Wednesday 29 April 2020

കൊറോണക്കാലത്തെ അന്ധവിശ്വാസ സംരക്ഷണം.


തമിഴ് അറിയാവുന്നവര്‍ അധികമുള്ള കേരളത്തിലെ ഒരു കിഴക്കന്‍ പ്രദേശം. ആകെ ഒരേയൊരു സിനിമാകൊട്ടക. ഒരിക്കല്‍ അവിടെ ഡ്രാക്കുള എന്ന സിനിമ കളിക്കാനെത്തി.

ബ്രാംസ്റ്റോക്കറുടെ വിഖ്യാതമായ കഥയാണ്. ആറര അടി പൊക്കവും ചിരിച്ചു കണ്ടാല്‍ മനുഷ്യന് ബോധക്ഷയം വരുന്നത്ര ഭാവഗരിമയുമുള്ള ക്രിസ്റ്റഫര്‍ ലീയാണ് ഡ്രാക്കുളയായി വരുന്നത്.

പക്ഷെ, ആരും സിനിമകാണാന്‍ പോയില്ല. തിയേറ്ററിന്റെ ഉടമസ്ഥനു ഒരു ബുദ്ധിതോന്നി. ഡ്രാക്കുള എന്ന പേരിനൊപ്പം മറ്റൊരു വാക്കുകൂടി പരസ്യപ്പെടുത്തി. ഭക്തഡ്രാക്കുള. ആളുകള്‍ ഇരച്ചുകയറിയെന്നാണ്  പിന്‍കഥ.

അതുപോലെ ഏതു പരിപാടിയുടെയും കൂടെ കൊറോണ എന്നുകൂടി ചേര്‍ത്താണ് ചാനലുകളും റേഡിയോകളും വിളമ്പുന്നത്. പഴംപൊരി ഉണ്ടാക്കുന്ന കാര്യമാണ് പ്രതിപാദിക്കുന്നതെങ്കില്‍ കൊറോണക്കാലത്ത് പഴംപൊരി ഉണ്ടാക്കുന്ന വിധം എന്നാവും ശീര്‍ഷകം.

ഈ പഴുതുപയോഗിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാനും കേരളം തള്ളിക്കളഞ്ഞ മൂഢധാരണകളെ  ന്യായീകരിച്ച് എഴുന്നള്ളിക്കാനും ചിലര്‍ ശ്രമിക്കുന്നു. അപലപിക്കേണ്ട ഒരു പാഴ്ശ്രമമാണത്.

അനന്തപുരി റേഡിയോവിലാണ് സാഹിത്യകാരനായ ഒരു പ്രഭാഷകന്‍ ഒരു പഴയ ആചാരത്തെ ന്യായീകരിച്ചത്. പണ്ടുകാലത്ത് പുറത്ത് പോയിട്ടുവന്നാല്‍. കാലും മുഖവും കഴുകിയിട്ടെ വീട്ടിനുള്ളില്‍ കയറാവൂ എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. വീട്ടുപടിക്കല്‍ കിണ്ടിയില്‍ വെള്ളവും വച്ചിരുന്നു. അതിന്റെ കാരണം ഇതുപോലെയുള്ള സാംക്രമിക രോഗങ്ങള്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാനായിരുന്നു. നമ്മള്‍ അത് ഒഴിവാക്കിയത് കൊണ്ടാണ് ഇപ്പോള്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. എത്ര നിരുപദ്രവകരമായ ഒരു ചിന്ത എന്നേ ശ്രോതാക്കള്‍ക്ക് തോന്നൂ.

എന്നാല്‍ കാര്യമെന്താണ്? അക്കാലത്ത് ആര്‍ക്കും ചെരുപ്പ് ഇല്ലായിരുന്നു. മാലിന്യ സംസ്ക്കരണത്തിനു ഇന്നുള്ള സൗകര്യങ്ങളും ഇല്ലായിരുന്നു. പുറത്തുപോയിവന്നാല്‍ മാലിന്യം കൂടി പുരയ്ക്കുള്ളില്‍ കയറുമായിരുന്നു. അത് തടയാനാണ് അങ്ങനെ പറഞ്ഞിരുന്നത്.
കിണ്ടിയുടെ ഉപയോഗം മനസ്സിലാക്കിയ മന്നത്തു പത്മനാഭന്‍ കിണ്ടി വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തത് കൂടി ഇവിടെ ഓര്‍മ്മിക്കാം. കിണ്ടിസംസ്ക്കാരം നിലനില്ക്ക‍ണമെന്നു  താല്‍പ്പര്യം ഉള്ളവരാണ് പഴമയെ പുകഴ്ത്തുന്നത്.

ട്വന്റ്റിഫോര്‍ ചാനലിലെ ഗംഭീരമായ ഒരു പരിപാടിയില്‍ അതിഥിയായി വന്ന മതപണ്ഡിതന്‍ സ്വന്തം മതത്തിലെ ഒരു ആചാരത്തെ ന്യായീകരിക്കുന്നതും കേട്ടു. കൊറോണയെ പ്രതിരോധിക്കാന്‍ കൈ കഴുകണം എന്നാണല്ലോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ മതത്തില്‍ നമസ്ക്കരിക്കുന്നതിനു മുന്‍പ് ഇക്കാര്യം നിര്‍ബ്ബന്ധമാണ്. ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ പോകുന്ന കൊറോണയെ പ്രതിരോധിക്കാനുള്ള ലളിതമാര്‍ഗ്ഗം അന്നേ പറഞ്ഞു എന്നര്‍ത്ഥം.

അങ്ങനെയെങ്കില്‍ അത്യുന്നത ആരാധനാലയങ്ങള്‍  അടച്ചിട്ടത് എന്തിനു? തബ്ലീഗ് സമ്മേളനത്തിനു പോയവര്‍ ഇന്ത്യയൊട്ടാകെ കൊറോണ പടര്‍ത്തുന്നു എന്ന് ഭീതിപ്പെട്ടത്‌ എന്തിനാണ്? 

കൈകാലുകള്‍ ശുദ്ധീകരിക്കുകയെന്നത് രോഗപ്രതിരോധത്തെ ഉദ്ദേശിച്ചു ഉണ്ടാക്കിയ ഒരു നിഷ്ഠയല്ല. ഈശ്വരനെ പ്രാര്‍ഥിക്കുമ്പോള്‍ ശരീരം ശുദ്ധമായിരിക്കട്ടെ എന്ന ചിന്തയേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഈശ്വരനാണെങ്കില്‍ കൊറോണ ക്കാര്യത്തില്‍ നിസ്സഹായനുമാണ്.
കൊറോണ ബാധിച്ച ഒരാള്‍ ആരാധനാസമയത്ത് കൂടെയുണ്ടെങ്കില്‍ കൈകാലുകള്‍ ശുദ്ധീകരിച്ചതു കൊണ്ട് അതിന്റെ സംക്രമണം തടയാന്‍ സാധിക്കുമോ? മസൂരിക്കാലത്ത് തടയാന്‍ സാധിച്ചി രുന്നോ?

ഈ കാലം അന്ധവിശ്വാസങ്ങളെ ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് കാലം കൂടിയാണ്. ആരാധനാലയങ്ങള്‍ പൂട്ടിയത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ദുഃഖവെള്ളിയും ഉയിര്‍പ്പ് ദിനവും ആഘോഷിക്കാതെ പോയത് എന്തുകൊണ്ട്? ശബരിമലയിലെ വിഷു ദര്‍ശനം ഒഴിവാക്കിയത് എന്തുകൊണ്ട്?
തൃശൂര്‍ പൂരം ഒഴിവാക്കി ചടങ്ങുകളില്‍ ഒതുക്കിയപ്പോള്‍ സര്‍വലോകസംരക്ഷകയായ ഭഗവതിയുടെ പ്രതിനിധികള്‍ മാസ്ക്ക് ധരിച്ചത് എന്തിന്? അവരും മനുഷ്യരാണെന്നേ അര്‍ത്ഥമുള്ളൂ. കെട്ടിപ്പിടിച്ചുള്ള ഉമ്മ നിര്‍ത്തിയ ആള്‍ദൈവവും ശ്വാസകോശമുള്ള മനുഷ്യരാശിയിലെ ഒരംഗം മാത്രമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ആള്‍ദൈവത്തിനും കൊറോണ വരാം. 

അന്ധവിശ്വാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത് ഭക്തിവ്യവസായികളുടെ ആവശ്യമാണ്‌. ലോകജനത പ്രതീക്ഷയോടെ ശ്രദ്ധിക്കുന്നത് ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അല്ല. ശാസ്ത്രത്തെയാണ്.

ശാസ്ത്രത്തിനു മാത്രമേ കൊറോണയില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ സാധിക്കൂ.പൂട്ടിയ ആരാധനാലയങ്ങള്‍ തുറക്കണം എങ്കിലും താക്കോലിട്ടു തിരിക്കുക എന്നതിലെ ഫിസിക്ക്സ് ഉപയോഗിക്കേണ്ടതുണ്ട്. 
 

Tuesday 21 April 2020

കൂലി


മരിച്ചവരുടെ കോന്തലയില്‍ 
കടത്തുകൂലിയായി 
നാണയം  കെട്ടിവച്ചാല്‍ പോര.
കടവിലെല്ലാം പാലമായി.
കുറെ ഗാന്ധിത്തലകള്‍ 
കൊടുത്തയക്കണം 
ടോള്‍ കൊടുക്കാന്‍.

സ്വര്‍ഗ്ഗയാത്ര


സ്വര്‍ഗ്ഗത്തില്‍ പോകുന്നവര്‍ 
കോണ്ടം കൊണ്ടുപോകാന്‍ 
മറക്കരുത്.
പലരുമായും രമിച്ച 
സുന്ദരീസുന്ദരന്മാരാണ്‌
കരുതല്‍ വേണം.

Tuesday 14 April 2020

പ്രവാസി മലയാളികള്‍ ഭാരതീയരാണ്‌


ലോകത്തെവിടെയും മരണമണി മുഴക്കുന്ന കൊറോണ എന്ന മഹാരോഗം ഓരോ ദിവസം കഴിയും തോറും സമ്പന്ന രാഷ്ട്രങ്ങളില്‍ നിയന്ത്രണാതീതമാവുകയാണ്. അതിനനുസരിച്ച് വിദേശങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ ജീവിതവും തുലാസ്സില്‍ തൂങ്ങുകയാണ്. ചാനലുകളില്‍ പ്രവാസി മലയാളികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവരുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നത്.

പ്രവാസി മലയാളിയെന്നാല്‍ എല്ലാവര്ക്കും പെട്ടെന്ന് ഓര്‍മ്മ വരുന്നത് ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന മലയാളികളെയാണ്.
ആടുജീവിതം മുതല്‍ ആനന്ദജീവിതം വരെയുള്ള വിവിധ ജീവിതക്രമങ്ങളില്‍ പെട്ടവരായി അവര്‍ ഒറ്റപ്പെടുന്നില്ല. കേരളത്തില്‍ നിന്നും തൊഴില്‍ തേടി പോയ മനുഷ്യര്‍,തൊഴില്‍ ചെയ്യുക മാത്രമല്ല, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക കൂടി ചെയ്തു. കേരളത്തിലെ വലിയ പാട്ടുകാരെയും നാടകക്കാരെയും പ്രഭാഷകരെയും മിമിക്രിക്കാരെയും എല്ലാം അവര്‍ അവിടെ കൂട്ടിക്കൊണ്ടു പോയി.
സൗഹൃദവും ധനവും നല്‍കി അംഗീകരിച്ചു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയര്‍പ്പിന്റെ വില വാരിക്കോരിക്കൊടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ മുന്‍പന്തിയിലാണ്.

ഗള്‍ഫ് മേഖലയിലും അമേരിക്ക,ഓസ്ട്രേലിയ,സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും മലയാളികള്‍ സംഘടിപ്പിച്ച ക്ലബ്ബുകളും ഗ്രന്ഥശാലകളും പ്രതിമാസ സാഹിത്യ ചര്‍ച്ചകളും, വ്യാപകമായി നടത്തിയ മലയാളം ക്ലാസ്സുകളും കേരളവുമായും അത് വഴി ഭാരതവുമായുമുള്ള അവരുടെ രക്ത ബന്ധത്തെ കൂടുതല്‍ ഊര്‍ജ്ജമുള്ളതാക്കി.

എന്നാലിന്ന് പ്രവാസിമലയാളികള്‍ രോഗവും അരക്ഷിതാവസ്ഥയും നല്‍കിയ ഭീതിയുടെ തോക്കിന്‍ തുമ്പിലാണ്.പല രാജ്യങ്ങളില്‍ നിന്നും ശരിയായ വാര്‍ത്തകള്‍ പുറത്തേക്കു വരുന്നില്ല. ഇരുമ്പുമറ എന്ന പ്രയോഗം പണ്ട് കമ്മ്യൂനിസ്റ്റ് രാജ്യങ്ങളെ ആക്ഷേപിക്കാനുപയോഗിച്ചതായിരുന്നുവെങ്കില്‍ ഇന്ന് ആ പ്രയോഗം എല്ലാ രാജ്യങ്ങള്‍ക്കും യോജിക്കുന്നത് ആയിരിക്കുന്നു.

ഗള്‍ഫില്‍ ഒറ്റമുറിയില്‍ ഒന്‍പതു പേര്‍ ജീവിക്കുന്ന തൊഴിലിടങ്ങളുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ വലിയ ഹാളില്‍ നൂറിലധികം പേര്‍ ഖുബൂസും കറിയും മാമലകള്‍ക്കപ്പുറത്ത് 
 എന്ന സിനിമാപ്പാട്ടും പാടി കഴിയുന്നുണ്ട്. ഇവരൊക്കെ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്.
ഫ്രാന്‍സ്,ഈജിപ്റ്റ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ ഒഴിവായതിനെ തുടര്‍ന്നു മലയാളി നഴ്സുമാര്‍ മാത്രം പണിയെടുക്കുന്ന ആശുപത്രികളുണ്ട്. കൊറോണ ബാധിതരെന്നു സംശയമുള്ളവരുമായി ഇടപഴകേണ്ട മറ്റു തൊഴിലാളികള്‍ ഉണ്ട്.

ഇവരുടെ ആശങ്ക അകറ്റേണ്ടത് അത്യാവശ്യമാണ്. പോകണമെന്ന് വിദേശ സര്‍ക്കാരും എവിടെയാണോ അവിടെ തുടരുക എന്ന് കുഞ്ചന്‍ നമ്പ്യാരുടെ വായു പണിമുടക്കിയ  കാലത്തെ കുറിച്ചുള്ള തുള്ളല്‍ക്കഥ പോലെ നമ്മളും പറഞ്ഞാല്‍ ആ പാവം മനുഷ്യരുടെ ആശങ്കകള്‍ ഒഴിവാകുകയില്ല.

രോഗമുള്ളവര്‍ എത്തിയാല്‍ നിരീക്ഷിക്കാനും ചികിത്സിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നു കേരളം ഉറപ്പു പറയുന്നുണ്ട്. അവരെ ഇവിടെ എത്തിക്കുക എന്ന കൃത്യമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. കുവൈറ്റ് ആക്രമണകാലത്ത് കെ.പി.ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രമന്ത്രി വിമാനസംവിധാനമുണ്ടാക്കി മലയാളികളെ നാട്ടിലെത്തിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്.ഐ.കെ.ഗുജ്റാള്‍ വിദേശകാര്യചുമതല ഉണ്ടായിരുന്ന കാലത്ത് സദ്ദാം ഹുസൈനുമായി നേരിട്ടു ചര്‍ച്ച നടത്തി മലയാളികളെ നാട്ടില്‍ എത്തിച്ചതും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. 

രോഗബാധിതരെ വിമാനത്തില്‍ കൊണ്ട് വരികയും നാട്ടിലെത്താന്‍ തിടുക്കപ്പെട്ടു നില്‍ക്കുന്ന രോഗമില്ലാത്തവരെ കപ്പല്‍ മാര്‍ഗം എത്തിക്കുകയും ചെയ്യാമല്ലോ എന്നൊരു നിര്‍ദ്ദേശം ചില മലയാളികള്‍  മുന്നോട്ടു വയ്ക്കുന്നുണ്ട്‌. കപ്പലില്‍ നാട്ടിലെത്താന്‍ പതിനാലു ദിവസമാണ് വേണ്ടത്. അപ്പോഴേക്കും അവരുടെ നിരീക്ഷണ കാലയളവ്‌ അവസാനിക്കുകയും ചെയ്യും.

ഗള്‍ഫ് മലയാളികള്‍ അധ്വാനിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വേണ്ടിയാണ്. കിട്ടുന്ന കൂലിയില്‍ കുറച്ചു തുക മാത്രമാണ് ജന്മനാട്ടിലേക്ക് അവര്‍ അയക്കുന്നത്. ബാക്കിയെല്ലാം അവിടെ ചെലവഴിക്കുന്നവരാണ്. അവരെ വിയര്‍പ്പിന്റെ ഫലമായി ഉണ്ടാകുന്ന രമ്യ ഹര്‍മ്മ്യങ്ങളും നിരത്തുകളും പൂന്തോട്ടങ്ങളും അടുക്കളയില്‍ വേവുന്ന കറികളും ഓടിക്കുന്ന വണ്ടികളും എല്ലാം സ്നേഹധനരായ അറബികളുടെതാണ്. അതിനാല്‍ ഗള്‍ഫ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌.

പ്രവാസി മലയാളികള്‍ അഭിമാനികളായ ഭാരതീയരാണ്‌.വക്കം ഖാദറിന്റെയും ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും പാരമ്പര്യമുള്ളവര്‍. അവരുടെ ആശങ്ക അകറ്റുവാനുള്ള ഭാരത സര്‍ക്കാരിന്റെ ഉത്തരവാദിത്തവും വളരെ വലുതാണ്‌.
- കുരീപ്പുഴ ശ്രീകുമാര്‍ 

Tuesday 7 April 2020

യുദ്ധതന്ത്രം

തന്ത്രപൂര്‍വ്വം തിരിച്ചു പോയാലോ
വന്ന വാക്കിലെ മൈനുകള്‍ പൊട്ടും

തന്ത്രപൂര്‍വ്വം പിടിച്ചു നിന്നാലോ
നെഞ്ചിലേക്ക് തീയുണ്ടകള്‍ പായും

തന്ത്രപൂര്‍വ്വം സ്വയം വധിച്ചാലോ
ജന്മഭൂവിലവാസ്തവം ചൊല്ലും

തന്ത്രമെന്തിനി, യുദ്ധരംഗത്തെ
ബോമ്മയാം ഭടന്‍ വിശ്വാസിയായി

ശത്രുവിന്‍ യന്ത്രത്തോക്കു ഗര്‍ജ്ജിച്ചു
വിശ്വസിച്ചോനരക്ഷിതനായി.