Tuesday 14 February 2023

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍ 

-----------------------------------------------------------
ഇന്ത്യന്‍ പുരാണങ്ങളില്‍ മൃഗങ്ങളും മനുഷ്യരുമായുള്ള ആലിംഗനവും രതിയും മറ്റും ആധികാരികരീതിയില്‍ത്തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിലേറ്റവും രസകരം തവളരാജകുമാരിയുമായുള്ള പരീക്ഷിത്ത് രാജാവിന്റെ ദാമ്പത്യ ജീവിതമാണ്.

ഒരേ പേരുള്ള പല കഥാപാത്രങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ടല്ലോ. അയോധ്യ വാണിരുന്ന ഒരു രാജാവാണ് തവളയെ കെട്ടിയ പരീക്ഷിത്ത്. ഒരു സഞ്ചാരത്തിനിടയിലാണ് പരീക്ഷിത്ത് തവളപ്പെണ്ണായ സുശോഭനയെ കണ്ടുമുട്ടുന്നത്. നല്ല പാട്ടുകാരിയാണ് ഈ തവളക്കുട്ടി. അവര്‍ തമ്മില്‍ വിവാഹിതരായി. ഒരു കരാര്‍ ഉണ്ടായിരുന്നു. സുശോഭനയെ വെള്ളം കാണിക്കരുത്. 

രാജാവ് അതീവരഹസ്യമായി സുശോഭനയുമായി മധുവിധു ആഘോഷിച്ചു. ഇത് മനസ്സിലാക്കിയ മന്ത്രി തന്ത്രപൂര്‍വം മറ്റൊരു കേളീഗൃഹം നിര്‍മ്മിച്ചു. അവിടെ ഒരു തടാകം ഉള്ളതായി തോന്നുകയില്ല. കേളീവാസത്തിന്റെ ഒരു ഘട്ടത്തില്‍ സുശോഭന വെള്ളം കാണുകയും അതില്‍ ഒരു പച്ചത്തവളയായി അപ്രത്യക്ഷമാവുകയും ചെയ്തു. കോപാകുലനായ രാജാവ് സകല തവളകളെയും കൊല്ലാന്‍ ഉത്തരവിട്ടു.

ആയുസ്സെന്നു പേരുള്ള തവളരാജാവ് ഹാജരാവുകയും തവളവധ ഉത്തരവ് പിന്‍വലിച്ചാല്‍ മകളെ തരാമെന്ന് ഉത്തരവിടുകയും ചെയ്യുന്നു. രാജാവ് സമ്മതിക്കുകയും സുശോഭന വീണ്ടും ശോഭയോടെ ഭാര്യാപദവിയിലെത്തുകയും ചെയ്യുന്നു.

കുതിരയുടെ മുഖമുള്ളവരും കുരങ്ങിന്‍റെ മുഖമുള്ളവരും പുരുഷബീജം ഏറ്റുവാങ്ങിയ മത്സ്യവും തത്തയും എല്ലാം പുരാണത്തിലുണ്ട്. മനുഷ്യരും സര്‍പ്പങ്ങളും തമ്മിലുള്ള ബന്ധങ്ങളും പുരാണത്തിലുണ്ട്.

ഇതൊക്കെ സങ്കല്‍പ്പം അല്ലെന്നും സത്യമാണെന്നും കരുതിയ പ്രാകൃത  ജനത ഈ മൃഗങ്ങളെയെല്ലാം ആരാധിക്കാന്‍ തുടങ്ങി.
ഉറുമ്പിനെയും മത്സ്യത്തെയും പ്ലേഗു പരത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന എലികളെയും ആനകളെയും പന്നിയെയും ആമയെയും സര്‍പ്പങ്ങളെയും കോഴിയെയും മയിലിനെയും ചിലന്തിയെയും  എല്ലാം  ആരാധിക്കാന്‍ തുടങ്ങി. അടുത്ത് ചെന്നു ആരാധിച്ചാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ  സിംഹം.പുലി,കടുവ തുടങ്ങിയവയെ ദൈവവാഹനങ്ങളാക്കി 
ചിത്രപ്പെടുത്തി ആരാധിക്കാന്‍ തുടങ്ങി. മനുഷ്യന്റെ ജ്ഞാന പരിമിതി കാരണം ദിനോസറുകള്‍ ഒരു ദൈവത്തിന്റെയും വാഹനമായില്ല.

പാവം മനുഷ്യന്റെ ഈ ഭക്തിപ്രവണതയെ മതവും പുരോഹിതവര്‍ഗ്ഗവും മുതലാക്കി. അവരുടെ കീശയും ശരീരവും പുഷ്ടിപ്പെട്ടു.

നിരര്‍ഥകമായ ഈ പൂജാ പ്രവണതയെ രാഷ്ട്രീയ വല്‍ക്കരിച്ചപ്പോഴാണ് പശുവിനെ കെട്ടിപ്പിടിക്കാമെന്ന ഉത്തരവുണ്ടായത്. കേന്ദ്രത്തിലെ യുക്തിരഹിത ഭരണകൂടം ഇച്ഛിച്ചതേയുള്ളൂ മൃഗക്ഷേമബോര്‍ഡ് കല്‍പ്പിച്ചു. അന്താരാഷ്ട്ര പ്രണയദിനത്തില്‍ ആലിംഗനം ചെയ്യണമെന്നായിരുന്നു കല്പ്പന.പശുവിനെ കെട്ടിപ്പിടിച്ചാല്‍ വൈകാരിക സമൃദ്ധിയുണ്ടാവുകയും സന്തോഷം വര്‍ധിക്കുകയും ചെയ്യുമത്രേ.

ലോകത്തിന്റെ മുന്നില്‍ ഭാരതീയര്‍ ലജ്ജിച്ചു തല താഴ്ത്തിയ ഒരു ഉത്തരവായിരുന്നു അത്. ഇത്രയ്ക്ക് പ്രാകൃതരാണോ ഇന്ത്യക്കാര്‍ എന്നോര്‍ത്തു ലോകം മൂക്കത്ത് വിരല്‍ വച്ചു. ആരാടാ എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാന്‍ വരുന്നതെന്ന് ഒരു കാള ചോദിക്കുന്നതായുള്ള ഒരു കാര്‍ട്ടൂണും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ പരിഹാസച്ചിരിക്കു മുന്നില്‍ തലകുനിക്കേണ്ടിവന്ന ഭരണകൂടം വലിയ വിശദീകരണമൊന്നും കൂടാതെ ആ ഉത്തരവ് പിന്‍ വലിച്ചു. ഭ്രാന്ത് പടര്‍ന്ന് പിടിച്ചവരാരെങ്കിലും കെട്ടിപ്പിടിച്ചിട്ടുണ്ടാവുകയും ചെയ്യും. നായ്ക്കളെ കല്ല്യാണം കഴിപ്പിച്ചുകൊണ്ട് ഒരു ഹിന്ദു സംഘടന പ്രതിഷേധിച്ചുകഴിഞ്ഞു. പ്രണയികളെ പട്ടികളായി കണ്ടെന്നാണല്ലോ അതിന്‍റെ അര്‍ത്ഥം. നായ ഭാരതപുരാണത്തില്‍ ഒരു മോശം മൃഗമല്ല. യുധിഷ്ഠിരനുമായി നായക്കുള്ള ബന്ധവും കിടപ്പുമുറിക്ക് മുന്നിലെ ചെരുപ്പിന്റെ കഥയും പ്രസിദ്ധമാണല്ലോ.

ഇതൊരു ടെസ്റ്റു ഡോസ് മാത്രമാണ്. കെട്ടുകഥകളെ മുന്‍ നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു ബോധ്യമായ  ഭരണകൂടം ഇതിലപ്പുറവും ഇനി ചെയ്യും. പശുവിന് വോട്ടവകാശം കൊടുത്താല്‍ പോലും ആരും അത്ഭുതപ്പെടേണ്ടതില്ല.ഭരണമുറപ്പിച്ചു ജന്മനാടിനെ മതഭീകരവാദികള്‍ക്കും കുത്തക മുതലാളിമാര്‍ക്കും തീറെഴുതാന്‍ അത് സഹായിക്കും.

ഇനി ഇന്ത്യക്ക് സ്വന്തമായി ഒരു പ്രണയദിനം വേണമെന്നാണ് വാദമെങ്കില്‍ അനാര്‍ക്കലിയുടെയും ജഹാംഗീറിന്റെയും പ്രണയം ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസമോ പ്രണയത്തിന്റെ രക്തസാക്ഷിയായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഓര്‍മ്മദിനമോ സ്വീകരിക്കാവുന്നതാണല്ലോ

 മഹാഭാരതം - വ്യാസന്‍റെ സസ്യശാല ആസ്വാദനക്കുറിപ്പ് 

------------------------------------------------------------------------------------------

മോഹനൻ ചേനോളി

കഥകളും ഉപകഥകളും ആയിരത്തിലധികം കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണല്ലോ വിശ്വമഹാകവി വേദവ്യാസ വിരചിതമായ മഹാഭാരതം: ഇതിലുള്ളത് മറ്റ് പലേടത്തുമുണ്ടാവാമെങ്കിലും ഇത് പോലൊന്ന് വേറെയില്ല തന്നെ.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ എത്ര അയത്നലളിതമായാണ് ആ മഹത് ഗ്രന്ഥം പദാനുപദം മലയാളമാക്കിയതെന്ന്‌ നമുക്ക് നന്നായറിയാം. സാമാന്യ സംസാരത്തിൽപ്പോലും കവിതയുള്ള കവി തന്നെയായിരുന്നല്ലോ തമ്പുരാൻ.
ഓരോ ഭാരത കഥാപാത്രവും നമുക്കുള്ളിലുണ്ട്: ഓരോ അനുഭവത്തിൽ, ഓരോ രൂപത്തിൽ, ഭാവത്തിൽ... ചിലപ്പോൾ സ്വീകാര്യമായി, മറ്റു ചിലപ്പോൾ അസ്വീകാര്യമായി....
കലഹങ്ങളിൽ ഐക്യപ്പെട്ടും ചില ഐക്യങ്ങളിൽ കലഹപ്പെട്ടുമങ്ങനെ കൂടെത്തന്നെയുണ്ട് പലരും.
ഭൂരിഭാഗം പേരുകളും നാം ഓർക്കാറേയില്ല: ഇങ്ങനെയൊരു പേര് അവർക്കുണ്ടെന്നു പോലുമോർക്കാറില്ല: ആ അറിയാപ്പേരുകാരുടെ അന്തസ്സംഘർഷങ്ങളുടെ കഥ കൂടിയാണ് ഈ ഇതിഹാസമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ 'മഹാഭാരതം- വ്യാസൻ്റെ സസ്യശാല' എന്ന കൃതിയിലൂടെ.
മഹാഭാരതമെന്ന വടവൃക്ഷത്തിലൊട്ടിയോ അരികുപറ്റിയോ വേരുറച്ച എണ്ണൂറോളം കഥാപാത്രങ്ങളെ സൂക്ഷ്മവൽക്കരിക്കുകയാണ് ഈ സസ്യ ശാലയിൽ. അവരെയൊക്കെ സൂക്ഷ്മമായ കുറുങ്കവിതകളാക്കി കവി മാറ്റുന്നു.
ഒരു നാടൻ പാട്ടുണ്ടല്ലോ സൂക്ഷ്മവൽക്കരണത്തിന് നിദർശനമായി:
''രാമായണമൊരു
പെണ്ണുകഥ
ഭാരതമൊരു -
പിടി മണ്ണുകഥ'' എന്ന്.
കുരീപ്പുഴ പറയുന്നുണ്ട്: യുദ്ധവും സമാധാനവും ഈ പുസ്തകത്തിലുണ്ട്. കുറ്റവും ശിക്ഷയുമതെ. നിന്ദിതരും പീഡിതരുമുണ്ട്.
അഗമ്യഗമനം, സ്ത്രീ അപഹരണം, ബലാൽസംഗം, ശവഭോഗം, നരഹത്യ, മൃഗ ഹത്യ, യാഗം, സവർണ്ണാധിപത്യം, സ്വയംവരം, ചാർവാക ദർശനം, സാംഖ്യം, യാഗനിഷേധം, പ്രണയം, മാതൃകാ ദാമ്പത്യം, പ്രാണിസ്നേഹം, ആദിവാസി ജീവിതം... ഇവയൊക്കെ ഈ കൃതിയിലുണ്ട്. ഒപ്പം ഭാവനയുടെ അനന്തവിഹായസ്സുമാണ് മഹാഭാരതം..
ദൃശ്യവും അദൃശ്യവുമായ വൻ മരങ്ങളുടെ മഹാവനമായ ഈ കൃതിയെ പുതിയ കാലത്തു നിന്നു കൊണ്ട് നോക്കിക്കാണുകയാണ് കവി, ഈ സസ്യ ശാലയിൽ..
ഭാരത കഥയിൽ ഏറെ കണ്ണീർ വീണത് അഭിമന്യു എന്ന കൗമാരക്കാരന് വേണ്ടിയാവും:
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകൾ -
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാൻ.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാൻ
നിസ്സഹായത്വമേ
മർത്യൻ്റെ ജീവിതം.. എന്ന് കുരീപ്പുഴ എഴുതുമ്പോൾ ആ അശരണ കൗമാരത്തിൻ്റെ ധർമ്മസങ്കടങ്ങൾ നമ്മിലേയ്ക്കരിച്ചിറങ്ങും.
തൊട്ടപ്പുറത്ത് ഗർഭിണിയായ ഉത്തരയെ നോക്കൂ..
അടിവയറ്റിൽ
മൃദുസ്പന്ദനം
ജീവൻ്റെ കണിക.
പരീക്ഷിതമെൻ്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതിൽ വെന്തു
വീഴുന്ന പ്രാണികൾ സ്ത്രീകൾ..
ഉള്ളുവെന്ത വാക്കുകൾ തീയായി കവിതയാവുന്നത് കാണൂ.
ഇതിനെച്ചേർത്ത് സുഭദ്രയെക്കൂടി വായിച്ച് നമുക്ക് നിർത്താം:
അകത്തും പുറത്തും
മഹോത്സവം, തേർ -
വിട്ടൊടുക്കം നടുക്കുന്ന
യുദ്ധപ്പറമ്പിൽ.
മകൻ, തെറ്റു ചെയ്യാതെ
കൊല്ലപ്പെടുമ്പോൾ
പ്രിയൻ വെന്ന രാജ്യ -
മമ്മയ്ക്കോ ശ്മശാനം
ഈ സസ്യ ശാലയിലേക്കൊന്ന് കയറി നോക്കൂ. ചിലപ്പോൾ നിങ്ങൾക്ക് കൈവിട്ടു പോയ നിങ്ങളെത്തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും... ഇവരിൽപ്പലരും നിങ്ങൾ തന്നെയായേക്കാം.
സ്നേഹം പ്രിയ കവീ@kureeppuzha sreekumar
മോഹനൻ ചേനോളി
11/02/23

Thursday 2 February 2023

ലോകാ സമസ്താ സുഖിനോ ഭവന്തു - ഏതു ലോകം?

 ലോകാ സമസ്താ സുഖിനോ ഭവന്തു - ഏതു ലോകം?

---------------------------------------------------------------------------------
സ്വാമി വിവേകാനന്ദന്‍റെ, ഭ്രാന്താലയം എന്ന പുരസ്ക്കാരത്തിന് കേരളത്തെ അര്‍ഹമാക്കിയത് അയിത്തം ആയിരുന്നല്ലോ. അയിത്തം ഹിന്ദുമതത്തിന്റെ സംഭാവനയാണ്.കേരളത്തില്‍ നിന്നും പ്രത്യക്ഷത്തില്‍ അതുമാറിയെങ്കിലും കേരളീയന്റെ മനസ്സില്‍ അത് കൊട്ടാരം കെട്ടിയിട്ടുണ്ട്. വിവാഹാലോചനയുടെ സമയത്തും പൂജാകാര്യങ്ങളിലും എല്ലാം കേരളീയര്‍ ഇന്നും അത് അനുഷ്ഠിക്കുന്നുണ്ടല്ലോ.

അങ്ങനെയുള്ള ഹിന്ദുമതത്തിന്റെ ഒരു അത്യുന്നതസമ്മേളനം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ശീതീകരിച്ച പോഷ് ഓഡിറ്റോറിയത്തില്‍ നടന്നല്ലോ.വര്‍ഷങ്ങള്‍ക്കുമുന്‍പ്, അവിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍  യുവകവി സമ്മേളനം നടത്തിയതും  അയിത്തം കല്‍പ്പിച്ച യുവകവികള്‍ അതിന്റെ മുന്നില്‍  കരിങ്കൊടി പ്രകടനം നടത്തിയതും ഓര്‍ത്തുപോകുന്നു. ഞാനവരെ അഭിസംബോധന ചെയ്തതും അന്നു മുതല്‍ ഇന്നുവരെ കേന്ദ്രസാഹിത്യ അക്കാദമി  എനിക്കു അയിത്തം കല്‍പ്പിച്ചതുമൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നുണ്ട്.
ലോകാസമസ്താ സുഖിനോ ഭവന്തു!

ജാതിവ്യവസ്ഥയെന്ന മനുഷ്യവിരുദ്ധ പ്രക്രിയയുടെ സര്‍വകലാശാലയായ ഹിന്ദുമതവിശ്വാസികള്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ഒരു മലയാള സാഹിത്യകാരന്‍ ലോകാസമസ്താ സുഖിനോ ഭവന്തു എന്നതിനപ്പുറം ഒന്നുമില്ല എന്നു പ്രസംഗിച്ചിരിക്കുന്നു. അറിയാന്‍ വയ്യാതെ പറഞ്ഞതല്ല, ഒരാവേശത്തിന് തട്ടിവിട്ടതാകും. 

കമ്മ്യൂണിസവും സോഷ്യലിസവും സനാതന ധര്‍മ്മത്തിന് മുന്നില്‍ ഒന്നുമല്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. സനാതന ധര്‍മ്മത്തെക്കുറിച്ചും അതിലെ വേല ചെയ്യണം കൂലി ദൈവം തരും എന്ന സനാതനമായ ആശയത്തെക്കുറിച്ചും കാള്‍ മാര്‍ക്സിനും എംഗല്‍സീനും ധാരണയില്ലാതെ പോയതു ലോക തൊഴിലാളി വര്‍ഗ്ഗത്തിന് ഗുണമായി ഭവിച്ചു.

നമ്മുടെ സാഹിത്യകാരന് ഇങ്ങനെയൊക്കെ വിശ്വസിക്കാനുള്ള  അവകാശം , ഡോ.അംബേദ് ക്കറിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടന നല്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് കേരളത്തില്‍ ജീവിക്കാനൊരു തടസ്സവുമില്ല. ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ പുരോഗമനവാദികള്‍ പോലും മുന്നില്‍ നിന്നു അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യും.

അങ്ങനെയാണെങ്കിലും ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വരിയുടെ ആശയം പൂര്‍ണ്ണമായൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.

"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു." എന്നാണല്ലോ ശ്ലോകം. ഈ ശ്ലോകത്തിന്റെ ആശയം ബഹുഭാഷാപണ്ഡിതനും ദേവസ്വം ബോര്‍ഡ് കോളജിലെ അദ്ധ്യാപകനുമായിരുന്ന ഡോ. എം.എസ്.ജയപ്രകാശ് വിശദീകരിക്കുന്നുണ്ട്. അന്ധമായ മതവിശ്വാസം പുലര്‍ത്താതിരുന്ന ഒരു അന്വേഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനം നിഷ്പക്ഷമതികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

"സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിതാണ്.' സ്വസ്തി' എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്.ഇവിടെ ന്യായമായ മാർഗ്ഗമെന്നു പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്. ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
" ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ അടുത്ത വരിയിലെ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കട്ടെയെന്നു സാരം. മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖംഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.''

ഇതാണ് എം.എസ്.ജയപ്രകാശിന്റെ വിശ്വസനീയമായ വ്യാഖ്യാനം. ഈ വ്യാഖ്യാനം അദ്ദേഹം ഡോ.അംബേദ്ക്കര്‍ സ്റ്റഡി സെന്ററില്‍ അവതരിപ്പിക്കുകയും നിരവധി പ്രസംഗവേദികളില്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഏത് മനുഷ്യനും പരസ്പരബഹുമാനം അര്‍ഹിക്കുന്നു എന്നതല്ലാതെ ബ്രാഹ്മണന് മാത്രമായി ഒരു ബഹുമാനാര്‍ഹതയുമില്ല. ആ ചിന്ത ശരീരമനങ്ങാതെ ഭക്ഷണം ലഭ്യമാക്കാനുള്ള ഒരു കുതന്ത്രം മാത്രമാണു. ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച കുതന്ത്രം. അത് ഹംസയുടെ പ്രത്യശാസ്ത്രമാണ്. പ്രാചീനതയുടെ ഈ പ്രവര്‍ത്തന രീതിക്കെതിരെയാണ് ഭാരതത്തില്‍ ബുദ്ധ ജൈന ചിന്തകളുണ്ടായത്.

സനാതനധര്‍മ്മത്തിന്‍റെ കര്‍മ്മപദ്ധതി ജാതിവ്യവസ്ഥകൊണ്ട് മനുഷ്യവിരുദ്ധമാകയാല്‍ ആധുനിക സമൂഹത്തിനു അത് അംഗീകരിക്കാന്‍ സാധ്യമല്ല. യുക്തിബോധത്തിന്റെ അടിത്തറയുള്ള ചാര്‍വാക ദര്ശനത്തെയും മറ്റും അസഹിഷ്ണുതയും ഹിംസയും കൊണ്ട് നേരിടുമ്പോഴാണ് ആര്‍ഷഭാരതസംസ്ക്കാരം ആഭാസം എന്ന ചുരുക്കപ്പേരിന് അര്‍ഹമാകുന്നത്. ഇന്ത്യ അങ്ങനെയാകുന്നത് അഭിലഷണീയമല്ല.