Tuesday 29 March 2022

മതങ്ങള്‍ മലിനമാക്കുന്ന കലാരംഗം


സാക്ഷരകേരളത്തിന്‍റെ സാംസ്ക്കാരിക മഹത്വത്തിലേക്ക് ചെളി വാരിയെറിയുകയാണ് മതങ്ങള്‍. കലാമണ്ഡലം ഹൈദരലിക്കും പി.എം.ആന്റണിക്കും അറബ് കവിതയും കഥയുമൊക്കെ പഠിപ്പിക്കാന്‍ യോഗ്യത നേടിയ ഗോപാലികയ്ക്കും നേരിടേണ്ടിവന്ന മതഭീഷണിയുടെ വൈറസ്സ് ഇപ്പൊഴും അവിടവിടെ അവശേഷിക്കുകയാണ്.

മതങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് കലാരൂപങ്ങളെയാണ്. മതാതീതമായ അതിന്റെ ആസ്വാദനവും ആര്‍ക്കും പഠിച്ചെടുക്കാവുന്ന ആകര്‍ഷകത്വവും  മതപൌരോഹിത്യത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളെ ഹനിക്കുമെന്ന് അവര്‍ക്കറിയാം. ആസ്വാദനത്തിനോ അഭ്യസനത്തിനോ ഒരു തടസ്സവും അടിസ്ഥാനപരമായി ഇല്ലല്ലോ.

പുതുതായി നാടിനെ നാണിപ്പിക്കുന്ന സംഭവങ്ങള്‍, മന്‍സിയ എന്ന നര്‍ത്തകിയെ മതപരമായ കാരണത്താല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ നിന്നു ഒഴിവാക്കിയതും വിനോദ് പണിക്കര്‍ എന്ന മറത്തുകളി കലാകാരനെ കരിവെള്ളൂരെ കുണിയന്‍ പറമ്പത്തു ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമാണ്. ഒരാള്‍ മുസ്ലീമായതാണ് കാരണമെങ്കില്‍, വിനോദ് പണിക്കരെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ മകന്‍ ഇസ്ലാം മതത്തില്‍ പെട്ട യുവതിയെ സഹധര്‍മ്മിണിയാക്കിയതാണ്.

ഒന്ന് മതാതീതമായി ആസ്വദിക്കാന്‍ കഴിയുന്ന, ശാകുന്തള തുല്യമായ നളചരിതമെഴുതിയ ഉണ്ണായിവാര്യരുടെയും കൂടിയാട്ടത്തിലൂടെ ഏതു മതത്തില്‍ പെട്ടവരുടെയും മനസ്സില്‍ പതിഞ്ഞ അമ്മന്നൂര്‍ മാധവചാക്യാരുടെയും  നാട്ടിലാണെങ്കില്‍ മറ്റൊന്ന് ഹൃദയപക്ഷ സംസ്ക്കാരത്തിന്‍റെ ഈറ്റില്ലമായ കരിവെള്ളൂരാണ്.

ഇസ്ലാം മത പരിസരമുള്ള ഒരു പെണ്‍കുട്ടി ഭരതനാട്യം പഠിച്ചാല്‍ എന്താണ് കുഴപ്പം? എത്രയോ ആസ്വാദകരുടെ മുന്നില്‍ തന്‍റെ നൃത്ത വൈദഗ്ദ്ധ്യം തെളിയിച്ചതിനു ശേഷമാണ് ആ കലാകാരി കൂടല്‍മാണിക്യക്ഷേത്രത്തോളം എത്തിയത്. മുസ്ലിം ആണെന്ന ഒറ്റക്കാരണത്താല്‍ ഗുരുവായൂരില്‍ നിന്നും ഈ  അനുഭവം മുന്‍പ് ഉണ്ടായതായി ഈ കലാകാരി പറയുന്നുണ്ട്. ശബരിമല അയ്യപ്പന്റെയും വാവരുടെയും സൌഹൃദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണോ ഈ ലജ്ജാകരമായ തീരുമാനമെടുത്തത്? സൌമ്യ സുകുമാരനെ പരിപാടി അവതരിപ്പിക്കുവാന്‍ അനുവദിക്കാതിരുന്നതും മതപരമായ കാരണങ്ങളാലാണെന്നും ആരോപണമുണ്ട്.ക്രിസ്തുമതത്തില്‍ പെട്ടതായിരുന്നു ആ കലാകാരിക്കുള്ള അയോഗ്യതയായതെന്നും കേള്‍ക്കുന്നുണ്ട്.

ഭരതനാട്യം ഒരു വേദിയില്‍ അവതരിപ്പിക്കുന്നത് ദീര്‍ഘകാലത്തെ പരിശ്രമങ്ങളുടെ സാക്ഷാത്ക്കാരമായിട്ടാണ്. മന്‍സിയാ എത്ര കഠിന പരിശ്രമങ്ങളിലൂടെയാണ് ഓരോ മുദ്രയും പദചലനങ്ങളും ഭാവവും സ്വായത്തമാക്കിയത്.അതൊന്നും മാതാന്ധവിശ്വാസികള്‍ക്ക് വിഷയമല്ലല്ലോ. ജനനം എന്ന ആകസ്മികത കൊണ്ട് ഒരാള്‍ ഒരു മതത്തില്‍ പെട്ടുപോകുന്നത് ഒരു അയോഗ്യതയാകുന്നതെങ്ങനെ? മതാതാതീതസ്നേഹത്തിലുള്ള വിശ്വാസത്തിലൂടെ വിവാഹിതയായ ഈ നര്‍ത്തകി മന്‍സിയ ശ്യാം കല്ല്യാണ്‍ എന്ന പേരിലാണ് നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നത്. അത്, വിവാഹാനന്തരം ഹിന്ദു മതത്തില്‍ ചേര്‍ന്നോ എന്ന അന്വേഷണത്തിനു പോലും കാരണമായി.

ഇതേതു കേരളമാണ്? ഭ്രാന്താലയാമെന്നു പേരു മാറ്റണമെന്നതിന്‍റെ സൂചനയാണോ ഈ മതഭ്രാന്ത്? 2022 ഏപ്രില്‍ 21നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇനിയും സമയമുണ്ട്.അധികാരികള്‍ അടിയന്തിരമായി ഇടപെടേണ്ടതാണ്. കേരളത്തിന് അപമാനകരമായ ഈ തീരുമാനത്തില്‍ നിന്നു സംഘാടകസമിതി പിന്‍മാറുമെന്നും കരുതുന്നു.

കൂടല്‍മാണിക്യ ക്ഷേത്രത്തിന് ബുദ്ധ ജൈന സംസ്ക്കാരങ്ങളുടെ ചരിത്രംപോലുമുണ്ട്.അവിടത്തെ ചരിത്രപ്രസിദ്ധമായ കൂത്തമ്പലം കാണാനായി, ഇന്നത്തെ തൃശൂര്‍ നഗരസഭാംഗവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഐ.സതീശനൊപ്പം ഞാനും പോയിട്ടുണ്ട്. ഈ ഈടുവയ്പ്പുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കേണ്ടതാണ്.

കരിവെള്ളൂരെ കാര്യം രസകരമാണ്.ശിക്ഷിക്കപ്പെട്ട വിനോദ് പണിക്കര്‍ കുറ്റക്കാരനല്ല.അദ്ദേഹത്തിന്‍റെ മകന്‍, മുസ്ലിം സമൂഹത്തില്‍ പെട്ട ഒരു യുവതിയെ സഹധര്‍മ്മിണിയാക്കിയതാണ് പ്രശ്നം. മാതാന്ധവിശ്വാസികളുടെ കാഴ്ചപ്പാടില്‍ മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ ശിക്ഷിക്കപ്പെടും!

പൂരക്കളിയുടെ ഭാഗമായി നടത്തുന്ന മറത്തുകളി അസാധാരണമായ ഒരു ജ്ഞാനപ്രകടനമാണ്. ഇന്ത്യന്‍  പുരാണങ്ങളും വേദങ്ങളും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമൊക്കെ നന്നായി അറിയുന്ന പണ്ഡിതന്‍മാര്‍ക്കേ ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.

കടവല്ലൂര്‍ അന്യോന്യത്തിലെ പാണ്ഡിത്യ പ്രകടനത്തില്‍ പങ്കെടുക്കുന്നത് മനുസ്മൃതിയിലെ സംവരണാനുകൂല്യങ്ങളെല്ലാം യഥേഷ്ടം അനുഭവിച്ച ബ്രാഹ്മണരാണെങ്കില്‍ മറത്തുകളിയില്‍ വര്‍ണവ്യവസ്ഥയ്ക്ക് പുറത്തുള്ളവരാണ്. വിഗ്രഹം പ്രതിഷ്ഠിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശവും അധികാരവും ഉണ്ടെന്ന് തെളിയിച്ച 
നാരായണഗുരുവിന്‍റെ പിന്‍മുറക്കാരാണ്. തീയര്‍ക്കും മണിയാണികള്‍ക്കും ബ്രാഹ്മണരെ പോലെതന്നെ ജ്ഞാനസമ്പാദനത്തിനും പണ്ഡിതനായ അദ്ധ്യക്ഷന്‍റെ സാന്നിധ്യത്തിലുള്ള അവതരണത്തിനും അവകാശമുണ്ടെന്ന് ഈ സംവാദകല തെളിയിക്കുന്നു. മഹാകവി കുട്ടമത്തൊക്കെ ഈ വിജ്ഞാനസദസ്സില്‍ സന്നിഹിതരായിട്ടുണ്ട്.

വി.പി ദാമോദരന്‍ പണിക്കര്‍  തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍ സമകാലീന രാഷ്ട്രീയം പോലും ഈ സംവാദത്തില്‍ ഇടകലര്‍ത്തി ശ്രദ്ധാലുക്കളുടെ മനസ്സു കവര്‍ന്നിട്ടുണ്ട്.ദേശീയ കവിസമ്മേളനത്തില്‍ ഞാനവതരിപ്പിച്ച  രാഹുലന്‍ ഉറങ്ങുന്നില്ല എന്ന കവിതയിലെ ശവദര്‍ശനം എന്ന പ്രയോഗത്തിന്‍റെ സാധുതയെകുറിച്ചും അസാംഗത്യത്തെ കുറിച്ചും മറത്തുകളി വിദഗ്ദ്ധനായ പൊക്കേട്ടന്‍, കാഞ്ഞങ്ങാട് റസ്റ്റ് ഹൌസില്‍ വച്ച് വിശദീകരിച്ചത് ഞാനോര്‍ക്കുന്നു.

പൂരക്കളി അക്കാദമിയുടെ പുരസ്ക്കാര ജേതാവായ വിനോദ് പണിക്കര്‍, മകന്‍ ജീവിതപങ്കാളിയാക്കിയ മുസ്ലിം യുവതിയെ മതം മാറാന്‍ നിര്‍ബ്ബന്ധിച്ചില്ല. ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടില്ല. രണ്ടുകൂടുംബങ്ങളും മതാതീതസ്നേഹത്തോടെ കഴിയുന്നു. പോരാട്ടഭൂമിയുടെ കതിര്‍ക്കുലകളായി. ഇതായിരിക്കാം കുണിയന്‍ പറമ്പത്തെ പാരമ്പര്യ വാദികളില്‍ അതൃപ്തി ജനിപ്പിച്ചത്.

കുഞ്ഞിമംഗലം ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ഉയര്‍ന്നപ്പോഴേ ഭയപ്പെട്ടതാണ്,ജാതി വ്യത്യാസം കൂടാതെ ജീവിക്കാനായി സമരം ചെയ്ത ചരിത്രമുള്ള പയ്യന്നൂരിന് എന്തു സംഭവിച്ചു എന്ന ആശങ്ക. ഇപ്പോഴിതാ തൊട്ടടുത്തുള്ള കരിവെള്ളൂരില്‍ മതം അതിന്‍റെ ചോരപ്പല്ല് പുറത്തുകാട്ടിയിരിക്കുന്നു.

മതാതീത സാംസ്ക്കാരിക യാത്രയോടനുബന്ധിച്ച് വെള്ളൂര്‍ ജവഹര്‍ ലൈബ്രറി സംഘടിപ്പിച്ച മനുഷ്യസംഗമം ഓര്‍മ്മയിലെ സ്നേഹശൈലമാണ്.ഉമ്മച്ചിത്തെയ്യവും മാപ്പിളത്തെയ്യവും ഒക്കെയുള്ള മതാതീത സൌഹൃദത്തിന്‍റെ മുദ്രപതിഞ്ഞ നാടാണ്. രാമവില്ല്യം കഴകത്തിലെ പെരുംകളിയാട്ടത്തിന് ഇസ്ലാം മതവിശ്വാസികളുടെ അഭിവാദ്യം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്  സമീപസ്ഥലമായ കരിവെള്ളൂരില്‍ നിന്നു കുഴിച്ചുമൂടിയ ഒരു ഹീനസംസ്ക്കാരത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു സങ്കടകരമായ കാര്യമാണ്.

കലാരൂപങ്ങള്‍ അനുഷ്ഠാനരീതിയില്‍ നിന്നും മോചിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പൊതുവേദിയില്‍ ജാതിമതങ്ങള്‍ക്ക് അതീതമായി ഇവ അവതരിപ്പിക്കുവാനുള്ള അരങ്ങുകള്‍ ഉണ്ടാകേണ്ടതുണ്ട് ജാതീയതയില്‍ നിന്നുകൂടി ഈ കലാരൂപങ്ങളെ അടര്‍ത്തി മാറ്റേണ്ടതുണ്ട്.

തെറ്റുകള്‍ തിരുത്തപ്പെടുമെന്ന് തന്നെ കരുതുന്നു.

Tuesday 15 March 2022

മഹാകവിയെ കണ്ട അമ്മാമ്പാറ


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ് മഹാകവി കുമാരനാശാന്‍ കര്‍ണ്ണാടകത്തിലെ ഷിമോഗ ജില്ലയിലുള്ള ജോഗ് ഫാള്‍സ് കാണാന്‍ കാളവണ്ടിയില്‍ പോയത്.ഡോ.പല്‍പ്പുമായുള്ള ആശാന്‍റെ മൈസൂര്‍  സഹവാസകാലത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു അത്.

ശതാവരി നദിയില്‍ ലിംഗനമക്കി അണക്കെട്ടുണ്ടാകുന്നതിന് മുപ്പത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നു അത്.അണ കെട്ടിയതിനെ തുടര്‍ന്ന് വെള്ളച്ചാട്ടം ഇന്നു കാണുന്നതു പോലെ  മെലിഞ്ഞു അനാകര്‍ഷകമായി. ആശാന്‍ കാണുമ്പോള്‍ ഈ ജലസുന്ദരി വാസവദത്തയുടെ ശരീര ഭംഗിയെ ഓര്‍മ്മിപ്പിക്കത്തക്ക രീതിയില്‍ അത്യാകര്‍ഷകം ആയിരുന്നു.

അന്നാണ് മഹാകവി, ഗരിസപ്പ അരുവി അല്ലെങ്കില്‍ ഒരു വനയാത്ര എന്ന കവിതയെഴുതിയത്. രണ്ടു തവണ എഴുതിയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ കവിത അതുകൊണ്ടുതന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട വനമാലയിലാണ് ഈ കവിതയുള്ളത്. 

ഇതേ പേരില്‍ സമീപകാലത്ത് ഷിനിലാലെഴുതിയ കഥ മഹാകവിയുടെ ജീവിതത്തിലെ മറ്റ് ചില എപ്പിസോഡുകളിലേക്കും സഞ്ചരിച്ചു. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറയ്ക്കും വേങ്കോടിനും ഇടയ്ക്കുള്ള അമ്മാമ്പാറ അന്വേഷിച്ച് അദ്ധ്യാപകരും വിദ്യാര്‍ഥികളും എത്തിയത് അങ്ങനെയാണ്.

ഉച്ചിയില്‍ കയറി നിന്നാല്‍ അറബിക്കടല്‍ കാണാവുന്ന മനോഹരമഹാശില. അതിന്‍റെ പൂത്തുനില്‍ക്കുന്ന കാനനത്താഴ്വരയില്‍ മഹാകവിക്ക് പതിനാലേക്കര്‍ പുരയിടവും 
രണ്ടുമുറിയുള്ള ഒരു വീടുമുണ്ടായിരുന്നു. സമീപവാസിയും കവിയും ജ്ഞാനിയുമായ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരെ കാണാനും ദീര്‍ഘസംഭാഷണങ്ങള്‍ നടത്താനും ശിലാകാവ്യത്തിന്‍റെ മനോഹാരിത നുണയാനുമായി മഹാകവി ഈ വീട്ടില്‍  പലവട്ടം കുടുംബസമേതം വന്നു താമസിച്ചിട്ടുണ്ട്.ആശാന്‍റെ ചില സമസ്യാപൂരണങ്ങളിലും സൂര്യാസ്തമയ വര്‍ണ്ണനകളിലും തോട്ടത്തിലെ എട്ടുകാലിയെന്ന കവിതയിലും  അമ്മാമ്പാറയുടെ ലാവണ്യരേഖകളുണ്ട്.

വിദ്യാര്‍ഥികള്‍ അമ്മാമ്പാറയിലെത്തിയപ്പോള്‍ ഇതൊന്നുമല്ല കണ്ടത്. ആശാന്‍റെ വീടൊക്കെ വിറ്റ് പണ്ടേ കൈമാറിപ്പോയിട്ടുണ്ട്. അവിടെ ഒരു മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടം ആകാശത്തെ ചുംബിച്ചുനില്‍ക്കുന്നു. ആശാന്‍ നടന്ന ഒറ്റയടിപ്പാത കാലക്രമേണ വീതിയുള്ള റോഡായി.പക്ഷേ അത് ആശുപത്രിക്കുള്ളിലൂടെയായി! 

ആയിഷ,പിതാവിന്‍റെ കടനിന്നേടത്തൊരോയില്‍ മില്ലഹങ്കരിച്ചലറുന്നതു കണ്ടു എന്നു വയലാറെഴുതിയത് അപ്പോള്‍ കുട്ടികള്‍ ഓര്‍മ്മിച്ചിട്ടുണ്ടാകും. 

സര്‍വസംഗപരിത്യാഗികള്‍ ആയിരിക്കേണ്ട ഋഷിമാരെ സൃഷ്ടിക്കുന്നതിനു പകരം വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കൊളളലാഭം ലക്ഷ്യമാക്കി കൃഷിയിറക്കുന്ന മഠങ്ങള്‍ ഇക്കാലത്ത് സുലഭമാണല്ലോ. അങ്ങനെയുള്ളവരുടെ കയ്യിലാണ് ഇപ്പോള്‍ ആ പ്രദേശം!

 എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ കയ്യേറ്റക്കാര്‍, മരങ്ങള്‍ മുറിച്ചുകടത്തി.മാവുകളും പ്ലാവുകളും നിറഞ്ഞു നിന്ന പാറയുടെ സമീപം അക്കേഷ്യയും ശീമക്കൊന്നയും കൈ വിടര്‍ത്തി.ഒരിയ്ക്കലും ഒഴിയാത്ത ജലനിക്ഷേപങ്ങള്‍ വറ്റിത്തുടങ്ങി നിസ്സഹായരായ നെടുമങ്ങാട് നഗരസഭ ഉടമസ്ഥാവകാശം പാറച്ചോട്ടില്‍ രേഖപ്പെടുത്തിവച്ചു. ശ്രദ്ധിക്കാതിരുന്നാല്‍ ആ സ്മാരകമഹാശില മെറ്റല്‍ക്കഷണങ്ങളായി സിമന്‍റ് കൂടാരങ്ങളിലോ കീലറകളിലോ മറയ്ക്കപ്പെടും.

ഇപ്പോഴവിടെ മഹാകവി കുമാരനാശാന്‍റെ ഓര്‍മ്മക്കായി ഒരു സാംസ്കാരിക വേദിയും അമ്മാമ്പാറ സംരക്ഷണസമിതിയും രൂപീകൃതമായിട്ടുണ്ട്. എസ്.എസ്.ബിജു, നാഗപ്പന്‍, വേങ്കോട് മധു, ഡോ.ബി.ബാലചന്ദ്രന്‍, അനില്‍ വേങ്കോട്, ജി.എസ്.ജയചന്ദ്രന്‍, ഷിനിലാല്‍, ഇരിഞ്ചയം രവി തുടങ്ങിയവരുടെ ഉത്സാഹത്തിലാണ് ഈ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്.

അമ്മാമ്പാറ എന്ന പൈതൃകസമ്പത്തു സംരക്ഷിക്കുക,മഹാകവി കുമാരനാശാന്‍റെ ഓര്മ്മ നിലനിര്‍ത്തുന്ന വിധത്തില്‍ അമ്മാമ്പാറ ഒരു സാംസ്ക്കാരിക കേന്ദ്രമാക്കിമാറ്റുക, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പാറയുടെ പരിസരം സംരക്ഷിതമേഖലയാക്കുക, പരിസരത്തുള്ള പ്രാചീന സമൂഹത്തിന്‍റെ, അമ്മാമ്പാറയുമായി ബന്ധപ്പെട്ട  ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, കയ്യേറ്റത്തിനു കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവിടെയുള്ള സാംസ്ക്കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നു.

അതിരപ്പള്ളി വനമേഖല സംരക്ഷിക്കുവാനുള്ള സമരത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു നമ്മുടെ ആദരണീയനായ റവന്യൂ വകുപ്പുമന്ത്രി. അദ്ദേഹത്തിന്റെ ശ്രദ്ധ അമ്മാമ്പാറയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday 9 March 2022

 ഗോതമ്പപ്പം 

-------------------
ആരോ ചുട്ടു 
ചുഴറ്റിയെറിഞ്ഞൊരു 
ഗോതമ്പപ്പം 

ആകാശത്തങ്ങനിരുന്നു
കൊതിപ്പിക്കുമ്പോള്‍ 

ഞാനും പെണ്ണും 
ഞങ്ങടെ പൂച്ചക്കുട്ടീം 
താഴെയിരുന്നു ദ്രവിക്കുമ്പോള്‍ 

പുഴ പഴയതുപോലൊഴുകുന്നു 
വഴി പഴയതുപോല്‍ നീളുന്നു 
മുകിലിന്‍റെ മുനമ്പത്താരോ
വിരലൊപ്പിനു കനലൂതുന്നു.

Tuesday 1 March 2022

കൈവെള്ളയോളമുള്ള ഒരു മൈതാനം


കൊല്ലത്തെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ജനയുഗത്തിലെ കോഴിശ്ശേരി ലക്ഷ്മണനാണ് നടന്നാലും നടന്നാലും തീരാത്ത, മരുഭൂമിക്കു സമാനമായ ഒരു മൈതാനത്തെക്കുറിച്ചു സംസാരിച്ചത്.കൊല്ലത്തു നിന്നും  ചെങ്കോട്ടയ്ക്ക് പോകേണ്ട ആദ്യത്തെ തീവണ്ടിയുടെ എഞ്ചിനും ബോഗികളും മദിരാശിയില്‍ നിന്നു കപ്പല്‍ മാര്‍ഗ്ഗം കൊല്ലം തുറമുഖത്തേക്ക് കൊണ്ടുവന്ന കാര്യം പറഞ്ഞപ്പോഴാണ് ഈ മൈതാനസൂചന ഉണ്ടായത്.പുതിയ തലമുറ കൌതുകത്തോടെ കേട്ടിരുന്നത്.

ആശ്രാമത്തുനിന്നാരംഭിച്ച് അറബിക്കടലോളം നീണ്ടു കിടന്ന വര്‍ണ്ണനാതീതമായ മൈതാനം. ആ മൈതാനത്തെ പലകാലങ്ങളില്‍ പലതായി വിഭജിച്ചു. അവിടെ റയില്‍വേ സ്റ്റേഷനും പോലീസ് സ്റ്റേഷനും  ശ്രീനാരായണാ കോളജും ഫാത്തിമാമാതാ നാഷണല്‍ കോളജും കര്‍ബ്ബലാ വളപ്പും ഇംഗ്ലീഷ് പള്ളിയും  ലാല്‍ബഹാദൂര്‍ സ്റ്റേഡിയവും പൊതു ശ്മശാനവും കോര്‍ പ്പറേഷന്‍ ഓഫീസും ടി.കെ.ദിവാകരന്‍ സ്മാരകവും പ്രസ്സ് ക്ലബ്ബും മേല്‍പ്പാലവും കീഴ്പ്പാതയും മണിമേടയും  അഡ്വെഞ്ചര്‍ പാര്‍ക്കും ജലസംഭരണിയും ടൌണ്‍ ഹാളും എഫ് സി ഐ ഗോഡൌണും   പബ്ലിക് ലൈബ്രറിയും  ഒക്കെയുണ്ടായി.

കോഴിശ്ശേരി ലക്ഷ്മണന്‍ പറഞ്ഞു നിര്‍ത്തൂമ്പോള്‍ അവശിഷ്ട പീരങ്കി മൈതാനത്തിന്‍റെ ഒത്ത നടുക്ക് ചുടുകല്ലു കൊണ്ടു കെട്ടിയുയര്‍ത്തിയ അരയാള്‍പ്പൊക്കത്തിലുള്ള തറയില്‍ പടിഞ്ഞാറോട്ട് നോക്കിയിരുന്ന വലുതും ചെറുതുമായ പീരങ്കികള്‍ 
ഇളക്കിമാറ്റുമോ എന്നു ഭയപ്പെടുകയായിരുന്നു.

പ്രസ്സ് ക്ലബ്ബിന് പുറത്തു ഹിപ്പോപൊട്ടാമസ്സിന്‍റെ വായ തുറന്നു കാട്ടുന്ന സുന്ദരിയുടെ ബോര്‍ഡുമായി ജംബോ സര്‍ക്കസ്സ് തുടങ്ങുന്ന അറിയിപ്പുമായി  അനൌണ്‍സ്മെന്‍റ് വാഹനം കടന്നു പോവുകയായിരുന്നു. സര്‍ക്കസ്സുകൂടാരങ്ങള്‍ ഉയര്‍ന്നിരുന്നത് എപ്പോഴും പീരങ്കി മൈതാനത്തായിരുന്നു. കന്‍റോണ്‍മെന്‍റ് മൈതാനമെന്ന് പരിഷ്കൃതര്‍ പറയാന്‍ ശ്രമിച്ചപ്പോഴും പീരങ്കികളെ പൊക്കിയെടുത്ത് പോലീസ് മ്യൂസിയത്തില്‍  സാക്ഷികളാക്കിയപ്പോഴും സര്‍ക്കസ്സുകാരത് പീരങ്കി മൈതാനമായിത്തന്നെ സൂക്ഷിച്ചു.

കലാനിലയം നാടകവേദി സ്ഥിരമായി പീരങ്കി മൈതാനത്ത് ഓലകൊണ്ട്  ഓഡിറ്റോറിയം കെട്ടി കായംകുളം കൊച്ചുണ്ണിയും നാരദന്‍ കേരളത്തിലും മാസങ്ങളോളം കളിച്ചു.നാടകവേദി പലപ്പോഴും തീപിടിച്ചവസാനിച്ചു.

തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ മഹാസമ്മേളനങ്ങള്‍ക്ക് പീരങ്കി മൈതാനം വേദിയാക്കി. മത  പ്രസംഗങ്ങള്ക്കും പീരങ്കി മൈതാനം വേദിയായി.

തളിയിലെ ദൈവവുമായി കേരളഗാന്ധി അലഞ്ഞതുപോലെ അയ്യന്‍കാളിയുടെ പ്രതിമയൊന്നിറക്കി വയ്ക്കാന്‍  കഴിയാതെ ടി.കൃഷ്ണന്‍ എന്ന കീഴാളജന നേതാവ് അലഞ്ഞതും ഒടുവില്‍ അഭയം കൊടുത്തതും പീരങ്കി മൈതാനമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് പീരങ്കി മൈതാനത്ത് നടന്ന മഹാസമ്മേളനവും തുടര്‍ന്ന് നടന്ന നരനായാട്ടും കൊല്ലത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ട് എഴുതിയിട്ടുണ്ട്.ആശ്രാമം ലക്ഷ്മണനും , കുരീപ്പുഴ കൊച്ചുകുഞ്ഞും അടക്കമുള്ള പോരാളികള്‍ അവിടെ വീണു മരിച്ചു.

മഹാത്മാ ഗാന്ധിയടക്കമുള്ള ദേശീയനേതാക്കള്‍ ഇവിടെവച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊല്ലം യുദ്ധത്തിന് വേദിയായതും ഈ മൈതാനമാണ്. വേലുത്തമ്പി നയിച്ച തിരുവിതാംകൂര്‍ പട്ടാളവും ബ്രിട്ടീഷ് പട്ടാളവും പീരങ്കി മൈതാനത്തു വച്ച് ഏറ്റുമുട്ടിയതാണ് കൊല്ലം യുദ്ധം

അടിമത്തത്തിന്‍റെ അടയാളമായിരുന്ന കല്ലമാല അറുത്തെറിഞ്ഞതും അയ്യങ്കാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെയും സാന്നിധ്യത്തില്‍ റൌക്ക അണിഞ്ഞതും പീരങ്കി മൈതാനത്തു വച്ചായിരുന്നല്ലോ.

അഖിലേന്ത്യാ പ്രദര്‍ശനങ്ങള്‍ നടന്നതെല്ലാം പീരങ്കി മൈതാനത്താണ്.വിജ്ഞാനവും കൌതുകവും കൈകോര്‍ത്തുനിന്ന ഉത്സവങ്ങള്‍! ഇങ്ങനെയൊരു പ്രദര്‍ശനവേളയിലാണ് കൊല്ലത്തുകാര്‍ ആദ്യമായി ടെലിവിഷന്‍റെ സംപ്രേഷണകല മനസ്സിലാക്കിയത്

കവര്‍ന്നെടുത്തു കവര്‍ന്നെടുത്തു കൈവെള്ളയോളമായിപ്പോയ പീരങ്കി മൈതാനത്തെ ഇനിയും ഉപദ്രവിക്കരുത്.റവന്യൂ ടവര്‍ കെട്ടാന്‍ മറ്റുസ്ഥലം കണ്ടെത്തണം.

അവശിഷ്ട പീരങ്കിമൈതാനത്ത് റവന്യൂ ടവര്‍ പണിയുന്നതിന് കൊല്ലം കോര്‍പ്പറേഷനും ഇടതുപക്ഷ മുന്നണിയും എതിരാണ്.
ഇടതുമുന്നണി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നതും. പിന്നെ ആരാണ് എതിര്‍ പക്ഷത്തുള്ള നിര്‍ബ്ബന്ധബുദ്ധികള്‍?

ചരിത്രം അവിടെ നില്‍ക്കട്ടെ. മനുഷ്യനു ശുദ്ധവായു ശ്വസിക്കാന്‍ തുറന്ന ഇടങ്ങള്‍ ആവശ്യമാണ്. ചുറ്റും ചോലമരങ്ങള്‍ വച്ചുപിടിപ്പിച്ച് പ്രാണവായു സമൃദ്ധമായി സഞ്ചരിക്കുന്ന തുറസ്സുകള്‍. ശാസ്ത്രബോധമുള്ള ഒരു ഭരണകൂടത്തിനു ഈ ബോധം കൂടി ഉണ്ടാകേണ്ടതാണ്.

കൊടുത്തുമുടിഞ്ഞ മുത്തശ്ശി മാവിനോടെന്നതു പോലെയുള്ള കാരുണ്യവും ദയയും സ്നേഹവും സംരക്ഷണവും പീരങ്കി മൈതാനം അര്‍ഹിക്കുന്നുണ്ട്.