Tuesday 16 February 2021

ഭ്രാന്തുമരത്തിന്‍റെ വിത്തുകള്‍


മതത്തിന്‍റെ വിത്തുകൂടയിലുള്ളതെല്ലാം ഭ്രാന്തുമരത്തിന്റെ വിത്തുകളാണ്. തണലിന് പകരം വിനാശകരമായ മൃതികിരണങ്ങളാണ് അവ പ്രസരിപ്പിക്കുന്നത്.

വിവേകികള്‍ ആ ആകര്‍ഷകമായ തണലില്‍ നിന്നും യാഥാര്‍ഥ്യത്തിന്‍റെ  വെയിലിലേക്ക് മാറി നില്‍ക്കും. വെയില്‍ മെല്ലെ ശീതളഛായയാകുന്നത് അനുഭവിക്കുകയും ചെയ്യും.

വിവേകത്തിന്‍റെ മരുന്നു കൊടുത്താല്‍ മതഭ്രാന്ത്  മാറുകതന്നെ 
ചെയ്യും. ആരു കൊടുക്കുമെന്നതാണ് പ്രശ്നം. ആരെങ്കിലും കൊടുക്കാന്‍ ശ്രമിച്ചാല്‍ വ്യക്തിയിലെ മതഭ്രാന്ത് സമൂഹത്തിലേക്ക് വ്യാപിക്കുന്നത് കാണാം. അത് കൂടുതല്‍ അപകടവുമാണ്.നവഖാലിയിലെ കൂട്ട മതഭ്രാന്തിന് വിവേകത്തിന്‍റെ മരുന്ന് കൊടുത്ത മഹാത്മാ ഗാന്ധിയുടെ ജീവന്‍  അപഹരിച്ചത്  മതഭ്രാന്തു തന്നെയാണല്ലോ .

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയില്‍     അരങ്ങേറിയ ജാതിമതഭ്രാന്തിന്‍റെ അവതരണം നല്കിയ നടുക്കം മാറിയിട്ടില്ല. അതിനു മുന്‍പ് പാലക്കാട് ജില്ലയില്‍ നിന്നുതന്നെ മറ്റൊരു മതഭ്രാന്തിന്റെ വാര്‍ത്ത.

ഇസ്ലാം മത വിശ്വാസിയായ ഒരു അമ്മ,  ആ 
ഉമ്മയ്ക്ക് ദൈവവിളി ഉണ്ടായത്രേ. അതിനെ തുടര്‍ന്ന് അവര്‍ ആറു
വയസ്സുള്ള സ്വന്തം മകനെ കഴുത്തറുത്തുകൊന്നു. ബലി നല്‍കിയെന്നാണവര്‍ പോലീസിനോട് പറഞ്ഞത്.

തേങ്കുറിശ്ശിയിലെ ജാതിക്കൊലപാതകം ബോധത്തോടെ തന്നെ നടത്തിയതാണെങ്കില്‍ ഇതില്‍ തീര്‍ച്ചയായും യഥാര്‍ത്ഥ മാനസിക രോഗത്തിന്റെ അടയാളങ്ങളെല്ലാമുണ്ട്. അബോധമായ ഒരു പ്രക്രിയയിലൂടെയാണ് ആ ഉമ്മ ഈ ക്രൂരകൃത്യം ചെയ്തത് എന്നു അനുമാനിക്കാവുന്നതാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും. തെലുങ്കുനാട്ടിലെ ഉന്നതവിദ്യാഭ്യാസമുള്ള
ഹിന്ദുമതക്കാരായ  മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ചു, പുനര്‍ജ്ജനിക്കും എന്ന വിശ്വാസത്തില്‍ വിദ്യാസമ്പന്നരായ പെണ്‍മക്കളെ  കൊന്നതോ?

അതേ. ഈ സംഭവങ്ങള്‍ മതവിശ്വാസത്തിന്‍റെ അടിത്തറ ദൈവവിശ്വാസമാണ് എന്ന വാസ്തവത്തിലാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്. ശബരിമല വിഷയത്തെക്കുറിച്ചു 
പ്രതികരിക്കവേ ഒരു ഇടതുപക്ഷനേതാവ് ഈ സത്യം തുറന്നു പറയുകയും ചെയ്തല്ലോ. 

പാലക്കാട് പുതുപ്പള്ളി തെരുവിലെ ഉമ്മ ചെയ്തത്, കുഞ്ഞിനെ കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിക്കിടത്തി കഴുത്തറുക്കുകയായിരുന്നല്ലോ. സ്വന്തം ഉമ്മയെ കണ്ണുമടച്ച് അനുസരിച്ച ആ ബാലന്‍റെ നിഷ്ക്കളങ്കതയും   നിസ്സഹായതയും
പെറ്റമ്മയിലുള്ള വിശ്വാസവും ഓര്‍ക്കുമ്പോഴാണ് നമ്മുടെ കണ്ണീര്‍ ഗ്രന്ഥികള്‍ കവിഞ്ഞൊഴുകുന്നത്. ഉമ്മയാണെങ്കില്‍ വിശുദ്ധ പുസ്തകം പഠിച്ചിട്ടുള്ള ആളുമാണത്രേ.

വെറും മന:ശാസ്ത്ര ചികിത്സ കൊണ്ട് ഈ രോഗം മാറുകയില്ല. മതവിദ്യാഭ്യാസത്തിന് പകരം ശാസ്ത്രീയമായ വിദ്യാഭ്യാസം നിര്‍ബ്ബന്ധമാക്കിയെങ്കിലെ ഭാവിതലമുറയെങ്കിലും മാനസിക ആരോഗ്യമുള്ളവരായി വളരുകയുള്ളൂ.

മറ്റൊരു മതഭ്രാന്തിന്റെ വാര്‍ത്ത ഹിന്ദുമത തീവ്രവാദികള്‍  കൊല്ലാനായി ചുണ്ണാമ്പൂ തൊട്ടു നിര്‍ത്തിയിട്ടുള്ള ഡോ.കെ.എസ്.ഭഗവാന്‍റെ മുഖത്ത് മഷിയൊഴിച്ചതാണ്. കോടതിവളപ്പില്‍ വച്ച്, നിയമം പഠിച്ച അഭിഭാഷകയായ ഒരു വനിതയാണ് മതവിശ്വാസത്തിന്‍റെ പേരില്‍ ഈ അവഹേളനം നടത്തിയത്. വാര്‍ദ്ധക്യകാലത്ത് സ്വാമി അഗ്നിവേശിനെ ശാരീരികമായി ആക്രമിച്ച അതേ   വികാരം തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലുമുള്ളത്.

ആരാണ് ഡോ.കെ.എസ്.ഭഗവാന്‍? ഷേക്സ്പിയറിന്‍റെ നാടകങ്ങള്‍ കന്നട യിലേക്ക് പരിഭാഷപ്പെടുത്തിയ മൈസൂര്‍ മഹാരാജാസ് കോളജിലെ പ്രൊഫസര്‍.ആദിശങ്കരന്‍റെ ഹിന്ദുമത പുനസ്ഥാപനവും ബുദ്ധമത നശീകരണവും സംബന്ധിച്ചു  ഗൌരവതരമായ അന്വേഷണം നടത്തിയ യുക്തിവാദി. കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, കുവെമ്പു പുരസ്ക്കാരം, ലോകായത പുരസ്ക്കാരം ഇവയൊക്കെ നേടിയ എഴുത്തുകാരന്‍.
സ്ത്രീകളും വൈശ്യന്‍മാരും ശൂദ്രന്‍മാരും ജന്‍മനാതന്നെ പാപികളാണെന്നു.പറയുന്ന ഭഗവദ് ഗീതയിലെ ഒമ്പതാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാമത്തെയും മുപ്പത്തി മൂന്നാമത്തെയും ശ്ലോകങ്ങളെ കഠിനമായി വിമര്‍ശിച്ച മനുഷ്യസ്നേഹി. 

രാമനെ  അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചു നല്‍കപ്പെട്ടിട്ടുള്ള കേസില്‍ വാദം കേള്‍ക്കാനെത്തിയപ്പോഴാണ് എഴുപത്തഞ്ചുകാരനായ ഈ മഹാഗുരുനാഥന്‍ ആക്രമിക്കപ്പെട്ടത്.
 മത തീവ്രവാദികളുടെ നിയമവ്യവസ്ഥ അക്രമത്തില്‍ അധിഷ്ഠിതമായതും ഇന്ത്യന്‍നിയമവ്യവസ്ഥയെ വകവയ്ക്കാത്തതുമാണല്ലോ. ആരെങ്കിലും 
രണ്ടു വാക്കു പറഞ്ഞാല്‍ അപകീര്‍ത്തിപ്പെടുന്നതാണോ ദൈവ രാമന്‍?

നാമജപമെന്ന വിശുദ്ധനാമത്തില്‍, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ നടത്തിയ അക്രമസമരത്തില്‍ ഈ സമാന്തര നിയമവ്യവസ്ഥ കേരളീയര്‍ കണ്ടതുമാണല്ലോ.

ഭ്രാന്തുമരത്തിന്റെ   വിത്തുകള്‍ മനുഷ്യാന്തകവിത്തുകളാണ്.
കരുതലോടെ കൈകാര്യം ചെയ്യേണ്ടത്.

Saturday 13 February 2021

വ്യാസന്‍റെ സസ്യശാല

 


മഹാഭാരതം 

--------------------

വ്യാസന്‍റെ സസ്യശാല 

-----------------------------------


സമര്‍പ്പണം 

------------------- 

യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും അനാഥരാകുന്ന 

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിക്കുന്നു.


ഇത് മഹാഭാരതത്തിന്‍റെ പകര്‍പ്പല്ല. 

കഥാപാത്രങ്ങളുടെ പര്‍വതീകരണവുമല്ല.

പുതിയ കാലത്തു നിന്നുകൊണ്ടുള്ള 

സൂക്ഷ്മവല്‍ക്കരണമാണ്. 

ചില കിളിവാതിലുകള്‍ മാത്രം.


-കുരീപ്പുഴശ്രീകുമാര്‍ 



















അകമ്പനന്‍

-------------------

അച്ഛനാമൊരു പര്‍വതം ദൂരെ 

പുത്രനാം പുഴ വറ്റുന്ന കണ്ടു 

അച്ഛനാം മരം ചില്ല കരിഞ്ഞു

ദു:ഖിതനായ് വിലപിച്ചു കണ്ടു 

അച്ഛനാം മണല്‍ക്കാ,ടൊട്ടകങ്ങള്‍

നിശ്ചലരായ് കിടക്കുന്ന കണ്ടു 

അച്ഛനാം ചന്ദ്രന്‍ ശീതകിരണം 

മൃത്യുമേഘം മറയ്ക്കുന്ന കണ്ടു 


അകൂപാരന്‍

--------------------

നൂറ്റാണ്ടുകള്‍ കണ്ട കാട്ടാമയാണു ഞാന്‍ 

നൂറ്റെടുക്കട്ടോര്‍മ്മ പാകിയ നൂലുകള്‍ 

ഉള്ളിലുണ്ടീ മുഖം, പൌരുഷശ്രീയുടെ 

വന്‍മുകിലാല്‍ കേശമാര്‍ന്ന നൃപസ്മിതം. 

സുപ്രസിദ്ധന്‍, ദാനശീലന്‍,ദയാപരന്‍ 

ഇന്ദ്രദ്യുമ്നന്‍, മഹാന്‍ നാടിന്‍റെ നായകന്‍ 


അകൃതവ്രണന്‍ 

--------------------------------

പെണ്‍മനസ്സിനെ നോവിച്ചു വിട്ടവന്‍ 

ഭീഷ്മനാകിലും ഭോഷനാണെങ്കിലും 

ഞാന്‍ വരാം തേര്‍ തെളിക്കുവാ, നസ്ത്രമേ

മാനഭംഗം പൊറുക്കുവാനാകുമോ?

പര്‍വതങ്ങളേ കാണുക പെണ്‍പുഴ-

ക്കണ്ണുനീരാല്‍ സമുദ്രമുപ്പുള്ളതായ് 


അക്രൂരന്‍ 

----------------

ഭക്തരില്‍ യുദ്ധോത്സുകത്വമുണ്ടെന്നുള്ള 

സത്യമെന്നുത്തമ ബോദ്ധ്യം

ചാപപൂജയ്ക്കു ക്ഷണിക്കാന്‍ വരുമ്പൊഴും

നീലക്കാര്‍വര്‍ണ്ണന്‍റെയങ്കം

കാണാമെന്നുള്ളൊരു മോഹമെന്നുള്ളിലെ 

പീലിക്കു വര്‍ണ്ണങ്ങള്‍ കൂട്ടി 

പാലും പശുവുമീറക്കുഴലീണവും 

പോലല്ല ജീവിതബോധം 





അഗസ്ത്യന്‍ 

--------------------

ആര്യപ്രഭാവമുപേക്ഷിച്ചു ഞാനിനി 

ദ്രാവിഡ ദേശത്തു വാസം 

നമ്രശിരസ്ക്കനായ് നില്‍ക്കട്ടെ വിന്ധ്യന്റെ 

ഹുങ്കു മരണം വരേക്കും 



അഗ്നി 

----------

തോറ്റു ഞാന്‍ 

കിളിക്കുഞ്ഞുങ്ങളേ പ്രാണ-

പാത്രവുമായ് 

പറന്നു പൊയ്ക്കൊള്ളണേ



അഗ്നിവേശന്‍  

----------------------

ജയിക്കുവാനായ് തന്നൂ ഞാനാ

സ്വര്‍ണ്ണപ്പോര്‍ച്ചട്ട

അതിട്ടുതന്നെ തോറ്റൂ ശിഷ്യാ 

നിന്‍റെ പ്രജാപതികള്‍

അതിര്‍ത്തി കാക്കാനല്ലീ യുദ്ധം 

അശാന്തതാ പര്‍വം 

സമൃദ്ധമായീ ദു:ഖം ദൂരേ-

ക്കെറിയാം മാര്‍വസ്ത്രം 







അച്യുതായുസ്സ് 

-------------------------

സഹോദരന്‍ മുറിഞ്ഞു 

വീണുരുണ്ടു കണ്ട മാത്രയില്‍ 

മഹാവിരോധമെന്നിലേ-

ക്കലര്‍ച്ചയോടെയെത്തിയോ 

പകപ്പുലിക്കു പല്ലുകള്‍ 

മുളച്ചുവോ, ശരിക്കു ഞാന്‍ 

പകച്ചു പോയി ജീവനെ 

കൊതിച്ചു നില്‍ക്കുകില്ലിനി 



അജപാര്‍ശ്വന്‍ 

-----------------------

കാട്ടിലാണ് പെറ്റതെന്നെ

കല്ലിലാണുരച്ചത്

കൂറ്റനാടു പോല്‍ കറുത്തു

പാര്‍ശ്വഭാഗമപ്പൊഴേ

വേറൊരമ്മ പോറ്റിയെന്റെ

ബാലലീലയൊക്കെയും 

കാണുവാന്‍ കഴിഞ്ഞതില്ല 

പെറ്റവള്‍ക്കൊരിക്കലും 



അഞ്ജനപര്‍വാവ് 

-----------------------------

പര്‍വതങ്ങള്‍ പാറകള്‍ 

ശക്തവൃക്ഷശാഖികള്‍ 

അമ്പു ലക്ഷ്യമായവര്‍ 

മങ്ങിടാത്ത സ്നേഹിതര്‍.

കാട്ടില്‍ നിന്നറിഞ്ഞു ഞാന്‍ 

വേട്ടയാടലിന്‍ രസം 

നാട്ടിലിന്നു കാട്ടവേ 

പാഞ്ഞു പോയി സൈനികര്‍.


അണിമാണ്ഡവ്യന്‍

------------------------------

കുശപ്പുല്ലില്‍ കൊരുത്തിട്ട 

കുരുവിക്കുഞ്ഞിനെപ്പോലെ

മുനി,ശൂലമുനയില്‍ കോര്‍ത്തിടപ്പെട്ടല്ലോ


ഒരു കൂട്ടം തസ്ക്കരന്മാര്‍

മുതല്‍ കൊണ്ടു വച്ച കാര്യം

പറയാതെയിരുന്നാലീ ശിക്ഷയുണ്ടല്ലോ 


മുനിയെന്നാല്‍ മൌനിയല്ലോ

മുറയ്ക്കു മന്ത്രങ്ങളല്ലോ

വിധി, കള്ളര്‍ക്കൊപ്പമല്ലോ ജനം കണ്ടല്ലോ.



അതിസേനന്‍ 

----------------------

മാറി നില്‍ക്കുക സേന വരുന്നു 

മായക്കാറ്റും മൃഗങ്ങളുമായി 

വാളുകള്‍ വന്‍ പുലികളായ് ചീറും

ശൂലങ്ങള്‍ കാട്ടുപോത്തായി മാറും 

ഉഗ്രസിംഹപതാകയോടൊപ്പം 

യുദ്ധവീരരണിയായ് വരുന്നു.



അത്രി 

-----------

കുന്നിടിഞ്ഞു നിരന്ന പോല്‍ സൈനികര്‍ 

അമ്മപെങ്ങന്‍മാരുള്ള പുരുഷന്മാര്‍ 

മണ്ണടിഞ്ഞു കിടക്കുന്നു ചുറ്റിലും 

വില്ലു നീ താഴെ വയ്ക്കുക ദ്രോണരേ





അദിതി 

--------------

കാട്ടുകമ്പ്, കരിയില,മേയും- 

ഗോക്കള്‍ തന്ന വറളിയും വേരും

പൊയ്കയിലെ ജലവും തിനയും 

കല്ലുരച്ചു കൊളുത്തിയ  തീയും 

അന്ന പാചകം മൈനാകശൃംഗം

സമ്മതിക്കണേ മക്കള്‍ക്കു വേണ്ടി 


അധിരഥന്‍ 

------------------

പുത്രരില്ലാതെ ദു:ഖിച്ച ഞങ്ങള്‍ക്കു

രത്നമാണീയനാഥനാം ബാലകന്‍ 

മാനഭംഗത്തിലാഴ്ത്തിയ നേരവും 

മാനത്തോളമുയര്‍ത്തിയ നേരവും 

ഒന്നുപോല്‍; സൂര്യശൂന്യമീയംബരം

വന്നപോലെ പോം സന്തുഷ്ട ജീവിതം.



അദ്രിക 

-------------

മത്സ്യവേഷത്തില്‍ നീന്തിത്തുടിക്കെ 

സ്വപ്നരാജന്‍റെ വീര്യമെന്നുള്ളില്‍ 

പുത്രരാകാന്‍ കടന്നു വളര്‍ന്നു

പെട്ടു ഞാന്‍ വലയ്ക്കുള്ളില്‍ തകര്‍ന്നു 

മക്കളേ കുഞ്ഞുനെറ്റിയിലമ്മ 

മുത്തമിട്ടു പിരിഞ്ഞു കൊള്ളട്ടെ.








അദൃശ്യന്തി 

-------------------

ദു:ഖ വെള്ളുള്ളിപ്പാടം കടക്കുവാന്‍ 

ശക്തിയില്ല, വിധവയാണെങ്കിലും 

ഗര്‍ഭപാത്രത്തിലെ കുഞ്ഞുകയ്യുകള്‍ 

മുട്ടിടുമ്പോള്‍ മറക്കുന്നു സര്‍വ്വവും.

ചുറ്റിലും നരഭോജിതന്നാര്‍ത്തികള്‍ 

വട്ടമിട്ടു പറക്കയാണെപ്പൊഴും.



അന്ധകന്‍

-----------------

യുദ്ധഹേതുവെന്തുമാട്ടെ-

യപമാനം, ക്രുദ്ധവാക്യം 

മൃത്യുഭീതി, സ്വത്തുമോഹ,മംഗനാദാഹം 

യുദ്ധമെന്നാല്‍ നാശമാണ് 

ബുദ്ധിമോശക്കൊയ്യലാണ് 

ശുദ്ധനായ് നീ സന്ധി ചെയ്താലത്രയും നന്ന്.



അനന്തന്‍ 

----------------

നാഗവംശജന്‍ ഞാന്‍ ശയ്യയാക്കി 

സാഗരത്തെ, യതില്‍ ശയ്യയായി 

രാജപന്നഗസത്രം ജയിച്ചു

സോദരന്മാരെയോര്‍ത്തു ദു:ഖിച്ചു .

സര്‍പ്പസുന്ദരിമാരണിയിച്ച 

രക്തചന്ദന ഗന്ധവുമായി 

രത്നശോഭ തുളുമ്പും നഖത്താല്‍

അദ്രി പോലുമുയര്‍ത്തിയോനത്രെ!






അനാധൃഷ്യന്‍

-----------------------

ചോളവയലുകള്‍ കൊയ്തു കേറും പോലെ 

ഞാനെയ്തെടുക്കും പ്രതിരോധ ശീര്‍ഷങ്ങള്‍ 

ആവതില്ലെങ്കില്‍ മരണമേ സ്വാഗതം 



അനിരുദ്ധന്‍ 

--------------------

നിദ്രയില്‍ സ്പര്‍ശിച്ചു ഗന്ധിച്ചു ചുംബിച്ച 

സ്വപ്നത്തേന്‍ മാമ്പഴം നേടാന്‍ 

ബന്ധിക്കപ്പെട്ടു ഞാന്‍ ബന്ധനം സുന്ദരം 

ചിന്തയില്‍ പെണ്‍മണം മാത്രം.



അനുവിന്ദന്‍ 

---------------------

പ്രാണരക്ഷ

പലായനമാണതിന്നേക മാര്‍ഗ്ഗം 

തിരിഞ്ഞു നോക്കില്ല ഞാന്‍ 



അനൂദരന്‍ 

-----------------------

വാപിലീലയ്ക്കു ഭീമസേനന്‍റെ

കൂടെയാണു ഞാന്‍ പോയത് 

പാവമാണാ സഹോദരന്‍ 



അപരാജിതന്‍ 

----------------------

ബാലപാഠങ്ങളമ്പിലും വില്ലിലും 

വേലതന്നെയായോധനമെപ്പൊഴും 

വേറെയൊന്നും പഠിക്കാഞ്ഞതെന്തു ഞാന്‍.


അപ്രമാഥി

-----------------

രതിരണം കഴിഞ്ഞിനിയെനിക്കൊരു

നിണം മണക്കുന്ന രണം തുടങ്ങണം 

ഒരു പക്ഷേ വന്നാലടുത്ത ചുംബനം.



അഭയന്‍ 

--------------

മിഴികള്‍ കെട്ടിയ 

ജനനി ഗാന്ധാരി 

തനയരെ കണ്ടു 

പഴകിയിട്ടില്ല.

അവരെയോര്‍ത്തു ഞാന്‍ 

ഇറങ്ങി പോരിനായ്.



അഭിമന്യു 

----------------

ഭദ്രേ സുഭദ്രേ

സമാശ്വാസ വാക്കുകള്‍-

ക്കപ്പുറത്തേക്കിഴ പൊട്ടി 

വീഴുന്നു ഞാന്‍.


അച്ഛനില്ല, അമ്മാവനില്ല

രക്ഷിക്കുവാന്‍ 

നിസ്സഹായത്വമേ

മര്‍ത്യന്റെ ജീവിതം.








അയോധധൌമ്യന്‍ 

------------------------------

എത്ര ശിഷ്യരെ വേദനിപ്പിച്ചു ഞാന്‍ 

അത്രമാത്രമാഹ്ളാദം ഭുജിച്ചുവോ 

ശിഷ്യപീഡനം ഉന്നതിക്കാണെന്ന

തത്ത്വശാസ്ത്രമെന്‍ ജീവിത വീക്ഷണം 

തെറ്റിയില്ലെന്‍ പഠിതാക്കളൊക്കെയും 

ഉത്തമശൃംഗമേറിത്തിളങ്ങവേ 

ഹര്‍ഷബാഷ്പമോ പാശ്ചാത്താപാശ്രുവോ 

വൃദ്ധനേത്രത്തിലന്ധത ചൂടിച്ചു?



അയോബാഹു

------------------------

കസവു കച്ച കൊണ്ടെന്‍റെ

അനാഥ കൌമാരകാലം 

സുഖഭൂയിഷ്ഠമാക്കിയ വളര്‍ത്തമ്മമാര്‍

അവര്‍ക്കെന്‍റെ പ്രണാമത്തിന്‍ മാധവിപ്പൂക്കള്‍


 അര്‍ജ്ജുനന്‍ 

--------------------

അസ്തമിക്കാന്‍ നീ 

തിടുക്കം തുടങ്ങുമ്പോള്‍ 

അസ്ഥികള്‍ പൊട്ടുന്നു സൂര്യാ.


നില്‍ക്കുക

ശത്രുവ്യൂഹത്തിലെന്‍ പുത്രന്റെ 

രക്തമുണങ്ങിയോ?


രക്ഷപ്പെടുത്തുവാന്‍ 

പ്രാപ്തിയില്ലാത്തൊരീ

അസ്ത്രങ്ങളെന്തിന് 

ഗാണ്ഡീവമെന്തിന്?



അര്‍ജ്ജുനകന്‍ 

------------------------

ഞരമ്പു കയറാല്‍ ബന്ധിച്ചൂ ഞാന്‍ 

വരമ്പിനൊത്തൊരു നാഗത്തെ 

ഇവനെ ചുടണോ കണ്ടിക്കണമോ 

ഘാതകനാണീ വിഷസര്‍പ്പം  

മൃതിക്കു മൃതിയേ കാരണമെന്നോ 

വെറുതേ വിടണോ പാവത്തെ?

എനിക്കു കണ്ണില്‍ പുതിയ തെളിച്ചം 

വിളക്കുമേന്തി വരുന്നുണ്ട്.



അര്‍വാവസു

---------------------

ഒപ്പം പറയുന്ന കാട്ടുകിളികളെന്‍ 

ദു:ഖകാലത്തെ സഖാക്കള്‍ 

ദുഷ്ക്കീര്‍ത്തി കൊണ്ടു തളരാതിരിക്കുവാന്‍ 

സത്യവൃക്ഷത്തിന്‍റെ കൂട്ട് 

അച്ഛനെ കൊല്ലുന്നതെങ്ങനെ ഞാനെന്‍റെ

അച്ഛന്‍റെ വിശ്വസ്തപുത്രന്‍ 



അരുണന്‍ 

----------------

ഉഗ്രപ്രതാപന്‍റെ ഉഷ്ണദര്‍പ്പം മറ-

ച്ചല്‍പ്പമാശ്വാസം തരുന്നോന്‍ 

രക്തവര്‍ണ്ണന്‍, 

കൂത്തു കാണുവാന്‍ സ്ത്രീ വേഷ-

മിട്ടു കൂട്ടത്തിലിരുന്നോന്‍ 

മര്‍ക്കടന്മാരെ പ്രസവിച്ച വാര്‍ത്തയില്‍ 

പെട്ടു ഞാന്‍ പൊട്ടിച്ചിരിച്ചു 

തൊട്ടറിയുമ്പോള്‍ പ്രസിദ്ധ നക്ഷത്രങ്ങള്‍ 

ഞെട്ടിക്കും പാവങ്ങളല്ലോ 



അലംബുഷന്‍ 

-----------------------

കൌരവ പക്ഷമെനിക്കെന്തു തന്നു 

ഗൌരവചിന്തയും സ്നേഹവും തന്നു 

പോരില്‍,അഭിമാനികള്‍ വരിക്കേണ്ടും

വീരമരണ കിരീടവും തന്നു

കാട്ടുമനുഷ്യരോടേറ്റുമുട്ടുമ്പോള്‍

നാട്ടുനടപ്പെന്ന നീതിയും തന്നു.

 


അലംബുസ

-------------------

പുഴയുടെ താളം കഴലില്‍ ചുറ്റി 

നടനം മിന്നല്‍പ്പിണരായി

കഠിന തപസ്സുമലമ്പാക്കീയീ 

മുനിയില്‍ പുരുഷന്‍ കാണായി

മതി മതി ബാദ്ധ്യതയൊന്നും വയ്യ 

ഋഷിയെന്നോടു ക്ഷമിക്കട്ടെ.



അലായുധന്‍ 

--------------------

പകയുടെ 

പന്തമകത്തെരിയുമ്പോള്‍

അടരെവിടെന്നു തിരഞ്ഞു നടക്കും 

അടവിമകന്‍ ഞാന്‍.

പൊരുതി മരിക്കാന്‍ 

പകരം വീട്ടാന്‍ 

അവിഹിത സന്തതിമാരേ 

വരിക.






അലോലുപന്‍ 

----------------------

കിന്നരി വെച്ച തലപ്പാവുമായൊരു 

മന്നവ ശീര്‍ഷം പറന്നു പോകുന്നതാ

സിന്ധു തീരങ്ങളില്‍ പൊന്തീ കരിങ്കൊടി 



അശ്വകേതു 

-------------------

അമ്പുകള്‍ പാമ്പുകള്‍ പോല്‍ പറക്കും 

സങ്കുലയുദ്ധപ്പറമ്പില്‍ നിന്നും 

സങ്കടപ്പാട്ടായി ഞാണൊലികള്‍ 

വൃന്ദവാദ്യം തന്നെ വാളൊലികള്‍ 

വീര മരണം വരും വരേക്കീ

പോരിന്‍റെ ഗീതമിരമ്പി നില്‍ക്കും



അശ്വത്ഥാമാവ്

------------------------

വ്രണം പൊട്ടി വീഴും 

ചലം പോലെ ലോകം

അസഹ്യം വിലാപം 

വമിക്കുന്ന കാലം 

അസത്യം ജപിച്ചും 

ചതിച്ചും വധിച്ചും 

ജയിച്ചോര്‍ക്ക് നേര്‍ക്കെന്‍റെ

ധര്‍മ്മോപരോധം.


മഹാവ്യാധി ബാധിച്ചു 

വീണിട്ടുമില്ലെന്‍ 

മനസ്സില്‍ 

ഉറക്കത്തിലും കുറ്റബോധം




അശ്വപതി 

------------------

മുല്ലവള്ളി വളരുന്ന പോലെ 

നല്ല പൂക്കള്‍ വിടരുന്ന പോലെ 

കുഞ്ഞിലകള്‍ കടും പച്ചയായി 

രമ്യകാലം പറയുന്ന പോലെ 

എന്‍മകളോ  വളര്‍ന്നു തേന്മാവിന്‍ 

ചില്ല തേടുന്ന കണ്ടു നില്‍ക്കുമ്പോള്‍ 

ഉള്ളിലാധി പെരുത്ത പിതാവായ് 

തന്നു കൊള്ളട്ടെ പൂര്‍ണ്ണ സ്വാതന്ത്ര്യം.



അശ്വമേധദത്തന്‍ 

-----------------------------

കണ്ടതപ്പടി ആകാശനീലിമ 

അന്തരംഗത്തിലേക്കു പകരവേ 

അത്രയൊന്നും മഹത്തരമല്ലെന്റെ 

രക്തപങ്കിലമായ ചരിത്രങ്ങ-

ളെന്നറിഞ്ഞു ഖേദിക്കുകയാണു ഞാന്‍ 

വന്നതങ്ങനെ പോയതുമങ്ങനെ.



അശ്വസേനന്‍ 

----------------------

അസ്ത്രത്തിനഗ്രത്തിരുന്നു വരുന്നിതാ 

അര്‍ജ്ജുനാ,

നീ പണ്ടു നോവിച്ച പാമ്പു ഞാന്‍.


പെറ്റമ്മയെക്കൊന്ന

നീചനോടേല്‍ക്കുവാന്‍

രക്തത്തിലെന്നേ കുരുത്തു തീയമ്പുകള്‍.


 

 

 

അശ്വിനികുമാരര്‍  

-----------------------------

ഇരു സഹോദരരൊരൂ സന്ദര്‍ഭമീ-

സുമംഗലി ബഹു മിടുക്കി, കാണുകി-

ലൊരുവന്‍ ദസ്റന്‍റെ കരുത്തുള്ളോന്‍ പിന്നെ-

യൊരൂവന്‍ സത്യന്‍റെ കഴിവുമുള്ളവന്‍.


അശ്മകന്‍ 

---------------

അമ്മി കൊണ്ടു സ്വയമുദരത്തിനെ 

അമ്മ മര്‍ദ്ദിച്ചിറങ്ങിയ കുട്ടി ഞാന്‍ 

രാജശയ്യയില്‍ ഭസ്മധാരി മുനി 

കാമകാവ്യം കുറിച്ചിട്ട പൈതല്‍ ഞാന്‍ 

അച്ഛനാരെന്നു ചോദിക്കുകില്‍ ശരി-

ഉത്തരങ്ങള്‍ തിരഞ്ഞ കിടാവു ഞാന്‍.



അഷ്ടകന്‍ 

----------------

മാമരങ്ങള്‍ വയസ്സായവര്‍ക്കും

ശീതളപ്പായ് വിരിക്കുന്നപോലെ 

പൂവുകള്‍ പ്രായഭേദമില്ലാതെ 

തൂമണം സല്‍ക്കരിക്കുന്ന പോലെ 

കൊച്ചുമക്കളീ മുത്തച്ഛനായി 

വച്ചു മാറുന്നു ധര്‍മ്മ സമ്പത്ത് 










അഷ്ടാവക്രന്‍ 

---------------------

അച്ഛനുച്ചാരണം തെറ്റി 

ശിക്ഷിക്കപ്പെട്ടതെന്‍ ബോധ്യം 

എട്ടായൊടിഞ്ഞെന്‍റെ ദേഹം 

പെറ്റമ്മ പൊട്ടിക്കരഞ്ഞു 

അച്ഛന്‍റെ ശിക്ഷയൊഴിയാന്‍

അദ്ദേഹത്തോടൊപ്പം സ്നാനം.

ഏതു നദിയില്‍ കുളിച്ചാല്‍ 

ന്യായദേഹം രമ്യമാകും?



അസ്തി

----------

ശിശുവധവാര്‍ത്ത പൊള്ളിച്ച നേരം 

ശിശിരസന്ധ്യേ കരഞ്ഞു പോയ് ഞാനും 

മുല ചുരത്തുന്നൊരമ്മ തന്‍ ദു:ഖം  

കിളികളെന്നോടു ചൊല്ലിപ്പറന്നു 

മരണമാല്യമണിയുന്ന കാലം 

ഉടനെ വന്നെങ്കിലെന്നു മോഹിച്ചു.


 

അസിതന്‍ 

-----------------

ബ്രാഹ്മണനച്ഛന്‍

ധീവരയമ്മ 

ഏക മകന്‍ കവിയായി 

മിശ്രമനോഹര സൌഹൃദമങ്ങനെ

വിശ്രുതജീവിതമായി .

യുദ്ധം കണ്ടു വിഷാദിച്ചൂ കവി 

സ്വസ്ഥത തേടിപ്പോയി 

രക്തമുണങ്ങിയ പത്രങ്ങളിലീ-

യക്ഷരകാവ്യം പൂര്‍ണ്ണം.



അഹിലാവതി 

-----------------------

വനം മനം, മനോജ്ഞനാഗ-

സ്നേഹിതര്‍ തരുന്നൊരീ

കനം നിറഞ്ഞ രക്ഷക-

ക്കുടയ്ക്കു കീഴിലിന്നു ഞാന്‍ 

കരഞ്ഞു പോയ്, മകന്‍,പ്രിയന്‍

മരിച്ച യുദ്ധഭൂമിയില്‍ 

ജനിച്ചുടന്‍ വളര്‍ന്ന ദുഃഖ-

വൃക്ഷമേ നശിക്കുക.


പൊലിഞ്ഞ വാര്‍ത്ത കേട്ടു കൈകള്‍

കൊട്ടിയാര്‍ത്ത യാദവാ 

പൊരുന്നിരിക്കയാണു കാട്ടു-

മക്കളിലൊരായുധം.



അളര്‍ക്കന്‍ 

------------------

ദര്‍ശനം പ്രാണ ഹര്‍ഷണമായോ

ദംശനം സ്നേഹ സ്പര്‍ശനമായോ

രക്തവാഹിനിയുത്ഭവിച്ചിട്ടും

ഒറ്റയക്ഷരം മിണ്ടാത്ത പാവം 

അത്രമാത്രം സഹിച്ചിട്ടും ശിഷ്യ-

ഭര്‍ത്സനത്തീ കൊളുത്തീ ഗുരുവും

എന്തു പാഠം പഠിച്ചു മറക്കാന്‍ 

എന്തിനിങ്ങനെ ശിഷ്യനായ് വന്നു?  









അംഗന്‍ 

-------------

കനകഗോതമ്പു പാടങ്ങള്‍ ചുറ്റിലും

ചണയുമെള്ളും മദിക്കും പറമ്പുകള്‍

കുതിരയോടാനുറപ്പിച്ച പാതകള്‍ 

കുടകപ്പാലകള്‍ കാക്കുന്ന വാടികള്‍ 

ഇവിടമാണംഗദേശം, സുമുഖികള്‍ 

കവിത ചൊല്ലിത്തകര്‍ക്കുന്ന വീടകം



അംഗിരസ്സ് 

-----------------

അപ്സരസ്സുകള്‍ ആടി ജ്വലിക്കെ 

അഗ്നിയില്‍ വീണ ബ്രഹ്മ രേതസ്സിനാല്‍

ഉത്ഭവിച്ചു ഞാനെന്നു പഴങ്കഥ 

അഗ്നിഗേഹത്തിലാണെന്റെ ജീവിതം 



അംബ 

----------------

ആരാണു പുരുഷന്‍?

നേരറിയാത്തവന്‍ 

നേരെയല്ലാത്തവന്‍ 

കരുണയില്ലാത്തവന്‍

കശ്മലന്‍ 

വഞ്ചകന്‍.


അവനുമായ് 

ഏറ്റുമുട്ടീടുവാനെന്നിലെ

വനിതയെ 

വില്ലെടുപ്പിച്ചു നിര്‍ത്തുന്നു ഞാന്‍.





അംബരീഷന്‍ 

-----------------------

യുദ്ധവീരന്‍, കടന്നേതു വ്യൂഹവും 

നിഷ്പ്രയാസം തകര്‍ത്ത യോദ്ധാവു ഞാന്‍ 

എങ്കിലുമെന്‍റെ സൈന്യാധിപന്‍ അതി-

വന്ദ്യനാകുന്നതോര്‍ത്തു ഖേദിച്ചുപോയ്.



അംബഷ്ഠന്‍ 

------------------

രാജധനുസ്സേ മുറിഞ്ഞു വീഴാനെന്തു 

താമസ, മാദിത്യനസ്തമിക്കുന്നിതാ

ചേദി രാജാവിന്‍ ബലക്ഷയം കണ്ടു ഞാന്‍ 

ചോദിച്ചു പോയ്, മൃതി വൈകുന്നതെന്തിനി?



അംബാലിക 

--------------------------

ഇണ ചേര്‍ന്ന നേരമെന്‍ 

മകനേ മരിച്ചു നീ.

അതുപോലെ ഞാനും 

മരിച്ചിരുന്നെങ്കില്‍ 

ഈ വ്യഥ വന്നു വീണ്ടും 

വിവര്‍ണ്ണമാക്കുന്നെന്‍റെ

വസനം

മഹാദു:ഖമാണെന്നനുഭവം.










അംബിക 

--------------------

ജടമൂടി

വല്‍ക്കലം ചൂടിയ കറുമ്പനെന്‍

ചൊടികളില്‍ 

ചുംബിക്കുമെന്നോര്‍ക്കെ 

ഇങ്ങനെ 

ഇറുകെയടച്ചു ഞാന്‍ കണ്ണുകള്‍;

ഭോഗിച്ചു പിരിയുക 

രാജാത്തിയെങ്കിലും 

അടിമ ഞാന്‍.




ആംഗിരസി 

--------------------

ഗജരതി കണ്ടു മദിച്ചു ഞങ്ങള്‍ 

മരവുരി മെല്ലെയഴിച്ച നേരം 

ഒരുവന്‍ വന്നെന്‍റെ പ്രിയനെ തിന്നു 

മിഴിനീരിനാലഗ്നി തീര്‍ത്തു ഞാനും.

ഇതുപോലപൂര്‍ണ്ണമായ് തോര്‍ന്നു പോകും

കുടിലതേ നിന്‍റെ രതിക്കിനാക്കള്‍. 



ആജഗരന്‍ 

-----------------

പട്ടുടുക്കും തോല്‍ ധരിക്കും  

ധാന്യമാംസങ്ങള്‍ കഴിക്കും 

പുഷ്പമെത്ത പുല്‍ക്കിടക്ക

ഭിന്നമില്ലാതുറങ്ങീടും

മാളികയില്‍ മണ്‍കുടിലി-

ലൊന്നുപോലതിഥിയാകും

കാണുകാകസ്മികത്വം താന്‍ 

വാസ്തവം, അസ്ഥിരം ലോകം.






ആദിത്യകേതു 

------------------------

കായലില്‍ പെയ്യുന്ന പേമാരി പോലെ 

കൂരമ്പു പായും കൊടും വെയിലില്‍ 

ആയുധത്തിന്നര്‍ത്ഥ രാഹിത്യമോര്‍ത്തു

തീപിടിക്കുന്ന മനസ്സുമായി 

നൂറു ചുറ്റുള്ള ഗദയോടെതിര്‍ത്താല്‍ 

വീരമരണപ്പൂമാല കിട്ടും 



ആപസ്തംബന്‍ 

----------------------

മഹര്‍ഷിവര്‍ഗ്ഗത്തിന്‍ വിരാമം കാണുന്നു 

മനസ്സാലിന്ദ്രിയ നിയന്ത്രണമില്ല 

ഒരു നാട്യക്കാരി മിഴിയനക്കിയാല്‍ 

ഒടുക്കത്തെ മുനി മരിച്ചു പോയേക്കാം 

മുനിയല്ലാത്തവര്‍ പിടിച്ചു നിന്നേക്കാം 

കിളി ചിലയ്ക്കുന്ന വരുംകാലം വരെ 



ആയുസ്സ് 

--------------

തവളരാജാവു ഞാ,നെന്‍ പ്രിയപ്പെട്ട 

മകളെ നീ,യതി ഗൂഢമായ് വേട്ടതും 

സുരത സാമര്‍ഥ്യമെല്ലാമറിഞ്ഞതും

കുളിര്‍ ജലപ്പൊയ്ക കാട്ടിക്കൊടുത്തതും 

സകലതും സമ്മതിക്കുന്നു പത്നിയായ് 

സുതരുമൊത്തിനി വാഴാന്‍ വിടുന്നു ഞാന്‍.

ഒരു കരാര്‍, ശുദ്ധ പാവങ്ങള്‍ മാക്രികള്‍ 

അവരെ നീ കൊന്നു തീര്‍ക്കാതിരിക്കണം.






ആരുണി 

---------------

മലവെള്ളം പാഞ്ഞു വരമ്പില്‍ മുട്ടുന്നു 

മട മുറിയാതെന്‍ തടി തടുക്കുന്നു 

തണുപ്പിന്‍ കീടങ്ങള്‍ പൊതിഞ്ഞെന്‍ ജീവനില്‍ 

മരണപ്പേമാരി തുടിച്ചു തുള്ളുന്നു

ഗുരുകുലാഭ്യാസം കഠിനമെങ്കിലും 

മറുവഴിയുടെ വെളിച്ചമില്ലല്ലോ.



ആര്യകന്‍ 

-----------------

ആരോ ചതിച്ചിവന്‍ സര്‍പ്പലോകം 

പൂകിയതാണീ നിരപരാധി 

സല്‍ക്കരിക്കാം നമുക്കീ മര്‍ത്ത്യനെ

ധിക്കാരിയല്ലിവന്‍ സാധുവല്ലോ

നല്‍കുകിവനു ബലദരസം

കൊല്ലുന്നതല്ലല്ലോ നാഗധര്‍മ്മം



ആസ്തീകന്‍ 

-----------------

മതിയാക്കുകീ ജീവനാശനം 

പ്രാകൃതം 

മരണോത്സവം

മഹാഹോമം.


ഉരഗവൃന്ദത്തിനും 

ഗേഹം മഹീതലം 

പ്രകൃതിന്യായം  

സര്‍വമേകം.





ഇന്ദ്രന്‍ 

-----------

ഭീരുവാണു ഭരണാധികാരി,യെന്‍ 

മാനസമെത്രവട്ടം വിറച്ചുവോ

രാജസിംഹാസനം ഭദ്രമാക്കുവാന്‍ 

യാചന പോലുമായുധമാക്കിടാം 

ആയിരം സ്ത്രീകള്‍ കൂടെയുണ്ടെങ്കിലും 

വേറൊരുത്തിയെ കണ്ടാല്‍ കൊതിവരും

ലോക രാജ്യാധികാരികള്‍ക്കെപ്പോഴും

ഞാന്‍ മനോഹര മാതൃകയായിടും. 



ഇന്ദ്രദ്യുമ്നന്‍

------------------

മുനിവരരേ മരങ്ങളേ ഗോക്കളേ

ചമത ചുംബിച്ച പര്‍ണ്ണാശ്രമങ്ങളെ 

അറിയുമോ നിങ്ങളെന്നെ,യീയൂഴിയില്‍ 

വിവിധ ദാനങ്ങള്‍ നല്‍കിക്കഴിഞ്ഞവന്‍ 

ഋണരഹിത മഹാജീവിതത്തിന്റെ 

മണികളും പൊല്‍ക്കിരീടവും ചൂടിയോന്‍.

അറിയുമോ നിങ്ങളെന്നെ, പുഴകളേ

മുകിലിനെയുമ്മ വയ്ക്കും ഗിരികളെ 



ഇന്ദ്രസേന 

----------------

കണ്ണടച്ചാലുടനേ തെളിയുമേ

വെണ്ണ പോലെ പിതാവിന്‍റെ തൂമുഖം 

കണ്ണു മെല്ലെത്തുറന്നാല്‍ വിളക്കുപോ-

ലമ്മ വന്നു മനസ്സില്‍ വിളിക്കുമേ

ചൈത്രമാരുതാ കണ്ടതോര്‍ക്കുന്നുവോ 

രക്ഷിതാക്കളെ, യാരണ്യവീഥിയില്‍ 




ഇന്ദ്രസേനന്‍ 

--------------------

നിഴലിലജസമൂഹത്തെയുറക്കും 

കരിയിലന്തകള്‍ കാഞ്ഞിരപ്പന്തകള്‍  

വനമിതെന്‍ പ്രിയ സ്യന്ദനപ്പൈതകള്‍

കുതറി നില്‍ക്കും വിപത്തിന്‍ നിരത്തുകള്‍ 

കുതിരകള്‍ നാട്ടുപാതയെ സ്നേഹിച്ച 

വിജയികള്‍ തോറ്റു പിന്‍മാറിടുന്നിടം 



ഇന്ദ്രാണി 

---------------

ഒറ്റയാ,ളൊറ്റയാ,ളൊറ്റപ്പുരുഷനെന്‍ 

ഹൃത്തിലിരിപ്പവനിന്ദ്രന്‍

എത്രയോ കണ്ടു, സഹിച്ചു ഞാനെന്നിലെ 

ദു:ഖമേ നീയൊന്നുറങ്ങൂ.



ഇരാവാന്‍

---------------

നാഗപ്പടയും വീരക്കൊടിയും 

ചോടുമറന്ന പിതാവിനു വേണ്ടി 

പൂജ നടത്തിക്കരയാതമ്മേ 

മായായുദ്ധമരങ്ങേറുന്നു.


അടരില്‍ കൊന്നു മരിക്കട്ടെ ഞാന്‍ 

മരണവുമെന്തഭിമാനം!



ഇല്വലന്‍

--------------

അസുരനാണെങ്കിലും സാരമില്ല 

ധനികനായാല്‍ മതി മുന്നിലെത്തും 

ശിഖയും പൂണൂലുമണിഞ്ഞ കൂട്ടര്‍ 

പിരിവിനായ്, ഇല്ലപ്പോള്‍ വര്‍ണ്ണ ഭേദം 

ഉഗ്രശ്രവസ്സ് 

------------------

പന്നഗക്കൊടിക്കീഴില്‍ നില്‍ക്കവേ 

ഉന്നതനെന്നു തോന്നി ഞാന്‍ 

നിന്നെയും ഞാന്‍ മറന്നെടോ



ഉഗ്രശായി 

----------------

അങ്കമെന്നൊരു വാക്കു കേള്‍ക്കുമ്പോള്‍ 

നെഞ്ചത്തു ചെണ്ട 

ദുന്ദുഭി തുടിയൊക്കെയുണരുന്നു 

രക്തത്തില്‍ മുങ്ങി 

വെണ്‍പതാക ചുവന്നു കാണുന്നു 

ശ്വാനര്‍,സൃഗാലര്‍ 

സന്ധ്യയെന്നറിയാതെ തുള്ളുന്നു!



ഉഗ്രസേനന്‍ 

------------------

സര്‍പ്പദംശനമേറ്റു മരിച്ചൊരെ-

ന്നച്ഛനെന്‍റെ മനസ്സിലെ പര്‍വതം 

താഴ്വരകളില്‍ സ്നേഹവനങ്ങളും

ധീരസിംഹങ്ങളും സൌമ്യപ്രാക്കളും 

നീരരുവികള്‍ വാത്സല്യധാരകള്‍ 

പൂവുകള്‍ പിതൃ ചുംബന മുദ്രകള്‍ 


ഉഗ്രസേനന്‍ ധൃതരാഷ്ട്രര്‍ 

------------------------------------------

ധീരയോദ്ധാക്കളേ ഭ്രാതാക്കളേ നമ്മ-

ളേതോ മൃതിമൃഗത്തിന്റെ പ്രാതല്‍ 





 ഉഗ്രായുധന്‍ 

-------------------

വിശ്രമമില്ലാത്ത  സൂര്യനെപ്പോല്‍ നമ്മള്‍ 

പശ്ചിമ ദിക്കിലേക്കോടിയടുക്കണം

രക്തത്തില്‍ മുങ്ങി പടിയാതിരിക്കണം 



ഉതത്ഥ്യന്‍ 

----------------

ബ്രാഹ്മണ്യമല്ലെന്‍റെ കാമുകത്വം 

ഞാനേ കുടിച്ചു മഹാസമുദ്രം 

സ്നേഹിച്ചു സ്നേഹിച്ചു ഭദ്രമാക്കി 

പ്രാപിച്ച പെണ്ണിനെ വിട്ടു കിട്ടാന്‍. 

പ്രേമത്തെ മുന്‍നിര്‍ത്തി വന്‍കടലും 

ആചമിക്കുന്നവര്‍ കാമുകന്മാര്‍.



ഉത്തങ്കന്‍

---------------

ഗുരുപത്നി തന്‍ ക്ഷണം 

സ്വീകരിക്കായ്കയാല്‍ 

മരണനൂല്‍പ്പാലത്തി-

ലേറിയോനാണു ഞാന്‍.


പശുവിന്‍റെ മൂത്രവും 

മലവും ഭുജിച്ചു

ഉരഗലോകത്തില്‍ 

ശിരസ്സും നമിച്ചു.


ഒടുവിലൊരു സംശയം 

നിര്‍ത്താതെ നെയ്യുന്ന 

വനിതകളിലാണോ 

ക്ഷണവും നിരാസവും?









ഉത്തര 

----------

അടിവയറ്റില്‍ 

മൃദുസ്പന്ദനം 

ജീവന്‍റെ കണിക.

പരീക്ഷിതമെന്‍റെ ഭൂതാലയം.


പ്രിയനേ 

പുരുഷാഹങ്കാരമീ യുദ്ധം 

അതില്‍ വെന്തു

വീഴുന്ന പ്രാണികള്‍ സ്ത്രീകള്‍. 



ഉത്തരന്‍ 

--------------

ധേനുസഹസ്രങ്ങള്‍ വീണ്ടെടുക്കാന്‍ യുദ്ധ-

രീതികള്‍ നോക്കിപ്പഠിച്ചു ഞാനെങ്കിലും

ഘോര കുരുക്ഷേത്ര യുദ്ധത്തില്‍ വീണുപോയ്, 

ജീവഹാനിക്കുള്ള മാധ്യമം സംഗരം 



ഉത്തരമുത്തി 

----------------------

ശീതരാത്രി, ഒരാണ്‍പുതപ്പും ചൂടി 

കാമഗാത്രിയായൊട്ടിക്കിടക്കിലും 

തീ പുണരാത്തതെന്ത് പുരുഷന്‍റെ

തീവ്രചുംബനമാഗ്രഹിക്കുന്നു ഞാന്‍.

തോറ്റുപോയ്  ദൃഢചിത്തയുവത്വമേ

കാറ്റടങ്ങിയ ഉള്‍ക്കടലായി ഞാന്‍ 


ഉപചിത്രന്‍ 

-----------------

പുണ്യ തീര്‍ഥങ്ങളില്‍ സ്നാനിച്ച വാളാണ്

മണ്ണില്‍ പുതഞ്ഞു കരയുന്നത് 

ഏതായിരിക്കുമെന്‍ വാള്‍ക്കരച്ചില്‍?



ഉപനന്ദന്‍ 

---------------

അകന്നു പോകുന്നു പടപ്പെരുമ്പറ

അടുത്തു കേള്‍ക്കുന്നു മരണ ശംഖൊലി 

പതുക്കെയെന്‍ ബോധം തവിഞ്ഞു താഴുന്നു 



ഉപമന്യു 

-------------

ഇഴ വിട്ടു വഴി തെറ്റി 

ആഴക്കിണറ്റില്‍ 

മിഴി പൊട്ടി ഞാന്‍ പതിച്ചപ്പോള്‍

വിഷജലമോ 

വിശപ്പോ 

ശ്വാസനാളത്തില്‍ 

വിരലമര്‍ത്തി പോര്‍ വിളിച്ചു?


കടമയും ദാഹവും 

ധേനുക്കളായ്, എന്‍റെ

പഠനകാലം കഠിനഭാരം.



ഉപരിചരവസു

----------------------------

വനം 

അശോകത്തണല്‍

മനസ്സില്‍ 

മനോജ്ഞ മൈഥുന രംഗങ്ങള്‍.


നശിച്ചൊരേകാന്തതയും ഞാനും 

സ്ഖലിച്ചിടുന്നൂ സ്വപ്നലയം.



ഉപശ്രുതി 

---------------

പെണ്ണിനു പെണ്ണേ രക്ഷാഹസ്തം 

കണ്ണു തുറന്നീ താമരനൂലി-

ന്നുള്ളില്‍ കൂടി കാണുക പെണ്ണേ 

നിന്‍ പ്രിയതമനെ, കണ്ടു നമിക്കുക.

പിന്നെന്‍ വിരലു പിടിക്കുക, നിന്നെ 

മണ്‍തരി പോലെന്‍ ചെപ്പിലൊതുക്കാം.



ഉപസുന്ദന്‍ 

-----------------

ഒന്നിച്ചു നിന്നാല്‍ സഹോദരാ നമ്മള്‍ക്കു

വെന്നിക്കൊടി പറത്താം സ്വര്‍ഗ്ഗനാട്ടിലും 

ഭിന്നിച്ചു പോയാല്‍ നശിക്കും മരിക്കും 

വന്ന സൌഭാഗ്യങ്ങളെല്ലാമൊടുങ്ങും

എങ്കിലും ഈ കാമരൂപിണിക്കായെന്‍റെ

ചങ്കു തുടിക്കയാണൊറ്റയ്ക്കു മുത്താന്‍!


ഉര്‍വ്വശി 

-------------

രതിയുടെയുറവകള്‍ തുരുതുരെയെന്നില്‍

മദ,നനവേറ്റിയുലച്ചു രസിക്കെ

രസബിന്ദുക്കള്‍ മുലകളി, ലുദരപ്പടവുകളില്‍ 

പൊന്‍തുടയില്‍ യോനിയിലൂറി വിളിക്കെ

വരിക ധനുസ്സു കുലച്ച കരത്താല്‍

പുണരുക പുരുഷാ, ക്ലീബത മാറ്റുക.









ഉലൂകന്‍ 

-------------

ചുവന്ന സൂര്യന്‍ ദ്രോണശിരസ്സായ്

നിലത്തു വീണതു കണ്ടു 

ഭയന്നു പോയി, പലായനത്തില്‍ 

പരാജിതന്‍ ഞാന്‍ കൂടി 

ശിബിരം തോറും സന്ദേശവുമായ് 

നടന്നു, മെണ്ണ പകര്‍ന്നും

പടര്‍ത്തിയോ ഞാന്‍ യുദ്ധത്തീയിതു

കെടുത്തിയെന്നെക്കൂടി



ഉലൂപി

----------

ഒറ്റ മകന്‍റെ

മരണ പരാക്രമം 

ഞെട്ടിച്ചുണര്‍ത്തിയ സര്‍പ്പിണിയാണു ഞാന്‍ 


മൃത്യുവിന്‍ ദര്‍പ്പം 

എന്താണെന്നറിയട്ടെ മദ്ധ്യമപാണ്ഡവന്‍;

സ്നേഹമുത്തത്തിനാല്‍ 

ഉജ്ജീവനം ചെയ്തുയര്‍ത്തീടുവാനെന്‍റെ

ബുദ്ധിയില്‍ പൂക്കുന്നു ദു:ഖവും പ്രേമവും.



ഉശീനരന്‍ 

----------------

കാമം കുലച്ചൊരീ പെണ്ണിനെ നല്‍കുകില്‍ 

കാതു കറുത്ത കുതിരകളെ തരാം 

മാലതിപ്പൂക്കള്‍ നിറഞ്ഞ മാസത്തിലീ 

മാനസോല്ലാസം മറക്കാത്തതാവണം.





ഉഷ 

-------

ജലക്രീഡ കണ്ടന്നുതൊട്ടെന്‍ മനസ്സില്‍ 

മദപ്പാടു പൊട്ടി,യുറക്കവും ഞെട്ടി 

കിനാവിന്‍ സരസ്സില്‍ ഒരുത്തന്‍ കരുത്തന്‍ 

രതിച്ചോര കൊണ്ടെന്നെയസ്വസ്ഥയാക്കി

അവന്‍ വന്നതേതന്തരീക്ഷത്തില്‍ നിന്നും

വരിക്കാനെനിക്കേതു മംഗല്യമന്ത്രം?


ഊര്‍ണ്ണനാഭന്‍

----------------------

സൂര്യന്‍ പടിയുന്നു, നമ്മളിന്നെത്രയോ 

സോദരന്മാരെ വധിച്ചു,

സൂര്യനില്‍ ചോര തെറിച്ചു വീണോ?



ഋതുപര്‍ണ്ണന്‍ 

-------------------------

ഇലയെണ്ണി പൂവെണ്ണി

കായെണ്ണിയെങ്കിലും 

ഒരുവള്‍ക്കു രണ്ടാം വിവാഹോത്സവത്തിന്‍റെ

പൊരുളെണ്ണിയില്ല ഞാന്‍.


ഹയവേഗമെണ്ണി

തിരിച്ചു പോരുമ്പൊഴെന്‍ 

രഥമൌലിയേന്തുന്നിളിഭ്യപ്പതാകകള്‍.




ഋഷഭന്‍ 

-------------

മൌനം മഹാബലം 

മൌനം സുധാസുഖം

മൌനമതാണ് വാചാലം 

മൌനമലകളെ ഭഞ്ജകന്മാര്‍ക്കൊരു 

മൃതിശില സമ്മാനമേകൂ.


ഏകലവ്യന്‍ 

----------------------

അമ്മവിരല്‍ ചോദിച്ച 

നീചനാണെന്‍ ഗുരു 

തിന്മയുടെ മര്‍ത്യാവതാരം.


ഇല്ലെങ്കിലെന്ത് വലം കൈവിരല്‍ 

എനിക്കുള്ളതെന്‍ 

ഹൃദയപക്ഷത്തിന്നിടംവിരല്‍.


കൊല്ലാന്‍ വരട്ടെ 

വിശുദ്ധമൃഗങ്ങളെ 

വെല്ലുവാനാണെന്റെ ജന്മം.



ഏലാപുത്രന്‍

---------------------------

വ്യാജരേഖകള്‍ ചമച്ചു 

തീവ്രമായ് ശപിക്കിലും 

നാഗവംശചാരുത 

നശിക്കുകില്ലൊരിക്കലും.

ദാനമായ് കൊടുത്തിടാം 

സഹോദരിയെയങ്ങനെ 

യാഗഭംഗവും നടത്തുവാ-

നൊരുങ്ങി നില്‍ക്കണം.



ഐരാവതം 

-------------------

ആന ഞാ,നെനിക്കിഷ്ടമല്ലാത്ത 

ഹീനകൃത്യം മഹര്‍ഷി ചെയ്താലും 

ദേവകേശമഴിച്ചു കെട്ടുമ്പോള്‍ 

ശ്രീലനീല ഭ്രമരമായാലും 

ഇല്ല തീര്‍ത്തൂം വിധേയത്വമെന്നില്‍ 

ചങ്ങലക്കിട്ട ദാസ്യമില്ലല്ലോ



ഓഘവതി

-----------------

അതിഥി വിപ്രന്‍റെ 

കാമദാഹത്തിന് 

ഉടലു നല്കിയ ആങ്കോന്തിയാണ് ഞാന്‍.

രതിരസത്തില്‍ 

കുടുങ്ങിയോ, ഞാനെന്‍റെ

പ്രിയതമാ 

സ്വര്‍ഗ്ഗമാണോ നമുക്കിനി?



കചന്‍ 

----------

ജീവിതം 

തന്നവള്‍ക്കായില്ല

സ്നേഹിച്ചു 

ജീവിതം നല്‍കുവാന്‍

ക്രൂര പിശാചു ഞാന്‍.


മൃത്യുവാണുത്തമം

നീയെന്തിനെന്നെയാ 

രക്ഷോദരത്തില്‍ 

നിന്നിപ്പുറമെത്തിച്ചു?



കപിലന്‍ 

--------------

സാംഖ്യയോഗം മഹാശാസ്ത്രം 

ഭീക്ഷ്മരും സമ്മതിക്കുന്ന 

ജീവിതായോധനത്തിന്റെ സുന്ദരസൂത്രം 

നമ്മള്‍ കാണും പ്രകൃതിക്ക് 

നമ്മളിലെ കരുണയ്ക്ക് 

നമ്മളല്ലാതില്ല കേന്ദ്രം 

ചിന്ത പൂക്കുമ്പോള്‍ 



കംസന്‍ 

-------------

ക്രൂരനെന്ന പ്രതിച്ഛായയാണെനി-

ക്കേതു രാജാവുമാഗ്രഹിക്കാത്തതീ

കാകപക്ഷ കിരീട,മൊന്നോര്‍ക്കുക

പ്രാണരക്ഷയേ ചെയ്യാന്‍ തുനിഞ്ഞു ഞാന്‍.

സിംഹ ജാഗ്രതയുള്ളില്‍ ഗര്‍ജ്ജിക്കവേ 

ഹംസമല്ല ഞാന്‍ പാറിക്കടക്കുവാന്‍



കണികന്‍ 

----------------

അന്ധരാജാവിനു ഞാനുപദേശിച്ച 

തന്ത്രമാണെന്‍ കൂടനീതി 

മന്ത്രമതങ്ങനെ സ്വീകരിച്ചോരെല്ലാം

തന്ത്രത്തില്‍ മൃത്യു വരിച്ചു

തെറ്റായിരുന്നെന്റെ ന്യായബോധം ക്രൂര-

യുദ്ധത്തിലെ ഹീനശാസ്ത്രം 







കണ്വന്‍ 

-------------

പക്ഷികള്‍ തന്നതെന്നാലും 

എത്ര ഉദാരനീയഛന്‍

ഇഷ്ട വൈവാഹിക ഹര്‍ഷം 

പുത്രിക്കു സമ്മാനമായി.

ആശ്രമത്തില്‍ രതി ബന്ധം 

പാപമേയല്ല, സന്‍മാര്‍ഗ്ഗം 



കദ്രു

--------

ഇരട്ടനാവുകളെനിക്കു ചുറ്റും 

കൊളുത്തി ചോദ്യത്തീപ്പന്തം

ശപിച്ചതെന്തിനു?

ഓമല്‍പ്പെങ്ങളെ 

വലച്ചതെന്തിനു വഞ്ചനയില്‍?


എനിക്കു ഭ്രാന്താണമിതാഹ്ളാദ-

ക്കുതിപ്പിലാണെന്‍ മാതൃത്വം 

മനസ്സു കഴുകാനെനിക്കു വേണം 

മരണത്തിന്‍റെ സുധാകുംഭം.



കരാളജനകന്‍ 

-----------------------

മനനജിഹ്വരാം മാമുനി ശ്രേഷ്ഠരേ

പറയുകെന്താണു നാശം ? അനശ്വരം?

മഹിയില്‍ ജീവിതമക്ഷരമോ, സ്നേഹ-

നിധികളായവരെല്ലാം ക്ഷണികമോ?

അരണതന്നോര്‍മ്മ പോലെ മറയുമോ 

സ്മരണയെല്ലാം ക്ഷരമായ് പൊലിയുമോ?




കരേണുമതി 

--------------------

നാലാമത്താണ്‍ വേട്ട 

പെണ്‍ മൃഗമാണു ഞാന്‍ 

പ്രേമമുഹൂര്‍ത്തമില്ലാതെ.


ഏതു കീരിക്കും 

കിളിക്കുമുണ്ടാകില്ലേ

സ്നേഹാഭിലാഷം മനസ്സില്‍?


കര്‍ണ്ണന്‍ 

------------

ആദിത്യശോഭിതനുജ്ജ്വലനച്ഛന്‍

ദീപശിഖ പോലെയുള്ള പെറ്റമ്മ

നേരറിഞ്ഞപ്പോള്‍ സ്വയം മരിക്കാനായ് 

മോഹിച്ചു പോ,യെന്‍ പിറവിക്കു സാക്ഷീ 

അശ്വനദീ നീ വിഴുങ്ങാഞ്ഞതെന്ത് 

അത്യപമാനിതനാണീയനാഥന്‍ 



കര്‍ണ്ണന്‍ (ധൃത)

------------------------

രുധിരം നിറഞ്ഞ വഴിയിലൂടെ 

അധികാരഗോപുരം കയ്യാളിയാല്‍ 

പടവിലൊന്നായിയീ ഞാനുമുണ്ടാകുമോ?



ക്രഥനന്‍

--------------

അമ്പു തറയ്ക്കാത്തുടുപ്പുകളമ്പത്

കങ്കണം പാദുകം ഉഷ്ണീഷം മാര്‍ച്ചട്ട 

എങ്കിലും നെഞ്ചിലൊരങ്കലാപ്പ്




കല 

-------

പ്രേമമരീചികളെന്നെ തഴുകുന്നു 

ധ്യാനസ്ഥ, നീയൊന്നുണരൂ 

പൂത്തല്ലോ കല്‍ഹാര, മാസുഗന്ധത്തില്‍ ഞാന്‍ 

ഓര്‍ക്കുന്നു നിന്‍റെ സാമീപ്യം 

ദര്‍ഭപ്പുല്‍പ്പായയില്‍ പൂക്കളിറുത്തിട്ടു 

തല്‍പ്പമൊരുക്കിക്കഴിഞ്ഞു 

ഉച്ചിയില്‍ ചന്ദ്രകിരീടമണിഞ്ഞല്ലോ 

മുഗ്ദ്ധ  ഹിമാലയ ശൈത്യം 



കലി

--------

ചൂതു. മദ്യം കൊലപാതകം. പിന്നെ 

കാഞ്ചനം, സ്ത്രീ യിവകളിലൊക്കെയും 

കാണുമെന്നാണു ഭാഷ്യം, പുരുഷനില്‍ 

വാണു ഞാനെന്ന വാസ്തവം കാണണോ?

നോക്കുക നിഷധത്തിലെ പുഷ്ക്കരന്‍

ഓര്‍ക്കുകില്‍ പിന്നെയെത്രപേരെത്രപേര്‍!



കലിംഗന്‍

----------------

പരിചയേന്താന്‍ യുവാക്കളെയെപ്പൊഴും

പരിചയിപ്പിക്കുമങ്കക്കളരികള്‍

കുളിരശോകങ്ങള്‍ വാഴും നിരത്തുകള്‍ 

തൃണസമൃദ്ധമാം മൈതാനഭംഗികള്‍ 

ചിരി പതപ്പിച്ചു പായുമരുവികള്‍ 

ശ്വസനസ്തംഭനം പുല്‍കിയ പാറകള്‍ 


ഇതു കലിംഗം, കലി കൊണ്ട പൈതൃക-

പ്പൊടിപടലം നിറഞ്ഞ വന്‍പോരിടം



കവചി 

-----------

മായുന്നതേയില്ല കൌമാര കേളികള്‍ 

പായുമശ്വങ്ങളേ ഖിന്നനാണിന്നു ഞാന്‍ 

ആരു ജയിച്ചാലുമോര്‍മ്മ മറയുമോ?






കശ്യപന്‍ 

---------------

ആന,കുതിര,പുരുഷ ലക്ഷങ്ങളെ 

ക്രൂര മരണം ഭുജിച്ചു 

സ്ത്രീകളും, പാവങ്ങള്‍ കുഞ്ഞുങ്ങളുമൊക്കെ 

നാഥരില്ലാത്തവരായി

ആയുധം വച്ചു സമാധാനം നേടുക 

ദ്രോണ, അധര്‍മ്മമീ യുദ്ധം.


കഹോടകന്‍ 

---------------------

കോപമടക്കാന്‍ കഴിയാതെ പണ്ഡിത-

ക്രോധഗര്‍വ്വിന്‍റെ മുനകളാലേ

പുത്രനെ അംഗഭംഗത്തിന്നിരയാക്കി,

നിശ്ശബ്ദമെന്തേ ക്ഷമിച്ചില്ല ഞാന്‍?

ക്രുദ്ധസമുദ്രമേ, യെന്നെ വിഴുങ്ങുക 

ബുദ്ധിക്കു ഭ്രംശം ഭവിച്ചു പോയി 


കാഞ്ചനദ്ധ്വജന്‍ 

-------------------------

ഇടറരുതെന്‍റെ മനസ്സേ, പോരില്‍ 

പടയാളിക്കൊരു ലക്ഷ്യം മാത്രം

എതിരാളികളുടെ ശീര്‍ഷം മാത്രം.



കാട്ടുകിണറ്റിലെ മനുഷ്യന്‍ 

--------------------------------------------

കീഴേ ജലപ്പെരുമ്പാമ്പ് 

മേലേ മദം കൊണ്ട കൊമ്പന്‍ 

കാട്ടുകിണറ്റിലെ വള്ളി-

പ്പൂട്ടില്‍ കെണിഞ്ഞ മനുഷ്യന്‍.

വള്ളിവേരില്‍ കരണ്ടുന്നു

വെള്ളേന്‍ കറുമ്പനെലികള്‍

ചുണ്ടിലേക്കിറ്റു വീണല്ലോ 

ഉണ്ടാലും തീരാത്തേന്‍തുള്ളി!


കാമരഥന്‍

-----------------

ധേനുസമ്പത്തു കവര്‍ന്ന കാലം 

സ്നേഹധനുസ്സാല്‍ പിടിച്ചു തന്നോര്‍ 

ജീവസഹായികള്‍ ഞാനവര്‍ക്കെന്‍ 

പ്രാണകുതിരയെ കാവല്‍ നിര്‍ത്തൂം 

നീതിയനീതികള്‍ വേര്‍തിരിക്കാന്‍ 

നേരമില്ലിപ്പോള്‍ വിരാടര്‍ ഞങ്ങള്‍.



കായവ്യന്‍ 

-----------------------

കാട്ടുമൃഗങ്ങളെ 

കൊന്നതും ചുട്ടതും

നാട്ടിലെ മാന്യ മുനിമാര്‍ക്കു തിന്നുവാന്‍.


ഞാന്‍ കണ്ടു സേവിച്ച 

സന്യാസിമാരൊക്കെ 

മാനിനെ പന്നിയെ തിന്നു ശീലിച്ചവര്‍ 


മാംസഭുക്കാവുകയാണ്

മോക്ഷത്തിന്റെ മാര്‍ഗ്ഗം 

സുഖത്തിന്‍റെ  പാഠമെന്‍ സേവനം 



കാര്‍ക്കോടകന്‍ 

-------------------------

രക്ഷകാ പൊറുക്കണേ

അറിഞ്ഞു കൊണ്ടു നിന്നെ ഞാന്‍ 

കൊത്തി,യിന്നു പോക നീ

വരും നിനക്കു സ്വസ്ഥത.

അഗ്നിയാണു ചുറ്റിലും 

നിനക്ക്, ഞാനറിഞ്ഞെടോ

ഹര്‍ഷജീവിതത്തിലേക്ക്

വാതില്‍ ഞാന്‍ തുറന്നെടോ.



കാലകവൃക്ഷീയന്‍ 

--------------------------------

കൂട്ടിലിട്ട കാക്കയെ 

വധിച്ചുവെങ്കിലും നൃപ,

നാട്ടിലുള്ള ഭീകരത്വ-

മൊക്കെയും പറഞ്ഞിടാം.


പാമ്പുകള്‍ ചുഴന്നിടുന്ന

ശുദ്ധമാം കിണര്‍ ഭവാന്‍ 

പാമ്പു നിന്റെ മന്ത്രിമാരും 

സേവകരുമോര്‍ക്കണം.


രാജ്യസമ്പത്താകവേ 

കവര്‍ന്നു പോയി, ഭൂപനില്‍  

നാട്ടുകാര്‍ക്കതൃപ്തിയുണ്ട് 

ഖേദമുണ്ട്, രോഷവും








കാലനേമി 

-----------------

കാക്കയാണു കൊടിയടയാളം 

ഓര്‍ക്കയാണെന്‍ പിതാക്കളെയിപ്പോള്‍

ദേവജന്മിസൈന്യത്തോടെതിര്‍ത്ത്

വീരമൃത്യുവണിഞ്ഞ യോദ്ധാക്കള്‍ 

തര്‍ക്കമില്ലായുധങ്ങളാലല്ലോ

വര്‍ഗ്ഗയുദ്ധസ്സമാപ്തി പുലരൂ 

രക്തമേ,യെന്‍ പതാകയില്‍ തൊട്ട് 

വജ്രനക്ഷത്ര മാര്‍ഗ്ഗം തെളിക്കൂ.


കാലയവനന്‍

---------------------

നീതിനാട്യക്കാരനുടെ-

യായുധശാലയ്ക്കു ഞാന്‍ 

തീകൊളുത്തും ഗോക്കളെല്ലാ-

മോടിമാറിക്കൊള്ളണം

സ്ത്രീജനങ്ങള്‍ കായലില്‍ 

നീന്തിക്കുളിച്ചു നില്‍ക്കണം 

ഈറനോടെ വന്നു രാജ്യ-

ഭസ്മധൂളി കാണണം.



കാളിന്ദി 

--------------

പുഴയിറമ്പില്‍ ഞാന്‍ 

തപസ്സിരുന്നതും 

കറുമ്പന്‍ കോമളന്‍ പരിഗ്രഹിച്ചതും 

സപത്നിയായ് പെറ്റു-

വളര്‍ത്തി മക്കളെ 

പടക്കയച്ചതും വെറുതെയോര്‍ക്കുന്നു.

നശിച്ചു പോയ് പുരി 

മരിച്ചു കൃഷ്ണനും 

എനിക്കിനി വനം മരണത്താവളം.


കാളിയന്‍ 

-----------------

പുഴയിലെ കുടില്‍ വിട്ടു ഞാന്‍ സാഗര 

ലവണഗേഹത്തിലെത്തിയ നേരവും 

നെറുകയില്‍ വീണ മര്‍ദ്ദനമുദ്രകള്‍ 

കുടിയിറക്കലിന്‍ ദു:ഖചരിത്രമായ്.

വളരെയുണ്ടു കൃതജ്ഞത ബാലകാ 

നദിയിലെന്നെ നീ കൊല്ലാതെ വിട്ടതില്‍

മനുജ ശത്രുക്കളല്ല നാഗങ്ങളീ 

മഹിയില്‍ ജീവിത സാധുതയുള്ളവര്‍ 



കിങ്കരന്‍ 

--------------

സുന്ദരന്മാരുടെ രക്തമാംസങ്ങള്‍ 

സൌകര്യപൂര്‍വം ഭുജിക്കുവാനായി 

അന്യ ശരീരത്തെ തീന്‍മുറിയാക്കി 

അന്യനില്‍ത്തന്നെ ഉറങ്ങിയുണര്‍ന്നു.

ശത്രുവാമേതോ മഹര്‍ഷി തന്‍ കയ്യില്‍ 

ചട്ടുകമായി ഞാനെന്നതേ സത്യം. 



കിന്ദമന്‍

--------------

പാലകള്‍ പൂത്തു തുടുത്ത കാട്ടില്‍

പേടമാനും കലമാനുമായി 

മൈഥുനമാടിയ തേന്‍ വേളയില്‍ 

എയ്ത രാജാവേ, നശിച്ചു നിങ്ങള്‍.

ഈവിധം തന്നെ ഒടുങ്ങിപ്പോകും 

ജീവിതം നിങ്ങള്‍ക്കും മൈഥുനത്തില്‍.





കിര്‍മ്മീരന്‍

-------------------

വിജയത്തിനപ്പുറം 

ഭ്രാതൃഹന്താവിന്‍റെ

ഗദയോടെതിര്‍ക്കുകെന്‍ ധര്‍മ്മം


അതിലെന്‍റെ ജീവന്‍റെ

ഗോപുരം തകരട്ടെ 

പടപൊരുതലാണെന്റെ കര്‍മ്മം.



കീചകന്‍ 

-------------------

രാജകല 

ശൃംഗാരഭാവലത

ജീവനിലൊ-

രാസക്തി തന്‍ തുകിലനങ്ങി

രതിമണി മുഴങ്ങി 

കനവുകളൊരുങ്ങി


ഒരു നിമിഷമിരുചൊടിക-

ളൊരുമിച്ച പോലെയെന്‍

ഗളമതിലൊരാണ്‍വിരല്‍ കുടുങ്ങി.


അതിമോഹ ശിക്ഷയാം

മരണമേ നീയെനി-

ക്കരുളുകിനിയന്ത്യാനുഭൂതി.





കുജംഭന്‍ 

---------------

കൊടി പിടിച്ചവര്‍ മുന്നില്‍ നടക്കണം 

തുടിയടിപ്പവര്‍ പിന്നില്‍ കടക്കണം 

ഇടയിലായുധധാരിക, ളാനകള്‍

കുതിര തേരുകളൊപ്പം ചലിക്കണം

വിജയ പീഠത്തിലേക്കുള്ള യാത്രയാ-

ണനുഗമിക്കണം കൈനിലക്കാണികള്‍ 



കുണ്ഡധാരന്‍

-----------------------

രാജരഥങ്ങളിലായുധ ശേഖരം 

ഭാരതയുദ്ധോത്സവത്തിന്റെ ആരവം 

ഏതു രഥത്തിന്നഹങ്കാരമാണു ഞാന്‍ 


കുണ്ഡഭേദി 

--------------------

പശ്ചിമദിശിയാരുടെ സൈന്യം 

ഭദ്രതയോടെ നില്‍പ്പൂ 

ഇക്ഷണമതു തച്ചു തകര്‍ക്കാന്‍ 

ഉദ്ധൃതമെന്‍ പ്രിയ ഖഡ് ഗം 


കുണ്ഡശായി 

---------------------

കാട്ടിലേക്കൊരു വേട്ടയാത്രയ്ക്ക് 

കൂട്ടുകാരായിപ്പോയത് 

ഓര്‍ക്കുമോ നീ സഹോദരാ



കുണ്ഡാശി

------------------

കഥകള്‍ പറഞ്ഞു വളര്‍ത്തമ്മമാര്‍ 

മൊഴികളില്‍ രാമനും രാവണനും 

ഇവരിലെന്‍ മാതൃകയാരു വേണം?



കുണ്ഡി 

-------------

തിങ്കള്‍ക്കല പോല്‍ തിളങ്ങുന്നൊരായുധം

കണ്ണിനു നേരേ വരുന്നുണ്ടു സൂതാ

രണ്ടംഗുലം മണ്ണിലാഴ്ത്തൂ രണരഥം









കുന്തി 

-------------

ഒന്നാമനെക്കൊന്ന 

നാലാമനാണു നീ 

വില്ലാളിവീരനാം പാപി.


എന്നെപ്പോല്‍

നീയുമെരിഞ്ഞുവല്ലോ 

പുത്രസന്താപച്ചൂളയില്‍.


ഇന്ദ്രോപമനുമായ് 

പങ്കിട്ട പൂവമ്പ് 

സങ്കടത്തിന്റെ തീയമ്പ്.



കുന്തിഭോജന്‍ 

-----------------------

പത്തു മക്കള്‍ മരിച്ചു വീണപ്പോഴും 

ഒറ്റമോള്‍ക്കായ് സഹിച്ചു ഞാന്‍ സങ്കടം 

മുത്തവള്‍ വളര്‍ത്തച്ഛന്റെ കണ്മണീ

യുദ്ധശേഷം ചിരിക്കാഞ്ഞതെന്തു നീ?




കുബേരന്‍ 

-----------------

വാഹനം ധനം സുന്ദരീവൃന്ദം 

ഗാനഗന്ധര്‍വ കിന്നരജാലം 

സേനകള്‍, അത്ഭുതായുധവ്യൂഹം 

പേരെടുത്ത മഹാ സൌഹൃദങ്ങള്‍ 

കാര്യമെ,ന്തൊരു സൌഗന്ധികപ്പൂ-

പോലുമൊന്നു സൂക്ഷിക്കാന്‍ കഴിഞ്ഞോ?







കുരു

--------

ഉഴുതു മറിക്കുന്നു

ഞാനീ പുതുസ്ഥലം 

ഇവിടം കൃഷിക്കനുയോജ്യം.


ഹൃദയരക്തത്താല്‍ 

നനയ്ക്കാതിരിക്കണേ

ഇനിവരും മക്കളിലാരും  



കുംഭകന്‍ 

----------------

ഗംഗ സാക്ഷി,ഉജ്ജ്വലിക്കും 

സൂര്യകോപം സാക്ഷി 

ചന്ദ്രശ്രദ്ധ സാക്ഷിയെന്‍റെ

ധേനുവെങ്ങു പോയി ?

ആരു കൊണ്ടു പോകിലും 

നശിച്ചിടുമാ രാജ്യം 

വാരണാസിയാകിലും

മഹാവിപത്തിലാകും.



കുംഭാണ്ഡന്‍

---------------------

പച്ചിലച്ചായമിങ്ങനെ കൈകളില്‍ 

പുത്തരിക്കരി മേഘമുടിക്കെട്ടില്‍ 

തെക്കന്‍ ചെങ്കല്ലു ചാലിച്ചു ചൂണ്ടിണ

ഇത്തിരി നീലം കൊണ്ടു കടമിഴി 

ദു:ഖമെങ്ങനെ സന്തോഷമെങ്ങനെ 

ചിത്രലേഖേ പതിച്ചു വയ്ക്കുന്നു നീ 




കുംഭീനസി 

-------------------

പുഷ്പബാണങ്ങളഗ്നിയായ് മാറി 

അര്‍ദ്ധരാത്രിയില്‍ ഗംഗ വരണ്ടോ?

മുക്തി നല്‍കുക യോദ്ധാക്കളേ, യെനി-

ക്കിഷ്ട തോഴന്‍ അപരാധിയല്ല

രാത്രിയില്‍ ജലശയ്യാ വിനോദം 

സാദ്ധ്യമാക്കിയ ഗന്ധര്‍വര്‍ ഞങ്ങള്‍.


കുവലാശ്വന്‍

---------------------

ഭൂമിപുത്രന്‍ കരുത്തന്‍ പിതാക്കള്‍ക്ക് 

സ്നേഹതര്‍പ്പണം നല്‍കുവാന്‍ വന്നവന്‍ 

ഞാനവനെ ഹനിച്ച വീരന്‍ അതില്‍ 

ഖേദമില്ല, പാരമ്പര്യ ലക്ഷണം.


കൃതവര്‍മ്മാവ് 

------------------------------

രാത്രി,ഭടന്‍മാരുറങ്ങിക്കിടക്കുന്നു 

ശാസ്ത്രവിരുദ്ധമീ മാര്‍ഗ്ഗം 

നേതാവിന്നാജ്ഞ ഞാന്‍ പാലിച്ചു, കൂടാര-

വാതിലിലഗ്നി കൊളുത്തി 

കാത്തിരിപ്പുണ്ടായിരുന്നൂ പ്രതിഫലം 

നാട്ടിലുലക്കയുമായി.


കൃപര്‍ 

----------------

പാപി ഞാന്‍, കുന്തിയുടെ 

സീമന്ത പുത്രനോ-

ടാരു മാതാവെന്നു

ചോദിച്ച വിഡ്ഢി ഞാന്‍.

ആരു മാതാവെനിക്ക്

ആരു പിതാവെനിക്ക്

ഏതു രാജ്യം? സ്നേഹശൂന്യന്‍ 

അഭയാര്‍ഥി ഞാന്‍.


കൃപി

---------

മുന്നില്‍ നടക്കുന്നു ഞാന്‍ അഗ്നിനാളമായ്

കണ്ണീരുമിന്ധനം തന്നെ 

നെഞ്ചില്‍ അനാഥനാം പുത്രന്‍റെ പോര്‍വിളി 

പിന്നെയും മര്‍ത്യമേധങ്ങള്‍.


ശിഷ്യര്‍, പഠിച്ച പ്രയോഗങ്ങളാലൊരു

മൃത്യുകേദാരം ചമയ്ക്കെ

യുദ്ധമോ,ഭ്രാന്തു മുഴുത്ത കാട്ടാനയായ് 

സ്വസ്ഥത കുത്തിത്തകര്‍ത്തു 



കൃഷ്ണന്‍ 

-----------------

തടവറയ്ക്കുള്ളില്‍

സഹോദരമൃത്യുവിന്‍ 

നിഴലില്‍ പിറന്നവന്‍.


മാതാപിതാക്കളെ 

വീണ്ടെടുക്കാനുറ്റ

ബന്ധുവെ കൊന്നവന്‍ 


യുദ്ധം  നയിച്ചു 

മഹാസങ്കടത്തിന്‍റെ

വിത്തു വിതച്ചവന്‍.


ഈശ്വരനല്ല 

വെറും മര്‍ത്യനാണു ഞാന്‍ 

ശാശ്വതദു:ഖമെനിക്കു

ജന്‍മാര്‍ജ്ജിതം.


കേതുമാന്‍ 

------------------

ഗുരുശ്രേഷ്ഠനില്ലാതെയങ്കക്കളരി-

പ്പുറത്തഭ്യസിച്ച പിതാവിന്റെ പുത്രന്‍  

കറുപ്പെന്‍റെ വര്‍ണ്ണം, കരുത്താണു സ്വര്‍ണ്ണം 

വെറുപ്പിന്‍റെ ശാസ്ത്രം പഠിപ്പിച്ചു നിങ്ങള്‍ 

പുലിപ്പല്ലുമാലയ്ക്കു പിന്നില്‍ വനത്തിന്‍ 

രഹസ്യാസ്ത്രയോഗം കുടുക്കിയിട്ടുണ്ട് 

കൊടും വില്ലെടുക്കൂ, കൊലച്ചോറു തിന്നാ- 

നടുക്കുന്നു  നേരം, തരിക്കുന്നു മൃത്യു.



കേശി 

----------

രണ്ടു ഹംസങ്ങള്‍, മഞ്ഞില്‍ വിരിഞ്ഞ 

രണ്ടു പൂക്കള്‍ സരസ്സില്‍ ചിരിക്കെ 

രണ്ടിലും കൊതിയേറുമെന്‍ കാമ-

വണ്ടിനൊറ്റയുന്നം മധുപാത്രം 




കേശിനി 

---------------------

ഇന്ദ്രജാലക്കാരന്‍ തേരാളി 

സുന്ദരന്‍, പാചകം ചെയ്യാനായ് 

സൂര്യനില്‍ നിന്നും കൊളുത്തുന്നു 

തീ, യതടുപ്പില്‍ പടരുന്നു 

പാത്രങ്ങള്‍ താനേ  നിറയുന്നു 

ഗോതമ്പ്, ഗോമാംസം വേവുന്നു 

പൂക്കളെ തൊട്ടു വിടര്‍ത്തുന്നു 

ഞാനമ്പരന്നല്ലോ തമ്പ്രാട്ടീ 






കോകിലന്‍ 

-------------------

മൂഷികരാജന്റെ കല്‍പ്പന കേള്‍ക്കൂ 

പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍ 

കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു

രാമനാമങ്ങളുരുവിട്ടു കൊണ്ട് 

നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-

സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം.



കോടികാസ്യന്‍ 

-------------------------

കാട്ടിലെ തീനാളമേ നിന്നെയും 

പാട്ടിലാക്കാന്‍ ഞാന്‍ ശ്രമിച്ചു 

നാട്ടിലെ മന്നനു വേണ്ടി, പിന്നെ 

പാട്ടും പാടിയോട്ടമോടി 

തോറ്റു ഖേദിക്കെയറിഞ്ഞു, പെണ്ണിന്‍ 

മാറ്റേ ജയിക്കുള്ളുവെന്ന്

ഭീരുക്കുറുക്കനായ്  മാറിയോ ഞാന്‍ 

നേരല്ലാക്കാര്യം ചുമന്ന്!




കോലാഹലന്‍ 

-----------------------

ഗിരിയാണു ഞാ,നീ വരുന്നതാര്

രതിദേവത പുഴയായ പോലെ 

വരികെന്‍റെയുള്ളില്‍ പൊറുതിയാകാം

തനയരെ പെറ്റു കുടുംബമാകാം 

ജലകുസുമങ്ങളേ സാക്ഷി നില്‍ക്കൂ 

ഹൃദയത്തിലേക്കു പെണ്‍ നദി വരുന്നു 






കൌരവ്യന്‍ 

-------------------

സര്‍പ്പസുന്ദരിയോമനപ്പുത്രിയെ

അര്‍ജ്ജുനന്‍ വേട്ട കാര്യം ഗ്രഹിക്കവേ 

അത്തി പൂത്തൂ മനസ്സില്‍ മകള്‍ക്കിനി 

ഹര്‍ഷകാലങ്ങള്‍ കാവലാളാകുമോ?

ഒറ്റയായവള്‍ പിന്നെയും പാര്‍ക്കുമോ

പുത്രരക്ഷയുറപ്പിച്ചു വച്ചു ഞാന്‍.



കൌശികന്‍

--------------------

നിത്യം ഭുജിക്കുവാനുള്ള 

കല്‍ക്കണ്ടമേയല്ല സത്യം 

സത്യം പറഞ്ഞാല്‍ നരകം 

വ്യര്‍ഥമോ ധാര്‍മ്മികബോധം?

മൃത്യുവാണെങ്കിലാവട്ടെ

സത്യത്തിനെന്നഭിവാദ്യം.





ക്രോധനന്‍ 

-----------------

പ്രബലരില്ലെങ്കില്‍ അബലരേയില്ല

പ്രമുക്തിയില്ലെങ്കില്‍ സുഷുപ്തിയുമില്ല

കൃഷിക്കാരില്ലെങ്കില്‍ സുഖിമാന്മാരില്ല

കതിരോനില്ലെങ്കില്‍ ഗ്രഹശോഭയില്ല 

കറുപ്പില്ലെങ്കിലോ വെളുപ്പുമില്ലല്ലോ 

അസുരരില്ലെങ്കില്‍ സുരന്മാരുമില്ല








ക്ഷത്രന്‍

--------------

ധ്യാനം തകര്‍ന്നു 

മടിയിലിതാരുടെ 

ഛേദിച്ചെറിഞ്ഞ ശിരസ്സ്?


പുത്രമുഖത്തിലെന്‍ 

കണ്ണുകള്‍  കാണുമ്പോള്‍ 

പൊട്ടിത്തെറിക്കാതെ വയ്യ 



ക്ഷത്രദേവന്‍ 

---------------------

നിശ്ചയദാര്‍ഢ്യമുള്ള ശിഖണ്ഡി തന്‍

പുത്രനാണു ഞാന്‍ വില്ലെന്‍ പ്രണയിനി 

അസ്ത്രജാലമെനിക്കിഷ്ട സൌഹൃദം 

പുഷ്പഹാരമെനിക്കു മുറിവുകള്‍ 

യുദ്ധശേഷം ജയക്കൊടി നാട്ടുമോ 

മൃത്യുവിന്‍റെ മലര്‍ക്കൊടി നീട്ടുമോ?



ക്ഷേമകന്‍ 

-----------------

ഓമനിച്ചു വളര്‍ത്തിയ മക്കളെന്‍, 

ഭാര്യമാ,രെന്‍റെ രക്ഷാഭവനങ്ങള്‍ 

ക്ഷേമനാട്ടില്‍ സുഖിച്ചു കഴിഞ്ഞവര്‍ 

ഞാനുമെന്‍റെ പ്രജകളും ദുഃഖിതര്‍.

ആക്രമിച്ചവര്‍ ക്ഷത്രിയ ഭീകരര്‍ 

രാക്ഷസ സ്നേഹരാജ്യം തകര്‍ത്തവര്‍.











ക്ഷേമകീര്‍ത്തി 

-------------------------

സിംഹശേഷിയുള്ളവന്‍ 

ധനുസ്സിലുഗ്രനായകന്‍ 

ഹിംസ പുണ്യമെന്നുതന്നെ-

യോര്‍ക്കുവോന്‍ ജയാധിപന്‍.

ഒറ്റമാത്രയില്‍ തകര്‍ന്നു 

ഗാത്രരാജ്യമപ്പൊഴേ

നിശ്ചലം, പരാജയ-

പ്പതാക പാറിടുന്നതാ.


ക്ഷേമധൂര്‍ത്തി 

------------------------

ആനപ്പുറവും പടയാളികള്‍ക്ക് 

വേലത്തരങ്ങള്‍ കാട്ടാനുള്ളരങ്ങ്

വേലും ശരവുമുടവാളുമായി 

ധീരര്‍ മുകില്‍പ്പുറത്തേറി വരുമ്പോള്‍ 

ചോര തിളയ്ക്കുകയാണെന്‍ സിരയില്‍

വീര മാര്‍ഗ്ഗത്തില്‍  കുതിച്ചു പോര്‍വ്യാഘ്രം 


ഖഗമന്‍

------------

ഓലപ്പാമ്പിനെ കണ്ടു പേടിച്ചവന്‍ 

വീണപാടേ സ്വബോധം മറഞ്ഞവന്‍ 

ബാല്യകാല സുഹൃത്തിന്‍റെ കേളിയില്‍

ക്രോധവാക്കുകള്‍ തുപ്പിത്തുലച്ചവന്‍ 

ഭീരുവാണു ഞാന്‍, ബ്രാഹ്മണന്‍, ദൈവങ്ങ-

ളാരുമെത്തിയില്ലെന്നെയുണര്‍ത്തുവാന്‍ 




ഖനകന്‍ 

---------------

ഗുരു പറഞ്ഞതാണീ നിസ്സഹായരെ 

മൃതിയില്‍ നിന്നും പുറത്തു കടത്തണം 

ചതിഗൃഹത്തെ ചതിക്കുവാന്‍ ഞാനൊരു 

പുതുതുരങ്കം തുറന്നു നല്‍കുന്നിതാ 

ഇതിലെയോരോ മനുഷ്യരായ് പോകണം 

അകലെയല്ല പുഴ, രമ്യ കാനനം.



ഗദന്‍

--------

ഇരുമ്പുലക്കകള്‍ 

ഇരുമ്പുലക്കകള്‍

ചുറ്റും ചോര മണക്കുന്നു.

തുരുമ്പെടുത്തൊരു വംശ പരമ്പര 

മരണം കാത്തു മദിക്കുന്നു.


ഒരിക്കലെല്ലാമൊടുങ്ങിയെങ്ങും

സമുദ്രശാന്തത  മൂടുമ്പോള്‍

എനിക്കു കൃഷ്ണാ, കോപം പോലും 

തണുത്തുറഞ്ഞ കടല്‍ച്ചിപ്പി 



ഗന്ധമാദനന്‍ 

---------------------

ഫാല്‍ഗുനസൂര്യനുദിക്കുന്നതിന്‍ മുന്‍പ്

പാല്‍ക്കട്ടിയാല്‍  ലഘുപ്രാതലുണ്ട് 

പിന്നെ വ്യായാമം ഹരിതസാനുക്കളില്‍ 

ചെങ്കുതിരപ്പുറമേറിയോട്ടം

രാവില്‍ മധുപാനം സ്നേഹ സംഭാഷണം

ഗാനസദസ്സ് തുടര്‍നാടകം 

രാജധനേശ സഭയില്‍ സുഖവാസം 

ലോല നടികളുമായുറക്കം   


ഗയന്‍ 

----------

വിശന്നാരും കിടക്കല്ലേ 

പശി നമ്മള്‍ സഹിക്കില്ല 

തയിര്‍ത്തോടും ചോറുകുന്നും 

അവിയല്‍ വഞ്ചിയും നോക്കൂ.

വരൂ നമ്മള്‍ക്കിവിടുണ്ണാം

തരാം ഞാന്‍ പായസഭോജ്യം 

പഴം വെണ്ണ പപ്പടം നെയ് 

ഇരുന്നുണ്ണാം വിരുന്നുണ്ണാം 



ഗര്‍ഗ്ഗന്‍

------------

മര്‍ത്ത്യമാംസം ഭുജിക്കുവാനെത്തിയ 

പക്ഷിവൃന്ദത്തെയാട്ടിയോടിക്കുവാന്‍ 

ഇക്ഷണം നീ രഥത്തട്ടില്‍ വയ്ക്കണം 

അസ്ത്രമോഹിയാം നിന്‍റെ കൊടും ധനു.

മൃത്യു വന്നു വിളിക്കുന്നു ദ്രോണനെ

അല്‍പ്പനേരത്തെ വിശ്രമം വേണ്ടയോ?



ഗരുഡന്‍ 

--------------------

വജ്രപക്ഷങ്ങള്‍ വിടര്‍ത്തി വീശി

വര്‍ദ്ധിതോത്സാഹവിജൃംഭിയായി 

ഭക്ഷണം ആനയും ആമയുമായ് 

ലക്ഷണമൊത്ത മഹാവിഹംഗം.

അമ്മയ്ക്കുവേണ്ടിയേതാകാശവും 

ഭഞ്ജിക്കുമെന്നു പ്രതിജ്ഞ ചെയ്തോന്‍ 

കണ്ടാലുടനേ ഭയന്നു മാറും

കൊണ്ടലണിഞ്ഞ കൊടുമുടികള്‍!




ഗാന്ധാരി 

-----------------

അമ്മ 

നൂറ്റൊന്നു മക്കള്‍ 

പത്നി 

ഭര്‍ത്താവു രാജ്യാധികാരി 


കണ്ണഴിക്കേണ്ടായിരുന്നെന്നു തോന്നുന്നു 

കണ്ണില്‍ നിറച്ചും 

ശവങ്ങള്‍.



ഗാര്‍ഗ്ഗ്യന്‍ 

------------------

തപസ്സിന്‍റെ കാദംബരീ മദം ഞാനെന്‍ 

രഹസ്യാഗ്നിബിന്ദു വിതയ്ക്കാന്‍ 

ജലസ്പര്‍ശമുള്ളൊരു പെണ്‍മണ്ണു വേണം 

ജനിക്കുന്നവന്‍ കാലബോധി 

ജ്വലിക്കുന്നവന്‍ രാജ സിംഹാസനങ്ങള്‍ 

തെറിപ്പിക്കുവോന്‍ ജയസ്നേഹി



ഗാലവന്‍ 

-------------------

കറുത്ത ചെവിയന്‍ വെള്ളക്കുതിരകള്‍ 

ചിനച്ചു നില്‍പ്പാണു ള്ളില്‍

എനിക്കു വേണ്ടാ ഭൌതിക ജീവിത-

മഹത്വമാര്‍ന്നൊരു ദാമ്പത്യം


ക്ഷമിച്ചു പോകുവതെങ്ങനെ പെണ്ണേ

കടുത്തതാണെന്നപരാധം

ഭ്രമിച്ചു കൂട്ടിക്കൊടുത്തു ഞാന്‍ നിന്‍ 

തുടുത്ത യൌവന ലാവണ്യം 



ഗിരിക 

----------------

വിഫലമാകുന്നെന്‍റെ 

ഋതു

ഇല്ല നാഥന്‍ 

സഫലമല്ലെന്‍ പുത്രദാഹം.


വില്ലുപേക്ഷിച്ചു നീ 

വന്നാലും 

നായാട്ടിനല്ലെന്‍റെ

യൌവനം വന്യം.



ഗുണകേശി 

-------------------

മാവു പൂത്തു മദം കൊണ്ട കാലം 

പാര്‍വതിപ്പൂക്കള്‍ ചൂടിയ യാമം 

നാഗസുന്ദരനൊത്തു രമിക്കാന്‍ 

വേറെയേതു മനോജ്ഞ മുഹൂര്‍ത്തം.

ദേവവാജികള്‍ പായുന്നു രക്ത-

വാഹിനികളില്‍ പ്രേമസംപ്രീതര്‍.



ഗുണമുഖ്യ 

-----------------

പൂമരം കാറ്റിലാടുന്ന പോലെ 

സാഗരത്തില്‍ തിരമാല പോലെ 

പാറയില്‍ പുഴ തുള്ളുന്ന പോലെ 

ഈ ദിനത്തില്‍ ഞാന്‍ ചോടു വയ്ക്കുമ്പോള്‍ 

പുഞ്ചിരിക്കുന്നൊരമ്പിളിത്തെല്ലിന്‍

നെഞ്ചിലുണ്ടാകുമോ ഭാവികാലം 





ഗുണവതി

-----------------

പ്രഭയുള്ള പ്രേമ,മറിയുവോര്‍ക്കെല്ലാം 

പ്രണയപ്രകാശം മനസ്സില്‍ കൊളുത്തും 

അതുമായി പാറുന്ന പെണ്‍പക്ഷിയെല്ലാം 

കതിരണിപ്പാടത്തു കൊയ്യാനിറങ്ങും 

അവിടെയില്ലാത്തത് വര്‍ണ്ണത്തുരുമ്പ്

വഴിയരികത്തും വിളഞ്ഞൂ കരിമ്പ് 



ഗുഹ്യകന്‍ 

-----------------

കാശ്മീരദേശത്തിനപ്പുറത്ത് 

മാനസപ്പൊയ്ക തന്‍ കാറ്റുമേറ്റ്

ഹാടക നാടക, ഗാനരാജാ-

വാലോചിക്കാതെ മൊഴി പറത്തി

അങ്കപ്പുറപ്പാടിനില്ല ഞങ്ങള്‍ 

ചുങ്കം തരാം തോലിന്‍ കുപ്പായങ്ങള്‍ 

വേണമെങ്കില്‍, ഹിമകിന്നരത്തി-

ന്നീണം കുടിച്ചു തിരിച്ചു പോകാം.



ഗോപാലി 

----------------

ഏകാഗ്രതയാല്‍ മഹര്‍ഷി കരുതിയ 

ബീജാഗ്നിയേറ്റു വാങ്ങുമ്പോള്‍ 

നീലത്തടാകം തിളച്ചോ തണുത്തുവോ 

ചോലമരങ്ങളെരിഞ്ഞോ

കാലയവനികയ്ക്കപ്പുറം പൌരുഷം 

ജീവായുധങ്ങളെടുത്തോ? 






ഗൌതമന്‍ 

-----------------

യുദ്ധം നിറുത്തുക ദ്രോണാ- നിന്‍റെ

ഹസ്തങ്ങളില്‍ ചോരയല്ലോ 

അപ്പുറത്തമ്മമാരുണ്ട് - അവര്‍ 

പൊട്ടിക്കരയുകയല്ലോ 



ഗൌതമി 

---------------

പുത്രമൃത്യുവില്‍ വെന്തു നീറുമ്പൊഴും

കെട്ടഴിച്ചു; നീ പോവുക നാഗമേ 

കൊന്നുവെന്നാലും കിട്ടില്ലെന്‍ കുഞ്ഞിനെ 

ഹിംസയല്ല, അഹിംസയാണുത്തരം.



ഗൌരമുഖന്‍ 

--------------------

മുനി വിനീതന്‍, ക്ഷമിച്ചു നിന്‍ തെറ്റുകള്‍ 

മകനതൊട്ടും പൊറുത്തതേയില്ലെടോ

ഇനിമുതല്‍ ഏഴു രാപ്പകല്‍ നോക്കണം 

മരണപന്നഗം നിന്നടുത്തെത്തിടും

ഉടനണിയൂ സുരക്ഷാകവചങ്ങള്‍ 

പുഴുവിനെപ്പോലും സൂക്ഷിച്ചു കൊള്ളണം












ഗംഗ 

--------

ആരായിരുന്നെനി-

ക്കേറ്റമിഷ്ടപ്പെട്ട കാമുകന്‍.

ആരായിരുന്നെന്‍ 

പ്രിയങ്ങള്‍ക്കു സമ്മതം 

മൂളിയ പ്രേമക്കരുത്തന്‍.

ആരായിരുന്നെന്‍റെ 

പുത്രനെ പോറ്റുവാന്‍

സ്നേഹാമൃതം തന്ന പൂരുഷന്‍?


ശന്തനു, ശന്തനു ഒറ്റവാക്കായ് ജല-

മന്ത്രണം നീണ്ടു പോകുന്നു.



ഘടോല്‍ക്കചന്‍

------------------------------

കാട്ടില്‍

ഉപേക്ഷിച്ചു പോയിട്ടും 

അച്ഛന്‍റെ

നാട്ടില്‍ ഞാനെത്തിയെന്‍

ഗോത്രപ്പടയുമായ് 


തമ്പുരാന്മാരുടെ 

യുദ്ധോത്സവത്തിനെന്‍ 

ചങ്കിലെ ചോരയാല്‍ മംഗളം നേരണം.


യാഗഭോഷന്മാര്‍ 

ദ്വിജന്‍മാരെന്‍ സൈനിക- 

മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.






ഘണ്ടാകര്‍ണന്‍ 

--------------------------------

മനുഷ്യരില്‍ വച്ചേറ്റം ശ്രേഷ്ഠന്‍ 

ബ്രാഹ്മണനാണോ ഭഗവാനേ

കഴിക്കുകെന്നാല്‍ 

ബ്രാഹ്മണ മാംസം 

ഇതാണിതാണെന്‍ നൈവേദ്യം 


ഘൂര്‍ണിക

------------------

മണിമരുതിലെ ചക്രവാകങ്ങളേ

വനവഴിയിലെ മുല്ലക്കിടാങ്ങളേ

അരുവിമീനിനെ കാക്കും ശിലകളേ

പ്രിയസഖി, ദേവയാനിയെ കണ്ടുവോ 

അരുതു നോക്കാന്‍ കിണറ്റിന്‍ കരയിലെ 

നിഴലിനെ കാട്ടുയക്ഷിയോ തോഴിയോ?


ഘൃതാചി

----------------------

അടുത്തു ചെന്നാലുടനേ കാമം 

പുറത്തു ചാടുന്നോര്‍ 

മഹര്‍ഷിമാരുടെ തപം മുടക്കാ-

നെനിക്കു സന്തോഷം 

ധകദ്ധകധിമി ചുവടുകള്‍ വച്ചാ-

ലുലഞ്ഞു ഭൂലോകം 

ഒരൊറ്റ ജീവിതമല്ലേയുള്ളൂ 

മരിക്കുകില്ലല്ലോ


ചന്ദ്രകന്‍ മൂങ്ങ 

------------------------

അപ്പുറമിപ്പുറം കീരിയും പൂച്ചയും 

ഭക്ഷണമൂഷികന്‍ ചാരെയുണ്ട് 

ആരാദ്യ,മാരാദ്യമെന്ന ചോദ്യത്തിനു

ഞാനാദ്യമെന്നു ജപിച്ചു നോക്കി 

ബുദ്ധിമാനാണെലി പൂച്ചയുമായൊരു 

സഖ്യമുണ്ടാക്കി വലയ്ക്കുള്ളിലായ്

എത്രയും വേഗം പറന്നു പോണം വേട-

നെത്തുന്നു മാരണവില്ലുമായി.



ചന്ദ്രവതി

----------------------

അസുരയോനിജ ഞാനഭിമാനി 

ഒടുവില്‍ യാദവപ്രേയസിയായി 

പരിസരങ്ങളില്‍ പാല്‍ മണക്കുമ്പോള്‍

സ്മരണയില്‍ പാറി രക്തപതാക 

അതിലൊരഛന്‍ ഹ്രുദയവിശാല-

പ്പുലരിയില്‍ നിന്നു പുഞ്ചിരിക്കുന്നു 


ചന്ദ്രസേനന്‍  

--------------------

അസ്ത്രഭാഷയില്‍  ഉത്തരമുണ്ടേതു

ദുസ്ഥിതിക്കു മെന്നോര്‍ത്ത

യോദ്ധാവു ഞാന്‍.


കണ്ടു 

കണ്ണീരിലാഗ്രഹപ്പുല്‍ക്കാട്

പെണ്‍ കിടക്കകള്‍ കാര്‍ന്നു തിന്നുന്നത്.

കൃഷ്ണമൂലമല്ലീദു:ഖ, മെന്നിലെ 

തൃഷ്ണയുമൊരു സംഗരകാരണം.


ചിത്രചാപന്‍ 

--------------------

പട്ടു പുതച്ച പടത്തറ, പട്ടല്ല

പട്ടു പോല്‍ തോന്നുന്ന ചോര  

എന്‍റെ ഉടുപ്പും ചുവന്നു പട്ടാകുമോ?










ചിത്രാംഗദന്‍ 

---------------------

എന്‍റെപേരുള്ള 

ഗന്ധര്‍വ  നീചന്‍റെ 

ചെന്നിണം കൊണ്ടു സേചനം ചെയ്യണം 

പുണ്യനിമ്നഗാതീരം.


സരസ്വതീ

കണ്ടു നില്‍ക്കുകീ 

യുദ്ധതന്ത്രോത്സവം.


എന്തിനിങ്ങനെ തോന്നി?

നശിക്കുവാന്‍ 

എന്തിനെന്‍റെ കരുത്തില്‍ രമിച്ചു ഞാന്‍?



ചണ്ഡഭാര്‍ഗ്ഗവന്‍ 

--------------------------

പ്രതികാര സിംഹം സടകുടയും

അധികാരം ചൂണ്ടിയാലെന്തു ചെയ്യും?

തുരുതുരെ മന്ത്രങ്ങള്‍ ചൊല്ലി ഹോമ-

പ്പുരയില്‍ നെയ് കൂട്ടിക്കഴിഞ്ഞു കൂടും.

ഉരഗസഖാക്കള്‍ പൊറുക്കവേണം 

ഇതു ജീവിതത്തിന്‍ സുരക്ഷാഫണം.



ചാരുചിത്രന്‍ 

---------------------

എത്ര തിന്നാലും വിശപ്പടങ്ങാത്തൊരീ 

മൃത്യുവിന്‍ ഭക്ഷണപത്രത്തിലെന്നെയും 

വയ്ക്കുന്നതാരാണു പോരില്‍ 





ചാരുദേഷ്ണന്‍

--------------------

എത്ര യുദ്ധം നയിച്ചു ഞാന്‍ 

എത്ര പേരെ വധിച്ചു ഞാന്‍ 

അത്ര ധൈര്യം കുരുത്തില്ലൊരേരകപ്പുല്ലില്‍!



ചിത്രകുണ്ഡലന്‍ 

---------------------------

മൈതാനമദ്ധ്യം, മരിച്ചു കിടക്കുന്നു 

മെയ്യോടു മെയ് ചേര്‍ന്നു സോദരസൈനികര്‍ 

നമ്മളുമിങ്ങനെ തൊട്ടു കിടക്കുമോ?



ചിത്രബാണന്‍

-----------------------

പരാജയത്തിന്‍റെ കരിമ്പടം മൂടി 

ശിബിരത്തില്‍ പകലുറങ്ങുന്നുണ്ടതി-

ലിവന്റെ കൂര്‍ക്കവും?



ചിത്രരഥന്‍ 

------------------

രതിത്തേന്‍ ചുരത്തും  മദോന്മത്ത രാത്രി 

പുഴയ്ക്കെന്തൊരുത്സാഹ,മാനന്ദ ഗാത്രി 

ഇടയ്ക്കാരു തീക്കൊള്ളി വീശിത്തകര്‍ത്തു 

ശരിക്കുള്ള യുദ്ധം തുടങ്ങാം വരൂ നീ.



ചിത്രന്‍ 

-------------

സൂര്യ ചക്രങ്ങളും ചന്ദ്ര ചക്രങ്ങളും 

മേഘമാര്‍ഗ്ഗത്തോളം കുന്നു കൂടി 

ഏതായിരിക്കുമെന്‍ സ്യന്ദനചക്രങ്ങള്‍?


ചിത്രലേഖ 

-----------------------

വില്ലൊന്നു നെറ്റി, കുയില്‍ത്തൂവല്‍ കൂന്തല്‍ 

നക്ഷത്ര നേത്രം, കിളിച്ചുണ്ടു മൂക്ക് 

ചെമ്പരത്തിമൊട്ടധരം,  കളിസ്ഥലം 

നെഞ്ച്, മരച്ചില്ല കൈ അനിരുദ്ധനായ്!

ചിത്രം ശരിക്കു ലേഖിച്ചെങ്കിലോമനേ

മുത്തുപോലുള്ളൊരു മുത്തം തരേണമേ.

 


ചിത്രവര്‍മ്മന്‍ 

----------------------

വെടിമുഴക്കം പെരുമ്പറ കൊമ്പുകള്‍

കൊലവിളികളോടൊപ്പം തകര്‍ക്കുന്നു 

ഇവനു വേണ്ടി മണി മുഴങ്ങുന്നുവോ?



ചിത്രവാഹനന്‍ 

-------------------------

മകനായി കൊതിച്ചു ഞാന്‍

മകളാണു കരഞ്ഞത് 

മകളുടെ മകനായി കാത്തിരിക്കുന്നു 

ദൃഢഗാത്രന്‍ ശരവീരന്‍ 

വരും വരാതിരിക്കില്ല 

അവനാണെന്‍ പ്രിയപ്പെട്ട കന്യകാദാനം.



ചിത്രസേനന്‍

---------------------

കുളിക്കാന്‍ ജലത്തില്‍ കളിക്കാന്‍, കലയ്ക്കായ് 

ജനിച്ചോര്‍ക്ക് കിട്ടിയ പൌരാവകാശം 

എതിര്‍ക്കുന്നതാരാണവന്‍ ചക്രവര്‍ത്തീ-

പദത്തില്‍ ലസിക്കുവോനായാലുമാട്ടെ

പിടിച്ചങ്ങു കെട്ടി കഠോരവാക്യത്താല്‍

ചെവിച്ചെണ്ട  പൊട്ടിച്ചയച്ചേ മടങ്ങൂ.


ചിത്രാകുണ്ഡലന്‍ 

-----------------------------

പ്രിയതമേ,യിതു കുലത്തൊഴില്‍ യുദ്ധം 

വിജയമായിടാം പരാജയപ്പെടാം 

നിനക്കു ചുംബനം പകര്‍ന്നിറങ്ങട്ടെ



ചിത്രായുധന്‍ 

---------------------

മഹാരണം രഥാരവം ഉണര്‍ന്നുഷസ്സിലെത്തവേ

ഗൃഹാതുരം മനസ്സിലേതു ബാല്യകാല സൌഹൃദം

മറക്കുവാന്‍ തുറന്നിടുന്നു ഞാന്‍  കറുത്ത ജാലകം 



ചിത്രാക്ഷന്‍ 

--------------------

വജ്രാംഗുലീയവും

പൊന്‍തോള്‍ വളകളും 

ലക്ഷണമൊത്ത ഹസ്തങ്ങളും ലക്ഷങ്ങള്‍ 

ഏതായിരിക്കാമിതിലെന്‍റെ മോതിരം?



ചിത്രാംഗന്‍ 

-------------------

വാനരചിഹ്നക്കൊടിക്കൂറ കാണുമ്പോള്‍ 

കാലില്‍ നിന്നും കുതിക്കുന്നുവോ രോഷം 

രോഷത്തിലെന്‍റെ പതാക പറക്കുമോ 









ചിത്രാംഗദ 

-----------------

ഒറ്റയ്ക്കു പുത്രനെ കെട്ടിപ്പിടിച്ചു ഞാന്‍ 

പൊട്ടിക്കരഞ്ഞ ദിനങ്ങള്‍ 

ഓര്‍ക്കുമ്പൊഴാഷാഢ മേഘം  പൊഴിക്കുന്നു 

തീപ്പൊരി പോലെ പേമാരി 

ആരുപദേശിക്കുമീയുദ്ധവീരനു

പ്രേമ സൌഗന്ധിക ഗീത!



ചിത്രാംഗദന്‍ 

---------------------

പേരിനായ് പോരാടി മൂന്നു വര്‍ഷം

ചോരയണിഞ്ഞു മരിച്ചു വീഴ്കെ 

നേരായ വാക്യം തെളിഞ്ഞു നെഞ്ചില്‍ 

പേരിലും പോരിലും കാര്യമില്ല.




ചിരകാരികന്‍ 

-----------------------------

ഇഷ്ടസംയോഗം വ്യഭിചാരമേയല്ല 

ദുഷ്ടത പൂവിട്ടതല്ല

അച്ഛനല്ലീശ്വരന്‍ ആജ്ഞാപിച്ചാലുമെ-

ന്നമ്മയെ ഞാന്‍ കൊല്ലുകില്ല


അല്‍പ്പം കഴിഞ്ഞാല്‍ മനസ്സു മാറും പിതാ-

വപ്പൊഴേക്കും സാധുവാകും 

കാള പെറ്റില്ല, കയറുമെടുക്കേണ്ട

ആലോചിച്ചേ കര്‍മ്മമാകൂ.



ച്യവനന്‍

---------------

കണ്ണിനു പകരം 

പെണ്ണു വേണം 

കണ്ണായ് തെളിയും 

സുകന്യ വേണം .


പെണ്ണടുപ്പത്തിലെന്‍ 

താപസ വൃത്തി

കണ്‍ തിളക്കത്തിന്‍റെ 

വിജ്ഞാനവൃദ്ധി.



ഛായ

----------

സൂര്യതാപമെനിക്കു ശീതളിമ

താമരപ്പൂവായ് 

മാറി ഞാന്‍ രതിശയ്യയില്‍ വീണു 

പിന്നീടൊരിക്കല്‍ 

ക്ഷോഭമെന്നെയകറ്റുവാന്‍ ഹേതു

കണ്ണീരണിഞ്ഞു 

പാതിരാവു തിരിച്ചറിഞ്ഞൂ ഞാന്‍ 



ജടാസുരന്‍ 

------------------

ഉറക്കമില്ല രാത്രിയില്‍ 

ഹിമാചലത്തിലൊക്കെയും

പറക്കയാണു പക്ഷിയും   

വിടര്‍ത്തി പൂക്കള്‍ വൃക്ഷവും.

ഹരിക്കലെന്ന പോലെയെന്‍ 

വിരല്‍ നടത്തി കൃഷ്ണയില്‍


ജയിക്കലല്ല ജീവിതം 

മൃതിക്കിതെന്തു സൌരഭം.


ജനമേജയന്‍ 

--------------------

ഉരഗനിര്‍മ്മാര്‍ജ്ജനം 

ഭരണക്രമം, അതില്‍ 

പ്രതികാരമെന്തിരിക്കുന്നു?


ഒടുവില്‍ 

തിരിച്ചറിയുന്നു ഞാന്‍ 

പ്രജകളും ഇഴജീവിവര്‍ഗ്ഗവും 

ഒരുപോലെ ദേശത്തു 

പരിരക്ഷണം കൊതിക്കുന്നു.


സര്‍പ്പകുലത്തിനും

കൂടിയാണീ ധര,

നിര്‍ത്തുന്നു ഞാന്‍ ദര്‍പ്പസത്രം.



ജന്തു 

--------

നൂറു പൂക്കള്‍ വിടര്‍ത്തുവാനെന്നെ 

കീറി, യഗ്നിയിലേക്കെറിഞ്ഞപ്പോള്‍

അമ്മയപ്പുറത്തന്തപ്പുരത്തില്‍ 

സര്‍വ യാഗങ്ങളേയും ശപിച്ചോ?


പിന്നെ ഞാന്‍ സ്വര്‍ണ്ണമുദ്രിതനായി 

അമ്മ തന്ന മുലപ്പാല്‍ കുടിച്ചോ?

എന്തു ന്യായങ്ങള്‍ ഹോമകുണ്ഡത്തില്‍ 

ജന്തുജീവിതം കത്തിച്ചൊടുക്കാന്‍!


ജമദഗ്നി 

-------------------

നിര്‍ത്തുക നിര്‍ത്തുക യുദ്ധഭ്രാന്തിതു

മര്‍ത്ത്യസഹസ്രം ചത്തു 

ബുദ്ധിഭ്രമമോ ദ്രോണാ, നിന്‍ പ്രിയ 

പുത്രനെയോര്‍ത്തു നിറുത്തൂ


ജയത്സേനന്‍

--------------------

പുലിത്തോലുറയ്ക്കുള്ളിലില്ല വിശ്രാന്തി 

രിപുച്ചോര മോന്താന്‍ തുടിക്കുന്നു ഖഡ്ഗം 

ജയിക്കാന്‍ പിറന്നോന്‍, മരിക്കാന്‍ മടിക്കാ-

പ്പിതാവിന്‍റെ പുത്രന്‍റെ വില്ലും കൊതിപ്പൂ

നിണപ്പൂക്കള്‍ വാഴുന്ന തെച്ചിപ്പറമ്പേ

രണച്ചൂടിലാണെന്റെയശ്വങ്ങള്‍ പോലും.



ജയദ്രഥന്‍ 

----------------

ഏകാന്തതയില്‍ 

പുതുമണ്ണു പോലെന്‍റെ

വീഥിയിലൊക്കെ തെളിയുന്നു ദ്രൌപദി 


സ്നേഹിതയായി നീ 

എന്നെ ജയിക്കുകില്‍ 

നൂറു നൂറ്റാണ്ടു ഞാന്‍ യുദ്ധം നയിച്ചിടാം.



ജയരാതന്‍ 

-----------------

മദ്യം കൊടുത്തു മദിപ്പിച്ച വാജികള്‍ 

പശ്ചിമ ദിക്കില്‍ നിന്നോടി വരുന്നതും 

മത്തഗജങ്ങള്‍ മുള്‍ത്തണ്ടുമായ് യുദ്ധത്തിന്‍

മദ്ധ്യത്തിലേക്കു കുതിച്ചു പായുന്നതും 

അസ്ത്രജാലത്തിന്‍ നടുക്കു നില്‍ക്കുമ്പൊഴെന്‍ 

ശ്രദ്ധാധ്വജങ്ങളെയാക്രമിക്കുന്നുവോ?





ജര

-----

രണ്ടമ്മമാരൊരു ചക്കരക്കുട്ടനെ

രണ്ടായിക്കൊണ്ടു വച്ചപ്പോള്‍ 

ഒന്നിച്ചു ഞാ,നവനാദ്യം വിളിച്ചത് 

അമ്മയെന്നുള്ളൊറ്റ വാക്ക് 

കാണാമറയത്തു നിന്നുഞാനപ്പൊഴേ

മാറു ചുരന്നെന്നു തോന്നി.



ജരന്‍

---------

കൊന്നവന്‍, കൊല്ലിച്ചവന്‍ യുദ്ധരംഗത്ത് 

തന്ത്ര കുതന്ത്രം മെനഞ്ഞോന്‍

കാട്ടുകുഞ്ഞാമേകലവ്യനെ കൊന്നവന്‍ 

നാട്ടിലെ മാന്യനാം കൃഷ്ണന്‍ 

ആഹ്ളാദിച്ചോന്‍ ഭീമകാനനപുത്രന്റെ

തീരാവിയോഗ നിശയില്‍…


കൊന്നു ഞാന്‍ കൃഷ്ണനെ,

അസ്ത്രമേ നീ കണ്ട 

പുള്ളിമാനില്‍ നീതിസാരം.



ജരല്‍ക്കാരു

-----------------------

കടമകള്‍ തുടലല്ല തുടലിമുള്‍ക്കാടല്ല

തടവല്ല, വിഫലമെന്‍ ധ്യാനം.


വയലുപോലൊരുവളെ സ്വീകരിച്ചന്നു ഞാന്‍ 

ഭജനയെക്കാള്‍ ഗൃഹസ്ഥാശ്രമം മോഹനം.

അടവി ചുറ്റുന്നു ഞാന്‍ പിന്നെയും, സന്ധ്യയ്ക്കു

കലഹിച്ചെറിഞ്ഞു ദാമ്പത്യ ഭസ്മക്കുടം.



 ജരിത 

--------------

രക്ഷിക്കുവാന്‍ കഴിഞ്ഞില്ല 

എന്‍റെ മക്കളെ 

ഭക്ഷിക്കുവാനായ് കുതിക്കുന്നു പാവകന്‍ 


കത്തുകയാണ് മനം, വനം,

കാരുണ്യമറ്റ ഭര്‍ത്താവെ

പരിത്യജിക്കുന്നു ഞാന്‍.



ജരാസന്ധന്‍ 

------------------------

അമ്മയാരാണ്?

എന്നെ വീഥിയിലുപേക്ഷിച്ച 

രണ്ടമ്മമാരോ

സ്വരൂപിച്ചൊരന്യയോ?


രണ്ടായ് പിരിഞ്ഞതു പോലെ 

കിടപ്പു ഞാന്‍ 

എന്താണു ജീവിതം?

ഏകമോ ദ്വന്ദമോ ?



ജരാസന്ധന്‍.(ധൃത).

------------------------------

മരപ്പന്തും പനവില്ലും കുതിരക്കുട്ടിയുമായി

വിരിച്ചിട്ട ബാല്യകാലം മുളച്ചു പൊന്തി 

തണല്‍ സമ്മാനിച്ച നേരം വിരോധം കത്തി.






ജലഗന്ധന്‍ 

------------------

ചോരപുരണ്ട കല്‍പ്പന്തുക, ളല്ലല്ല

പോരാളികള്‍ തന്‍ ശിരസ്സുകള്‍ കാണുന്നു 

നാളെയിക്കൂട്ടത്തിലൊന്നെന്റെയും തല.



ജലസന്ധന്‍ 

------------------- 

മുകില്‍പ്പുറത്തു മിന്നലായ് 

അടര്‍ക്കളത്തിലെത്തി ഞാന്‍ 

പൊലിഞ്ഞു പോയ മിന്നല്‍ പോല്‍

തുലഞ്ഞടിഞ്ഞു ജീവിതം.


ഗജങ്ങളേ പൊറുക്കുക 

ധ്വജം മുറിഞ്ഞു വീണു പോയ് 

മൃഗങ്ങളല്ല മര്‍ത്യരാണ് 

സ്വപ്നദു:ഖ വിത്തുകള്‍ 



ജാജലി 

-----------

കുരുവി വന്നു കൂടു വച്ചു

ജടയിലും മനസ്സിലും

അണുവിടയ്ക്കനങ്ങിടാതെ 

'അമ്മ വൃക്ഷമായി ഞാൻ.

കരുതി വച്ച മുട്ടകൾ 

വിരിഞ്ഞു, പോയ് നവാഗതർ 

കിളികൾ തന്ന പാഠമാണ് 

ശിഷ്ടജീവിതാശ്രയം.






ജാനപദി

--------------

ഋഷിക്കു മുന്നില്‍ മാംസള നൃത്ത-

കൃഷിക്കു വെള്ളം കോരുമ്പോള്‍ 

നനഞ്ഞു കണ്ടു വല്‍ക്കല വസ്ത്രം

ശരത്തില്‍ നിന്നും കുഞ്ഞുങ്ങള്‍!

ഒളിച്ചു പോയ് ഞാനെങ്കിലുമെന്നില്‍ 

തിളച്ചു തൂവീ മാതൃത്വം.



ജാംബവതി 

-------------------

വാനരവംശം നരവംശമാണെന്ന 

വാസ്തവമെന്‍റെയസ്തിത്വം 

ഭാര്യാപദവിയുമാസ്വദിച്ചിങ്ങനെ 

തീമെത്തയിലേക്കു പോകെ

വൈവിധ്യമാര്‍ന്നൊരെന്‍ ജീവിത രഥ്യയില്‍

വൈധവ്യവും വന്നു കൂടി 

ദു:ഖത്തിലേക്കു പറക്കും ദിനരാത്ര-

പക്ഷികളേ ഞാന്‍ വരുന്നൂ.



ജ്വരന്‍ 

----------

ജീവികള്‍ക്കെല്ലാം ജ്വരം തന്നു കൊല്ലുവാന്‍ 

ഞാനീ ഭുവനത്തിലില്ലേ 

പിന്നെന്തിനീ യുദ്ധം, ആരോഗ്യവാന്മാരെ 

കൊന്നൊടുക്കുന്ന വിനോദം?


ജ്വാല 

---------

പുണ്യത്തിയാം നദിയല്ല ഗംഗ 

പുത്രരെ കൊന്ന മഹാപാപിനി 

ഗംഗയില്‍ സ്പര്‍ശിച്ച മൂലം ഞാനും 

വന്‍ പാപമുദ്രയാല്‍ ദു:ഖിതയായ്.


ജീമൂതന്‍ 

--------------

മല്ലയുദ്ധം., അരങ്ങില്‍ മലര്‍ന്ന് 

പര്‍വതാകാരനാം ഞാനൊടുങ്ങി 

ഒറ്റ സംശയം, ഭീമനല്ലാതെ 

മറ്റൊരുത്തന്‍ ജയിക്കുവാനുണ്ടോ ?

പാണ്ഡവര്‍ക്കു കൊലയ്ക്കധികാരം 

കാമനു രതീദേവിയെ പോലെ.



ജീവലന്‍ 

--------------------.

സന്ധ്യക്കു കേട്ടൊരു ശോകഗീതം 

സങ്കടത്തിന്‍റെ ഉദാത്ത ഭാവം 

പ്രേയസി പോയൊരു വിഡ്ഢിയുടെ

ജീവിതം കത്തിയ പ്രേമഗന്ധം 

ആശ്വസിപ്പിച്ചു ഞാന്‍ ഗായകനെ 

സ്നേഹ നദിയില്‍ ജലം പെരുകും.



ജൈഗീഷവ്യന്‍

-------------------------

ദു:ഖമാകട്ടെ സന്തോഷമാകട്ടെ 

നിന്ദവാക്കോ പ്രശംസയോ പൂക്കട്ടെ

കാമമോ കൊടും ക്രോധമോ പോരട്ടെ 

സ്നേഹമോ ശത്രുഭാവമോ കാണട്ടെ 

ഒന്നുപോലെ നാം നേരിടുമെങ്കിലോ 

നന്നു നന്നെടോ ജീവിതം ധന്യമായ്!

ശാപവും വരദാനവും പെയ്യാത്ത 

മാമുനീമനം ശാന്തിനികേതനം 






ജൈമിനി 

----------------

വര്‍ണവ്യവസ്ഥയൊടുങ്ങിയാലും

യുദ്ധസാമഗ്രികള്‍ മാറിയാലും 

പെണ്‍പട പോരിനിറങ്ങിയാലും

ഓലനാരായങ്ങള്‍ മങ്ങിയാലും 

ദു:ഖവും  സ്നേഹവുമുള്ള കാലം 

കൃഷ്ണദ്വൈപായനം സാക്ഷി നില്‍ക്കും.

ശാന്തി പ്രതീക്ഷകള്‍ കായ്ക്കുവോളം 

കാലക്കടല്‍ കഴല്‍ തൊട്ടു നില്‍ക്കും.


ടിട്ടിഭന്‍ 

--------------------------

ജലസുന്ദരിമാരുടെ നര്‍ത്തന കേളീരംഗം

ഝഷസേനകള്‍ ചുറ്റി നടക്കും സാഗരഹര്‍മ്മ്യം 

നദികള്‍ ഗിരിചാരുത ചൊല്ലി നടക്കും വാടി 

ഇവിടെ കടലോന്‍റെ സദസ്സിലിരിപ്പും കൂടി!


ഡിണ്ഡികന്‍

---------------------

സന്യാസിപ്പൂച്ചയെ സേവിക്കാന്‍ പോയവ-

രൊന്നൊന്നായ് കാണാതെയാവുന്നു 

അങ്ങനെതന്നെ ഉടലോടെ സ്വര്‍ഗ്ഗത്തു

കൊണ്ടുപോയെന്നാണ് സംസാരം 

ആത്മീയ കാര്യങ്ങള്‍ നോക്കാനിറങ്ങിയ 

മാര്‍ജ്ജാരക്കള്ളനെ കണ്ടപ്പോള്‍ 

ഞാന്‍ രക്തസാക്ഷിയായ്, പിന്നീടൊരിക്കലും 

മൂഷികരാരും മരിച്ചില്ല.


ഡിംഭകന്‍ 

-----------------

നാക്കുപേക്ഷിച്ചീ നദിയില്‍ ലയിച്ചാലും 

തീക്കനല്‍പ്പാതയില്‍ പാദം കരിഞ്ഞാലും 

ഓര്‍ക്കുക

തമ്പുരാന്മാര്‍ക്കു സ്വജീവിതം 

തീര്‍ക്കുവാനുള്ള കളിപ്പാവയല്ല ഞാന്‍.





ഡുണ്ഡുഭം

-----------------

ചേരയെ കൊല്ലരുത്, കൊല്ലരുത് പാമ്പല്ല

ആളിനെ കൊല്ലുന്ന വിഷവുമില്ല 

ലാഭ സുഖങ്ങളിലൊപ്പമാണെന്നാലും

നാശദു:ഖങ്ങളില്‍  ഭിന്നരല്ലോ 

ചേരയും പാമ്പും ഉരഗങ്ങളാകിലും 

ചേരുന്ന കാര്യങ്ങളല്‍പ്പമാത്രം

എങ്കിലും ഹിംസിക്ക നല്ലതല്ല രാജ-

പന്നഗയാഗമഹിംസയല്ല.



തക്ഷകന്‍ 

----------------

കാടെരിഞ്ഞപ്പോള്‍

പിടഞ്ഞിഴഞ്ഞെങ്കിലും 

നീതി കിട്ടാതെ മരിച്ചവളെന്‍ പ്രിയ.


ഏതു സമുദ്രത്തിലാകിലും ശത്രുവിന്‍ 

ജീവനില്‍ കൊത്തി ഞാന്‍ 

സ്നേഹബലി നല്‍കിടും.



തണ്ഡി

------------

സത്യശിവസുന്ദര പ്രമാണം 

തത്ത്വമാണെങ്കിലും നോക്കൂ 

സാംഖ്യര്‍ പഠിക്കും മിടുക്കര്‍ , യുക്തി-

പാഠങ്ങള്‍ തേടും മനുഷ്യര്‍ 

യോഗികള്‍ ചിന്തകരല്ലോ, തപം 

ആലോചനാമൃതമല്ലോ.





തനു

-------

കാവിനു മാന്‍ സ്വന്തമല്ല 

രാവിനിരുള്‍ സ്വന്തമല്ല 

പാട്ട് നദിയുടേതല്ല

നോട്ടം മിഴിയുടേതല്ല 

പുത്രനില്‍ പ്രത്യാശ വേണ്ട 

അച്ഛനവന്‍ സ്വന്തമല്ല.



തപതി 

-----------

അശ്വമൃത്യുവില്‍ ഖേദിക്ക വേണ്ടെന്‍റെ 

ഹൃത്തിലുണ്ട് പ്രണയക്കുതിരകള്‍ 

സൂര്യശോഭിതരായി വനത്തിലെ 

പൂവുകള്‍ നമുക്കെണ്ണി നടക്കണം.

മാരിയില്ല, രതിമാരിയാണിനി

സ്നേഹത്തിന്‍ ധ്വജം നമ്മള്‍ക്കുയര്‍ത്തണം.



താരകന്‍ 

---------------

മൂന്നു പുരങ്ങളും കത്തുമ്പൊഴെന്നിലെ 

മൂന്നുമൊരൊറ്റ മഹാമഴയാകുന്നു 

ദേവനീതിക്കു കരം കൊടുക്കാനല്ല 

ജീവിതം, പോരും മരണവും പുല്‍കട്ടെ 








തിലോത്തമ 

-------------------

ഇടം കണ്‍മുനയാലൊരു സുന്ദന്‍ 

വലം കണ്‍മുനയാലുപസുന്ദന്‍ 

ഇടത്തേ മുലയിലൊരു സുന്ദന്‍ 

വലത്തേ മുലയിലുപസുന്ദന്‍ 

പകുക്കാനാവാത്ത ഹൃദയത്തില്‍ 

ഒരുവള്‍, ചാരസുന്ദരി നില്‍പ്പൂ 

അവള്‍ക്കായി ഗദായുദ്ധത്തില്‍ 

രണ്ടവന്‍മാരും കാലപുരി പൂകി 



തുംബുരു

---------------

കിന്നരം വീണ തംബുരു കൈമണി 

ഗഞ്ചിറ തുടി തങ്കച്ചിലങ്കകള്‍ 

ഒക്കെയും വച്ചു ഞാന്‍ പൊലിപ്പിച്ചതീ 

നൃത്തഘോഷം സുശിക്ഷിത രംഭയില്‍ 

കണ്ണു വയ്ക്കുകിലേതു രാജാവുമെന്‍ 

എണ്ണ വീണ പകയില്‍ പുകഞ്ഞിടും.



 തുലാധരൻ 

-------------------

കള്ളമില്ല  കള്ളുമില്ല 

ത്രാസ്സിലെന്റെ ദർശനം 

നല്ലതെന്നു തന്നെയാണ് 

കൃത്യമെന്റെ വീക്ഷണം .

യജ്ഞവേദിയിൽ കരങ്ങൾ 

കൂപ്പി നിൽക്കുമെന്നിലെ 

ഭക്തിയല്ല നാസ്തികം 

ക്ഷമിക്കുകെന്റെ വാസ്തവം.


ത്രിശിരസ്സ്

----------------

പക്ഷികള്‍ വാഴും 

മനസ്സുമായ് സൂക്ഷ്മമാം

ലക്ഷ്യത്തിലെന്‍ ദൃഷ്ടി നിക്ഷിപ്തമാക്കി ഞാന്‍.


നഗ്നാംഗിമാരേ മടങ്ങുക 

വേശ്യകള്‍ക്കപ്രാപ്യമാണെന്‍റെ

ബോധാഞ്ജലീ മുഖം

വേദവും മദ്യവും സൂക്ഷ്മ നിരീക്ഷണ-

രീതിയുമെന്‍റെ ശിരസ്സിന്‍റെ മേന്മകള്‍  


തെറ്റില്‍ കുടുങ്ങാത്തൊരെന്‍ ജീവസൂര്യനെ 

കൈപ്പടം കൊണ്ടു മറയ്ക്കാതിരിക്കുക.

 

ദക്ഷന്‍ 

-------------

നക്ഷത്രശോഭിതര്‍ പുത്രിമാര്‍ വന്നെന്നില്‍ 

ദു:ഖം വിതച്ചു നില്‍ക്കുമ്പോള്‍ 

അച്ഛനുണര്‍ന്നുഗ്ര രോഷവാക്കായി ഞാന്‍ 

ക്രുദ്ധിച്ചു ശിക്ഷയെറിഞ്ഞു 

ഒറ്റപ്പുരുഷനും സ്വന്തം പ്രിയമാരില്‍ 

അപ്രിയം കാട്ടീടരുത് 

മക്കളെല്ലാവരും തുല്ല്യരാണഛനു

മൃത്യുവിന്‍ തുല്യത പോലെ.


ദണ്ഡധാരന്‍

--------------------

കളഭകാഞ്ചനം മെയ്യിലണിഞ്ഞൊരീ

കളഭശൂരനോടൊത്തു ശത്രുക്കളില്‍ 

മരണവിത്തു വിതയ്ക്കുവാന്‍ വന്നു ഞാന്‍ 

ശരണമെന്‍ പ്രിയ മാഗധ ചിന്തകള്‍ 

രണപടുക്കള്‍ തന്‍ കീര്‍ത്തി പതാകകള്‍ 

മുകിലില്‍ മുട്ടിച്ചു നിന്നവര്‍ പൂര്‍വികര്‍.


ദധീചന്‍ 

--------------

നേത്രം പുരികമധ്യത്തില്‍ മുനപ്പിച്ചു 

പ്രാര്‍ഥിച്ചിരുന്ന യാമത്തില്‍ 

അര്‍ദ്ധ നഗ്നാംഗിയാം നര്‍ത്തകി വന്നെന്‍റെ

ശ്രദ്ധ ശിഥിലീകരിച്ചു 

ബുദ്ധിബിന്ദുക്കളെ സ്വീകരിച്ചോള്‍ നദീ

പുത്രനെ നീ പഠിപ്പിക്കൂ 

എത്രയായാലും രതിക്കാതിരിക്കുവാന്‍

പറ്റില്ല താപസന്‍മാര്‍ക്കും.



ദന്തവക്ത്രന്‍

--------------------

ചെമ്മനോഹരം മാനം, മുകില്‍ക്കാടു

ചെന്നിണപ്പൂക്കളാര്‍ജ്ജിച്ച സന്ധ്യയില്‍ 

നിന്നു നമ്മള്‍ തുടങ്ങണം രാത്രിയില്‍ 

ഭംഗിയായി നിരത്തണം സേനയെ 

ദേവ പിന്തുണയോടെയെത്തുന്നൊരീ

യാദവനെ പഠിപ്പിച്ചയക്കണം



ദമനന്‍ 

-----------

തേരു തെക്കോട്ടു പായിക്ക ഞാനൊരു 

പോരാളി വെല്ലുവിളിക്കുന്ന കേട്ടു 

വില്ലുകൊണ്ടാവണമുത്തരം യുദ്ധം 

കല്ലുകൊണ്ടല്ലെന്നു ബോദ്ധ്യപ്പെടേണം








ദമയന്തി 

--------------

വിശ്വസിച്ചോളെ

വനത്തിലുപേക്ഷിച്ച 

ദുഷ്ടനാണെന്‍ പ്രിയന്‍

ആണത്തമറ്റവന്‍.

ഇഷ്ടമാണെങ്കിലും നിന്നെ,

നീ വേവിച്ച 

പച്ചമാംസത്തിന്‍ രുചിയറിയുന്നു ഞാന്‍.



ദംഭോത്ഭവന്‍ 

---------------------

താപസന്‍മാരുടെ മായാരണം 

താരാപഥം പുല്‍ വിതാനം 

എങ്കിലും ചോദിക്കാന്‍ പറ്റിയല്ലോ 

പങ്കിലമാമധീശത്വം.



ദര്‍ഭി

--------

തപസ്സിനപ്പുറം തടാകനിര്‍മ്മിതി 

കരയ്ക്കു പൂമരം നിറച്ചു കായ് കനി 

കുളിക്കുവാന്‍ ശീതജലം, പടി തോറു-

മിരിക്കുവാനെങ്ങും മൃദൂശിലാപീഠം 

വരൂ കുരുക്ഷേത്ര വിശാല ഭൂമിയില്‍ 

ഹിമാലയം തൊട്ടു വരുന്ന കാറ്റുണ്ട്









ദശാര്‍ണിനി 

--------------------

തൊട്ടുനോക്കി, വിടര്‍ന്ന നെഞ്ചത്ത് 

മൊട്ടുകള്‍ കണ്ടു വിസ്മയപ്പെട്ടു 

കാല്‍നദികളൊരുമിക്കുന്നേടം

നീരുറവ തുടിപ്പതറിഞ്ഞു 

പൌരുഷത്തിന്‍ മറവിലീ രാവില്‍ 

സ്ത്രൈണനാണം നമിക്കുന്ന കണ്ടു 

പെണ്ണു പെണ്ണിന്‍റെ കണ്ണാടിയാവും 

കണ്ണുകെട്ടിക്കളിയെനിക്കന്യം.



ദാരുകന്‍ 

---------------

അങ്കങ്ങളെത്രയോ കണ്ടു ഞാനെങ്കിലും 

സങ്കടം തോന്നീ കുരുക്ഷേത്ര ഭൂമിയില്‍

ബന്ധുക്കള്‍ ബന്ധുക്കള്‍ ബന്ധുക്കബന്ധങ്ങള്‍ 

സന്ധ്യ മലര്‍ന്നു കിടക്കുമങ്കക്കളം

എന്തുകൊണ്ടീ നരഹത്യ,യെന്നുള്ളിലെ 

വെണ്‍പിറാവിന്‍റെയാശങ്കയനാഥമായ് 



ദാശരാജന്‍ 

------------------

ഉദയസൂര്യോപമം കാമലോലം

മകരമീനെന്‍ വലയില്‍ കുടുങ്ങി 

ഇനി,സുശോഭിതം രാജാധികാരം 

കുടിലിലെത്തിയെന്‍ പാദം തലോടും 

മതി മതിയതിമോഹം മനസ്സേ

മകള്‍ മഹാറാണിയാവും വരേക്കും 






ദാസി 

---------

കണ്ടു കണ്ണടച്ചില്ല ഞാന്‍ രൂപം- 

കൊണ്ടു പാണ്ഡുരയായതുമില്ല 

ദാസിയാണു ഞാന്‍, കാമസ്വരൂപന്‍ 

ആശ പോലെ നുകര്‍ന്നെന്‍റെയുള്ളം

ജ്ഞാനിയായെന്‍ മകന്‍ വളരുമ്പോള്‍ 

കാണുവാനായ് പുറത്തു നില്‍ക്കേണ്ടോള്‍

ജാതിഭേദ വലയിലെ മീനായ് 

ഞാന്‍ കുടുങ്ങി, കവിയോ വിളങ്ങി.



ദിവോദാസന്‍

----------------------

കാശി രാജ്യം കാടു കയറി 

ജാഹ്നവി കരയേറിയോടി

ക്ഷാമ യക്ഷികള്‍ നൃത്തമാടി

വാരണാസി നാശമുഖിയായ് 

രാജധാനിയില്‍ ഞാനൊരുത്തന്‍ 

പ്രേത നൃപനായിരിക്കുന്നു.



ദീര്‍ഘന്‍ 

--------------

പടയുമായ് വന്ന വൈദേശിക പ്രഭു 

ഗജാതുരഗഭണ്ഡാരങ്ങള്‍ കൊണ്ടുപോയ് 

അവനെടുത്ത ശിരസ്സുകൊണ്ടിങ്ങനെ 

"നിരപരാധിയെ കൊല്ലുന്നു" - ചൊല്ലി ഞാന്‍ 



ദീര്‍ഘബാഹു 

-----------------------

വന്‍കടല്‍ ഞങ്ങള്‍ കേട്ടിട്ടേയുള്ളെടോ

സംഗരക്കടലാണു കാണുന്നത് 

ഞാനതിലെ ചുവന്ന ജലവീചി


ദീര്‍ഘതമസ്സ് 

---------------------

കാമാര്‍ഥിക്കെന്തിനു കണ്ണുകള്‍ 

ഉള്‍ക്കണ്ണില്‍

നീളെ പടരുന്നു നഗ്നപ്രകാശികള്‍ 

ദൂരെ രതിക്കടല്‍ തേടിയലയുന്ന 

യാനപാത്രം ഞാന്‍ 

സുഗന്ധമെന്‍ ദിക്കുകള്‍.



ദീര്‍ഘദര്‍ശി മത്സ്യം 

---------------------------------

പൊയ്കയില്‍ നിന്നും പുറത്തേക്ക് - ഒരു 

പുത്തന്‍ വഴിത്തോടൊരുങ്ങുമ്പോള്‍ 

ജീവിതസ്നേഹിയാം മത്സ്യം ഞാന്‍ - നീന്തി 

വേറെ രക്ഷക്കുളം തേടുന്നു 

മത്സ്യവേട്ടക്കാരറിയാതെ - നമ്മ-

ലുല്‍സുകരായ് വീടു മാറേണം 

ബുദ്ധിയും ഭക്തിയുമില്ലേലും - ചെറു

യുക്തിയുണ്ടെങ്കില്‍ ജയിച്ചൂ നാം.



ദീര്‍ഘരോമന്‍

-----------------------

അന്ധനഛന്‍റെ വാത്സല്യമേറ്റവര്‍

ബന്ധപാശത്തിലൊത്തു നിന്നിങ്ങനെ 

അമ്പയക്കെ ചിരിച്ചുവോ മണ്‍തരി?









ദീര്‍ഘസൂത്രന്‍ മത്സ്യം 

------------------------------------

വിഭ്രമം പാടില്ല, കാത്തിരിക്കാമെന്ന 

തത്ത്വശാസ്ത്രം മീന്‍ നുണഞ്ഞു നില്‍ക്കെ 

കുത്തിവിടര്‍ന്നൊരു നീലക്കുരുക്കിന്‍റെ 

മൃത്യുസൂത്രത്തില്‍ ലയിച്ചു പോയി 

മത്സ്യവേട്ടക്കാര്‍ തീകൂട്ടിയെന്‍ ജീവിതം 

ചുട്ടു ചുരണ്ടിക്കഴിക്കുമ്പോള്‍ 

പൊയ്ക വരണ്ടെന്‍റെ കൂട്ടുകാരൊക്കെയും 

പെയ്ത കണ്ണീരേ മനസ്സിലുള്ളൂ 



ദുരാധരന്‍  

-----------------

അട്ടഹാസങ്ങളിടി മുഴക്കം പോലെ 

ചുറ്റും പ്രകമ്പനം കൊള്ളിക്കുമുച്ചയില്‍ 

ആരുടെ കണ്ഠം നിശ്ശബ്ദമാകുന്നു.



ദുര്യോധനന്‍ 

---------------------

ഊരുഭംഗം യുദ്ധനീതിയല്ല 

ഭീമ, നീയെന്തേ ചതിച്ചു?

രാജകൊട്ടാരം നിനക്കിരിക്കട്ടെ

വേറൊരരക്കില്ലമായി.



ദുര്‍ധര്‍ഷന്‍ 

-------------------

ഈച്ചയാര്‍ക്കും ശവക്കോട്ടയാണത് 

ആശ്രിതര്‍ അനുയായികള്‍ സ്നേഹിതര്‍ 

ഞാനുമുണ്ടാകുമോ മൃതഭൂമിയില്‍?




ദുര്‍മ്മദന്‍ 

----------------

ആഹ്ളാദപൂര്‍വം വരുന്നൂ മരണമേ 

തോല്‍ക്കില്ല മുന്നില്‍ രണം തോരുവോളവും 

ആരു രാജാവെന്നു കാണാം നമുക്കിനി.



ദുര്‍മ്മര്‍ഷണന്‍

------------------------

ഗജങ്ങളേ ശരങ്ങളേ

അടര്‍ക്കളത്തില്‍ നില്‍ക്കുമെന്‍ 

ഭുജങ്ങളായ് ചമഞ്ഞു യുദ്ധ-

ഭേരി തീര്‍ത്തു വെല്ലുവിന്‍.


എനിക്കിതാണു ജീവിതം,

മഹാവിപത്തു നേരിടാന്‍ 

കൊതിക്കായാണു പ്രജ്ഞയില്‍ 

പിറന്നുലഞ്ഞ വന്മരം



ദുര്‍മുഖന്‍ 

----------------

ഗുരു പറഞ്ഞ വഴിക്കു ഞാന്‍ നീങ്ങി 

യുദ്ധത്തിലെന്‍റെ 

കഴിവു നൂറുമെടുത്തു പോരാടി 

ചോരയ്ക്കു വേണ്ടി 

കഴുകനായെതിരാളികള്‍ നില്‍ക്കെ

സന്തോഷപൂര്‍വം 

മരണമണ്ണിലടര്‍ന്നു ഞാന്‍ വീണു. 







ദുര്‍വ്വാസാവ് 

--------------------

ക്ഷിപ്രകോപിയെ ഇഷ്ടപ്രസാദിയായ് 

ശുദ്ധ ശുശ്രൂഷ കൊണ്ടു നീ മാറ്റിയോ?

പൊള്ളിടാത്തോള്‍, നിനക്കിഷ്ടമുള്ളോരാള്‍

ഉണ്ണിയെ തൃപ്തനായി തരാന്‍ വരും 

ഭര്‍ത്തൃസാമീപ്യമാസ്വദിക്കുമ്പൊഴും 

മറ്റൊരാള്‍, വഴി തെറ്റുകയില്ലെടോ.



ദുര്‍വിമോചനന്‍ 

--------------------------

പന്തുകള്‍ പോലെ തലകളുരുളുന്നു

കുന്തമോടെ കൈകള്‍ മണ്ണിലുറങ്ങുന്നു 

ആരുടെ കൈ ഞാനറുത്തു 



ദുര്‍വിഗാഹന്‍ 

-----------------------

ചോരമഴ തോരാതെ പെയ്ത പോലെ 

പോരൊടുങ്ങാത്ത കുരുക്ഷേത്രം 

ആരുടെ കഴുത്തിലേക്കെന്റെയമ്പ്.



ദുശ്ശലന്‍ 

-------------

കൊഴിഞ്ഞ പൂങ്കുലപോലെന്‍ തല ചിന്നിക്കിടക്കുമ്പോള്‍ 

വരുന്ന സൂര്യോദയമെന്‍ രുധിരത്തിന്നൊളി കാണും 

മരിക്കാനായിറങ്ങിയ കുരുപുത്രന്‍ ഞാന്‍. 







ദുശ്ശള 

---------- 

അസ്ത്രസന്നാഹം 

വെറുക്കുന്നു ഞാന്‍ 

എന്നെ ഒറ്റപ്പെടുത്തിയ 

ദുഷ്ടമൃഗമാണ് യുദ്ധം.


കൂടപ്പിറപ്പുകള്‍ 

ഭര്‍ത്താവ് 

സംഗരഛായയില്‍ പുത്രന്‍,

മരിച്ച പെണ്‍ പക്ഷി ഞാന്‍.


ലോകമേ 

നീയും നശിക്കും 

എന്‍ ജീവനില്‍ 

ചോര പുരട്ടിയ 

യുദ്ധഭ്രമത്തിനാല്‍



ദുശ്ശാസനന്‍ 

-------------------

കൃഷ്ണേ പൊറുക്കുക 

ആസക്തി തന്‍ പക്ഷി 

തൃഷ്ണകള്‍ കൊത്തി-

ജ്ജ്വലിപ്പിക്കെ നിന്‍ 

ഒറ്റ വസ്ത്രത്തിലെന്‍ കൈകള്‍.


ശിക്ഷ ഞാനേറ്റു വാങ്ങുന്നു 

മനുഷ്യര്‍ക്ക് 

രക്ഷപ്പെടാന്‍ മൃത്യു മാത്രം.






ദുഷ്ക്കര്‍ണ്ണന്‍  

-----------------------

പേശീബലം പരീക്ഷിക്കുന്നതിന്നൊരു 

ക്ലേശവുമില്ലാത്തിടമാണു പോര്‍ക്കളം 

ആശീര്‍വദിക്കൂ സഹോദരാ നേരമായ്.



ദുഷ്പരാജയന്‍ 

---------------------

ചക്രങ്ങള്‍ വേലുകളമ്പുകള്‍ പായുന്നു 

യുദ്ധമേ കൂട്ടക്കൊലയ്ക്കു കൂട്ടാളി നീ 

അപ്രിയമോടെ രഥം തെളിക്കുന്നു ഞാന്‍.



ദുഷ്പ്രധര്‍ഷണന്‍

------------------------------

മാസഭോജികളുണ്ടുറങ്ങും സ്ഥലം 

പാംസു മൂടിയ  മൃത്യുക്കളിസ്ഥലം 

യുദ്ധമെന്നെയും നിശ്ചലനാക്കുമോ?



ദുസ്സഹന്‍ 

---------------

പെരും വാകച്ചോടു പോലെ 

കുരുക്ഷേത്രം, ചോരചൂടി 

അതില്‍ വെട്ടേറ്റൊടിഞ്ഞ

ചില്ലകള്‍ പോലെ മനുഷ്യാംഗം 

അതിലെന്‍റെ മോതിരക്കൈ എവിടെക്കാണും?



ദൃഢകര്‍മ്മാവ് 

------------------------

വീരവാദങ്ങള്‍ ധീരമൌനങ്ങള്‍ 

പോര്‍ക്കളത്തിലെന്തെല്ലാം നയങ്ങള്‍

ഞാനുമേന്തോ പറഞ്ഞെന്നു തോന്നുന്നു 


ദൃഢക്ഷത്രന്‍ 

----------------------

ഓടി വീഴും പെരുമ്പറക്കാരന്‍റെ

കൂടെ വീഴാതിരിക്കാന്‍ ശ്രമിക്കവേ 

കാലിടറിയോ ഞാനും പതിച്ചുപോയ് 



ദൃഢരഥാശ്രയന്‍

---------------------------

ചക്രം കാവല്‍ക്കാര്‍ വെട്ടേറ്റു വീഴുന്നു 

ഖഡ് ഗത്തുമ്പിലെ ചോര ചിരിക്കുന്നു 

യുദ്ധമേ നിനക്കെന്നഭിവാദനം 



ദൃഢവര്‍മ്മന്‍ 

----------------------

കബന്ധങ്ങള്‍ കബന്ധങ്ങള്‍ 

അധികാരക്കൊതിയുടെ 

സുബന്ധങ്ങള്‍ കണ്ടിരിപ്പൂ കഴുകക്കൂട്ടം 

എന്നിലേക്കും ചായുന്നുണ്ടാ മരണനോട്ടം



ദൃഢസന്ധന്‍

----------------------

തോള്‍വള, ചര്‍മ്മപാദുകം, മാര്‍ച്ചട്ട 

ആയിരങ്ങള്‍ കുമിഞ്ഞു കിടക്കുന്നു 

ആരുടേതൊക്കെയെന്നാരറിയുന്നു 


 

ദൃഢസേനന്‍ 

----------------------

രാജവേട്ടയ്ക്കു കൌരവന്മാര്‍ വന്നു 

ദ്രോണരോടൊപ്പമട്ടഹസിക്കവേ 

കാര്യമില്ല, സമാധാനത്തിന്‍ കൊടി

താഴെ വച്ചുഞാ,നസ്ത്രം തൊടുക്കുന്നു.


ദൃഢഹസ്തന്‍ 

---------------------

ചുവന്ന സൂര്യന്‍ 

ചുവന്ന ചന്ദ്രന്‍ 

ചുവന്ന നക്ഷത്രങ്ങള്‍ 

ചുവപ്പു ചോര ചുവപ്പു മാത്രം 

കുരുത്ത ക്ഷേത്രാകാശം.



ദ്രുപദന്‍ 

-------------

കാമാഗ്നിപുത്രീ  

കടും കൈക്കു മാപ്പ്.

നിന്നെ വിളമ്പിയ-

തഞ്ചു പാത്രത്തിലാ-

ണെന്നതോര്‍ത്തില്ല ഞാന്‍.


അഞ്ചസ്ത്രം യന്ത്രം 

സ്വയംവര ചിഹ്നമെന്‍ 

ചിന്തയില്ലായ്മയുടെ 

പ്രത്യക്ഷ സൂചകം.



ദ്യുമത്സേനന്‍

---------------------

കണ്ണിലുള്ള വെളിച്ചം പൊലിഞ്ഞു 

മണ്ണുമാരോ കവര്‍ന്നെടുത്തല്ലോ 

അല്‍പ്പകാലമിനി കടക്കാനായ് 

വല്‍ക്കലം ഞാനെടുത്തണിയുന്നു 

സത്യവാനായി ജീവിതത്തിന്‍റെ 

ഉപ്പു ഞാനിതാ സന്ത്യജിക്കുന്നു





ദ്രുമിളന്‍

---------------

കാറ്റു വീശി കാമദാഹപ്പൂമ്പൊടി പറന്നു 

പാട്ടു നിര്‍ത്തി തേന്‍കുയിലോ പെണ്‍ ചിറകമര്‍ന്നു

കാട്ടുപൊയ്ക കാത്തുവച്ച പത്മപാത്രം പോലെ 

കാണുവാന്‍ കഴിഞ്ഞു ദൂരെ, യുഗ്രകാന്തിയോടെ

രാജപത്നിയാമിവളെ പാട്ടിലാക്കുവാനായ് 

വേഷമൊന്നുമാറിയാലുമില്ല നീതിഭംഗം.



ദ്രോണര്‍ 

--------------

കറുകനാമ്പിന്‍റെ

കിടക്കയില്‍ വീണു ഞാന്‍ 

ഇനിയെന്തു ജീവിതം!


വരികെന്‍റെ ശിഷ്യാ 

സുഹൃത്തിന്‍റെ പുത്രാ 

മതിയായെനിക്കു സംസാരം.



ദേവകി 

-------------

മക്കളെ കൊല ചെയ്തവന്‍ കാല്‍ക്കല്‍ വീ-

ണശ്രു വാര്‍ക്കയും മാപ്പു ചോദിക്കയും 

അപ്പുറം,തെറ്റു ചെയ്യാത്ത കുട്ടികള്‍ 

രക്തസ്നാതരായോര്‍മ്മയില്‍ നില്‍ക്കയും!

അമ്മയായി ഞാന്‍  പൊട്ടിത്തെറിക്കണോ  

പെങ്ങളായി സമാശ്വസിപ്പിക്കണോ?







ദേവയാനി 

-----------------

അച്ഛന്‍റെ മൃത്യു 

പ്രിയന്‍റെ തിരസ്ക്കാരം 

ഉഷ്ണിക്കയാണു ഞാന്‍ 

ഹേമന്തരാവിലും.


അച്ഛനുണര്‍ന്നിട്ടു- 

മില്ല ശീതോത്ഭവം 

മദ്യത്തിലെന്നെയരച്ചു

വൃകത്തിനും

അബ്ധിക്കുമെന്‍

ഗുരുനാഥനും നല്‍കുക.



ദേവലന്‍

--------------

കവി കഥാപാത്രമായൊരീ പുസ്തകം 

ലളിതമോഹനം ജീവിത ദര്‍പ്പണം 

കൊല,കവര്‍ച്ച,രണം, ബലാല്‍ഭോഗവും 

സകല തിന്മയും നന്മയും ഭക്തിയും 

കരുണ,ത്യാഗം, സുരാഷ്ട്രോപദേശവും 

പ്രണയവും പ്രാണിരക്ഷയും സ്വപ്നവും 

കവികളായി പിറക്കുന്നവര്‍ക്കൊക്കെ 

ഇതു മഹാത്ഭുതപാഠം പദോത്സവം..



ദേവശര്‍മ്മാവ് 

-----------------------

ഹോമശാലയില്‍ നാമജപങ്ങളായ് 

പൂവു നേദിച്ചിരിക്കുന്ന നേരവും 

ദേവലോകാധിനായകന്‍ വിശ്വൈക-

ജാര രാജാവിനെക്കുറിച്ചോര്‍ത്തു ഞാന്‍ 

കാവല്‍ നില്‍ക്ക പ്രിയപ്പെട്ട ശിഷ്യ, യെന്‍ 

ഭാര്യയാണെന്‍റെയാധിയാഗപ്പുക 


ദേവശ്രവസ്സ് 

--------------------

കൊന്നു കാണുമോ ചാരരെന്‍ പുത്രനെ 

തിന്നുവോ പുലിക്കൂട്ടമാരോമലെ 

കണ്ണടച്ചാലൊരോമനപ്പൈതലിന്‍

കണ്ണുനീരും കരച്ചിലും മാത്രമേ 

നെഞ്ചിലുള്ളൂ പൊറുക്കാതിരിക്കുമോ 

ചങ്ങലക്കിട്ട ഭ്രാന്തനാകുന്നു ഞാന്‍ 

കാട്ടുമക്കളാല്‍ വേട്ടയാടപ്പെടും 

നാട്ടുദിവ്യരെ ഭാവിയില്‍ കാണ്‍മു ഞാന്‍ 




 ദേവസേന 

------------------

പ്രണയ മാനസ സരോവര മെനി-

ക്കൊരു പുരുഷന്‍റെ ,ബലക്കുട വേണം 

അവനു ഞാനെന്നെ സമര്‍പ്പിക്കും പിന്നെ,

അവന്‍റെ വേലില്‍ ഞാന്‍ മുനയുമായിടും.

മദിച്ചു പൂക്കുന്ന വനവാകയ്ക്കെന്‍റെ

ഹൃദയസങ്കടം  മനസ്സിലാകുമോ?



ദേവാപി 

--------------

ചര്‍മ്മരോഗം വന്നതെത്ര 

നല്ലതായി, രാജ്യഭാരം

ധര്‍മ്മദാരപ്രശ്നമെല്ലാ-

മൊഴിവായി, കാടു തേടി.

ചോലകള്‍, പൂമരങ്ങള്‍,മാന്‍-

പേടകള്‍, കോകിലപ്പാട്ട് 

സ്നാനശേഷം ധ്യാനനിദ്ര 

സുഖം തൃപ്തം സമാധാനം.



ദേവാവൃധന്‍

---------------------

പട തകര്‍ക്കുന്നു മതി തടുക്കുന്നു 

മതി പടയാളീ 

അധികാരത്തിന്‍റെ കൊടി പാറും വരെ

നട ഗദയാളീ. . 



ദ്യുതിമാന്‍ 

------------------

ആഴിക്കൊരാറിനെ നല്‍കുന്നതു പോലെ 

മേഘത്തിനു മിന്നല്‍ സമ്മാനിക്കും പോലെ 

കല്ലില്‍ കവിതയെ ലീനയാക്കും പോലെ 

വില്ലാളി വീരനു നല്‍ വിജയം പോലെ 

ധന്യവൃക്ഷത്തിനു പുഷ്പജാലം പോലെ 

കന്യകാദാനം, സഹര്‍ഷ,മുള്‍ച്ചേര്‍ക്കുക



ദൈത്യസേന 

----------------------

അസുരസുന്ദരന്‍ 

കരുത്തനെന്‍ സ്നേഹ--

നദിക്കു മാമലയൊരുക്കിപ്പുല്‍കിയോന്‍

ഇവന്‍റെ നെഞ്ചില്‍ ഞാന്‍ 

നുരഞ്ഞു പൂക്കുന്നു 

ഇവനെയെന്‍ കേശലതയില്‍ കെട്ടുന്നു 










ദ്വാപരന്‍ 

---------------

വഴക്കിനെന്‍റെ വാക്കുകള്‍ 

അടിക്കു ഞാന്‍ വലത്തു കൈ 

തൊഴിക്കു ഞാന്‍ ബലത്ത കാല്‍ 

തെറിക്കു ഞാന്‍ പരത്തെറി

കരുക്കളാണു ചൂതില്‍ ഞാന്‍ 

പെരുത്ത മദ്യമത്തു ഞാന്‍ 

കുരുത്ത വൈരവിത്തു ഞാന്‍ 

അസൂയ ഞാന്‍, വെറുപ്പു ഞാന്‍ 



ധനുര്‍ദ്ധരന്‍

--------------------

പൊന്‍ നാണയങ്ങള്‍ വിതറിയ വാനമേ

വന്‍ പോരിനുള്ള സമയമായോ 

വില്ലെടുക്കാനുള്ള നേരമായോ?



ധനുഷാക്ഷന്‍ 

-----------------------

മഹര്‍ഷിവര്‍ഗ്ഗ രക്ഷണം 

സഹര്‍ഷമേറ്റെടുത്തു ഞാന്‍ 

തപസ്വികള്‍ക്കു രക്ഷയാര്

ദേവസൈന്യമില്ലിനി.


മുനിക്കു ചുറ്റുമില്ല വില്ലു-

മസ്ത്രവും നിരത്തുവാന്‍ 

കനിക്കു നഗ്നദേഹമാണ്

കല്ലെറിഞ്ഞു വീഴ്ത്തിടും.


എനിക്കു നെഞ്ചിലുണ്ടു ശാപ-

വാക്കുകള്‍ രിപുക്കളേ

മനസ്സിലാക്ക, വാക്കു തന്നെ 

ക്രുദ്ധമാരകായുധം.


ധര്‍മ്മവ്രത 

-----------------

ഭര്‍ത്തൃപാദങ്ങള്‍ തിരുമ്മിയില്ലെങ്കിലും 

ശ്രദ്ധിച്ചതിഥിയെ പൂജിച്ചില്ലെങ്കിലും 

ശിക്ഷയുറപ്പ്. കരിങ്കല്ലായ് മാറി ഞാന്‍ 

ഒറ്റസന്ദര്‍ഭത്തിലാര്‍ക്കിതു സാദ്ധ്യമാം?

ദേവശിലത്വത്തിനപ്പുറം സന്താന-

മാതൃപദവിയില്‍ സംതൃപ്തയാണു ഞാന്‍ 



ധര്‍മ്മവ്യാധന്‍ 

-----------------------

നൂറു പുണ്യതീര്‍ത്ഥസ്നാനം ചെയ്കിലും  

യാഗഭൂവിലുണ്ടുറങ്ങിയേല്‍ക്കിലും 

അച്ഛനമ്മമാരെ ശുശ്രൂഷിക്കുവാന്‍ 

ഒക്കുമെങ്കില്‍ ജീവിതം മനോജ്ഞമായ്.

സസ്യഭുക്കിനീ വിവേകമോതുവാന്‍

മാംസവില്‍പ്പനയ്ക്കിടയ്ക്കു വന്നു ഞാന്‍.



ധാത്രേയി

----------------

അന്തപ്പുരത്തില്‍ സുഗന്ധധൂമത്തിനാല്‍ 

ബന്ധിതമെന്‍റെയവര്‍ണ്ണ ദേഹം 

അന്ധ മഹര്‍ഷിയാം വഞ്ചി, യുടല്‍പ്പുഴ 

ചുംബിച്ചു കേളീസമുദ്രമാക്കി 

തൊട്ടറിഞ്ഞിട്ടു,മറിഞ്ഞില്ല ഭൃത്യയെ 

സ്തുത്യര്‍ഹയാക്കീ രതീന്ദ്രജാലം 

മന്മഥ ലീലാഗൃഹത്തിലഭിന്നരാ-

ണുന്മത്തറാണിയും ദാസിയാളും





ധുന്ധു

-----------

പുത്രനാ,ണധികാര ചക്രത്തിനാല്‍ 

മൃത്യുവിന്നടിപ്പെട്ട പിതാക്കള്‍ തന്‍ 

പുത്രനാണു ഞാ,നോരോ  ഞരമ്പിലും 

കത്തിനില്‍പ്പാ,ണഭിമാനപ്പന്തങ്ങള്‍.



ധൃതരാഷ്ട്രര്‍ 

----------------------

ഉള്‍ക്കണ്ണു കുത്തി-

പ്പൊളിക്കുവാന്‍ 

വേണമൊരസ്ത്രം

അതില്ലാത്തതാണെന്റെ സങ്കടം.



ധൃഷ്ടകേതു 

-------------------

തേരു കുതിരകളാന കാലാള്‍ 

സേനയിങ്ങനെയൂര്‍ജ്ജിതം

ഞാനുമൊപ്പം വില്ലുമേന്തി 

പോര്‍ക്കളത്തിലിറങ്ങിടും.

ചോരനദിയില്‍  കുളിച്ചാലും 

ചാവുകടലായ് മാറിയാലും 

സ്നേഹിതര്‍ക്കുപകാരമാകാന്‍ 

ചേദിരാജ്യം കൂടെയുണ്ട്.










ധൃഷ്ടദ്യുമ്നന്‍

-------------------

പൂര്‍വ വൈരത്തിന്റെ 

ആയുധശാലയില്‍ 

താതനും ഗുരുവും 

എന്‍ പുത്രരും മൂകരായ്.


ഞാനുമീ രാവിലൊടുങ്ങാം

പ്രഭാതമേ 

നീ ചെന്നു ചൊല്ലണം 

സ്നേഹസങ്കീര്‍ത്തനം.



ധൌമ്യന്‍

----------------

കഷ്ടനഷ്ടങ്ങളില്‍ 

രത്നലാഭങ്ങളില്‍ 

സൌമ്യനായ് സാക്ഷിയായ് 

നിന്നു ഞാനെങ്കിലും 

ഒത്തില്ലവര്‍ക്കു-

പദേശിക്കുവാന്‍ 

മഹാ ദു:ഖങ്ങള്‍ 

കാത്തിരിക്കും ജയ ജീവിതം.













നകുലന്‍ 

--------------

പേരില്ലാതെത്തിയ 

സായുധലക്ഷങ്ങള്‍ 

പോരില്‍ മരിച്ച പാവങ്ങള്‍


ഏകാന്തതയില്‍ 

മിഴിക്കു മുന്നില്‍ നിന്നു 

സ്നേഹായുധങ്ങള്‍ നീട്ടുന്നു.


നേടിയതെന്തു നേതാവേ 

ഭുജിക്കുവാന്‍ 

കായ് കളില്ലാത്ത മുള്‍ത്തോട്ടം


ദൂരേക്കു നീളും മണല്‍ക്കാട്

ജീവിതം 

യാഗഹയത്തിന്‍റെ നോട്ടം



നഗ്നജിത്ത് 

-----------------

അയല്‍രാജ്യത്തിന്‍റെ മികച്ച സമ്പത്തില്‍ 

മിഴിയുടക്കിയാല്‍ ജയിച്ചു രാജാവിന്‍ 

ഭരണമെന്നതേ പൊതുവികാരമാ-

നിയമത്താല്‍ തീര്‍ത്തു തടവറകള്‍ ഞാന്‍.



നന്ദന്‍ 

-----------

പത്തൊമ്പതാം ദിനം വിജയോത്സവം 

നൃത്തച്ചുവടുകള്‍ വച്ചന്നു നിങ്ങളും 

സംഘത്തില്‍ ഞാനുമുണ്ടാകുമോ?



 

നന്ദഗോപന്‍ 

--------------------

കടലിനോടു തൊഴുകൈകളോടെ 

കരുണ യാചിച്ചു നില്‍ക്കുന്ന നേരം 

മകനൊരുക്കിയ തോണിയില്‍ കേറി 

കരയണഞ്ഞതു മോര്‍ത്തിരിക്കുമ്പോള്‍

പിതൃസമാനര്‍ക്കു രക്ഷാകവചം 

പുതുതലമുറ തുന്നുന്ന കണ്ടു 



നമുചി

-----------

യൂദ്ധനീതിക്കു നമ്മള്‍ നിര്‍മ്മിച്ചൊരീ 

ശുദ്ധമാം കരാര്‍ ലംഘിച്ച നീചനെ

ഇന്ദ്രനെ, തൊട്ടു പിന്‍പേ പറന്നിടു-

മെന്‍ തല, ന്യായമുദ്ര കിട്ടും വരെ. 


നര്‍മ്മദ 

------------

മുനിമലയിലെന്നൊഴുക്കു നിശ്ചലം 

രതിമടയതിലുറങ്ങി നിര്‍ഭയം 

അവന്‍റെ പൂജയ്ക്കായ് വളര്‍ത്തി ഞാന്‍ ചെടി 

അവനുണ്ണാനായി പുലര്‍ത്തി ഞാന്‍ തൊടി 

അവനു തക്കാളിപ്പഴങ്ങള്‍ നേദിച്ചു

കഴിയവേ കണ്ടു വികാര ബുദ്ബുദം











നളന്‍ 

--------------

ദു:ഖ സഹസ്ര-

മെനിക്കു തന്നെങ്കിലും

പുഷ്ക്കരാ,

നിന്നെ വധിക്കാതെ വിട്ടു ഞാന്‍.


മറ്റൊരാള്‍ പോലും 

ഉടുക്കാതിരിക്കട്ടെ 

മൃത്യുവെക്കാളുമസഹ്യമാം

സങ്കടം.



നഹുഷന്‍ 

----------------

പരസ്ത്രീ പ്രവേശം 

പതിവാക്കി മാറ്റിയ 

ജളസുരേന്ദ്രന്‍റെ സമ്പത്തേ

പതിവ്രതയാം ശ്രീലമുത്തേ,

കാമസരിത്തിന്‍റെ തീരത്തു നാഗമായ് 

ഞാനിഴയുമ്പോള്‍ പഠിച്ചു.


ഇടവേളയില്‍ കണ്ട 

ശര്‍ക്കരക്കുടമാണ് ഭരണം

മരണമെന്നാണ് പര്യായം.



നാഗദത്തന്‍ 

-------------------

ഹസ്തിനസുന്ദരിയാള്‍ക്കു തരാനൊരു

രക്തപുഷ്പത്തിന്‍റെ ഹാരവുമായ് 

വെക്കം വരാമിന്നു സന്ധ്യയാവട്ടെടോ 




നാഡീജംഘന്‍ 

-----------------------

രാജാങ്കണത്തിലോ ചോള വയലിലോ 

പൂമരച്ചോട്ടിലോ മേടിന്‍ മടിയിലോ 

കണ്ടതല്ലീ മുഖ, മോടിപ്പറന്നേതു

കുണ്ടിലുമെത്തി,യിര ശേഖരിക്കുന്ന 

വെണ്‍തുകിലിട്ട നിരീക്ഷകന്‍ കൊക്കു ഞാന്‍ 

കണ്‍തടത്തില്‍ സദാ ജാഗരരശ്മികള്‍.



നാരദന്‍ 

-------------

വാര്‍ത്ത ശേഖരിക്കുന്നു, കൊടുക്കുന്നു 

ചോര്‍ത്തിയതൊക്കെയപ്പുറം വാര്‍ക്കുന്നു 

പാട്ടു പാടുന്നു സല്‍ക്കാരമേല്‍ക്കുന്നു 

യാത്ര തന്നെയാണിഷ്ടം സുഖപ്രദം.

ശ്രേഷ്ഠനാം കവി സൃഷ്ടിച്ച പുത്രരില്‍ 

സാക്ഷിയാണു ഞാന്‍, വീണയാണെന്‍ സഖി.



നാളായണി

------------------

ധമനികള്‍ തോറും 

പുകയുകയല്ലോ

സുരതാവേഗത്തീക്കനല്‍,

പുരുഷാ

വരികൊരു കാറ്റായ് 

അഗ്നി തെളിച്ചതി-

ലമരണമെന്‍റെ

യുവത്വമതൃപ്തം.






നിരമിത്രന്‍

------------------

യുദ്ധനവോഢയെ പ്രാപിച്ചു ചാകുവാന്‍ 

എത്രപേര്‍ ഉത്സാഹപൂര്‍വമെത്തുന്നുവോ 

അത്രയും പേര്‍ക്കും മൃതിപ്പാല്‍ കൊടുത്തവള്‍

സല്‍ക്കരിച്ചൂട്ടിയുറക്കുന്നു നിത്യവും 



നിവാതകവചകാലകേയര്‍ 

-------------------------------------------

മായാരണം ഘോരമെങ്കിലും നിന്‍റെ

ക്രൂരാസ്ത്രമേറ്റു നശിക്കുന്നു ഞങ്ങള്‍ 

ഓരോ മരണവും വര്‍ഗ്ഗസമര-

ജ്വാലാ ചരിത്രം  രചിക്കുകയല്ലോ 

സ്വര്‍ഗ്ഗജന്‍മിക്കുള്ള സിംഹാസനത്തെ 

മക്കള്‍ പരമ്പരയായിട്ടെതിര്‍ക്കും.  



നിഷംഗി

---------------

ചോര മണക്കുന്ന കാറ്റാണ്

ചോപ്പൂര്‍ന്നിറങ്ങിയ മണ്ണാണ്

ഞാനുമൊരു മണ്‍തരിയാണ്



നിഷാദി 

--------------

പേരുണ്ടെനിക്ക്

മനുഷ്യന്‍റെ അമ്മ 

ജാതുഗൃഹത്തിലെന്‍ 

മക്കളും ഞാനും

സ്നേഹച്ചതിയേറ്റൊടുങ്ങവേ കണ്ടു 

ദൂരെ വന്‍പോരിലെ

കാണാച്ചതികള്‍.


നീലന്‍

-----------

കാട്ടുതീയില്‍ കരിയില പോലെ 

കൂട്ടുകാരൊന്നടങ്കം നശിച്ചു 

ഞാനുമെന്‍റെ തകര്‍ന്ന രഥവും 

ശോണസന്ധ്യയെ കണ്ടു ഭ്രമിച്ചു 

വെള്ളിടിയൊന്നു വെട്ടുന്ന കേട്ടു 

വന്മലയൊന്നിടിഞ്ഞു വീഴുന്നു 



നൃഗന്‍ 

-----------

കൂപത്തില്‍ പെട്ട പടുകൂറ്റനോന്തിനെ 

രാവില്‍ കിനാവില്‍ ഞാന്‍ കണ്ടു

രാജാവായാലും വക മാറാന്‍ പാടില്ല 

ദാനപ്പശുക്കളില്‍ പോലും 

സോമപാനത്താല്‍ സമനില തെറ്റിയ 

ദേവരാജന്നെന്തു ശിക്ഷ?



പക്ഷിജീവനന്‍

-------------------------

വേട്ടക്കുരുക്കുമായ് പാറുന്ന പക്ഷികള്‍ 

പോക്കില്‍ വിവാദക്കുടുക്കിലായാല്‍ 

കാര്യമെളുപ്പമായ്, താഴെ പതിക്കുമാ 

സ്നേഹൈക്യമില്ലാത്ത ബന്ധുക്കളെ 

ഞാനെടുത്താഹ്ളാദപൂര്‍വം ഭുജിക്കുമേ 

മാനുഷര്‍ക്കുമിതു പാഠമല്ലോ.








പടച്ചരര്‍ 

--------------

തെക്കു നിന്നുള്ള യോദ്ധാക്കള്‍ ഞങ്ങള്‍ 

ശക്തരീ ക്രൌഞ്ചവ്യൂഹം പടുക്കാന്‍ 

യുദ്ധഭൂമിയില്‍ ധീരരാം തെക്കര്‍ 

രക്തവര്‍ണ്ണപതാകയുയര്‍ത്തൂം 

പണ്ടു തോറ്റ കടം വീട്ടുവാനായ്

വന്നു ഞങ്ങള്‍ സുസജ്ജര്‍ സുവീരര്‍.



പഞ്ചചൂഡ

-----------------

അഴകികള്‍ക്കഗമ്യരായ് 

പുരുഷരിലാരുമില്ല

അതൃപ്തകള്‍ സ്ത്രീകള്‍ തീയായ് വിറകു തേടും 


പുഴകള്‍ കൊണ്ടാഴിയൊന്നും  

സമാധാനപ്പെടുകില്ല 

പുതിയ നീരുറവയില്‍ പ്രതീക്ഷ വയ്ക്കും 


പറഞ്ഞതു മറക്കുക 

വനിതയാം ഞാന്‍ മറ്റൊരു 

സുമുഖിയെ നിന്ദിക്കുന്നതുചിതമല്ല



പഞ്ചജനന്‍

------------------

ശംഖെന്‍റെ വീടു നീയെന്നെ ഹനിച്ച്

സ്വന്തം ഭവനം കവര്‍ച്ച ചെയ്യുന്നു 

ശംഖം മുഴക്കി നരഹത്യ ചെയ്താല്‍ 

സംശയം വേണ്ട നിന്‍ മണ്ണും നശിക്കും 

പാഞ്ചജന്യം ശിക്ഷ നല്‍കുവാനല്ല

ഗേഹസുരക്ഷയരുളുവാന്‍ മാത്രം.



പത്നി ജരല്‍ക്കാരു

-------------------------------

മര്‍ത്യരെക്കാളും 

മഹത്വമുള്ളോരാണു

സര്‍പ്പങ്ങള്‍ 

പ്രേമമവര്‍ക്കു

ജീവാര്‍പ്പണം.



പത്മാവതി 

------------------

ഭര്‍ത്തൃരൂപത്തിലെത്തീ കരുത്തന്‍

മുത്തമിട്ടു വശംവദയായി

നിദ്രയില്ലാത്ത വേഴാമ്പലുകള്‍ 

ഹര്‍ഷബിന്ദുവില്‍ കൊക്കു കൊരുത്തു

രാക്ഷസന്‍റെ സുരതവേഗത്തിന്‍ 

സൂക്ഷ്മതയില്‍ ഞാനെന്നെ മറന്നു 




പരശുരാമന്‍ 

--------------------

ചോര കണ്ടിരിക്കുവാന്‍ 

വേദന സഹിക്കുവാന്‍ 

ത്രാണിയില്ല, ബ്രാഹ്മണന്‍ 

ഭീരു തന്നെയെപ്പൊഴും.

പൂര്‍വകാല നോവില്‍ നി-

ന്നായുധമെടുത്തു ഞാന്‍  

ഭീരുവല്ല ശിഷ്യ നീ 

വിദ്യകള്‍ മറക്കുക.






പര്‍ണ്ണാശ

---------------

കടലിന്‍റെ കരുത്തുള്ളോന്‍ 

പുഴയുടെയഴകുള്ളോന്‍

ഇവനെന്‍റെ പ്രിയപുത്രന്‍ 

ഗദപ്രവീണന്‍ 

ഇവനില്‍ ഞാനഭിമാന-

ക്കൊടിയേറ്റിയൊഴുകുന്നു 

ഇവനെന്‍റെ പ്രതീക്ഷ തന്‍

പ്രദീപനാളം 



പര്‍വതന്‍ 

----------------

രാജസല്‍ക്കാരമേറ്റു വാങ്ങുമ്പൊഴും

സേവിക തന്‍ കടാക്ഷമേല്‍ക്കുമ്പൊഴും 

യാഗവേദിയില്‍ മന്ത്രജപങ്ങളില്‍ 

ലീനനാകുമ്പൊഴും കൊടുംചിന്തയില്‍ 

വാനരനായ് ചമഞ്ഞൊരു ബന്ധുവിന്‍ 

പേനെടുക്കലെന്‍ വേദനയാകുന്നു 



പരാശരന്‍ 

----------------

തണുപ്പില്‍ ശരീരപ്പുതപ്പില്‍ രതിത്തീ-

പ്പുളപ്പില്‍ നിശാഗന്ധിയാര്‍ക്കും മനസ്സേ

പുഴയ്ക്കോ തുഴയ്ക്കോ തടുക്കാവതല്ലീ

നുരയ്ക്കും പതയ്ക്കും മനുഷ്യാഗ്രഹങ്ങള്‍.

വരൂ മത്സ്യഗന്ധീ സുഗന്ധീ തുരുത്തില്‍ 

ഇരുള്‍ കാവല്‍ നില്‍ക്കുന്ന ശയ്യാഗൃഹത്തില്‍.






പരാവസു 

----------------

കൃഷ്ണമൃഗത്തിന്റെ കുപ്പായമിട്ടാ-

ലച്ഛനെപ്പോലും തിരിച്ചറിയില്ല 

അസ്ത്രമേ നീയെന്‍ പിതാവിനെ കൊല്ലാന്‍ 

ഉദ്ദിഷ്ടസ്ഥാനത്തു തന്നെ തറച്ചു 

ദു:ഖമേ നീയെന്നിലും നിപതിച്ചു 

ഉല്‍ക്ക വിഴുങ്ങി ഞാന്‍ കാട്ടിലലഞ്ഞു



പരീക്ഷിത്ത്

--------------------

തരിശിടത്തില്‍

മുളച്ച ചാപിള്ള ഞാന്‍ 

അറിവുകള്‍ 

നെഞ്ചിലേറ്റ കൂരമ്പുകള്‍.


വരിക തക്ഷകാ 

ശിക്ഷകാ രക്ഷകാ

സമയമായ് 

ഏക പാദത്തില്‍ നില്‍പ്പു ഞാന്‍.















പലിതന്‍

--------------

ലോമശപ്പൂച്ചേ 

ലോകേശപ്പൂച്ചേ 

ഞാനേ പലിതനെലി


കാര്യങ്ങളൊക്കെ ശരി 

നിന്നെ രക്ഷിച്ചു 

നിന്നില്‍ ഞാനും രക്ഷ നേടി


എങ്കിലും നിന്റെ 

മന്ത്രിസ്ഥാനം വേണ്ടെനി-

ക്കങ്കത്തില്‍ നീയെന്‍റെ ശത്രു.



പാഞ്ചാലി 

-----------------

കണ്ണനോടല്ല

കിരീടിയോടല്ല

പൊണ്ണനോടല്ല 

സുയോധനനോടല്ല 

കര്‍ണ്ണനോടാണെന്റെ കൌതുകം 

അഗ്രജന്‍ 

എങ്ങനിരിക്കുമവന്റെ ക്രീഡാലയം?


എന്റെ മനസ്സേ

പരസ്യമായ് വിറ്റൊരു

പെണ്‍ ചരക്കാണു ഞാന്‍

നഷ്ടമെന്‍ ജീവിതം







പാണ്ഡു 

------------------

ഇണ ചേരുവാന്‍ 

തന്നോരനുവാദ,മോമല്‍ നീ 

സഫലമാക്കുമ്പോള്‍ 

അകത്തു കരഞ്ഞു ഞാന്‍.


മുനിശാപ വാക്കുകള്‍ 

വിസ്മൃതമാക്കുമീ 

രതിവാഞ്ഛയെങ്കിലും 

അസ്തമിക്കും മുന്‍പ്

വിഫലജന്മത്തിന്റെ

കാടു കത്തിച്ചതിന്‍ 

അനലപ്രദീപ്തിയില്‍ 

പൊള്ളിയലറട്ടെ ഞാന്‍.


പാരശവി

---------------

പേരെനിക്കില്ല,ഞാന്‍ ശൂദ്രയില്‍ വിപ്രനാല്‍ 

ഭൂജാതയായ പെണ്‍ദു:ഖം  

ശൂദ്രയിലുണ്ടായൊരാളാണു കെട്ടിയോന്‍ 

ദോഷമെന്‍ കുഞ്ഞുങ്ങള്‍ക്കില്ല 

ശൂര വിനയ വിജ്ഞാനങ്ങളൊന്നുപോല്‍

നേടിയോരാണെന്റെ മക്കള്‍ 

ഞാനഭിമാനിനി സന്താനലബ്ധിയില്‍;

പേരുള്ള കാലം വരട്ടെ. 


പാര്‍വതീയന്‍ 

----------------------

ഒടുവിലത്തെ യുദ്ധവും 

പരിചയറ്റു തോറ്റുപോയ് 

ശരമൊഴിഞ്ഞനാഥരായ് 

ഭടജനങ്ങളേവരും.

വിജയമല്ല,സൌഹൃദ-

പ്പെരുമയാണു നമ്മളെ 

വരണമെന്നു ചൊന്നതും 

മരണമാലയിട്ടതും.


പാശി 

---------

ഹൃദയഭേദകം മരണരോദനം 

അകലെയല്ലെന്‍റെ അരികിലായ് 

വിജയ ശംഖൊലി കേള്‍ക്കുമോ?


പ്രതര്‍ദ്ദനന്‍

------------------

സേനയല്ല, മേനിയല്ല 

ദാനമാണ് മഹാപുണ്യം 

ദാനങ്ങളില്‍ നേത്രദാനമേറ്റവും ധന്യം.


പ്രതാപന്‍ 

---------------

പന്ത്രണ്ടു പേര്‍ ഞങ്ങള്‍ ഭൂപന്‍മാരൊപ്പരം

വെന്നിക്കൊടിയുമായ് പൊകെ

രാജാഭിലാഷത്തെ പുച്ഛിച്ചു കാനന 

വാപി തീരത്തൊരു പെണ്ണ് 

അപ്പൊഴോര്‍ത്തില്ല മരണത്തിലേക്കുള്ള 

ചക്രമുരുളുന്നുവെന്ന് 





പ്രതിവിന്ധ്യന്‍ 

------------------------

 കാക്കയെ  കൊടും മൂങ്ങ തേടുന്ന പോല്‍

രാത്രിയില്‍ വന്ന ഖഡ് ഗ ധാരിക്കിതാ 

നേരുകേടു പറഞ്ഞ പിതാവിന്‍റെ 

ധീരപുത്രന്‍; പകക്കൊടി പാറുന്ന 

മൂലയില്‍ മരണത്തിന്‍റെ .തീക്കളി 

ചോര തൂകി,യൂദയസൂര്യന്‍ പോലെ

ദ്രോണശീര്‍ഷമുരുണ്ടു വരുന്നുവോ? 




പ്രതീപന്‍ 

---------------

പുഴയഴകുള്ളവള്‍

ഒഴുകാതെ വന്നെന്‍റെ

തുടമേലിരിക്കിലും

മിഴിയാല്‍ ക്ഷണിക്കിലും 

ത്രപരഹിതയായി 

രമിക്കാന്‍ ശ്രമിക്കിലും 

ഇളകില്ലയെന്‍ മനം

പുരുഷനാകുന്നു ഞാന്‍.

 

പ്രത്യുല്‍പ്പന്നമതി മത്സ്യം 

-----------------------------------------------

ജലം വറ്റി, പൊയ്ക ചെറുതോട്ടില്‍ കൂടി 

ഒഴുകിപ്പോയിട്ടുമനങ്ങിയില്ലല്ലോ

ഒടുവിലെന്നെയും ചതിച്ചു കണ്ടിക്കാ-

നൊരുങ്ങവേ ചാടിപ്പിടഞ്ഞു പോയി  ഞാന്‍ 

ഒരു വിധം രക്ഷത്തടാകമെത്തവെ

ഝഷവേട്ടക്കാരോ പകച്ചു നിന്നുപോയ് 

ഇതു കാലം പോലെ മനസ്സെടുത്തൊരു

പ്രബലനിശ്ചയം സഫലമെന്‍ ജന്മം.


പ്രദ്യുമ്നന്‍ 

----------------

ആയുധം കയ്യിലില്ലാത്ത ദിവസങ്ങ-

ളോര്‍മ്മയില്ല, യുദ്ധനിര്‍ഭരം ജീവിതം 

ചോര തെറിപ്പിച്ച രംഗങ്ങള്‍, അശ്വങ്ങള്‍ 

ഓടിത്തളര്‍ന്നതേയില്ലാര്‍ഷ ഭൂമിയില്‍ 

കാര്യമെന്ത്! പുല്ലുലക്കയാലിങ്ങനെ

ചാവുമെന്നൊന്നും നിനച്ചതേയില്ല ഞാന്‍   










പ്രദ്വേഷി 

---------------

നൂറുപൂവിന്‍റെ ജാരനാം വണ്ടിനെ 

നൂതനമൊരു പൂവാഗ്രഹിച്ചിടാം 

കാമദണ്ഡിലിണകളെ കോര്‍ക്കുമീ 

പൂവനെന്‍റെ തിരസ്ക്കാരമുദ്രകള്‍   

ഗംഗയിലൂടൊഴുകി നീ പോവുക 

അന്ധഭോഗ സമൃദ്ധസ്ഥലികളില്‍ 



പ്രഭാവതി 

----------------

കാമഹംസങ്ങള്‍ സന്ദേശ വാഹകര്‍ 

സോമതുല്ല്യനെപ്പറ്റിപ്പറഞ്ഞവര്‍ 

ഊണുറക്കമില്ലാതായി ജീവിതം 

സ്നേഹമെന്ന വിഷത്താല്‍ മദിച്ചു പോയ് 

രക്ഷയില്ലിനി വന്നെന്‍റെ ജീവന്‍റെ 

രക്ഷിതാവേ വിമോചിതയാക്കുക.



പ്രമദ്വര

-----------------

വിഷമെന്‍റെ ചോരയില്‍ 

പടരുമ്പൊഴും തോഴ 

ഹൃദയത്തില്‍ നീയായിരുന്നു.


പ്രണയമല്ലാതേതു

സിദ്ധൌഷധം 

നമുക്കിനിയും 

ജനിച്ചു മരിക്കാന്‍.






പ്രമഥന്‍

--------------

ധീരകൃത്യം വീരമൃത്യു 

തോറ്റുപോയാലെന്തെനിക്ക്

ദേവസുന്ദരിമാരുമായി ജീവിതം കൊയ്യാം.



പ്രമീള 

-----------------

ആണ്‍തരിക്കില്ല 

പ്രവേശനം എന്‍ നാട് 

പെണ്‍ നാട്, പൊന്‍ നാട് 

കണ്‍ നാട്, വിണ്‍ നാട്.

കെട്ടിയെതിര്‍ക്കുന്നു ഞാന്‍ 

ആണ്‍ കുതിരയെ 

അസ്ത്രത്തിലല്ല

പുഷ്പാസ്ത്രത്തിലോ ചതി!.

.


പ്രസേനന്‍ 

-----------------

ഒറ്റയമ്പാലിരട്ട മൃഗങ്ങള്‍ 

ഒപ്പമായ് വീണു ചോര ചീറ്റുമ്പോള്‍     

കാടിലച്ചാര്‍ത്തിലൂടെ  വെളിച്ചം 

ചാറിയങ്ങനെ വീര്‍പ്പിട്ടു നില്‍ക്കും

വേട്ടയാടല്‍ രസകരമെന്നാല്‍ 

കാറ്റിനോടൊപ്പമെത്തുന്ന സിംഹം 

മൃത്യുവിന്‍റെ രഹസ്യ നഖത്താല്‍

കത്തി വീശുമ്പൊഴെന്തു ചെയ്യേണം?







പ്രഹ്ളാദന്‍

------------------

മരണമാണായുസ്സുമോഹിയായ് മുന്നില്‍ 

കയറും കരുത്തുമെടുത്തു നില്‍ക്കുന്നു

അടരില്‍ നമിച്ചു തുലഞ്ഞോടുകയാ-

ണിവനെ പിടിക്കാന്‍ കൊതിച്ച യോദ്ധാക്കള്‍!



പ്രാതികാമി 

--------------------

യുദ്ധമുണ്ടായാല്‍ മരിക്കണം ഞാനെത്ര 

ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്തു 

ഒറ്റയുടുത്ത കുലീനയെ നിന്ദിക്കാന്‍ 

ഉദ്യോഗനിഷ്ഠയാല്‍ പോയി 

കുറ്റബോധത്തിന്‍ കൊടും തീയിലാണു ഞാന്‍ 

മൃത്യുവെന്‍ മോചനമാര്‍ഗം 



പ്രാവര കര്‍ണ്ണന്‍ 

--------------------------

രാവുകളിലീ യൂഴിക്കു കാവലായ് 

പോള പോലുമടയ്ക്കാത്ത മൂങ്ങ ഞാന്‍ 

ഓര്‍മ്മയില്ലീ മനുഷ്യമുഖത്തുള്ള 

രാജഭാവവും ദീനലയത്വവും

കൂമദൃഷ്ടിയില്‍ പെട്ടിടാത്തില്‍ല്ലൊരു 

ജീവിയു, മുയരത്തില്‍ വസിപ്പു ഞാന്‍ 


പ്രാസ്തി 

------------

സൂര്യനില്ലാത്ത വാനം, ഋതുക്കളില്‍ 

സൂനകാലമില്ലാത്ത ദു:ഖാശ്രമം 

നിദ്രയും രതിക്രീഡയുമില്ലാത്ത 

തൃപ്തി നല്‍കാത്ത തല്‍പ്പം, അനാഥമീ

രത്നസിംഹാസനം, രക്ഷിതാക്കളേ

പുത്രിമാരുടെ കണ്ണുനീര്‍ കാണുക.


പിംഗള 

------------

ആരെന്‍റെയൊമ്പതു വാതില്‍ ഗൃഹത്തിനു

കാവല്‍, ദു:ഖങ്ങളല്ലാതെ

ആരെന്‍റെയുദ്യാനപാലകന്‍, നൈരാശ്യ

ഭാവ പ്രഭുത്വമല്ലാതെ 

ആരെന്‍റെ ശയ്യക്കനുയോജ്യനെന്നിലെ

കാമസംപൂര്‍ത്തിയല്ലാതെ 

ആരുമില്ലല്ലോ ശരിക്കു ജയിച്ചവര്‍ 

ആശയടക്കമില്ലാതെ 




പുണ്ഡ്രന്‍

---------------

വളകള്‍ വില്‍ക്കുന്ന കമ്പോളവീഥികള്‍ 

മുഖപടമണിഞ്ഞെത്തും വനിതകള്‍ 

അടരിലാരെയും വെല്ലുന്ന വീരരെ

പടനയിക്കാനൊരുക്കും രണസ്ഥലം 

ഇവിടമാണു മഹാപുണ്ഡ്രദേശമെന്‍

നിണമെഴുതിയ നീതിശാസ്ത്രപ്പുര 



പുരുകുത്സന്‍ 

----------------------

അതീവ നിര്‍മ്മല, മനോജ്ഞ നര്‍മ്മദ 

ഇവളില്‍ സ്നാനിച്ചാല്‍ തപസ്സഫലത 

ഇവളെ പ്രാപിച്ചു ചുഴിയില്‍ മുങ്ങിയാല്‍ 

മനസ്സിലാനന്ദം ശിരസ്സിലത്ഭുതം 

ഇവളില്ലാതെന്തു തപം ജപം പുണ്യം 

ഇവളിലെന്‍ രതി,യനുഭവസ്മൃതി 





പുരുജിത്ത് 

------------------

സഹോദരിക്കു വേണ്ടി ഞാന്‍ 

പടക്കളത്തിലെത്തിയോന്‍

പരാജയം.ജയം ഇവയ്ക്കു 

മേലെയാണു ജീവിതം.

കണക്കുകള്‍ പിഴച്ചുപോയ് 

ജയാഭിമാനഹീനയായ് 

അവള്‍ നടന്നു, കാനനം 

കരഞ്ഞു തന്നെ കാണണം.



പുരൂരവസ്സ് 

-----------------

കാട്ടില്‍, ഹിമത്തില്‍, കടും വേനലില്‍ 

പൂക്കള്‍ പൊതിഞ്ഞ കൊടും രാത്രിയില്‍ 

സ്നേഹവസ്ത്രങ്ങളണിഞ്ഞു നിന്നെ 

കാണാതലഞ്ഞ കമിതാവു ഞാന്‍ 

അഗ്നി പകുത്തതെന്‍ ഹൃത്തിലല്ലോ 

നഗ്നതേ നിന്നെ വെറുക്കുന്നു ഞാന്‍ 



പുരോചനന്‍ 

--------------------

പഠിച്ചതേയില്ലെന്‍റെ മനസ്സില്‍ 

അരക്കുഹര്‍മ്മ്യം കത്തുമ്പോള്‍

ചതിച്ചു കൊല്ലാന്‍ പോയവരാരും 

തിരിച്ചു വീടെത്തീട്ടില്ല  





പുലസ്ത്യന്‍ 

--------------------

ശിഷ്യനെപ്പോലെ ഞാന്‍ സ്നേഹിച്ചൊരാള്‍ തീര്‍ത്ഥ-

വൃത്താന്തമെല്ലാം പഠിപ്പിച്ച ചിന്തകന്‍  

ബുദ്ധിമാന്‍, ഇഷ്ട മുഹൂര്‍ത്തത്തില്‍ മൃത്യുവെ

കെട്ടിപ്പുണരാന്‍ കഴിവുള്ള പണ്ഡിതന്‍ 

ദൂ:ഖമൊതുക്കിക്കിടക്കുമീ ശയ്യയില്‍ 

യുദ്ധനഷ്ടത്തിന്‍ ശവക്കാറ്റടിച്ചുവോ?



പുലോമ

------------------

ആണത്തമെന്നാ-

ലതിക്രമമല്ലെന്‍റെ

ഓമനക്കുഞ്ഞേ

പിറന്നു വന്നീ പ്രേമ-

ജീവിയില്‍ നിന്നെന്‍ 

ശരീരവിശുദ്ധിക്കു

കാവലാളാവുക ;

ദുസ്സഹം ജീവിതം.



പുലോമന്‍

-----------------

മറ്റൊരാള്‍ ചൂടിയ 

ഛത്രമാണെങ്കിലും 


ഇഷ്ടമെനിക്കു നിന്നോട്.

രത്നഗര്‍ഭേ നിന്നില്‍ 

എന്‍ ദാഹസര്‍പ്പങ്ങള്‍ 

ചുറ്റി വരിഞ്ഞു കേറുമ്പോള്‍ 

മറ്റൊന്നുമോര്‍ത്തതി-

ല്ലന്നു ഞാന്‍ സ്നേഹാര്‍ഥി

മൃത്യുവിത്തെന്നില്‍ വിതച്ചു.


പുഷ്ക്കരന്‍ 

-------------------

എങ്ങനെ ചൂതില്‍ ജയിച്ചു?അറിയില്ല

മുങ്ങിക്കുളിക്കണം രാജതടാകത്തില്‍ 

എങ്ങനിരിക്കും അവന്‍റെ യന്തപ്പുരം 

തൊങ്ങലും കാഞ്ചനം കൊണ്ടായിരിക്കുമോ?



പുഷ്ക്കരധാരിണി

------------------------------

പുള്ളിമാന്‍ പോലെ പ്രലോഭനം വന്നിട്ടും 

ഉള്ളം കുടുങ്ങാത്തപസ്വിക്കായി 

ലോപിച്ച ശക്തി കിട്ടാനായ് ശ്രമിപ്പു ഞാന്‍ 

പീലിവസ്ത്രത്താലുടല്‍ മറച്ച്.





പുഴു 

-------

നിരത്തിതെത്ര ഭീകരം 

പെരുത്ത വാഹനങ്ങളാല്‍ 

കടുത്ത ചൂടിലാര്‍ത്തലച്ചു

പാഞ്ഞു പോം മൃഗങ്ങളാല്‍.

എനിക്കു പേടി,യീവഴിക്കു

പോകണം, മരിക്കുവാന്‍ 

തനിച്ചു വയ്യ വണ്ടികള്‍ 

ചതയ്ക്കുവാന്‍ വരുന്നിതാ.




പൂജനി  

-----------

പക്ഷിയാണെങ്കിലും 

കുഞ്ഞിനെ കൊന്നാല്‍

അക്ഷിയില്‍ കൊത്തി ഞാന്‍ കൊല്ലും.


മിത്രമേയല്ല നീ ബ്രഹ്മദത്താ, രാജ-

ഭക്തി ഞാന്‍ കൈവെടിയുമ്പോള്‍ 

പക്ഷി മനസ്സിന്‍ 

വിരോധവും ദു:ഖവും 

യുക്തിക്കധീനമാകുന്നു.


 

പൂരു

---------

പൂക്കുന്നു വൃക്ഷം കൊഴിയുന്നു പിന്നെയും

പൂക്കുന്നു കായ്ക്കുന്നു വാര്‍ദ്ധകം യൌവനം 

കൈ വിറയ്ക്കുന്നു വിറയ്ക്കാതുയിര്‍ക്കുന്നു 

മെയ് തളരുന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു 

കാമക്കൊടികളുയരുന്നു താഴുന്നു 

ജീവിതം വീണ്ടും ജ്വലിക്കാന്‍ തുടങ്ങുന്നു.



പൃഥു

---------

ഇഷ്ടമെല്ലാം പിറന്നെന്‍റെ മുന്നില്‍

മദ്യവും പാലുമൊപ്പം കറന്നു

വന്‍കടലിനെ സ്തംഭിതമാക്കി 

മുമ്പിലെത്തീ ബഹുമാന്യരെല്ലാം 

അര്‍ത്ഥമെന്ത്! സമ്പാദ്യം ത്യജിച്ച് 

മൃത്യുവിന്‍ മരച്ചോട്ടില്‍ ഞാനെത്തി 


പൃഷതി

--------------

അഗ്നിവര്‍ണ്ണമുള്ള പൊന്നുമക്കളെ 

മുത്തമിട്ടു മുത്തമിട്ടുറക്കവേ

അംഗരാഗവും ലാലനീരുമായ്

ഭംഗിയില്ലാതെ നിന്ന നേരത്ത് 

യജ്ഞഹവ്യമേന്തി വന്ന ദിവ്യരെ 

സ്വപ്നമെന്ന പോലെയോര്‍ത്തിരിപ്പു ഞാന്‍ 



പൈലന്‍ 

---------------

കഥയിതു ജീവിത വന്‍ നദി പോലെ 

പലപഥമേറിപ്പായുമ്പോള്‍ 

പുതുനുര പോലെ കഥാപാത്രങ്ങള്‍ 

തുരുതുരെയങ്ങനെ പൊന്തുമ്പോള്‍ 

അവസാനിക്കുന്നില്ല സമുദ്രം 

അനവധി യോജനയകലത്ത്

കവിതത്താര സഹസ്രം വന്നൂ 

നിരനിരയായി മാനത്ത്.



പൌണ്ഡ്രകവാസുദേവന്‍ 

-----------------------------------------

പേരാണു കാര്യ,മെന്‍

പേരു കവര്‍ന്നോനെ

പോരില്‍ ജയിച്ചോ 

മരിച്ചോ തകര്‍ക്കണം.

പോരാളിയാണു ഞാന്‍ 

കൈതവമില്ലെന്‍റെ

നേരിന്‍റെ വില്ലേ

വിളങ്ങൂ നിരന്തരം.




പൌരവന്‍ 

------------------

വാനരക്കൊടി പാറുന്ന തേരിന്‍റെ

നേരെയാണെന്‍റെയസ്ത്ര സമീപനം 

പീലി ചാര്‍ത്തിയ ദുഷ്ടനാം സാരഥി 

മാറി നില്‍ക്കട്ടെ, സന്നദ്ധനാകുമോ?

പോരിലൊട്ടും കുതന്ത്രങ്ങളില്ലെടോ 

നേരുതന്നെയടരിന്‍റെ മാന്യത.



പൌരികന്‍ 

-------------------

വിശിഷ്ട മാംസഭക്ഷണം വിഷത്തിനൊപ്പമാകയാല്‍ 

അടര്‍ന്നു വീണ കായ് കളേ  ഭുജിച്ചതുള്ളു ഞാന്‍ നരി 

അറിഞ്ഞൊരന്ന വശ്യത പറഞ്ഞു വച്ചവന്‍ പുലി 

അവന്‍റെ മാര്‍ഗ്ഗമങ്ങനെ എനിക്കു മാര്‍ഗ്ഗമിങ്ങനെ 

ചിലപ്പൊഴെങ്കിലും തെളിച്ചൊരോരിയിട്ടു പായുവാന്‍ 

മനസ്സിലുണ്ടു കൌതുകം സൃഗാലജന്‍മ വൈഭവം 




പൌരോഗവന്‍ 

------------------------

പഞ്ഞകാലത്തു മത്തനും തൈരും 

ശൈത്യത്തില്‍ പയര്‍വര്‍ഗ്ഗവും മോരും 

വേനലില്‍ ഗോതമ്പപ്പവും പാലും 

മാധവത്തില്‍ മാന്‍മാംസവും തേനും 

ഹേമന്തത്തില്‍ തിനയട വെണ്ണ 

മാരിയില്‍ ചൂടുകഞ്ഞി ചമ്മന്തി 

ഈ വിധമാണു ഭക്ഷണക്കാര്യം 

ഏതു കാലത്തുമന്നം പ്രധാനം.



പൌഷ്യന്‍ 

-----------------

കര്‍ണ്ണികാരത്തില്‍ നിറച്ചും 

കര്‍ണ്ണാഭരണങ്ങളുണ്ട് 

ഞാനാരുമല്ലതിറുക്കാന്‍ 

രാജപ്രമുഖനെന്നാലും 


ശുദ്ധനായ് ചെല്ലൂ നീ കാറ്റേ

മുഗ്ദ്ധയെ സംപ്രീതയാക്കൂ 

പിന്നെ നീ കൈ നീട്ടി വാങ്ങൂ 

കുണ്ഡലങ്ങള്‍ കൊണ്ടു പോകൂ 



ഫലോദകന്‍

--------------------

വിവിധ സംഗീത നദിയൊഴുകുന്നു

കുബേര നര്‍ത്തനസഭയുണരുന്നു

ഒരുവള്‍ ജീവിപ്പൂ ഘരാനയിലെന്നാ-

ലപര വാഴുന്നൂ പ്രണയരാഗത്തില്‍ 

ലവള്‍ രിസനിസ ഗരിസരി മൂളി 

അവിടെ പൂത്തല്ലോ പരിമളമരം

ഉറക്കമില്ലാത്ത കലാസപര്യയി-

ലിറക്കമേയില്ലെന്നിവനു ബോദ്ധ്യത













ബകന്‍ 

-----------

വിശപ്പ് വിശപ്പ് 

വിശാല വിശ്വത്തിന്‍റെ

രസന പോല്‍ 

തീരാ വിശപ്പ്.


സസ്യങ്ങള്‍ പക്ഷികള്‍ 

വൃക്ഷം മൃഗം ജീവി-

വര്‍ഗ്ഗങ്ങളൊക്കെയും തിന്നു.


ക്ഷുത്തടക്കീടാ-

നെനിക്കിനി തോരാത്ത 

ഭക്ഷണപ്പാത്രമേ മൃത്യു.


ബഭ്രുവാഹനന്‍ 

------------------------

അച്ഛനില്‍ നിന്നും പഠിച്ചൂ നരഹത്യ

കര്‍ത്തവ്യമാണെന്ന തത്ത്വം 

അമ്മയും വല്യമ്മയും വിലാപത്തിന്‍റെ 

ഗംഗയാറായൊഴുകുമ്പോള്‍ 

കാണുന്നു ഞാന്‍ മൃത സഞ്ജീവനീമണി 

ശാന്തിപ്രഭാ ബിന്ദുവായി


‘ബലന്ധര

---------------------

മല്‍പ്പിടുത്തം ഗദായുദ്ധ,മിതല്ലാതെ 

ഒറ്റദിനം പോലുമില്ല 

പൊണ്ണനെന്നാണു കുറ്റപ്പേര്, പാവത്താന്‍ 

എന്നെക്കുറിച്ചെപ്പോഴോര്‍ത്തു?


കല്‍ഹാരപുഷ്പം തിരഞ്ഞു കുഴഞ്ഞത് 

എന്‍മുടി ചൂടുവാനല്ല 

വീട്ടുതോട്ടത്തിലെ പൂക്കളില്‍ വണ്ടുകള്‍ 

മീട്ടുമ്പൊഴെന്തൊരസ്വാസ്ഥ്യം


ബലരാമന്‍ 

-----------------

അര്‍ഥമില്ലാത്തൊരാ 

യുദ്ധത്തെക്കാളെന്‍റെ

മദ്യയാനം തന്നെ ശ്രേഷ്ഠം



ബലവര്‍ദ്ധനന്‍

------------------------

ഇടത്തേ നെഞ്ചത്തു തറച്ച കത്തിയ-

മ്പെടുത്തു മാറ്റുമ്പൊഴേക്കും 

കഴുത്തില്‍ മറ്റൊന്നു തറച്ചു, ശത്രുവിന്‍ 

ധനുസ്സിന്‍ ഞാണൊലി കേട്ടു.



ബഹ്വാശി 

-----------------

കളിവണ്ടിയുണ്ടാക്കി നൂറ്റേഴു മക്കളും 

ഒരുവനതപ്പുറം കണ്ടിരുന്നു 

വിളയാടി വന്ന വസന്ത കാലങ്ങളോ 

സ്മരണയില്‍ കേറി പൊറുതിയായി.



ബാണന്‍ 

--------------------

കോട്ട കൊത്തളം നക്രക്കിടങ്ങുകള്‍ 

കൂട്ടമായ് കൊല ചെയ്യുന്ന സൈനികര്‍ 

കണ്ണിനപ്പുറം മായാരണത്തിന്‍റെ

കുന്തധാരികള്‍  ചാരപ്പട്ടാളങ്ങള്‍ 

ആരൊടിച്ചൂ കൊടിമരം? ഉള്ളിലെ 

പ്രേമഗന്ധം മണത്തറിയുന്നു ഞാന്‍.





ബ്രഹ്മദത്തന്‍ 

---------------------

ഉറുമ്പു ദമ്പതിക്കലഹം തങ്ങളില്‍

പറഞ്ഞു തീര്‍ക്കാറുണ്ടടിപിടിയില്ല

കിളികളും പ്രേമഭരിതരായ് സ്വയം 

പരിഭവങ്ങളെ പുകച്ചു ചാടിക്കും 

പുലികള്‍ വക്കാണം നിറുത്തി മക്കളെ 

ഹൃദയത്തില്‍ ചേര്‍ത്തു സമാശ്വസിപ്പിക്കും 

മനുഷ്യരിങ്ങനെ പിണങ്ങി നില്‍ക്കാതെ 

പരിസരം കണ്ടിട്ടിണങ്ങിപ്പോകണം 



ബ്രാഹ്മണകന്യക 

----------------------------

അച്ഛനമ്മമാരത്ഭുത പാഠങ്ങള്‍ 

വൃക്ഷശോഭയും സ്നേഹവുമുള്ളവര്‍

ശുദ്ധ ജീവിതം മക്കള്‍ക്കു നല്‍കിയ

വര്‍ദ്ധിതത്യാഗ ശൈലപതാകകള്‍ 

മര്‍ത്ത്യമാംസഭുക്കാമേതൊരുത്തനും 

ഭക്ഷണവസ്തുവായി ഞാനെത്തിടാം



ബാലഖില്യന്മാര്‍ 

---------------------------

വ്യോമ വീഥിയില്‍ പാറി നടക്കവേ 

താഴെയെത്ര പ്രണയങ്ങള്‍ കണ്ടു 

താപസാശ്രമത്തില്‍ മഹാരാജന്‍റെ 

കാമകാനനം പൂക്കുന്ന കണ്ടു 

യുദ്ധവീരര്‍ സമാധാനകാംക്ഷിയെ 

ദു:ഖവേനലിലാക്കുന്ന കണ്ടു 

ചാന്ദ്രരശ്മികളാമ്പലപ്പൊയ്കയില്‍ 

ശീതചുംബനം വര്‍ഷിച്ച കണ്ടു. 




ബാലധി

--------------

വിത്തുകളൊക്കെ പതിരായിടുമ്പോള്‍ 

വിദ്യകൊണ്ടെന്തു പ്രയോജനം 

മുത്തുകളൊക്കെയഴുകിപ്പോയെന്നാല്‍

ചിപ്പി വെറും വന്ധ്യഭാജനം

പുത്രരില്ലാതെ മരിച്ചുവെന്നാലോ 

പുഷ്പമില്ലാത്തൊരു പാഴ്മരം.



ബാല്‍ഹീകന്‍ 

-----------------------

വന്മരത്തെ തേടിയെത്തും 

മിന്നല്‍ പോലെ ഗദാഘാതം 

ഛിന്നഭിന്നം ശിരസ്സെന്നാ-

ലെന്മനസ്സില്‍ ശാന്തിവാക്യം 

മൃത്യുവിന്‍റെ കളിപ്പാട്ടം 

തെറ്റുതെറ്റീ ക്രൂരയുദ്ധം.



ബൃഹന്തന്‍ 

-------------------

തോല്‍വി സമ്മതിക്കുന്നു ഞാനര്‍ജ്ജുനാ 

ആയിരം പണം കപ്പമായിത്തരാം 

നീ ജയിച്ചാലുമാത്യന്തികമായി 

തോല്‍വി നിന്നെ പുണരാനിരിക്കുന്നു



ബൃഹദ്ധലന്‍

---------------------

കോസലനാടാണെ സത്യം ഞാനീ 

കോമള ബാലനെ കൊയ്തൊടുക്കും

സത്യപ്രതിജ്ഞയില്‍  പാമ്പു കൊത്തി 

അസ്ത്രങ്ങളേറ്റു ഞാന്‍ മണ്ണു പൊത്തി.


ബൃഹദശ്വന്‍

---------------------

കേള്‍ക്കുക കേള്‍ക്കുക ദമയന്തിക്കഥ

വേള്‍ക്കുക ദു:ഖാനന്തര ശാന്തി 

ഏല്‍ക്കുക മുന്‍ ചരിതങ്ങളിലെ വ്യഥ 

തോല്‍ക്കുകയില്ലൊരു നാളും നിങ്ങള്‍. 



ബൃഹദ്രഥന്‍ 

--------------------

രാജസദസ്സിലും നാട്ടിലും പൂജിക്കാന്‍ 

രാക്ഷസീചിത്രമേ വേണ്ടൂ 

കുഞ്ഞുങ്ങളെ പെറ്റുപേക്ഷിക്കുമപ്സര-

സ്വര്‍ല്ലോക സ്ത്രീകളെക്കാളും 

പാതയില്‍ കണ്ട പിളര്‍ന്ന ശിശുവിനെ 

യോജിപ്പിച്ചോള്‍ പൂജനീയ.



ബൃഹല്‍ക്ഷത്രന്‍ 

---------------------------------

യുദ്ധം യുദ്ധം യുദ്ധം എന്നിലെ 

ഹൃത്തില്‍ പൂത്തൊരു വൃക്ഷം , ചുറ്റും 

രക്തം പാനം ചെയ്യാനെത്തിയ 

ഗൃദ്ധ്ര0 പത്രമൊതുക്കീ മാംസം 

ഭക്ഷിക്കാന്‍ കാക്കുന്നൊരു യുദ്ധം.

യുദ്ധത്തിന്‍റെ ഹരത്തില്‍ ഞാനെന്‍ 

മക്കളെയൊക്കെ മറന്നേ പോയി.



ബൃഹല്‍ബലന്‍

--------------------------

സരയുവിനോടു ചൊല്ലണേ യുദ്ധ-

ക്കെടുതിയെല്ലാം, നിണം കണ്ട കാറ്റേ

ഒരുമയില്ലാത്ത കാരണത്താലീ 

മരണമെന്നറിയട്ടെ യുവാക്കള്‍  


ബൃഹസ്പതി 

-------------------

അമ്മയാകാനൊരുങ്ങിയ ചേച്ചിയില്‍ 

സമ്മതക്കൊടി കൂടാതെയെന്നിലെ

വന്യതയില്‍ മമത മുളച്ചതും 

ഒന്നുമോര്‍ക്കാതെ തെറ്റില്‍ കെണിഞ്ഞതും

ആണധികാര ദുര്‍വിനിയോഗമായ് 

കാണുമാറില്ല പണ്ഡിത മൂഢത

ഏതു തീര്‍ത്ഥത്തില്‍ സ്നാനിച്ചുയരണം

പാപശല്‍ക്കം കൊഴിഞ്ഞു തെളിയുവാന്‍!



ബോദ്ധ്യന്‍ 

------------------

പക്ഷി,വേശ്യ,മൃഗ,മുരഗങ്ങള്‍ 

അപ്രസക്തമാകുന്നില്ലൊരാളും

അഭ്യസിച്ചു നൈരാശ്യ, മൊറ്റപ്പെടല്‍

സുപ്രധാന സഹന, മേകാഗ്രത 

വീടുനിര്‍മ്മാണമെത്രയും സങ്കടം 

ജീവികള്‍ സ്വഗൃഹവാസിയല്ലെടോ



ഭഗദത്തന്‍ 

----------------

പൂത്ത കണിക്കൊന്ന കുന്നിന്‍റെ കൊമ്പില്‍ നി-

ന്നാര്‍ത്തനായ് വീഴുന്ന പോലെ ഞാനും 

അമ്പേറ്റടരുന്നു രക്തമെത്തയ്ക്കു മേല്‍ 

സംഭവം തീര്‍ന്നു, ചിരിച്ചു മാനം.

ഒത്തപോലെന്തേ വഴങ്ങിയില്ലിന്നു നീ 

യുദ്ധമാനയ്ക്കും മടുത്തു പോയോ?






ഭഗീരഥന്‍ 

----------------

വിണ്‍ഗംഗയെ കൊണ്ടു വന്നിട്ടുമെന്തേടോ 

മണ്‍തല കൊണ്ടൊന്നു ചിന്തിച്ചു നോക്കുക 

ഞാനും മരിച്ചെന്‍റെ രാജ്യം മറന്നു പോയ് 

ജ്ഞാനോദയമൊറ്റ ബിന്ദു,വതേ മൃതി.



ഭദ്ര 

------

കാറ്റില്‍ വീണ മരത്തിന്‍റെ

മൂട്ടില്‍ നിന്നും മുളയ്ക്കുന്ന 

ശാഖിപോലെന്നുള്ളിലേക്ക് വളര്‍ന്ന സ്നേഹം 

വിശ്വസിക്കാനാവതല്ലീ

ശവഭോഗ,മമ്മയായ് ഞാന്‍ 

ഉദ്യമിച്ചോ മുന്‍പൊരിക്ക-

ലുജ്ജ്വലരാഗം?



ഭയങ്കരന്‍ 

---------------

അര്‍ജ്ജുനാസ്ത്രമേറ്റു ഞാന്‍ 

പിടഞ്ഞു വീണ നേരവും 

ഇഷ്ടതോഴ, നിന്‍ പതാക-

പേറുവാന്‍ കൊതിച്ചു ഞാന്‍.

തെറ്റു വന്നു ചെണ്ട കൊട്ടി-

യാര്‍ക്കിലും സുഹൃത്തിനെ 

ഒറ്റുവാനെനിക്കു വയ്യ 

സ്നേഹമെന്‍റെ വാഹനം.







ഭരതന്‍ 

-----------

സിംഹാസനം, പൊന്‍കിരീടം 

വെഞ്ചാമരം സൈന്യ വ്യൂഹം 

ഒക്കെ ശരി, യെങ്കിലും ഞാന്‍ 

അച്ഛന്‍റെ പുത്രനേയല്ല.

അമ്മതന്നോമനപ്പൈതല്‍ 

സിംഹത്തെ പോറ്റിയ കുട്ടി.



ഭരദ്വാജന്‍ 

----------------

സ്നാനഘട്ടം മിന്നലൊപ്പം നഗ്നയെ കണ്ടു 

ഹേമവര്‍ണ്ണം കോമളാംഗം കാമിനീരൂപം 

പൂമരച്ചോട്ടിലെ സര്‍പ്പസന്നിധാനത്തില്‍ 

നീരുറവ പൊട്ടിയല്ലോ തീപ്പുഴയായി.

മനുഷ്യന്‍ ഞാന്‍ ദുര്‍ബ്ബലത്വം കുടത്തിലാക്കി 

തപസ്സെന്നാല്‍ മനസ്സിന്‍റെ നിദ്രത മാത്രം!  



ഭ്രമരന്‍ 

------------

തോഴ, നിന്‍റെ ദുരാഗ്രഹത്തിന്‍റെ

തീപിടിച്ച പതാകയും പേറി

കൂടെവന്നര്‍ജ്ജുനാസ്ത്രമേറ്റപ്പോള്‍

ജീവിതം വ്യര്‍ത്ഥമായെന്നു തോന്നി.

കൂട്ടുകൂടി പിഴച്ചു പോയല്ലോ 

നാട്ടിനേകാന്‍ കഴിയാത്ത ജന്മം.








ഭംഗാസ്വന്‍

-----------------

ആണായും പെണ്ണായും ജീവിച്ചു ഞാന്‍ രതി-

വേളയില്‍ പെണ്ണായ് രസിച്ചു 

ആണിനെക്കാളെത്ര ഹര്‍ഷദം മൈഥുനം 

സ്ത്രീജീവിതം ഞാനെടുത്തു 

പേടകള്‍ പേടകള്‍ സ്നേഹസുരതത്തിന്‍ 

റാണിമാരെന്നെന്‍റെ ബോദ്ധ്യം



ഭാനുമതി 

---------------

മുന്നിലെത്തുമ്പോള്‍, കരിമ്പുലിയെന്‍ മുയല്‍ 

പൊന്‍ പ്രദീപം പോല്‍ വിളങ്ങും സുയോധനന്‍ 

കര്‍ണ്ണ സൌഹാര്‍ദ്ദം മനസ്സില്‍ സുഗന്ധമായ് 

വന്നപ്പോഴും ഏക പത്നിയില്‍ നിന്നവന്‍.

സ്നേഹമേ, രാജസിംഹാസനമല്ലൊരു 

വാകത്തണലേ കൊതിക്കുന്നതുള്ളു ഞാന്‍.



ഭാനുമാന്‍

----------------

രഥങ്ങളേ ധ്വജങ്ങളേ ഗജങ്ങളേ പെരുമ്പട-

ത്തടങ്ങളേ ജയിച്ചിടാതെ നാട്ടിലേക്കു പോകുവാന്‍ 

തിടുക്കമില്ല, ഞാനുമെന്‍ സഖാക്കളും മരിക്കുവാന്‍

മടിക്കുകില്ല, പോരില്‍ ഞങ്ങളുധൃതക്കരുത്തുകള്‍  



ഭാനുസേനന്‍ 

---------------------

അനാഥത്വമില്ലെന്‍റെ ജീവിതഛത്രം

സനാഥത്വമേകുന്നു കൌരവപക്ഷം 

കഥയ്ക്കപ്പുറം കര്‍ണ്ണ പുത്രന്‍റെ ശൌര്യം 

തടുക്കാന്‍ വരട്ടേ മൃതിപ്പടക്കൂട്ടം 


ഭീമന്‍ 

----------

പാരിജാതത്തിന്‍ 

സുഗന്ധമായോര്‍മ്മയില്‍ 

പാഞ്ചാലി പോലുമി-

ല്ലാത്മദു:ഖത്തിന്‍റെ

ഘോരയുദ്ധത്തില്‍ 

തകര്‍ന്ന പരിഘമായ് 

ജീവിതം

കാറ്റായ് മടങ്ങുകയാണു ഞാന്‍.



ഭീമബലന്‍ 

-----------------

എണ്ണയിട്ട യന്ത്രം പോലെ സൈന്യം 

മണ്ണടിയുന്നതെത്രയോ ദൈന്യം 

എന്‍റെ മണ്ണിനെന്‍ ചോര നൈവേദ്യം 



ഭീമവിക്രന്‍ 

------------------

ഇടതുകാല്‍ കുത്തി വലത്തോട്ടു തുള്ളണം

കുതിയിലൊരുത്തനെ കുത്തിയൊടുക്കണം

അടവു പിഴയ്ക്കാതിരുന്നുവെങ്കില്‍.



ഭീമവേഗന്‍ 

------------------

ശംഖം മുഴക്കിയടുക്കുന്നു സംഘങ്ങള്‍ 

ഹുങ്കിന്‍റെ അമ്പുറ മിന്നിത്തിളങ്ങുന്നു 

അമ്പുറയ്ക്കാത്ത ഞാണാകുമോ നമ്മള്‍?





ഭീഷ്മര്‍ 

----------

ആത്മഹത്യക്കു മുന്‍പല്‍പ്പം 

ജലം തന്നതാരാകിലും നന്ദി,

അമ്മേ വരുന്നു ഞാന്‍ 


യുദ്ധാവസാനം 

ജയിച്ചവര്‍ക്കൊക്കെയും 

അസ്ത്രക്കിടക്കയൊരുക്കുന്ന കാലമേ 

എന്നെക്കുറിച്ചോര്‍ത്തു 

ദു:ഖിക്കുവാന്‍ മണ്ണി-

ലെന്നില്‍ നിന്നാരുമില്ലാത്തതേ ധന്യത.



ഭീഷ്മകന്‍

---------------

കറന്ന പൈമ്പാല്‍ നിറഞ്ഞ പാത്രം 

എറിഞ്ഞു വീഴ്ത്തരുത്

വിവാഹരംഗം സ്പര്‍ദ്ധയുണര്‍ത്തി

വിവാദമാക്കരുത് 

കടുത്ത വാക്കാല്‍ വധൂഗൃഹത്തെ 

ശ്മശാനമാക്കരുത് 

പ്രിയം മകള്‍ക്കീ കറുമ്പനെന്നാ-

ലെതിര്‍ത്തു നില്‍ക്കരുത്.



ഭുവനന്‍ 

-------------

മോഹസൈന്യത്തെ ജയിച്ചവനെങ്കിലും

ഭാരതപ്പോരില്‍ പടിഞ്ഞു

ദാഹശമനത്തിനമ്മപ്പുഴയുടെ 

കാരുണ്യമിറ്റിച്ച നേരം 

നേരോ നിറഞ്ഞതാക്കണ്ണുകള്‍ ജീവനില്‍ 

തേരോടിച്ചെന്നോ വിഷാദം 


ഭുമന്യു

-----------

ചക്രവാളങ്ങള്‍ കറുത്തു കാണുന്നിതാ 

ദു:ഖപതാകകള്‍ ചുറ്റും 

മൂന്നമ്മമാരവര്‍ക്കൊമ്പതു പുത്രന്മാര്‍ 

ഏവരേയും കൊന്നൊടുക്കി 

പത്താമന്‍ ഞാന്‍ രാജ്യഭാരത്തിലെത്തുമ്പോള്‍ 

സ്വപ്നമൊന്നേയെനിക്കുള്ളൂ 

പുത്രഹന്താക്കളാമമ്മമാരില്ലാതെ 

പുഷ്പിക്കണം രാഷ്ട്രവൃക്ഷം.



ഭൂമി 

-------

പര്‍വതങ്ങള്‍ മനുഷ്യര്‍ വന്‍പാറകള്‍ 

സര്‍വതും ഞാന്‍ സഹിച്ചുവെന്നാകിലും 

ദുഷ്ടമര്‍ത്ത്യര്‍ നിറഞ്ഞതു കാരണം 

ബുദ്ധിമുട്ടി ഞാന്‍ വീഴുന്നു താഴുന്നു 

ഇഷ്ടരാരാണനിഷ്ടരാരാണെന്നു 

ദൃഷ്ടി തൊട്ടു പറയുവാന്‍ വയ്യെടോ 



ഭൂതശര്‍മ്മാവ്

----------------------

ഗരുഡവ്യൂഹം, ഗളസ്ഥാനമൊക്കെയും 

രുധിര സാന്ദ്രമായ് മാറിയ നേരവും 

അമിത സൌഹൃദം തന്ന ധനുസ്സുമായ് 

പൊരുതി നിന്നു പരാജയപ്പെട്ടു ഞാന്‍.


ഭൂരിദ്യുമ്നന്‍ 

------------------

ഇതുവരെ കാണാത്ത വന്യമൃഗത്തിന്‍റെ 

നിഴലിലൂടുള്ളിലേക്കുള്ളിലേക്കങ്ങനെ 

വനഹൃദയധമനികള്‍ തേടിയുമോടിയും

വഴിയിലെവിടോ വീണൊരാഗ്രഹമാണു ഞാന്‍.


ഭൂരിശ്രവസ്സ് 

-------------------

അറുത്തെടുത്ത കയ്യിലെന്‍റെ 

വാള്‍ വിളങ്ങിടുന്നു, ഞാന്‍ 

ഇടത്തു കൈപ്പടത്തിനാല്‍ 

തൊടുത്തിടട്ടെയമ്പുകള്‍.


പഴുത്ത ലോഹ സൂര്യനില്‍ 

തറച്ചിടട്ടെ ദൃഷ്ടികള്‍ 

ജലത്തിലെന്‍ മനസ്സ്;

യുദ്ധനീതി താന്‍ വധോത്സവം.


ഭൂലിംഗപ്പക്ഷി 

-----------------------

സിംഹവായില്‍ കേറിയെന്നും 

പല്ലിടയില്‍ കുത്തിയെന്റെ

അന്നമാര്‍ജ്ജിക്കുന്ന കണ്ടു ഭ്രമിക്കവേണ്ട 


സാഹസങ്ങളരുതെന്നു

നൂറു വട്ടം ഞാന്‍ പറയും 

സാഹസമില്ലാതെനിക്കു ജീവിതമില്ല.



ഭോജന്‍ 

------------

ജനങ്ങളേ മറക്കുക, 

മനം തുടിച്ചു പോയി ഞാന്‍ 

അടര്‍ക്കളത്തിലത്ഭുതങ്ങള്‍ 

കാട്ടുവാന്‍ കൊതിച്ചതും 

ധനുസ്സൊടിഞ്ഞു ഭൂമിയെ 

പുണര്‍ന്നുഴിഞ്ഞു വീണതും 

തളര്‍ന്നതും തകര്‍ന്നതും 

മരിച്ചടിഞ്ഞു പോയതും.



മങ്കണകന്‍

-----------------

കത്തിജ്വലിച്ചു പറക്കുന്നൊരുല്‍ക്ക പോല്‍ 

നഗ്നസരസ്വതി മാഞ്ഞുപോയെങ്കിലും 

അഗ്നിശൈലം കവിഞ്ഞെത്തുന്ന ലാവയായ് 

മക്കളുണ്ടേഴു കുംഭത്തില്‍ പിറന്നവര്‍.

ഉഗ്രതപസ്വി ഞാനെങ്കിലും സ്ത്രൈണതേ

മുഗ്ദ്ധനാക്കുന്നു നീ പിന്നേയും പിന്നേയും.



മങ്കിമഹര്‍ഷി 

----------------------

സ്വന്തമായ് പണം നല്കി ഞാന്‍ വാങ്ങിയ 

രണ്ടു കാളയെ ഒട്ടകം കൊണ്ടുപോയ് 

ദു:ഖമുണ്ടായ് പഠിച്ചു ഞാന്‍ പാഠം

ദു:ഖകാരണമാഗ്രഹം മാത്രം.

എത്ര കേമന്‍ മഹര്‍ഷിയായാലും 

ഇച്ഛ പൂത്താല്‍ വിഷാദം ഫലിക്കും.


മണിമാന്‍

----------------

എത്ര രാജാക്കള്‍ യൌവനര്‍ സാമന്തര്‍ 

എത്രയശ്വങ്ങള്‍ ആനകള്‍ ആളുകള്‍ 

മൃത്യുവിന്‍റെ വയറ്റില്‍ ദഹിച്ചുപോയ്

യുദ്ധമെന്നെയും ഭക്ഷണമാക്കിയോ.



മത്സ്യന്‍ 

-------------

പ്രിയ സഹോദരി രാജ്ഞിയാകുന്നതും 

വിവിധ ദു:ഖത്തിലാഴ്ന്നുലയുന്നതും 

ഇവിടെ രാജാങ്കണത്തിലിരുന്നു ഞാന്‍ 

സ്ഫടികവട്ടത്തിലെന്ന പോല്‍ കാണുന്നു.

നദിയില്‍ നിന്നും തുടങ്ങിയ ജീവിതം 

കടലിലേക്കെന്ന പോലെ തുടരുന്നു.


മതംഗന്‍ 

--------------

ബ്രാഹ്മണിയില്‍ ക്ഷുരകന്‍റെ 

സ്നേഹബീജം വിതച്ചെന്നാല്‍ 

ബ്രാഹ്മണനോ ദളിതനോ മുളച്ച സസ്യം?

ബ്രാഹ്മണത്വം ലഭിക്കില്ല 

ദളിതസീമയില്‍ ഞാനെന്‍ 

കാമചാരിത്വത്തിന്‍ നൂറു കൊടികള്‍ കെട്ടും.


മദന്‍ 

--------

അപരാധിയല്ല ഞാനെങ്കിലുമെന്‍ 

വഷളത്തം പെണ്ണിലും നായാട്ടിലും 

മദ്യപാനത്തിലും ചൂതാട്ടത്തിലും 

ഒട്ടിച്ചു വച്ചൂ മഹര്‍ഷിവര്യന്‍.


മദയന്തി

--------------

രാജസുഗന്ധം കൊതിച്ചവള്‍ ഞാന്‍ 

ചാരഗന്ധത്തിനാല്‍ തൃപ്തയായി 

പൂവിന്‍റെ ചുംബനം കാത്തിരുന്നോള്‍ 

ഭോഗാധികാര വിധേയയായി 

പെണ്‍ കിനാവിന്‍റെ മയില്‍പ്പേടകള്‍

കണ്‍ തുറന്നാല്‍ വലക്കണ്ണി മാത്രം.



മദിരാക്ഷന്‍ 

-------------------

ദ്രോണരാണു മുന്നില്‍ ഞാന്‍ 

മരിക്കുമെന്നു നിര്‍ണ്ണയം 

ആവനാഴിയില്‍ നിറച്ച 

ധൈര്യമാണു സായകം.

തോഴരക്ഷ മുഖ്യമെന്‍റെ 

ജീവിതത്തിലെപ്പൊഴും 

പ്രാണനില്‍ മുളച്ചതാണ്

സ്നേഹമെന്ന പൂമരം.



മധു 

-------------

വസ്ത്രമില്ലാത്തോര്‍ക്കു വസ്ത്രം, വിശപ്പിന്‍റെ

അസ്ത്രം തറച്ചോര്‍ക്കു സംതൃപ്ത ഭോജനം 

തല്‍പ്പമില്ലാത്തോര്‍ക്കു തല്‍പ്പ, മണിയുവാന്‍ 

പുഷ്പമില്ലാത്തോര്‍ക്കു പുഷ്പഹാരം തരാം 

കാടുണ്ട്, ശാന്തനിദ്രയ്ക്കു തണലുണ്ട്

കൂടുതലൊന്നുമേയാശിപ്പതില്ല ഞാന്‍.


മധുകൈടഭര്‍ 

----------------------

തെറ്റിന്‍ കിരീടമണിഞ്ഞവരല്ല 

കള്ളച്ചതികള്‍ കുടിച്ചവരല്ല 

ധര്‍മ്മം ബലം രൂപമിപ്പക്ഷികള്‍ക്ക് 

കര്‍മ്മത്താല്‍ നൂറു ചിറകു കൊടുത്തോര്‍ 

എങ്കിലും കൊല്ലാനടുക്കുന്നു ചക്രം 

കൊന്നു നീ തിന്നുകയീ സത്യദേഹം

തന്ത്രത്തിന്‍ സര്‍പ്പമടിയില്‍  ശയിച്ച്

ഞങ്ങള്‍ വരിക്കാം മരണമഹത്വം


മധുമതി 

--------------

രമ്യഹര്‍മ്മ്യങ്ങ, ളുദ്യാന വീഥികള്‍ 

നര്‍മ്മവൃക്ഷം ഫലിച്ച വിദൂഷകര്‍ 

ചന്ദനക്കട്ടില്‍ വെള്ളിയൂഞ്ഞാലുകള്‍

മന്ദഹാസമലരുമായ് ഭൃത്യകള്‍ 

ഇന്നു പൂകാം നമുക്കു മധുപുരം 

എങ്ങുമെന്നും മധുരം മനോഹരം.




മന്ദപാലന്‍

----------------

ഒരുവളെക്കണ്ടു ഭ്രമിച്ചപ്പൊഴും കണ്ണി-

ലിരുചിറകുള്ളവരായിരുന്നു

പകരം തരാമെന്‍റെ ജീവിതം, തീനാക്കി-

ലടരാതിരിക്കണേ ശൈശവങ്ങള്‍.

 

മമത

---------

ഗര്‍ഭകാലത്തു സഹോദരദുഷ്ടനാല്‍ 

ദു:ഖീകരിച്ച ഹതഭാഗ്യയാണ് ഞാന്‍ 

പെറ്റതു കണ്ണില്ലാക്കുഞ്ഞിനെ, യോമനേ

പൊട്ടിക്കരഞ്ഞു മരിക്കട്ടെ ഞാനിനി.


മരീചി 

-----------

ധ്യാനിച്ചിരിക്കുമ്പൊഴും കടക്കുന്നു നീ 

ശ്രീകലയായെന്‍ മനസ്സില്‍ 

ജായമാരില്‍ നിന്നിലെന്‍റെയേകാഗ്രത 

മേഘചിത്രങ്ങള്‍ വരച്ചു 

പോകാതെ ചേര്‍ന്നേയിരിക്കു നിന്‍ നിശ്വാസം 

ജീവിതത്തിന്‍റെയാശ്വാസം 


മരുത്തന്‍

---------------

മഞ്ഞിന്‍ വെളുമ്പടം ചൂടിയുറങ്ങുന്ന 

ശൃംഗങ്ങളേ സാക്ഷിനില്‍ക്കൂ 

ഇന്ദ്രാധികാരം പുരോഹിതാഹങ്കാര-

മെന്നിവ കാട്ടിലെ പുല്ല്

യാഗാഗ്നിയില്‍ വെന്തെരിഞ്ഞു നശിക്കട്ടെ 

ദേവരാഷ്ട്രീയ വൈരാഗ്യം.

ദൂരെ ഹിമം കൊണ്ടു മൂടിക്കിടപ്പുണ്ട് 

കാഞ്ചനം ഭാവിക്കെടുക്കാന്‍.


മഹാബലി 

-----------------

പ്രിയ ജനങ്ങളേ, മാപ്പ്, ഞാന്‍ വഞ്ചിച്ചു 

മഹിതരാമെന്‍റെ ഓമല്‍പ്രജകളെ 

ചതിയരെത്തും ശിരസ്സു നമിച്ചു കൊണ്ട് 

അടിയറവു പറയാതിരിക്കണേ 



മഹാബാഹു 

--------------------

ഉജ്ജ്വലം മാര്‍ത്താണ്ഡബിംബം നഭസ്സില്‍ 

വജ്രത്തിളക്കം വാളൊച്ചകള്‍ മണ്ണില്‍ 

ഇപ്പകല്‍ ചാടിക്കടക്കുമോ നമ്മള്‍?



മഹോദരന്‍ 

------------------

നമ്മള്‍ കളിച്ചു വളര്‍ന്നവരെങ്കിലും

തമ്മിലീ യുദ്ധം വിനാശസസ്യകൃഷി 

ആരു വിതച്ചതീ വിത്തുകള്‍?



മാതലി

------------

ഇന്ദ്രസാരഥിയായിട്ടു കാര്യമി-

ല്ലെന്‍റെ പുത്രിക്കനുയോജ്യനാം  വരന്‍

പക്ഷിരാജനു ഭക്ഷണമാകണം 

രക്ഷയെന്തശ്വസൂത്രങ്ങള്‍ പാഴിലായ്.

വെച്ചു മാറണം ചമ്മട്ടി,യെന്തിനീ

പുച്ഛവും സഹിച്ചിങ്ങനെ കൂടണം?



മാദ്രവതി

----------------

വിപിനസഞ്ചാരവും ജീവിവേട്ടയും 

പുരുഷകേളികളാണെന്നിരിക്കിലും 

ഫലമറിയുന്നതന്തപ്പുരത്തിലെ

വനിതകളാ, ണറിഞ്ഞു കരഞ്ഞു ഞാന്‍.

പ്രിയനെയേതോ വിഷപ്പാമ്പു മുത്തിയ 

കഠിന വാര്‍ത്തയില്‍ പൊള്ളി മരിച്ചു ഞാന്‍.



മാധവി 

------------

അച്ഛനെന്നെ നല്‍കവേ 

അപേക്ഷകാ ചിരിച്ചു നീ 

ഇച്ഛ പോലെ വിറ്റെടു-

ത്തൊഴിച്ചു നിന്‍ കടക്കെണി 


സ്വപ്നമായിരുന്നുവോ 

നടന്നതും കിടന്നതും

സത്യമാണൊരാണിനെ

വരിക്കുകില്ല ഞാനിനി.











മാദ്രി

--------

പുരുഷന്റെ 

അന്ത്യരതിക്കിരയായവള്‍

മുലകളില്‍ 

ചിതറിത്തെറിച്ച ശിരസ്സിനും 

വിഫലരേതസ്സിനും സാക്ഷി.


ഒടുവില്‍ 

വനം കണ്ടു നില്‍ക്കെ

ചിതത്തീയിലെരിയവേ 

പ്രാര്‍ഥിച്ചതൊന്നൂ മാത്രം

മക്കളിരുവരുടെ 

ശ്രേയസ്സതൊന്നു മാത്രം.



മാന്ധാതാവ് 

--------------------

സൂര്യകാന്തിപ്പൂ വിടരും നാടു തൊട്ട് 

വീര്യശോഭ മങ്ങി വീഴുന്നിടത്തോളം 

വീതിയും നീളവുമാര്‍ന്ന ഭൂപ്രദേശം 

ഞാനടക്കി ഭരിച്ചെ, ന്നാല്‍ മരിച്ചല്ലോ 

ഇത്രമാത്രം ജീവിതത്തിന്‍ ബാക്കിപത്രം 

സത്യമൊന്നേ മൃത്യുവെന്നാണാപ്തവാക്യം 












മായാവതി 

-----------------

മയില്‍മുട്ട പൊട്ടി വിരിഞ്ഞു കുഞ്ഞ് 

വളരുകയാണെങ്കില്‍ പേടകള്‍ക്ക് 

മകനല്ല, പ്രാണരതിപ്രിയനായ്

പുണരുമതത്രേ പ്രകൃതിനീതി 

അതുപോല്‍ ഞാന്‍ പോറ്റിയ ബാലനിപ്പോള്‍ 

തരുണനായെന്നില്‍ കൊതി പെരുത്തു

മുകരുക നീയെന്‍റെ കാമദേവന്‍ 

ഇവളോ നിന്നമ്പേറ്റ മൈഥുനിയും.





മാരിഷ

-------------

ഹംസങ്ങളേ വത്സധേനുക്കളേ

അമ്മിഞ്ഞയൂട്ടിക്കഴിഞ്ഞില്ലല്ലോ

ഓമല്‍ പൃഥയെ വളര്‍ത്തുപുത്രി-

പ്പൂവായ് കൊടുക്കണമെന്നു കേള്‍ക്കെ

കുന്തിച്ചിരുന്നു പ്രതീക്ഷയെല്ലാം 

സങ്കടം കണ്ണീര്‍ തുടച്ചു തന്നു 

നോക്കി നടത്തണേ കല്ലുകളേ

പാട്ടിലുറക്കണേ പൂങ്കുയിലേ.



മാര്‍ക്കണ്ഡേയന്‍ 

---------------------------

കഥകള്‍ കഥകളുദാഹരണങ്ങള്‍ 

കഥകളിലുണ്ടു മഹാ സുവിശേഷം 

കഥയില്‍ പൂത്തതു കാര്യമരങ്ങള്‍ 

അതിലുണ്ടുത്തമ മധുരഫലങ്ങള്‍.

പറയാക്കഥയോ കടലാണതിലോ

പടരുന്നുണ്ടൊരു പവിഴത്തോട്ടം 




മിത്രവിന്ദ 

----------------

താതസഹോദരീ പുത്രി ഞാന്‍, നിന്‍ തേരി-

ലേറുവാനെന്തനുവാദം?

ഏതു സഹോദരന്‍ മീശ പിരിക്കിലും 

കൂടെ വരുന്നു ഞാന്‍ കണ്ണാ

നിന്‍റെയാ ജായാസമൂഹത്തില്‍ ഞാനൊരു 

കുഞ്ഞുവേഴാമ്പലായാലും 

എന്തഭിമാനം, കരുതി വയ്ക്കുന്നു ഞാന്‍ 

എന്‍ മയില്‍പ്പീലിയും കൂടി



മിത്രസഹന്‍ 

--------------------

എന്തൊരു ജീവിതം, മറ്റൊരാളായി ഞാന്‍ 

സംവത്സരങ്ങള്‍ വനത്തിലലഞ്ഞതും 

മര്‍ത്ത്യമാംസം ഭുജിച്ചാര്‍ത്തു വിളിച്ചതും 

സ്വസ്ഥം രതിക്രീഡ ചെയ്ത യുവാവിനു

മൃത്യുവേകി ഇണപ്പെണ്ണാല്‍ ദഹിച്ചതും 

ഇഷ്ടഗുരുവിനെന്‍ പെണ്ണിനെ നേദിച്ചു 

ഹര്‍ഷം നടിച്ചതും ജീവിതം ഭീതിദം!



മുചുകുന്ദന്‍ 

-------------------

സൌജന്യഭക്ഷണം സൈന്യം ധനം തുകില്‍ 

സൌമനസ്യത്താല്‍ തരുന്ന സമ്മാനങ്ങള്‍ 

പക്ഷിയെപ്പോലെ തിരസ്ക്കരിക്കുന്നു ഞാന്‍ 

യുദ്ധമെങ്കില്‍ യുദ്ധ, മങ്ങനാര്‍ജ്ജിച്ചിടും.

ചൂടില്‍ പൊരിയാതൊരു ജലബിന്ദുവും

താഴെ മഴയായ് പൊഴിയുമാറില്ലെടോ.





മൃഗജീവനന്‍ 

----------------------

മുഖകമലത്തില്‍ പൊന്നരയന്നമോ

മുലയിണകളിലോമല്‍പ്പിറാക്കളോ

തുടുനിതംബമോ വെള്ളച്ചമരിയോ 

വയ,റഴകിയാം വേഴാമ്പല്‍പ്പേടയോ

അഭയവാക്കാല്‍ സമാധാന മുദ്രയാല്‍

മനധനുസ്സ് കുലയാന്‍ തുടിക്കുന്നു 

നിലവിളികളും പൂങ്കുയില്‍ നാദമാ-

ണിവള്‍ ദമയന്തിയോ വനദേവിയോ!



മൃഗാവതി 

-----------------

ചേലയില്ലാതെ നീന്തിത്തുടിക്കുവാന്‍

ചോര കൊണ്ടൊരു പുത്തന്‍ ജലാശയം 

നീലമുന്തിരിച്ചാറാണു ചുറ്റിലും 

നീരിനെന്‍റെ രാജാവിന്‍റെ മാധുരി 

മൂര്‍ച്ചയേറിയ കൊക്കും നഖവുമായ് 

താഴ്ചയിലേക്കിറങ്ങും പരുന്തിനെ 

ആഗ്രഹിച്ചതേയില്ല, വന്‍പര്‍വതം 

ആശ്വസിപ്പിക്കയാണെന്നറിഞ്ഞു ഞാന്‍ 


മൃത്യു 

----------

മഞ്ഞയോട് കരിഞ്ചോപ്പ് കലര്‍ന്ന വര്‍ണ്ണം 

രക്തനാവ് നിണക്കണ്ണ് മൃദുല ചിത്തം 

കദനങ്ങള്‍ കണ്ടുപോയാല്‍ കരഞ്ഞു പായും 

പ്രിയജന വേദനയില്‍ മനസ്സു നോവും 

കറുത്ത വസ്ത്രവും വജ്രത്തോടയുമിട്ട്

കഠിന ചിന്തയില്‍ പെട്ട മരണപ്പെണ്ണ് 



മേധാവി 

---------------

ധനത്തിനും സുഖത്തിനും കിനാവിനും സുമത്തിനും 

ഗൃഹത്തിനും രണത്തിനും നിതാന്ത ജീവനില്ലെടോ

ജയിച്ചിടുന്നതൊറ്റയാള്‍ ഭരിച്ചിടുന്നതൊറ്റയാള്‍

ചിരിച്ചിടുന്നതൊറ്റയാള്‍ മൃതി, മൃതിയൊരൊറ്റയാള്‍


മേനക 

------------

പെണ്‍വാസനക്കിത്ര ശക്തിയോ 

ഗന്ധര്‍വ്വന്‍ 

കണ്‍ തുറക്കുന്നു, 

മുഖം പൊത്തി കാനനം!



മൈത്രേയന്‍

---------------------

മനുഷ്യന്‍റെ തുടയെല്ലു 

തകര്‍ന്ന മാംസവും തേടി 

കഴുകര്‍ വട്ടം പറക്കും രണഭൂമിയില്‍ 

നിണത്തില്‍ മുങ്ങിയ വീര-

ക്കൊടി പാറുന്നതു കാണാന്‍ 

ഇടവരും കുരുശ്രേഷ്ഠാ കരുതിപ്പോക.


മൌല്‍ഗല്യന്‍ 

----------------------

വിരലറ്റു ചോറ്റുപാത്രത്തില്‍ 

വീഴുന്നപോല്‍

പുരുഷത്വവും കാമമോഹവും 

പട്ടു പോയ്.

പിരിയാം നമുക്കിനി, ദാഹമടങ്ങാത്ത 

മരുഭൂമിയാണു നീ 

ദുര്‍ബലമാരി ഞാന്‍.


യദു 

-------

പുത്തനുറവയായ് പര്‍വതസാനുവി-

ലെത്താന്‍ നദി മോഹിക്കില്ല 

വൃദ്ധലതകള്‍ക്കു താരുണ്യമുല്ലകള്‍ 

പുഷ്പകാലം കൊടുക്കില്ല

മുത്തശ്ശിപ്ലാവിനു കൊച്ചുമക്കള്‍ സ്വന്തം 

ചക്ക സമ്മാനിക്കുകില്ല 

അച്ഛന്‍ മകന്‍റെ മഹത്തായ യൌവനം  

സ്വപ്നത്തിലും കൊതിക്കില്ല.





യയാതി 

--------------

രതിക്കില്ലൊരന്ത്യം

കൊതിക്കില്ല മാന്ദ്യം 

കൊടിക്കൂറ പാറിച്ചു വാഴുന്നു കാമം.


യുവത്വപ്പതാക

തിരിച്ചു നല്‍കുമ്പോള്‍

വിരക്തന്‍റെ കപ്പല്‍ നിറുത്തുന്നു യാനം.


കിണറ്റില്‍ കിടന്നെന്നെ 

വീണ്ടും വിളിക്കാ -

തിരുന്നെങ്കിലാനന്ദ സംയോഗ സര്‍പ്പം.


യവക്രീതന്‍

-------------------

വിപ്രമുഖത്തു നിന്നല്ലാതെ വിദ്യകള്‍ 

അഭ്യസിക്കുന്നതില്‍ തെറ്റു കണ്ടില്ല ഞാന്‍ 

തെറ്റിയതെന്നിലെ കാമതൃഷ്ണ, ചെന്നു 

മുട്ടിയ വാതില്‍; .തുറന്നില്ലയെങ്കിലും 

ശിക്ഷ ഞാനേറ്റു വാങ്ങുന്നു, ധിക്കാരിക്ക് 

ലക്ഷ്യവും മാര്‍ഗ്ഗവുമൊന്നായിരിക്കണം.


യശോദ 

-------------

തൈരു കടയണോ വെണ്ണയുരുക്കണോ

കാലിയെ പോറ്റണോ പാലു കറക്കണോ

ലോകത്തിലേക്കും കുറുമ്പുള്ള മക്കളെ 

പാലിക്കണോ ഞാന്‍ വലഞ്ഞു പശുവായി.

ഏതു തൊഴുത്തെനിക്കേതു പുല്‍മേടെനി-

ക്കേതു കടമ്പിന്‍ ചുവട്ടിലെന്‍ വിശ്രമം.





യശോധര 

----------------

പ്രണയലോല, നെന്‍ ജീവിതപ്പൊയ്കയില്‍

ജലവിനോദം നടത്തിയ കാമുകന്‍  

പ്രിയനവന്‍, ഹസ്തി, സമ്മാനമായ് തന്ന 

പുരിയിത്, സുഖപ്പൂക്കള്‍ നിറഞ്ഞത് 

ഇവിടെയെപ്പൊഴും സന്തോഷമേയുള്ളു

കവിത ചൊല്ലുന്നു കാറ്റും മരങ്ങളും 


യാഗശാലയിലെ കീരി

------------------------------------

പട്ടിണിയായ മനുഷ്യന്‍ തന്ന 

യവപ്പൊടിയെക്കാള്‍ കഷ്ടം, പലവക 

ദുഷ്ടത ചെയ്തു ലഭിച്ച കിരീടം 

വെച്ചു നടത്തിയൊടുക്കിയ യാഗം 


രാജാവിന്‍റെ ധനാഢ്യതയെക്കാള്‍

പാവത്തിന്നാത്മാര്‍ത്ഥതയല്ലോ 

കേമം, വെള്ളക്കുതിരയിലില്ല 

വിളക്കിലുമില്ലാ സുകൃതാശ്ലേഷം.



യാജന്‍

-----------

ഒരു കൂമ്പാരം പണവും പൊന്നും 

ഒരു പടയോളം പശുവും തന്നാല്‍ 

വിഘ്നം കൂടാതെവിടെയുമെത്തി 

യജ്ഞം ചെയ്തു മടങ്ങിക്കൊള്ളാം 

ധനമില്ലാത്തോനെന്തിനു യാഗം 

ധനമേ ജയ ജയ യജ്ഞം ജയ ജയ.


യാജ്ഞവല്‍ക്യന്‍ 

----------------------------

ഇന്ദ്രിയങ്ങളശ്വമഞ്ചും

നയിക്കുന്ന രഥത്തിങ്കല്‍

സഞ്ചരിക്കും മനുഷ്യന്‍റെ ഭൌതിക ശ്രീത്വം

തമസ്സാകെയൊഴിപ്പിക്കും 

കരുത്താണു സാംഖ്യബോധം 

ഉഷസ്സായുജ്ജ്വലിക്കുന്ന വാസ്തവശാസ്ത്രം 


യാതുധാനി 

--------------------

ഓമനപ്പൂക്കളേ താമരപ്പൊയ്കയില്‍ 

ജീവിതം നെയ്യുന്ന മത്സ്യങ്ങളേ

സ്നേഹിക്കയാണു ഞാന്‍ നിങ്ങളെ, സമ്മതം 

മൂളില്ല പൂന്തണ്ടപഹരിക്കാന്‍ 

മാമുനിമാര്‍ യാഗധേനുക്കളെ തിന്നു 

ശീലിച്ചവര്‍, ബിസമെന്തിനായി?


യുധാമന്യു

------------------

ഗോവിനെ കൊല്ലുന്ന പോല്‍ ദ്രോണപുത്രന്‍ 

രാവിലെന്‍ ജീവനൊടുക്കാനൊരുങ്ങെ

തീക്കണ്ണുകള്‍ മുന്നിലാളി ജ്വലിക്കെ 

ഓര്‍ത്തതെന്നായുധക്കൂട്ടിനെ മാത്രം  


യുധിഷ്ഠിരന്‍  

--------------------

എന്താണു ധര്‍മ്മം, അധര്‍മ്മം?

എന്‍ ജീവിതം 

സമ്മിശ്രവാദം തിമിര്‍ക്കുമകത്തളം.

എന്താണു സത്യം,അസത്യം?

എന്‍ ചിന്തകള്‍ 

സംശയസേന ചൊടിക്കുമടര്‍ക്കളം

എന്താണു തോല്‍വി,ജയം?

തോറ്റ കുട്ടി ഞാന്‍

എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ?





യുയുത്സു 

----------------

അന്ധകാമത്തിന്‍ 

നഗ്ന പന്നഗം, രതി ഗൃഹം 

ബന്ധിച്ചു മുളപ്പിച്ച ഫലം ഞാന്‍.


എനിക്കെന്തിനനന്തം

സേനാവ്യൂഹം 

സചിവര്‍

പ്രജാജാലം?


ഉചിതം നിന്ദാവാക്യം 

മൃതരേ നിങ്ങള്‍ക്കായി 

അരുണോദയത്തില്‍ ഞാന്‍ 

അര്‍പ്പിപ്പൂ ജലാഞ്ജലി.


യൌധേയന്‍ 

--------------------

മഹാരണം ജയിക്കണം 

പിതാവു രാജനാകണം 

എനിക്കതൊന്നു മാത്രമാണു 

മോഹമെന്നതോര്‍ക്കണം.

രഥങ്ങളേ പ്രിയങ്കരങ്ങളാം

ഗജങ്ങളേ വിട 

മരിക്കുമെന്നുറപ്പു വന്ന 

നേരമേ നമോസ്തുതേ.


രഥന്ധരി

---------------

രാജസദസ്സിലെന്താണു വാഗ്വാദങ്ങള്‍ 

ഓമനപ്പുത്രാ വരിക്ക നീ പെണ്ണിനെ 

വിശ്വസിച്ചീടുകാ ഗര്‍ഭവതിയെ നീ 

ദു:ഖത്തില്‍ നിന്നും വരുന്നവളാണവള്‍

അച്ഛനുമമ്മയും പണ്ടേ കളഞ്ഞവള്‍

വശ്യ മനോഹരി, യെന്‍റെ മരുമകള്‍ 




രന്തിദേവന്‍ 

-------------------

തൊട്ടില്ല മാംസമെന്നാലുമെന്‍റെ

തൊട്ടിയില്‍ പൊന്തുന്നു ധേനുരക്തം

നിത്യവും ബ്രാഹ്മണര്‍ക്കന്നമൂട്ടാന്‍

എത്ര പശുക്കളെ കൊന്നു കൂട്ടി

ഗോക്കള്‍ തന്‍ ചോര  ചര്‍മ്മണ്വതിയായ് 

പൂക്കള്‍ക്കും രാപ്പകല്‍ മാംസ ഗന്ധം. 


രംഭ 

-------------

സ്വപ്ന വില്ലാളിവീരനു കാണുവാന്‍ 

പൊല്‍ചിലങ്കയണിഞ്ഞു നില്‍ക്കെ, മഴ 

പൊട്ടി വീണതു പോലെന്നുടല്‍ പൂത്തു 

പുഷ്പവര്‍ഷകാലങ്ങള്‍ മേളിച്ചുവോ?

കണ്ടിരിക്കാനൊരാണ്‍മയിലുണ്ടെങ്കില്‍ 

പെണ്‍ മയിലിനും പീലി മുളച്ചിടും.







രാധ 

--------

ഗംഗാനദി തന്ന മുത്ത് - സൂര്യ 

ഗംഭീരമാം മെയ്യഴക് 

ഓമനക്കുഞ്ഞിന്റെ മുന്നില്‍ - ഉഷ്ണ 

തേജസ്സിനാല്‍ ഞാന്‍ വിയര്‍ത്തു 

അമ്മയാകാമാര്‍ക്കുമെന്നും - വളര്‍-

ത്തമ്മയാകുന്നതേ ശ്രേഷ്ഠം 

താനേ മുലകള്‍ ചുരന്നു - സ്തന്യ 

പാനത്തിലോമല്‍ വളര്‍ന്നു.



രാഹു 

---------

ഗ്രഹവും പാമ്പുമല്ലസുരനാണു ഞാന്‍ 

കടല്‍ കടയുവാന്‍ വിയര്‍പ്പൊഴുക്കിയോന്‍

അമൃതൊരു തുള്ളി ലഭിക്കാതെ പോയ 

കബളിപ്പിക്കലില്‍ നടുങ്ങി നിന്നവന്‍ 

സുധ കവരുവാന്‍ കളിച്ച ദൈവത്തിന്‍ 

കപട മോഹന സ്വരൂപം കണ്ടവന്‍ 

ഇതു കഥയിലെ ഗുണപാഠം നമ്മള്‍ 

തൊഴിലെടുക്കുവോര്‍ കരുതി നില്‍ക്കണം 



രുക്‍മി

-----------

മൈരേയം കൊത്തിയ മത്ത്

കൈതവച്ചൂതിന്‍ കലിപ്പ് 

ഒറ്റയടിക്കു വീണപ്പോള്‍ 

തൊട്ടു കലപ്പക്കരുത്ത് 

മദ്യപിച്ചുള്ള മരണം 

ബന്ധുക്കൈയായാലും മ്ലേച്ഛം.




രുക്‌മിണി

-----------------

ഈശ്വരഭാര്യഞാന്‍, കേശവമൃത്യുവില്‍ 

ക്ലേശിച്ചു പൊട്ടിക്കരഞ്ഞു 

അഗ്നിനാളങ്ങളില്‍ കൃഷ്ണത കണ്ടു ഞാന്‍ 

ഉഷ്ണക്കാറ്റില്‍ വേണുഗാനം 

ഇത്രയേയുള്ളെന്‍റെ ജീവിതം ജ്വാലയില്‍ 

പെട്ടെന്നുടല്‍ ദഹിക്കുമ്പോള്‍ 

പാടിയതാരാണു നശ്വരഗീതിക 

നീലക്കടമ്പില്‍ കുയിലോ?



രുഗ്മരഥന്‍ 

-----------------

അസ്ത്രപ്പെരുമഴയേറ്റു പനിക്കാന്‍

വിശ്രമമില്ലാക്കളരികളില്‍ ഞാന്‍ 

അര്‍ച്ചന ചെയ്തു യുവത്വം ജീവിത-

സത്രമനാഥപ്പുരയിലെയഗ്നി.



രുചി 

--------

പരപുരുഷനില്‍ രതിപ്പൂക്കള്‍ ഗന്ധിച്ചു ഞാന്‍ 

മുനിഭാര്യയെന്നു മറന്നു പോയി 

തടയുന്നതാരെന്‍റെ സ്വാതന്ത്ര്യ മോഹത്തെ 

തനുവോ മനസ്സോ തപശ്ശക്തിയോ 

ഒരു രാത്രി കൂടി അനാഥമായ്, കണ്ടൊരു 

പരിധിയിലെന്നെ തളച്ചതായി.



രുചിപര്‍വാവ് 

----------------------

അഭ്യാസി,യാനപ്പുറത്തു വരുമ്പോഴും 

യുദ്ധമുറകളനുഷ്ഠിച്ചു നിന്നു ഞാന്‍ 

മൃത്യു വന്നെന്‍റെ ശിരസ്സില്‍ കടിക്കവേ 

ശത്രുപക്ഷത്തല്ല ഞാനെന്നു തോന്നിയോ?



രുരു

--------

പകല്‍ പാതി 

രാപ്പാതി

ജീവിതം പാതിയെന്‍ 

ഉടല്‍ പാതി നല്‍കാം വരൂ നീ.

പ്രേമ പ്രമദ്വരേ

നീയില്ലാതെങ്ങനീ 

കാലനാഗം ഞാന്‍ കടക്കും.



രേവതന്‍      

---------------

കുശ സമൃദ്ധമാമീ മണ്‍തുരുത്തിനെ 

പശു സുഹൃദ് രാജ്യമാക്കിമാറ്റീടണം

വനമരങ്ങളാല്‍ തീര്‍ത്ത തൊഴുത്തുകള്‍ 

തൊഴുതു നില്‍ക്കും പ്രദേശമാക്കീടണം

കടലു പോലും കൊതിക്കുന്ന പാല്‍പ്പുഴ-

ക്കടവില്‍ ഗോപികാവൃത്തമുണ്ടാകണം 

പടകള്‍ പാടില്ല, ഗോതമ്പുപാടത്തു

പകല്‍ പടുക്കും കൃഷിപ്പാട്ടു കേള്‍ക്കണം 



രേവതി 

-------------

ലഹരിപാനീയം നിറഞ്ഞൊഴിഞ്ഞീടുന്ന   

ചഷകമായ് മാറിയെന്‍ ജീവിതമെങ്കിലും      

യമുനേ മറക്കാവതോ നീയുണര്‍ത്തിയ 

തരളമാം പ്രേമപ്രതീക്ഷാതരംഗങ്ങള്‍ 

ഗദകളാല്‍  സംഗ്രാമ താളക്കളങ്ങളില്‍     

ഉടയാതിരിക്കണേ പ്രാണന്‍റെ മുട്ടകള്‍            



രൈഭ്യന്‍

---------------

ഹേമന്തമേ ചകോരങ്ങള്‍ ചിലയ്ക്കുന്ന 

ശീതപ്രഭാത സൂര്യന്‍റെ 

പൂവെയിലേറ്റിരിക്കുന്നു ഞാന്‍  മാനിന്‍റെ

തോലും പുതച്ചു ധ്യാനസ്ഥന്‍

ദൂരെ നിന്നും വന്നൊരമ്പായി മൃത്യുവിന്‍ 

സാമഗാനം ഞാന്‍ ശ്രവിച്ചു 

ഏകാഗ്രതയില്‍ മരണം മനോഹരം 

ശോകങ്ങളേ മാറി നില്‍ക്കൂ.



രൈവതന്‍

------------------

നിറയെ പൂവുകളുള്ള വള്ളിക്കുടില്‍ 

മധുരമായ് പാടും ഗന്ധര്‍വ ഗായകര്‍ 

അരുവിഗീതം തുടരുന്ന കിന്നരര്‍ 

മതിമറന്ന വിദ്യാധര സുന്ദരര്‍ 

അതു നുകര്‍ന്നീ വനത്തിലിരിക്കവേ 

നഗരമെന്തിന്, റാണിയുമെന്തിന്!






ലക്ഷണ 

--------------

ഒറ്റയലര്‍ച്ചയില്‍ ഞെട്ടിയുണര്‍ന്നു ഞാന്‍ 

അച്ഛന്‍ മരിച്ചതായ് തോന്നി 

പുത്രിയെയോമനിച്ചോമനിച്ചെത്രയോ

ചക്കര മുത്തങ്ങള്‍ നല്‍കി 

ഒട്ടുപേരാക്ഷേപിച്ചീടിലും ഞാനെന്‍റെ

അച്ഛനില്‍ കാണ്‍മൂ മഹത്വം

സ്നേഹസുയോധനന്‍  വാത്സല്യത്തേരിലെന്‍ 

ജീവിതത്തെ കാത്തിരുത്തി.



ലക്ഷ്മണന്‍ 

-----------------

വില്ലുകള്‍ പക്ഷികള്‍, അസ്ത്രങ്ങള്‍ വസ്ത്രങ്ങള്‍ 

വൃക്ഷം ഗദ. വേഗയാത്രകള്‍ വേലുകള്‍ 

യുദ്ധമേ പാഠം പഠിച്ചില്ല ഞാനൊന്നു 

വൃത്തിയായ് പ്രേമിച്ചു ജീവിതം പുല്‍കുവാന്‍.





ലപിത

-----------

പൂത്ത മേട്, മദം പൊട്ടിയാര്‍ക്കുന്ന 

കാട്ടരുവികള്‍, സംയോഗ നിര്‍വൃതി-

പ്പാട്ടിലായ സൃഗാല മിഥുനങ്ങള്‍ 

കൂട്ടുകൂടിപ്പിണയുന്ന സര്‍പ്പങ്ങള്‍.

നേത്രരേഖയില്‍ കൊക്കുരുമ്മും ഇണ-

പ്രാവുകള്‍, സിംഹഭോഗങ്ങള്‍... കാഴ്ചകള്‍.

കൂട്ടുകാരിയായ് മാമുനിയില്‍ കൂടു-

കൂട്ടിയ സ്ത്രൈണമോഹമാകുന്നു ഞാന്‍.




ലിഖിതന്‍ 

----------------

മരം ഞാനുലുത്തി, പഴങ്ങള്‍ കഴിച്ചു 

നുഴഞ്ഞെത്തിയെങ്കില്‍ സഹോദരാ മാപ്പ്.

കൊടും ശിക്ഷയാണെങ്കിലാവട്ടെ,നിക്കെന്‍ 

വിശപ്പാണു പ്രശ്നം, നശിക്കാ വിശപ്പ്.



ലോപാമുദ്ര

-------------------

പട്ടുവസ്ത്രങ്ങളുപേക്ഷിച്ച ഞാനൊരു 

വല്‍ക്കലധാരിയോടൊപ്പം

ശഷ്പക്കിടക്ക പങ്കിട്ടപ്പൊഴച്ഛനോ

സ്വപ്നത്തിലെ ആണ്‍ കരുത്തോ 

ഉച്ചിയില്‍ നാഭിയില്‍ ചുംബിച്ചു ചുംബിച്ചു 

പുത്രലാഭത്തെയുണര്‍ത്തി?






ലോമശന്‍

----------------

ഓരോ കഥയിലുമൊരോ മൂല്യം 

ഓരോ ധര്‍മ്മം ഓരോ സത്യം 

കഥനദി വറ്റാതങ്ങനെയെന്നും

ജനഹൃദയത്തെ നനച്ചേ പോകും 

കഥയതു കൃഷിയിടമാകെ നനയ്ക്കും 

കതിരുണ്ണാനായ് കുരുവികളെത്തും.



ലോമഹര്‍ഷണന്‍

----------------------------

കവിതപ്പാടം പൂത്തു വിളഞ്ഞാല്‍ 

കഥയുടെ ധാന്യക്കൂമ്പാരം

സുധയുണ്ണുന്നതു പോലെ മധുരം 

വ്യഥയുടെ മേമ്പൊടിയാധാരം 

ഇവിടീ തണലിലിരിക്കുക  ജീവിത-

നിഴലും തെളിവും ചൊല്ലാം ഞാന്‍ 

ഹൃദയത്തില്‍ നിന്നെല്ലാക്കറയും

പൊരുള്‍ വെള്ളത്താല്‍ ശുചിയാക്കാം  



ലോഹിതാക്ഷന്‍ 

---------------------------

അമ്പൊടുങ്ങാത്തൊരാവനാഴിക്കഥ

തമ്പുരാന്‍റെ  മനസ്സിലുണ്ടാകുമോ?

തെറ്റു തന്നെയീ പ്രാണിഹിംസ, മുഖ-

ത്തുറ്റു നോക്കി പറയുന്നതെങ്ങനെ?

എങ്കിലുമൊരു സൂചനയാലെന്‍റെ

ഇംഗിതത്തിന്‍ മുഴക്കോലു വച്ചു ഞാന്‍ 

വൈകിവന്ന മുനിക്കും കവിക്കുമെന്‍ 

കൈയുയര്‍ത്താതെ ധീരാഭിവാദനം.




വജ്രന്‍ 

-----------

ഉത്സവാഘോഷം മരിച്ച രാജ്യം 

വജ്രതാരങ്ങള്‍ മറഞ്ഞ ശേഷം  

ദു:ഖക്കൊടികള്‍ പരാജയത്തിന്‍ 

വൃക്ഷങ്ങള്‍ തോറും പറന്ന നേരം 

മുള്ളിന്‍ കിരീടമണിഞ്ഞവന്‍ ഞാന്‍ 

കണ്ണുനീരോടെയധികാരിയായ്.


വജ്രദത്തന്‍

------------------

താതഘാതകന്‍ ധര്‍മ്മമില്ലാത്തവന്‍

ദേശമെല്ലാമടക്കി ഭരിക്കുവാന്‍ 

യാഗവാജിയുമായിയെത്തുന്നിതാ

സേനയെ സജ്ജമാക്കുവിന്‍ തോഴരേ

തോല്‍വിയാകട്ടെ മൃത്യുവാകട്ടെ ഞാന്‍ 

ദേ വരുന്നു ഗജത്തെയൊരുക്കുക.


വജ്രനാഭന്‍ 

------------------------

ഒടുക്കമില്ലടുപ്പമില്ലടക്കി വാഴ്കയാണവര്‍ 

മനസ്സിലെന്‍റെയാഗ്രഹം മുളച്ചു വൃക്ഷമാകവേ 

ചിരിച്ചു നിന്ന മക്കളേ, വെറുക്കയാണു നിങ്ങളെ 

ചതിച്ചു കൊന്ന നാടകക്കടത്തിലായി ജീവിതം 


വദാന്യന്‍

---------------

പേടയോടു കലയ്ക്കു നിതാന്തമായ് 

പ്രേമജീവിതമുണ്ടായിരിക്കുമോ

പൂവനു മയില്‍പ്പെണ്ണിനോടെപ്പൊഴും 

സ്നേഹബന്ധനമുണ്ടായിരിക്കുമോ

ചക്രവാകപ്പിടയോടാണ്‍ പക്ഷിക്കു

ചിത്തദാര്‍ഢ്യതയുണ്ടായിരിക്കുമോ

വിശ്വസിച്ചേതൊരാണിനു ഞാനെന്‍റെ

പുത്രിയെ ദാനമായിട്ടു നല്‍കണം?








വരുണന്‍ 

---------------

ഏറ്റു വാങ്ങുന്നു ഞാന്‍ ചോര പുരണ്ടൊരീ

ഗാണ്ഡീവവും ആവനാഴിയും കൃത്യമായ് 

ചേര്‍ത്തു വയ്ക്കുന്നു ചെവിയില്‍ ഞാനമ്പുറ

ആര്‍ത്തനാദങ്ങള്‍ നിലയ്ക്കാതിരമ്പുന്നു 



വര്‍ഗ്ഗ

---------

മുനിമാരെക്കൊന്നു തിന്നു 

തീര്‍ത്ഥങ്ങളില്‍ രാപ്പാര്‍ക്കുന്നു 

മുതലകളായി ഞാനും സ്നേഹിതമാരും 

കരുത്തുള്ള പുരുഷന്‍റെ 

കരങ്ങളൊരിക്കല്‍ വന്നു 

കരയിലേക്കെടുത്തിട്ടു പുണര്‍ന്നുവെങ്കില്‍!



വലാകന്‍ 

---------------

വനത്തില്‍ മുന്നം കണ്ടിട്ടില്ലീ 

ശരങ്ങള്‍ ചൂടിയ ജന്തുവിനെ 

ഇരുട്ടു കണ്ണിലിരുത്തീട്ടാര്‍ക്കും

ഇരുട്ടു തന്നെ കൊടുക്കുന്നോന്‍ 

ഒരൊറ്റയമ്പാലവസാനിപ്പി-

ച്ചത്ഭുത  ജീവിയെയെന്നാലും 

മനസ്സിലായില്ലെന്തിനെനിക്കീ 

ആശംസകളുടെ പൂമാരി?


വലാഹകന്‍ 

-------------------

സഹോദരന്‍റെ മനസ്സിലുടക്കിയൊ-

രപൂര്‍വ സുന്ദരസൂനത്തെ 

ഹരിക്കുവാനായൊപ്പം നിന്നതു

ശരിക്കു ശരിയോ തെറ്റായോ?

എനിക്കു വേണ്ടതു ശരിമഞ്ഞല്ല

ജ്വലിച്ച ഭ്രാതൃസ്നേഹത്തീ 

എനിക്കു വേണ്ടതു സൈന്ധവ ദേശ-

പ്പടയ്ക്കു പറ്റിയ മേധാവി.



വസാതീയന്‍ 

---------------------

വാളെടുത്ത കബന്ധങ്ങള്‍ 

വാല്‍ മുറിഞ്ഞ തുരഗങ്ങള്‍ 

കാലൊടിഞ്ഞും കയ്യൊടിഞ്ഞും

വിലപിക്കും പടക്കൂട്ടം 

കൈനിലയില്‍ കാണിയൊച്ച 

വൈകുവോളം യുദ്ധചര്‍ച്ച 

വൈഭവങ്ങള്‍ കൈതവങ്ങള്‍ 

സൈകതത്തില്‍ മാംസസദ്യ 



വസിഷ്ഠന്‍ 

----------------

കയറാല്‍ ദേഹം  കെട്ടി

ചാടി ഞാന്‍ കയങ്ങളില്‍ 

മൃതിക്കും രുചിക്കാത്ത 

ശിലയോ ശീലക്കേടോ!

തപവും ജപങ്ങളും 

സ്വസ്ഥതയരുളാത്ത

ഹൃദയം പൊട്ടിപ്പോയ 

താതനാണല്ലോ മുനി.


വസുദാനന്‍

-------------------

കുങ്കുമച്ചാമ്പ  പൂത്തതു പോലെ 

മുന്നിലുണ്ടായി രക്തതടാകം 

കണ്ടു കണ്ണൊന്നടച്ചതേയുള്ളൂ

അമ്പൊരെണ്ണം ഹുങ്കാരത്തൊടെത്തി.

കൃഷ്ണമേഘമുരുണ്ടു കൂടുന്നോ

പക്ഷി വന്നു നേത്രങ്ങള്‍ കൊത്തുന്നോ?



വസുദേവര്‍ 

-------------------

വേണ്ടെന്നു വെച്ചൂ കിരീടം 

വേണ്ടതീ ധേനുപ്രപഞ്ചം 

എങ്കിലുമെന്‍റെ പുത്രന്മാര്‍ 

കൊന്നും മരിച്ചും തുലഞ്ഞു.

വേണ്ടായിരുന്നിത്ര ദീര്‍ഘം 

താണ്ടിയ താതന്‍റെ ജന്മം.


വപുഷ്ടമ

---------------

യാഗവേദിയിലുജ്ജ്വല കാവ്യം 

ചൊല്ലിയ കേട്ടു

ഞാനുമത്യാഹ്ളാദ വീചിയിലായ്

യുദ്ധാവസാനം 

ഖേദയാത്രയിലായിയെല്ലാരും 

നാഗങ്ങള്‍ കേഴും 

രാജരംഗമിതെത്ര ഭീതികരം.








വംഗന്‍ 

------------

അകലെയുണ്ട് സുവര്‍ണരേഖ, നമു-

ക്കരികിലുണ്ട് പത്മാ നദി, സാഗരം 

ചുഴലി ചുംബിച്ച നൌകകള്‍, ചൂണ്ടകള്‍ 

മധുരമത്സ്യം ഭുജിക്കുന്ന ബ്രാഹ്മണര്‍ 

ഇതു മഹാവംഗദേശ, മെന്‍ ജീവിത-

ക്കൊടി പറത്തിക്കൊഴുപ്പിച്ച നാടകം 



വാതവേഗന്‍ 

--------------------

മുയലിനെയോടിപ്പിടിക്കുന്ന നേരത്ത് 

സഹദേവനല്ലോ സഹായി 

അവനെന്‍ സഹോദരനല്ലോ.



വാതാപി 

---------------

അജമാംസമെന്ന വ്യാജേന 

നരമാംസം തിന്ന മുനിമാര്‍ 

അവരുടെ ശാന്തിപര്‍വങ്ങള്‍

അസുര, സുര വിഭാജ്യങ്ങള്‍! 



വാത്സ്യന്‍

----------------

കാമമോഹങ്ങള്‍ കീഴടക്കി മഹാ-

ജീവിതത്തിന്‍ കിരീടം ധരിച്ചവന്‍

കീഴടങ്ങുന്നു മൃത്യു വനിതയ്ക്കു

പ്രേമപൂര്‍ണ്ണേ വരിക്കുകിവനെ നീ  

കാമസൂത്രം രചിച്ച മുനിയാണ് 

കാണുവാന്‍ വന്നതെന്നതോര്‍ക്കുന്നുവോ.



വാമദേവന്‍ 

-------------------

രാക്ഷസക്കൂട്ടമേ വേഗമെത്തൂ 

മോഷ്ടാവിവനെ പിടിച്ചു കെട്ടൂ 

കത്തിയാല്‍ പ്രാണനെടുത്തുകൊള്ളൂ 

വെക്കം ഹയങ്ങളെ വീണ്ടെടുക്കൂ.

ബുദ്ധിയില്‍ മോഹാശ്വം സഞ്ചരിച്ചാല്‍ 

വൃദ്ധമുനിമാരും ക്രുദ്ധരാകും.



വാമനന്‍ 

--------------

വിബുധര്‍ നിറഞ്ഞ വരുന്ന കാലം

ചതിപര്‍വ്വമെന്നു വിലയിരുത്താം 

മറുകഥ നെയ്യാന്‍ മിടുക്കരായ 

കവിപുംഗവന്മാരെയേറ്റെടുക്ക

ജനത തന്‍ കണ്ണീരിനപ്പുറത്ത് 

കപടവൃത്തങ്ങള്‍ മെനയുവോരെ

വരമോക്ഷ സംജ്ഞകളാല്‍ മെരുക്കി 

വ്യഥ വെള്ളപൂശി ചിരിക്കുവോരെ.



വായു 

----------

വിശ്വാമിത്ര തപസ്സിന്‍ മുന്നില്‍ 

സ്വര്‍ഗ്ഗ മനോഹരി മേനകയാടി 

ഹിമഗിരി മടിയില്‍ ഇലവു മരത്തില്‍ 

ഇലയും പൂവും ആടകളായി 

ഇരുവരുമൊരുപോല്‍ നഗ്നര്‍, ഞാനീ

പവനന്‍ നേരിയ കുസൃതിക്കാരന്‍.

ഇലവുമരത്തിനഹംകൃതി പോയി 

മുനിയുടെ ധ്യാനപ്പതിവു മുടങ്ങി.




വാര്‍ദ്ധക്ഷേമി

------------------------

കൃപാസ്ത്രം തറച്ചെന്‍റെ നെഞ്ചത്തു നിന്നും 

കടുംചോര തെച്ചിക്കുടങ്ങളായ് വീഴ്കെ

ചിരിച്ചോ രസിച്ചോ മഹാസൂര്യബിംബം 

ധരിച്ചോ പടച്ചട്ട, പൊട്ടിക്കരഞ്ഞോ?



വാര്‍ഷ്ണേയന്‍

--------------------

നൃപസാരഥിയായിരുന്നു ഞാന്‍ 

നൃപനോ പിന്നെയെനിക്കു സ്നേഹിതന്‍ 

ഇരു ജീവിതമാ മനുഷ്യനില്‍ 

ഇവനില്‍ രണ്ടു വിചിത്രസാക്ഷികള്‍ 



വാലകി

-------------

പാറ പോലൊരു മാറിടമതില്‍ 

പാറി വീണ ഗദയ്ക്ക് 

ചോര കൊണ്ടാണു സ്വീകരണമീ 

പോരിടത്തിലെന്നെന്നും.



വാല്മീകി 

--------------

മഞ്ഞിന്‍റെ തൂവല്‍ പൊഴിഞ്ഞു വീണു 

പൊന്‍ വെയില്‍ മെല്ലെ പരന്ന കാലം 

ഒറ്റയാന്‍ പക്ഷി നിരായുധനായ് 

അസ്ത്രക്കിടക്കയിലന്ത്യ ശയ്യ 

കണ്ടു വണങ്ങിയ നേരമെന്നില്‍ 

രണ്ടു ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു 

ഒന്നൊരു പെണ്ണിന്‍റെ കണ്ണുനീര്

മറ്റൊന്നൊരാര്‍ദ്ര ജലസമാധി 


വാസുകി 

---------------------

ആര്‍ക്കു വേണ്ടി ഞാന്‍ പര്‍വതം ചുറ്റി

പാല്‍ക്കടലില്‍ കരുക്കയറായി

ഞാനുമെന്‍ വംശ കോടിയും തുള്ളി 

ജീവനൌഷധമാശിച്ചതില്ല.

സ്നേഹമന്യര്‍ക്കു നല്‍കണമെന്ന 

പാഠമെന്നെ പഠിപ്പിക്കവേണ്ട.



വാഹിനി 

---------------

ഉഴുതു മറിച്ച കുരുക്ഷേത്ര ഭൂമിയില്‍ 

പുതുതടാകങ്ങള്‍ കുഴിച്ചു കുളിക്കുവാന്‍ 

അതു പുണ്യതീര്‍ത്ഥം വരുംകാല മക്കള്‍ക്ക് 

കുതിരപ്പട നയിക്കാനുള്ള പോര്‍ക്കുളം.



വികടാനനന്‍ 

---------------------

സ്നേഹിതാ, നമ്മള്‍ കിഴക്കാണു കൌരവര്‍ 

സൂര്യോദയം പോലെ ശോഭിച്ച സൈനികര്‍ 

സന്ധ്യക്കു നമ്മളീ ദിക്കിലുണ്ടാകുമോ?


വികദ്രു 

-------------

പാലു മണക്കും യദുവംശ ഗാഥയില്‍

ചേലയുലഞ്ഞ തരുണീവനികകള്‍  

സ്നേഹവിത്തിട്ടു മഹാസ്നേഹവും കൊയ്തു 

ശോണപതാക പറപ്പിച്ച നായകര്‍ 

പോരിനു വന്നാലണപോല്‍ തടുക്കുന്ന 

കാര്യശേഷിക്കു പുകള്‍ പെറ്റ സൈനികര്‍

ധേനുവില്ലാതില്ല യാദവ ശ്രേഷ്ഠത 

കാളിന്ദി പോലെ നവോന്മേഷ സാധ്യത 


വികര്‍ണ്ണന്‍ 

------------------

കത്തി പോലെ തറച്ച ചോദ്യങ്ങള്‍ 

ഉത്തരങ്ങളില്ലാത്ത സത്യങ്ങള്‍ 

തെറ്റു പൊട്ടിച്ചിരിച്ചു, പെണ്ണിന്‍റെ

നഗ്നതയ്ക്കെന്തസഹ്യമാം ചൂട് !


യുദ്ധജന്തു, വ്രണം മണപ്പിച്ച്

എത്തു, മന്നേ പറഞ്ഞെന്‍റെ സൂക്ഷ്മം.



വിചക്രന്‍

----------------

ഇടത്തു നില്‍ക്കണം കുതിരകളെന്‍റെ 

വലത്തു നില്‍ക്കണം ഗജപ്പട, മുന്നി-

ലടുത്തു നില്‍ക്കണം പെരും കാലാള്‍പ്പട

മുഖത്തു പോകണം കൊടി പാറും  രഥം 

കുഴല്‍ പെരുമ്പറ കതിന കൊമ്പുകള്‍ 

ഒടുക്കം നിന്നൂര്‍ജ്ജം പകര്‍ന്നു പോകണം 



വിചഖ്യു

--------------

ഹിംസയധര്‍മ്മം, മദ്യം മാംസം 

മത്സ്യമിതെല്ലാം വര്‍ജ്ജ്യം 

യജ്ഞപ്പശുവെ കൊന്നാല്‍ മോക്ഷം 

കിട്ടുകയില്ലതു ദോഷം.



വിചിത്രവീര്യന്‍ 

-------------------------

മക്കളില്ലാതെ 

മരിക്കുമ്പൊളെന്തൊരു

സ്വസ്ഥത!

മറ്റാര്‍ക്കുമറിയാത്ത ഭദ്രത.


വിജയ 

-----------

സന്തുഷ്ടയാണു ഞാന്‍ 

സംതൃപ്തയാണു ഞാന്‍ 

സന്ധ്യയ്ക്കുണരുന്ന പൂവേ 


അമ്മയില്‍ നിന്നും 

വിമോചിതനായ് വന്നു 

ഉമ്മ നല്‍കുന്നതു പോലെ 

എന്തൊരുത്സാഹം 

മുറിക്കുള്ളിലെപ്പോഴും 

ചന്ദനത്തിന്റെ സുഗന്ധം.



വിദുരര്‍ 

-------------

ദൂര മൂത്ത ലോകം 

വിദൂര ഹര്‍ഷങ്ങള്‍ക്ക് 

ഹൃദയം കൊടുത്തു 

നശിപ്പിച്ച ജീവിതം.


ഇതു കണ്ടു നില്‍ക്കെയെന്‍ 

ശൂദ്രജന്മത്തിന്‍റെ

പരിധിയില്‍ കായ്ക്കുന്നു 

സങ്കടക്കാഞ്ഞിരം.


അറിവിന്‍റെ ഗ്രന്ഥം 

പ്രയോജനപ്പെട്ടതി-

ല്ലതിലുപരിയല്ലോ 

ദുരാഗ്രഹപ്പോര്‍വിളി.





വിദുള

-----------

അങ്കപ്പേടിത്തൊണ്ടന്‍ നാണം കെട്ടോന്‍

അങ്കം ജയിപ്പവന്‍ മാനമാണ്ടോന്‍

പൊന്നുമകനേ ജയിക്കവേണം 

അമ്മയ്ക്കു മറ്റൊന്നും  വേണ്ടതില്ല 

ചോരപ്പയറ്റില്‍ ജയിച്ചു വന്നാല്‍ 

വീരതിലകം ഞാന്‍ ചാര്‍ത്തിക്കുമേ 

ഭീരുവെപ്പോല്‍ പിന്തിരിഞ്ഞു വന്നാല്‍ 

പാഴില കൊണ്ടാണു പൂര്‍ണ്ണകുംഭം




വിദ്യുജ്ജിഹ്വന്‍

-------------------------

അമ്മക്കാടിന്റെ മടിയില്‍ വളര്‍ന്നോന്‍ 

തിന്മയങ്കങ്ങള്‍ പഠിക്കാത്ത തോഴന്‍ 

ശുദ്ധമധുവും കനിയും കഴിച്ചു

യുദ്ധത്തിനായ് വന്ന സ്നേഹിതന്മാരില്‍ 

തുച്ഛനാണീ ഞാന്‍ സുയോധനക്രൌര്യം 

മൃത്യുവായ് നേടുന്നതെന്നഭിമാനം.


വിദ്യുത 

-------------------

സ്വയം മറന്നീ വേദിയിലിങ്ങനെ

സ്വപ്നച്ചുവടുകള്‍ വയ്ക്കുമ്പോള്‍ 

വിശിഷ്ടനാമീയതിഥിക്കുള്ളില്‍ 

വിടരും ചമ്പക പുഷ്പത്തിന്‍ 

സുഗന്ധമല്ലോ ദിക്കുകളെല്ലാം

നിറഞ്ഞു ശലഭക്കാമുകരില്‍ 

പ്രലോഭനത്തിന്നഗ്നി കൊളുത്തി 

ചിറകിനു വേഗത നല്‍കുന്നു




വിനത 

-----------

പെണ്ണിനു പെണ്ണേ വിന, ഞാന്‍ വിനീതയായ് 

ചൊന്ന സത്യത്തിലും മായക്കറുപ്പിട്ട-

തെന്‍റെ ഉടപ്പിറന്നോള്‍,

ദാസ്യവൃത്തിയുടെ തൊണ്ടു ചുമന്നു 

തളര്‍ന്നു ഞാന്‍ മക്കളേ.


പക്ഷിയായ് വന്നെന്നെ 

രക്ഷപ്പെടുത്തുക 

കഷ്ടകാലത്തിന്‍ കനല്‍ചൂടിലാണു ഞാന്‍. 


വിന്ധ്യന്‍ 

---------------------

കാത്തു നില്‍ക്കുന്നു തെക്കോട്ടു പോയ 

താടി നീട്ടിയ കുള്ളന്‍ മുനിയെ 

ദ്രാവിഡദേശ ഭംഗിയില്‍ പെട്ടു

ജീവിതത്തൈ വളര്‍ത്തുകയാവാം 

മേഘസ്നേഹിതാ ദക്ഷിണ ദിക്കില്‍ 

കാണുമെങ്കില്‍ പറയണേ ദു:ഖം 


വിന്ദന്‍ 

------------

പൊന്നു കെട്ടിയിരുമ്പിട്ട വന്‍ ഗഡ 

ഛിന്നഭിന്നം കിടക്കുമിടത്തില്‍ നി-

ന്നെന്‍ ഗദ ഞാന്‍ തിരയുന്നതെങ്ങനെ?


വിപുലന്‍ 

---------------------

ഗുരുപത്നിയെ കാമമോഹത്തില്‍ നിന്നു ഞാന്‍ 

കരുതലോടെ മാറ്റി നിര്‍ത്തി 

ശരിയായിരുന്നുവോ, സമ്മതര്‍  തങ്ങളില്‍

രതിബന്ധമാകരുതെന്നോ?

അതുമാത്രമല്ലുള്ളില്‍ കാവലാളായപ്പോള്‍

അവയവസ്പര്‍ശനം മൂലം 

അനുവാദമില്ലാതെ  തെറ്റു ഞാന്‍ ചെയ്തുവോ 

അതിനേതു ശിക്ഷ വിധിക്കും?


വിപൃഥുശ്രവസ്സ് 

-------------------------

കാവലാളായായുധധാരി 

ഞാന്‍ നിന്ന നേരം 

പോവതു കണ്ടൊരു സുന്ദരി 

വില്ലാളിയാകും 

പോര്‍വിദഗ്ദ്ധന്‍ കൂടെയുണ്ടല്ലോ 

സന്യാസിയായി 

പോയ രാവില്‍ കണ്ടതാണല്ലോ

കാണാത്ത പോലെ 

കണ്ണടച്ചു സുരക്ഷിതസൈന്യം 

പെണ്ണിനെക്കണ്ടു

കള്ളനാം മുനിയാളെയോര്‍മ്മിച്ചു.


വിഭാവസു

-----------------

ആനച്ചുവടാലളക്കുന്നുവോ നീ 

ഭൂവിന്‍റെയോമല്‍ ശരീരം 

പൂക്കള്‍ നിറഞ്ഞ തൊടിക്കപ്പുറം  ഞാന്‍ 

നോക്കിയ വജ്രതടാകം 

ശ്യാമമരങ്ങള്‍ തണലിട്ട മുറ്റം 

ആറിന്‍റെ സുന്ദരതീരം 

നീലമയിലുകളാടുമുടജം

ചോളം വിളഞ്ഞ കേദാരം.




വിഭു

--------

ആര്‍ക്കുവേണ്ടി ധനുസ്സെടുത്തു ഞാന്‍ 

ആര്‍ക്കുവേണ്ടി ശരമാരിയേറ്റു

സോദരന്‍ തന്ന ചോറിനു നന്ദി 

തോല്‍മയും വിജയത്വവുമേകം





വിരജസ്സ്

--------------

ജലക്രീഡ കഴിഞ്ഞപ്പോള്‍ 

അവള്‍ക്കെന്തു ചന്തമെന്നോ 

പെരുത്തങ്കച്ചമയത്തിന്‍ കുങ്കുമശോഭ.











വിരാടന്‍ 

---------------

അഭയാര്‍ഥികള്‍ക്കുണ്ട്

വസ്ത്രവും അന്നവും

അവരെന്‍റെ സൌഹൃദ സുഗന്ധം.


ഉപകാരികള്‍ 

സ്നേഹസമ്പന്നര്‍, ദു:ഖിതര്‍ 

ഇനിയവര്‍ക്കെന്‍ പടക്കൂട്ടം.


ഒരുവേള 

യുദ്ധത്തിലസ്തമിച്ചീടിലും

തകരില്ല മിത്രാഭിമാനം.



വിരാവി 

-------------

ഗുളവും പഴങ്ങളും മധുരത്തൈരും

ഒരുപോലെ തന്നു വളര്‍ത്തമ്മമാര്‍ 

അവരെ സ്മരിച്ചുകൊണ്ടങ്കയാത്ര.


വിരൂപാക്ഷന്‍ 

----------------------

നീലദേഹം രക്തകണ്ഠം 

വജ്രകുണ്ഡല ശോഭിതം 

സ്നേഹിതപ്പട പോരടിക്കാ-

നെത്തിയീ ദൃഢചിത്തനും

മേഘഗര്‍ജ്ജനമാണു കേട്ടതു 

യുദ്ധഭൂമിയിലാദ്യമായ് 

തോഴ നിന്‍റെ പിതാവിനായി 

മരിക്കുവാനായ് വന്നു നാം.



 വിരോചനന്‍ 

---------------------

നിര്‍ബ്ബന്ധപൂര്‍വ്വം നിന്‍ കാല്‍ കഴുകിക്കുമ്പോള്‍ 

നഗ്നബ്രാഹ്മണ്യത്തിന്‍ ക്രുദ്ധത കണ്ടു ഞാന്‍ 

സാക്ഷിയായ് നിന്ന സുകേശിനിയാള്‍ക്കൊരു 

നീചത കണ്ണില്‍ തെളിഞ്ഞതും കണ്ടു ഞാന്‍.



വിവിന്ധ്യന്‍ 

--------------------

ആര്‍ക്കുവേണ്ടിയാര്‍ക്കു വേണ്ടി ആക്രമിച്ചു പട്ടണം 

ആര്‍ക്കുവേണ്ടിയെന്നതെന്തിനോര്‍ക്കണം ഭടജനം 

മേഘമാല മൂടിടും ധ്വജങ്ങള്‍ കണ്ടു പോകണം 

ജീവിതം രാണാങ്കണത്തിലിങ്ങനെയൊടുങ്ങണം 



 വിവില്‍സു

-------------------

ചുംബനത്തിന്‍ ചൂടു മാറാത്ത ചുണ്ടുകള്‍ 

ചെമ്പന്‍ പുലരിയില്‍ത്തന്നെ തകര്‍ന്നു പോയ്

ഞാനുമക്കൂട്ടത്തിലെത്താതിരിക്കണേ





വിശാലാക്ഷന്‍ 

------------------------

പകിടയ്ക്കവനേ മിടുക്കന്‍ 

നകുലനെന്‍ തോഴനാണല്ലോ 

അവനെ ഞാന്‍ കൊല്ലണമെന്നോ?








വിശോകന്‍ 

-------------------

കടിഞ്ഞാണും ചാട്ടയുമായ് 

രഥം തെളിക്കെ 

പടിഞ്ഞാറും കിഴക്കുമായ് 

മരണപ്പാടം 

ചുടുരക്തം നിറഞ്ഞെന്നും 

തുടുത്തു കണ്ടു 

കൊടും ശോകഗദയേറ്റു

തളര്‍ന്നു പോയി 



വിശ്വാമിത്രന്‍ 

----------------------

വിശപ്പിതെന്തൊരു വിശപ്പിതല്‍പ്പവും 

സഹിക്കുവാന്‍ വയ്യാതലറുന്നു വയര്‍ 

പറയച്ചാളയിലവശേഷിക്കുന്ന 

കൊടിച്ചിനായ്ച്ചന്തിയിറച്ചിയീരാവില്‍  

ഭുജിക്കാതെ വയ്യ, മിഴിയടയ്ക്കട്ടെ

പുളിച്ച ബ്രാഹ്മണ്യം, സുഖിക്കും ദേവത്വം.

പശിക്കു മുന്നില്‍ നാമൊരുപോല്‍ ദുഃഖിതര്‍

അവര്‍ണ്ണനാകിലും സവര്‍ണ്ണനാകിലും 



വിശ്വാവസു 

-------------------

പുഴ മദിക്കുന്നു, വനപ്പക്ഷി പാടുന്നു 

ശലഭങ്ങള്‍ പൂക്കളെ തേടിപ്പറക്കുന്നു

ഇണമാനുകള്‍ തൊട്ടുരുമ്മിക്കിടക്കുന്നു

അരികിലൊരു രത്നച്ചിലമ്പിന്‍റെ ഗീതം 

ഇവള്‍ മേനക, പാട്ടു നിര്‍ത്തുന്നു ഞാനെന്‍റെ

ഹൃദയമേ തോല്‍ക്കാതിരിക്കുന്നതെങ്ങനെ?




വിഷ്ണുമതി

-----------------

അമ്മയായി മുല്ലവള്ളി,-

യൊറ്റമൊട്ടുമായവള്‍

നന്മയുള്ള ചിത്രമാസ-

രാത്രിയില്‍ ചിരിച്ച പോല്‍

വത്സരങ്ങള്‍ കാത്തിരുന്നു

കാത്തിരുന്നു കിട്ടിയ 

ഉത്സവപ്രതീതിയാണ് 

പുത്ര, നെന്‍റെയുമ്മകള്‍ 



വസുമനസ്സ് 

-------------------

കച്ചകള്‍ പാദുകം മുത്തു പതിപ്പിച്ച

തൊപ്പിക,ളെല്ലാം ധരിപ്പിച്ചു ധാത്രിമാര്‍ 

ഒന്നല്ല രണ്ടല്ലനവധിയമ്മമാര്‍ 

കണ്ണിലുറക്കമില്ലാതെ പുലര്‍ത്തിയോര്‍ 

എങ്കിലും പെറ്റമ്മയെ കണ്ട മാത്രയില്‍ 

ചങ്കിലിരമ്പിയോ ഗംഗാ തരംഗങ്ങള്‍




വീരകേതു 

------------------

അച്ഛന്‍റെ മിത്രവും ശത്രുവുമായൊരാള്‍

അസ്ത്രവര്‍ഷം ചൊരിയുമ്പോള്‍ 

ഹസ്തം വിറയ്ക്കാതെ മൊട്ടുഴിഞ്ഞമ്പെടു-

ന്നപ്രിയം ഞാന്‍ വിതയ്ക്കുന്നു 

ശത്രുതേ നിന്‍ പൂര്‍ണ്ണ നാമധേയം തന്നെ 

യുദ്ധം, സമ്പൂര്‍ണ്ണ വിനാശം 






വീരദ്യുമ്നന്‍

-------------------

വനഗജങ്ങളേ പുള്ളിമാന്‍ കൂട്ടമേ 

വെയിലു ചൂടിയ കാട്ടുമരങ്ങളേ

പുഴകളേ നരി കാവലിരിക്കുന്ന 

ഗുഹകളേ, എന്‍റെ പുത്രനെ കണ്ടുവോ?



വീരധന്വാവ്

---------------------

സിംഹം മയൂരം കുരങ്ങു തുടങ്ങിയ 

ചിഹ്നങ്ങളുള്ള പതാകകളോ 

നര്‍ത്തനം ചെയ്യും നടിമാരെപ്പോലതാ 

ദൃശ്യമാകുന്നു രഥമൌലിയില്‍ 

ഒറ്റനോട്ടം, ശ്രദ്ധ മാറിയോ, വീഴുന്നു 

ശുഭ്രപതാകയെന്‍ തേര്‍ത്തടത്തില്‍

രക്തം പുരണ്ട കൊടിയുമായ് ഞാനിതാ 

മൃത്യു ശിബിരത്തിലെത്തിടുന്നു 





വീരബാഹു 

-------------------

അക്ഷൌഹിണികളസംഖ്യമുണ്ടെങ്കിലും 

രക്ഷയില്ലെന്നു പറഞ്ഞു കാറ്റ് 

തെറ്റു തിരുത്തുന്നതാര്?



വീരസേനന്‍ 

--------------------

പാചകശാലയിലില്ല 

മാംസഭോജ്യം, പശിക്കുമ്പോള്‍ 

ഞാനശിക്കും ശ്രേഷ്ഠ സസ്യ ഭോജനം മാത്രം.

വാചകമിങ്ങയാണെ-

ന്നിരിക്കിലും മകന്‍ നളന്‍ 

മാടിറച്ചി പചിക്കുവാന്‍ സമര്‍ത്ഥനായി!


വൃകന്‍

-------------

ദ്രോണരായാലെന്ത്, ഞാനെന്‍റെയമ്പിനാല്‍

ആണത്തമോടെ പ്രതികരിക്കും

യുദ്ധത്തിലാരാധ്യരില്ല, ശത്രുക്കളേ

മുറ്റത്തു നിന്നു ശരം തൊടുക്കൂ.



വൃത്രന്‍ 

-------------

പകയുണ്ടു സിരകളില്‍ 

അധികാരി വര്‍ഗ്ഗമേ 

പറയുക 

ശിക്ഷിപ്പതെന്തു പാവങ്ങളെ?


മരണപര്യന്തം 

ചെറുത്തു ഞാന്‍ നിന്നിടും 

കൊതി മൂത്ത ദുഷ്ട-

പ്രഭുത്വ സിംഹാസനം.



വൃദ്ധകന്യ 

-----------------

പ്രായവൃക്ഷമങ്ങനെ

വളര്‍ന്നണിഞ്ഞു  വൃദ്ധത 

കാമമെന്നിലാദ്യമായ് 

മുളച്ചു കത്തി ശൃംഗവ

ഒറ്റരാത്രിയെങ്കിലൊറ്റ-

രാത്രിയെന്‍റെ അഗ്നിയില്‍ 

ഹര്‍ഷതൈലമാകുമോ 

തരുന്നതിന്നു സാദ്ധ്യത.


വൃദ്ധക്ഷത്രന്‍ 

-----------------------

രത്നം പതിച്ച കൂരമ്പിനാല്‍ നീയെന്‍റെ

രക്തം തെറിപ്പിച്ചു പൊട്ടിച്ചിരിച്ചുവോ 

ദു:ഖങ്ങളുണ്ടു നീ ചാകാതിരിക്കട്ടെ 

യുദ്ധമില്ലായ്മ പുലരുന്ന നാള്‍ വരെ.


വൃന്ദാരകന്‍ 

--------------------

നീതിക്കു വേണ്ടിയെടുത്തു ഞാനായുധം 

പാവം യുവാവേ, നിരായുധനാവുക 

നാം തമ്മിലെന്തിനൊരായുധമത്സരം 

നീ വെറും പൈതല്‍, ജയിച്ചു ഞാനിപ്പൊഴേ,



വൃഷകന്‍ 

----------------

രാത്രി, മഹാ ഗംഗ പോലുമുറങ്ങുന്ന

രാത്രി, ജലപ്പുറത്തത്ഭുത സങ്കല്‍പ്പ-

വേദിയൊരുക്കീ മഹാകവി, ഞാനുമെന്‍ 

പാണിയുയര്‍ത്തിപ്പിടിക്കുന്നു കൂട്ടരേ



വൃഷക്രാധന്‍

----------------------

പക്ഷിവ്യൂഹം, കേന്ദ്രബിന്ദുവാം ഹൃത്തില്‍ ഞാന്‍ 

നില്‍ക്കുമ്പൊഴാണ് മഹാഘോഷവും കൂറ്റ-

നസ്ത്ര സന്നാഹവുമായെതിരാളികള്‍

പൊല്‍ക്കിരീടം ചൂടിയോടിയടുത്തത്






വൃഷദര്‍ഭന്‍

-------------------

ചാട്ടവാറിനാല്‍ സല്‍ക്കരിച്ചൂ വിപ്ര-

ശ്രേഷ്ഠതയെ, യൊടുക്കം പൊറുത്തു ഞാന്‍ 

പിന്നെയെല്ലാപ്പണവും കൊടുക്കവേ

കണ്ണുനീരില്‍ കുളിച്ചുവോ വിപ്രത?

ആരു നിര്‍മ്മിച്ച നീതിയാണിങ്ങനെ

വീടു തോറും നിരങ്ങുന്ന യാചന.



വൃഷപര്‍വാവ് 

------------------------

വടക്കോട്ടങ്ങനെ നടക്കുമ്പോള്‍ പല 

ഗിരികളും മരനിരകളും 

ഇടത്തു പൊയ്കകള്‍ വലത്തു മാമയില്‍-

പ്പദങ്ങളും ഹിമനദികളും

ചമരികള്‍, പുള്ളിപ്പുതപ്പു ചൂടിയ

പുലിക്കൂട്ടങ്ങളും ശിലകളും

ഇടയ്ക്കു ഗന്ധക ജലപ്രവാഹങ്ങ-

ളിവയൊക്കെ കാണാനിടവരും 





വൃഷാദര്‍ഭി 

-------------------

വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മുനിമാരെന്‍

പുത്രശരീരം ഭുജിച്ചതു കണ്ടു ഞാന്‍ 

സസ്യഭുക്കല്ല,മനുഷ്യ മാംസം തന്നെ 

ഭക്ഷണമാക്കുവോരാണീ മഹര്‍ഷിമാര്‍ 

ഇന്ദ്രതടസ്സത്തെ മുന്‍നിര്‍ത്തിയെന്‍ ദാന-

ധര്‍മ്മത്തെയല്ലോ തകിടം മറിച്ചിവര്‍.






വൃഷലന്‍

----------------

ബ്രാഹ്മണിയെ പ്രാപിച്ചു ഞാന്‍ 

മുളപ്പിച്ച വിത്തിനെന്‍റെ

സ്നേഹകര്‍മ്മ ബലത്തിന്‍റെ ചാരുത കാണും,

കൂരിരുട്ടില്‍ ക്ഷുരകനായ് 

ശരീരക്കിടക്ക നല്‍കാന്‍

നാലു വര്‍ണ്ണ ഭേദങ്ങളും തടസ്സമല്ല.



വൃഷസേനന്‍ 

----------------------

പാമ്പുകള്‍ പാഞ്ഞു പോകും പോലെയമ്പുകള്‍

തീപിടിച്ചെന്നപോലമ്മ കരയുന്നു

ജീവിതം, കൈവിട്ടു ലക്ഷ്യത്തിലെത്താത്ത 

വേലുപോല്‍ നഷ്ടവിനോദമായ് മാറുന്നു.







വൃഷ്ണി 

-----------

ചോളം തിന യവം ഗോതമ്പ് നെല്ല് 

പാതയോരത്തു മരങ്ങ,ളത്താണി 

ധേനുസഹസ്രങ്ങ,ളശ്വങ്ങ, ളാന 

തേരുക, ളാഴി നിറച്ചു മത്സ്യങ്ങള്‍

യാദവവംശക്കൊടിയെന്‍റെ കാലം 

മേഘങ്ങളോളമുയര്‍ന്നു പറക്കും.



വ്യാഘ്രദത്തന്‍

------------------------

എന്നെ നീ കൊന്നാല്‍ നിനക്കുള്ള ഘാതകന്‍ 

പിന്നാലെയെത്തും മദിക്കാതെ ദ്രോണരേ

യുദ്ധം, ജയം മൃത്യുവൊക്കെത്തരുന്നോരീ 

ശത്രു സംഹാരം നമുക്കൊരുപോലെടോ.

 

വേഗവാന്‍ 

-----------------

യാദവവംശമവസാന വാക്കല്ല 

ആയുസ്സു പന്തയം വയ്ക്കാം 

ആയുധത്താലേ നമുക്കു തീര്‍പ്പാക്കണം 

ക്ഷീരപ്രിയന്‍റെയഹന്ത 



വേദന്‍

-----------

അടിമയെപ്പോലെ പണിയെടുക്കണം 

നിലമുഴാന്‍ കാളക്കരുത്തനാവണം

ഗുരുകുലമത്രക്കസഹ്യമാകയാല്‍ 

കരുണയെന്തെന്നു പഠിച്ചെടുത്തു ഞാന്‍ 

അറിയുവാന്‍ വന്ന കുരുന്നു ശിഷ്യരെ 

അരുമകളായി പരിഗണിച്ചു ഞാന്‍ 



വേദിക 

-------------

നാലു പൂക്കാല, മൊരേകാന്ത വത്സരം 

ജീവനേ, ശീലിച്ചു പോയി 

എങ്കിലും താരാട്ടു പാടുമ്പോഴോര്‍ക്കും ഞാന്‍ 

സുന്ദര പൌരുഷ ധര്‍മ്മം

രാജ്യവും ചെങ്കോലുമില്ലാത്ത രാജാവി-

ന്നാഗ്രഹം കാളിന്ദി പോലെ 

ദൂരെ,ക്കടലില്‍ പതിക്കുകയാണൊരു 

സായാഹ്നപ്പൊന്‍ വെയില്‍ ചൂടി.






വൈദേഹി 

------------------

രാജഹര്‍മ്മ്യം പറഞ്ഞ കഥകളില്‍ 

ഭീകരം കുരുക്ഷേത്ര മഹാരണം 

ഒറ്റ സ്ത്രീയും മരിച്ചതേയില്ലതില്‍

ഒറ്റ സ്ത്രീയും കരയാതെയുമില്ല.


വൈശാമ്പായനന്‍

-----------------------------

ഗഗനവീഥി പോലനന്ത-

മത്ഭുതം പ്രഭാകരം 

കദനഭരിതമെങ്കിലും

കഥാമൃത പ്രഘോഷണം.


പ്രകൃതിയും മനുഷ്യജാലവും 

പുണര്‍ന്നു നില്‍ക്കുമീ  

കവിത ചൊല്ലലാണെനിക്കു 

ജീവിതാഭയം, ധനം.



വ്യാഘ്രപാദന്‍

----------------------

പെരുമഴക്കാലം കൊടും വെയില്‍ക്കാലം 

ഹിമശീതവസ്ത്രം പുതയ്ക്കുന്ന കാലം 

കഠിന സുഗന്ധ സുവാസന്ത കാലം 

ഋതു മാറി മാറി ഭരിക്കുന്നു ലോകം 

ഇതുപോലെ ജീവിതം ഭിന്നം വിചിത്രം 

വിവിധ പരീക്ഷണം വിദ്യാര്‍ത്ഥി കാലം.


വ്യാസന്‍ 

--------------

മഹാസങ്കടത്തിന്‍ 

ജയം ജീവകാവ്യം

മഹാഭാരതത്തിന്‍ 

നദീരയം ഭാവം 

ഇതില്‍ മുങ്ങി ഞാനും

നിവര്‍ന്നപ്പൊഴേകം

മുഖത്തേക്കു വീഴുന്നു 

സൂര്യപ്രമാണം 

ശോകമേ ശ്ലോകം 

ലോകമേ താളം 

ജീവിതപ്പച്ചയേ വര്‍ണം.



വ്യുഷിതാശ്വന്‍

-------------------------

മുടിക്കാടെന്‍ മുഖം പൊത്തി 

മുലകളെന്‍ നെഞ്ചില്‍ മുത്തി 

ഉടലുടലോടു ചേര്‍ത്തീ കണ്ണീര്‍ പ്രവാഹം.


മരിച്ചാലുമുയിര്‍പ്പിക്കും 

പ്രണയത്തിന്‍ പ്രകാശമേ 

പ്രപഞ്ചത്തിന്‍ പ്രസരിപ്പാ മുഖപ്രസാദം.


ശകുനി 

------------------

കലി ബാധിച്ച 

കരുക്കള്‍ വച്ചു കളിച്ചതു, മോരോ

രാജ്യകുതന്ത്രം 

ചെവിയില്‍ ചൊല്ലി 

ജയിച്ചതുമെല്ലാം 

വൃദ്ധമനസ്സിന്‍ 

പെണ്‍കൊതി മാത്രം 

യുദ്ധവുമെന്‍ കാമക്കൊടി മാത്രം.


ശക്തി 

-----------

നരഭോജി വന്നു ഭുജിക്കും മുന്‍പൊരു

മകന്‍റെ വിത്തു ഞാന്‍ വിതച്ചതു നന്നായ് 

മരിച്ചാലെന്തിനി,യവന്‍ വളര്‍ന്നൊരു

മഹാവൃക്ഷത്തിന്‍റെ ശിഖരമായിടും 

മുനിവംശമരത്തണലില്‍ പിന്നെയും

പുതുമുളകളായ് മുഖങ്ങള്‍ വന്നിടും



ശകുനിയുടെ വിധവ 

----------------------------------

യാഗാശ്വവും വില്ലുമായ് വന്ന ജേതാവേ 

കേണപേക്ഷിപ്പു ഞാന്‍ മാപ്പ് 

അച്ഛനും ബന്ധുക്കളും യുദ്ധസിംഹത്തിന്‍ 

ഭക്ഷണമായതു പോരേ

രക്ഷിക്ക, നിന്‍റെയമ്പിന്‍റെ മുനയില്‍നി-

ന്നിപ്പുത്രനെ ജനത്തേയും

കപ്പം തരാം ഞാന്‍, വരാം യാഗസാക്ഷിയായ് 

നില്‍ക്കാം, തരൂ ജീവിതത്തെ.







ശകുന്തള 

---------------

പരുഷവാക്കു തീ കൊളുത്തി 

നില്‍ക്കയാണു നാക്കിലും 

മിഴിയിലും മനസ്സിലും 

നിനക്കു ശാന്തിയെങ്ങനെ?


പുരുഷ, നീ നരാധമന്‍

നിരന്തരം സുമങ്ങളെ 

കലുഷമാക്കിയിട്ടെറിഞ്ഞു

പോകുവോന്‍ അസത്യവാന്‍.


കരുതിടുന്നു കാട്ടിലെ 

ശകുന്തവൃന്ദ സന്നിഭം

മകനു വേണ്ടിയിനിയുമെന്‍റെ

ശിഷ്ടജീവിതാശ്രമം.



ശക്രദേവന്‍ 

-------------------

സൂര്യോദയത്തില്‍ തുടങ്ങിയതാണു നാം 

ഓരോ ഗദകളും മാറിമാറി 

ആരു മരിച്ചാലുമില്ല ജയത്തിന്‍റെ-

യാരോഹണക്കൊടിത്തോരണങ്ങള്‍.


ശതചന്ദ്രന്‍ 

-----------------

ചൂതു പോലാണു യുദ്ധം, കരുക്കളില്‍ 

പ്രേതബാധ വരുത്തിജ്ജയിക്കണം 

ജാലവിദ്യ മറന്നെന്നു തോന്നുന്നു 

പോരിലിന്നു ജയക്കൊടി പാറുമോ?





ശതയൂപന്‍ 

-----------------

മരങ്ങള്‍ സസ്യങ്ങള്‍ മൃഗങ്ങള്‍ മത്സ്യങ്ങള്‍ 

പറവളെല്ലാമുടപ്പിറപ്പുകള്‍ 

ഉറക്കമെപ്പൊഴും തൃണവിരിപ്പിലാ-

ണുണര്‍ന്നു രാവിലെ മലരിറുക്കണം.

നിശ്ശബ്ദതയാണീയുടജ ധന്യത  

നിസ്സംഗതയാണീ ഹരിത ചാരുത 


ശതാനന്ദന്‍ 

------------------

ആദിത്യ ചന്ദ്രന്മാര്‍ മാറി മാറി 

സായകശായിയെ കേട്ടുപോയി 

താരങ്ങളാ മൊഴിയോര്‍ത്തു വച്ചു

ഭൂമിയാ വാക്യം പഠിക്കയായി 

മൂല്യബോധത്തില്‍ കറ പുരണ്ടാല്‍

ശൂന്യമായ് ജീവിതക്കാടു കത്തി 


ശതാനീകന്‍ 

--------------------

സര്‍പ്പസത്രമല്ല പുണ്യദായകം മനോഹരം 

കല്‍പ്പനയ്ക്കു കല്ലു വച്ച ഭാരതം വിമോഹനം 

എത്ര വംശഗാഥകള്‍ വധങ്ങള്‍ പ്രേമഗീതികള്‍ 

ദു:ഖമാണ് സത്യമെന്ന ചിന്തന പ്രബോധനം.


ശതായുസ്സ് 

-----------------

ഭീഷ്മ നിര്‍മ്മിതം സേനാ വിതാനം 

സൂക്ഷ്മ സ്ഥാനത്തു വില്ലുമായ് നില്‍ക്കെ

പോരിലിന്നു നിന്നന്ത്യമെന്നല്ലോ

സൂചന തന്നു പോയൊരു പക്ഷി.


ശത്രുഞ്ജ്ജയന്‍

-------------------------

യുദ്ധോത്സവമിതെന്‍ യൌവനത്തീക്കാല-

രക്തത്തെയുത്സുകമാക്കി

അച്ഛന്‍റെ ശത്രുവെ കൊല്ലണമല്ലെങ്കില്‍ 

ശത്രുപുത്രന്‍റെയിര ഞാന്‍ 



ശത്രുന്തപന്‍

--------------------

സൂര്യനില്‍ നിന്നുമിറങ്ങിയ പോലൊരു 

മൂരിയെക്കണ്ടു ധനുസ്സായി കൊമ്പുകള്‍ 

ചോര തെറിപ്പിച്ചു വന്നൊരാ പോരാളി 

ധേനുക്കളെ കൊണ്ടുപോയി,മരിച്ചു ഞാന്‍.


ശന്തനു

------------

ആഗ്രഹത്തിന്‍റെ

അപരാധഭൂമിയില്‍ 

വേട്ടയാടപ്പെട്ടൊ-

രാണ്‍ മൃഗമാണു ഞാന്‍.


മാപ്പ്, നദീപുത്ര

നിന്‍റെ പ്രതിജ്ഞ തന്‍

തീപ്പൊരി വീണു 

കരിഞ്ഞുപോയ ജീവിതം.


ശബലാക്ഷന്‍                                                                                                                                                                                                                                                                                                                 

----------------------

എത്ര തുച്ഛം മനുഷ്യന്‍റെ ജീവിതം 

വൃദ്ധിവീഴ്ചകള്‍ ചേര്‍ന്ന സഞ്ചാരം 

പുഷ്പഹാരങ്ങള്‍ മുള്‍ക്കിരീടങ്ങള്‍ 

ഹര്‍ഷകാലങ്ങള്‍ ദുഃഖജാലങ്ങള്‍ 

രക്തവാഹിനി  തീര്‍ത്തു മദിച്ച 

യുദ്ധമേ നീ നശിപ്പിച്ചു സര്‍വ്വം 



ശമഠന്‍ 

-----------

പ്രജകള്‍ക്കെല്ലാര്‍ക്കുമന്നം 

കൊടുത്ത ഗയന്‍റെ രാജ്യം 

വരൂ കാണൂ ഭക്ഷണത്തിന്‍ 

മലയല്ലോ വരവേല്‍പ്പൂ.

ഉറക്കത്തിന്‍ മുന്‍പു നേരേ

കഴിക്കേണ,മന്നമെല്ലാ-

ജനങ്ങള്‍ക്കും നിത്യമൂട്ടാന്‍ 

കരുതിയിട്ടുണ്ടു കൂട്ടാന്‍.



ശമീകന്‍ 

--------------

ചത്ത പാമ്പും മുനിക്കാഭരണം 

ശ്രദ്ധ തെറ്റാതെ ചിന്തിക്ക വേണം 

പുത്ര, നീയെന്തിനായി ശപിച്ചു 

സര്‍പ്പദംശിതമാം ക്രൂരമൃത്യു 

നമ്മളീ ഋഷിക്കൂട്ടമല്ലാതെ 

മണ്ണിലാരേ ക്ഷമിക്കുവാനുള്ളൂ.



ശമ്പാകന്‍ 

----------------

രാഷ്ട്രാധികാരവും സേനാബലങ്ങളും

നിസ്വതയ്ക്കൊപ്പമെത്തില്ല 

സ്വര്‍ണ്ണഫലത്തെക്കാളെത്രയഭികാമ്യം

കുഞ്ഞു തെച്ചിപ്പഴം പോലും 

പൂര്‍ണ്ണ മനഃശാന്തി നേടണമെങ്കിലോ 

ജീര്‍ണ്ണ സമ്പത്തുപേക്ഷിക്കാം 

ശൂന്യം മടിശ്ശീലയെങ്കില്‍ ഭയം വേണ്ട 

ജീവിതയാത്ര സന്തുഷ്ടം 




ശരദ്വാന്‍

--------------------

അമ്പില്‍ വീണു പിളര്‍ന്നു പിറന്ന 

രണ്ടു കുഞ്ഞുങ്ങളെന്‍ പ്രിയ മക്കള്‍ 

രത്നപീഠമുരുളുന്ന രാജ-

ഭിത്തിയില്‍ മാതൃചിത്രം വരയ്ക്കേ  

കുറ്റബോധമുണ്ടാകാഞ്ഞതെന്ത് 

ഭക്തികാമങ്ങള്‍ ആത്മമിത്രങ്ങള്‍.



ശര്‍മ്മിഷ്ഠ

----------------

ഗര്‍ഭക്കുടത്തിന്‍റെ

ദാഹം ശമിപ്പിച്ചു 

ദു:ഖമുടുത്തു നടന്നവളാണ് ഞാന്‍.


അച്ഛനില്ലാതെ 

വളര്‍ന്നവരാണെന്‍റെ  മക്കള്‍

ഇരുട്ടെന്‍റെ തോഴി.


ഏകാന്തതേ

മൃത്യുവിന്‍ പൂക്കളിറുക്കാനെനിനിക്കു നീ 

സല്‍ക്കരിച്ചീടാഞ്ഞതെന്ത് മനോബലം.



ശരഭന്‍ 

-----------

കണ്ടു ഞാനെത്രയെതിര്‍പ്പ്

കണ്ടു കണ്ണീര്‍ വരവേല്‍പ്പ് 

യുദ്ധം ജയിച്ചുവെന്നാലും 

കയ്പ്പാണു ജീവിതലാഭം.





ശരാസനന്‍

------------------

അമ്പുകൊള്ളാതെ തടുക്കും മുഖമറ

അമ്പതിനായിരമല്ലോ കിടക്കുന്നു 

ഏതായിരിക്കുമിതിലെന്‍ മുഖമറ?



ശര്യാതി

--------------

ഓമനപ്പുത്രി സുകന്യ തപസ്വി തന്‍

ലോചനങ്ങള്‍ അന്ധമാക്കിയ കാരണം 

വേദനയോടെ തരുന്നു ഞാന്‍ പെണ്ണിനെ 

കോപിയാകാതെ വരിച്ചു കൊള്ളേണമേ

ശാപതൂണീരമുണ്ടെങ്കിലും കന്യയെ 

ഭാര്യയാക്കുന്നതേ താപസവൈഭവം.



ശലന്‍ 

----------

മുനിമാര്‍ക്കെന്തിനു കുതിരക,ളുള്ളില്‍

പ്രണവാശ്വങ്ങള്‍ ചിനയ്ക്കുമ്പോള്‍

ജപമാലകളും ജലപാനവുമായ് 

കഴിയുകയല്ലേ ഋഷി ധര്‍മ്മം.



ശലന്‍ (ധൃത)

--------------------

തോറ്റു തകര്‍ന്ന തേര്‍ച്ചക്രസഹസ്രങ്ങള്‍ 

കാറ്റുമേറ്റംബരത്തോളമെത്തി

ഏതായിരിക്കുമെന്‍ തേരിന്റെ പൈതകള്‍?






ശലഭന്‍ 

------------

സൂതപുത്രന്റെ ശരങ്ങളേല്‍ക്കുമ്പോള്‍

സൂര്യകിരണങ്ങളെന്നു തോന്നി 

പോരാളികള്‍ക്കഭിമാനമീ സൌരോര്‍ജ്ജ-

സായകമാരിയില്‍ പുണ്യസ്നാനം.


ശല്യര്‍ 

-----------

അസ്ത്രഹീനനായ് നില്‍ക്കെ

വധിക്കപ്പെട്ടോന്‍ വന്നു 

നിദ്രയില്‍ ചോദ്യം ചെയ്കെ 

തിരുത്തീ ഞാനെന്‍ വാദം.


ഹിംസതന്‍ മഹാര്‍ണ്ണവം

ഭൂമിയെ വിഴുങ്ങുമ്പോള്‍ 

ഹംസ വെണ്‍മയെ 

കാക്കക്കറുപ്പു ജയിക്കുന്നു.


ശശബിന്ദു 

-----------------

പൊന്നും ഗജങ്ങളും പൈക്കളുമായ് വിപ്ര-

ജന്മിമാര്‍ക്കേകിയെന്‍ കന്യമാരെ 

ഒന്നുമുണ്ടായില്ല നേട്ടം മരിച്ചു ഞാന്‍ 

മണ്ണില്‍ മരണമേ നിത്യസത്യം 


ശംഖന്‍ 

-------------

തന്നില്ല ഞാന്‍ നിനക്കാശ്രമമുറ്റത്ത് 

നിന്ന മരത്തിലെയൊറ്റപ്പഴം പോലു-
മെന്നിട്ടുമെന്തേ കവര്‍ന്നു,.ശിക്ഷിക്കുവാന്‍ 

നെന്നു മൊരുക്കം മഹാരാജ നീതികള്‍.

ഹസ്തങ്ങള്‍ നീട്ടി നീ നില്‍ക്കൂ സഹോദരാ

ദു:ഖമുണ്ടെന്നാലനീതി നശിക്കണം.


ശംബരന്‍ 

---------------

തൊട്ടിലില്‍ തിങ്കളുദിച്ച പോലെ 

മെത്തയില്‍ മുല്ലത്തൈ പൂത്ത പോലെ 

ശംഖു കടല്‍ വിട്ടു വന്ന പോലെ 

ചെന്തെങ്ങിളനീര്‍ പൊഴിച്ച പോലെ 

പുഞ്ചിരിക്കും കുഞ്ഞുചെക്കനെ ഞാന്‍ 

സ്വന്തമാക്കുന്നു വളര്‍ത്തുവാനായ് 


ശാണ്ഡിലി

------------------

ഉടുത്തതില്ല ഞാന്‍ കടുത്ത കാഷായം 

ധരിച്ചതില്ല ഞാന്‍ പരുക്കന്‍ രുദ്രാക്ഷം 

തപസ്സു ചെയ്തില്ല, വ്രതമെടുത്തില്ല 

കുടുംബിനിയായിട്ടറിഞ്ഞു സ്വര്‍ഗ്ഗീയം 



ശാണ്ഡില്യന്‍

----------------------

എന്തിനു സ്വര്‍ണ്ണവും രത്നഹാരങ്ങളും 

പെണ്ണും പശുക്കളും ദാനമായ് നല്‍കുന്നു

ഏറ്റവുമുത്തമം സന്മനസ്സോടൊരു

കാള വലിക്കുന്ന വാഹനം തന്നെടോ!



ശാരദണ്ഡായനി 

--------------------------

നീലമലകളേ മാനമേ താരമേ 

കാലമുതല വസിക്കും തടാകമേ

ജീവിതത്തിന്‍റെ തുടര്‍ക്കണ്ണി കോര്‍ക്കുവാന്‍ 

ഞാന്‍ മുത്തമിട്ടേറ്റ   മൈഥുനപ്രക്രിയ 

സ്നേഹസന്താനങ്ങളില്ലാത്തവര്‍ക്കായി 

മാതൃകാമുദ്രയായ് ചൊല്ലിക്കൊടുക്കണേ

നീളട്ടെ മര്‍ത്ത്യകുലത്തിന്‍റെ ചങ്ങല 

ഭാവിസമുദ്രത്തിര വിഴുങ്ങും വരെ.



ശാര്‍ങ്ഗക ദ്രോണന്‍

---------------------------------

അഗ്നി ഭക്ഷിച്ചു കാടകം  കൂടകം 

ചുറ്റുമാളീ നിലവിളി ജ്വാല

അഗ്നി രക്ഷിച്ചു ഞങ്ങളെ, യാകയാല്‍ 

അച്ഛനമ്മപ്പിണക്കവും   കണ്ടു. 




ശാലിഹോത്രന്‍

-------------------------

മരണമില്ലാ മരത്തിന്‍റെ

തണലു വീണ തടാകത്തില്‍ 

കുളി കഴിച്ചും കുടിച്ചും വാ 

പറയാം ഞാനശ്വശാസ്ത്രം.

അതിവേഗം തുരഗത്തിന്‍ 

മനസ്സൂത്രമറിയുകില്‍ 

രണഘോഷം വാജികള്‍ക്ക് 

വിശേഷ ബുദ്ധി തോന്നിച്ചാല്‍



ശിഖണ്ഡി 

----------------

ഉള്ളില്‍ പകക്കാറ്റടിക്കെ 

പറഞ്ഞു ഞാന്‍ 

കൊല്ലുകല്ലെങ്കില്‍ നീ 

വില്ലുപേക്ഷിക്കുക. 











ശിനി 

---------

ദേവസുന്ദരിയാമിവള്‍ തൊട്ടാല്‍ 

പൂക്കുന്നതുണ്ടേ 

നാലുപാടും കാഞ്ചനക്കൊന്ന 

ദേവകിപ്പെണ്ണേ

നീ വസുദേവന്‍റെ നല്‍പ്പാതി

യാദവദേശം 

നീ പുണര്‍ന്നു ഫലിച്ച പൊന്‍വൃക്ഷം.



ശിബി 

----------

നരമാംസം തന്നെ രുചികരം, പാവം 

കപോത ദൈന്യത തിരിച്ചറിയുക 

എടുക്കുകെന്നെയും ഭുജിച്ചു കൊള്ളുക 

ഇതെന്‍ പ്രിയം, പ്രാവേ, പറന്നു പോവുക.



ശിലവൃത്തി 

--------------------

പിടിത്താള്‍ പെറുക്കിക്കഴിയുന്നു ഞാനീ-

വയല്‍ക്കരയ്ക്കപ്പുറത്തെന്താണു ലോകം?

മഹാപട്ടണങ്ങള്‍, മരുഭൂമി,യാഴി 

വിലാപങ്ങള്‍ വാഴുന്ന യുദ്ധത്തടങ്ങള്‍.

എനിക്കില്ല മോഹം വയല്‍ വിട്ടു പോകാന്‍ 

ഉതിര്‍ നെല്ലില്‍ ഞാനെന്‍റെ  ജീവിതം കെട്ടി 








ശിവ 

--------

തേജസ്സിന്‍ പൊന്‍ ശിഖയുള്ള 

കാമരൂപാ തീപ്പുരുഷാ 

രേതസ്സെന്നില്‍ വര്‍ഷിച്ചാലും തുടിക്കുന്നു ഞാന്‍ 

പിന്നെനിക്കു പക്ഷിയായി 

പര്‍വതങ്ങള്‍ തേടിപ്പോണം

കണ്ണടച്ചാ രതിപ്പൂരം കണ്ടുറങ്ങണം.



ശിശുപാലന്‍ 

---------------------

നീതിക്കു തീര്‍ത്തൂം നിരക്കാത്തൊരീ

വ്യാജ നീതിമാന്മാരുടെ

യാഗാഭിവാദനം.


ചോര കൊണ്ടാകട്ടെ 

അന്ത്യാഞ്ജലി

രാജസൂയത്തിലെന്‍റെ 

ധര്‍മ്മത്തിന്‍റെ ശംഖൊലി.


ശീതപൂതന

-------------------

ഭ്രൂണമന്നം അമ്മഹൃത്തിന്‍ 

രോദനം സംഗീത,മെങ്ങും 

പൂമരങ്ങള്‍ ചോരനൂലാല്‍ പട്ടു നെയ്യുമ്പോള്‍ 

ഞാനിടയ്ക്കൊന്നാലപിക്കും 

വിഷാദ സംഗീതമെന്നില്‍ 

ജീവബിന്ദു തുടിക്കുന്നോ ഘടികാരം പോല്‍.







ശുകന്‍ 

-----------

അമ്മിഞ്ഞയാണെനി-

ക്കച്ഛന്‍റെ  കാവ്യം 

പൈങ്കിളിത്താരാട്ടും 

അച്ഛന്‍റെ ഭാഷ്യം 

നിഴലായ് തളയ്ക്കുവാ-

നച്ഛന്‍റെ മോഹം 

കഴല്‍ വിട്ടുപാറുവാ-

നെന്‍റെയുള്‍ദ്ദാഹം.


ഒടുവില്‍ 

സമാധാനമായ് വീണതെന്നില്‍

മഷിയിട്ട കാവ്യ-

പ്രപഞ്ചാദ്യ ബോധം.



ശുക്ലന്‍ 

------------

ദ്രോണശിരസ്സാണ് ലക്ഷ്യമെന്‍ നാടിന്‍റെ

ധീരാഭിമാനക്കൊടി പറത്താന്‍

വേണമാരക്ത,മതില്‍ മുക്കി ഞാനൊരു 

സേനാഭിധാനപ്പടം വരയ്ക്കും 



ശുക്രന്‍ 

--------------

ജീവിത ശൂലശയ്യയില്‍ നിന്നും 

നീ പതിച്ച ശരശയ്യ കാമ്യം 

ഭീഷ്മ, യെന്തു പഠിപ്പിച്ചു നമ്മെ 

പോയകാല മഹാ പാഠശാല 





ശുക്‍തിമതി 

--------------------

ആഴി തേടിയൊഴികിയോളാണു ഞാന്‍ 

ആ വഴിയിലെ ആണ്‍ഗിരിക്കുള്ളിലായ്

സ്നേഹസമ്പന്നനാണെന്‍റെ പര്‍വത-

നായകന്‍, രണ്ടു മക്കളാല്‍ പ്രീത ഞാന്‍.



ശുചി

---------

കണ്ടതില്ല മനുഷ്യരെയൊന്നും 

കണ്ടകങ്ങള്‍ നിറഞ്ഞൊരീ കാട്ടില്‍ 

ആന പോത്ത് പുലി പന്നഗങ്ങള്‍ 

ജീവിതം കാക്കുമിക്കൊടുങ്കാട്ടില്‍ 

ഒട്ടു ദൂരം നടന്നാല്‍ തടാകം 

അക്കരയ്ക്കു കടന്നാലതിര്‍ത്തി 

കാടതിരിനുമപ്പുറത്തല്ലോ 

സ്നേഹശാലികള്‍ പാര്‍ക്കുന്ന നാട് .



ശുചിമുഖി 

-----------------

പ്രണയവേവിന്‍റെയാധിക്യമേറ്റവര്‍ 

ഹൃദയദൂതുമായ് പോകുന്ന സ്നേഹിതര്‍ 

അവരെ വിശ്വസിക്കുന്നവര്‍ ജീവിതം 

വിജയമെന്നുറപ്പിച്ചവര്‍ നല്ലവര്‍ 

അരികെ നീലക്കടമ്പുകള്‍ പൂക്കുന്നു 

കസവുടുക്കുന്നു മന്മഥ പ്രേയസി 










ശുചിസ്മിത 

-----------------

മുനിമാരെന്നുടെ മുടിയില്‍ തൊട്ടതും 

പൊടുന്നനെയെന്നില്‍ സരസ്സു പൂത്തതും 

ഇരു കാര്‍വണ്ടുകള്‍ മുരണ്ടു ചുറ്റിയെന്‍ 

സരസിജങ്ങളെ കൊതിച്ചതു, മുടന്‍

സരോവരത്തിലെ വെയില്‍ നിചോളത്തില്‍ 

സുഷിരമാര്‍ന്നതും വെറുതെയോര്‍പ്പു ഞാന്‍ 



ശൂരതരന്‍ 

----------------

ഹരിതാശ്വങ്ങളേ

കുതിച്ചു പായണേ

പടയില്‍ നമ്മള്‍ക്കു കൊടിയുയര്‍ത്തണം


മരണപ്പേടിയീ

പടയാളിക്കില്ല 

പടക്കുതിരയ്ക്കു പരാജയമില്ല.


ശൂരസേനന്‍ 

--------------------

ദേവദാരുച്ചില്ല പോലൊരു പെണ്‍മണി 

പാലു പോലെ ചിരി,ഓമനക്കണ്‍മണി 

പാലിക്കയാണുഞാ,നെന്‍റെ വാക്കിന്നിവള്‍-

ക്കേകണമെല്ലാ സുഖവും സമൃദ്ധിയും.

ജീവനേ, ദു:ഖം വരാതെയിരിക്കട്ടെ 

ജീവിതം നിന്നെ തളര്‍ത്താതിരിക്കട്ടെ.








ശൈഖാവത്യന്‍ 

--------------------------

തീരം തിരകളെയെന്ന പോലെ 

പൂനിലാവുപ്പനെയെന്ന പോലെ 

വൃക്ഷങ്ങള്‍ പക്ഷിയെയെന്ന പോലെ 

പുറ്റു നാഗത്തിനെയെന്നപോലെ 

നിസ്സംഗരായ മുനിജനങ്ങള്‍ 

ശ്രദ്ധിച്ചു സ്ത്രീവാക്കു കേള്‍ക്കവേണം 



ശ്രേണിമാന്‍

--------------------

ദ്രോണബാണം മുറിക്കുവാനെന്‍റെ

തൂണിയില്‍ ശരം പോരയെന്നാലും

വീരമൃത്യു വരിക്കുവാന്‍ വേണ്ട 

ധീരതയ്ക്കൊരു പഞ്ഞവുമില്ല.

വായുവേഗത്തിലസ്ത്രം വരുമ്പോള്‍ 

ആശകളിരുളുന്നതായ് തോന്നി 



ശ്രുതകര്‍മ്മാവ്

------------------------

തേരില്‍  നിന്നും ചോരമണ്ണിലിറങ്ങി ഞാന്‍ 

തോരുന്നില്ലീയസ്ത്രമാരി 

തേര്‍ത്തട്ടിനെക്കാള്‍ മരിക്കുവാന്‍ നല്ലതീ

പോര്‍ത്തറയാണെന്നു തോന്നി 






ശ്രുതകീര്‍ത്തി 

-----------------------

ഇരുട്ടില്‍ വന്നൊരു കരുത്തന്‍ മൂങ്ങയെ 

തടുത്തു നിന്നു ഞാനൊരു വട്ടം

വെളിച്ചം കണ്‍കളില്‍ തിളങ്ങിക്കണ്ടപ്പോള്‍ 

തെളിച്ചപ്പെട്ടൊരു പ്രതികാരം 

മനസ്സിലൂടൊരു കൊടും മിന്നല്‍ പാഞ്ഞു 

തമസ്സില്‍ മൃത്യുവിന്‍ പ്രകാശനം.



ശ്രുതശ്രവാവ് 

---------------------

ഓമനപ്പുത്രനെ കൊല്ലല്ലേ കൊല്ലല്ലേ 

കാരാഗൃഹത്തില്‍ കരഞ്ഞൊരമ്മ 

ജീവനു വേണ്ടി യാചിച്ചതു പോലെയെ-

ന്നോമലിനായി യാചിപ്പു കൃഷ്ണാ 

താരാട്ടു പാടിക്കഴിഞ്ഞില്ല ഞാനെന്‍റെ-

യോമല്‍ ശിശുവിനെ കൊല്ലരുതേ 



ശ്രുതസേനന്‍ 

----------------------

വിഘ്നം കൊടുങ്കാറ്റായ് വന്നുവെന്നാല്‍ 

ഉഗ്രസേനന്‍റെ ഗദയുയരും 

കാട്ടുമൃഗങ്ങളായ് പാഞ്ഞു വന്നാല്‍ 

ഭീമസേനന്‍റെ അലര്‍ച്ച മതി 

മറ്റെന്തായ് വന്നാലുമെന്‍റെ ജീവന്‍ 

വിഘ്നത്തിന്‍ വിഘ്നമായ് കാവല്‍ നില്ക്കും.

എങ്കിലും സര്‍പ്പബലി കഴിഞ്ഞാല്‍ 

സങ്കടമെല്ലാം മറക്കുമോ നാം?













ശ്രുതായുധന്‍ 

-----------------------

യൂദ്ധിക്കുകില്ലെന്നു 

ചൊല്ലിയ വ്യാജന്‍റെ

നെറ്റിയിലേക്കു ഞാന്‍ വിട്ടൂ ഗദായുധം.


വിന്ധ്യനെ കാറ്റിളക്കാത്ത പോല്‍ മാരണം

വന്നെന്‍റെ നെഞ്ചം തകര്‍ക്കെ 

അറിഞ്ഞു ഞാന്‍ 


ആരയച്ചാലും തിരിച്ചു കിട്ടും സ്നേഹ-

ഹീനമാണെങ്കില്‍ 

ഫലം കൊടും നൊമ്പരം 


ആകയാലാരു ജയിക്കിലും 

ജീവിതം

ഈ വിധം 

തോറ്റടിയേണ്ടതാമാഗ്രഹം.


ശ്രുതായുസ്സ് 

-------------------

ഭീഷ്മനിര്‍മ്മിതം ക്രൌഞ്ചവ്യൂഹം 

ഞാനതിന്‍ ജഘനത്തില്‍ നില്‍ക്കേ 

സൂര്യലോചനവും മറച്ച്

മാരിയായ് ശരകോടി വീഴ്കെ 

നാഗകേതുവുയര്‍ന്നു നില്‍ക്കും

നാമതിന്‍ തണലത്തുലാത്തും.


ശ്വേതന്‍ 

--------------------

കണ്ണിമ പൂട്ടാതെ 

പോരാടി ഞാന്‍ 

മനക്കണ്ണില്‍ തെളിഞ്ഞില്ല 

ശാന്തിപതാകകള്‍.


ആരു ജയിച്ചെന്നറിയാതെ 

പോകുന്നു 

ചോരയാല്‍ നല്‍കി ഞാന്‍ 

അന്ത്യാഭിവാദനം.



ശ്വേതകി 

---------------

ഉണ്ടുറങ്ങിയോ നാട്ടുകാര്‍? ഞാനെന്‍ 

നിന്ദ്യജീവിതം യജ്ഞത്തിനേകി

നെയ്ക്കുടങ്ങള്‍ മുഴുക്കെയും തീര്‍ന്നു

അഗ്നി പോലുമജീര്‍ണ്ണത്തിലായി 

രാജധര്‍മ്മം പ്രജാക്ഷേമമെങ്കില്‍ 

യാഗ ദുര്‍വ്യയം കൊണ്ടെന്തു കാര്യം?

ചിന്തയിങ്ങനെ ദ്രോഹിച്ചുവെന്നാല്‍ 

പിന്നെയും ഹോമവേദി പുകയും.



ശ്വേതകേതു 

--------------------

അച്ഛനെന്നെ പുറത്താക്കിയാലും 

സത്യബോദ്ധ്യങ്ങള്‍ ചൊല്ലാതെ വയ്യ 

ദുഷ്ട ബ്രാഹ്മണപൂജയെപ്പോലെ 

വൃത്തികെട്ടതായൊന്നുമേയില്ല.

അക്രമത്തെ അവര്‍ സ്തുതിക്കുമ്പോള്‍ 

ശുദ്ധവെള്ളക്കൊടി ഞാന്നുയര്‍ത്തൂം.



ശൈബ്യന്‍ 

-------------------

യുക്തിപൂര്‍വം ചമച്ചൊരാ ക്രൌഞ്ചവ്യൂഹത്തില്‍ 

ശക്തിയേകി, ധനുസ്സേന്തി നിന്ന നേരത്ത് 

യുദ്ധരീതിക്കാകമാനം നിരക്കാത്ത പോല്‍ 

ശത്രുപക്ഷം ശാന്തി കാംക്ഷിക്കുന്നതായ് തോന്നി 

അര്‍ക്കനെത്താനിനിയൊറ്റ നാഴിക മാത്രം 

രക്തവസ്ത്രം ധരിക്കുവാന്‍ വെമ്പിയോ ഗാത്രം?



ശൃംഗവാന്‍ 

------------------

വൃദ്ധകന്യയാകിലെന്തൊ-

രൊറ്റ മുത്തമാകിലെന്തൊ-

രൊറ്റ സംഗമാകിലെന്ത്

തൃപ്തനായ് വരുന്നു ഞാന്‍.

നിന്‍റെ മാര്‍ഗ്ഗമെന്‍റെ മാര്‍ഗ്ഗം 

മൃത്യുവാണു നിന്‍ വഴിയാ 

മുക്തി തന്നെയെന്‍ മൃതിയും

ശുദ്ധ ദീപ്തചാരുതേ.



ശൃംഗി

-----------

നായാട്ടുകാരന്‍റെ

വില്ലല്ല ലോകം 

നാഗശവമല്ല 

രാജോപഹാരം.


കൊല്ലുക

തെറ്റു തീണ്ടുന്ന രാജാവിനെ 

തുല്യമാവട്ടെ തുലാസ്സ്.




ശൌനകന്‍ 

------------------

പെയ്യുക 

പേമാരിയായ് കാവ്യമേഘമേ 

നിന്നില്‍ കുളിക്കാന്‍ 

എനിക്കു മോഹം.


മെയ്യില്‍ മുളച്ചു 

തഴച്ചു പുഷ്പിക്കണം 

ധന്യദു:ഖത്തിന്‍റെ 

സസ്യഭാരം.



സഗരന്‍      

-------------

കൊന്നു കൊന്നു മര്‍ത്ത്യരെ   

തകര്‍പ്പതാണു ക്ഷത്രിയ-

ദ്ധര്‍മ്മമെന്ന പാഠമാണു  

ബാല്യ ശീല ബോദ്ധ്യത  


രക്തദാഹിയായ വാളി-

ലെന്‍റെ സ്നേഹഭദ്രത 

ശത്രുവായ് ഗണിക്കുമോ 

വരുന്ന കാല വായന?     


സഞ്ജയന്‍ 

------------------

രണത്തില്‍ 

ജയിക്കുന്നതൊറ്റയാള്‍

നിണത്തില്‍ 

രസിക്കുന്നതൊറ്റയാള്‍

മരണം

ആ വില്ലില്ലാ വീരനെ കാണുവാന്‍ 

തെളിമിഴി വേറെയെനിക്കു വേണം 


സത്യജിത്ത് 

-------------------

ശത്രു മിത്രമായിവന്ന യുദ്ധഭൂമിയില്‍ ശരം 

വിശ്രമിച്ചുണര്‍ന്നു പാഞ്ഞു കൊന്നുകൊന്നൊടുക്കവേ

അസ്ത്രവും ധനുസ്സുമായി നിന്നു ഞാന്‍, പരാജയം 

വസ്ത്രധാടി പോലെനിക്കു നിത്യമാം പരിചയം.


സത്യകന്‍ 

----------------

ചെറുപ്പക്കാര്‍ മരിക്കുമ്പോള്‍ 

മനസ്സില്‍ ദു:ഖമേറുന്നു

വെറുപ്പിന്‍റെ രഥമേറി

വരും യുദ്ധക്കൊലയാളി 

ധനുസ്സിന്റെ ഭാഷയല്ലോ

വധത്തിന്‍റെ കടുംകൈകള്‍ 

കരുത്തന്റെ നീതിശാസ്ത്രം 

പറത്താനായുധം വേണം.



സത്യദേവന്‍ 

--------------------

ചക്രരക്ഷയ്ക്കു പോരാടി നിന്നു ഞാന്‍ 

ശിക്ഷയായ് വന്നു ഭീമ ഗദായുധം

ക്ഷത്രിയന്‍റെ അഭിമാന യുദ്ധമേ

ബുദ്ധിമോശമാണോരോ മരണവും 



സത്യധൃതി 

------------------

അസ്ത്രജ്ഞാനം പോരാടുമ്പോള്‍ 

ബ്രഹ്മജ്ഞാനം പാഴാകുന്നു 

ദ്രോണജ്ഞാനം മുന്നേറുമ്പോള്‍ 

ഞാ,നജ്ഞാനി പിന്‍ മാറുന്നു.

രക്തസ്നാനം ചെയ്യാനെത്തീ-

യുദ്ധത്തിന്‍റെ സര്‍വ്വജ്ഞാനം.


സത്യന്‍ 

-------------

ജന്തുഹിംസയധര്‍മ്മമാണല്ലോ 

സസ്യങ്ങളാല്‍ ഞാന്‍ 

യജ്ഞമിങ്ങനെ പൂര്‍ത്തിയാക്കട്ടെ.

സ്വര്‍ഗ്ഗയാത്രയെനിക്കു വേണ്ടല്ലോ 

പ്രാണിയെ കൊന്ന് 

അപ്സരസ്സിന്‍ മുത്തവും വേണ്ട.



സത്യഭാമ 

---------------

വെണ്‍മാളിക, കല്‍പ്പവൃക്ഷം,മലര്‍മെത്ത 

സ്വര്‍ണ്ണാഭരണങ്ങള്‍, വജ്ര ചഷകങ്ങള്‍ 

കണ്‍മുന്നിലുഷ്ണവും ശീതീകരിക്കുന്ന 

രത്നച്ചുമരുകള്‍ ഭൃത്യ സഹസ്രങ്ങള്‍.

കൃഷ്ണനില്ലാതെന്തു ജീവിതം, കാട്ടില്‍ ഞാന്‍

ഒറ്റയ്ക്കു തന്നെ ജപിച്ചൊടുങ്ങുന്നവള്‍.



സത്യവതി 

-----------------

തുഴയെടുക്കാതെ 

ജീവിതത്തിന്‍ കൊടും 

പുഴ കടക്കുവാന്‍ പോയ 

കിനാവു ഞാന്‍.


എരിയുകയാണ് 

നെഞ്ചിലെ മണ്ണടുപ്പ്

അതില്‍ മഹര്‍ഷിപുത്രന്റെ 

തേജോമുഖം.


കരയിലേക്കെടുത്തിട്ട പൂമീനിന്റെ 

പിടയലാണേതു  പെണ്ണിന്‍റെ ജന്മവും.


സത്യവാന്‍

------------------

പ്രണയമാണ്  മൃത്യുവിന്‍ 

ഫണം തകര്‍ക്കുമായുധം 

പ്രണയമാണ് ജീവിതം  പ്രസന്നമാക്കുമാശയം 


മരുവിലാകിലും കൊടും-

വനത്തിലാകിലും മഹാ-

പ്രണയമാണ് ജീവികള്‍ക്കു ധന്യവാസ്തവാഭയം.



സത്യശ്രവസ്സ് 

---------------------

സിംഹശൂരത മാനിന്‍ കഴുത്തില്‍ 

ഹിംസയാല്‍ നിണ മുദ്ര വയ്ക്കുമ്പോള്‍ 

വന്നു നീ,യഭിമാനിയാം മൃത്യുവിന്‍ 

കണ്ണടയ്ക്കുന്ന നേരമില്ലല്ലോ.



സത്യസന്ധന്‍ 

----------------------

കളവും ചതിവുമില്ലാതെ 

പൊരുതി ഞാന്‍ സത്യമായ്ത്തന്നെ 

ഒടുവില്‍ ഗദയാല്‍ തകര്‍ന്നു 

അധികാരമേ നീ വിഷാണു.



സത്വന്‍

-------------

വാളുകളെത്ര ശതകോടികള്‍ 

കൂനയായ് കൂടിക്കിടക്കുന്നതില്‍ 

ഏതായിരിക്കുമെന്‍ വാള്‍ത്തിളക്കം?


സത്രാജിത്ത് 

--------------------

സൂര്യകാന്തിയാലാകര്‍ഷകം സ്വയം  

ശോഭ തൂകും സ്യമന്തകം തന്നെയെന്‍ 

വേദനയ്ക്കു നിദാനം, സഹിക്കുമോ

സോദരമൃത്യു,വേതൊരു മര്‍ത്യനും?

സ്നേഹമാണു മഹനീയമത്ഭുത-

ശ്രീ തുളുമ്പുന്ന പൊന്നു കാക്കപ്പൊന്ന്!          



സ്ഥൂണാകര്‍ണ്ണന്‍ 

---------------------------

വേദനിച്ചിരിക്കാതെടോ പ്രച്ഛന്ന-

വേഷധാരിയമോമല്‍ ചെറുപ്പമേ 

എന്‍റെ പൌരുഷക്കൊമ്പു നീയേല്‍ക്കുക 

നിന്നിലത്താളമെന്നെയേല്‍പ്പിക്കുക

നിന്റെ ലജ്ജയെനിക്കു തന്നേക്കുക

എന്‍റെ ഗംഭീരത നീയെടുക്കുക 

ചുണ്ടു നീ, നീലപ്പീലി ഞാനോര്‍ക്കണം 

കണ്ടു കൈമാറണം പിന്നെയൊക്കെയും.


സ്ഥൂലകേശന്‍

-----------------------

നദിയൊരോമനപ്പെണ്‍കുഞ്ഞു പോലെന്‍റെ

മടിയില്‍ വീണു ചിരിച്ചോ കരഞ്ഞുവോ

വളരുകോമനത്താമരേ മൈനയും 

മുയലുമെല്ലാം നിനക്കുറ്റ കൂട്ടുകാര്‍.


സ്ഥൂലാക്ഷന്‍ 

---------------------

പ്രപഞ്ചമെത്ര വിസ്തൃതം 

മനുഷ്യനെത്ര ദുര്‍ബ്ബലം

മൃതപ്രയാണ,മുല്‍ക്കയാത്ര 

ജീവിതം പരാശ്രിതം.



സദാസുവാക്ക് 

-----------------------

കറുകയെണ്ണയും താളിയുമായി 

കരുതലായ് കൂടെയെത്തുമായമ്മേ

പട കളിക്കുവാന്‍ പോണമെനിക്ക്



സനല്‍കുമാരന്‍ 

--------------------------

സൂര്യയാത്ര തന്‍ മാത്രകള്‍ ശ്രദ്ധിച്ചു

കാരിരുമ്പിന്‍റെയസ്ത്രക്കിടക്കയില്‍ 

വീണ യോദ്ധാവിനെ കണ്ടു കൂപ്പവേ 

ശോണിതവുമുറഞ്ഞതായ് തോന്നിയോ?

അര്‍ത്ഥമില്ലാത്ത ജീവിത മോഹമേ 

വ്യര്‍ഥമാക്കുന്നു നീ ദിനരാത്രങ്ങള്‍.


സന്ധന്‍

-------------

അന്ധരോഷമേ, ഉച്ചയ്ക്കു വന്നൊരു 

സന്ധ്യയില്‍ പെട്ടുപോയെന്റെ യൌവനം 


സംഗവന്‍ 

----------------

വെണ്‍പശു പോലെയസംഖ്യം നില്‍പ്പൂ 

ഗന്ധര്‍വ്വപ്പട മുന്നില്‍ 

പുല്ലും കയറും പോരാ വമ്പന്‍ 

വില്ലും ഗദയും വേണം 

കാളകള്‍ പായും പോലെ കൌരവ 

സേന തിരിഞ്ഞോടുമ്പോള്‍ 

ധേനു സഹസ്രം പുല്‍മേടുകളില്‍ 

മേയുന്നതു പോല്‍ തോന്നി.



സംജ്ഞ 

--------------

ഉപമയില്ലാത്ത ഭര്‍ത്തൃതാപം 

കുതിരയായ് ഞാന്‍ വനത്തിലെത്തി 

അവളെ ഞാന്‍ പ്രതിരൂപമാക്കി

കതിരവന്‍റെയടുക്കലാക്കി 

പ്രണയം, ആണശ്വമായി വന്നു 

ഇരുവരെന്‍ സൂര്യപുത്രരായി.


സംവരണന്‍ 

--------------------

കാറ്റിലംബുജപ്പൂക്കള്‍ മണക്കുന്നു

കാട്ടിലാണ്‍കുയില്‍ നിര്‍ത്താതെ പാടുന്നു 

ജീവനിലൊരു പ്രേമതപസ്സിന്‍റെ

വേനലും വര്‍ഷകാലവും വിങ്ങുന്നു 

സൂര്യതേജസ്സിനാലെന്‍റെ ജീവിതം 

ഭാവി പര്‍വതം ചൂണ്ടി നടക്കുന്നു 



സംവര്‍ത്തന്‍ 

---------------------

ഇന്ദ്രകോപം സഹോദരശാപം 

എന്തുമാട്ടെ, യാഗത്തിനൊരുങ്ങാം 

സ്വര്‍ണ്ണമാണു പ്രധാനമതിനായ്

കണ്ണടച്ചു പരിശ്രമിക്കേണം.



സമന്‍ 

----------

ഹൃദയരക്തം തെറിച്ചു സേനാനികള്‍ 

മുഖമടിച്ചു വീഴുന്ന രണാങ്കണം 

ഇതിലെവിടെയാണെന്റെ സഹോദരന്‍?



സമ്പാതി 

---------------

ദ്രോണപക്ഷം പക്ഷിവ്യൂഹം 

ഞാന്‍ ഹൃദയസ്ഥാനമേല്‍ക്കെ

ഘോരയുദ്ധപ്രതീക്ഷയാല്‍ മനസ്സു പൂത്തു 

ഭീമസേനയ്ക്കിന്നു തന്നെ 

തോല്‍മയെന്നു നിരീക്ഷിക്കെ

വേഗശസ്ത്ര സഹസ്രത്താല്‍ നഭസ്സും മാഞ്ഞു



സമുദ്രസേനന്‍ 

------------------------

ദിഗ്വിജയക്കാലമെന്‍റെ 

സ്വസ്ഥരാജ്യമാക്രമിച്ചു 

സ്വത്തു സ്വര്‍ണ്ണം പണം ധേനു-

വൊക്കെയുമപഹരിച്ചു

പക വീട്ടാന്‍ വന്നു ഞാനീ 

പടത്തട്ടില്‍ ഭീമസേനാ

ജയിച്ചു നീ നേടിയാല്‍ ഞാന്‍ 

മൃതിത്തൊപ്പി ചൂടുമല്ലോ.


സരമ

----------

നായയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞറിയണം 

രാജകുമാരനായാലും 

ശിക്ഷിക്കണം മൃഗദ്രോഹിയെ, പ്രാണികള്‍ 

ശുഷ്ക്കിച്ചാലില്ല ഭൂലോകം.


സര്‍വഗന്‍

-----------------

മാമരങ്ങള്‍ പിഴുതും ഗജങ്ങളെ 

തീവഴിയേ നടത്തിയൂ,മമ്പുകള്‍ 

മൊട്ടുഴിഞ്ഞും ഗദകള്‍ മിനുക്കിയും 

നഷ്ടമായെന്‍റെ ജീവിതപ്പാതകള്‍..


സരസ്വതി 

-----------------

നദി ഞാ,നൊന്നല്ല പതിനാറായിരം 

പ്രിയകള്‍ കണ്ണനെ പുണര്‍ന്നവര്‍

നിലവിളിച്ചെന്‍റെ നിലയില്ലാക്കയ-

പ്പടിയിറങ്ങീട്ടു മൃതിപ്പെട്ടു 

മരണത്തേരോടിച്ചതഞ്ഞ ദ്വാരക 

പറയുന്നുണ്ടൊരു ഗുണപാഠം 

അതുല്യകേമനും അനുയായികളും 

നദിയിവളുമസ്തമിച്ചിടും 



സഹജന്യ 

----------------

രതിനടനവിലോലയാണിവള്‍

അതിമൃദുലാംഗി പ്രശംസിതാംഗന 

മതിമുഖി മതി യെന്നു ചൊല്ലുവാ-

നരുതു, കുബേരനുപോലുമുള്‍പ്രിയം



സഹദേവന്‍ 

-------------------

ദ്രൌപദിയേടത്തി

വാത്സല്യമായിരു-

ന്നെന്നോടവര്‍ക്ക്.


സംയോഗപ്പുരയില്‍ വച്ചെന്‍റെ

നെറുകയില്‍ 

ചുംബിച്ചുറക്കിയോള്‍.


നിദ്ര വരും വരെ 

ഓമനപ്പാലൂട്ട്

കിട്ടാതെ പോയ 

താരാട്ട്.


സഹന്‍ 

-------------

കുതിരയെ കൊന്നു കൂട്ടിയ മൂലയില്‍ 

മരണലാടം ചിതറിക്കിടക്കുന്നു 

ഇതിലെവിടെയാണെന്‍ പ്രിയ വാഹനം?



സഹസ്രചിത്യന്‍ 

--------------------------

മടുത്തല്ലോ രാജ്യഭാരം 

വെറുത്തു ഞാന്‍ രമ്യഹര്‍മ്മ്യം 

ചെടിച്ചല്ലോ രാസകേളി 

മുടിപ്പിച്ചു സൈന്യവ്യൂഹം 

വനത്തില്‍ പോയ് മയില്‍ക്കൂട്ടം 

നടക്കുന്ന തണലത്ത്

തിരക്കില്ലാതിരിക്കേണം 

തപസ്സെങ്കില്‍ തപസ്സാട്ടെ.



സഹസ്രാനീകന്‍ 

---------------------------

യൌവനമതിന്‍ തീക്ഷ്ണ യാമങ്ങളില്‍ 

വര്‍ണ്ണചിത്രങ്ങളാരചിക്കുമ്പൊഴും 

മന്മഥനൃത്തലീലാവിലോലകള്‍ 

വന്നുരുമ്മിക്കടന്നു പോകുമ്പൊഴും

ചിന്തയിലൊരു പെണ്ണിന്‍റെ ചുംബനം 

മുന്തിരിച്ചാറു പോലാസ്വദിച്ചു ഞാന്‍ 









സാത്യകി 

----------------

യുദ്ധവും മദ്യവുമോരോ ഞരമ്പിലും

രക്തക്കടലായിരമ്പി 

ദു:ഖമില്ലാത്തവന്‍ യോദ്ധാവെന്നാരാണ് 

സത്യവിരുദ്ധത ചൊല്ലി

യുദ്ധത്തിന്‍ സമ്മാനം ദു:ഖമാണെന്നൊരു

നക്ഷത്രബിന്ദു പറഞ്ഞോ?



സാന്ദീപനി 

------------------

ആഴിയോടു മല്ലിട്ടെന്‍റെ പുത്രനെ 

പൂഴിമണ്ണില്‍ വരുത്തിയ ശിഷ്യരെ 

ഞാന്‍ പഠിപ്പിച്ചു വേദവും ശാസ്ത്രവും 

ആള്‍വര, ഗജശിക്ഷയും വൈദ്യവും 

അശ്വരോഗ ചികിത്സയു,മമ്പുകള്‍ 

ബുദ്ധിപൂര്‍വം തൊടുക്കുന്ന വിദ്യയും 

മര്‍ത്ത്യഹത്യക്കു പോകാതിരിക്കണേ

സത്യവാക്കുകളോര്‍മ്മയില്‍ നില്‍ക്കണേ



സാംബന്‍ 

---------------

അച്ഛന്‍റെ ഭാര്യമാരാഗ്രഹത്തോടെന്‍റെ 

മെത്ത പകുക്കുവാനെത്തി 

കുഷ്ഠരോഗത്താല്‍ വലഞ്ഞെന്നുദരത്തില്‍

ഉഗ്രമുലക്കയുദിച്ചു

യുദ്ധത്തിലെത്ര പാവങ്ങളെ കൊന്നതി-

ന്നുത്തരം പുല്ലാല്‍ മരണം.






സാരണന്‍

----------------

രണ്ടു നൂല്‍പ്പന്തുകളൊന്നിച്ചുറപ്പിച്ചു

സുന്ദരിയാക്കിയൊരുത്തനെ ഞാന്‍ 

ഉന്തിച്ചുദരം, കടക്കണ്ണിളക്കത്തി-

ലന്തിപ്പൊലിമ തുടിച്ചു നിന്നു 

കണ്ണടച്ചോളൂ മരങ്ങളേ യോഗികള്‍ 

മണ്ണിലിറങ്ങി വരുന്ന നേരം 

ഉണ്ണി, യാണോ പെണ്ണോ ചോദിച്ചറിയണം 

പിന്നെ ചിരിപ്പൂത്തിരി കൊളുത്താം  



സാരസ്വതന്‍ 

--------------------

പുഴയുടെ താരാട്ട് 

പുഴയുടെ മീനൂട്ട്

പുഴയുടെ പാഠങ്ങള്‍ 

പുഴയാണെന്നമ്മ.

വറുതി മരിക്കുമ്പോള്‍ 

ഋഷിമാരെത്തുമ്പോള്‍ 

പൊരുളു പറഞ്ഞു തരാം;

ഗുരുവാണെന്നമ്മ.














സാല്വന്‍ 

--------------

ആക്രമിച്ചതെന്തിനാണ് 

ദ്വാരകത്തുരുത്തു ഞാന്‍ 

ആത്മനിന്ദ മാറ്റുവാന്‍ 

അനീതിയെ ചെറുക്കുവാന്‍.


രാജസൂയ ഭൂമിയില്‍ 

തെറിച്ചു വീണ ചോരയെന്‍ 

സ്നേഹിതന്റെതാകില്‍ ഞാന്‍ 

രണപ്പതാകയേന്തണം


തോറ്റിടാം ജയിച്ചിടാം 

മരിച്ചിടാ, മതൊന്നുമെന്‍

മാര്‍ഗ്ഗപുസ്തകത്തിലില്ല 

കര്‍മ്മമെന്‍റെ ജീവിതം.



സാവിത്രി 

----------------

മൃത്യുവെ തോല്‍പ്പിച്ചു

നേടിയതാണു ഞാന്‍ 

ഇഷ്ടക്കടമ്പിനെ, സ്നേഹത്തിടമ്പിനെ


ആണില്‍ ലയിക്കുമ്പൊഴേ

പൂര്‍ണ്ണമാകുവാന്‍

പാടുള്ളു പെണ്ണിന്‍റെ സങ്കടജീവിതം 










സികതന്‍

----------------

ഒഴുകുന്നു പുഴ തോറും   മനുഷ്യരക്തം 

പറക്കുന്നു വാനിലൂടെ മനുഷ്യശീര്‍ഷം 

തടയുന്നു കാലിലെങ്ങും മനുഷ്യമാംസം 

പടരുന്നു  കരച്ചിലായ് മനുഷ്യശബ്ദം 

നിറുത്തുകീ ക്രൂരമാര്‍ഗ്ഗം, നിനക്കു നാശം 

ഭവിക്കാറായ്, ക്രുദ്ധ ദ്രോണാ. പഴിക്കും കാലം.



സിദ്ധന്‍ 

--------------

പുഴയെ സ്നേഹിച്ചാല്‍ പുഴയും സ്നേഹിക്കും 

പുഴയെ കൊല്ലുകില്‍ മനുഷ്യരും ചാകും 

കിളികള്‍ പാടങ്ങള്‍ മൃഗങ്ങള്‍ മീനുകള്‍ 

സകലതും മൃതി കുടീരമെത്തിടും 

പുഴയിതു ഗംഗ ജലസമൃദ്ധിയാല്‍ 

കരയിലുള്ളോര്‍ക്കു കരുണയേകുന്നു.



സിനീവാലി 

-------------------

കുഞ്ഞിനെ ചെന്നെടുത്തമ്മിഞ്ഞ നല്‍കുവാന്‍

അമ്മമനസ്സിനു ദാഹം 

സ്നേഹസരസ്സിലെ ആണ്‍പൂവറിഞ്ഞുവോ

മാതൃത്വ മോഹനഭാവം 









സിംഹചന്ദ്രന്‍ 

----------------------

ധര്‍മ്മപുത്ര സേനയില്‍ 

സിംഹളാഭ ചേര്‍ത്തു ഞാന്‍ 

കര്‍മ്മബോധമെന്നെയും

മൃത്യുവില്‍ തളയ്ക്കുമോ?

യുദ്ധമേ വിരുദ്ധമേ

വര്‍ണ്ണ സൂത്രമാണു നീ 

കൃഷ്ണഗാത്രര്‍ ഞങ്ങടെ  

ജന്‍മദുഖമാണു നീ.



സിംഹസേനന്‍ 

------------------------

ദ്രോണബാണം ചെറുക്കുവാനാവാതെ 

വീണ നേരമെന്നമ്പുറ ചുംബിച്ച 

ശോണമണ്ണേ, മറക്കുമോ ഹിംസകര്‍ 

താണു പോയ കുരുക്ഷേത്ര ഭൂപടം?



സുകന്യ 

--------------

ഘോരതമസ്സില്‍ രവികിരണം പോലെ 

നീലസരസ്സില്‍ കമലം വിരിഞ്ഞ പോല്‍ 

അന്ധനേത്രങ്ങളില്‍ കാഴ്ച  തെളിയുമ്പോള്‍ 

സുന്ദരമാകുന്നു ജീവിതപ്പാഴ് നിലം


സുകുമാരന്‍ 

--------------------

തോല്‍വിചരിത്രമുപേക്ഷിച്ചു പാണ്ഡവ-

സേനയില്‍ നിന്നു പൊരുതി മുന്നേറവേ

ആരോ പറഞ്ഞു, രണം കണ്ട മേഘമോ 

സൂര്യകിരണമോ, ഖേദ ഫലശ്രുതി.


സുകേതു 

---------------

കൃപാഹീനമല്ലോ കൃപാസ്ത്രം, കഴുത്തില്‍ 

കടിക്കുന്ന പാമ്പേ ജയിക്കുന്ന നിന്നെ

മഹാ:ദുഖമേല്‍ക്കാന്‍ വിടുന്നു ഞാ, നല്‍പ്പം 

കഴിഞ്ഞാല്‍ നിനക്കും വരും മൃത്യുഹാരം.


സുക്ഷത്രന്‍ 

------------------

ചക്രവാകവയറ്റിന്‍റെ വര്‍ണവും 

ശബ്ദവുമുള്ള യുദ്ധക്കുതിരകള്‍

ശത്രുരക്ഷകന്‍ ദ്രോണന്‍റെ സേനയെ 

നിര്‍ദ്ദയം ഛിന്നമാക്കിയോടിക്കവേ 

പുഞ്ചിരിച്ചോ യുധിഷ്ഠിരന്‍, ജീവിത-

പ്പൊന്‍പതാക പറന്നതായ് തോന്നിയോ?


സുഗ്രീവന്‍ 

-----------------

ഞാനും കാമഗന്‍,ശൈബ്യന്‍,വലാഹകന്‍ 

മേഘപുഷ്പനെന്നീയഞ്ചു വാജികള്‍ 

കണ്ടതിലെത്ര കള്ളങ്ങള്‍, വഞ്ചന

വന്‍ചതി, യിതാണായോധന വിധി!

ഞാണു പൊട്ടിച്ചൊരൊറ്റയോട്ടത്തിന്

കാനനവീട്ടിലെത്തുവാനെന്‍ കൊതി.


സുതസോമന്‍ 

----------------------

ഉറക്കത്തില്‍ ശിബിരത്തില്‍ 

മരണത്തിന്‍ മുന്നില്‍ നില്‍ക്കേ 

പിതാവാം ഭീമനെപ്പറ്റി 

മനസ്സിലൊരാധി പൂത്തു.

പടയ്ക്കിപ്പോള്‍ തോല്‍വി മാത്രം 

ജയിച്ചാലും തോല്‍മ മാത്രം 

എനിക്കിപ്പോള്‍ പരിഭ്രാന്തി-

പ്പുക തന്ന മൃതിപ്പാത്രം.


സുജാത 

-------------

കണ്ണുനീരാണു സാക്ഷിയേതമ്മയ്ക്കും

കണ്ണിലുണ്ണിയാണോമനപ്പൊന്‍മകന്‍ 

അംഗഭംഗം നിമിത്തമെന്‍ കുഞ്ഞിനു 

സഞ്ചരിക്കുവാന്‍ പോലും വിഷമമായ് 

എങ്കിലും നീ പൊറുക്കൂ പിതാവിനെ 

വന്‍കടലിലൊടുങ്ങിയ തിന്മയെ 


സുദക്ഷിണന്‍ 

-----------------------

നദിയും മരുവും കടന്നു വന്നു 

കുതിരകളാനകള്‍ പോര്‍ത്തേരുകള്‍ 

കഴുകച്ചിറകുപോലമ്പുകളും

കരുതി മുകില്‍പോലെയാളുകളും 

ഒടുവിലൊരാളും മടങ്ങിയില്ല 

അടരിലെന്നൊപ്പം മരിച്ചൊടുങ്ങി 


സുദര്‍ശനന്‍ 

--------------------

തടവറയില്‍ നിന്നെന്നെ രക്ഷിക്കുവാന്‍ 

ഒരു രഥത്തിന്‍റെ ഒച്ച കേള്‍ക്കുന്നുവോ?

പ്രജകളൊന്നായുണര്‍ന്നു വരുന്നുവോ

പുതുവിമോചനസ്സൂര്യനുദിച്ചുവോ?



സുദേവന്‍ 

----------------

യജ്ഞത്താലല്ലെന്‍റെ ജീവിതം ഹോമിച്ച 

യുദ്ധത്താല്‍ നേടി ഞാന്‍  വീരമൃത്യു 

മറ്റുള്ളതൊക്കെ പഴങ്കഥയാണതു

വൃത്തത്തില്‍ ഒപ്പിച്ച പദ്യം മാത്രം.



സുദേഷ്ണ 

-------------

വഞ്ചിച്ചു വഞ്ചിച്ചൂ

ഞാനെന്‍റെ തോഴിയെ 

നെഞ്ചത്തു പാപം കടിച്ചു.


കൂട്ടിക്കൊടുപ്പിന്‍ 

ചതിപ്പാലമിട്ടു ഞാന്‍ 

തോറ്റു, ചിതാഗ്നിയെന്നുള്ളം.


സുദ്യുമ്നന്‍ 

----------------

വിശന്നാലുമില്ലെങ്കിലും അന്യഭോജ്യം 

കവര്‍ന്നോന്‍റെ കൈ വെട്ടുവാനാണ് ചട്ടം 

വിശക്കും പ്രജയ്ക്കന്നമേകാത്ത മന്നന്‍

വനത്തിന്നു പോകേണമെന്നില്ല ന്യായം.



സുധര്‍മ്മ 

---------------

വിത്തൊരെണ്ണം മുളച്ചതിന്‍ ശാഖിയില്‍ 

പച്ചിലക്കൂട്ടിനുള്ളിലിരുന്നൊരു

പക്ഷി മറ്റൊരു പക്ഷിയെ കാക്കുന്ന 

സ്വപ്നവും കണ്ടുണര്‍ന്നതാണിന്നലെ.

പുത്രിയെ കൈപിടിച്ചു കൊടുക്കുവാ-

നൊക്കുമെങ്കിലെന്‍  സ്വപ്നം ഫലിച്ചിടും 



സുനന്ദ 

------------

നാഗപ്പാലയിലത്തൈലമിട്ടു ഞാന്‍ 

രോഗശാന്തിക്കു പുത്രശരീരത്തില്‍ 

ദേശവാസികള്‍ സമ്മതിച്ചില്ലവന്‍ 

നാടു വാഴുവാന്‍ റാണിയെ തേടുവാന്‍ 

കാനന ദേവിമാര്‍ക്കു സമര്‍പ്പിപ്പൂ  

മോനെ,യെപ്പൊഴും രക്ഷിച്ചു കൊള്ളണേ

 


സുന്ദന്‍ 

------------

യുദ്ധഭ്രാന്ത് തലയ്ക്കു പിടിച്ചാല്‍ 

ദു:ഖത്തിന്‍ ഹിമ ശൈലം കാണാം 

രക്തമിരമ്പും പുഴകള്‍ കാണാം 

വില്ലിലഹന്തയിരിപ്പതു കാണാം 

എങ്കിലുമീ സുഖസൌകര്യങ്ങള്‍ 

സുന്ദരിമാര്‍, ധനമൊക്കെക്കാമ്യം



സുനാഭന്‍ (ധൃത)

---------------------------

നിലവിളിക്കില്ല വീര പോരാളികള്‍ 

നില മറക്കില്ല ധീര തേരാളികള്‍ 

ഇതിലൊരാളാണു ഞാനും മരണമേ


സുനാഭന്‍ 

----------------

അസുരയാദവ മിശ്രവിവാഹം 

അനുമതിക്കായ് വണങ്ങി നില്‍ക്കുമ്പോള്‍ 

പ്രണയരാജ്യത്തു വര്‍ഗ്ഗവ്യത്യാസം 

തിനയിടപോലുമില്ലെന്നറിഞ്ഞു.

ഇണമരങ്ങള്‍ തളിര്‍ക്കുന്ന കണ്ടോ 

വെയിലു പൂനിലാവാകുന്ന കണ്ടോ!


സുനാമന്‍

----------------

വണ്ടു പൂവിനെ കൊല്ലുന്ന പോലെ 

അബ്ധി,യാറാല്‍ ഭുജിക്കുന്ന പോലെ 

രണ്ടതിഥികളാതിഥേയന്‍റെ

രത്നശീര്‍ഷം തകര്‍ക്കുന്ന കണ്ടു 

കണ്ടതൊക്കെയും സത്യമാണെങ്കില്‍ 

രണ്ടു പക്ഷമില്ലെന്നെയും കൊല്ലൂ



സുപ്രതീകന്‍ 

---------------------

ആമജന്മത്തിന്റെയായുസ്സുമായ് സ്വത്ത് 

ഭാഗിക്കുവാനായ് ശ്രമിക്കും സഹോദരാ 

നിന്‍ കൂര്‍മ്മബുദ്ധിക്കഭിനന്ദനം, നൂറു 

വന്‍ കടല്‍ നീന്തിക്കടക്കുവാനുണ്ടെടോ 

ഒറ്റ മണ്‍കൂന, യൊരു ചില്ലി, യായുധം,

കുട്ടിപ്പശു, വഴി- നല്‍കുകയില്ല ഞാന്‍ 



സുപ്രഭ 

------------

ചന്ദ്രികയാല്‍ മുഖപടമിട്ടൊരീ 

സുന്ദരരാവിലസ്വസ്ഥയായി ഞാന്‍ 

എന്തിനോ കാത്തിരിക്കുന്നു രാക്കിളി 

മുന്തിരിപ്പാട്ടു പാടിയുറക്കമായ് 

അഷ്ടദിക്കിലും മാറ്റൊലിക്കൊള്ളുന്നു 

ഇഷ്ടമെന്ന പദത്തിന്‍റെയാശയം








സുബലന്‍ 

----------------

കൃഷ്ണശിലയില്‍ പടര്‍ത്തിയാലും 

പിച്ചകവള്ളിയില്‍ പൂ വിടരും 

ചിത്രശലഭങ്ങള്‍ പാറിയെത്തും

ഇഷ്ടമധുവാലുന്മത്തരാകും 

അന്ധരാജാവിനെന്‍ പൊന്നുമോളെ 

സ്വന്തമാക്കാന്‍ ഞാനനുവദിച്ചു.



സുബാഹു 

-----------------

ചോരപ്പുഴയിലൊഴുക്കിക്കളിക്കുന്നു 

രാജാധികാരത്തിന്‍ തോണി 

ഞാനുമതിലെ ഉറുമ്പിന്‍ കുഞ്ഞാകുമോ?



സുഭദ്ര 

----------

അകത്തും പുറത്തും 

മഹോത്സവം, തേര്‍-

വിട്ടൊടുക്കം നടുക്കുന്ന 

യുദ്ധപ്പറമ്പില്‍.


മകന്‍, തെറ്റു ചെയ്യാതെ 

കൊല്ലപ്പെടുമ്പോള്‍

പ്രിയന്‍ വെന്ന രാജ്യ- 

മമ്മയ്ക്കോ ശ്മശാനം.




സുമന 

-----------

മാരിയില്‍ മഞ്ഞില്‍ വെയിലില്‍ വസന്തത്തില്‍ 

ധ്യാനസ്ഥയാകാതെയെങ്ങനെയിങ്ങനെ 

സ്വര്‍ഗ്ഗാനുഭൂതി ലഭിക്കും, ഗൃഹസ്ഥകള്‍ 

സ്വപ്നസഞ്ചാരികളാകുമബലകള്‍


തെറ്റിയെന്‍, ചിന്തകളെല്ലാമൊരുത്തിയെ 

ശ്രദ്ധിച്ചു ഞാനിന്നൊരു ഹര്‍ഷശീലയെ 

ഭര്‍ത്തൃഗൃഹത്തില്‍ രമിച്ചു കഴിഞ്ഞവള്‍

ഉഗ്രതപസ്സിന്‍റെ ക്ഷീണം തൊടാത്തവള്‍.


സുമന്തു 

-------------

യുദ്ധമഹത്വ വിളംബരത്തിന്നല്ല 

ദു:ഖത്തിന്നാഴമറിയിക്കുവാനാണ് 

വിശ്വമഹാകവി തീര്‍ത്തതീ കാവ്യത്തി-

നുത്തരം ശാന്തി മഹാശാന്തി സ്വസ്ഥത.


സുമിത്രന്‍ 

-----------------

എന്തൊരു വേഗമീ കൃഷ്ണമൃഗത്തിനു

പിന്‍തുടര്‍ന്നോടിത്തളര്‍ന്നു

എന്തൊരാകര്‍ഷണം, പിന്നെയും പിന്നെയും 

പിന്തിരിപ്പിക്കാത്ത മോഹം 

ചിന്തകന്മാരേ പറഞ്ഞാലുമുത്തരം

അമ്പൊഴിഞ്ഞെന്‍റെയുറയില്‍.



സുമുഖന്‍ 

----------------

പക്ഷിക്കു ഭക്ഷണമാകാതീ പാവത്തെ 

രക്ഷിച്ച പെണ്ണിനെന്‍ മുത്തം 

സ്വപ്നത്തിലും ഞാന്‍ വിചാരിച്ചതേയില്ല

സത്യത്തിലീ സ്നേഹബന്ധം 

പക്ഷി രാജാവേ നിറുത്തുക നാഗരെ 

ഭക്ഷിക്കുവാനുള്ള മോഹം 


സുമുഖി 

--------------

തീജ്വാലകള്‍ മൃത്യുനൃത്തമാടി

പാമ്പമ്മ മോനെ വിഴുങ്ങി 

കൊള്ളി വയ്ക്കുന്നവരോര്‍ക്കവേണം 

അങ്കക്കാലത്തിവന്‍ അമ്പ് 

ചൂടാതെ പോകും നീ വില്ലുകൊണ്ട് 

നേടിയാതെല്ലാമൊരിക്കല്‍ 

കാലും ചിറകുമില്ലാത്തവര്‍ക്ക് 

കാലമാണാശ്വാസ വീട് 






സുരഥ

-----------

അടര്‍ക്കളത്തിലെ മുരുക്കു പൂത്തതായ്

പടക്കാറ്റെന്നോടു പറഞ്ഞതെന്തിന്?

ചുടുചോരയണിഞ്ഞൊരു യുവാവെന്‍റെ

മകന്‍ തന്നെ; യശ്വക്കരച്ചില്‍ കേള്‍ക്കുന്നു 

ഒടുക്കത്തെ യുദ്ധം നിറുത്തു,കാണത്തം

വധിക്കാതെതന്നെ ജയിക്കയാണെടോ 






സുരഥന്‍

--------------

നെഞ്ചു പൊട്ടുന്നു, പേടിപ്പെരുമ്പറ

സഞ്ചരിക്കുന്നകത്തും പുറത്തും 

ആയിരങ്ങളെ കൊന്ന കൊടും ക്രൂര-

ഘാതകനിതാ തൊട്ടടുത്തെത്തുന്നു

കണ്ണിരുളുന്നു മൃത്യുമൃഗത്തിന്റെ 

ഗന്ധവും ഗര്‍ജ്ജനങ്ങളും ചുറ്റുന്നു 

പൊന്നുമോനേ പൊറുക്കുക, ഞാനെന്‍റെ

കണ്ണിലുണ്ണിയെ വിട്ടു പോകുന്നിതാ.



സുലഭ  

-----------

ഭിക്ഷുകിയായും കാമുകിയായും 

സ്വപ്നം പോലെ നടക്കുമ്പോഴെ-

ന്നാള്‍മാറാട്ടക്കുപ്പായങ്ങളി-

ലാരുടെ നോട്ടപ്പൂവു പതിക്കും.

ശ്രദ്ധയ്ക്കുള്ളിലിരിപ്പൂ സൂക്ഷ്മം 

ബുദ്ധിക്കുള്ളിലിരിപ്പൂ ശാസ്ത്രം 

കല്‍പ്പിത സ്വര്‍ഗ്ഗപ്പൂവാടികയില്‍ 

സസ്യം പോലെ മുളച്ചെന്‍ ജ്ഞാനം!


സുലോചനന്‍ 

----------------------

അസ്ത്രവിദ്യ തന്നവന്‍ പറഞ്ഞു തീര്‍ത്ത മാത്രയില്‍

ശത്രുവായ് ധരിച്ചു  ബന്ധനസ്ഥനാക്കിപ്പോരുവാന്‍ 

ശിഷ്യവിഡ്ഢിയായ ഞാനുമൊപ്പരം നടന്നത്

സ്വപ്നമായിരുന്നുവോ? ഗുരുത്വമേ സഹിച്ചു ഞാന്‍. 


സുവര്‍ച്ചന്‍ 

------------------

വര്‍ഷകാല യമുനയില്‍ നീന്തുവാന്‍ 

കുട്ടിനാളിലൊന്നിച്ചു പഠിച്ചവര്‍ 

ശത്രുപക്ഷമായ് നില്ക്കുമ്പൊഴെങ്ങനെ?


സുവര്‍ണ്ണഷ്ഠീവി

--------------------------

അഞ്ചു വസന്തങ്ങള്‍ ചുംബിച്ചു പോറ്റിയ

സൂന്ദരബാലന്‍ വനത്തിലെത്തി 

തീരെ പ്രതീക്ഷിച്ചതില്ല, പുലിയൊന്നു

ചാടിപ്പിടിച്ചു കടിച്ചു കൊന്നു 

ബാലകച്ചോര വനവാകയില്‍ കണ്ടു 

സൂര്യനുമന്തിക്കു ചോപ്പുടുത്തു 



സുവര്‍മ്മന്‍ 

------------------

കൊമ്പു മുറിഞ്ഞ പടഗജങ്ങള്‍ കാട്ടു-

പൊന്തയിലെന്നപോലോടിക്കയറുന്നു 

എന്‍റെ ഗജവുമിടറിത്തുടങ്ങിയോ?



സുവീര്യവാന്‍ 

-----------------------

അങ്കക്കളത്തിലേക്കെന്തു ദൂരം 

വങ്കത്തം ചൊല്ലി ചിരിക്കാതെടോ

മങ്കമാരില്ല രണോത്സവത്തില്‍





സുശര്‍മ്മാവ്

---------------------

ധേനുസമ്പത്താണഹങ്കാര കാരണം 

ഏതു രാജാവിനുമെന്നും

ആയുധശേഖരമാണഹന്തയ്ക്കുള്ള

പാതയൊരുക്കുന്നതെങ്ങും

എന്നെയും ബാധിച്ചിരിക്കുമാ ദുഷ്ടുകള്‍ 

പിന്നെ യുദ്ധം തന്നെ കാമ്യം.


സുശോഭന 

------------------

തവളരാജ്ഞിക്കു രാപ്പാര്‍ക്കുവാന്‍ പ്രിയം 

സലിലമാളികയാണെന്നിരിക്കിലും

പ്രണയവസ്ത്രം ധരിച്ച രാജാവിന്‍റെ

ഹൃദയപുഷ്പലതാഗൃഹം പോരുമേ

ഒരു കരാര്‍, വെള്ളമുള്ളിടത്തേക്കെന്നെ

പ്രിയതമന്‍ കൊണ്ടുപോകാതിരിക്കണം.



സുഷേണന്‍ 

-------------------

രുധിരച്ചെങ്കടല്‍ തിരപ്പുറത്തൊരു

കറുമ്പനശ്വത്തിന്‍ കുളമ്പും കുഞ്ചിയും 

അതു മരണമോ രണമോ മായയോ?



സുഹസ്തന്‍ 

-----------------

ദ്രോണരെ കാണുകില്‍ 

കൂരമ്പും വന്ദിക്കും 

ഞാനോ വിനീതനാം ശിഷ്യന്‍ 

ചോര കണ്ടാല്‍ ചിരിക്കുന്നോന്‍ 


സുഹസ്തന്‍ 

-----------------

ദ്രോണരെ കാണുകില്‍ 

കൂരമ്പും വന്ദിക്കും 

ഞാനോ വിനീതനാം ശിഷ്യന്‍ 

ചോര കണ്ടാല്‍ ചിരിക്കുന്നോന്‍ 



സുഹോത്രന്‍ 

----------------------

മഴ നനഞ്ഞ കവുങ്ങിന്‍റെ പൂക്കുല- 

ച്ചിരിയൊളിപ്പിച്ചു വച്ച പോല്‍ യൌവനം  

അതിനുമേലേയിടിമിന്നലായ് മഹാ-

രണമിതെന്നെയും കൊണ്ടു പോകുന്നുവോ.



സൂതന്‍ 

-------------

ജയ വഴി 

ഭാരത സംഹിതയായ് 

പെരുവഴി 

വീണ്ടും നീളുമ്പോള്‍ 

കഥ, കഥ-

യെന്തൊരു പൂമാരി 

നനയലെനിക്കെന്തനുഭൂതി!


കുളിരുന്നില്ല, പെരും ചൂട് 

കവിയലയുന്ന കൊടുങ്കാട്.



സൂര്യദത്തന്‍

--------------------

ആന കുതിരകളാളു തേരുക-

ളായുധങ്ങളടുക്കളക്കാര്‍ 

ദീപവാഹകരാവനാഴിക-

ളായിരങ്ങള്‍ പെരുമ്പറക്കാര്‍ 

പോക നമ്മള്‍ സഹോദരപ്രിയര്‍ 

പോക നാം രണഭൂമിയില്‍.

ജീവിതം മരണത്തിനായൊരു 

പൂവു നല്‍കിയ കൌതുകം.




സൂര്യമാസന്‍ 

---------------------

പകച്ചു നിന്നു ഞാനൊരു മാത്ര, സൂര്യന്‍ 

പൊടിഞ്ഞിറങ്ങിയോ, പൊടി പുതപ്പിച്ചോ?

അടുത്ത മാത്രയില്‍ കഴുത്തില്‍ വീണത് 

മൃതിപ്പൂമാലയാ, ണമിത ഗന്ധിനി



സൃഗാലന്‍ 

-----------------

ഒരു കാനനത്തിലിരട്ട സിംഹങ്ങളോ 

ഒരു നാട്ടില്‍ രണ്ടു നൃപരോ 

ഒരു യുദ്ധഭൂമിയില്‍ രണ്ടു ജേതാക്കളോ 

ഒരു വാസുദേവനധികം 


അതിനാലൊരുത്തനെ കൊല്ലാതെ വയ്യെടോ 

അതു യാദവാ  നിന്നെയാട്ടെ 

ഇതുവരെ നീ ചെയ്ത തെറ്റുകള്‍ക്കീപ്പിഴ 

വരു ദ്വന്ദയുദ്ധം തുടങ്ങാം.



സൃഞ്ജയന്‍

--------------------

പുത്രശോകത്തിന്‍ ജലപ്രവാഹം 

ദു:ഖിതനെന്‍റെയീ സ്നാനഘട്ടം 

സ്വര്‍ഗ്ഗീയരിങ്ങനനുഗ്രഹിച്ചാല്‍ 

വ്യര്‍ത്ഥമാകുന്നെന്‍റെ രാജപീഠം 

സത്രങ്ങളൊക്കെയും നിഷ്ഫലമായ് 

കഷ്ടതച്ചോളം വിളഞ്ഞു കാണ്മൂ








സേദകന്‍

---------------

അശ്വമായാലു,മരിമണിയായാലും

ഭിക്ഷ തരില്ലൊരു ബ്രാഹ്മണനും 

മറ്റു കൊട്ടാരങ്ങള്‍ തേടുക, യീവഴി

ഭിക്ഷുവിനില്ല പ്രവേശനവും.



സേനജിത്ത് 

-------------------

ക്ഷണിക്കാതെ വന്നതാണീ 

മഹാ:ദുഖം, ദു:ഖിയായാല്‍ 

ഭയം വന്നാല്‍ ഭയന്നാലോ 

തകര്‍ന്നല്ലോ ഭാവികാലം

അതുപോല്‍ സന്തോഷനീരി-

ന്നൊഴുക്കും നാം കടക്കേണം 

സമമല്ലോ സമവാക്യം 

പഠിക്കേണം നിര്‍മ്മമത്വം.



സേനാനി 

---------------

മഥുരയിലൊന്നു പോകണം - ഗോപികാ 

നടന വൈഭവം കണ്ടു കറങ്ങണം

കളരിയില്‍ പിന്നെയെത്തുന്നതാണു ഞാന്‍.


സേനാബിന്ദു 

---------------------

പൂര്‍വദിക്കിന്‍ പതാകയുമായി 

ഓടിവന്ന ധനഞ്ജയസേന 

രാജ്യഭണ്ഡാരമാകെ കവര്‍ന്നു 

ജീവിതമനാഥത്വമറിഞ്ഞു

എങ്കിലും കടപ്പാടിന്‍റെ പേരില്‍ 

വന്നു ഞാനീ കുരുക്ഷേത്രഭൂവില്‍ 


സോമകന്‍ 

-----------------

ബ്രാഹ്മണ പ്രലോഭനം 

മനസ്സു കീഴടക്കവേ 

ഏക പുത്രനെ ഹനിച്ചു 

കൈകള്‍ കൂപ്പി നിന്നു ഞാന്‍ 


പാവമെന്‍റെ ബാലകന്‍ 

കരഞ്ഞു തീയില്‍ വീഴവേ 

സൂര്യലോചനങ്ങളു-

മടഞ്ഞിരുട്ടു മാത്രമായ്.



സോമകീര്‍ത്തി 

-------------------------

യൌവനം പ്രണയത്തിന്റെ പൂവനം 

ധന്യ, മിങ്ങനെ ചോര ചാര്‍ത്തിക്കണോ 

ഉള്ളിലുണ്ട് മയങ്ങാത്ത ചോദ്യങ്ങള്‍.



സോമദത്തന്‍

----------------------

യുദ്ധമെങ്കില്‍ യുദ്ധമീ മനോഹരിക്കു വേണ്ടി ഞാന്‍ 

ഹസ്തപേശികള്‍ വിടര്‍ത്തി നില്‍ക്കയാണു പോരിനായ്

രക്തമുദ്ര നിന്‍ രഥത്തില്‍ വീഴ്ത്തിയിട്ടു മാത്രമേ 

ശക്തനാകിലും പുറത്തു പോകുവാന്‍ കഴിഞ്ഞിടൂ 




 





സോമശ്രവസ്സ് 

----------------------

അകാരണം ഭയം വരുന്ന 

പാതകളടയ്ക്കുവാന്‍

സകാരണം സുവിദ്യയുണ്ട് 

നാഗവംശജര്‍ വശം 

ശരീരമല്ല മാനസം 

തരുന്നതാണ് പേടികള്‍ 

വപുസ്സിനല്ല ശ്രദ്ധ നിന്‍ 

മനസ്സിനാണതോര്‍ക്കണം



സ്വാഹ

------------

പ്രണയിക്കുന്നെങ്കില്‍ കറുപ്പായ് മാറ്റുന്ന 

ജ്വലനഭംഗിയെ..  

അവന്‍റെയഗ്നിനാമ്പതില്‍ ലയിക്കണം 

മനസ്സും ദേഹവുമതില്‍ ദഹിക്കണം 

പ്രണയിക്കുന്നെങ്കില്‍ കനലിനുള്ളിലെ 

കരിമനോഹര കളേബരത്തിനെ 

ചുടും ഹൃദയത്തെ.



ഹര്യശ്വന്‍

----------------

അശ്വങ്ങള്‍ രണ്ടല്ലിരുനൂറു പോകിലും 

നഷ്ടമല്ലിപ്പെണ്ണു തൃപ്തിപ്രദായിനി 

മുത്തങ്ങള്‍ മുത്തങ്ങളെ മുത്തി, രാത്രികള്‍ 

സ്വര്‍ഗ്ഗസമാനമായ് ധന്യമായ് ജീവിതം 







ഹനുമാന്‍ 

----------------

രക്ഷാഭടന്മാരെ വെന്നു നീയാ 

പുഷ്പവും കൊണ്ടുപോ നേരനിയാ

വാല്‍നരനാണു നരനെക്കാളും 

ദേഹബലമുള്ള ജീവിവര്‍ഗ്ഗം 

സ്നേഹവും കൂടുതലായതിനാല്‍ 

ഭ്രാതാവിനെ ഞാന്‍ പുണര്‍ന്നു നില്‍പ്പൂ 



ഹംസന്‍

--------------

യാഗം മൃഗത്തിനെ മാത്രമല്ല 

ആളിനെയും കൊല്ലുമഗ്നിശാസ്ത്രം

ഞാനും വശപ്പെട്ടെനിക്കുമെന്തേ

രാജസൂയത്തിനു ന്യായമില്ലേ?

തമ്പുരാന്മാരിരിക്കുന്ന കാലം 

അമ്പധികാരമവര്‍ക്കു മാത്രം.





ഹസ്തി 

----------

കോട്ട കിടങ്ങുക,ളാല്‍ത്തറകള്‍ 

മാര്‍ഗ്ഗവിശ്രാന്തിക്കിരിപ്പിടങ്ങള്‍ 

നീന്തല്‍ക്കുളങ്ങള്‍ വെണ്‍മാളികകള്‍ 

മോഹനരഥ്യകള്‍ പൂവനങ്ങള്‍ 

ഗോശാലക, ളാനക്കൊട്ടിലുകള്‍

നീലത്തകിടിക, ളത്താണികള്‍

ആരു വന്നാലും മതി മറക്കും 

ശ്രീലനഗരമെന്‍ രാജധാനി 




ഹാരീതന്‍ 

----------------

താരങ്ങള്‍ കാവല്‍ നില്‍ക്കും ശരശയ്യയില്‍

പോരാളി വീണു കിടക്കുന്ന കണ്ടു ഞാന്‍ 

ഞാണ്‍ തഴമ്പാര്‍ന്ന കൈവെള്ളയില്‍ ജീവിത-

ത്താളം പിഴച്ച കഥകള്‍ വായിച്ചു ഞാന്‍

ശാന്തമാണാ മുഖം ഗംഗാ ഹ്രദം  പോലെ 

ശ്രാന്തമാണാ മെയ്യ് സായാഹ്നത പോലെ 


ഹാസിനി 

----------------

സ്വര്‍ണച്ചിലങ്ക കിലുങ്ങുമാറങ്ങനെ

വര്‍ണാഞ്ചലങ്ങളുലയുമാറങ്ങനെ

മംഗളകങ്കണം മുട്ടിയുമങ്ങനെ 

തംബുരുശ്രോണി ക്ഷണിക്കുമാറങ്ങനെ 

ചില്ലിക്കൊടികളെത്തുള്ളിച്ചുമങ്ങനെ

ചന്ദനമാറു തുളുമ്പിച്ചുമങ്ങനെ

കണ്ണില്‍ രതിച്ചോടിളകുമാറെങ്ങനീ-

പ്പെണ്ണിന്‍റെ നൃത്തം മറക്കുമതിഥികള്‍! 







ഹിഡിംബന്‍ 

--------------------

പെങ്ങളേ

ശൃംഗാരിയായ് ചെന്നൊരുത്തനെ

ദ്വന്ദയുദ്ധത്തിനു ക്ഷണിക്ക് 


തോല്‍ക്കാനെനിക്കു 

കഴിഞ്ഞാല്‍, കരുത്തനെ

വേള്‍ക്കാന്‍ നിനക്കു സന്ദര്‍ഭം


വനദേവതേ

നിന്നെ രക്ഷിക്കുമാ ധീരന്‍ 

അവനെന്‍റെ രക്താഭിവാദ്യം


ഇതു കരാറെങ്കിലും 

കാടുമേയാന്‍ വന്ന  

പരദേശി വ്യഭിചാരി മാത്രം.



ഹിഡിംബി 

------------------

പകല്‍മെത്തയില്‍ 

കൊടും ചൂടിലെന്‍ ചോരയില്‍ 

പ്രണയമൊരു പൂവണിപ്പാമ്പായി


ഒരു ഭീമനെ ചുറ്റി -

യാര്‍ത്തു ഞാന്‍ മലകളേ

മതിയാക്കുകുത്തുംഗ ഭാവം 


ഇവള്‍ കാട്ടുമൈന 

ജനിച്ചു ജീവിച്ചു ഞാന്‍ 

അടരണം ആരണ്യകത്തില്‍.




ഹിരണ്യകശിപു

---------------------------

ജീവികള്‍ക്കഭിമാനവുമന്തസ്സും

ഭാവനയും കരുത്തുമുണ്ടോര്‍ക്കണം 

ആയുധ പ്രയോഗത്തില്‍ നാം മോശമ-

ല്ലാരെയുംകാള്‍ പിറകിലുമല്ലെടോ.



ഹിരണ്യധനുസ്സ് 

--------------------------

നാദലക്ഷ്യത്തിലമ്പെയ്തു വീഴ്ത്തിയ 

നായതന്‍ കുര പോലടങ്ങുന്നു ഞാന്‍  

കാടു നമ്മുടെയമ്മ, യെന്‍ പുത്രനെ 

നീ വധിച്ചു, മറക്കാതിരിക്കുക 

ഘാതക,കൃഷ്ണ,നിന്നെ ഭുജിക്കുവാന്‍ 

കൂരു കൂര്‍പ്പിച്ചൊരമ്പു പിറന്നെടോ.



ഹിരണ്യവര്‍മ്മന്‍ 

----------------------------

വീര രാജാക്കള്‍ മാന്യ പ്രഭുക്കള്‍ 

സ്ത്രീജനങ്ങളിവര്‍ കണ്ടു നില്‍ക്കെ

കന്യയെ ഞാന്‍ കൊടുത്തതു വേറെ 

കന്യകയ്ക്കു തന്നായിരുന്നെന്നോ?

സജ്ജമാക്കുക സൈന്യവ്യൂഹത്തെ 

രക്തരൂഷിത യുദ്ധം തുടങ്ങാം .


ഹിരണ്യാക്ഷന്‍

-------------------------

നിണമൊഴുകും പടക്കളത്തില്‍ ദേവ-

ക്കൊടികളെല്ലാമഴിഞ്ഞു കിടക്കണം 

അടിമകള്‍ സംഘശക്തിയായ് ജീവിത-

ത്തുടികള്‍ കൊട്ടിയങ്കത്തിനു പോകണം 

ഒരു പരാജയം ഭാവി വിജയമാ-

യരികിലെത്തും മറക്കാതിരിക്കണം 






ഹൂഹൂ 

-----------------

അതിഥി സല്‍ക്കാരവേളയില്‍ രാത്രിയില്‍ 

വിവിധവാദ്യസമന്വിതഗായകര്‍ 

ഇവനുമേറ്റം പ്രിയങ്കരന്‍ ഹാഹായും 

പുതിയ ഗീതങ്ങള്‍ പാടി നിറയവേ

എവിടെയോ ഹീഹീ വര്‍ഗ്ഗമവരുടെ 

നരകഗീതങ്ങള്‍ ചൊല്ലുകയാവണം

തിരിവതെന്തിനു പാട്ടു പാട്ടാണെടോ

കവിതയുണ്ടെങ്കിലെല്ലാം സുഖപ്രദം.


ഹൃദീകന്‍ 

-----------------

സാധു  യാദവര്‍ പൈമ്പാല്‍ കുടിപ്പത് 

ചോര ചിന്തി മരിക്കുവാനല്ല 

കാരണങ്ങളുണ്ടാകിലും യുദ്ധങ്ങള്‍ 

സാരമാണു, മനുഷ്യവിരുദ്ധം 

ആയുധശാലക്കപ്പുറം ധേനുക്കള്‍

മേയും നിമ്നഗാതീരമേ രമ്യം.


ഹേമമാലി 

-----------------

പകയുറങ്ങാതിരിക്കും തമസ്സ് 

കലിയിരമ്പുന്ന രാജശിരസ്സ് 

വിജയനാളിനു വേണ്ടി തപസ്സ് 

രുധിരസൂര്യനോടെത്തുന്നുഷസ്സ് !

മരണകന്യയണിഞ്ഞ കൊലുസ്സ് 

മണിമുഴക്കമായ് കേള്‍ക്കും മനസ്സ് 








ഹേമവര്‍ണ്ണന്‍ 

----------------------

അടിയും തടയും ചൊല്‍പ്പടിനില്‍ക്കും

പടയും ചോരക്കൊടിയും വടിയും 

ചടപടയോടും പടയാളിത്തുടു-

നിടിലപ്പടവും, ചൊടിയും പൊടിയും 

അടരിതു കേമം, അടമഴപോലെ

തുടരെത്തുടരെയൊടുങ്ങീ മുടികള്‍! 



ഹൈമവതി 

--------------------

വിണ്ണില്‍ചോരയുറഞ്ഞിടുന്നു,  പടിയു-

ന്നങ്ങേപ്പുറം ഭാസ്ക്കരന്‍ 

കണ്ണില്‍ നിന്നുമിറങ്ങിടുന്നു കളയാന്‍ 

വയ്യാത്തതാം തീപ്പുഴ 

കണ്ണന്‍ പോയി നടുങ്ങിനിന്ന പകലോ 

ശോകാര്‍ദ്രമെന്‍ മാനസ-

പ്പുണ്ണില്‍ കൊള്ളിയമര്‍ത്തിയാര്‍ത്തു ഹിമമേ 

മായുന്നു ഞാനഗ്നിയില്‍ 



ഹോത്രവാഹനന്‍ 

----------------------------

തപസ്സിലാഗ്രഹങ്ങള്‍ പോല്‍ ഹിമത്തിലഗ്നിയുണ്ടെടോ 

തകര്‍ന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും 

തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം

പരുക്കനായ പൌരുഷം തകര്‍ത്തെറിഞ്ഞു നില്‍ക്കണം 

വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം 

കല്ലു പോല്‍ പ്രബലയായുറച്ചു തന്നെ നില്‍ക്കണം.