Wednesday 17 August 2022

മതരഹിതരുടെ സംവരണം

മതരഹിതരുടെ സംവരണം 

--------------------------------------------

അടുത്തകാലത്ത് ഹൈക്കോടതിയില്‍ നിന്നും കേരളസര്‍ക്കാരിന് 
നല്കിയ ഒരു നിര്‍ദ്ദേശമാണ് ഈ തലക്കെട്ട് സ്വീകരിക്കാന്‍ പ്രേരണയായത്.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു എന്നതാണ് ആ നിര്‍ദ്ദേശത്തെ ശ്രദ്ധേയമാക്കിയത്. ഔദ്യോഗിക രേഖകളില്‍ മതമില്ലെന്നു
രേഖപ്പെടുത്തിയ അഞ്ചുവിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുന്നു.
രേഖകളില്‍ മതവും ജാതിയുമില്ലാത്തവരായതിനാല്‍ സ്വാഭാവികമായും  മുന്നോക്ക വിഭാഗത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ആ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണാനുകൂല്യം അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ബഹുമാനപ്പെട്ട കോടതി ഈ ആവശ്യം പരിഗണിക്കുകയും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും  ചെയ്തു, 

ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ച കോടതി, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വം എന്ന ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ധൈര്യം കാണിച്ചവരാണ് ഹര്‍ജിക്കാരെന്നു അഭിപ്രായപ്പെടുകയും ചെയ്തു. ജസ്റ്റിസ് വി.ജി.അരുണ്‍ ഇന്ത്യയിലെ മുഴുവന്‍ മാതാതീത മനുഷ്യരുടെയും അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയമായി രൂപപ്പെട്ടിട്ടുള്ള എല്ലാ കുടുംബങ്ങളിലും കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ജാതിയുടെയും മതത്തിന്‍റെയും പിള്ളത്തൊട്ടിലിലേക്കാണ്. അവിടെ കേള്‍ക്കുന്ന താരാട്ട് മതദൈവങ്ങളുടെ വാഴ്ത്തുകളുമാണ്.ഈ തടവറകളില്‍ നിന്നും ചിന്തകൊണ്ട് സ്വതന്ത്രരാകുന്നവരാണ് മതരഹിത മനുഷ്യരാകുന്നത്.

മതപരമായ ബാല്യകാലമുള്ളവര്‍ പോലും  വളര്‍ന്ന് വരുമ്പോള്‍ സ്വന്തം ജീവിതത്തില്‍ നിന്നും മതവും ജാതിയും അവനല്‍കുന്ന അന്ധപ്രവര്‍ത്തികളും പൂര്‍ണ്ണമായും ഒഴിവാക്കും. ചിലരൊക്കെ പ്രണയമെന്ന കാന്തവലയത്തില്‍ പെടുകയും മതരഹിത മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും. സ്വന്തം കുഞ്ഞുങ്ങളെ അവര്‍ മനുഷ്യരായി വളര്‍ത്തൂം.
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട എന്ന സര്ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ആ കുട്ടികള്‍ മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ യൂണിഫോമിട്ട് വളരും. അവര്‍ക്കാണ് ഉപരിപഠനത്തിനും ഉദ്യോഗലബ്ധിക്കും സംവരണം വേണ്ടത്. അവരത് അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും  വര്‍ഗീയവാദികളോ മത തീവ്രവാദികളോ ആവുകയില്ല. ജാതിമത പരിഗണനയോ സ്പര്‍ദ്ധയോ കൂടാതെ പൌരസമൂഹത്തോട് അവര്‍ പെരുമാറും.ഇങ്ങനെയുള്ള പൌരസമൂഹത്തെ രൂപപ്പെടുത്തിയെടുത്താല്‍ മതതീവ്രവാദം കൊണ്ടുള്ള വിപത്തുകളെ എന്നേക്കുമായി തടയാം. 

മതതീവ്രവാദത്തെ ആയുധം കൊണ്ട് നേരിടാന്‍ സാധിക്കുകയില്ല.
അത് മുളയിലേ നുള്ളേണ്ടതാണ്. പ്രകൃതി പശ്ചാത്തലമായ മനുഷ്യാവബോധം കുഞ്ഞുന്നാളിലേ പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. അടുത്തിരുന്നു പഠിക്കുന്ന കുട്ടിയെ മനുഷ്യക്കുട്ടിയായി കാണണമെന്നും മതക്കുട്ടിയായി കാണരുതെന്നുമുള്ള പാഠം വിലപ്പെട്ടതാണ്. നിന്‍റെ മതമേതാണെന്ന് ചോദിച്ചാല്‍ നമ്മള്‍ മനുഷ്യരാണെന്നു പറയുന്ന കുട്ടികള്‍ നമ്മുടെ നാട്ടിന്‍റെ അഭിമാനമാണ്. 

സമത്വത്തില്‍ ഊന്നിയുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. അത് ഏതെങ്കിലും മത ദൈവത്തിന്‍റെ പേരില്‍ ആരംഭിക്കുന്നതുമില്ല.നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നു പറഞ്ഞു കൊണ്ടാണ് ആ മഹദ് ഗ്രന്ഥം ആരംഭിക്കുന്നത്. 
 
ഈ വിഭാഗതില്‍ പെടുന്ന കുട്ടികള്‍ ജാതിസംവരണത്തിന്റെ പിന്നാലേ പോകാറില്ല. ചിലപ്പോള്‍ അവര്‍ക്കത് അര്‍ഹതയുള്ളതുപോലും ആയിരിയ്ക്കും. എന്നാല്‍ ജാതിമത വിഭാഗീയതയെക്കെതിരെയുള്ള പോരാളികള്‍ എന്ന നിലയില്‍ അവരത് അവകാശപ്പെടാറില്ല. സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാത്ത ഒരു സമൂഹമാണല്ലോ അവരുടെ ലക്ഷ്യം.

കേരളത്തില്‍, മതമില്ലാത്ത ജീവന്‍ അവാര്‍ഡ് എന്നൊരു സമ്മാനമുണ്ട്. സ്കൂള്‍ രേഖകളില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള സമ്മാനമാണത്.അപേക്ഷകരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്.
ആ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം മനുഷ്യസമൂഹത്തിന്റെ സാധ്യതയിലേക്ക് കൂടുതല്‍ പ്രകാശം പരത്തുന്നതാണ്.

Tuesday 2 August 2022

പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍

 പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍ 

----------------------------------------------------------------
പാട്ടെഴുതിപ്പാടി ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ബോബ് ഡൈലനു നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞു.പാട്ടെഴുത്തുകാരന് നൊബേല്‍ സമ്മാനമോ? പാട്ടിലെന്ത് സാഹിത്യം? പാട്ടില്‍ സാഹിത്യമുണ്ടെന്നും അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലോകം അന്ന് തിരിച്ചറിഞ്ഞു.

അതുപോലെയാണ് അട്ടപ്പാടിയിലെ ആട്ടിടയവനിതയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യയിലെ ഏറ്റവും നല്ല സിനിമാപ്പാട്ടുകാരിക്കുള്ള ദേശീയപുരസ്ക്കാരം കിട്ടിയപ്പോള്‍ ഉണ്ടായ അസംതൃപ്തിയും. എന്താ, ആദിവാസിക്ക് സാഹിത്യ പാരമ്പര്യവും സംഗീത പാരമ്പര്യവുമില്ലേ? ഭൂപന്‍ ഹസാരികയടക്കം പലരും ഈ വലിയ ഗോത്രസമ്പത്തിനെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതാണല്ലോ.

ജാലറയും കൊക്കരയും മുട്ടിയും കൊഗാറയുമടക്കമുള്ള അവരുടെ ഉപകരണങ്ങള്‍ നമ്മളെ കേള്‍പ്പിച്ചത് ആദിദ്രാവിഡസംഗീതസാഗരം ആയിരുന്നല്ലോ. ഇപ്പോഴും സി.ജെ കുട്ടപ്പനും പി.എസ് ബാനര്‍ജിയുമടക്കമുള്ളവര്‍ സൃഷ്ടിച്ച സംഗീതതരംഗം കേരളത്തില്‍ സജീവമാണ്. ശാസ്ത്രീയസംഗീത സാധകത്താല്‍ പോളിഷ് ചെയ്യപ്പെട്ട കണ്ഠത്തില്‍ നിന്നും പുറപ്പെടുന്ന ബൃഹകളെക്കാള്‍ അത്ഭുതകരമാണല്ലോ ആ പരുക്കന്‍ സംഗീതശിഖരങ്ങള്‍.

സംഘകാല സാഹിത്യ ഭൂമിയെ അഞ്ചായി തിരിച്ചതില്‍ ഒരു തിണയാണ് പാലത്തിണ. വിവിധയിനം പാലമരങ്ങള്‍ നിറഞ്ഞ ഊഷരഭൂമി.അവിടെ ജീവിച്ചിരുന്ന ആണും പെണ്ണുമായ കവികളുടെ രചനകളില്‍ നിറഞ്ഞുനിന്നത് അത്ഭുതകല്‍പ്പനകളും പ്രണയവുമാണ്. അവരുടെ പിന്‍ഗാമിയാണ് നഞ്ചിയമ്മ. തൊണ്ടയില്‍ കുറിഞ്ഞിത്തേനുള്ള പൂങ്കുയില്‍.

അരനൂറ്റാണ്ടിലധികമായി ഇരുളസമുദായക്കാര്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ചിട്ടുള്ള ഒരു പാട്ടാണ് നഞ്ചിയമ്മ പാടിയത്. അതി ലളിതമായ ഒരു തെളിനീരുറവ. കുഞ്ഞുങ്ങളുടെ ചോറൂട്ടിനും മറ്റും പാടിയിരുന്നത്.മാണിയച്ചന്‍ കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന അട്ടപ്പാടിയില്‍ വീലുവച്ച വാഹനങ്ങളില്ലാതിരുന്ന കാലത്ത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞ ഏക വാഹനം  ദേശാടനപ്പക്ഷിയെ പോലെ ആകാശത്തു കാണപ്പെട്ട വിമാനമാണ്.

കിഴക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ  ആദ്യ വരികള്‍. തെക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ രണ്ടാമത്തെ വരി.വടക്കുള്ള ഉങ്ങ് മരം  നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ മൂന്നാമത്തെ വരി. പടിഞ്ഞാറുള്ള ഞാറ മരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ നാലാമത്തെ വരി. പാട്ട് കഴിഞ്ഞു. ഇടയ്ക്ക് ലാലാലെ എന്ന വായ്ത്താരിയും. എത്ര ലളിതവും സുന്ദരവുമാണ് ഈ അവതരണം. ഇരുളമലയാളത്തില്‍ വിരിഞ്ഞ മഴവില്ല്. പാട്ടിന്‍റെ
മലയാളം പറഞ്ഞു തന്നപ്പോള്‍ ചിറ്റൂരെ ലതടീച്ചറുടെ വിരലുകള്‍ ഇടയ്ക്കയില്‍ താളമിട്ടതുപോലെ തോന്നി.

ഇരുള - മുതുവാന്‍ പ്രണയമായിരുന്നല്ലോ മലയാറ്റൂരിന്‍റെ പൊന്നിയുടെ കാതല്‍. അതിനു പാട്ടെഴുതിയ പി.ഭാസ്കരന്‍. മാര്‍കഴിയും മല്ലികപ്പൂവും ആമ്പല്‍പ്പൂവും മാട്ടുപ്പൊങ്കലും ശിരുവാണിപ്പുഴയും ഒക്കെച്ചേര്‍ത്തു പൊലിപ്പിച്ചെങ്കിലും ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം നഞ്ചിയമ്മ പാടിയപ്പോഴാണ് കേരളത്തിന് ബോധ്യപ്പെട്ടത്.

കേന്ദ്രഭരണവുമായി ബന്ധപ്പെടുത്തി ചിലര്‍ ഈ ബഹുമതിയില്‍ രാഷ്ട്രീയവും കാണുന്നുണ്ട്. നഞ്ചിയമ്മയുടെ രാഷ്ട്രീയം അതല്ല.
അട്ടപ്പാടിയില്‍ പ്രധാനപ്പെട്ട മൂന്നു ഗോത്രക്കാരെയുമൊരുപോലെ സംഘടിപ്പിച്ചുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചതില്‍ പ്രധാനി കൊങ്ങശ്ശേരി കൃഷ്ണന്‍ സഖാവാണ്. അന്നവര്‍ വിളിച്ച എങ്കളുടെ പൂമീ എങ്കളുക്ക് എന്ന മുദ്രാവാക്യം അട്ടപ്പാടിയിലെ മൊട്ടക്കുന്നുകള്‍ മറന്നിട്ടുണ്ടാവില്ല.

ഇപ്പോഴാകട്ടെ നാഞ്ചിയമ്മ അടക്കമുള്ളവര്‍ക്കെതിരെ ഭൂമാഫിയ കൊടുത്ത ഒരു കേസ് നിലവിലുണ്ട്. നഞ്ചിയമ്മയുടെ പരേതനായ ഭര്‍ത്താവും അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡണ്ട് അട്ടപ്പാടി സുകുമാരനും അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.  വാമനന്‍, മഹാബലിക്കെതിരെ ഭൂമിതട്ടിപ്പിന് കേസ് കൊടുത്താ ലെന്നപോലെയുള്ള ഒരു കേസ്. ഈ കര്‍ഷകസംഘടനയുടെ കൊടി അരിവാളും ചുറ്റികയും പതിച്ച ചെങ്കൊടിയാണ്. അപ്പോള്‍ രാഷ്ട്രീയ ജോത്സ്യന്‍മാര്‍ക്ക് തെറ്റിയെന്നര്‍ത്ഥം.

നഞ്ചിയമ്മ അംഗീകരിക്കപ്പെട്ട സന്തോഷത്തോടൊപ്പം ഒരു മഹാദു:ഖം കൂടിയുണ്ട്. ഈ പാട്ടുള്ള അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനെ  ഏറ്റവും മികച്ച സംവിധായകനായി  തെരഞ്ഞെടുത്തിരുന്നല്ലോ. ആ ബഹുമതി സ്വീകരിക്കാന്‍ സംവിധായകന്‍ സച്ചിയെ മരണം അനുവദിച്ചില്ലെന്നതാണ് മഹാദു:ഖം. 

സന്തോഷത്തിനും സങ്കടത്തിനും അപ്പുറം, നഞ്ചിയമ്മയുടെ മണ്ണ് നഞ്ചിയമ്മയുടേത് തന്നെയാണ് എന്നു തീര്‍പ്പുണ്ടാക്കാന്‍ അധികാരമുള്ളവര്‍ മുന്നോട്ടുവരണമെന്നാണ് പറയാനുള്ളത്.