Tuesday 31 March 2020

കൊറോണക്കാലത്തെ മരണങ്ങള്‍


ആരോഗ്യമേഖലയിലും സുരക്ഷാമേഖലയിലും പ്രവര്‍ത്തിക്കുന്നവരും  സന്നദ്ധസൈനികരും ഒഴിച്ച് എല്ലാവരും വീട്ടിലിരിപ്പാണ്. വായന,അടുക്കളപ്പണി, ചെറു കൃഷിപ്പണി,വീട്ടിലെ  ബാലലോകവുമായുള്ള ഇടപെടല്‍ ഇതൊക്കെയുണ്ടെങ്കിലും എല്ലാവരും ദു:ഖിതരാണ്. 

നമുക്ക് നേരിട്ട് പരിചയമില്ലാത്ത എത്രയോ സഹോദരരാണ് വിവിധരാജ്യങ്ങളിലായി മരിച്ചത്.നമുക്കേറെ പ്രിയപ്പെട്ട നെരൂദയുടെയും ദാന്തെയുടെയും  കവാബത്തയുടെയും ഷെല്ലിയുടെയും മറ്റും ഭാഷ സംസാരിക്കുന്നവര്‍. എത്രയോ ദു:ഖകരമായ അനുഭവമാണിത്.

നേരിട്ട് പരിചയം ഉണ്ടായിരുന്ന പലരും ചെന്നെത്താവുന്ന ദൂരത്തില്‍ പല അസുഖങ്ങളാല്‍ മരിച്ചു. അവിടെയും ഒന്ന് പോകാന്‍ കഴിയുന്നില്ല.

കൊല്ലത്ത്, ഇസ്ലാം മതം വേണ്ടെന്നു വച്ച് പത്രപ്രവര്‍ത്തകനായ തുളസിയുമായി ചേര്‍ന്നു കുടുംബജീവിതം വിജയകരമായി നയിച്ച ലൈലയുടെ മരണം.കോട്ടാത്തല സുരേന്ദ്രനും തെങ്ങമം ബാലകൃഷ്ണനും കെ.തങ്കപ്പനും തോപ്പില്‍ രവിയും കെ.പി.അപ്പനും ഡോ.ബലരാമനും അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം പൊതു ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ സംസ്ക്കരിച്ചപ്പോള്‍ മാത്രമാണ് അവിടെ എത്താന്‍ കഴിഞ്ഞത്.പിന്നീട് കര്‍ശനമായ വീട്ടുസുരക്ഷയില്‍.

ജനകീയ ചിത്രകാരന്‍ കെ.പ്രഭാകരന്‍റെ മരണം. ചിന്ത രവിയുടെ സഹോദരനെന്ന നിലയിലല്ല, ആശയപരമായി ഒരേ തൂവല്‍ പക്ഷികളെന്ന നിലയിലായിരുന്നു പ്രഭാകരനുമായുള്ള അടുപ്പം.കൊല്‍ക്കത്ത, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് കണ്ടപ്പോള്‍ ആ നനുത്ത സ്നേഹത്തിന്‍റെ പൊട്ടാത്ത വേരുകള്‍ അറിഞ്ഞതാണ്. അദ്ദേഹവും ജീവിത പങ്കാളിയായ കബിതാ മുഖര്‍ജിയും ചിത്രകലയുടെ ക്യാന്‍വാസില്‍ വരഞ്ഞിട്ട വ്യത്യസ്ത ബിംബങ്ങള്‍ ഓര്‍ത്ത് കൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാനെ കഴിഞ്ഞുള്ളു.

കഥാകൃത്തും പ്രസംഗകനും ലേ ഔട്ട്‌ ആര്‍ട്ടിസ്റ്റും ഒക്കെയായ ബേബി തോമസിന്റെ മരണം. എണ്‍പതുകളില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും തുടങ്ങിയ എലുക എന്ന കുഞ്ഞുമാസികയാണ് അദ്ദേഹത്തെ സാംസ്ക്കാരിക ലോകവുമായി അടുപ്പിച്ചത്. അദ്ദേഹവുമായി ചേര്‍ന്ന് കുറെ    കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രധാനം പി.കെ റോസിയെ കുറിച്ചുള്ള അന്വേഷണമാണ്. തലസ്ഥാനനഗരം അവഗണിച്ച വെട്ടിയാര്‍ പ്രേം നാഥ്, കവിയൂര്‍ മുരളി,കല്ലട ശശി, ഭവാനി പ്രേംനാഥ് തുടങ്ങിവയവരെ ഓര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ സമ്മേളനങ്ങള്‍. മതത്തെ തള്ളിക്കളഞ്ഞ ബേബിച്ചന്റെ മൃതശരീരം ആ വഴിയേ മുന്‍പേ സഞ്ചരിച്ച അബു എബ്രഹാം അടക്കമുള്ളവരെ യാത്രയാക്കിയ  ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തില്‍ സംസ്ക്കരിക്കുകയായിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതത്തിലെ ഏതു മുഹൂര്‍ത്തത്തെ കുറിച്ചും ഏതു കവിതയെ കുറിച്ചും അറിയാവുന്ന ഒരാള്‍  അത് സാഹിത്യകാരന്മാരോ പ്രൊഫസര്‍ മാരോ ആയിരുന്നില്ല. ആലപ്പുഴയിലെ കമ്മ്യൂനിസ്റ്റ് നേതാവായിരുന്ന ടി.പുരുഷോത്തമന്‍ ആയിരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27നു വയലാറില്‍ അദ്ദേഹം നടത്തിയിരുന്ന മണിക്കൂറുകള്‍ നീണ്ട വയലാര്‍ കാവ്യപ്രസംഗം അത്ഭുതത്തോടെയാണ് സദസ്യര്‍ കേട്ടിരുന്നത്. ഈ സൗഹൃദനിഷേധിയായ കൊറോണക്കാലത്ത് വൃക്കരോഗം ബാധിച്ചു ആ സഖാവും യാത്രപറഞ്ഞു.

അങ്കമാലിയിലെ കമ്മ്യൂനിസ്റ്റ് നേതാവായ പി.ഏ. മത്തായി.രാഷ്ട്രീയ സൈദ്ധാന്തിക മേഘലയിലെ അന്വേഷകനും തൊഴിലാളി നേതാവും ആയിരുന്നു. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫിനിന്റെ ജീവിത പങ്കാളിയായ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിനു നല്‍കുകയായിരുന്നു. നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്.അദ്ദേഹവും വീടടച്ച ഈ കൊറോണക്കാലത്ത് ഹൃദ്രോഗം മൂലം വിട പറഞ്ഞു.

എത്ര നഷ്ടങ്ങള്‍.എത്ര ദുഃഖങ്ങള്‍.മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ കഴിയാതെ മുറികളിലിരുന്നു വിങ്ങിപ്പൊട്ടിയവര്‍.കൊറോണ തന്ന പാര്‍ശ്വദുഃഖങ്ങള്‍ അനവധിയാണ്.

Thursday 5 March 2020

മിശ്രവിവാഹം അഭിമാനകരം


മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണയത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ്‌ ജാതിയും മതവും വാളും  കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.

ആദ്യമൊക്കെ പിന്തിരിപ്പിക്കാന്‍ നോക്കും. മാതാപിതാക്കളുടെ ആത്മഹത്യാ ഭീഷണിവരെ ഉണ്ടാകും. എന്നിട്ടും പിരിയുന്നില്ലെങ്കില്‍ മതം മാറ്റാനുള്ള പ്രലോഭനങ്ങള്‍ ആരംഭിക്കും. പ്രണയികള്‍ക്ക് മതത്തെക്കാള്‍ വലുത് പ്രണയം ആയതിനാല്‍ മതം മാറ്റത്തെ പുല്ലുപോലെ സ്വീകരിച്ച് അവര്‍ പ്രണയസാഫല്യം നേടും.

അറിയാതെ പെട്ടുപോയ ജാതിയില്‍ നിന്നും മതത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിക്കുല്ലെന്നു ഉറപ്പിച്ച ചിലരുണ്ട്.അവര്‍ വളരെ ശ്രദ്ധയോടെ വിജാതീയ വിവാഹം നടത്തുക തന്നെ ചെയ്യും.

പ്രണയികളോട് മതം ക്രൂരമായാണ് പെരുമാറുന്നത്. കൊല്ലാനും അവര്‍ മടിക്കില്ല. കാസര്‍കോട്ടെ ബാലകൃഷ്ണനെ കൊന്നത് ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല. മലപ്പുറം, കോട്ടയം ജില്ലകളില്‍  സമീപകാലത്തുണ്ടായ  ദുരഭിമാന നരഹത്യ കേരളത്തിന്റെ മുഖത്ത് പുരണ്ട ചോരയാണ്.

മിശ്രവിവാഹം അഭിമാനകരമാണ്. ഒരിക്കല്‍ എറണാകുളത്ത്  മിശ്രവിവാഹിതരുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനിടയായി. എറണാകുളം ജില്ലയിലെ അന്നത്തെ വനിതാ കളക്ടറും ജില്ലാ പോലീസ് മേധാവിയുമാണ് വിശിഷ്ട അതിഥികളായി പങ്കെടുത്തത്. മിശ്രവിവാഹിതര്‍. മാത്രമല്ല ഞങ്ങള്‍ മിശ്രവിവാഹിതര്‍ ആണെന്ന് അവര്‍ അഭിമാനത്തോടെ അവിടെ പറയുകയും ചെയ്തു.

അതെ. മിശ്രവിവാഹം അഭിമാനകരമാണ്. അന്തസ്സോടെ തല ഉയര്‍ത്തിനിന്നു പറയാവുന്ന കാര്യം.

ഐതിഹ്യത്തിലെ കേരളത്തിന്‍റെ വംശപരമ്പര വരരുചിയുടെ മിശ്രദാമ്പത്യത്തില്‍ നിന്നും ആരംഭിക്കുന്നു. കഥ അങ്ങനെയുണ്ടെങ്കിലും കേരളം ജാതിപ്പിശാചിന്റെ കരാളഹസ്തത്തില്‍ പെടുകയും ജാതിയും മതവും മാറിയുള്ള വിവാഹം അനുവദിക്കാത്ത ഒരു സമൂഹമായി മാറുകയും ചെയ്തിരുന്നു. മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഒരു അപമാനിത കേരളം. മിതവാദി കൃഷ്ണന്‍, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവര്‍ സ്വന്തം കുടുംബങ്ങളില്‍ മിശ്രവിവാഹം അനുവദിച്ചുകൊണ്ട്  മാറ്റത്തിന്‍റെ പച്ചക്കൊടി പറപ്പിച്ചു. ഇന്ന് ലക്ഷക്കണക്കിന്‌ മിശ്രവിവാഹിതരാണ് കേരളത്തില്‍ ഉള്ളത്.

സമുന്നത രാഷ്ട്രീയ പ്രതിഭകളായ ടി.വി. തോമസ്സും കെ.ആര്‍.ഗൗരിയും ഏ.കെ.ഗോപാലനും സുശീലാഗോപാലനും ജോര്‍ജ്ജ്  ചടയന്‍മുറിയും  വി.വി.രാഘവനും ബിനോയ്‌ വിശ്വവും തോപ്പില്‍ ഗോപാലകൃഷ്ണനും വയലാര്‍ രവിയും   മറ്റും ഈ വഴിയേ സഞ്ചരിച്ചവരാണ്.
സമുന്നത സാഹിത്യ സാംസ്കാരിക പ്രതിഭകളായ തിരുനല്ലൂര്‍ കരുണാകരനും ഓ.വി.വിജയനും കെ.ഇ.എന്നും  ഇടമറുകും തെങ്ങമം ബാലകൃഷ്ണനും പെരുമ്പുഴ ഗോപാലകൃഷ്ണനും  കെ.ജി.എസും സക്കറിയയും മറ്റും  വഴികാട്ടികളാണ്.

മിശ്രവിവാഹിതര്‍ അനുഭവിക്കുന്ന പെട്ടെന്നുള്ള ഒരു പ്രതിസന്ധി സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ രാപ്പാര്‍ക്കാന്‍ ഒരു കൂര എന്നതാണ്. മിശ്രവിവാഹിതര്‍ക്ക് ഒരു വര്ഷം വരെ സുരക്ഷിതമായി താമസിക്കാന്‍ സര്‍ക്കാര്‍ രക്ഷാവീടുകള്‍ ഒരുക്കുകയാണ്.ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള മിശ്രവിവാഹിതര്‍ക്ക് മുപ്പതിനായിരം രൂപ സഹായധനം നല്‍കുന്നുണ്ട്.ഒരാള്‍ പട്ടികജാതിയില്‍ പെട്ട ആളാണെങ്കില്‍ എഴുപത്തയ്യായിരം രൂപയാണ് കുടുംബം സൃഷ്ടിച്ചു ജീവിക്കാനുള്ള സഹായധനം. ഉദ്യോഗസ്ഥരായ മിശ്രവിവാഹിതര്‍ക്ക് സ്ഥലം മാറ്റത്തിലും അനുകൂല പരിഗണനയുണ്ട്.

കോണ്‍ഗ്രസ് അംഗമായ പി.ടി തോമസ്സിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി കെ.കെ.ശൈലജയാണ് ഈ വിവരം നിയമസഭയില്‍ പറഞ്ഞത്. മിശ്രവിവാഹം സമൂഹത്തിന്റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതം ആകയാല്‍ കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രിതന്നെ മറുപടി പറഞ്ഞത് നന്നായി.

കാര്യങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല. ജാതിക്കും മതത്തിനും അമിത  പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെയാണ് രാജ്യം ലക്‌ഷ്യം വയ്ക്കുന്നതെങ്കില്‍ മിശ്രവിവാഹിതര്‍ക്ക് ജോലിക്കാര്യത്തില്‍ സംവരണം നല്‍കേണ്ടതാണ്. ജാതിമതരഹിതരായി പഠിക്കുന്ന നിരവധി കുഞ്ഞുമക്കള്‍ കേരളത്തിലുണ്ട്. അവരുടെ ഭാവി സുരക്ഷിതം ആക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

മിശ്രവിവാഹിതരുടെ സമ്മേളനത്തിനായി എഴുതിയ വി.കെ പവിത്രന്റെ കവിത ഇന്ന് ഇന്ന് പലരാഷ്ട്രീയകക്ഷികളും ഏറ്റു വിളിക്കുന്നുണ്ട്. ഞങ്ങളിലില്ലാ ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ മുദ്രാവാക്യം സാക്ഷാത്ക്കരിക്കണമെങ്കില്‍ 
മിശ്രവിവാഹത്തെ എല്ലാ പരിഗണനയും കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്

Monday 2 March 2020

പുരോഹിതന്‍ പുറത്താകുമ്പോള്‍


കേരളത്തില്‍ ഒരു പുരോഹിതനെ കൂടി പൗരോഹിത്യപ്പണികളില്‍ നിന്നും മാറ്റിനിറുത്താന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നു.

കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാവാത്ത ഒരു വിദ്യാര്‍ഥിനിയെ ബലാല്‍ഭോഗം ചെയ്തു  ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് തലശ്ശേരി പോക്സോ കോടതി ഇരുപതു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച റോബിന്‍ വടക്കുംചേരി എന്ന പുരോഹിതനെയാണ് ക്രിസ്തുസേവയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവവും അല്ല. പുരോഹിതന്മാരുടെ ലൈംഗിക അക്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ നേരത്തെ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്.

ഇതിന്റെ നിയമവശങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. എന്നാല്‍ വിശാസവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്ന ഒരു പച്ചക്കള്ളം ശ്രദ്ധിക്കേണ്ടാതായിടുണ്ട്. അത് എല്ലാ ജീവജാലങ്ങളുടെയും പ്രവര്‍ത്തികള്‍ ദൈവം കാണുന്നുണ്ട് എന്നതാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഉത്സവത്തിനു പോയപ്പോള്‍ ഉണ്ടായ ഒരു ദുരനുഭവം വിവരിച്ചിട്ട്‌, എല്ലാം കണ്ടുകൊണ്ടു മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്നു പറയുന്നുണ്ട്. അപ്പോള്‍ മങ്കട രവിവര്‍മ്മ ക്യാമറ മുകളിലേക്ക് തിരിക്കുകയും അനന്ത വിശാലമായ ആകാശത്തില്‍ ഒരു മരച്ചില്ലയിലൂടെ ചിലച്ചുപോകുന്ന അണ്ണാറക്കണ്ണനെ കാണിക്കുന്നുമുണ്ട്.

മുകളിലച്ചന്‍ എന്നറിയപ്പെടുന്ന ഫാ.തോമസ്‌ പി.മുകളില്‍ സ്വന്തം കാര്‍ട്ടൂണുകളും കുഞ്ഞിക്കഥകളും ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഥ കഥച്ചു കത്തനാര് വരവരച്ചു എന്നാണ് രസകരമായ ആ പുസ്തകത്തിന്‍റെ പേര്. അതില്‍ ഒരു കാര്‍ട്ടൂണില്‍ വാചാപ്രാര്‍ത്ഥനക്ക് എത്തുന്ന പുരോഹിതന്‍ ഇങ്ങനെ പറയുന്നുണ്ട്." കര്‍ത്താവേ അങ്ങയ്ക്ക് അറിയാമോ എന്നെനിക്ക് അറിയില്ല.... "

ദൈവം എല്ലാ പ്രവര്‍ത്തികളുടെയും സാക്ഷിയാണോ? അങ്ങനെയൊന്നു പ്രചരിപ്പിക്കുന്നത് മനുഷ്യനില്‍ ദൈവഭയം സൃഷ്ടിച്ച്   നേര്‍വഴിക്ക് നടത്താനാണോ? അങ്ങനെയെങ്കില്‍ ഈ പുരോഹിതന്‍ ദൈവഭയത്തെ അവഗണിച്ചു തെറ്റ് ചെയ്തത് എന്തുകൊണ്ടാണ്? നമ്മള്‍ ഭയക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടത് ദൈവത്തെയാണോ ധാര്‍മ്മിക മൂല്യങ്ങളെയാണോ? ഇത്തരം കുറെ അടിസ്ഥാന ചോദ്യങ്ങള്‍ കൂടി കൊട്ടിയൂരെ ഹീനസംഭവം ഉയര്‍ത്തുന്നുണ്ട്.

അഭയക്കേസിലെ പ്രധാനസാക്ഷി വിശ്വാസമനുസരിച്ച് ദൈവം ആണല്ലോ. അദ്ദേഹം ഇന്നുവരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഫ്രാങ്കോകേസിലെ കന്യാസ്ത്രീകളും ബലാല്‍ഭോഗ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതൊന്നും ദൈവം തടയുകയോ ഇരകളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥകളിലൂടെയാണ് എല്ലാ അന്വേഷണങ്ങളും പുരോഗമിക്കുന്നത്.

ദൈവത്തിന്റെ കോടതിയും ശിക്ഷാവിധികളും മരണത്തിനു ശേഷമാണ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ചെയ്യാനുള്ള പ്രവണതയെ ഉത്സാഹിപ്പിക്കുകയേയുള്ളൂ. 

ദൈവത്തിന്റെ സാക്ഷിത്വം,ശിക്ഷാവിധി തുടങ്ങിയ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. അങ്ങനെ പ്രചരിപ്പിച്ച ഒരു വികാരിയാണ്‌ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മതം മനുഷ്യനെ നന്നാക്കാനുള്ള ഒരു ഉപാധിയേയല്ല. അത് തെറ്റുകള്‍ ചെയ്യാനുള്ള സുരക്ഷിതത്വമുള്ള ഒരു മറ മാത്രമാണ്.

പ്രതിശ്രുത വധുവേ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ എന്ന് വയലാര്‍ രാമവര്‍മ്മ ഒരു സിനിമാപ്പാട്ടില്‍ ചോദിക്കുന്നുണ്ട്. അതാണ്‌ വാസ്തവം. മനുഷ്യനെ  നയിക്കേണ്ടത് മത നിയമങ്ങള്‍  അല്ല. ധാര്‍മ്മികമൂല്യങ്ങളാണ്.

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് എഴുതിയ സഹോദരന്‍ അയ്യപ്പന്‍ അടുത്ത വരിയായി എഴുതിയിട്ടുള്ളത് വേണം ധര്‍മ്മം എന്നാണ്.