Thursday 27 September 2012

നഗ്നകവിത


 നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?

നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.

ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.

അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?

ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.

ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?

അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍

ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

നല്ലവരെല്ലാം നരകത്തില്‍!

ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.
 

 

Friday 14 September 2012

''സെന്തില്‍ വടിവേലവനേ... ആറുമുഖന്‍ മുന്നില്‍ചെന്ന്''

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ അനുകരണത്തിന് വലിയ സ്ഥാനമാണുള്ളത്.
 
ആദ്യകാല ചിത്രങ്ങളിലെ പാട്ടുകള്‍ തമിഴ്-ഹിന്ദിപ്പാട്ടുകളുടെ സംഗീതപ്പാരഡികള്‍ ആയിരുന്നു. ഇന്നത്തെപ്പോലെ അന്നും ഈണത്തിനനുസരിച്ചായിരുന്നു പാട്ടെഴുത്ത്. ഈണമെന്നാല്‍ ഒരു സംഗീതജ്ഞന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുതിയ ഉറവകള്‍ എന്നല്ലായിരുന്നു അന്നത്തെ അര്‍ഥം. ഹിന്ദിപ്പാട്ടും തമിഴ്പാട്ടുമൊക്കെ കേട്ടിട്ട് അതിന്റെ ഈണത്തിനൊപ്പിച്ച് വാക്കുകള്‍ നിരത്തുകയായിരുന്നു.
 
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കിരണ്‍രവീന്ദ്രന്റെ മലയാള സിനിമാപിന്നണിഗാനചരിത്രം എന്ന പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഈ അനുകരണ വാസ്തവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു ഹിന്ദി, തമിഴ് തുടങ്ങി മറ്റുഭാഷാചിത്രങ്ങളിലെ അനുകരണമായിരുന്നു സത്യത്തില്‍ മലയാളം പാട്ടുകളും സംഗീതവും തുടക്കത്തില്‍.
 
കഥയിതു കേള്‍ക്കാം സഹജരേ എന്ന ആദ്യകാല ചലച്ചിത്ര ഗാനം കെ എല്‍ സൈഗാളും കനല്‍ദേവിയും ചേര്‍ന്ന് പാടിയ ഗുംഗുരുവാബാജേ എന്ന പാട്ടിന്റെ ഈണത്തില്‍ നിന്നും മുളച്ചതാണ്.
 
വളരെ പ്രസിദ്ധമായ ആദ്യകാല മലയാള ചലച്ചിത്രഗാനം നീയെന്‍ ചന്ദ്രനെ ഞാന്‍ നിന്‍ ചന്ദ്രിക തൂ മേരെ ചാന്ദ്‌മേം തേരീ ചാന്ദ്‌നീ എന്ന ഹിന്ദിപ്പാട്ടിന്റെ പകര്‍പ്പായിരുന്നു. അഴലേറും ജീവിതമെന്ന പഴയ സിനിമാപ്പാട്ട് അഫ്‌സായാലിഖ് രഹിഹൂം എന്ന നൗഷാദ് സംഗീതം ചെയ്ത പാട്ടിന്റെ നിഴലാണ്. പരമേശ്വരി തായേ എന്ന പാട്ട് തമിഴ് സിനിമയിലെ കന്നിയേമാമരി എന്ന പാട്ടിന്റെ പ്രേതമായിരുന്നു.
 
ഈ അനുകരണ പ്രേതബാധ ഒഴിപ്പിച്ച് ശുദ്ധമലയാള സംഗീതത്തിന്റെ കായല്‍ക്കരയിലേക്ക് നമ്മുടെ സിനിമാപ്പാട്ടുകളെ വിരല്‍പിടിച്ചു നടത്തിയത് ചിദംബരനാഥും കെ രാഘവനും എം എസ് ബാബുരാജും ജി ദേവരാജനും കെ വി ജോബും വി ദക്ഷിണാമൂര്‍ത്തിയും അടക്കമുള്ള പ്രതിഭാശാലികളാണ്.
 
ജോ ബിത് ചുകിഹോ എന്ന പാട്ടിനൊപ്പിച്ച് മോഹനം മനോമോഹനം എന്നു പാടിക്കേട്ട് ലജ്ജിച്ചു നിന്ന മലയാളം അല്ലിയാമ്പല്‍ക്കടവും കായലരികത്തു വലയെറിഞ്ഞപ്പോഴും കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളിയും ഒക്കെ കേട്ട് തലയുയര്‍ത്തിപ്പിടിച്ച് നടന്നു. എം കെ അര്‍ജ്ജുനനിലൂടെയും രവീന്ദ്രനിലൂടെയും എം ജയചന്ദ്രനിലൂടെയും എം ജി രാധാകൃഷ്ണനിലൂടെയും ശരത്തിലൂടെയും മറ്റും മലയാള ചലച്ചിത്രഗാനം മധുരിമയുടെ താഴ്‌വരയില്‍ ഉല്ലസിച്ചു സഞ്ചരിച്ചു.
 
ഇങ്ങനെയൊക്കെയാണെങ്കിലും അനുകരണ വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞുപോയില്ല. രാഗേന്ദുകിരണങ്ങളൊളിവീശിയില്ല എന്ന പ്രശസ്ത ഗാനത്തില്‍പ്പോലും ഈ വൈറസ് സാന്നിധ്യമറിയിച്ചു.
 
അടുത്ത കാലത്തുകേട്ട അതിഗംഭീരമായ ഒരു സംഗീതപ്പാരഡി ലാല്‍ജോസിന്റെ മുല്ലയില്‍ റിമിടോമി പാടിയ ആറുമുഖന്‍ മുന്നില്‍ച്ചെന്ന് എന്ന പാട്ടാണ്. വിദ്യാസാഗറിന്റെ പേരിലാണ് ഈ പാട്ടിന്റെ സംഗീതപ്പട്ടം ചാര്‍ത്തികൊടുത്തിട്ടുള്ളത്. വിജയലക്ഷ്മീനവനീതകൃഷ്ണന്റെ സെന്തില്‍ വടിവേലവനേ എന്ന തമിഴ് ഗ്രാമപ്പാട്ടിന്റെ വായ്ത്താരി വിടാതെയുള്ള കോപ്പിയടിയാണ് റിമിടോമി പാടിയ പാട്ട്.
 
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ വിജയലക്ഷ്മി പാടിയ ഈ മനോഹരഗാനം യൂ ട്യൂബില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം. തമിഴില്‍ ഒന്നാം പടിയെടുത്ത് എന്നാെണങ്കില്‍ മലയാളത്തില്‍ ഒന്നാം മുഖം തൊഴുവാന്‍ എന്നാണ്. മൂന്നു തവണ വീതം ആവര്‍ത്തിക്കുന്ന സന്നിധി ഞാനിന്നു പൂകവേ എന്ന വരിക്കു പകരം തമിഴിലുള്ളത് ചിത്തിരഗോപുരം കെട്ടവേ. അടിച്ചുമാറ്റിയതാണെങ്കിലും പാട്ട് ഹിറ്റായി. അതിനെ തുടര്‍ന്ന് കാര്‍ബണ്‍ കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ തുടര്‍പാട്ടുകളുണ്ടായി.
 
കാടാമ്പുഴ ഭഗവതിയെക്കുറിച്ചു കേള്‍ക്കുന്ന ഒരു ഭക്തിഗാനം മുല്ലയിലെ പാട്ടിന്റെ പാരഡിയാണ്. സംഗീതമോഷണത്തെ കാടാമ്പുഴ ഭഗവതി പ്രോത്സാഹിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത്? പകര്‍പ്പിന്റെ പകര്‍പ്പിന്റെ പകര്‍പ്പാണെങ്കിലും എല്ലാ ഖണ്ഡങ്ങളിലും വ്യത്യസ്തവാക്കുകള്‍ ചേര്‍ക്കയാല്‍ നാദിര്‍ഷായുടെ ഹാസ്യാനുകരണം തന്നെ മികച്ചത്. ആറുമണി നേരമായാല്‍, കെടക്കപ്പായേന്നോടും, നേരെ ബാറിലേക്കു ഞാനോടും, അതു തൊറക്കും മുന്‍പേ കേറും....
 
ബേണി ഇഗ്നേഷ്യസുമാര്‍ക്ക് മികച്ച ചലച്ചിത്ര സംഗീത സംവിധായകര്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തപ്പോള്‍ അവരുടെ സംഗീതം ഒരു ഹിന്ദിപ്പാട്ടിന്റെ മോഷണമാണെന്നും അവാര്‍ഡു നല്‍കി അംഗീകരിച്ചാല്‍ തന്നെപ്പോലുള്ളവരെ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നു പറഞ്ഞ് തനിക്കു കിട്ടിയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി ജി ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചു കൊടുത്തു. ഇന്നു നമ്മള്‍ക്കിടയില്‍ ഒരു ദേവരാജന്‍ മാസ്റ്റര്‍ ഇല്ലല്ലോ.

പുഴുക്കുത്തേറ്റ പൂമൊട്ടുകള്‍ കരയുന്നു ചിരിക്കുന്നു

എന്‍മകജെ എന്ന നോവലിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരചിത്രം വായനക്കാരെ ബോധ്യപ്പെടുത്തിയ അംബികാസുതന്‍ മാങ്ങാട്ടാണ് പെരിയയിലെ മഹാത്മാ ബഡ്‌സ് സ്‌കൂളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. എന്‍ഡോസള്‍ഫാന്‍ ഭീകരത്വത്തിന് ഇരയായ കുഞ്ഞുങ്ങള്‍ പകല്‍സമയം കഴിഞ്ഞുകൂടുന്നത് അവിടെയാണ്.

 
അമ്പതിലധികം കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളാണത്. ആകസ്മികമായി ഞങ്ങള്‍ ചെന്നപ്പോള്‍ ഇരുപതിലധികം കുട്ടികള്‍ ഉണ്ടായിരുന്നു. അധ്യാപിക ദീപയും രണ്ട് ആയമാരും.

 
ബഡ്‌സ് സ്‌കൂളിലെ കുട്ടികളെല്ലാവരും ജനിതക വൈകല്യം സംഭവിച്ചവരാണ്. ബുദ്ധിവികസിക്കാത്തവര്‍, ശാരീരികവളര്‍ച്ച നേടാത്തവര്‍.

 
മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചെയ്യുന്നതെന്താണെന്ന് കുഞ്ഞുങ്ങള്‍ക്ക് അറിയില്ല. ചിലര്‍ ദീപ ടീച്ചറെ ചുറ്റിപ്പിടിച്ച് കരയുന്നു. അടുത്ത നിമിഷം പൊട്ടിച്ചിരിക്കുന്നു. പൊടുന്നനെ പൊട്ടിക്കരയുന്നു. എന്തെല്ലാം കഴിക്കാമെന്നുള്ള തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ കല്ലും മണ്ണും അരുതാത്തതെന്തും തിന്നുന്നവര്‍. ഒറ്റനിമിഷം പോലും ശ്രദ്ധതിരിക്കാനാകാതെ പൂര്‍ണ്ണ ശുശ്രൂഷയില്‍ മുഴുകി നില്‍ക്കുന്ന അധ്യാപികയും ആയമാരും.

 
ബുദ്ധി വികസിച്ചിട്ടില്ലാത്ത കുട്ടികള്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. അവര്‍ക്കുവേണ്ടി നിരവധി സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ കാസര്‍കോട്ടെ ബഡ്‌സ് സ്‌കൂളിലെത്തുന്ന ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ പറയാതെ പറയുന്നത് ഞങ്ങളെ നിങ്ങള്‍ മനപ്പൂര്‍വം ശിക്ഷിച്ചതല്ലേ എന്നാണ്.
 
ജനങ്ങളെ ഭരണകൂടം വിഷമഴ പെയ്യിച്ചു ശിക്ഷിച്ചതിന്റെ ബാക്കിപത്രങ്ങളാണ് ഈ കുഞ്ഞുങ്ങള്‍. ഇവരാരും എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കാലത്ത് ഉണ്ടായിരുന്നവരല്ല. അവരുടെ മാതാപിതാക്കള്‍ വിഷം കുടിച്ചതിന്റെ ശിക്ഷയാണ് ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നത്. പുഴുക്കുത്ത് ഏല്‍പ്പിക്കപ്പെട്ട പൂമൊട്ടുകള്‍.

 
ഈ നിരപരാധികളോട് എന്താണ് പറയുക. എന്തു പറഞ്ഞാലും അവര്‍ അങ്ങനെയല്ല മനസ്സിലാക്കുന്നത്. ഞാന്‍ ഓരോരുത്തരെയും വേദനയോടെ ശ്രദ്ധിച്ചു. അവര്‍ക്ക് വേദനയും സന്തോഷവുമൊന്നും അറിയില്ല. ഈ കുഞ്ഞുങ്ങളെ മുന്‍പരിചയമുണ്ടായിട്ടുപോലും അംബികാസുതന്‍ മാങ്ങാട്ടിന്റെ മുഖത്ത് മനസ്സിലെ വിഷമം നിഴലിച്ചിരുന്നു. പ്രകാശന്‍ മടിക്കൈ, ബിജു കാഞ്ഞങ്ങാട്, സുഷമ എന്നിവരും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ അനിഷ്ടതകള്‍ ഓര്‍ത്തുനില്‍ക്കുന്നു.
 
ഞാന്‍ വാവാവം എന്ന് താരാട്ട് പാടി. ബഹളം വയ്ക്കുന്ന കുട്ടികളെ ഉറക്കത്തിലേക്ക് വീഴ്ത്താന്‍ പറ്റിയ നാടന്‍ താരാട്ടാണല്ലോ അത്. എന്നാല്‍ ബഡ്‌സ് സ്‌കൂളിലെ പല കുട്ടികളും ഈ പാട്ടിന്റെ ഈണം പോലും ശ്രദ്ധിച്ചില്ല. അവര്‍ അവരുടെ ലോകത്തു നിന്നും ഇറങ്ങി വന്നതേയില്ല.

 
ഇനിയും പിറക്കാനിരിക്കുന്ന തലമുറകളോട് പോലും ചെയ്ത കുറ്റകൃത്യമായിരുന്നു എന്‍ഡോസള്‍ഫാന്‍ വിഷമഴ. കേരളത്തിന്റെ ഹിരോഷിമ കാസര്‍കോട്ടാണ്. ബഡ്‌സ് സ്‌കൂളിലെ കുഞ്ഞുങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്?

 
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ അമ്മമാര്‍ സമരത്തിലാണ്. വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലൊ. എന്‍ഡോസള്‍ഫാന്‍ ലോകതലത്തില്‍ നിരോധിക്കപ്പെട്ടപ്പോഴെങ്കിലും അപരാധം തിരിച്ചറിഞ്ഞ് ജനങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

 
പറങ്കിയണ്ടി സംരക്ഷിച്ച് സായിപ്പിനും മദാമ്മയ്ക്കും തിന്നാന്‍ കൊടുക്കുന്നതിനായിരുന്നല്ലോ മനുഷ്യന്റെ ശ്വാസകോശത്തിലും ജനിതക വ്യവസ്ഥകളിലും വിഷമഴ പെയ്യിച്ചത്. ഇതിനു കാര്‍മ്മികത്വം വഹിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോടികളുടെ ലാഭമുണ്ടാക്കിയല്ലോ. പ്രായശ്ചിത്തമായി കാസര്‍കോട്ടെ പാവം രോഗബാധിതരെ സഹായിക്കേണ്ട ഉത്തരവാദിത്വം കോര്‍പ്പറേഷനുണ്ട്.

 
ബഡ്‌സ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത് ദുഷ്‌കരമാണ്. തുച്ഛമായ ശമ്പളം. അസൗകര്യങ്ങള്‍ മാത്രമുള്ള അന്തരീക്ഷം. മനുഷ്യ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ് അധ്യാപകരും ആയമാരും ഇവിടെ തുടരുന്നത്.

 
മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ നിന്നിറങ്ങി പെരിയ നവോദയ സ്‌കൂളിലെത്തി. അച്ചടക്കം ചൂഴ്ന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കവിത ചൊല്ലുമ്പോഴും മനസ്സു നിറയെ പൂമൊട്ടുകളായിരുന്നു. ജീവിതം നിരസിക്കപ്പെട്ട പൂമൊട്ടുകള്‍.

Thursday 13 September 2012

സത്‌നാം സിങ്: കേരളം ലജ്ജിക്കുന്നു


 സിദ്ധാര്‍ഥ രാജകുമാരനെ ശ്രീബുദ്ധനാക്കിയ സ്ഥലമാണ് ബിഹാറിലെ ഗയ. തന്നെ നിരന്തരം പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കപിലവാസ്തു വിട്ട് സിദ്ധാര്‍ഥന്‍ ഗയയിലെത്തിയത്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങളൊന്നുപോലും കുടുംബപരമായിരുന്നില്ല.

 
കുടുംബപരമല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് സത്‌നാം സിങ് ഗയ വിട്ട് കേരളത്തിലെത്തിയത്. ബുദ്ധന് ഗയ ബോധോദയമാണ് സമ്മാനിച്ചതെങ്കില്‍ സത്‌നാംസിങ്ങിന് കേരളം അതിദാരുണമായ മരണമാണ് നല്‍കിയത്. സ്വാഭാവിക മരണമോ അപകടമരണമോ അല്ല. കൊടും ക്രൂരമായ നരഹത്യ.

 
സത്‌നാംസിങ്ങിന്റെ മരണയാത്ര ആരംഭിക്കുന്നത് അമൃതാനന്ദമയി മഠത്തില്‍ നിന്നാണ്. അമൃതാനന്ദമയിയുടെ വേദിയിലേക്ക് ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കടന്നുചെല്ലാന്‍ ശ്രമിച്ച സത്‌നാംസിങ്ങിനെ ജില്ലാജയിലും ചിത്തരോഗാശുപത്രിയും കടന്ന് ശവക്കിടക്കയിലാണ് കാണുന്നത്.
 
അമൃതാനന്ദമയി മഠത്തെ ഒഴിവാക്കിക്കൊണ്ടുള്ള അനേ്വഷണത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അനേ്വഷണം നടക്കട്ടെ.

 
മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സുധാമണിയുടെ അമൃതാനന്ദമയിയിലേക്കുള്ള യാത്രക്കിടയിലും ഇപ്പോഴും പ്രചാരത്തിലുള്ള ഒരു പ്രധാന സംഗതിയുണ്ട്. അത് അവര്‍ ദൈവമാണെന്നതാണ്.

ദൈവത്തിന്റെ യോഗ്യതകളായി സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത് ദൈവം എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണെന്നാണ്. അങ്ങനെയെങ്കില്‍ അമൃതാനന്ദമയിക്ക് ഇത് നേരത്തേ അറിയാന്‍ കഴിയാഞ്ഞതെന്ത്?
 
ജാതിമത ഭേദമെന്യേ ആരാധിക്കുന്നവര്‍ക്കെല്ലാം ആശ്ലേഷാനന്ദമയിയായിട്ടുള്ള ഈ ദൈവത്തിന് ബിസ്മില്ലാഹി റഹ്മാനി റഹിം എന്നു കേട്ടത് നിര്‍മമതയോടെ സഹിക്കാന്‍ കഴിയാത്തതെന്ത്?
 
അമൃതാനന്ദമയി മഠത്തില്‍ ഹിന്ദു ദൈവങ്ങളേയുള്ളൂ എന്നും അധികം ദൂരത്തല്ലാത്ത അന്‍വാര്‍ശ്ശേരിയില്‍ ഇസ്ലാം ദൈവമേയുള്ളൂ എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അമൃതാനന്ദമയി മുന്നോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങളും ഹിന്ദുമത മാലിന്യം പുരണ്ടതാണ്. അവിടെ ബിസ്മില്ലാഹി ദഹിക്കുകയില്ല. മതസ്ഥാപനങ്ങളെല്ലാം ചെയ്യുന്നത് സ്വന്തം മതമഹത്വം പഠിപ്പിക്കുകയും അതുവഴി അന്യമത സ്പര്‍ദ്ധ ജനിപ്പിക്കുകയുമാണ്.

 
മറ്റൊരു പ്രധാന കാര്യം മഹത്തുക്കളുടെ മാപ്പുനല്‍കാനുള്ള സന്നദ്ധതയാണ്. കുരിശില്‍ തറച്ചവര്‍ക്ക് മാപ്പുനല്‍കണമെന്നായിരുന്നല്ലോ യേശു ദൈവത്തോട് പറഞ്ഞത്. സത്‌നാം സിങ്ങിനു മാപ്പുകൊടുക്കാനുള്ള മഹാമനസ്‌കത അമൃതാനന്ദമയിക്കില്ലാതെ പോയതെന്തുകൊണ്ട്?
 
 നഷ്ടപ്പെടാന്‍ സ്വത്തുള്ളവര്‍ക്കാണ് മാപ്പ് നല്‍കാന്‍ കഴിയാതെ വരുന്നത്. ശതകോടീശ്വരിയായ അമൃതാനന്ദമയിക്ക് മാപ്പു നല്‍കുക എന്ന മഹനീയ ധര്‍മ്മം അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല.

 
അമൃതാനന്ദമയിയെക്കുറിച്ച് അവരുടെ ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത് സ്‌നേഹമയിയും കരുണാമയിയുമായ അമ്മയെന്നാണ്.

ഒഴുകിയെത്തുന്ന സമ്പത്തുകൊണ്ട് ചെറു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവര്‍ക്ക് ആ വകയിലെങ്കിലും അവകാശപ്പെടാമായിരുന്ന ഇത്തരം വിശേഷണങ്ങള്‍ സത്‌നാംസിങ്ങിന്റെ ദാരുണ മരണത്തോടെ അന്യമായി. കരുണാമയിയോ സ്‌നേഹമയിയോ ആയിരുന്നെങ്കില്‍ മനോവിഭ്രാന്തി ബാധിച്ച സത്‌നാമിനെ കൊലയ്ക്കു കൊടുക്കാതെ സംരക്ഷിക്കുമായിരുന്നു. കരുണാമയിയില്‍ നിന്നും ആലിംഗനാനന്ദമയിയിലേക്കുള്ള പതനമാണ് ഇവിടെ സംഭവിച്ചത്.

 
അമൃതാനന്ദമയിയെ അവരുടെ അനുയായികള്‍ സംബോധന ചെയ്യുന്നത് അമ്മയെന്നാണ്. ആ സംബോധനയ്ക്ക് അവര്‍ തീരെ അര്‍ഹയല്ലെന്ന് സത്‌നം സംഭവം തെളിയിച്ചു. മക്കളെ കൊലയ്ക്കു കൊടുക്കാതിരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണല്ലോ അമ്മമാര്‍. മക്കളുടെ തെറ്റുകള്‍ക്കു മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്നാണല്ലോ നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്.

 
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. അതിനാല്‍ സത്‌നാംസിങ്ങിന്റെ കാര്യത്തില്‍ അമൃതാനന്ദമയി മഠത്തില്‍ സംഭവിച്ചതെന്തെന്നും അനേ്വഷിക്കേണ്ടതുണ്ട്.

 
അമൃതാനന്ദമയി മഠം ചികിത്സാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പണമിറക്കി പണം കൊയ്യുന്ന ഒരു ഹിന്ദുമത സ്ഥാപനമാണ്. കാരുണ്യം, സ്‌നേഹം, ദയ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്.

 
സത്‌നാം, ഭ്രാന്താശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ഇഴഞ്ഞു നീങ്ങി വെള്ളം തേടി മരിക്കുന്ന ഒരു അനുജന്‍ എന്റെ മനസ്സിനെ കീറിമുറിക്കുന്നുണ്ട്. സത്‌നാം കേരളം ദു:ഖിക്കുന്നു. ലജ്ജിക്കുന്നു.

Saturday 1 September 2012

വാരഫലക്കാരുടെ വാചകമേളകള്‍


         ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍ ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു. ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍ എത്തിച്ചിരുന്നത്.
 
ജ്യോത്സ്യന്റെ ഗ്രഹനില തെറ്റിയതിനാലാകാം ഒരു ശനിയാഴ്ച ജാതകഫലം എത്തിയില്ല. ആകെ കുഴങ്ങിയ പത്രാധിപര്‍, എഡിറ്റര്‍ ട്രെയ്‌നിയായി അവിടെയുണ്ടായിരുന്ന ഒരു യുവാവിനോട് ജാതകഫലം തയ്യാറാക്കാന്‍ പറഞ്ഞു.
 
അമ്പരന്നുനിന്ന യുവാവിന് അദ്ദേഹം മാര്‍ഗനിര്‍ദേശവും നല്‍കി. ജ്യോതിഷം പഠിക്കുകയോ കവിടി നിരത്തുകയോ ഒന്നുംവേണ്ട. പത്രത്തിന്റെ പഴയ ലക്കങ്ങള്‍ എടുത്ത് ഓരോ നക്ഷത്രത്തിനോടൊപ്പവും ചേര്‍ത്തിട്ടുള്ള ഫലങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ എഴുതുമ്പോള്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാനുള്ള ജാതകഫലമായി.
 
ആധികാരികത തീരെയില്ലാതെ പഴയ ഫലങ്ങള്‍ നക്ഷത്രങ്ങളുടെ നേര്‍ക്ക് മാറ്റിയെഴുതി പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ വായിക്കുന്നത് കണ്ടുകൊണ്ടാണ് ആ യുവാവ് അടുത്ത ദിവസം നഗരത്തിലൂടെ നടന്നത്.
 
നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുവാനോ നിര്‍മ്മിക്കുവാനോ ഒരു നക്ഷത്രഫലത്തിനും കഴിയുകയില്ല. ഞായറാഴ്ചകളില്‍ ഓരോ പത്രങ്ങളിലും വരുന്ന പമ്പര വിഡ്ഢിത്തത്തെയാണ് നമ്മള്‍ വാരഫലം എന്നുവിളിക്കുന്നത്.
 
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്ന് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച അച്ചടിച്ചുവന്ന ജാതകഫലങ്ങള്‍ ഒന്നിച്ചുവായിച്ചപ്പോഴാണ് ഒരാഴ്ച ചിരിക്കാനുള്ള വക കിട്ടിയത്.
 
അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രനാളിലും പിറന്നവര്‍ അടുത്ത ആഴ്ച അനുഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ ഈ പ്രവാചകന്‍ രേഖപ്പെടുത്തുന്നത്.
 
കേരളകൗമുദിയിലെ പ്രവചനം അനുസരിച്ച് ഉത്രം നാളില്‍ പിറന്നവര്‍ക്കെല്ലാം ഈ ആഴ്ചയില്‍ സന്താനഭാഗ്യം ഉണ്ടാകും. മലയാള മനോരമയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഉത്രം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യത്തിനു പകരം ഉദരരോഗമാണ് ഉണ്ടാകുന്നത്.
മാതൃഭൂമിയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഈ നാളില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യവും ഉദരരോഗവും വരില്ലെങ്കിലും ഗൃഹസ്വസ്ഥത കുറയും. ഒരേനക്ഷത്രഫലം മൂന്ന് ജ്യോത്സ്യന്മാര്‍ കണ്ടെത്തുമ്പോള്‍ മൂന്നുതരത്തിലാകുന്നത് എന്തുകൊണ്ടാണ്?
ആദ്യത്തെ നക്ഷത്രമായി കണക്കാക്കുന്നത് അശ്വതിയാണല്ലൊ. ഈ നാളില്‍ പിറന്നവര്‍ക്ക് അടുത്തയാഴ്ച സംഗീതാദികലകളില്‍ അംഗീകാരം ലഭിക്കുമത്രെ. പാട്ടുപാടാന്‍ കഴിയാത്തവര്‍ക്കോ? മറ്റൊരു പത്രം പറയുന്നത് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുമെന്നാണ്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കോ? അടുത്ത പത്രം പറയുന്നത് മനസമാധാനം ലഭിക്കുമെന്നാണ്. മനസമാധാനത്തിന് ഒരാഴ്ചത്തെ ഉറപ്പേ ഉള്ളോ?
 
ആദ്യം പ്രസന്നമായ കാര്യങ്ങള്‍ പറയുക. ഒടുവില്‍ ദോഷങ്ങള്‍ നിരത്തി വിരട്ടുക. ഇത് ജ്യോത്സ്യന്മാരുടെ ഒരു തന്ത്രമാണ്. അതിനാല്‍ അശ്വതി നക്ഷത്രഫലം പ്രസന്നവും രേവതിഫലം അപ്രസന്നവുമായിരിക്കും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഈ തന്ത്രവും തെറ്റും. രേവതിക്കാര്‍ക്ക് വ്യാപാര വ്യവസായ പുരോഗതി മനോരമ വാഗ്ദാനം ചെയ്യുമ്പോള്‍ കേരളകൗമുദി പിതാവിന്റെ ആരോഗ്യം മോശമാകുമെന്നും മാതൃഭൂമി പലതുകൊണ്ടും കാലം അനുകൂലമല്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
 
ഓണക്കാലം അടുത്തതിനാല്‍ ബോണസും മറ്റും പ്രഖ്യാപിക്കപ്പെടുമെന്നറിയാവുന്ന ഒരു നക്ഷത്രഫലക്കാരന്‍ ഭരണി നാളുകാര്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടുകൂടിയുള്ള ശമ്പള വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. ജ്യോത്സ്യരുടെ കള്ളികള്‍ക്കപ്പുറം ഒരു നില്‍ക്കകള്ളിയും വേണമല്ലൊ. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ശ്രവിക്കാമെന്ന് മറ്റൊരു പത്ര ജ്യോത്സ്യന്‍ തട്ടിവിട്ടിട്ടുണ്ട്.
 
വിജ്ഞാനത്തിന്റെ മേശപ്പുറത്ത് ചൊവ്വാഗ്രഹം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം പുട്ടുകച്ചവടങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. ഞായറാഴ്ച പത്രങ്ങളില്‍ വരുന്ന നക്ഷത്രവാരഫലങ്ങള്‍ അയുക്തിയും അശാസ്ത്രീയതയും അജ്ഞതയുമാണ് മുന്നോട്ടു വയ്ക്കുന്നത്.