Tuesday 30 March 2021

സ്ഥാനാര്‍ത്ഥി സാറാമ്മയുടെ പ്രകടനപത്രിക


അടുത്തകാലത്ത് ഓര്‍മ്മയിലേക്ക് ഓടിക്കയറിയ രണ്ടു പഴയ സിനിമകളാണ് പഞ്ചവടിപ്പാലവും സ്ഥാനാര്‍ത്ഥി സാറാമ്മയും.പാലാരിവട്ടം പാലമാണ് പഞ്ചവടിപ്പാലത്തെ ഓര്‍മ്മയിലെത്തിച്ചതെങ്കില്‍ സ്ഥാനാര്‍ത്ഥി സാറാമ്മയെ പ്രകാശിപ്പിച്ചത് തെരഞ്ഞെടുപ്പാണ്.

സാറാമ്മയും എതിര്‍ സ്ഥാനാര്‍ഥിയും വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത് ഒരു കാഥികനിലൂടെയാണ്.ഇപ്പോള്‍ ഒരേ പ്രസ്സില്‍ വിവിധ മുന്നണികളുടെ പ്രകടനപത്രിക അച്ചടിച്ച് ഇറക്കുന്നതുപോലെ. അല്ലെങ്കില്‍ ഒരേ ആര്‍ട്ടിസ്റ്റ് കീരിപ്പാര്‍ട്ടിയുടെയും പാമ്പുപാര്‍ട്ടിയുടെയും പോസ്റ്റര്‍ തയ്യാറാക്കുന്നതുപോലെ. തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയാണത്. ആര്‍ട്ടിസ്റ്റിന്‍റെ വോട്ടിനെ ഇത് ബാധിക്കുകയേയില്ല.

അശരണര്‍ക്കുള്ള അറുനൂറു രൂപ പെന്‍ഷന്‍ പോലും നല്കാതിരുന്ന മുന്നണി ലേലത്തുക ഉയര്‍ത്തുന്നതു പോലെ പ്രകടന പത്രികയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു കണ്ടപ്പോള്‍ അടൂര്‍ഭാസി അവതരിപ്പിച്ച ആ കാഥികനെയാണ് ഓര്‍മ്മവന്നത്.

അന്ന് ഇന്നത്തെപ്പോലെ വോട്ടിങ് യന്ത്രമില്ല. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം പതിച്ച പെട്ടികള്‍ ബൂത്തിലുണ്ടാകും.ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി അതാത് പെട്ടികളില്‍ നിക്ഷേപിക്കണം.

സാറാമ്മയുടെ പെട്ടി കുരുവിപ്പെട്ടി. എതിര്‍ സ്ഥാനാര്‍ഥിയുടെ പെട്ടി കടുവപ്പെട്ടി. കുരുവിയും കടുവയും തമ്മിലാണ് മത്സരം.വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്ന കാഥികന്‍ ഇരുവേദികളിലും മാറി മാറി പ്രത്യക്ഷപ്പെടും.കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും പണക്കാര്‍ക്ക് മരുഭൂമിയും പ്രകടനപത്രികയിലുണ്ടാകും. ആകര്‍ഷകമായി പാടിയാണ് വാഗ്ദാനങ്ങളുടെ അവതരണം. കഥാപാത്രത്തെ അവതരിപ്പിച്ച അടൂര്‍ഭാസിതന്നെയാണ് ചപ്ലാക്കട്ട കൊട്ടി പാട്ടും. പാടിയത്.

പാലങ്ങളും വിളക്കുമരങ്ങളും പാടങ്ങള്‍ക്ക് കലുങ്കുകളും റോഡുകളും നിര്‍മ്മിച്ചു പഞ്ചായത്ത് പറുദീസയാക്കും.നാടാകെ അരിയുടെ കുന്നുകള്‍ സൃഷ്ടിക്കും.. നികുതിവകുപ്പുതന്നെ പിരിച്ചുവിടും.ആര്‍ക്കുവേണമെകിലും വനം പതിച്ചു കൊടുക്കും.
എന്‍.ജി.ഓ മാര്‍ക്കെല്ലാം ശമ്പളം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കും.
സ്ഥാനാര്‍ഥിയുടെ സൌന്ദര്യം പോലും വര്‍ണ്ണിക്കും.തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്ഗോപിക്കു വേണ്ടി നടത്തിയ അനൌന്സ്മെന്‍റില്‍ സ്ഥാനാര്‍ഥിയുടെ പേരിനുപകരം 
കൊമ്പന്‍,മസ്തകം, കാടിറങ്ങി നാടിറങ്ങി മുടിചൂടാമന്നന്‍ തുടങ്ങിയ വിശേഷണങ്ങള്‍ കേട്ടപ്പോഴും കണ്ടാലഴകുള്ള സാറാമ്മ എന്ന പാട്ടാണ് ഓര്‍മ്മവന്നത്.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ഥി സാറാമ്മയിലുള്ളത്. അന്നത്തെ പഞ്ചായത്തിന് സഫലീകരിക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇതില്‍ ഒരു വാഗ്ദാനം ചക്ക വീണു മുയല്‍ ചത്തതുപോലെ കാലം കടന്നു പോയപ്പോള്‍ നടപ്പിലായി. എറണാകുളം ജില്ലയിലെ അത്താണിക്ക് കിഴക്ക് തോട്ടുങ്കര എന്നൊരു പ്രദേശമുണ്ടായിരുന്നു. അവിടെ ഈ പാട്ട് പാടി ചില്ലിക്കാശുകള്‍ ശേഖരിച്ചു ജീവിച്ച ഒരു നാടന്‍ കലാകാരനുമുണ്ടായിരുന്നു. തോട്ടുങ്കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും എന്ന വാഗ്ദാനം ആളുകളെ വല്ലാതെ രസിപ്പിച്ചിരുന്നു. അവിടെയാണിപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളമുള്ളത്! 

അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്ന വയലാര്‍ രാമവര്‍മ്മയാണ് മലയാളം കണ്ട ഏറ്റവും ഗംഭീരമായ ഈ സറ്റയര്‍ രൂപപ്പെടുത്തിയത്.പക്ഷേ ഈ സറ്റയറിനെ വെല്ലുന്ന പ്രലോഭനങ്ങളുമായിട്ടാണ് തമിഴ് നാട്ടിലെ മധുര സൌത്തില്‍ മത്സരിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകനായ  തുലാം ശരവണന്‍ സ്ഥാനാര്‍ഥി ആയിട്ടുള്ളത്. .

തമിഴ് നാട്ടില്‍ സാരിയും ടി വിയും എല്ലാം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആയിരുന്നല്ലോ. പാവപ്പെട്ട തമിഴ്  ജനതയ്ക്ക് ഇതൊക്കെ വലിയ കാര്യവുമാണല്ലോ. തമിഴ് നാട്ടില്‍ സൌജന്യമായി കൊടുത്ത മുണ്ടുകള്‍ ശേഖരിച്ചു കേരളത്തില്‍ വിറ്റ കൌശലക്കാര്‍ പോലുമുണ്ട്. 

ശരവണന്റെ വാഗ്ദാനങ്ങളിങ്ങനെ.... എല്ലാ വോട്ടര്‍മാര്‍ക്കും നീന്തല്‍ക്കുളം സഹിതം മൂന്നുനില വീട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ വാഗ്ദാനത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍  ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ ഓരോ കോടി രൂപ.എല്ലാര്‍ക്കും കാറും ഹെലികോപ്റ്ററും. വീടുകളിലേക്ക് കനാല്‍ സൌകര്യമടക്കം ബോട്ട്.വീട്ടമ്മമാരെ സഹായിക്കാന്‍ റോബോട്ട്. വധുക്കള്‍ക്ക് നൂറു പവന്‍ സ്വര്‍ണ്ണം. ഭിന്നശേഷിക്കാര്‍ക്ക് ചന്ദ്രയാത്ര.
നിയോജകമണ്ഡലത്തിലെ കൊടും ചൂടിനെ നേരിടാന്‍ മുന്നൂറടി ഉയരമുള്ള മഞ്ഞുമല.കുപ്പത്തൊട്ടിയാണ് ശരവണന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

Tuesday 23 March 2021

മൂളിപ്പാട്ട്

 


മുളന്തണ്ടിന്‍ മൂളിപ്പാട്ട് 

വരികെട്ടിപ്പോയ കുന്ന് 

കുന്നിന്‍ മോളില്‍ കുട നീര്‍ത്തി 

നിലകൊള്ളും പൂമരുത്  


പൂമരുതിന്‍ മുടിക്കെട്ടില്‍ 

വയലറ്റ് പൂക്കളിട്ട്

പൂക്കളുടെ പ്രണയത്തേന്‍

നുകരുന്ന ഫെബ്രുവരി 


ഫെബ്രുവരിക്കാതിലുണ്ട് 

വസന്തത്തിന്‍ കേളികൊട്ട് 

കൊട്ടിലുണ്ടൊരൂമയാട്ടം 

കെട്ടിയാടുമറിയിപ്പ് 


അറിയിപ്പില്‍ നൃപനുണ്ട് 

കലിയുണ്ട് കാടുമുണ്ട് 

കാട്ടിനുള്ളില്‍ പെരുമ്പാമ്പും

രാജ്ഞിയും ദു:ഖവുമുണ്ട് 


ദു:ഖമാറ്റാനിലയെണ്ണി-

പ്പഠിക്കുമ്പോള്‍ അശ്വവേഗം 

വേഗതയില്‍ പഠിപ്പിച്ചു 

തടിയൂരിക്കടക്കേണം 


കടക്കുമ്പോള്‍ മാട്ടിറച്ചി 

പചിക്കുവാനറിയേണം

അറിവിന്‍റെ സുഗന്ധത്താ-

ലൊരുമിക്കാന്‍ വഴിയാകും 


വഴിനീളെ ചെണ്ടുമല്ലി 

തലയാട്ടിപ്പൊളി ചൊല്ലും 

ചൊല്ലിലെല്ലാം പഴഞ്ചൊല്ല് 

പല്ലിളിച്ചു പറക്കുന്നു 


പറന്നെത്തും നീല്‍മരുതില്‍

കുരുവിയുടെ നാക്കേറ്

നാക്കേറില്‍ കഥയൊളിച്ച 

കാട്ടുപെണ്ണിന്‍ മനസ്സുണ്ട് 


മനസ്സില്‍ മണ്‍കുടിലുണ്ട് 

കാത്തിരിക്കും വിളക്കുണ്ട്

വിളക്കൂതി ചോറുരുട്ടാന്‍

വരുമല്ലോ കുംഭക്കാറ്റ്


കുംഭക്കാറ്റോ കണ്‍മഷിയും 

കരിവളയും വാങ്ങുന്നു 

വാങ്ങിയതിലില്ല പോലും 

കുഞ്ഞുടുപ്പും കാല്‍ത്തളയും.


Tuesday 16 March 2021

ഗുജറാത്തിലെ സ്ത്രീവിവേചനം


സ്ത്രീ സാക്ഷരതയില്‍ കേരളത്തിന്‍റെ നാലയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സംസ്ഥാനമാണ് പ്രധാനമന്ത്രി ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത്. 


കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം ഒരു ചരിത്രപ്പെടലായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ സര്‍ഗ്ഗാത്മകതയ്ക്കു ഉദാഹരണമായിരുന്നു സാക്ഷരതാ യജ്ഞം. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയാര്‍ജ്ജിച്ച സംസ്ഥാനമായി പ്രഖ്യാപിച്ചതും ഒരു വനിതയായിരുന്നു.


സാക്ഷരതാ യജ്ഞം പൂര്‍ത്തിയാക്കിയതിനു ശേഷം കേരളം കയ്യും കെട്ടിയിരുന്നില്ല. തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവാസികുടുംബങ്ങളിലെ കുട്ടികളെ വരെ അമ്മമലയാളത്തിന്റെ മാധുര്യത്തിലേക്ക് ആകര്‍ഷിച്ചു.തൊണ്ണൂറു കഴിഞ്ഞ ബഹുമാന്യമാതാക്കള്‍ വരെ പുതുപാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയും പരീക്ഷകളില്‍ വിജയിക്കുകയും കമ്പ്യൂട്ടര്‍ സാക്ഷരത ആര്‍ജ്ജിക്കുകയും ചെയ്തു. 


മദ്രസ പഠനം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തുടര്‍ പഠനം അത്യാവശ്യമല്ലെന്നു കരുതിയിരുന്നവര്‍ പോലും അവരുടെ ചിന്തകളെ പുരോഗമനത്തിന് വിധേയമാക്കി. തട്ടമിട്ട കേരളീയസഹോദരിമാര്‍ നെറ്റ് ബാങ്കിങ്ങിലും നവമാധ്യമങ്ങളിലും സമര്‍ത്ഥരായി. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വോട്ടുചെയ്യരുതെന്നു അഭിപ്രായപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട്. ജോലി ചെയ്തു സ്വന്തമായി വരുമാനം നേടി അഭിമാനിനികളായി ജീവിക്കുന്ന വനിതകളെ അംഗീകരിച്ചതുപോലെ ഇക്കാര്യത്തിലും ചിന്താപരമായ പുരോഗമനം ഉണ്ടാകുമെന്ന് തന്നെ നമുക്കു പ്രതീക്ഷിക്കാം.


കെട്ടുകല്യാണം എന്ന പ്രാകൃതാചാരം കേരളം ഉപേക്ഷിച്ചതുപോലെ, അയിത്തം അപ്രസക്തമാക്കിയതു പോലെ പെണ്‍മക്കളുടെ തെരണ്ടുകല്യാണവും നമ്മളുപേക്ഷിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സഞ്ചരിക്കുകയോ പണിയെടുക്കുകയോ പാടില്ലെന്ന അശാസ്ത്രീയ ചിന്തയും നമ്മളുപേക്ഷിച്ചു.


ഇവിടെയാണ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന വിഷയം ചിന്തനീയമാകുന്നത്.


ഗുജറാത്തില്‍ ഇപ്പൊഴും ആര്‍ത്തവവിലക്ക് നിലനില്‍ക്കുകയാണ്.ഭുജിലെ സഹജാനന്ദ ഹോസ്റ്റലില്‍ ആര്‍ത്തവവിലക്ക് ലംഘിച്ച പെണ്‍കുട്ടികളെ കണ്ടെത്താന്‍ വസ്ത്രമുരിഞ്ഞു പരിശോധന നടത്തി.ഇതിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജ്ജിയുണ്ടായി. ഹര്‍ജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി. ആര്‍ത്തവവിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചു . ഒന്‍പത് നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ട് വച്ചു. ദേവാലയങ്ങളില്‍ ആര്‍ത്തവവിലക്ക് നിരോധിക്കണം. വീട്ടിലും വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ആര്‍ത്തവവിലക്ക് പാടില്ല.ഇതിനായി സര്‍ക്കാര്‍ ഊര്‍ജ്ജിതമായ ബോധവല്‍ക്കരണം നടത്തണം.ഇക്കാര്യത്തില്‍ മതങ്ങളുടെ പ്രാകൃത നിലപാടുകളെയും കോടതി നിരീക്ഷിച്ചു.


ആര്‍ത്തവവിലക്ക് അയിത്തം പോലെ ഭരണഘടനാ വിരുദ്ധമാണ്.പൌരസമത്വമെന്ന ഭരണഘടനാ മൂല്യത്തിന് വിരുദ്ധമാണ്. 


പലപ്പോഴും സംഘപരിവാറിന്റെ മുഖപത്രമാണോ എന്നു സംശയിക്കാവുന്ന രീതിയിലാണ് മാതൃഭൂമി പത്രം കേരളീയഭവനങ്ങളില്‍ എത്തുന്നത്. മാതൃഭൂമിയുടെ അഹമ്മദാബാദ് ലേഖകന്‍ മാതൃഭൂമിയിലൂടെ തന്നെ കേരളത്തെ അറിയിച്ചതാണ് ഈ ഗുജറാത്ത് വൃത്താന്തം..


നേമം ഗുജറാത്താണെന്നും കേരളത്തെ ഗുജറാത്ത് ആക്കുമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ കൊച്ചു കേരളമായിതുടര്‍ന്നാല്‍ മതിയേയെന്നു പറഞ്ഞുപോകുന്നത് അതുകൊണ്ടാണ്. സമ്പൂര്‍ണ്ണ സാക്ഷരതയും തുടര്‍ വിദ്യാഭ്യാസ സാധ്യതയുമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളീയര്‍ക്ക് അഭിമാനമുണ്ട്. നേമം അടക്കമുള്ള കേരളത്തിലെ ഒരു പൊതുസ്ഥലത്തും ആര്‍ത്തവവിലക്കില്ല എന്ന കാര്യത്തിലും അഭിമാനമുണ്ട്. ആറാം ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുതല്‍ അമ്മമാരെ വരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന് കേരളത്തിലും ശഠിക്കുന്നത് സ്ത്രീവിവേചനം നിലനില്‍ക്കുന്ന ഗുജറാത്തിലെ ഭരണകക്ഷിയാണ്. കൂട്ടുപിടിച്ചത് ബാബറിപ്പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത കോണ്‍ഗ്രസ്സുമാണ്.


കേരളം ഗുജറാത്ത് ആവുകയല്ല, കഴിയുമെങ്കില്‍ ഗുജറാത്ത് കേരളമാവുകയാണ് വേണ്ടത്. ആരോഗ്യപരിരക്ഷയും സമ്പൂര്‍ണ്ണ സാക്ഷരതയും നല്ല സിനിമയും സാഹിത്യവും അയിത്തമില്ലായ്മയും ഉള്ള കേരളം. വംശഹത്യയില്ലാത്ത കേരളം. ഉയര്‍ന്ന വിദ്യാഭ്യാസ സാദ്ധ്യതയുള്ള കേരളം. പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മലയാളനാട് 

Tuesday 2 March 2021

വിശ്വകവിതയ്ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച കവി


സാഷ്ടാംഗ പ്രണാമം ഒരു പ്രാചീന വൈദിക നമസ്ക്കാര രീതിയാണ്.കൈകള്‍, കാല്‍മുട്ടുകള്‍, തോളുകള്‍, നെഞ്ച്,  നെറ്റി ഇവയെട്ടും മണ്ണില്‍ മുട്ടിക്കുന്നതാണ് ഈ നമസ്ക്കാരരീതി.  വൈദികതയുടെ സങ്കല്‍പ്പഭാഷയില്‍ പറഞ്ഞാല്‍ പാദം, ജാനു, കരം, മാറിടം, ശിരസ്സ്,മനസ്സ്, നേത്രം, വാക്ക്  ഇവയെ ശ്രദ്ധാപൂര്‍ണ്ണമാക്കി ഒരു ദണ്ഡു പോലെ ഭൂതലത്തില്‍ വീണു നമസ്ക്കരിക്കുന്നതാണ് സാഷ്ടാംഗ പ്രണാമം.

ലോകകവിതയ്ക്കു മുന്നില്‍ ഇങ്ങനെ സാഷ്ടാംഗം നമസ്ക്കരിച്ച കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സംസ്കൃതം, ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളടക്കം എല്ലാ ഭാഷയിലെയും കവികളെയും കാവ്യ സംസ്ക്കാരത്തെയും അദ്ദേഹം ഹൃദയത്തില്‍ കൊണ്ടുനടന്നു.മരവും കിളിയും കടലും ആകാശവും കൂടി ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യരാശിക്ക് അസ്തിത്വമുള്ളൂ എന്നദ്ദേഹം കരുതി. നിരവധി മരക്കിടാങ്ങളെ വിഷ്ണുകവി സ്വന്തം കൈകൊണ്ടു നട്ടു.

പാങ്ങോട് പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍   അദ്ദേഹം നട്ട ഒരു നീലമരുതുണ്ട്. പൂമരുത്, മണിമരുത്, നീര്‍മരുത് എന്നൊക്കെ അറിയപ്പെടുന്ന ഈ പൂമരം എല്ലാ ഋതുക്കളെയും പ്രതിഫലിപ്പിക്കുന്നതാണ് അതിപ്പോള്‍ പൂത്തിരിക്കുന്നു. ആ പൂമരുതിന്‍റെ തണലിലായിരുന്നു അദ്ദേഹത്തിന്റെ  
കവിതകള്‍ ആലപിച്ചുകൊണ്ടുള്ള ഓര്‍മ്മയോഗം.പൂമരുത് കൃതജ്ഞതയോടെ കവിയെ ഓര്‍മ്മിച്ചിട്ടുണ്ടാകാം  
കാളിദാസന്‍റെ ഋതുസംഹാരം ഉരുവിട്ടുനടന്നു മലയാളപ്പെടുത്തിയ 
കവിയെ നീലമരുത് മനസ്സുകൊണ്ട്‌ പ്രണമിച്ചിട്ടുണ്ടാകാം.
വൃക്ഷങ്ങളെ പ്രണമിക്കുവാന്‍ കവികള്‍ക്ക് ഒരു മടിയുമില്ലല്ലോ.

  
ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ മൃതശരീരത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെ    വിസ്മയത്തോടെ 
ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പ്രകൃതിസ്നേഹിയും ഹിമാലയസഞ്ചാരം നടത്തിയ കമ്മ്യൂണിസ്റ്റും, ലോക്സഭയിലും   
നിയമസഭയിലുമൊക്കെ അംഗവുമായിരുന്ന കെ.വി. സുരേന്ദ്രനാഥിന്റെ മൃതശരീരത്തിന്‍റെ കാല്‍ക്കലാണ് കവി സാഷ്ടാംഗം പ്രണമിച്ചത്.

ലാളിത്യത്തിന്‍റെ ഗോപുരമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മഹാകവി വൈലോപ്പിള്ളിയെ പോലെ  സൈക്കിളില്‍ സഞ്ചരിച്ചിരുന്ന കവി. മഹാകവി ഇടശ്ശേരിയെ പോലെ  ഖദര്‍ ജൂബയും ഖദര്‍ മുണ്ടും വേഷമാക്കിയിരുന്ന കവി. 
യുവകവികളോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന   കവി. നിരവധി കവികളെ കുറിച്ചു കവിതയെഴുതിയ ഏകകവി, 

മറ്റു കവികളുടെ നിരവധി കവിതകളെ കുറിച്ചു കാവ്യപ്രതികരണം നടത്തിയ കവിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്.ഇതില്‍ ഓ.എന്‍.വി, കടവനാട് കുട്ടികൃഷ്ണന്‍, എം.എന്‍. പാലൂര്, വി.കെ.ഗോവിന്ദന്‍ നായര്‍, ഏറ്റുമാന്നൂര്‍ സോമദാസന്‍  തുടങ്ങിയവരുടെയൊക്കെ കവിതകളോടുള്ള സന്തോഷപ്രകടനമുണ്ട്. 

മറവി രോഗം ബാധിക്കുന്നതുവരെ അത്ഭുതകരമായ ഓര്‍മ്മശക്തിയുണ്ടായിരുന്ന കവി. ഒരു സഞ്ചാരവേളയില്‍ മഹാകവി വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പൂര്‍ണ്ണമായും ഹൃദയത്തില്‍ നോക്കി വായിക്കുന്നത് വിസ്മയത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.  

അദ്ദേഹത്തിന്‍റെ ആദവും ദൈവവുമെന്ന കവിത പഠിപ്പിക്കരുതെന്നു പറഞ്ഞു ക്രിസ്ത്യാനികള്‍ ബഹളമുണ്ടാക്കി.ഏതു മതവും ഭയപ്പെടുന്നതു പാഠ പുസ്തകങ്ങളെയാണല്ലോ. അറിവുണ്ടായാല്‍ വേദപുസ്തകം അപ്രസക്തമാകുമെന്നതാണതിനു കാരണം.

വയലാറിന്‍റെ കവിതയില്‍ ധൂമില ദിങ്മുഖ ദേവാലയാങ്കണ-
പ്പൂമുഖത്തെത്തിയ യഹോവ വിഷണ്ണതയോടെ പശ്ചാത്തപിക്കുന്നുണ്ടല്ലോ. പറുദീസയില്‍ നിന്നു  മനുഷ്യനെ തച്ചിറക്കേണ്ടായിരുന്നു എന്നാണ് ദൈവം ചിന്തിക്കുന്നത്. വിഷ്ണു  നാരായണന്‍ നമ്പൂതിരിയുടെ ആദവും ദൈവവുമെന്ന കവിതയില്‍ ദൈവം ആദാമിനെ കാണാനായി ഏദന്‍ വിട്ടു വരുകയും ആദാമിനെ  തിരിച്ചു വിളിക്കുകയുമാണ്. ഹവ്വയില്ലാതെ എങ്ങോട്ടുമില്ലെന്ന് ആദം തറപ്പിച്ചു പറയുന്നു. 
ഹവ്വയെയും കൂട്ടിക്കൊള്ളാന്‍ ദൈവം അനുവദിക്കുകയും  ചെയ്യുന്നു. പക്ഷേ, ഈ മനോഹരമായ ഭൂമിവിട്ടുപോകാന്‍ ആദം കൂട്ടാക്കുന്നില്ല. അറിവിന്‍റെ മധുരക്കനി  തിന്നവരാണ് ആദവും 
ഹവ്വയുമെങ്കില്‍, ആ കനിയുടെ  കയ്പ്പുള്ള പുറന്തൊലി തിന്നുകയാണ് താനെന്നു ദൈവം പരിതപിക്കുന്നു. മനുഷ്യപക്ഷത്തുനിന്നുള്ള മഹത്തായ ഒരു രചനയ്ക്കാണ് മത തീവ്രവാദത്തിന്‍റെ വേട്ടയാടലിനു വിധേയയമാകേണ്ടിവന്നത്.
ദൈവത്തിനു  മുന്നിലല്ല, മാനവികതയ്ക്കു മുന്നിലാണ്  അദ്ദേഹത്തിന്റെ  സാഷ്ടാംഗ പ്രണാമം.

ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച അദ്ദേഹത്തിനു അമ്മയുടെ ആഗ്രഹ പ്രകാരം  തിരുവല്ലയിലെ പ്രസിദ്ധമായ ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തി പദം ഏറ്റെടുക്കേണ്ടിവന്നു. അദ്ദേഹത്തിന്‍റെ നമസ്ക്കാരശീലം അന്നും പ്രശ്നമായി. ക്ഷേത്രത്തിലെത്തിയ സുഗതകുമാരിയെ നമസ്ക്കരിച്ചതിന് അദ്ദേഹത്തിനു മറുപടി പറയേണ്ടതായി വന്നു. നമ്പൂതിരിയായ മേല്‍ശാന്തി നായര്‍സ്ത്രീയെ നമസ്ക്കരിച്ചതായിരുന്നു കുറ്റകൃത്യം. ഇംഗ്ലണ്ടില്‍ പോയി സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ ചെയ്തതു പോലെയുള്ള വേദാഭിമാന പ്രഭാഷണം നടത്തിയതിനാല്‍ ബ്രാഹ്മണ വര്‍ഗീയ സംഘടനയായ യോഗക്ഷേമസഭ അദ്ദേഹത്തെ അശുദ്ധനാക്കുകയും ചെയ്തു.

സുഗതകുമാരിയെ നമസ്ക്കരിച്ചതിന് വേറെ ചില തൊടുന്യായങ്ങളൊക്കെ ചിലര്‍ കണ്ടെത്തുകയും പത്രങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അപരിഷ്കൃതമായ നമ്പൂതിരി- നായര്‍ പ്രശ്നമായിത്തന്നെ കണ്ടുകൊണ്ട്  സുഗതകുമാരിയെഴുതിയ ലേഖനം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്  
ബോദ്ധ്യപ്പെടുകയും അദ്ദേഹത്തിന്‍റെ സമ്പൂര്‍ണ്ണ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ അന്യജാതിക്കാരോടൊപ്പമിരുന്നു ആഹാരം കഴിച്ചതിനും അദ്ദേഹത്തിനു മറുപടി പറയേണ്ടി വന്നിട്ടുണ്ട്. പൌരോഹിത്യപ്പട്ടു വിരിച്ച പീഠത്തില്‍ ഇരിക്കേണ്ടിവന്നപ്പോഴും അയിത്തം തുടങ്ങിയ ദുരാചാരങ്ങളെ അദ്ദേഹം ജീവിതത്തില്‍ നിന്നും ഒഴിവാക്കി. നവോത്ഥാന ശുദ്ധീകരണം കടന്നുവന്ന കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കവിക്ക് അയിത്തം തുടങ്ങിയ അനാചാരങ്ങളെ അംഗീകരിച്ചു കൊണ്ടു ജീവിക്കാന്‍ സാധിക്കില്ല. 

സഞ്ചാരിയായ കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. 
അത്ഭുതാദരങ്ങളോടെ ഹിമാലയത്തില്‍ കറങ്ങി നടന്ന കവി 
ഇംഗ്ലണ്ടിലും ഗ്രീസിലും  അമേരിക്കയിലും അട്ടപ്പാടിയിലും ഉജ്ജയിനിയിലുമൊക്കെ സഞ്ചരിച്ചു.. 

ജയപ്രകാശ് നാരായണന്റെ   ജീവിതശൈലിയെ അഭിവാദ്യം ചെയ്ത വിഷ്ണുനാരായണന്‍ നമ്പൂതിരി  ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കാള്‍മാര്‍ക്സിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. ചവിട്ടിയരക്കപ്പെടാതിരിക്കാനും , തലയുയര്‍ത്തി നില്‍ക്കാനും  തന്നെ    പ്രാപ്തനാക്കിയതിന്    കവി മാര്‍ക്സിനോട് നന്ദിയും പറയുന്നുണ്ട്.

ആത്യന്തികമായി പ്രകൃതി പശ്ചാത്തലമായുള്ള മനുഷ്യനെ പ്രണമിച്ച കവിയായിരുന്നു  വിഷ്ണുനാരായണന്‍ നമ്പൂതിരി.