Wednesday 26 August 2020

കരടിപ്പാട്ട്

 ഇന്നും വായിച്ച കവിത 2015 ജൂണ്‍ 15

-----------------------------------
കരടിപ്പാട്ട് / നാടൻ പാട്ട്‌‌
-------------------------------
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനിന്നെ തന്നാന്നാ
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനായി തന്നാന്നാ...
പട്ടികടിക്കല്ലേ വീട്ടുകാരേ ഞങ്ങൾ
പട്ടാണിമാരായ പിള്ളാരല്ലേ
ഓണം കളിക്കുവാൻ വന്നതാണെ തിരു-
വോണം കളിക്കുവാൻ വന്നതാണേ.
ഈയാണ്ടിൽ കരടിയെ വേണ്ടാന്നു വച്ചപ്പോൾ
അഞ്ചാറു ബാലന്മാർ കേറിക്കെട്ടി
മാവേലി മന്നനെഴുന്നള്ളും നേരത്ത്‌
ആടിത്തിമിർത്തു കളിച്ചിടാനായ്‌
കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
പാട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നേ
ഓണം കളിക്കുവാനെല്ലാരും ചേർന്നപ്പോൾ
വേട്ടക്കാരനും വന്നു കൂടി.
ശർ എന്നും കുർ എന്നും ചാടിക്കളിച്ചിട്ട്‌
സമ്മാനം വാങ്ങെടാ ആൺകരടീ
തത്തിന്നത്തരികിട ഓടിക്കളിച്ചിട്ട്‌
പണമൊന്നു വാങ്ങെടാ വേട്ടക്കാരാ.
ഇവിടുത്തെ അമ്മാവൻ പെട്ടിതുറന്നോട്ടെ
നൂറിന്റെ നോട്ടു പൊലിച്ചിടേണേ
ഉണ്ട കിട്ടും പിന്നെ അവിലുകിട്ടും പിന്നെ
വെള്ളിപ്പണത്തിന്റെ തുട്ടു കിട്ടും.
പാട്ടത്തിൽ ചങ്കരൻ പത്തുരൂപയ്ക്കൊരു
നോട്ടു ചോദിച്ചല്ലോ നാരായണാ
അപ്പനേ ഇപ്പോൾ അരക്കശുമില്ലെടാ
കൊപ്പിറാ വിറ്റു പണം തരാം ഞാൻ.
ചേരിപ്പുറത്തുന്നു ചേർത്തെണ്ണായിരം
ചേരീ പപ്പൂന്റെ ആറായിരം
പാണയ്യം വീടിന്റെ തേങ്ങാ നാലായിരം
പാണന്റെ തേങ്ങാ പതിനായിരം.
ആൺ കരടീയിവൻ കള്ളനാണേ ഇവൻ
ഇന്നലെ കൈവിട്ടു പോന്നതാണേ
കടപുഴക്കടവിനും മധ്യത്തിട്ടു ഞങ്ങൾ
ബദ്ധപ്പെട്ടോടിപ്പിടിച്ചതാണേ.
വാഴത്തോട്ടത്തിലും ചെന്നു കേറീകരടി
വാഴകളൊക്കെ തകർത്തിടുന്നേ
ഓമനത്തോടനും പാളയൻ കോടനും
കണ്ണനും നല്ല കദളിവാഴ.
കരടിക്കു പാരം വിശപ്പു തട്ടീ മൃഗം
ഞങ്ങളെ തിന്നാനടുത്തിടുന്നേ
തക്കം പിഴയ്ക്കാതെ ഉന്നം പിഴയ്ക്കാതെ
വെടിയൊന്നു വയ്ക്കെടാ വേട്ടക്കാരാ..
പാലമെങ്കിൽ പാലം
നീണ്ടകരപ്പാലം
വെക്കെടാ വെടി വെക്കെടാ
ലാക്കു നോക്കി വെക്കെടാ...
ഠോ......
-------------------
കരടിപ്പാട്ടുകൾ
ജവഹർ ലൈബ്രറി,അരിനല്ലൂർ

Thursday 20 August 2020

ഗോതമ്പപ്പം


ആരോ ചുട്ടു
ചുഴറ്റിയെറിഞ്ഞൊരു 
ഗോതമ്പപ്പം 

ആകാശത്തങ്ങനിരുന്നു 
കൊതിപ്പിക്കുമ്പോള്‍ 

ഞാനും പെണ്ണും 
ഞങ്ങടെ പൂച്ചക്കുട്ടീം 
താഴെയിരുന്നു ദ്രവിക്കുമ്പോള്‍ 

പുഴ പഴയതു പോലൊഴുകുന്നു 
വഴി പഴയതു പോല്‍ നീളുന്നു 
മുകിലിന്‍റെമുനമ്പത്താരോ 
വിരലൊപ്പിനു കനലൂതുന്നു.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday 19 August 2020

ഇല്ലാ ജാതികള്‍ ഭേദ വിചാരം....


കോവിഡ് അപകടകരമായ രീതിയില്‍ വ്യാപിക്കുകയാണ്.
ഭേദവിചാരങ്ങള്‍ ഇല്ലാതെ. അമേരിക്കയെയും ആഫ്രിക്കയെയും  തുല്ല്യമായി കണ്ടുകൊണ്ട് മനുഷ്യരാശിക്കു ഭീഷണിയായി അതിന്‍റെ വിഷത്തൂവലുകളുള്ള ചിറകുകള്‍ വീശുകയാണ്.

ശാസ്ത്രം പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. എല്ലാ    കണ്ണുകളും പരീക്ഷണശാലകളിലേക്ക് 
ഉറ്റു നോക്കുകയാണ്. ഞങ്ങളില്‍ പരീക്ഷിക്കൂ എന്നു പറഞ്ഞു മനുഷ്യസ്നേഹികള്‍ ലോകമെമ്പാടും സന്നദ്ധരാവുകയാണ്.
അപരിചിതമായ ഒരു ഔഷധം സ്വന്തം ശരീരത്തില്‍ പരീക്ഷിക്കാന്‍ നിന്നു കൊടുക്കുന്നത് അവിശ്വസനീയമായ മനുഷ്യസ്നേഹം കൊണ്ടാണ്. ഒരു പക്ഷേ മരണമായിരിക്കും പ്രതിഫലമായി കിട്ടുന്നത്. സ്വയം മരണത്തിന് തയ്യാറാകുന്നത് മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത ഉള്ളതുകൊണ്ടാണല്ലോ.

അതിനിടയിലാണ് അന്ധവിശ്വാസികള്‍ കൊയ്യാനിറങ്ങുന്നത്.
ചില വാര്‍ത്തകള്‍ നമ്മളെ കഠിനമായി ഞെട്ടിക്കുന്നു. അതിലൊന്ന്    അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്
നേതൃത്വം നല്‍കുന്ന മഹന്ത്  നൃത്യ ഗോപാല്‍ ദാസിനെ 
രോഗം പിടികൂടിയതാണ്.

രാമക്ഷേത്രം യാഥാര്‍ഥ്യം ആകുന്നതോടു   കൂടി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന പ്രചാരണത്തെ വിശ്വസിക്കുന്നവര്‍ ഈ രോഗബാധ ശ്രദ്ധിക്കേണ്ടതാണ്
അദ്ദേഹത്തിന് രോഗം ബാധിച്ചതില്‍ എല്ലാവര്ക്കും മനുഷ്യ സഹജമായ  പ്രയാസമുണ്ട്. എണ്‍പത്തിരണ്ടു വയസ്സുള്ള അദ്ദേഹത്തെ മുഖാവരണം ധരിപ്പിച്ചു സുരക്ഷിതനായി
ഇരുത്താന്‍ മുഖാവരണം ധരിച്ചു മാതൃകയായ ബഹുമാന്യനായ പ്രധാനമന്ത്രിയെങ്കിലും നിര്‍ദ്ദേശിക്കണമായിരുന്നു.

അതല്ല, രാമന്‍റെ ഏറ്റവും     അടുത്ത ആളായി പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയില്ല എന്നായിരുന്നു ധാരണയെങ്കില്‍, രാമന്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞെന്നോ രോഗാണുക്കള്‍ക്ക് രാമഭയം ഇല്ലെന്നോ വേണം കണക്കാക്കാന്‍ . പൊതുസമൂഹം ഇതില്‍ നിന്നും പഠിക്കേണ്ടത് ഏതു പരമഭക്തനും രോഗം വരാതിരിക്കണമെങ്കില്‍ തികച്ചും ഭൌതികമായ കരുതലുകള്‍ വേണം എന്നാണ്. കഠിനരോഗം ബാധിച്ചു  ഉച്ചത്തില്‍ വിളിച്ചു മരിച്ച രാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, നാരായണഗുരു തുടങ്ങിയവരെക്കുറിച്ചെങ്കിലും ആദ്ധ്യാത്മിക സിംഹങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നാരായണഗുരുവിന്‍റെ ഉച്ചത്തിലുള്ള വിളിയെക്കുറിച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും മന്ത്രിമാര്‍ ഈ രോഗം ബാധിച്ചു മരിച്ചു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ രോഗബാധിതരായി. എസ്.പി. ബാലസുബ്രഹ്മണ്യവും അമിതാഭ് ബച്ചനുമടക്കം . സിനിമാ രംഗത്തെ രാജാക്കളെ രോഗം ചുംബിച്ചു. മുന്‍ രാഷ്ട്രപതിയെ കോവിഡ് ആശ്ലേഷിച്ചു. ഇതെല്ലാം നമ്മളെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്.

നിരവധി സാധാരണ പൌരന്‍മാര്‍ മരിച്ചു.ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര പലായനങ്ങള്‍ ഉണ്ടായി.ഈ നിസ്സഹായ മുഖങ്ങള്‍ മനസ്സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നു.

ഭയവും അവിശ്വാസ്യതയും രോഗത്തോടൊപ്പം സമൂഹത്തില്‍ വ്യാപിച്ചു. ആളുകള്‍ അകലം പാലിച്ചു.ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടു  മുറികളിലേക്ക് മാറി. കുഞ്ഞുമക്കളെ ഉറക്കിയകറ്റി. 

കലാപ്രകടനങ്ങള്‍ പ്രതിഫലമില്ലാതെ ഓണ്‍ ലൈനിലേക്ക് മാറി.
കലാ പ്രവര്‍ത്തകരുടെ വീട്ടില്‍ പട്ടിണി കുടിയേറി. അതിജീവനത്തിനായി കെ.പി.എ സിയിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ മുഖാവരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന സാമൂഹ്യസേവനത്തില്‍ ശ്രദ്ധിക്കേണ്ടിവന്നു. 

ഈ വൈഷമ്യങ്ങള്‍ മാറിക്കിട്ടാനായി നമ്മള്‍ ശാസ്ത്രജ്ഞരെ നോക്കുമ്പോഴും രോഗമുക്തി നേടിയ ചിലരെങ്കിലും   പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയുന്നുണ്ട്. പ്രാര്‍ഥന കൊണ്ട് രോഗം മാറുകയില്ലെന്നറിഞ്ഞു കൊണ്ടാണ് ദൈവീക രോഗാശുശ്രൂഷക്കാര്‍ മൈക്ക് ഓഫ് ചെയ്തിരിക്കുന്നത്.
വരുമാനമില്ലെന്ന വിലാപം ആരാധനാലയങ്ങളില്‍ നിന്നും പ്രവഹിക്കുകയാണ്. ദൈവങ്ങളും മുഖാവരണം തേടുന്ന കാലം.

കോവിഡ് എന്ന മഹാരോഗം ലോകജീവിതത്തെ തകിടം മറിച്ചു.
കൊറോണക്കാലത്തില്‍ ഒരു ഓണക്കാലവുമുണ്ട്. പരിമിതികള്‍ക്കുളില്‍ നിന്നുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികള്‍ മഹാബലിയെ വരവേല്‍ക്കാന്‍ ശ്രമിക്കുകയാണ്.
ആരോഗ്യപൂര്‍ണ്ണമായ ഒരു  കാലം കൂടിയാണ് മാവേലിനാട് എന്ന 
സങ്കല്‍പ്പത്തിലുള്ളത്.പഴയൊരു ഓണപ്പാട്ട് പാടുവാന്‍ ഇതാണ് സന്ദര്‍ഭം.
"മുറ്റമടിച്ചില്ല ചെത്തിപ്പറിച്ചില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അച്ഛനും വന്നില്ല ആടകള്‍ തന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അമ്മാവന്‍ വന്നില്ല സമ്മാനം തന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.  
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ."
     

Tuesday 4 August 2020

അവര്‍ നിരീക്ഷണത്തിലാണ്


ശാസ്ത്രത്തിന്‍റെ പരീക്ഷണശാലയില്‍  രാപകലില്ലാതെ ഒരുകൂട്ടം മനുഷ്യര്‍ പരിശ്രമിക്കുകയാണ്.  കോവിഡിനെ തുരത്താന്‍ പറ്റിയ ഔഷധം കണ്ടെത്താനായി. ലോകം ശ്വാസകോശമടക്കിപ്പിടിച്ച് അവരെ നോക്കിയിരിക്കുന്നു.

അസാധാരണ വസ്ത്രം ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഔഷധവും പനിയും ഹൃദയമിടിപ്പും അളക്കാനുള്ള ഉപകരണങ്ങളുമായി ലോകമെമ്പാടും പാഞ്ഞു നടക്കുന്നു. പലരെയും രോഗം   കടിക്കുന്നു. പലരും മരിച്ചു വീഴുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ പോഷകമേന്‍മയുള്ള ആഹാരവുമായി രോഗാലയങ്ങളിലേക്ക് സഞ്ചരിക്കുന്നു. സമ്പര്‍ക്കവ്യാപനം തടയാനുള്ള കഠിനശ്രമവുമായി നീതിപാലകര്‍  കണ്ണടയ്ക്കാതെ കാവല്‍ 
നില്‍ക്കുന്നു.

ലോകം ഉണര്‍ന്നിരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. അത് നിരീക്ഷണാലയങ്ങളില്‍. ബാഹ്യബന്ധമില്ലാതെ കഴിയുന്ന മതങ്ങളും അവയുടെ വാണിജ്യമുദ്രയായ ദൈവങ്ങളുമാണ്,

മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ആളെക്കൂട്ടിയുള്ള പ്രകടനങ്ങളുടെയും സമ്മേളനങ്ങളുടെയും ആധിക്യമായിരുന്നല്ലോ എവിടേയും.അത് നിലച്ചു. പള്ളി പൊളിച്ചപ്പോഴുള്ള ആള്‍ക്കൂട്ടം അമ്പലം പണിയുമ്പോള്‍ ഇല്ല.പൂജാരിമാരും വി.ഐ.പി കളുമെല്ലാം കോവിഡിന്റെ മരണഭീഷണിയില്‍ നിന്നും രക്ഷപ്പെടാന്‍ മുഖംമൂടിയണിഞ്ഞിട്ടുണ്ട്.. രാമനും ഹനുമാനും തമ്മില്‍ കെട്ടിപ്പിടിച്ചതു പോലെയുള്ള ഭക്തിപ്രകടനങ്ങളൊന്നുമില്ല. പൊളിക്കാന്‍ കൂന്താലിയുമായി പോയ പഴയപുലികള്‍ പങ്കെടുത്തതുമില്ല.പൊളിക്കാന്‍ കാവല്‍ നിന്ന അന്നത്തെ ഭരണകക്ഷിക്കാര്‍, കല്യാണസദ്യക്ക് വിളിച്ചില്ലെങ്കില്‍ 
സ്വന്തം വീട്ടില്‍ സദ്യ നടത്തുമെന്ന പരിഭവത്തിലുമാണ്. പുതിയ അധ്യക്ഷവന്നപ്പോള്‍ പള്ളി പൊളിച്ച കാര്യത്തില്‍ ജനങ്ങളോടു
നടത്തിയ വ്യാജമാപ്പപേക്ഷ ഇന്ധനമാക്കിയിട്ടുണ്ടാകും.

അദൃശ്യ ദൈവത്തെക്കാളും ശക്തി അദൃശ്യ വൈറസ്സിന്നുണ്ട്.
മക്കയില്‍ പിശാചിനെ എറിയാനുള്ള കല്ല്  അണു നാശിനിയില്‍ മുക്കിയതായിരുന്നു. ആളകലം പാലിച്ചതിനാല്‍ പലപ്പോഴും ഉണ്ടായതുപോലെയുള്ള കൂട്ട മരണം ഉണ്ടായതുമില്ല.ഭക്തരെ ഗണ്യമായി നിയന്ത്രിക്കുകയും സുരക്ഷിതമായി തിരിച്ചയക്കുകയും ചെയ്ത സൌദി അറേബ്യന്‍ മത ഭരണകൂടം അഭിനന്ദനം അര്‍ഹിക്കുന്നു..

മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടു നാറും സതീര്‍ഥ്യനെ മാറത്തു ണ്മയോടു ചേര്‍ത്തു ഗാഢം പുണരാന്‍    കഴിയാതെയായി. കൊറോണ ബാധിക്കാത്ത സകലമാന ദൈവങ്ങളും കൊറോണ ബാധിക്കാന്‍ സാദ്ധ്യതയുള്ള പാവം ഭക്തരില്‍ നിന്നും    ഓടി മാറി.
കെട്ടിപ്പിടുത്തവും ഉമ്മയും പതിവാക്കിയ ആള്‍ ദൈവങ്ങള്‍ അതാവസാനിപ്പിച്ചു. അതൊക്കെ ശാസ്ത്രം മരുന്നു കണ്ടുപിടിച്ചതിനുശേഷം മതി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, രാമക്ഷേത്രം പണി പൂര്‍ത്തിയായാല്‍ കോവിഡ് മരിക്കുമെന്നുള്ള ഇലക്ഷന്‍ പ്രചാരണം പാവപ്പെട്ട ഹിന്ദു വീടുകളില്‍ ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യം വിശ്വസിപ്പിക്കാനായി പറഞ്ഞാല്‍ പറയുന്നതു പോലെ എന്നു കൂടി പറഞ്ഞു പൊളിഞ്ഞപള്ളിയും തറക്കല്ലിടലും ചൂണ്ടിക്കാട്ടുന്നുമുണ്ട്. മനുഷ്യന്റെ ചിന്താശേഷിക്ക് മേലുള്ള കടന്നു കയറ്റമാണിത്.

മറ്റൊരു തമാശയുള്ളത്, കൊറോണ വൈറസ്സെന്ന സൂക്ഷ്മാണുവിനെക്കുറിച്ച് മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന    വാചകമേളയാണ്. ഔഷധത്തെ കുറിച്ചു അസന്നിഗ്ദ്ധമായി പറഞ്ഞു തുടങ്ങിയിട്ടില്ല.ആ പ്രസംഗം, ശാസ്ത്രം മരുന്നു കണ്ടുപിടിച്ചതിനു ശേഷം നടത്തുമെന്നു പ്രതീക്ഷിക്കാം.

ചേച്ചി



എന്റെ ചേച്ചിക്കു നൂറുമ്മ
ചുമ്മാതിരുന്നാലു-
മെന്നും ചിരിക്കാതെ
വിമ്മിക്കരഞ്ഞു
തളർന്നു നീറുന്നൊരെൻ
പൊന്നുചേച്ചിക്കു നൂറുമ്മ

വേനലിൽ കൈനഖ-
പ്പാടുമായ് വീഴുന്ന
പൂവിനെപോൽ മൂക-
വേദനയേന്തിയും
കാണാത്ത ലോകാ-
ന്തരങ്ങളിൽ ചിന്തതൻ
പ്രാവിനെത്തൊട്ടു
തലോടിപ്പറത്തിയും
ഏകാന്തവേളയിൽ
ദീർഘനിശ്വാസങ്ങ-
ളേറുന്ന മാത്രക-
ളെണ്ണിക്കുഴയുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ

നീലക്കരിമ്പിൻ
വിലോലമാം നാമ്പുപോ-
ലാലസ്യപൂർണയായ്
അസ്വസ്ഥയായ്, കൊടും
ചൂടിൻ ശരങ്ങളേ-
റ്റാകെ പിടഞ്ഞിട്ടു-
മേതോ വിദൂരസ്ഥ-
വാസന്ത സന്ദേശ-
വാഹകയെപ്പോൽ
ചിരിക്കാൻ ശ്രമിക്കയാ-
ണോരോ കിനാവിലും മോഹം

സ്വപ്നങ്ങളസ്ഥിത്വ-
മില്ലാത്ത രൂപങ്ങ-
ളർത്ഥരാഹിത്യങ്ങൾ
ഏതിലോ ചെന്നു ചേർന്നെപ്പൊഴും
ദു:ഖം കൊളുത്തും വിപത്തുകൾ

എന്റെ ചേച്ചിക്കുണ്ടു
സ്വപ്നങ്ങൾ, കണ്ണുനീരുണ്ടാ
മനസ്സിന്റെ ദാഹം കെടുത്തുവാൻ

തുമ്പിക്കിടാങ്ങൾ തൻ
ചുണ്ടിൽ നറുംചിരി-
ത്തുമ്പക്കുടങ്ങൾ
വിടരവേ നാദങ്ങൾ
തങ്കച്ചിലങ്ക കിലുക്കവേ
നേത്രങ്ങൾ
അമ്പരപ്പിൻ പട്ടുതൂവാല തുന്നവേ
ഉള്ളിൽ പൊടിക്കുന്ന
നൊമ്പരങ്ങൾ നുള്ളി
നുള്ളിക്കളയാതെ
പിന്നെയും കേഴുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ
സാന്ത്വനത്തിന്റെ നൂറുമ്മ.