Friday 25 June 2021

മഞ്ഞക്കുതിര

 വെളുത്ത കണ്ണും ചാരക്കാലും

പളുങ്കുകൊണ്ടു കുളമ്പും
കറുത്ത വാലും ചെമ്പൻ ചെവിയും
ദിനോസറിൻ തീമൊഴിയും
അടുത്തുചെന്നാ മഞ്ഞക്കുതിര-
പ്പുറത്തുകയറീ മോഹം
കുതിച്ചു പാഞ്ഞു ഗുഹാമുഖത്തേയ്-
ക്കിരമ്പുമെൻ വ്യാമോഹം
വരണ്ടഗംഗകൾ കണ്ടൂ കാറ്റിൻ
വിരണ്ട പാട്ടും കേട്ടു
തളർന്നശീലിൻ ശകലങ്ങള്
തീ കവർന്ന ശാന്തിക്കൂടാരം
നിറഞ്ഞ കണ്ണുകള്
നീറിപ്പുകയും മനസ്സുകൾ
തേൻകുടുക്കയിൽ വിഷങ്ങൾ
വിങ്ങും വിഷമങ്ങള്
ശരങ്ങൾ കീറിയ സത്യങ്ങള്
നിറങ്ങള് മങ്ങിയ സ്വപ്നങ്ങൾ
പദങ്ങള് തെറ്റിയ നൃത്തങ്ങള്
തുരുമ്പു ചൂടിയ ദാഹങ്ങൾ
ചിരങ്ങുചുറ്റിയ ചന്തങ്ങൾ
അണഞ്ഞ കായൽപ്പന്തങ്ങൾ
പിരിഞ്ഞുപോകും പ്രേമങ്ങൾ
ഗുഹാമുഖത്തെ ചിത്രത്തില്
പിടഞ്ഞ മർത്ത്യക്കോലങ്ങൾ
മഞ്ഞക്കുതിര മടിച്ചു നിൽക്കേ വഴി-
മുന്നിലില്ലാഞ്ഞു ഞാൻ മണ്ണിൽനിന്നു
പെണ്ണൊന്നുവന്നെന്റെ കൈപിടിച്ചു
നെഞ്ചോടുചേർത്തു ചിരിച്ചു നിന്നു
വസ്ത്രമില്ലാത്തവൾ
കൺകോണുകൊണ്ടെന്നി-
ലസ്ത്രം തറച്ചവൾ
മദ്യം ചുവയ്ക്കുന്ന സ്വപ്നങ്ങളുള്ളവൾ
കണ്ണുകൊണ്ടും മുലക്കണ്ണുകൊണ്ടും ക്ഷണി-
ച്ചെന്നെഗ്ഗുഹക്കുള്ളിലാക്കുന്നു
നഗ്നശിൽപങ്ങളിൽ സംഭോഗശൃംഗാര-
പദ്യങ്ങള്, ചമ്പുക്കൾ, ഉണ്ണുനീലിക്കുള്ള-
കത്തുകൾ കത്തുന്ന ചന്ദ്രോൽസവക്കാല-
ചർച്ചകൾ, മേദിനീവെണ്ണിലാവിൻ കാലു-
നക്കുന്ന കാവ്യകാരൻമാർ, ചെറുകര-
കുട്ടത്തിയാളുടെ പൊക്കിൾക്കുഴിയിലേ-
ക്കെത്തിനോക്കുന്ന പകർപ്പവകാശികൾ
കാഴ്ചകള് കാഴ്ചകള് മേളംമദിക്കുന്ന-
വേഴ്ചകൾ, തൊട്ടെന്നെ നീ വിളിക്കുന്നുവോ?

ഗാന്ധർവ്വസമ്മേളനം കണ്ട തൊട്ടിലില്
വാത്സ്യായനം കൊത്തിവെച്ചൊരാക്കട്ടിലിൽ
ഉണ്ണിയച്ചിക്കുള്ള വേർപ്പും
മദസ്രവഗന്ധവും ചൂഴ്ന്നു മരിച്ചൊരാമെത്തയിൽ
മാരലേഖാ സ്തനപീഡിതമാം മലർ-
ശീലയിൽ നമ്മൾക്കുമാവർത്തനത്തിന്റെ
കാവ്യം രചിക്കാന് തിടുക്കമാകുന്നുവോ?
ആതിഥേയേ വയ്യ
പിന്നിട്ട പാതയില്
പാതിവളർന്നു മരിച്ച സംഗീതമെൻ
നാഡിയിൽ
പ്രജ്ഞയിൽ
ചോരയിൽ
സംഹാര താണ്ഡവമാടുന്നൂ
വിട്ടയച്ചേക്കുക
പായുന്നു ഞാനീ
ഗുഹാമുഖംവിട്ടെന്റെ
പാതകള് തേടി മറിഞ്ഞുവീഴുന്നുവോ
മഞ്ഞക്കുതിരച്ചവിട്ടുകളേറ്റെന്റെ
കണ്ണുപൊട്ടുന്നുവോ?
കാലൊടിയുന്നുവോ?

Tuesday 22 June 2021

ജടായുപ്പാറയും ഹരി കട്ടേലും


കെട്ടുകഥയിലേക്ക് ഒരു വിനോദയാത്ര എന്ന നിലയില്‍ ഇപ്പോള്‍ വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഒരിടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. 

പ്രമുഖ സിനിമാസംവിധായകനും കലാകാരനുമായ രാജീവ് അഞ്ചല്‍ ഇടതു വലതു സര്‍ക്കാരുകളുടെ സഹകരണത്തോടെ അത്യാകര്‍ഷകമായി, ഭീമാകാരനായ ഒരു പക്ഷിരൂപവും അനുബന്ധകാര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.ലോകത്തുള്ള  പക്ഷിശില്‍പ്പങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ ഒറ്റച്ചിറകുള്ള ശില്‍പ്പം.ഹെലിപ്പാഡും കേബിള്‍ കാറുമടക്കം എല്ലാ സഞ്ചാര സൌകര്യങ്ങളും അവിടെയുണ്ട്. സാഹസികര്‍ക്കു  പടികയറിയോ പാറയില്‍ തൂങ്ങിയോ കയറാനുള്ള സൌകര്യവും ഉണ്ട്.ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിച്ച്  ഹരിതഭംഗി വരുത്തിയിട്ടുമുണ്ട്.

ലെജന്‍ഡ് ടൂറിസം എന്നു വിളിക്കാവുന്ന ഈ പദ്ധതിക്കു അടിസ്ഥാനമായത് രാമായണകഥ തന്നെയാണ്. ഇന്ത്യയിലും ഇന്തോനേഷ്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും പണ്ടുപുരാതന കാലം മുതലേയുള്ള കഥ. വാത്മീകി മഹര്‍ഷിയോ അതിനുമുന്‍പുണ്ടായിരുന്ന ഏതോ നാട്ടുകവിയോ കെട്ടിയുണ്ടാക്കിയ രാമന്റെയും സീതയുടെയും കഥ. 

ദൈവാവതാരമായ രാമന്റെ ഭാര്യയെ രാവണന്‍ കട്ടു കൊണ്ടുപോകുന്നു. ജടായു എന്ന പക്ഷി യാത്ര തടയുന്നു. രാവണന്‍ ചന്ദ്രഹാസം കൊണ്ട് പക്ഷിയുടെ ചിറകു ഛേദിക്കുന്നു. ഈ കഥ രാജാരവിവര്‍മ്മയടക്കം പല കലാകാരന്മാരേയും പ്രചോദിപ്പിച്ചിട്ടുണ്ട്.

രാമായണകഥയുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പലയിടത്തും പ്രചരിച്ചിട്ടുള്ളതുപോലെ ഇവിടെയും ഒരു കഥ രൂപപ്പെട്ടു.അതാണ് ഐതിഹ്യപ്രധാനമായ ജടായുപ്പാറ.

എന്നാല്‍ ചരിത്രവും ഐതിഹ്യവും രണ്ടാണല്ലോ. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തോളം  അടി ഉയരമുള്ള  ജടായുപ്പാറയുടെയും .ആ പാറ നിലകൊള്ളുന്ന ചടയമംഗലത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ചരിത്രകാരനായ ഹരികട്ടേല്‍. 

കെട്ടുകഥയുടെ ഭക്തിരസത്തില്‍ മുങ്ങി വോട്ടുതട്ടിപ്പിനിരയാകാതിരിക്കാന്‍  ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി നമ്മള്‍ അറിയേണ്ടതുണ്ട്.

ജടായുപ്പാറയുടെ പഴയ പേര് മേലൂപ്പാറയെന്നായിരുന്നു.
ചടയമംഗലം ജടായുമംഗലം ആയിരുന്നില്ല. ജടായുവില്‍ നിന്നല്ല അതിന്റെ ഉത്ഭവം.ചടയനില്‍ നിന്നോ ചടയയില്‍ നിന്നോ ആണ്.
ചടയമംഗലത്ത് ഉണ്ടായിരുന്നത് ആര്യന്‍മാരല്ല.ദ്രാവിഡരായിരുന്നു.അവര്‍ വൈഷ്ണവരല്ല. ശൈവരായിരുന്നു. ചടയനെന്നാല്‍ ശിവനെന്നാണ് അര്‍ത്ഥം. ചടയമംഗലമെന്ന പേര് പന്ത്രണ്ടാം നൂറ്റാണ്ടിനു മുന്‍പുതന്നെ നിലവിലുണ്ട്.

പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ആയ് കുല രാജാക്കന്മാരില്‍ ഒരാളുടെ പേര് ചടയനെന്നാണ്. ആയ് രാജവംശത്തെ ഓര്‍മ്മിപ്പിക്കുന്ന ആയൂരും സമീപത്തുണ്ട്. അതിനാല്‍ ആ രാജാവിന്‍റെ പേരില്‍ നിന്നും ചടയമംഗലം ഉണ്ടാകാവുന്നതാണ്.ചടയമംഗലത്തു നിന്നും  ഒരു കുതിരയ്ക്ക് അധികം ആയാസമില്ലാതെ  ഓടിയെത്താവുന്ന കൊട്ടാരക്കരയിലുള്ളത് ചടയന്‍ കാവാണ്. ജടായുക്കാവല്ല.
 
ഡോ.എന്‍.ആര്‍.ഗോപിനാഥപിള്ള, ചടയമംഗലത്തിന് ശിവമംഗലം എന്നു അര്‍ത്ഥം കൊടുത്തിട്ടുമുണ്ട്.ഈ പ്രദേശം ഏതെങ്കിലും മിത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ അത് രാമനെയല്ല.
ശിവനെയാണ്.

രാവണനും ജടായുവും തമ്മിലുള്ള പോരിന് ചടയമംഗലവുമായോ സമീപസ്ഥലമായ പോരേടവുമായോ ഒരു ബന്ധവുമില്ല.രാമായണം കഥയനുസരിച്ച് ദണ്ഡകാരണ്യത്തില്‍ വച്ചോ പരിസരപ്രദേശത്തു വച്ചോ ആണ് രാവണനും ജടായുവുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.

ജടായു വീണത് തിരുപ്പതിക്കടുത്തുള്ള ലേപാക്ഷിയിലാണെന്ന് അവിടെയുള്ളവര്‍ പറയുന്നു. അവിടെയുമുണ്ട് പാറപ്പുറത്ത് ചിറകു വിരിച്ച് നില്‍ക്കുന്ന പക്ഷി.മറ്റു ചിലര്‍ പറയുന്നതു ഗോദാവരീ തീരത്തുള്ള പഞ്ചവടിക്കടുത്തെവിടെയെങ്കിലും ആയിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ അതിപ്പോള്‍ മഹാരാഷ്ട്രയിലാണ്. 

ഈ സ്ഥലമൊന്നും കേരളത്തിലല്ല. മംഗലം എന്ന പേരിനു ബുദ്ധമതത്തോടും ജൈനമതത്തോടുമാണ് ചാര്‍ച്ച. ഹൈന്ദവതയോടല്ല. പാറകളില്‍ പിളര്‍പ്പുകളും അടയാളങ്ങളുമൊക്കെ കാണുക സ്വാഭാവികം.അതൊക്കെ രാമപാദങ്ങളും ജടായുവിന്റെ കൊക്കടയാളവുമാണെങ്കില്‍ ജടായു വീഴാത്ത പാറക്കെട്ടുണ്ടാവില്ല. ഐതിഹ്യം ആസ്വദിക്കുകയേ ആകാവൂ. ചരിത്രമല്ലല്ലോ.

ഹരി കട്ടേല്‍.പുസ്തകത്തിലെ  നിഗമനങ്ങളില്‍ എത്തുന്നത്, സംഘകാല സാഹിത്യകൃതികളടക്കം പരിശോധിച്ചിട്ടാണ്. പഴമക്കാരുമായി നേരിട്ടുള്ള അന്വേഷണവും ജനകീയാസൂത്രണ കാലത്ത് ചടയമംഗലം പഞ്ചായത്ത് പുറത്തിറക്കിയ ചരിത്രരേഖയും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

അറുപത്തഞ്ച് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ചടയമംഗലത്തെ പാറ.അതില്‍ ഇരുനൂറ് അടി നീളത്തിലും നൂറ്റിയന്‍പത് അടി വീതിയിലും എഴുപത്തഞ്ചടി ഉയരത്തിലുമാണ് അത്യാകര്‍ഷകമായ ഈ പക്ഷിശില്‍പ്പം നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോഴുള്ള സിമന്‍റിന്‍റെ അപ്രിയത, കാലക്രമേണ പ്രകൃതി പെയിന്‍റടിച്ച് പാറയ്ക്കനുയോജ്യമാക്കുമെന്ന് കരുതാം.

തൊട്ടടുത്തു തന്നെ  ഒരു ശ്രീരാമ ക്ഷേത്രവും ഉണ്ട്. ഇവിടെയുള്ള ശ്രീരാമ പ്രതിമ 1971ല്‍ സ്ഥാപിച്ചതാണെന്നു ഹരി കട്ടേല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സിമന്റ് പ്രതിമയായിരുന്നു അത്. ഞാനടക്കമുള്ള പലരും അടുത്തുനിന്നതു കണ്ടിട്ടുണ്ട്.  വിനോദസഞ്ചാരികള്‍ കണ്ണെത്താക്കാലത്തോളം പക്ഷിശില്‍പ്പം കാണാന്‍ എത്തുമെന്നുള്ളതിനാല്‍ ഈ ശ്രീരാമ ക്ഷേത്രത്തിന് നല്ല വരുമാനം ഉണ്ടാകാനുള്ള സാധ്യതയും തെളിഞ്ഞു. ചടയമംഗലം ജംഗ്ഷനിലുള്ള ഗാന്ധിപ്രതിമയുമായി ഒരു തരതമ്യം നടത്തിയാല്‍ സമൂഹത്തിലെ ധനിക ദരിദ്ര വ്യത്യാസവും മനസ്സിലാക്കാം.

റവന്യൂ ഭൂമിയിലുള്ള  ജടായുപ്പാറയിലെ വിനോദസഞ്ചാരകേന്ദ്രം 
രാജീവ് അഞ്ചലിന് ബി ഓ.ടി വ്യവസ്ഥയിലാണ് നല്‍കിയിട്ടുള്ളത്. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം ആ വസ്തുവകകളെല്ലാം സര്‍ക്കാരിന് മടക്കിക്കൊടുക്കണം. ശ്രീരാമ ക്ഷേത്രമുണ്ടാക്കിയ സ്ഥലമോ? 

ജടായു വെട്ടേറ്റു വീണ പ്രസിദ്ധമായ കെട്ടുകഥ കൂടാതെ മറ്റൊരു കഥ കൂടി ആ പ്രദേശത്തുണ്ട്. ഹരി കട്ടേല്‍ അതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പറയ സമൂഹത്തില്‍ പെട്ട ഒരു ചടയന്‍, പാറയില്‍ ചാരിയിരുന്നു മരിച്ചെന്നും ആ പാറ ചടയപ്പാറ എന്നു വിളിക്കപ്പെട്ടുവെന്നുമാണ് ആ കഥ. പാക്കനാരുടെ മക്കള്‍ ഐതിഹ്യത്തില്‍ നിന്നൊക്കെ എന്നേ ഔട്ടായിപ്പോയി!

മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വിയുടെ ജടായുസ്മൃതിയും ശില്‍പ്പം രൂപകല്‍പ്പന ചെയ്ത കലാകാരന്റെയും ബന്ധുക്കളുടെയും പ്രധാന  സഹായികളുടെയും വിവരങ്ങളും   ഭാവി തലമുറ അവിടെ വായിക്കും.. എന്നാല്‍ ഈ സന്തോഷങ്ങളോടൊപ്പം  പാറയുടെ ചരിത്രം  അവര്‍  വായിക്കില്ല. ഹരി കട്ടേലിന്റെ ചരിത്രഗവേഷണ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ആ ചരിത്രവും ചുരുക്കിയെഴുതി വച്ചെങ്കിലേ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

ചടയപ്പാറയുമായി ബന്ധപ്പെട്ടു നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഇല്ലാതാക്കിയ കഥ രാജീവ് അഞ്ചല്‍ തന്നെ ഒരിക്കല്‍ സഫാരി ചാനലിലൂടെ പറഞ്ഞത് ഓര്‍ക്കുന്നു. പാറയുടെ മുകളില്‍ രാത്രികഴിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. രാജീവ് തന്നെ അവരോടൊപ്പം രാത്രിയിലവിടെ കിടന്നുറങ്ങുകയും രാവിലെ ഉന്മേഷവാനായി ഉണരുകയും ചെയ്തു. അവിടെ രാത്രി കിടന്നാല്‍ ഏതോ അദൃശ്യശക്തിവന്ന് തൂക്കിയെടുത്തെറിയുമെന്ന അന്ധവിശ്വാസമാണ് അതോടെ ഇല്ലാതായത്. ഇപ്പോഴവിടെ ഇരുപത്തിനാല് മണിക്കൂറും മനുഷ്യരുണ്ട്.

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ ചരിത്രമാണ് ഹരി കട്ടേല്‍ പുസ്തകരൂപത്തിലാക്കിയിട്ടുള്ളത്.സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വിലപ്പെട്ട ഗ്രന്ഥത്തില്‍  നാല്‍പ്പത്തഞ്ചിലധികം സ്ഥലചരിത്രങ്ങളാണുള്ളത്.
ജ്ഞാനഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ചു ഓര്‍ത്തു വിയര്‍ക്കുന്നവര്‍ ഈ പുസ്തകം ശ്രദ്ധിയ്ക്കണം. ചരിതരചനയ്ക്ക് ആവശ്യമായ നിരവധി സാങ്കേതിക പദങ്ങള്‍ ഹരി ഈ പുസ്തകത്തില്‍ അനായാസം ഉപയോഗിച്ചിട്ടുണ്ട്.

മടിയന്‍ മല ചുമക്കുമെന്ന ചൊല്ല് ചരിത്രത്തെ സംബന്ധിച്ചു ശരിയാണ്. മടിയന്‍ വര്‍ത്തമാനകാലവും ക്ലേശിച്ചു മല ചുമക്കുന്നത് ഭാവികാലവും ആയിരിയ്ക്കും. വര്‍ത്തമാനകാലത്ത് നമ്മള്‍ രേഖപ്പെടുത്താത്തതോ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതോ ആയ കാര്യങ്ങള്‍ കണ്ടെത്താനും  നേരെയാക്കാനും  ഭാവിയിലെ ചരിത്രകാരന് വളരെ ക്ലേശിക്കേണ്ടി വരും.

Saturday 19 June 2021

ആസ്തികത്താരം


ആസ്തികത്താരവും നാസ്തികമര്‍ത്യനും 

സ്വാസ്ഥ്യമാസ്ക്കിട്ട പോളിംഗ് സ്റ്റേഷനില്‍ 

കണ്ടു,വെറുതെ ചിരിച്ചഭിവാദ്യവും 

കൊണ്ടു, ഗാന്ധിശ്ശില കണ്ടു നിന്നു.

ചന്ദനഗന്ധം പരത്തും വിരലിലെ 

സുന്ദരമായ നഖചന്ദ്രനില്‍ 

രാത്രി വരയ് ക്കേ ചിരിച്ചുവോ ക്ലാര്‍ക്കിണി

ഗൂഢസ്മിതത്തിന്‍റെ വ്യംഗ്യഭംഗി!

ചിഹ്നമമര്‍ന്നു, ചിരിച്ചതു യന്ത്രമോ 

പൊന്നരിവാളോ വെറും നോട്ടയോ!


ലൈബ്രറിയിലെ മരണം


ഒരു കയ്യില്‍ പുസ്തകം  

മറുകയ്യില്‍ പേന  

കുരുമുളകുമുപ്പും  

കുടഞ്ഞിട്ട വായന 

മുട്ടയപ്പം പോല്‍ രുചിക്കുന്ന ഖണ്ഡിക 


വായ തുറന്ന് 

കണ്ണു തുറിച്ച് 

റബ്ബര്‍ക്കസേരയില്‍ ചത്തിരിക്കുന്നു

ജ്ഞാനവിശപ്പിന്‍റെ ജന്മി 


അപ്പുറം പൂവച്ച മേശയ്ക്കിരുപുറം

വര്‍ത്തമാനപ്പുകയൂതും ചെറുപ്പം 

ഇപ്പുറം രണ്ടു പെണ്‍കുട്ടികള്‍ വിജ്ഞാനം 

കത്രിച്ചെടുക്കും തിടുക്കം 


സാരിയുടുത്ത വെളുത്ത  ലൈബ്രേറിയ 

ഫാനിന്‍റെ സ്വിച്ചിലമര്‍ത്തവേ ഞെട്ടി 

നിശ്ചലത്വത്തിന്‍ ഹിമത്വം 


ബോധം നശിച്ചു വീഴുന്നു ലൈബ്രേറിയ  

ഓടി വരുന്നു സംരക്ഷകര്‍  

ഗ്രന്ഥങ്ങളമ്പരന്നങ്ങോട്ടു നോക്കവേ 

ആംബുലന്‍സിന്നോരിയെത്തി


പോസ്റ്റ് മോര്‍ട്ടം മേശ സാക്ഷ്യപ്പെടുത്തി 

നീലിച്ചു നിഷ്പന്ദ ഹൃദയം 


പോലീസ് മഹസ്സര്‍ 

അവശിഷ്ടമിങ്ങനെ 


വെളുത്ത ഷര്‍ട്ട് 

വെളുത്ത ഷൂസ് 

വെളുത്ത കാലുറ 

വെള്ളക്കാലന്‍ കട്ടിക്കണ്ണട

വെളുത്ത പേഴ്സില്‍ നോട്ടുകള്‍ നാല്

ഐഡി കാര്‍ഡുകളില്ല.

ഇടത്തു കീശയില്‍   ഗ്രന്ഥം നോക്കി 

വിതച്ച വയലറ്റ് നോട്ട് 


അക്ഷരം തീണ്ടി മരിച്ചതാണീ പാവം 

ലക്ഷണം കണ്ടാല്‍  മരണം.


വായിച്ചിരിക്കെ 

മരിച്ച.മരണമേ 

ജീവിതാസക്തിയാല്‍  പുഷ്പചക്രം 


നാട്ടുകാഞ്ഞിരം


നാട്ടുകാഞ്ഞിരക്കൊമ്പിലെ

കാറ്റു പാറിച്ച വെണ്‍കൊടി

സൂര്യനഖം  തൊട്ടനേരം

വേലി ചാര്‍ത്തി കരിങ്കൊടി 


കൊടിത്തണലില്‍ കീരികള്‍ 

ഉരഗനൃത്തമാടുമ്പോള്‍

മിഴി തുറന്നു കാണുന്നേ

പുലിപ്പുറത്തെ പെണ്‍കൊടി   


കൊടി പറന്ന കാഞ്ഞിരം 

പുലി മറഞ്ഞ കാലത്തെ 

നിലവിളികളോര്‍ത്തുവോ 

നില മറന്നു നോക്കിയോ 


നോക്കി നില്‍ക്കെ മാനത്തുള്ള 

ഡാമുകള്‍ തകര്‍ന്നു വീണു 

ഘോരമാരി,യാറുകളില്‍

തേക്കുമരം നീന്തിപ്പോയി 


പോയകാലം താണ്ടിവന്ന 

പുലിയമ്മേ പെണ്‍കൊടിയേ 

നെഞ്ചിലിപ്പോളെന്തുകൊണ്ടീ

പുതുകാല ഗാനക്കാട് 


"കാട്ടുവെള്ളുള്ളിപ്പൂക്കളാല്‍

ഡ്രാക്കുളയ്ക്കഭിവാദനം

പാട്ടു കെട്ടിയ കൂട്ടിന്

നോട്ടു കൊണ്ടൊരു കാനനം"


Wednesday 9 June 2021

ദ്വീപിലെ സഫയും മഞ്ചേരിയിലെ മാളവികയും


കേരളത്തിനും ലക്ഷദ്വീപിനും തമ്മില്‍ കിസ്സപറയാന്‍ ഒരു കടലോളം കാര്യങ്ങളുണ്ട്.എറണാകുളത്ത് കോടതിയുള്ള കേരളത്തിന്‍റെ ഒരു ജില്ല പോലെയുള്ള പ്രദേശം.

അവിടെ നിന്നും അഭയാര്‍ഥിപ്രവാഹം ആരംഭിച്ചിരിക്കയാണ്.ഇന്ത്യക്കാര്‍ക്ക്,ഇന്ത്യയിലേക്ക്  രോഗഭീതികൊണ്ടല്ലാതെ സ്ഥലം വിട്ടുപോകേണ്ടുന്ന അവിശ്വസനീയമായ ദുരവസ്ഥ. സ്വന്തം ജനങ്ങളെ ശത്രുക്കളായി  കാണുന്ന ഒരു ഭരണകൂടം സൃഷ്ടിച്ചതാണീ ദുരവസ്ഥ.

ലക്ഷദ്വീപിന്റെയും കേരളത്തിന്‍റെയും മാനസിക ഇഴയടുപ്പം തെളിയിക്കുന്ന കഥയാണ് സഫയുടെയും മാളവികയുടെയും സ്നേഹകഥ.

ലക്ഷദ്വീപില്‍ നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലെത്തിയ അസംഖ്യം വിദ്യാര്‍ഥിനികളില്‍ ഒരുവളാണ് ലൂക്ക്മാനുല്‍ സഫ.മഞ്ചേരിയിലായിരുന്നു വിദ്യാഭ്യാസം. നാടാകെ കോവിഡ് വ്യാപിച്ച നോമ്പുകാലം.സഫയ്ക്ക് നോമ്പ് കുട്ടിക്കാലം മുതലേ പരിചയമുള്ളത്.പുണ്യമാസമെന്നൊന്നും കൊറോണ സൂക്ഷ്മാണുവിനില്ലല്ലോ. കൂടെയുള്ളവരെല്ലാം ഹോസ്റ്റല്‍ വിട്ടു. ലക്ഷദ്വീപിലേക്കുള്ള ഗതാഗതവും ഇല്ലാതായി. വീട്ടിലെത്താന്‍ ഒരു വഴിയുമില്ലാതെ സഫ കുടുങ്ങി. 

അപ്പോഴാണ് ഒപ്പം പഠിക്കുന്ന മാളവിക സഫയെ ചേര്‍ത്തുപിടിച്ചത്. വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു.മതേതര കേരളത്തിന്‍റെ മാനുഷികബോധത്തില്‍ അഭിമാനിക്കുന്ന പ്രദീപിന്‍റെയും ബിന്ദു ടീച്ചറുടെയും മകളാണ് മാളവിക.താമസിപ്പിച്ചുവെന്ന് മാത്രമല്ല സഫമോളുടെ വ്രതാനുഷ്ഠാനത്തില്‍ ആ കുടുംബവും ആഹാരമുപേക്ഷിച്ചു പങ്കു ചേര്‍ന്നു.

ലക്ഷദ്വീപിലുണ്ടാകുന്ന ഏത് അസ്വസ്ഥതയും കേരളത്തിന്‍റെ സ്വാസ്ഥ്യം കെടുത്തും. ഇപ്പോള്‍ ആ സ്വാസ്ഥ്യക്കേടിലാണ് ദ്വീപും കേരളവും.

പറഞ്ഞാല്‍ വിശ്വസിക്കുമോ? ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ജനാധിപത്യരാജ്യമെന്ന്  പ്രകീര്‍ത്തിക്കപ്പെടുന്ന ഭാരതത്തിന്‍റെ ഒരു ഭാഗമായ ദ്വീപില്‍ രണ്ടുമക്കളില്‍ കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലത്രേ!

മീന്‍പിടിക്കാന്‍ പോകുമ്പോള്‍ ബോട്ടില്‍ സര്ക്കാര്‍ പ്രതിനിധിയെയും കൂട്ടണമത്രേ. ബോട്ടുകളില്‍ ക്യാമറ ഘടിപ്പിക്കണമത്രേ!

തെങ്ങിന്‍ ചുവട്ടില്‍ ചൂട്ടോ കൊതുമ്പോ ഓലയോ മച്ചിങ്ങയോ കാണാന്‍ പാടില്ലത്രേ!

ഭരണാധികാരിയുടെ നാടായ ഗുജറാത്തിലില്ലാത്ത മദ്യം ദ്വീപിലൊഴുക്കാമത്രേ!

കടപ്പുറത്ത് വള്ളം കയറ്റി വയ്ക്കാനോ മീനുണക്കാനോ പാടില്ലത്രേ!

സമീപത്തുള്ള ബേപ്പൂരിലേക്ക് ചരക്കുകപ്പല്‍ പോകാന്‍   പാടില്ല.പകരം കര്‍ണ്ണാടകയിലെ മംഗലാപുരത്തെക്കാണ് പോകേണ്ടത്!

സ്ക്കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണത്തില്‍ ഇറച്ചിക്കറി കഴിക്കാന്‍ പാടില്ല!

ഇങ്ങനെ ഒരു ജനതയുടെ ജീവിതത്തിനുമേല്‍ അവിശ്വസനീയമാം വിധം ഭരണക്കാരുടെ കൂടനീതികള്‍. മുഹമ്മദ് ബിന്‍ തുഗ്ലക്ക് നൂറുതവണ തോറ്റുപോകുന്ന പരിഷ്ക്കാരങ്ങളാണ് ഇവയെല്ലാം.

ദ്വീപുനിവാസികള്‍ പാവങ്ങളാണ്.കുറ്റം ചെയ്യാത്തവര്‍. വീടുകളെ മതില്‍കെട്ടി മറയ്ക്കാത്തവര്‍.പാമ്പും പട്ടിയും കാക്കയുമില്ലാത്ത നാട്ടില്‍ മീന്‍ പിടിച്ചും തേങ്ങാച്ചമ്മന്തിയരച്ചു കഴിച്ചും ജീവിക്കുന്ന നല്ല മനുഷ്യര്‍. സസ്യഭുക്കുകളുടെ നരമേധാസക്തിയില്ലാതെ ബീഫ് ബിരിയാണി ആഘോഷമാക്കുന്നവര്‍. ദഫ് മുട്ടിയും സബീനപ്പാട്ടും ഡോലിപ്പാട്ടും പാടിയും ജീവിതത്തെ സന്തോഷകരമാക്കുന്നവര്‍.

അവിടേക്കു വന്ന ഭരണാധികാരിയെ ആ പാവങ്ങള്‍ കോല്‍ക്കളിയും പരിചകളിയുമായി സ്വീകരിച്ചു.ഉണങ്ങിയ വാഴയിലയില്‍ പൊതിഞ്ഞ ദ്വീപലുവയും ഇളനീരും സമ്മാനിച്ചു.  പിന്നെയാണ്  മനുഷ്യവിരുദ്ധമായ ഒരു തിരക്കഥയുമായാണ് ഭരണാധികാരി വന്നതെന്നവര്‍ തിരിച്ചറിയുന്നത്. സൌന്ദര്യവല്‍ക്കരണമെന്നും കീടനശീകരണമെന്നുമൊക്കെ പറഞ്ഞ് തെങ്ങുകള്‍ക്ക് കാവിനിറം പൂശിക്കൊണ്ടായിരുന്നു തുടക്കം.. പൌരത്വ ബില്ലിനെതിരെയുള്ള ബാനറാണ് അദ്ദേഹത്തെ ആദ്യം ചൊടിപ്പിച്ചത്.  പിന്നെ ഓരോ നടപടിയും ദ്വീപിലെ സമാധാനവും സംസ്ക്കാരവും തകര്‍ക്കുന്ന രീതിയിലുള്ളതായിരുന്നു

ആടിനെ കൊല്ലാന്‍,ആട് പട്ടിയാണെന്ന് പ്രചരിപ്പിക്കുക.അതേ റ്റുകഴിഞ്ഞാല്‍ പേപ്പട്ടിയാണെന്നു പറയുക.പിന്നെ കാര്യം എളുപ്പമായി. ആടിനെ കൊല്ലുകയും ആടിന്റെ ഉടമസ്ഥയായ പാത്തുമ്മയെ വേദനിപ്പിക്കുകയും ചെയ്യാം.
അതാണിപ്പോള്‍ ലക്ഷദ്വീപില്‍ നടക്കുന്നതു.

ലക്ഷദ്വീപിലെ സഹോദരരേ, നിങ്ങള്‍ ഒറ്റയ്ക്കല്ല. ഞങ്ങള്‍ കൂടെയുണ്ട്. ഞങ്ങള്‍ മാത്രമല്ല, സമാധാനപ്രിയരായ എല്ലാ ഇന്ത്യക്കാരും നിങ്ങളോടൊപ്പമുണ്ട്.

ദ്വീപ് നിവാസികളുടെ ഭരണം അവിടെയുള്ളവര്‍ക്കുതന്നെ കൈമാറിക്കൊണ്ട് അഡ്മിനിസ്ട്രേറ്ററുടെ അധികാരം ഗണ്യമായി  കുറയ്ക്കുന്നതിനെ കുറിച്ചു ആലോചിക്കുവാനും സമയമായിട്ടുണ്ട്.

കേരളത്തിന്‍റെ ബഹുമാന്യനായ ഗവര്‍ണ്ണര്‍ മടക്കിവച്ച പുസ്തകമാണോ ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ തുറന്നു വായിക്കാന്‍ ശ്രമിക്കുന്നത്?