Wednesday 29 June 2022

നയനതാരയുടെ ചോദ്യങ്ങള്‍

 1.      കവിത എഴുതുക മാത്രമല്ല, കവിതയിൽ ജീവിക്കുക കൂടി ചെയ്യുകയാണ് താങ്കൾ. ഫേസ്ബുക്കിൽ ഇന്നുവായിച്ച കവിത എന്ന പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. എന്തായിരുന്നു ഇത്തരമൊരു പംക്തി ആരംഭിക്കാനുള്ള പ്രചോദനം?


* വടകരയുള്ള കെ.പി സീന എന്ന അദ്ധ്യാപിക കുറച്ചു കവിതകള്‍ വായിക്കാന്‍ തന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇത് ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നുതോന്നി. അങ്ങനെയാണ് ആ കവിത, ഫേസ്ബുക്കില്‍ "ഇന്ന് വായിച്ച ഒരു കവിത" എന്ന ശീഷകത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അത് തുടര്‍ന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ദിവസവും കവിത വായിക്കുന്ന ശീലം ഉള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പോസ്റ്റ്  ചെയ്യാനുള്ള സന്നദ്ധത മാത്രം മതിയായിരുന്നു. ഉപകരണങ്ങള്‍ പ്രവാസിമലയാളികള്‍ സ്നേഹപൂര്‍വം സമ്മാനിച്ചതാണ്. മറ്റുള്ളവരെ വായിക്കുന്നത് സന്തോഷകരമാണ്.
Kureeppuzha Sreekumar
September 3, 2011 ·
ഇന്ന് വായിച്ച ഒരു കവിത.
------------------------------------
ചരിത്രം.
-------------
ചരിത്രത്തിന്റെ
താളുകള്
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്
അധ്യാപകന്
വികാരാധീനനായി.
അറ്റുവീണ കാലുകള്
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.
ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള് സജലങ്ങളായി.
മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന് അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.
****
സീന.കെ.പി.
1 ലൈക്‌

image.png

2.      മലയാളകവിതയെ പതിനൊന്നു വർഷമായി പിന്തുടരുമ്പോൾ ശ്രദ്ധിച്ച പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണ്?

സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യം ഉണ്ടായി. സ്ത്രീകളെ എഴുതുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ ഒരു എഴുത്തമ്മയില്ലായായിപ്പോയ ഭാഷയാണ് അമ്മമലയാളം. അതിനാല്‍ ഈ മുന്നേറ്റം ചരിത്രത്തോടുള്ള ഒരു പകവീട്ടലായിരുന്നു.ട്രാന്‍സ് ജെന്‍റര്‍ വിഷയങ്ങളും ആ കൂടെപ്പിറപ്പുകളും  മുന്നോട്ടുവന്നു. ഇന്ന് വായിച്ച കവിതയില്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ ജ്ഞാനവാര്‍ദ്ധക്യത്തിലെത്തിയവരുടെ കവിതകള്‍ വരെ ഒറ്റവിരല്‍ കൊണ്ട് കീബോര്‍ഡില്‍ അക്ഷരപ്പെടുത്തിയതിനാല്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു.

3.      പുതുകവികളെ ശ്രദ്ധയോടെ, സ്നേഹത്തോടെ വായിക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഒരുപക്ഷേ, മലയാളത്തിൽ മറ്റാരും തന്നെ ഇത്തരമൊരു ശ്രദ്ധ പുതുതലമുറയിൽ പുലർത്തിപ്പോരുന്നുണ്ടാവില്ല. എന്താണ് പുതിയ കവികളിൽ താങ്കളെ ഏറ്റവുമധികം ആകർഷിക്കാറുള്ളത്?

സമീപനത്തിലെ പുതുമയും ജാതിമത അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യവും എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. തുറന്നു പറച്ചിലിന്‍റെ ചോരപ്പാടുകള്‍ പുതിയ കവിതയില്‍ നിറഞ്ഞു കാണാം.

4.      റിൽകെ ചെയ്തതുപോലെ, പുതുകവിതകൾക്ക് ഒരു കത്ത് എഴുതുകയാണെങ്കിൽ എന്തായിരിക്കും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?

നന്ദിത, നീലാംബരി,സാംബശിവന്‍ മുത്താന,ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,കുറത്തിയാടന്‍ പ്രദീപ്, സുഹ്റ പടിപ്പുര, ബിനു എം.പള്ളിപ്പാട് തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുകയും വിനീത ധിക്കാരികളാവുക എന്നു കുറിച്ചു വയ്ക്കുകയും ചെയ്യും.

5.      കവിത ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധമായി കാണുമ്പോഴും, ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾക്കു പുതിയ കാലത്ത് പ്രാധാന്യം കുറയുന്നുണ്ടെന്നു തോന്നുന്നുണ്ടോ?

 ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾ അനീതിയുള്ള കാലത്തോളം ഉണ്ടായിരിക്കും.

6.      കവിത ആരുടെയും അപ്പന്റെ വകയല്ല എന്ന താങ്കളുടെ പ്രസ്കാവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ്, കവിതയിൽ വമ്പിച്ച ബഹുസ്വരതയുള്ള ഈ പുതുകാലം എത്തിച്ചേർന്നിരിക്കുന്നത്. കവിയെന്ന രീതിയിൽ ഈ കാലം താങ്കൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ?

ബഹുസ്വരത സമ്മാനിക്കുന്ന വര്‍ണ്ണ വൈവിധ്യം അനുഭവിക്കുമ്പോള്‍ ഞാന്‍ മഴവില്ല് കാണുന്നു. സസ്യസമൃദ്ധമായ ഭൂമിയും നൂറു കമ്പിയുള്ള കിന്നരങ്ങളും കാണുന്നു. തീപ്പന്തുകളില്‍ നിന്നും ഗോള്‍വല സൂക്ഷിയ്ക്കുന്ന വിസ്തൃതഹസ്തങ്ങള്‍ സങ്കല്‍പ്പിക്കുന്നു.

7.      ഇന്നു വായിച്ച കവിതയിലെ കവിതകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പലപ്പോഴും പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയശരികളുടെ പേരിൽ ചില വിചാരണകളുമുണ്ടായിട്ടുണ്ട്. എന്താണ് കവിതയിലെ രാഷ്ട്രീയശരി?

മുന്‍പേ ചൊല്ലി മറഞ്ഞവരുടെ കവിതകളാണ് ഇന്നും വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍  ഞായറാഴ്ചകളില്‍ സംവാദത്തിനു സമര്‍പ്പിക്കുന്നത്.തിങ്കളാഴ്ചകളില്‍ വിവിധ ഭാരതീയ ഭാഷകളിലെയും ചുറ്റുപാടുമുള്ള ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍,ഭൂട്ടാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ചൈന  തുടങ്ങിയ രാജ്യങ്ങളിലേയും കവിതകള്‍ സംവാദത്തിനു സമര്‍പ്പിക്കുന്നു.

ഇത് കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ അഞ്ചു കവിതകള്‍ മാത്രം മതിയാകും. കുഞ്ഞുമാസികകളിലടക്കം പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ഫേസ്ബുക്കിലും ബ്ലോഗുകളിലും വന്ന ചില രചനകളും കവിയരങ്ങുകളില്‍ ചൊല്ലിക്കേട്ട ചില കവിതകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.കാവ്യപുസ്തകങ്ങളില്‍ നിന്നും കവിത കണ്ടെത്താറുണ്ട്. 

കവിതയ്ക്ക് താഴെ എവിടെനിന്നും കിട്ടിയെന്നു ചേര്‍ക്കാറുള്ളതിനാല്‍ വായനക്കാര്‍ക്ക് ആ പ്രസിദ്ധീകരണമോ പുസ്തകമോ പിന്നീട് കണ്ടെത്തി വായിക്കാവുന്നതാണ്.ഈ കാരണത്താല്‍ ഡിലീറ്റ് ചെയ്യപ്പെടാവുന്ന മാധ്യമങ്ങളെ അധികം ആശ്രയിക്കാറില്ല. 

നല്ലകവിതയും ചീത്തക്കവിതയുമൊക്കെ തരം തിരിക്കുന്ന പണി കാലത്തിന്റെതായതിനാല്‍ ഞാന്‍ ആ ബാധ്യതകളിലൊന്നും പെടാറില്ല. കവിത ബാധിച്ച് ഉഴലുന്നതുകൊണ്ടാണല്ലോ ആരും എഴുതിപ്പോകുന്നത്. ആ മാനസികാവസ്ഥ ഒരു തീപ്പൊരിയെങ്കിലും തരാതിരിക്കില്ല. കവിത തെരഞ്ഞെടുക്കാന്‍ ആ തീപ്പൊരി തന്നെ  ധാരാളം.

ഞാനൊരു ജനാധിപത്യ വിശ്വാസിയായതിനാല്‍ വിരുദ്ധ ആശയങ്ങളുള്ള കവിതകളും വായനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാലും എന്നെ ആകര്‍ഷിക്കാറുള്ളത് സ്ത്രീപക്ഷം, ദളിത് പക്ഷം, മതാതീത സംസ്ക്കാരം, പരിസ്ഥിതിവാദം  തുടങ്ങിയ ഹൃദയപക്ഷ വികാരങ്ങളാണ്. അതെന്‍റെ രാഷ്ട്രീയശരി.
🌷🌷🌷

Tuesday 21 June 2022

വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്‍റെ അടയാളങ്ങള്‍

 വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്‍റെ അടയാളങ്ങള്‍ 

------------------------------------------------------------------------------------------
ഇന്ത്യയിലെ വിധവകള്‍ അനുഭവിച്ചതു പോലെ അവഗണനയും വേദനയും മറ്റൊരു നാട്ടിലെയും സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവുകയില്ല. സ്ത്രീയുടെ കുറ്റം കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത്. അതിനാല്‍ സ്ത്രീ ശിക്ഷിക്കപ്പെടണം എന്നായിരുന്നു ഇന്ത്യയിലെ പൌരാണിക അധീശ സംസ്ക്കാരമായ ഹിന്ദുമതത്തിന്റെ ധാരണ.

സ്ത്രീക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. സ്വയം തീയില്‍ ചാടി മരിക്കണം.മരണാനന്തരം അവര്‍ സതീദേവിയെന്ന ആരാധനാമൂര്‍ത്തിയാകുമെന്ന് പാവം പെണ്ണുങ്ങളെ പറഞ്ഞു പറ്റിക്കുന്നതില്‍ ഹിന്ദുമത പൌരോഹിത്യം വിജയിച്ചിരുന്നു.

മഹാഭാരതത്തില്‍ കൃഷ്ണന്‍റെ ആയിരക്കണക്കിനു ഭാര്യമാരില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണ്. ആത്മഹത്യ ചെയ്തില്ലെങ്കില്‍ അവരെ പിടിച്ചുകെട്ടി തീയിലേക്കെറിയും. ഷെഹനായ്,ഡോലക്ക് തുടങ്ങിയ വാദ്യങ്ങള്‍ ഉച്ചസ്ഥായിയില്‍ വായിച്ച് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷമാണ് അടുത്തകാലം വരെ രാജസ്ഥാനില്‍ ഉണ്ടായിരുന്നത്.

ജനിക്കുമ്പോള്‍ തന്നെ ആചാരപരമായ വിവാഹം നടത്തിയിരുന്നു.
പ്രായമായ പുരുഷന്മാരെയാണ് ചടങ്ങ് നില്ക്കാന്‍ തെരഞ്ഞെടുക്കുന്നത്. അതിനാല്‍ 1921 ല്‍ ഒരു വയസ്സുള്ള
597 വിധവകള്‍ രാജ്യത്തുണ്ടായിരുന്നു. രണ്ടുവയസ്സു വരെയുള്ള വിധവകളുടെ എണ്ണം 494 ആയിരുന്നു.ഇങ്ങനെ മുപ്പതു വയസ്സിനകമുള്ള 2631788 വിധവകളുണ്ടായിരുന്നു. ഒരു കാലത്ത് നിരോധിക്കപ്പെട്ടിരുന്ന ഇ.മാധവന്റെ സ്വതന്ത്രസമുദായം എന്ന പുസ്തകത്തിലാണ് ഈ അവിശ്വസനീയമായ കണക്കുകള്‍ ഉദ്ധരിച്ചിട്ടുള്ളത്.

തീയില്‍ ചാടി മരിക്കാത്ത പാവങ്ങളെ കാത്തിരുന്നത് അതിനെക്കാള്‍ ദുസ്സഹമായ മറ്റൊരു അഗ്നിപഥമാണ്. മരണം വരെ വെള്ളയുടുത്ത് ഇരുട്ടറയില്‍ കഴിയണം. മുടി വളര്‍ത്താന്‍  പാടില്ല.
നരകതുല്ല്യമായിരുന്നു അവരുടെ ജീവിതം. ഒരുനേരം മാത്രം അല്പഭക്ഷണം. വീട്ടുജോലികളെല്ലാം അവരാണ് ചെയ്യേണ്ടിയിരുന്നത്. ഇതൊന്നും വിധവന്‍മാര്‍ക്ക് ബാധകമല്ല.അവര്‍ക്ക് പിന്നേയും ശൈശവ,ബാല വിവാഹമടക്കം നടത്തി കാളക്കൂറ്റന്‍മാരായി ജീവിക്കാം.ഭാര്യമരിക്കുന്നതു പുരുഷന്റെ കുറ്റം കൊണ്ടല്ല, സ്ത്രീയുടെ ദോഷം കൊണ്ടാണ്. ഇതിന് ഹിന്ദുമതം ചൊവ്വാഗ്രഹത്തെ വരെ കൂട്ടുപിടിച്ചിരുന്നു.

വിധവാവിവാഹം എന്ന ആശയം മുന്നോട്ടുവച്ച ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിനും മറ്റും വലിയ അവഹേളനങ്ങള്‍ നേരിടേണ്ടിവന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെയും മറ്റും നേതൃത്വത്തില്‍ കേരളത്തിലാണ് വിധവാവിവാഹത്തിന്‍റെ പതാക പാറിയത്. 

പൊതുസമൂഹത്തില്‍ നിന്നും വിധവകളെ ചാപ്പകുത്തി മാറ്റിനിര്‍ത്തുന്ന സമ്പ്രദായം ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. അതിലൊരു പ്രധാനസ്ഥലം ഹിന്ദുമതത്തിന് അമിതപ്രാധാന്യമുള്ള മഹാരാഷ്ട്രയാണ്. അതേ  ഇത്തരം ദുഷ്പ്രവണതകകള്‍ക്കെതിരെ പോരാടി വീരമരണം വരിച്ച ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്രധബോല്‍ക്കറുടെയും സ്വന്തം മഹാരാഷ്ട്ര.മഹാത്മാ ഫൂലെയുടെയും ബാബ ആംതെയുടെയും പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഇടം നല്കിയ മഹാരാഷ്ട്ര. ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെയും ബി.ടി.രണദിവേയുടെയുമൊക്കെ കര്‍മ്മമണ്ഡലമായിരുന്ന  മഹാരാഷ്ട്ര. നാരായണ്‍ സുര്‍വേയെ പോലെയുള്ള വിപ്ലവകവികള്‍ ജീവിച്ച് മരിച്ച മഹാരാഷ്ട്ര.

കോവിഡ് മരണങ്ങള്‍ അധികമായതോടെ വിധവകളുടെ എണ്ണം വര്‍ധിച്ചു. ഈ അസാധാരണസംഭവം കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമത്തിന്റെയും മാന്‍ഗാവ് ഗ്രാമത്തിന്റെയും കണ്ണു തുറപ്പിച്ചു.
യുവതികളായ വിധവകള്‍ക്കായി മതം വാഗ്ദാനം ചെയ്യുന്ന ദാരുണജീവിതം അവസാനിപ്പിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

മഹാരാഷ്ട്രാ സര്‍ക്കാരും ഈ വഴിയേ ചിന്തിച്ചു. വിധവകളുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇനി മുതല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് പച്ച നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താം.ഭര്‍ത്താവിന്‍റെ മൃതശരീരം ചിതയിലേക്കെടുക്കുന്നതിനു മുന്‍പ് പച്ചകൈവളകള്‍ പൊട്ടിക്കേണ്ടതില്ല. താലി മുറിച്ചുകളയേണ്ടതില്ല. മൂക്കുത്തിയും മിഞ്ചിയും ഊരിമാറ്റേണ്ടതില്ല. മംഗളകര്‍മ്മങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടതില്ല. അടുപ്പില്‍ തീകത്തിക്കാം. ആഹാരം കഴിക്കാം. വധുവിന്‍റെ അമ്മയായിത്തന്നെ കല്ല്യാണമണ്ഡപത്തിലെത്താം. ആരെയും അനുഗ്രഹിക്കാം.

ഗ്രാമപഞ്ചായത്തിനെ സംസ്ഥാനം മാതൃകയാക്കുന്നതാണ്  നമ്മള്‍ മഹാരാഷ്ട്രയില്‍ കാണുന്നത്. സംസ്ഥാനത്തെ രാഷ്ട്രം മാതൃകയാക്കുന്ന കാലം എന്നാണുണ്ടാവുക?

മഷി തമിഴില്‍ മൈ

 மை

குரீப்புழ ஸ்ரீகுமார் --------------------------------- மை என்றால் வெண்மையல்ல பச்சையல்ல,நீலமல்ல.. மை என்றால் மஞ்சளல்ல ஊதாவுமல்ல. மை என்றால் கறுப்பாகும் கறுப்பின் சிவப்பாகும் பழுப்பு வயல்கள் செய்த பச்சையுமாகும். கறுப்பென்றால் மலையிறங்கி நிலா வெள்ளம் வரும் இரவில் அணை உடைத்து ஓடி வரும் எழிலின் தோற்றம். கிளிகளுக்கும், வெண்மையாகச் சிரிக்கின்ற மலர்களுக்கும் இடம் தந்து பூரிக்கின்ற காப்பகமாகும். ஒரு துளி மை என்றால் மலை போன்ற எதிர்ப்பாகும்.. அதற்குள்ளே அமைதியின் கடலன்பாகும்.. மைக்குள்ளே குலையாத காதல், முத்தங்கள், காமம், விடியலின் முகம், சோகம் போராட்ட தந்திரம் . மை எனது மனமாகும் சிரமாகும் .. எரியும் காகிதமாய் பறக்கின்ற கவிதையாகும் தமிழாக்கம்: களம்பூர் பாபுராஜ் baburajkalampoor@gmail.com ***********

Tuesday 7 June 2022

കുട്ടികളെ തോളിലേറ്റി മനുഷ്യസ്നേഹയാത്ര.

 കുട്ടികളെ തോളിലേറ്റി മനുഷ്യസ്നേഹയാത്ര.

-------------------------------------------------------------------------
കുട്ടികളുടെ മനസ്സ് സ്നേഹത്തിന്‍റെ കരിക്കിന്‍വെള്ളം നിറയ്ക്കാനുള്ള പളുങ്കുപാത്രമാണ്. അവിടെ ജാതിമതങ്ങളുടെയും മറ്റു മൂഢധാരണകളുടെയും കാരമുള്ളുകള്‍ നിറയ്ക്കരുത്.

മനുഷ്യസ്നേഹികളായ തൊഴിലാളികളുടെ ഉജ്വലസമരങ്ങള്‍ക്ക് വേദിയായതിലൂടെ കേരളചരിത്രത്തില്‍ ഇടംനേടിയ തൃശൂരിലെ അന്തിക്കാട്ടാണ് മാതാപിതാക്കള്‍ പിഞ്ചുമക്കളെ തോളിലേറ്റി പ്രകടനം നടത്തിയത്. പരിസ്ഥിതി ദിനത്തിലായിരുന്നു ഈ മാനവസ്നേഹയാത്ര. കുഞ്ഞുങ്ങളെ മതതീവ്രവാദികള്‍  ആശയപരമായി ദുരുപയോഗം ചെയ്യുന്ന കാലമായതിനാല്‍ ബാലവേദിയുടെ  ഈ സവിശേഷയാത്ര സംസ്ഥാനവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി ദിനപത്രം കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഫോട്ടോസഹിതം ഈ യാത്ര സ്റ്റേറ്റ് പേജില്‍ പ്രസിദ്ധീകരിച്ചു. മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറും സഖാക്കള്‍ കെ.പി.ദേവദത്തയും ഷീലാ വിജയകുമാറും കുഞ്ഞുങ്ങളെ പൂക്കളും ഫലവൃക്ഷത്തൈകളും നല്കി അഭിവാദ്യം ചെയ്തു.

കുഞ്ഞിലേ തന്നെ ജാതിമത അന്ധവിശ്വാസങ്ങളുടെ വിത്തുകള്‍ വിഷവൃക്ഷങ്ങളായി വളരുമെന്നോര്‍ക്കാതെ ബാലമനസ്സുകളില്‍ ചെലുത്തുന്നത് പുണ്യം തരുന്ന പ്രവര്‍ത്തിയാണെന്ന് പല രക്ഷകര്‍ത്താക്കളും ധരിച്ചിട്ടുണ്ട്.കുട്ടികളില്‍ ജാതിയും മതവും അശാസ്ത്രീയതയുമൊന്നും അടിച്ചേല്‍പ്പിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കില്ല.

കുട്ടികളുടെ ചിന്തകളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വസന്തശോഭയോടെ നിലനില്‍ക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ സ്നേഹചാരുതയുള്ള ഒരു സമൂഹം രൂപപ്പെട്ടുവരികയുള്ളൂ. 

മതവിരോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ കുഞ്ഞുങ്ങളെക്കൊണ്ട് വിളിപ്പിക്കുന്നതിനു പകരം സ്നേഹത്തിന്‍റെ അടയാളവാക്യങ്ങള്‍ പലതും മുഴക്കാനുണ്ടല്ലോ.
അതില്‍ പ്രധാനപ്പെട്ടത് ഞങ്ങളിലില്ലാ ഹൈന്ദവ രക്തം,ഞങ്ങളിലില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്ന മതാതീതമനുഷ്യഗീതമാണ്. മൌലാന ഹസ്രത് മൊഹാനിയുടെ ഇങ്കിലാബ് സിന്ദാബാദ് പോലെ ഈ വരികളും ഇന്ന് കേരളത്തില്‍ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഈ മുദ്രക്കവിത നെഞ്ചില്‍ കൈവച്ച് ചൊല്ലാന്‍ ലേശം ധൈര്യവും പ്രണയബോധവും ആവശ്യമാണ്.

1968 ലെ മിശ്രവിവാഹ സംഘത്തിന്‍റെ സമ്മേളനത്തിനായി  
വി.കെ പവിത്രന്‍ എഴുതിയതാണ് ആ ഇരുപതുവരിക്കവിത.
ഇരുശരീരങ്ങളിലെ ചോര ഒന്നായിത്തീരണമെന്നും സിരയും സിരയും തമ്മില്‍ ഇണങ്ങണമെന്നും മനുഷ്യത്വം തുടിക്കുന്നത് നാഡിമിടിപ്പിലൂടെ അറിയണമെന്നും ജാതിമതങ്ങളെന്നപോലെ സ്വന്തം ഭാഷമാത്രമാണ്  മികച്ചതെന്നും മറ്റുഭാഷകള്‍ മോശമാണെന്നുമുള്ള ധാരണയും മാറണമെന്നും ഈ കവിതയില്‍ പവിത്രകവി പറയുന്നുണ്ട്.

മതരക്തത്തെ തള്ളിക്കളയുകയും മനുഷ്യരക്തത്തെ അഭിവാദ്യം ചെയ്യുകയുമാണ് കവിതയില്‍. ഈ ഒരു സമീപനം ഇന്ന് ഇന്ത്യയില്‍ അത്യാവശ്യമാണ്. ഇസ്ലാം മതസ്ഥാപകനെ ആക്ഷേപിച്ചതിന് ഇന്ത്യയിലെ  സ്ഥാനപതികളെ വിളിച്ചുവരുത്തി അറേബ്യന്‍ രാജ്യങ്ങള്‍ അപ്രിയം അറിയിച്ചിരിക്കയാണ്. ഹിന്ദുമത വിദ്വേഷ മുദ്രാവാക്യം എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിനെക്കൊണ്ട് വിളിപ്പിച്ചതിന് കോടതി നടപടികളും ഉണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുന്നതിന്‍റെ  അപകടം    നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

അവിശ്വാസികള്‍ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുകയല്ല, അപഗ്രഥനം ചെയ്യുകയാണ് പതിവ്.  പ്രപഞ്ചോല്‍പ്പത്തിയെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആവിര്‍ഭാവത്തെയും സംബന്ധിച്ച്  മതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വിചിത്രഭാവനകളെ ഉപേക്ഷിക്കുകയും ആ സ്ഥാനത്ത് ശാസ്ത്രത്തെ  കുടിയിരുത്തുകയുമാണ് ചെയ്യുന്നത്.

കുഞ്ചന്‍ നമ്പ്യാര്‍, ചങ്ങമ്പുഴ, വയലാര്‍, ഓ വി വിജയന്‍, വി.കെ.എന്‍  തുടങ്ങിയ മലയാളസാഹിത്യത്തിലെ മഹദ് വ്യക്തികള്‍ മതാപഗ്രഥനത്തിന് നര്‍മ്മത്തിന്‍റെ വഴി സ്വീകരിച്ചിട്ടുണ്ട്. അവയൊക്കെ മലയാളികള്‍ നെഞ്ചേറ്റിയിട്ടുമുണ്ട്. മതവിദ്വേഷത്തില്‍ നിന്നും മനുഷ്യസ്നേഹത്തിലേക്കുള്ള വഴിയാണ് അവര്‍ കാട്ടിയത്. വി.കെ.പവിത്രന്റെ കവിതയില്‍ നര്‍മ്മലായനി ഉപയോഗിക്കാതെതന്നെ മനുഷ്യസ്നേഹത്തിന്‍റെ പവിത്രത പ്രകാശിപ്പിക്കുന്നു.

മതബോധമാണ് മനുഷ്യസമൂഹത്തിന്റെ അടിത്തറയെങ്കില്‍ അവിടെ മതതീവ്രവാദത്തിന് കരമടച്ച രസീതുള്ള ഒരു തുണ്ടു ഭൂമിയെങ്കിലും  ഉണ്ടായിരിക്കും. ദിവസങ്ങള്‍ക്കു മുന്‍പ് സുവര്‍ണ്ണക്ഷേത്രത്തില്‍ മുഴങ്ങിയ ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും ഭിന്ദ്രന്‍ വാലയ്ക്കുള്ള അഭിവാദ്യവും അതാണ് തെളിയിക്കുന്നത്.

കുട്ടികളെ തോളിലേറ്റി മതാതീതമനുഷ്യസ്നേഹത്തിന്‍റെ മുദ്രാഗീതങ്ങള്‍ ആലപിച്ചു നടത്തിയ സ്നേഹയാത്ര കേരളത്തിന് മാതൃകയാണ്.  അതിനായി അന്താരാഷ്ട്ര പരിസ്ഥിതിദിനം തെരഞ്ഞെടുത്തതും ഉചിതമായി. കുഞ്ഞുങ്ങളുടെ റാലികള്‍ ഇനി മതവിശേഷ ദിവസങ്ങളില്‍ നിന്ന് കേരളപ്പിറവി ദിനം പോലെയുള്ള വിശിഷ്ടദിവസങ്ങളിലേക്ക് മാറുന്നത് ഉചിതമായിരിക്കും.