Tuesday 25 October 2022

അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?

 അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?

----------------------------------------------------------------------------
അന്ധവിശ്വാസങ്ങളെ നിയമം മൂലം നിരോധിക്കാന്‍ സാധിക്കുമോ?
സ്ത്രീധന നിരോധന നിയമം കൊണ്ട് സ്ത്രീധനം ഇല്ലാതാക്കാന്‍ സാധിച്ചില്ലല്ലോ. ആ വാദം കഴമ്പുള്ളതാണ്.എന്നാല്‍ സമീപകാലത്തുണ്ടായ മുഴുവന്‍ സ്ത്രീധന കൊലപാതകങ്ങളും കേവലം ആത്മഹത്യ ആകാതെയിരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആ നിയമമാണ്. മാത്രമല്ല.സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്നൊരു ധാരണ ജനങ്ങളിലുണ്ടാക്കാന്‍ ആ നിയമം കാരണമായി. അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പോലീസ് സേനയെ സഹായിച്ചു. നിയമവ്യവസ്ഥയ്ക്ക് സംശയരഹിതമായി കുറ്റവാളിയെ ശിക്ഷിക്കുവാനും അതുകൊണ്ട് സാധിക്കുന്നു. ജനാധിപത്യ ക്രമത്തില്‍ നിയമത്തിനു വലിയ പ്രാധാന്യവും സാധ്യതയുമാണുള്ളത്.

കൊല്ലം ജില്ലയിലെ തൊടിയൂരില്‍ നടന്ന ജിന്നുവേട്ടക്കൊലപാതകത്തിലെ പ്രധാനപ്രതിയെക്കുറിച്ചുള്ള വിവരങള്‍ നല്കുവാന്‍ മരണമടഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല. ഏതു നിയമവ്യവസ്ഥയെക്കാളും പ്രധാനം മതമാണെന്ന് കരുതുന്നവര്‍ അങ്ങനെ കുറ്റവാളിയെ മറച്ചുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ കൊലചെയ്യപ്പെട്ട നിരപരാധിക്ക് തുണയായി നില്‍ക്കുന്നത് നിയമമാണ്.

ആത്യന്തികമായി ജനങ്ങളുടെ ജ്ഞാനമണ്ഡലത്തില്‍ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും മാനുഷികതയുടെയും വസന്തം ഉണ്ടായെങ്കില്‍ മാത്രമേ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതുമൂലം സംഭവിക്കുന്ന നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

അത്തരം ശ്രദ്ധയുണ്ടായാലുടന്‍ തന്നെ മതങ്ങളും വോട്ടുബാങ്കുകളും ഇടപെടുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്ക്കാര്‍ അടക്കമുള്ള കക്ഷികള്‍ പിന്‍മാറുകയും ചെയ്യും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയ ത്തില്‍ നിലവിലുള്ള അന്ധവിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമരം ചെയ്ത പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കോ  കേന്ദ്രത്തിലെ ഭരണകക്ഷിക്കോ ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. പിന്നേയും പിന്നേയും നമ്മുടെ പ്രതീക്ഷകള്‍ ഹൃദയപക്ഷത്തേക്ക് കണ്ണയക്കുകയാണ്.

മലയാലപ്പുഴയിലെ ദുര്‍മന്ത്രവാദിനിയെ തടവറയിലാക്കാന്‍ കഴിഞ്ഞത്, ഇടതുപക്ഷ യുവതയുടെ ശ്രദ്ധ മൂലമാണ്. അറസ്റ്റു ചെയ്തുകഴിഞ്ഞപ്പോള്‍ ദുര്‍ മന്ത്രവാദിനിക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി യാഥാസ്ഥിതിക കക്ഷികളുമെത്തി. അവരുടെ പ്രച്ഛന്ന വേഷപ്രകടനം ചിന്തിക്കുന്നവരെ ചിരിപ്പിക്കുകതന്നെ ചെയ്തു. ജനങ്ങള്‍ ദുര്‍മന്ത്രവാദകേന്ദ്രത്തെ തിരിച്ചറിഞ്ഞു എന്നു വന്നപ്പോഴാണ് യാഥാസ്ഥിതിക കക്ഷികള്‍ പ്ലേറ്റ് മാറ്റിയത്.

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ.നരേന്ദ്രധബോല്‍ക്കര്‍, മഹാരാഷ്ട്രാ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ബില്ലാണ് ഇക്കാര്യത്തില്‍ മറ്റ് സര്‍ക്കാരുകള്‍ക്കും മാതൃകയായത്. കേരളത്തില്‍ ദുര്‍മന്ത്രവാദക്കൊലകള്‍ അടിക്കടിയുണ്ടായ 2014 ല്‍ കേരളത്തിലെ പുരോഗമന സാംസ്ക്കാരിക സംഘടനകള്‍ ബില്ലു തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ആ മന്ത്രിസഭയിലെ ആഭ്യന്ത്രര- നിയമ മന്ത്രിമാരെയും നേരിട്ടു ഏല്‍പ്പിച്ചതാണ്. ഭരണവ്യവസ്ഥയുടെ ബര്‍മുഡാ ട്രയാംഗിളിലേക്ക് എറിയപ്പെട്ട ആ ആശയം പിന്നീടുവന്ന സര്‍ക്കാരിന് മുന്നിലുമെത്തി. കെ.ഡി പ്രസേനന്‍, പി.ടി.തോമസ് എന്നീ അംഗങ്ങള്‍ ഈ വിഷയം നിയമ നിര്‍മ്മാണസഭയില്‍ ഉന്നയിച്ചു. ഉത്തരവാദിത്വപ്പെട്ടവരുടെ ഉദാസീനത കേരളത്തെ നരബലിയിലെത്തുന്നതിന് സഹായിച്ചിരിക്കയാണ്.

ഭീതിദമായ ഈ അവസരത്തിലെങ്കിലും അടിയന്തിര നിയമനിര്‍മ്മാണം ആവശ്യമാണ്.നേരത്തെ സമര്‍പ്പിച്ച ബില്ലില്‍ ഇരുപത്തിരണ്ടു കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ മന്ത്രവാദിയെന്നാരോപിച്ച് ഒരാളെ മര്‍ദ്ദിക്കുന്നതും അയാളുടെ ദൈനംദിന ജീവിതത്തിനു തടസ്സം നില്‍ക്കുന്നതും എല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അതായത് സംപൂര്‍ണ്ണ മനുഷ്യസ്നേഹത്തിന്റെ മഷികൊണ്ടാണ് ആ ബില്ലെ ഴുതിയുണ്ടാക്കിയത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഉന്നതമൂല്യബോധത്തിന്‍റെ അടിസ്ഥാനത്തില്‍.

ഇനിയും വൈകരുത്. കേരളം, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരെയുള്ള നിരവധി സാംസ്കാരിക പോരാട്ടങ്ങളിലൂടെയാണ് ഉന്നതവിദ്യാഭ്യാസം നേടിയവരുടെ പട്ടികയിലെത്തിയത്. നരബലിയോളമെത്തിയിട്ടുള്ള അന്ധവിശ്വാസങ്ങള്‍ കേരളത്തെ അപമാനത്തിന്റെ പടുകുഴിയില്‍ വീഴ്ത്തിയിരിക്കയാണ്.

നിയമനിര്‍മ്മാണത്തോടൊപ്പം ശ്രദ്ധയോടെയുള്ള ബോധവല്‍ക്കരണവും ആവശ്യമാണ്. ജിന്നും ചെകുത്താനും ബാധയും കോതയുമെല്ലാം പിടികൂടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ശരിയായ ആശയപ്രചാരണം നടത്തേണ്ടതുണ്ട്. പാഠ്യപദ്ധതി ആ രീതിയില്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. ഗൃഹസദസ്സുകളും ലൈബ്രറിഅങ്കണ സദസ്സുകളും നടത്തേണ്ടതുണ്ട്. ഇതിലൊക്കെ പ്രധാനം രണ്ടു ജോടി ചെരുപ്പുകള്‍ ഇട്ടുകൊണ്ടുള്ള നമ്മുടെ ജീവിതമാണ്. അകത്തിടാന്‍ മതച്ചെരുപ്പും പുറത്തണിയാന്‍ മതേതര ചെരുപ്പും. മതച്ചെരുപ്പാണ് അന്ധവിശ്വാസത്തിന്‍റെ ആണി തറയ്ക്കാന്‍ നമ്മുടെ കാലുകളെ ചതിക്കുന്നത്.മതങ്ങള്‍ നരബലിയടക്കം ദൈവപ്രീതിക്ക് വേണ്ടി എന്തും സമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. യോനീപൂജയും, ദേവദാസീ സമ്പ്രദായവും, കുമ്പളങ്ങാ ബലിമുതല്‍ സ്ത്രീബലിയും ശിശുബലിയും വരെയും മതങ്ങളുടെ സംഭാവനകളാണ്. അതാണ് ഒഴിവാക്കേണ്ടത്.
-

Friday 14 October 2022

ബൊമ്മ

 ബൊമ്മ 

--------------

അറിയാനില്ലൊരുപായം 

അതീവ സുന്ദര നടനം 

മാന്ത്രിക വചനം

യാന്ത്രിക ചലനം 

അരയ്ക്കു കെട്ടിയ കാണാചരടില്‍ 

കൊരുത്തനക്കും വിരലേ

അഴിച്ചു നോക്കൂ തിരിഞു ഞാന്‍ നിന്‍ 

മുഖത്ത് തന്നെ തകര്‍ക്കും.

ഞാനും  നീയും നമ്മളുമെല്ലാം 

ആരുടെ കയ്യിലെ ബൊമ്മ?

Tuesday 11 October 2022

അസാധാരണമായ ഒരു ഒസ്യത്ത്

 അസാധാരണമായ ഒരു ഒസ്യത്ത് 

----------------------------------------------------
ഒസ്യത്തെന്നു കേള്‍ക്കുമ്പോള്‍, മരണാനന്തരം സ്വത്ത് വിഭജിക്കാനുള്ള കരാര്‍ എന്നാണല്ലോ നമുക്ക് ഓര്‍മ്മവരുന്നത്., മരണാനന്തരം സ്വന്തം നിശ്ചലശരീരം എന്തുചെയ്യണമെന്ന നിര്‍ദ്ദേ ശങ്ങളാണ് ഈ ഒസ്യത്തിലുള്ളത്.

അങ്ങനെയൊരാള്‍ക്ക് നിര്‍ദ്ദേശിക്കാമോ? നിര്‍ദ്ദേശിച്ചാല്‍ത്തന്നെ ആ നിര്‍ദ്ദേശം നടപ്പിലാക്കപ്പെടുമോ? ഒരു സംശവും വേണ്ട. ഒസ്യത്ത്  എഴുതിവയ്ക്കുന്നവരെ  മനസ്സിലാക്കുന്നവരാണ് കൂടെയുള്ളതെങ്കില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടും. 

മരണാനന്തരം സ്വന്തം ശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് നിയമപ്രാബല്യം നല്‍കാന്‍ ഒരു നിമസഭാംഗം ശ്രമിച്ചതാണ്. സൈമണ്‍ ബ്രിട്ടോ. ആ സ്വകാര്യബില്ല് നിയമസഭയുടെ ബര്‍മുഡ ട്രയാംഗിളില്‍ പെട്ടുപോയി. ബില്ലു കൊണ്ടുവന്ന നിയംസഭാംഗം, തന്നെ മനസ്സിലാക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നതിനാല്‍ അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.

ഇവിടെ പ്രമുഖനായ പരിസ്ഥിതിസംരക്ഷകന്‍ ഡോ.എ.അച്യു തനാണ് അസാധാരണമായ ഈ ഒസ്യത്ത് ഉണ്ടാക്കിയത്. 2018 ഡിസംബര്‍ 19 നു സ്വന്തം കൈപ്പടയില്‍ അദ്ദേഹം ഈ നിര്ദേശങ്ങള്‍ എഴുതിയുണ്ടാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.2022 ഒക്ടോബര്‍ 10 നു അദ്ദേഹം മരിച്ചപ്പോള്‍ ഈ നേര്‍ദേശങ്ങള്‍ അദ്ദേഹത്തിന്‍റെ കുടുംബം അക്ഷരംപ്രതി പാലിച്ചു.

മരണശേഷം ശരീരം കഴിയും വേഗം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ കൊടുക്കണമെന്നും നിലത്തിറക്കല്‍,
കുളിപ്പിക്കല്‍,വിളക്ക് വയ്ക്കല്‍ എന്നിവ ചെയ്യരുതെന്നും കാനഡയിലുള്ള മകന്‍ വരുന്നതുവരെ കാത്തു വയ്ക്കരുതെന്നും അദ്ദേഹം എഴുതിവച്ചു. അച്ഛന്‍റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ മകന്‍ നേരത്തെതന്നെ നാട്ടിലെത്തിയിരുന്നു.

വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ഗതാഗതതടസ്സം ഒഴിവാക്കാനുമായി, വളരെ അടുപ്പമുള്ളവരല്ലാതെ ആരും വീട്ടില്‍ വരരുതെന്നും അദ്ദേഹം എഴുതിവച്ചു. ശരീരത്തില്‍ പുഷ്പചക്രം വയ്ക്കുകയോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്നപേരില്‍ ശരീരം പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം കുറിച്ചു വച്ചു. അദ്ദേഹത്തിന്‍റെ നിര്ദേശങ്ങള്‍ കുടുംബം ശിരസ്സാ വഹിച്ചു.

ആരായിരുന്നു ഡോ.എ.അച്യുതന്‍? ലളിതജീവിതത്തിന്റെയും മിതഭാഷിത്വത്തിന്റെയും ആള്‍രൂപം.കേരള ശാസ്ത്ര സാഹിത്യപരിഷത്തിന് ദിശാബോധം നല്കിയ അമരക്കാരന്‍. വിവിധ എഞ്ചിനീയറിങ് കോളജുകളിലെ അദ്ധ്യാപകന്‍. സൈലന്‍റ് വാലി, പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ സമരങ്ങളിലെ പോരാളി. അതെല്ലാം മറന്നാലും അദ്ദേഹം വികസിപ്പിച്ചെടുത്ത പുകയില്ലാത്ത അടുപ്പ് കേരളത്തിലെ വീട്ടമ്മമാര്‍ മറക്കുകയില്ല.

വീട്ടമ്മമാരുടെ അടുക്കളജീവിതം കടമ്മനിട്ട ശാന്തയെന്ന കവിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  നീറിപ്പുകയുന്ന പച്ചവിറകുകള്‍  കത്തിക്കാന്‍ അടുപ്പിന്നരുകില്‍  മുട്ടുകുത്തികിടന്നൂതിയൂതി നിന്റെ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതും പുക കുരുങ്ങിക്കലങ്ങിയ കണ്ണുകളില്‍
ചൂടുനീര്‍ നിറയുന്നതും പാറിപ്പറന്ന മുടിനാരുകളില്‍ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടം കൊണ്ട് മൂക്കുതുടച്ചപ്പോള്‍ പുരണ്ട കരിയുടെ പാടും... ഇങ്ങനെയാണ് ആ കാവ്യഭാഗം. സ്ത്രീജീവിതത്തിലെ ഏറ്റവും ക്രൂരമായ ഈ എപ്പിസോഡാണ് പുകയില്ലാത്ത അടുപ്പ് വികസിപ്പിച്ചതോടെ ഡോ.എ.അച്യുതന്‍ അസ്ഥിരപ്പെടുത്തിയത്. ഒരടുപ്പിലെ ഇന്ധനം കൊണ്ട് ഒന്നിലധികം അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും എല്ലാ അടുപ്പുകളിലെയും പുക ഒറ്റക്കുഴലിലൂടെ അടുക്കളയ്ക്ക് മുകളിലുള്ള അന്തരീക്ഷത്തില്‍ എത്തിക്കുകയുമായിരുന്നു പുകയില്ലാത്ത അടുപ്പിന്റെ പ്രവര്‍ത്തനരീതി. അടുക്കളയില്‍ പുകയില്ലാതായി. അടുക്കളച്ചുമരുകളിലെ കറുപ്പ് ക്രമേണ അപ്രത്യക്ഷമായി. അമ്മമാരുടെ മുഖം പ്രസന്നമായി.

സ്വന്തം വീട്ടില്‍ ഈ സംവിധാനം പരീക്ഷിച്ചു നോക്കിയിട്ട്     മണ്ണുത്തി കാര്ഷിക കോളജില്‍ ഇത് പ്രദര്‍ശിപ്പിച്ചു പൊതുസമ്മതം നേടുകയായുയിരുന്നു. പരിശീലനം ലഭിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ ധാരാളം വീടുകളിലെത്തി   ചുരുങ്ങിയ ചെലവില്‍ പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിച്ചു. അങ്ങനെയൊരു അടുപ്പ് വിപ്ലവം തന്നെ കേരളത്തിലുണ്ടായി    

ഗ്രാമശാസ്ത്ര സമിതികളും ഗ്രാമപത്രങ്ങളും ഒക്കെ കേരളത്തിലുണ്ടായി. തികഞ്ഞ മതാതീതമനുഷ്യ വാദിയായിരുന്നു അച്യുതന്‍ മാഷ്. 2016 ല്‍   ഞങ്ങള്‍  പത്തുകൂട്ടുകാര്‍ ചേര്‍ന്നു  കേരളത്തില്‍ നടത്തിയ മതാതീത സാംസ്ക്കാരിക യാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം അഭിവാദ്യം ചെയ്യാനെത്തിയത് ഓര്‍ക്കുന്നു. ടി.വി.ബാലനും കാഞ്ചനമാലയും മറ്റും സന്നിഹിതരായിരുന്ന ഒരു നല്ല മനുഷ്യ സംഗമമായിരുന്നു   അത്.

മനുഷ്യനില്‍ ശാസ്ത്രബോധം സൃഷ്ടിച്ചു   ജ്ഞാനസൂര്യനെ ഉദിപ്പിക്കുകയെന്ന മഹനീയകര്‍മ്മമാണ് അച്യുതന്‍ മാഷ് ചെയ്തത്. ശാസ്ത്രബോധത്തിന്‍റെ അഭാവം കൊണ്ടാണ്  കേരളത്തില്‍ സര്‍വമത ആഭിചാരക്രിയകളും   നരബലി പോലും നടക്കുന്നത്.