Tuesday 22 February 2022

കത്തുകള്‍

 കത്തുകള്‍ 

-----------------

ജയിലിന് 

---------------

ജയിലേ

ഇരുമ്പുവാതില്‍ തുറന്നു വയ്ക്കണേ

ഞാന്‍ വരുന്നുണ്ട് 


വായ് മൂടിക്കെട്ടിയപ്പോള്‍ നിലവിളിച്ചതിന്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവനെ 

തിരിച്ചറിഞ്ഞതിന് 

ബാലികയെ ബലാല്‍ഭോഗം ചെയ്യുന്നത് 

കണ്ടുനിന്ന വിഗ്രഹം ഉടച്ചതിന് 

വധശിക്ഷക്ക് വിധിക്കപ്പെട്ട് 

ഞാന്‍ വരുന്നുണ്ട്..


ഒരു തുണ്ടു കരിയോ ചെങ്കല്ലോ

എനിക്കു തരണേ 

നിന്‍റെ ഭിത്തികള്‍ ഹൃദയം കൊണ്ട് 

അലങ്കരിക്കാനാണ്.


ഈ കത്തിന് മറുപടി വേണ്ട.



കപ്പലിന് 

--------------

കൊടികള്‍ പാറുന്ന കപ്പലേ 

നീ ഇപ്പോള്‍ എവിടെയാണ്?


നിനക്കോര്‍മ്മയുണ്ടോ?

ഓഖിക്കുന്നന്‍ തിരയില്‍ 

നീ ആടിയുലഞ്ഞപ്പോള്‍ 

മാലിയിലെ പച്ച ലഗൂണുകള്‍

സ്വപ്നം കണ്ട് ഞാന്‍ പിടിച്ചിരുന്നത്?


ബാറില്‍ വച്ചുകണ്ട വൃദ്ധയുടെ കൈപ്പടത്തില്‍ 

മുത്തം നല്കി യുവതിയാക്കിയത്?


നീ കുലുക്കി ഉണര്‍ത്തിയത്?

തീരക്കടലില്‍ അയലവേട്ടയ്ക്കു പോയ 

എന്‍റെ കൂടപ്പിറപ്പുകളെ ഓര്‍മ്മിപ്പിച്ചത്?

ഞാന്‍ പൊട്ടിക്കരഞ്ഞത്?


ചിന്നം വിളിച്ചു നീങ്ങിയ കപ്പലേ 

നീ ഇപ്പോള്‍ ഏതു കൊടുങ്കാറ്റിലാണ്?

2


തുരുത്തിന് 

------------------

കായല്‍ത്തുരുത്തേ 

പ്രിയേ,

ഇപ്പൊഴും നിന്‍റെ മുടിക്കെട്ടില്‍ 

പരുന്തുകള്‍ മുട്ടയിടാറുണ്ടോ


പേരറിയാത്ത നിലംപറ്റിച്ചെടികളില്‍ 

നക്ഷത്രപ്പൂക്കള്‍ വിരിയാറുണ്ടോ

പുള്ളിപ്പുഴു പ്രഭാതസവാരിക്ക് 

ഇറങ്ങാറുണ്ടോ


പപ്പടപ്പുല്‍ത്തുമ്പില്‍ ജനുവരിത്തുമ്പി 

സൂര്യനെ കാത്തിരിക്കാറുണ്ടോ


ഈ കത്ത് 

കാറ്റ് കൊണ്ടുവരുമ്പോഴേക്കും നിന്നെ 

ജലചൂഷകര്‍ വിഴുങ്ങിയിട്ടുണ്ടാകുമോ?



ദേശാടനപക്ഷിക്ക് 

----------------------------

മള്‍ബറിച്ചുണ്ടും മഞ്ഞിന്‍ ചിറകുമുള്ള 

യാത്രക്കാരീ 

നീ ഇപ്പോള്‍ എവിടെയാണ്?


എന്‍റെ കായലും കാഞ്ഞിരക്കൊമ്പുകളും

ഓര്‍ക്കുന്നുണ്ടോ 

കലം തലയില്‍ കമഴ്ത്തി വന്ന്

നിന്‍റെ കാമുകനെ ഞെരിച്ചു കൊന്ന 

ജലഗുണ്ട 

ഇപ്പോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റാണ്.


നിങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതി 

ആസൂത്രണം ചെയ്യുകയാണ്.


ഇതറിഞ്ഞു നീ ഇനിയും വരരുത്

കലവും തലയും ബാക്കിയുണ്ട്.


നിനക്ക് ജലചുംബനങ്ങള്‍..




കുങ്കുമച്ചാമ്പയ്ക്ക് 

----------------------------

ഓര്‍ക്കുന്നോ?

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്‍റെ

വീട്ടുമുറ്റത്തുവച്ചാണ്

നമ്മളൊരിക്കല്‍ കണ്ടത്.


നൂല്‍പ്പൂക്കളുടെ ചുവന്ന വൃത്തത്തിനു നടുവിലെ 

നര്‍ത്തകി.


മാര്‍ക്സിയന്‍ കമ്മ്യൂണിസ്റ്റിന്‍റെ 

സ്മൃതികുടീരത്തില്‍ നിന്നും 

ഞാനൊരു ചാമ്പക്കുഞ്ഞിനെ 

വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്.


ചുവപ്പിനു കൂട്ട് ചുവപ്പ്!


കത്തിനു മറുപടിവേണ്ട.

ഉദയാദിത്യനൃത്തം തുടര്‍ന്നാല്‍ മതി..




പെങ്ങള്‍ക്ക് 

-------------------

ജനിച്ചപ്പോള്‍ തന്നെ 

മരിച്ചുപോയ പെങ്ങളേ

നീയെത്ര ഭാഗ്യവതിയാണ്.


മലിനമായ കായല്‍ നീ കണ്ടില്ലല്ലോ

പൂഴിവഴിയിലെ കൈതപ്പൂക്കള്‍ വിടരുന്നതും 

അടരുന്നതും നീ കണ്ടില്ലല്ലോ

വണ്ടിപ്പുക ശ്വസിച്ച് നിന്‍റെ ശ്വാസകോശത്തില്‍ 

വിഷമഷി ഭൂപടം വരച്ചില്ലല്ലോ 

പ്രണയക്കുരിശുമായി 

മലകയറേണ്ടി വന്നില്ലല്ലോ 

വിശപ്പിന്‍റെ തീയാഴി നീന്തേണ്ടി വന്നില്ലല്ലോ 


തപാല്‍ക്കാരനില്ലാത്ത സങ്കല്‍പ്പ രാജ്യത്തെ 

മുയല്‍ക്കൂഞ്ഞേ 

നിനക്കീ ആങ്ങളയുടെ പൂമുത്തം


ചന്ദ്രോദയം

 ചന്ദ്രോദയം 

------------------

മാറില്‍ മാനുഷപാദമിട്ട മറുകും

മാനും മുയല്‍ക്കൌതുകം 

ചാറും പണ്ടു പറഞ്ഞുറഞ്ഞ കഥയും 

സാക്ഷിത്വവും ധൂളിയും 

ഏറും സൂര്യകരങ്ങളേറ്റു കുളിരിന്‍ 

തൂവാല തുന്നിക്കരി-

മ്പാറക്കൂട്ടമൊളിച്ചു വച്ചു മികവായ് 

കാണുന്നു ചന്ദ്രോദയം 


ദൂരക്കാഴ്ചയിലല്ല, സ്വപ്നമിടറും

നെഞ്ചിന്‍റെയാഴങ്ങളില്‍

വേരായ് കുത്തിയമര്‍ന്നു വ്യാധി പെരുകും

ജന്മത്തിലെ പേടിയില്‍ 

ചേരാതങ്ങനെ മാറിമാറിയകലും 

സന്ദേഹസൌന്ദര്യമേ 

പോരൂ, കാമുകി കായലിന്‍റെ മിഴിയില്‍ 

വിങ്ങുന്നു ചന്ദ്രോദയം 


കാലം കാട്ടുകടന്നലായ് ചിറകടി-

ച്ചെങ്ങും, കൊടുംമൂളലില്‍

കോലം കെട്ടു കിടക്കയാണ് ഹൃദയം,

തേടുന്നു സത്യൌഷധം

നീലപ്പോര്‍മയില്‍ പീലി നീര്‍ത്തിയുലയും

വര്‍ഷാദ്യ ഹര്‍ഷങ്ങളില്‍ 

കാലില്‍ കാര്‍ത്തളയിട്ടു കേറി വരവായ് 

ജീവന്‍റെ ചന്ദ്രോദയം 


ജൂണിന്‍ മേനി നനച്ചുലച്ചു കുതറി-

പ്പായുന്ന മണ്‍സൂണിനെ

കാണാതായതു കൊണ്ടു നിന്നു കരയും 

രക്താമ്പലേ നോക്കുക 

വേണിക്കാറണി മാഞ്ഞുപോയ മലയില്‍ 

ദു:ഖങ്ങള്‍ വൃത്താകൃതി-

ച്ചാണയ്ക്കൊപ്പമുണര്‍ന്നുയര്‍ന്നു പടരാന്‍ 

തിങ്ങുന്നു ചന്ദ്രോദയം 


വേണം താരകസന്നിഭം ജലസുമം

ചൊല്ലുന്ന കാവ്യോത്ഭവം 

ഘ്രാണിക്കാതെ കടന്നുപോയ പവനാ-

ഹങ്കാര സിംഹാസനം 

നാണം കെട്ടു നടന്നു വീണ  വഴിയില്‍ 

തുള്ളുന്ന മഞ്ഞള്‍ക്കൊടീ 

കാണാം ജീവിതസന്ധ്യയില്‍ മരണമായ് 

പൂക്കുന്ന ചന്ദ്രോദയം.


Wednesday 16 February 2022

കൈ കഴുകിച്ചല്ലേ ഊട്ടേണ്ടത്?


കുഞ്ഞുങ്ങളെയും ആരോഗ്യം നശിച്ചുപോയ വന്ദ്യവയോധികരെയും ഭിന്നശേഷിക്കാരെയും ഊട്ടേണ്ടി വരുമ്പോള്‍ കൈയല്ലേ ശുദ്ധമാക്കേണ്ടത്? കാല്‍ കഴുകിച്ചാണോ ഊട്ടേണ്ടത്?

അവിടെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ലജ്ജാകരമായ ഒരാചാരം പുറത്തു വരുന്നത്.കൊച്ചീരാജാവിന്‍റെ സ്വന്തം ദൈവമായിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ ക്ഷേത്രത്തിലാണ് കാല്‍ കഴുകിച്ചൂട്ട് നടക്കുന്നത്. അധികാരക്കൈമാറ്റത്തിന്റെയും മറ്റും കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട ഭരണാധികാരിയായിരുന്നു കൊച്ചിയിലെ രാജാവ്. ശക്തന്‍ തമ്പുരാനൊക്കെ അന്ധവിശ്വാസത്തിനെതിരെ വാളോങ്ങിയവരും ആയിരുന്നു.

ബ്രാഹ്മണരുടെ കാലില്‍ മണ്ണു പുരട്ടി  കഴുകിച്ച് ഊട്ടിയിട്ട് എച്ചിലെടുത്ത് അശുദ്ധ സ്ഥാനത്ത് തളിച്ചാല്‍ ശുദ്ധീകരിക്കപ്പെടുമെന്നുള്ളത് വളരെ പ്രാകൃതമായ ഒരു അന്ധവിശ്വാസമാണ്. ഈ അന്ധവിശ്വാസത്തെ, ന്യായീകരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളും നിലവിലുണ്ട്. തന്ത്ര സമുച്ചയം, കുഴിക്കാട്ട് പച്ച, പ്രയോഗ മഞ്ജരി തുടങ്ങിയവയാണ് മനുഷ്യനില്‍ ജാതിബോധവും അന്ധവിശ്വാസവും അനാചാരവും അടിച്ചേല്‍പ്പിക്കുന്ന ഗ്രന്ഥങ്ങള്‍.

ഈ പുസ്തകങ്ങളുടെ മാസ്റ്റര്‍ ബ്രെയിനാണ് അംബേദ് കര്‍ കത്തിച്ച മനുസ്മൃതി. കര്‍ണ്ണാടകത്തിലെ എച്ചില്‍ക്കുളിയും ഇക്കാര്യത്തില്‍ മാതൃകയാണ്. 

പാപപരിഹാരം നിര്‍ദ്ദേശിക്കുന്ന അപ്പാത്തിക്കരിയാണ് ജ്യോത്സ്യന്‍. അദ്ദേഹം കടല്‍ക്കക്കകള്‍ നിരത്തി കണ്ടുപിടിച്ചു നിര്‍ദ്ദേശിക്കുന്നതാണ് ഈ പ്രാകൃത നടപടി.

കൊച്ചി ദേവസ്വം ബോര്‍ഡ് ഇതൊരു വരുമാനമാര്‍ഗ്ഗമായിത്തന്നെ കണ്ടു. കാല്‍കഴുകിച്ചൂട്ട് എന്ന വഴിപാടു നടത്താന്‍ ഇരുപതിനായിരം രൂപയാണ് ഫീസ് ഈടാക്കുന്നത്.കൊടുങ്ങല്ലൂരെ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലുമൊക്കെ ഈ ദുരാചാരം നടക്കുന്നുണ്ട്.

ബ്രാഹ്മണരുടെ കാല്‍കഴുകിച്ച് ഊട്ടി പാപത്തില്‍ നിന്നും രക്ഷപ്പെടാനായി ഇരുപതിനായിരം രൂപയും പിടിച്ച് നില്‍ക്കുന്ന സാക്ഷരമലയാളിയെ ഓര്‍ത്തു ചിരിക്കണോ കരയണോ എന്നറിയില്ല. അതിനെക്കാള്‍ ഗംഭീരമായൊരു കാഴ്ച, രാജാവിന്‍റെ കാലത്ത് ഊണുനൂലില്‍ വിരലുരുമ്മി ഊട്ടുപുരയ്ക്ക് മുന്നില്‍ നിന്ന ശിഖക്കാരെ ഓര്‍മ്മിപ്പിക്കുന്ന പുതുബ്രാഹ്മണരാണ്. കുഞ്ചന്‍ നമ്പ്യാരൊക്കെ പരിഹസിച്ചു നന്നാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു കേസാണത്. അവരിപ്പോഴും നൂലുപുറത്തുകാട്ടി, ബ്രാഹ്മണണെന്നു തെളിയിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കിലെ മൂന്നാം പേജിന്‍റെ അറ്റസ്റ്റഡ് കോപ്പിയുമായി ക്യൂ നില്‍ക്കുന്നത്.
ഭാവനയില്‍ കണ്ടു രസിക്കാവുന്നതാണ്.

 പോളിംഗ് ബൂത്ത് മുതല്‍ പെന്‍ഷന്‍ ട്രഷറി വരെ അംഗീകരിക്കുന്ന ഐ ഡി കാര്ഡ്, ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്,  ഇവയിലൊന്നും ജാതിയും മതവും ഇല്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി ബുക്കാണ് രക്ഷാപുസ്തകം. ദൈവത്തിനോ അദ്ദേഹത്തിന്‍റെ പ്രതിപുരുഷന്‍മാര്‍ക്കോ തെളിവില്ലാതെ ബ്രാഹ്മണനെ തിരിച്ചറിയാനും കഴിയില്ല.

വാസ്തവത്തില്‍ പുരാണകാലം തൊട്ടേ ബ്രാഹ്മണര്‍ക്ക് ദാരിദ്ര്യമുണ്ട്. കുചേലനാണ് ശരിയായ ഉദാഹരണം. സന്താനനിയന്ത്രണസാമഗ്രികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, 
ആ ഇല്ലത്ത് കുട്ടികളുടെ പ്രളയമായിരുന്നു. ഇരുപത്താറു മക്കളുമായി കുചേലബ്രാഹ്മണന്‍ ഭിക്ഷാടനത്തിനിറങ്ങും. കിട്ടുന്ന നെല്ലോ ഉമിയോ കുലസ്ത്രീയെ ഏല്‍പ്പിക്കും. അവരത് അവലോ നീണ്ടിട്ടിരിക്കും നയനങ്ങള്‍ക്ക് ഉപമാനമായിരിക്കുന്ന കഞ്ഞിയോ ഒക്കെയാക്കി ഭര്‍ത്താവിനും മക്കള്‍ക്കും കൊടുക്കും.

ഈ കുചേലന്‍റെ കാര്യത്തിലാണ് ഒരിക്കല്‍ ഇ. വി.രാമസ്വാമി ഇടപെട്ടത്.അദ്ദേഹം ചോദിച്ചത്, മൂത്തമകന് ഇരുപത്താറു വയസ്സില്ലേ, എന്തെങ്കിലും പണിയെടുത്ത് ആ കുടുംബം പുലര്‍ത്തിക്കൂടെ എന്നാണ്. അന്ന് തൊഴിലുറപ്പു പദ്ധതിക്കു പോകാന്‍ പോലും കുചേലപത്നിക്ക് സാധിക്കില്ലായിരുന്നു. പൂജാകര്‍മ്മവും ഭിക്ഷാടനവും അല്ലാതെ മറ്റൊന്നും ചെയ്യാന്‍ ബ്രാഹ്മണനെ മനുസ്മൃതി അനുവദിച്ചിരുന്നില്ല. സൌജന്യ ഭക്ഷണത്തിന്റെ കൂപ്പണ്‍ പാവം ബ്രാഹ്മണനു ലഭിച്ചതു അങ്ങനെയാണ്. 

ബ്രാഹ്മണനു ഊണും കുളിയും മാത്രമേയുള്ളോ? വഴിപാടു കൂലിയായ ഇരുപതിനായിരത്തില്‍ ഇരുപതു രൂപയെങ്കിലും അവര്‍ക്ക് കൊടുത്തിരുന്നോ?

ബ്രാഹ്മണരെ ദൈവത്തിന്നു മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമാണ് ഈ ആചാരമെന്ന തന്ത്ര ഗവേഷകനായ ഡോ.ടി.എസ്.ശ്യാം കുമാര്‍ പറയുന്നതു ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണര്‍ക്ക് ഔന്നത്യത്തിന്‍റെ ആഹാരം കൂടി ആസ്വദിക്കാമല്ലോ.

,ദൈവം ഒരു ഭൌതികയാഥാര്‍ഥ്യം അല്ലെന്ന് ആചാരം ഉണ്ടാക്കുന്നവര്‍ക്ക് നന്നായി അറിയാം. വാനോളം ഉയര്‍ത്തിയാലും അച്ചുതണ്ടോളം താഴ്ത്തിയാലും ഒരു പ്രതികരണവും അവിടെനിന്നുണ്ടാവുകയില്ല.

എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബഹു.ദേവസ്വം വകുപ്പുമന്ത്രി ഇടപെട്ടു. ഈ ദുരാചാരം വേണ്ടെന്നു വച്ചതായാണ് പുതിയ വാര്‍ത്ത. അത്രയും നല്ലത്. സംവരണ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്, ദേവസ്വം വകുപ്പ് കൈകാര്യം ചെയ്താല്‍ ദുരാചാരങ്ങള്‍ ഒഴിവാക്കപ്പെടും.

ബ്രാഹ്മണരെ കല്‍കഴുകിച്ച് ഊട്ടുന്നതിനു പകരം സമാരാധന ഏര്‍പ്പെടുത്തുന്നതായി വാര്‍ത്തയുണ്ട്. അതിനു ഫലപ്രാപ്തി ഉണ്ടാകില്ലെന്നു അന്ധവിശ്വാസത്തിന്‍റെ ബലത്തില്‍ തന്നെ ജനങ്ങള്‍ തിരിച്ചറിയുകയും ഇരുപതിനായിരം രൂപ ബോര്‍ഡിനു നഷ്ടപ്പെടുകയും ചെയ്യും. നവോഥാനമൂല്യങ്ങളെ നിരാകരിക്കുന്ന വഴിപാടുകള്‍ വേണ്ടെന്നു വയ്ക്കുന്നതാണ് ഉചിതം.



Tuesday 1 February 2022

ആദിവാസിയെ കൊന്നവരെ എന്തുചെയ്തു?


ആദിവാസി മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതി ചോദിച്ച ചോദ്യം ശ്രദ്ധേയമാണ്.എവിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍?

രണ്ടായിരത്തിപ്പതിനെട്ട് ഫെബ്രുവരിയില്‍ നടന്നതാണ് സാക്ഷരകേരളത്തെ ഞെട്ടിച്ച ഹീനമായ ആ കൊലപാതകം.ആ കാലത്തുതന്നെ ഇതേ പംക്തിയില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. അവര്‍ണ്ണ വിഭാഗത്തിലുള്ളവരെ കൊലപ്പെടുത്തുന്നത് സവര്‍ണ്ണ സംസ്ക്കാരമാണെന്ന് അന്നിവിടെ പറഞ്ഞിരുന്നു.അതേ വിഷയത്തില്‍ നാലാം വര്‍ഷത്തില്‍ കുറിപ്പെഴുതേണ്ടി വരുന്നത് 
സങ്കടകരമായ കാര്യമാണ്. പക്ഷേ എഴുതാതെ വയ്യല്ലോ.ഇതുവരെയും ആദിവാസി മധുവിന്‍റെ കൊലപാതകികളെ ശിക്ഷിച്ചിട്ടില്ല. ആദിവാസിക്ക് ജീവിതം നിഷേധിച്ച അവര്‍ ജാമ്യജീവിതം ആസ്വദിച്ച് യഥേഷ്ടം വിഹരിക്കുന്നു!

കോടതിവിചാരണയ്ക്കൊ മന്ത്രിസഭായോഗത്തിനു പോലുമോ കോവിഡ് തടസ്സമല്ല. ഓണ്‍ലൈനിലൂടെ ഇതെല്ലാം നടക്കുന്നുണ്ട്. കല്ല്യാണം പോലും ഓണ്‍ ലൈനിലൂടെ നടന്നു കഴിഞ്ഞു.ഓണ്‍ ലൈന്‍ സിറ്റിങ്ങില്‍ തന്നെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

പലതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് ആദിവാസി സമൂഹം ഇരയാകുന്നു എന്നത് ഇന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. ചൂഷണം സംബന്ധിച്ച കഥാകാവ്യങ്ങള്‍ വരെ അട്ടപ്പാടിയിലെ ആദിമമലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

അതിലൊന്ന് ഡോ.എസ്.ആര്‍.ചന്ദ്രമോഹനന്‍ ശേഖരിച്ച് പൊതു സമൂഹസമക്ഷം എത്തിച്ചിട്ടുണ്ട്.അതിലൊരു കഥ ഇങ്ങനെയാണ്.

ആദിവാസികള്‍ക്ക് സൌജന്യമായി വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവാകുന്നു.കാമ്പേ എന്നു പേരുള്ള  ഒരു ഗ്രാമസേവകനാണ് ഗൃഹനിര്‍മ്മാണത്തിന്റെ ചുമതലയുള്ളത്. അയാള്‍ മാരിയെന്ന സുന്ദരിയായ ആദിവാസി വിധവയില്‍,വിവാഹവാഗ്ദാനം കൊടുത്ത് ഭ്രൂണോത്പാദനം നടത്തുന്നു.പരമരഹസ്യമായി സ്ഥലം മാറ്റം സംഘടിപ്പിച്ചു കടക്കുന്നു.വഞ്ചിതയായ മാരിയുടെ വിലാപഗാനമാണ് ലാലെ ലാലെ ലാലേ എന്ന വായ്ത്താരിയോടെ ആരംഭിക്കുന്നത്.

പൂതാരെന്ന ഊരിലെ കാമ്പേ / താഴെയുള്ള പ്ലാവിലേ കാമ്പേ / ആളുകല്ലു വഴിയിലേ കാമ്പേ / ചങ്ങലപ്പാലം കെട്ട്വോ കാമ്പേ/
അവിടന്നും പോയോ നീ കാമ്പെ / കഴുത്തറുത്ത് ഞാന്‍ മരിക്കും കാമ്പേ .... ആ ആദിവാസിപ്പാട്ടിന്‍റെ ചില വരികളുടെ  ഏകദേശ മലയാളം ഇങ്ങനെയാണ്. നമ്മുടെ കണ്ണീര്‍ ഗ്രന്ഥികള്‍ ചുരന്നു പോകുന്ന അനുഭവകഥാഗാനം.

ഇത്തരം വഞ്ചനയുടെയും അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ തിരുനെല്ലിയെന്നോ അട്ടപ്പാടിയെന്നോ ഭേദമില്ലാതെ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഇരുളഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന അട്ടപ്പാടി ടെലിവിഷന്‍ എന്ന പ്രാദേശികചാനല്‍ ആദിവാസികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തെ ഇപ്പോള്‍ പുറം ലോകത്തെ അറിയിക്കുന്നുണ്ട്.  നീതി എത്ര അകലെയാണ്. അനീതി എത്ര അടുത്താണ്!

മധുവിന്‍റെ ദാരുണമായ അന്ത്യം കേരളത്തിലെ ചിത്രകാരന്മാരെയും കവികളെയും നാടകക്കാരെയും  കഥാകാരന്മാരെയും ചെറുസിനിമക്കാരെയും പ്രസംഗകരെയും  മാധ്യമപ്രവര്‍ത്തകരെയുമെല്ലാം പ്രചോദിപ്പിച്ചു. മധുവിന്‍റെ ചിത്രം
മലയാളിയുടെ മനസ്സില്‍ പതിഞ്ഞു. മധുവിന്‍റെ പെങ്ങള്‍ക്ക് ജോലികിട്ടിയ കാര്യം പോലും കേരളം അറിഞ്ഞു. കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യത്തില്‍ ഉണ്ടാകേണ്ട പ്രതിഷേധം മാത്രം പിറവി കൊണ്ടില്ല.

ഒടുവില്‍ കോടതി ഉണര്‍ന്നിരിക്കുന്നു. അത്രയും സന്തോഷവും സുരക്ഷിതത്വവും തോന്നുന്നു.

ശ്രദ്ധേയമായ മറ്റൊരുകാര്യം മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇക്കാര്യത്തില്‍ ഇടപെട്ടതാണ്. മധുവിന്‍റെ കൊലപാതകക്കാര്യത്തില്‍ നിയമസഹായം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.മമ്മൂട്ടിയുടെ പ്രതിനിധി അട്ടപ്പാടിയിലെ ആദിവാസി ഊരിലെത്തുമെന്നും വാര്‍ത്തയുണ്ട്.

അത്രയും നല്ലത്. ആദിവാസികളടക്കമുള്ള പാവം കേരളീയര്‍ ഊണുകാശും ബീഡിക്കാശും മാറ്റിവച്ചാണ് താരങ്ങളുടെ ഇടിപ്പടം കാണാന്‍ തററ്റിക്കറ്റെങ്കിലും എടുത്തത്.ആ പണമൊക്കെ ബലാല്‍ഭോഗക്വട്ടേഷനുകൊടുക്കുന്ന മിന്നുംപൊന്‍താരങ്ങളുള്ള ഇക്കാലത്ത് ആദിവാസി മധുവിനെ കരുണയോടെ കാണുന്ന  നിയമബിരുദധാരികൂടിയായ  മമ്മൂട്ടിയെ അഭിനന്ദിക്കുന്നു. എം ജി ആറിനാണ് ഈ തിരിച്ചറിവ് നേരത്തെയുണ്ടായത്.

ഇനിയെങ്കിലും നിയമജ്ഞാനികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു കരുതാം.ഫ്രാങ്കോപ്പിതാവ് പ്രതിയായ കേസിലെ വിധിയെത്തുടര്‍ന്ന് വല്ലാതെ മങ്ങിപ്പോയ സര്‍ക്കാര്‍ഭാഗസംവിധാനത്തിന്‍റെ പ്രതിച്ഛായ തെളിയാന്‍ ഈ കേസ് ഇടയാവട്ടെ.