Thursday 28 July 2022

കലമാനും കാമുകിയും

 കലമാനും കാമുകിയും 

--------------------------------------

വാക്കുമരത്തണലത്ത്

പാട്ടു തുന്നും യുവതിക്ക് 

കയ്യിലിടാന്‍ വള്ളിവള 

കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ് 


കൊലുസ്സിന്റെ തിളക്കത്തില്‍ 

മനസ്സടച്ചു നക്ഷത്രം  

അതു കണ്ടു യാത്ര നിര്‍ത്തി 

പരുങ്ങി നിന്നു ഗാലക്സി 


ഗാലക്സിയില്‍  മുങ്ങി നീന്തി 

വെളിച്ചത്തിന്‍  യുവധീരന്‍ 

മുഖം പൊത്തി  കന്യമാരെ 

കൊണ്ടുപോയ കാമക്കണ്ണന്‍ 


കണ്ണടച്ചു ചൂണ്ടി വന്ന

സൂചിക്കാരി  യുവതിക്ക് 

രണ്ടു കടം കൂട്ടിവച്ചു 

രണ്ടു ചോദ്യം  ബാക്കി വച്ചു


വച്ചു മാറാന്‍ ശംഖുണ്ടോ

വെന്ത ചോറിന്‍ മണമെന്ത്?

ചോദ്യം രണ്ടും ചെറുത്തപ്പോള്‍ 

ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു 


ഉടഞ്ഞു പോയ മൌനത്തില്‍ 

ഹോര്‍മോണുകള്‍ വീണ മീട്ടി 

ഇണകള്‍ക്ക് ചാമരവും 

ചഷകവുമായ് കാറ്റെത്തി.


എത്തിനോക്കീ  മരച്ചോട്ടില്‍ 

തുന്നലില്ല വെട്ടമില്ല 

മരം നിന്ന പുല്‍ത്തടത്തില്‍

കലമാനും കാമുകിയും.

Wednesday 20 July 2022

പരീക്ഷാകേന്ദ്രത്തിലെ ദുശ്ശാസനക്രിയകള്‍


ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലെ കന്യകാത്വ പരിശോധനയും ഇന്‍ഡോനേഷ്യന്‍ യുവതികളില്‍ സൈന്യത്തില്‍ 
ചേരുന്നതിനു മുന്പ് നടത്തിയിരുന്ന ഇരട്ടവിരല്‍ പരിശോധനയും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ലോകവ്യാപകമായ ആക്ഷേപമുണ്ടായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചെങ്കിലും നമ്മുടെ നാട്ടില്‍ സ്ത്രീത്വാപമാനക്രിയകള്‍ തുടരുകയാണ്. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നീറ്റ് പരീക്ഷയോടനുബന്ധിച്ച് പെണ്‍ കുട്ടികളുടെ ഉള്‍വസ്ത്രങ്ങള്‍ നീക്കം ചെയ്ത സംഭവം സാക്ഷര കേരളം ഗൌരവത്തോടെ നിരീക്ഷിക്കേണ്ടതാണ്.

നീറ്റ് പരീക്ഷ എഴുതാന്‍ ഹാളില്‍ കടക്കേണ്ടത് ചോരയില്‍ പോലും ലോഹാംശങ്ങള്‍ ഇല്ലാതെ വേണം എന്ന പുരുഷ മേധാവിത്വത്തിന്റെ പിടിവാശിയാണ് ഈ അപമാനകരമായ പ്രവര്‍ത്തിക്ക് കാരണമായത്. പതിനേഴ് വയസ്സു കഴിഞ്ഞവരാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പെറ്റിക്കോട്ടെന്ന ബാലികാവസ്ത്രം ഉപേക്ഷിച്ച കേരളം ഹൈസ്കൂള്‍ ക്ലാസ്സിലെത്തുന്നതിന് മുന്പ് തന്നെ മാറിടം മറയ്ക്കാനായി പെണ്‍ കുഞ്ഞുങ്ങളെ ഉള്‍വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ കൊളുത്ത് ലോഹം കൊണ്ടുള്ളതുമാണ്. വര്‍ഷങ്ങളായി നിത്യേന ധരിക്കുന്ന ഈ വസ്ത്രം പരീക്ഷാഹാളില്‍ കടക്കുന്നതിന് മുന്പ് പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍ മക്കളുടെ മാനസിക നില തകരുകതന്നെചെയ്യും.

പരീക്ഷയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ദേശീയ പരിശോധനാ ഏജന്‍സിയാണ് ഇങ്ങനെ നമ്മുടെ കുട്ടികളെ അപമാനിച്ചിരിക്കുന്നത്. പുരോഹിതന്‍ പൂജിച്ചുകൊടുത്ത പേന തെളിയാതെ വന്നാല്‍ പോലും തകരുന്ന മനോനിലയുള്ള കുട്ടികളില്‍ ഇത്തരം ദുശ്ശാസനക്രിയകള്‍ ഉണ്ടാക്കുന്ന ആഘാതം അസാധാരണമാണ്.

പെണ്‍കുട്ടികളുടെ മനോവീര്യം കെടുത്തി പരീക്ഷാഹാളിലേക്ക് പറഞ്ഞയക്കുന്നതുവഴി എന്ത് വിജ്ഞാന പരീക്ഷണമാണ് നടത്തപ്പെടുന്നത്? ചില പെണ്‍കുട്ടികളുടെ അമ്മമാര്‍ കോളജ് ഗേറ്റിലുണ്ടായിരുന്നു. അവരെ വിളിച്ച് ഷാളെങ്കിലും വാങ്ങി മാറുമറയ്ക്കാനുള്ള അനുവാദം ദുശ്ശാസനസംഘം നല്കിയിരുന്നു. ആ സുരക്ഷപോലും ഇല്ലാതിരുന്ന കുട്ടികള്‍ നഗ്നതാബോധത്തോടെയാണ് പരീക്ഷാഹാളിലെത്തിയത്.

എന്തിനാണ് ഇത്തരം അപഹാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നത്? ഉള്‍വസ്ത്രം അഴിക്കാന്‍ വിസമ്മതിച്ച കുട്ടിയോട്, വസ്ത്രമാണോ പരീക്ഷയാണോ നിനക്കു പ്രധാനം എന്നു പോലും ചോദിക്കുകയുണ്ടായി. എല്ലാ ധൈര്യവും തകര്‍ന്നു പരീക്ഷയെ അഭിമുഖീകരിച്ച കുട്ടികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ വിവരം അമ്മമാരെ അറിയിച്ചത്.

എന്തിനാണ് ഇത്തരം പരീക്ഷണങ്ങള്‍? ഏതുകാലത്തും പെണ്ണുടുപ്പുകളെയും പെണ്ണൂടലുകളെയും പരീക്ഷണവിധേയമാക്കുന്നത് എന്തിനാണ്?

മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുക്കാനായി കൊല്ലം ജില്ലയില്‍ നടന്ന പെരിനാട് സമരം കേരളത്തിന്റെ സമാന്തര ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായമാണ്. അയ്യന്‍കാളിയാണ് സഹോദരിമാരുടെ മാനം രക്ഷിച്ചുകൊണ്ട് ആ സമരം തീര്‍പ്പാക്കിയത്. പിന്നേയും നമ്മള്‍ അക്കാലത്തേക്ക് തിരിച്ചു പോവുകയാണെങ്കില്‍ അയ്യന്‍കാളിയുടെ ആശയങ്ങള്‍ തന്നെ ആവര്‍ത്തിക്കേണ്ടിവരും. ദുശ്ശാസനന്‍മാരെ കായികമായിപ്പോലും നേരിട്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അയ്യന്‍കാളിയെന്നത് മറക്കരുത്.

റാഗിങ്ങിന് തുല്ല്യമായ ഇത്തരം പ്രവര്‍ത്തികളെ ക്രിമിനല്‍ കുറ്റമായാണ് കാണേണ്ടത്. പഴയ ചില ഇല്ലങ്ങളിലെ ഭൃത്യകള്‍ പടിപ്പുരയില്‍ വച്ച് മാര്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിട്ട് ഉള്ളിലേക്ക് കയറിയിരുന്നത് പോലെയാണോ ആധുനിക കാലത്ത് പെണ്‍ കുട്ടികള്‍ പരീക്ഷാഹാളിലേക്ക് കയറേണ്ടത്? പരീക്ഷാ കേന്ദ്രങ്ങള്‍ കൌരവസഭകള്‍ ആകരുത്. അവിടെ ദ്രൌപദിമാര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടരുത്. അങ്ങനെ ഉണ്ടായാല്‍ രാജാവും ഗുരുക്കന്മാരും മൌനം അവലംബിച്ച് പ്രോത്സാഹിപ്പിക്കരുത്. പെണ്ണിന്‍റെ കണ്ണുനീരിന് ആഗ്നേയായുധങ്ങളുടെ ശക്തിയുണ്ടെന്ന കാര്യം ഒരു കേന്ദ്ര ഏജന്‍സിയും മറക്കരുത്.

Tuesday 5 July 2022

പ്രത്യാശത്തുരുത്തിലെ വിളക്കണക്കരുത്

 ഇന്നത്തെ ഇന്ത്യയില്‍ പ്രത്യാശയുടെ ഒരു തുരുത്തുണ്ടെങ്കില്‍ അത് കേരളമാണെന്ന് പറയുന്നത് പ്രസിദ്ധ ഉറുദു കവിയും ചലച്ചിത്രകാരനുമൊക്കെയായ ഡോ.ഗൌഹര്‍ റാസയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് പ്രകാശം പരത്തുന്ന ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയത്.


ശാസ്ത്രബോധത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന അന്ധവിശ്വാസ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയണമെന്നും കോവിഡ് കാലത്ത് ആരും ഗോമൂത്രം കൊണ്ടു കൈകഴുകുകയല്ല, സാനറ്റൈസര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് തിരിച്ചറിയണമെന്നും ഡോ. റാസ പറഞ്ഞു.

കേരളം പ്രത്യാശയുടെ തുരുത്താണെന്ന് ആശങ്കകളോടെ മാത്രമേ നമുക്ക് ഇപ്പോള്‍  സമ്മതിക്കാന്‍ സാധിക്കൂ. ഭ്രാന്താലയമെന്നു വിശേഷിപ്പി ക്കപ്പെട്ട കേരളത്തെ പ്രകാശത്തിന്റെയും സുപ്രതീക്ഷയുടെയും പ്രദേശമാക്കി മാറ്റിയത് നവോത്ഥാനപരിശ്രമങ്ങളാണ്. അതിന്‍റെ സദ് ഫലങ്ങളെ ആക്രമിക്കുന്ന അന്ധവിശ്വാസകീടങ്ങള്‍ അതിപ്രസരം നേടുന്ന കാലമാണിത്.

നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ശേഷം പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ടായി.ഓരോ പഞ്ചായത്തിലും ഒന്നിലധികം ലൈബ്രറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്കൂളുകളില്‍ ജാതിമത ഭേദമെന്യേ പെണ്‍ കുട്ടികള്‍ വന്നുനിറഞ്ഞു. അധ്യാപനം അടക്കമുള്ള ഉദ്യോഗമണ്ഡലങ്ങളില്‍ ഗണനീയമായ സ്ത്രീസാന്നിദ്ധ്യമുണ്ടായി.സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് കേരളം സഞ്ചരിച്ചു. അതോടൊപ്പം, ഉടഞ്ഞുപോയ സോവിയറ്റ് യൂണിയനില്‍ മതരാജ്യങ്ങള്‍ പുനര്‍ജ്ജനിച്ചതുപോലെ  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണര്‍ന്നെണീക്കാന്‍ തുടങ്ങി.

നവോത്ഥാനപരിശ്രമങ്ങളെ അതിന്‍റെ പുതുരക്തഘടനയ്ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. എഴുപതുകളില്‍ പോലും, ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ആരാധനാലയങ്ങള്‍ ഉദ്ധരിക്കപ്പെട്ടു.  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പുരോഗമന സംഘടനകള്‍ പോലും  മൌനം കൊണ്ടു സ്വീകരിച്ചു.

മുന്‍പില്ലാതിരുന്ന പൊങ്കാലകളും ഗണേശോത്സവവും   നവകേരളത്തില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. സാഹോദര്യത്തിന്‍റെ അടയാളമാകേണ്ടിയിരുന്ന രാഖി വര്‍ഗ്ഗീയതയുടെ ഭയചിഹ്നമായി.
പുനരുദ്ധാരണക്കമ്മിറ്റികളാല്‍ സംരക്ഷിക്കപ്പെട്ട ആരാധനാലയങ്ങള്‍ തമിഴ് നാട്ടിലെ ബൊമ്മസംസ്ക്കാരത്തെ അനുകരിച്ചു ഗോപുരങ്ങള്‍ ഉയര്‍ത്തുകയും തുമ്പിക്കൈക്കോളാമ്പികള്‍ ഘടിപ്പിച്ച് അലറിവിളിച്ച് മനുഷ്യന്‍റെ  സ്വസ്ഥതയ്ക്കും ആരോഗ്യത്തിനും  വെല്ലുവിളിയാവുകയും ചെയ്തു. ബ്രാഹ്മണ പൂജാരികളെ വ്യാപകമായി നിയമിച്ചുകൊണ്ട് ജാതിവ്യവസ്ഥയുടെ പ്രതിലോമ അന്തസ്സത്ത അവര്‍  തിരിച്ചു പിടിച്ചു. പിന്നെ നമ്മള്‍ കാണുന്നത് ക്ഷേത്ര സംരക്ഷണ സമിതികളിലൂടെ വളര്‍ന്ന് വന്ന മത തീവ്രവാദ രാഷ്ട്രീയമാണ്.

ഇത് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ചിത്രമാണെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയും അവരുടെ കോട്ടകൊത്തളങ്ങള്‍ കെട്ടിപ്പൊക്കി. ഇപ്പോള്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളില്‍, യോഗ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് പോലും മേല്‍ക്കൈ നേടണമെങ്കില്‍  പൌരോഹിത്യത്തെ വണങ്ങണമെന്നായി.

സാനറ്റൈസറിനു പകരം ഗോമൂത്രം എന്ന ആശയം എല്ലാ രംഗത്തും പടര്‍ന്ന് പിടിക്കുകയാണ്.ശാസ്ത്രബോധവും യുക്തിചിന്തയും നിരന്തരം ആക്രമിക്കപ്പെടുന്നു. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. തിരുവനന്തപുരം ജില്ലയിലെ സുമതിയെ കൊന്ന വളവെന്ന വനപ്രദേശത്ത്, സുമതിപ്രേതത്തെ പുനസൃഷ്ടിക്കാന്‍ വെള്ളസ്സാരിയുമായി ചെന്ന ചാനല്‍ സംഘത്തെ സമീപത്തുള്ള ഓട്ടോറിക്ഷക്കാര്‍ക്ക് ഓടിക്കേണ്ടിവന്നത് അടുത്ത കാലത്ത് ആയിരുന്നല്ലോ.

1979 ഡിസംബറില്‍ അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണമായിരുന്ന ജനയുഗം വാരികയില്‍ പത്രാധിപര്‍ തെങ്ങമം ബാലകൃഷ്ണന്‍ പേരുവച്ചെഴുതിയ എഡിറ്റോറിയലിന്റെ
ശീര്‍ഷകം കോവൂരിനു ശേഷം എന്നായിരുന്നു."ഡോ.കോവൂര്‍ അന്തരിച്ചു.എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളുമായി അന്ധവിശ്വാസത്തിനെതിരെ പോരാടാന്‍ കഴിയുന്ന നിരവധി പേരുണ്ട്.അവരില്‍ ശ്രദ്ധേയനാണ് ഡോ.പി.കെ.നാരായണന്‍.അദ്ദേഹം തുടര്‍ച്ചയായി ജനയുഗത്തില്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ "നമ്മുടെ മനസ്സ്" എന്ന ലേഖന പരമ്പര ഈ ലക്കത്തില്‍ ആരംഭിക്കുന്നു.വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ താല്‍പര്യജനകം ആയിരിക്കുമെന്ന് കരുതുന്നു"

ഇങ്ങനെ ഒരു എഡിറ്റോറിയല്‍ എഴുതുവാന്‍ നമുക്കിന്ന് ഏതു മുഖ്യധാരാവാരികയുണ്ട്?