണുവാന്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത സ്ഥലം.താഴെയും കിഴക്കും അഷ്ടമുടിക്കായല്‍.പടിഞ്ഞാറ് അറബിക്കടല്‍.ഉച്ചയ്ക്ക് ശേഷമായിരുന്നു സൂര്യഗ്രഹണം.

ദേശീയപാതയില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. സമ്പൂര്‍ണ്ണ സൂര്യഗ്രഹണ ദിവസം സമ്പൂര്‍ണ്ണ ബന്തിന്റെ പ്രതീതി ആയിരുന്നു.ഇരുട്ട് വ്യാപിച്ചു.പാവം പക്ഷികള്‍ ചേക്കേറി.കാക്കക്കാലിന്റെ നിഴല്‍പോലും ഇല്ലാത്ത പാലത്തിനു മുകളില്‍ നിന്ന് ഞങ്ങള്‍ സൂര്യഗ്രഹണം കണ്ടു. വിജനമായ  ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ തെക്കോട്ട്‌ നടന്നു.കയ്യിലുണ്ടായിരുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ചു. ഉറക്കെ സംസാരിച്ചു നടന്നതിനാല്‍ വഴിയരികിലെ വീടുകളിലെ കിളിവാതിലുകള്‍ തുറന്നു ചിലരെങ്കിലും ഞങ്ങളെ ശ്രദ്ധിച്ചിരുന്നു.

അതായിരുന്നു അന്നത്തെ കേരളം.വെറും മുപ്പത്തി ഒന്‍പതു വര്ഷം മുന്‍പുണ്ടായിരുന്ന കേരളം.

ഒടുവില്‍ നമ്മളെല്ലാവരും സൂര്യഗ്രഹണം കണ്ടത് രണ്ടായിരത്തി പത്തൊന്‍പത് ഡിസംബര്‍ ഇരുപത്താറിന്. വലയസൂര്യഗ്രഹണം.  ആകാശപ്പാമ്പിനെ കുറിച്ചുള്ള ഭയമില്ലാതെ കേരളം മുഴുവന്‍ ഫില്‍ട്ടര്‍ ഗ്ലാസ്സുമായി വീട്ടിനു പുറത്തിറങ്ങി.ഹോട്ടലുകളെല്ലാം തുറന്നിരുന്നു.

കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ മാത്രമാണ് ആളുകള്‍ പുറത്തു ഇറങ്ങാഞ്ഞത്. അവിടെ സര്‍വീസ് നടത്തേണ്ടിയിരുന്ന കര്‍ണാടക ബസ്സുകള്‍ ഗ്രഹണഭയം മൂലം ഓടിച്ചില്ല. കോട്ടയത്തെ ചില നമ്പൂതിരിമാര്‍ മീനച്ചലാറ്റില്‍ ഇറങ്ങി നിന്ന് പ്രാര്‍ഥിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സൂര്യഗ്രഹണത്തില്‍ പ്രതിഷേധിച്ചായിരിക്കാം ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങള്‍ അടച്ചിട്ടു ഹര്‍ത്താല്‍ ആചരിച്ചു.അവരിപ്പോഴും എണ്‍പതുകളില്‍ തന്നെയാണ്.

കാസര്‍കോട് ജില്ലയില്‍ത്തന്നെയുള്ള ചെറുവത്തൂരിലാണ് വലയസൂര്യഗ്രഹണം വ്യക്തമായി കാണപ്പെട്ടത്. മഹാകവി കുട്ടമത്തിന്റെ ജന്മനാട്ടിലുള്ള വിദ്യാലയത്തില്‍ നൂറു കണക്കിനു വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും ഒത്തുകൂടി ഗ്രഹണം ദര്‍ശിച്ചു. പഠനങ്ങള്‍ നടത്തി.

കേരളത്തില്‍ ഈ മാറ്റം എങ്ങനെയുണ്ടായി? ഗ്രഹണം പോലെ  സ്വാഭാവികമായി സംഭവിച്ചതാണോ? അല്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശാസ്ത്രബോധത്തോടെ ആവിഷ്ക്കരിച്ച വിദ്യാഭ്യാസരീതി, യുക്തിവാദി പ്രസ്ഥാനങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്തും ഗ്രന്ഥശാലാപ്രസ്ഥാനവും മറ്റും നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍.. ഇവയുടെ  ഫലമായാണ് കേരളീയരില്‍ നിന്നും ഗ്രഹണപ്പേടി അകന്നത്. പിന്നോട്ട് വലിക്കാന്‍ കുറേപേര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളം മുന്നോട്ടു തന്നെയാണ്.

വെളിനല്ലൂര്‍ കോവിലുകുന്നില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളോടൊപ്പം നിന്നാണ് ഇക്കുറി ഞാനും കുടുംബവും  സൂര്യഗ്രഹണം കണ്ടത്. കുട്ടികള്‍ക്ക് കഴിക്കാന്‍ അവിടെത്തന്നെ ആഹാരവും പാകം ചെയ്യുന്നുണ്ടായിരുന്നു.

ചന്ദ്രപ്രകാശ് മാഷിന്റെ സൂര്യഹ്രഹണം സംബന്ധിച്ച പ്രത്യേക പ്രശ്നോത്തരിക്ക് 
ഇടയ്ക്ക് റാഫി  മാഷ്‌ കുട്ടികളോട് പറഞ്ഞു ഇപ്പോള്‍ എല്ലാവരും ഒന്നുക്കൂടി  ആകാശത്തേക്ക് നോക്കിക്കേ.സൂര്യനിപ്പോള്‍ ചന്ദ്രക്കല പോലെ ആയിട്ടുണ്ട്‌. അത്യപൂര്‍വമായ സൂര്യകല. ആ മരത്തിന്റെ നിഴല്‍ നോക്കൂ. ഹായ്! ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ മണ്ണില്‍ കാണുന്ന വെയില്‍ വട്ടങ്ങളില്‍ ആയിരം കുഞ്ഞു സൂര്യഗ്രഹണങ്ങള്‍! 

സൂര്യഗ്രഹണത്തെ സൂര്യോത്സവമായാണ് ജനങ്ങള്‍ ആഘോഷിച്ചത്.അതിദീര്‍ഘമായ ഗ്രഹണകാലത്തില്‍ നിന്നും കേരളം സൂര്യവെളിച്ചത്തിറെ മനോഹരകാലത്തേക്ക് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.