Tuesday 23 May 2023

തിരുമുറിവുമായി കക്കുകളി

 തിരുമുറിവുമായി കക്കുകളി 

-----------------------------------------------
ഒടുവില്‍ കക്കുകളിയെന്ന നാടകം താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ആലപ്പുഴയിലെ നെയ്തല്‍ നാടകസംഘം തീരുമാനിച്ചിരിക്കുന്നു.ക്രിസ്തു അടക്കമുള്ള രക്തസാക്ഷികളെ ആക്ഷേപിച്ച പൌരോഹിത്യത്തിനും താല്‍ക്കാലികമായി ആഹ്ളാദിക്കാം. ഈ താല്‍ക്കാലിക പിന്മാറ്റം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. അത് കഴിഞ്ഞു കളിയ്ക്കാന്‍ മുതിര്‍ന്നാല്‍ കോടതിവിധി മുഖേനയോ ഒരു പ്രസിദ്ധനായ  ക്രിസ്തുമതദാസനെ നാടകം കാണിപ്പിച്ച് അവതരണം എന്നേക്കുമായി തടയുകയോ ചെയ്യാം..എന്തായാലും മത വന്‍മതിലിനുള്ളിലെ ജീവിതം കുറെ മലയാളികളെയെങ്കിലും  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ നാടകസംഘത്തിന് അഭിമാനിക്കാം

കക്കുകളി ഫ്രാന്‍സിസ് നൊറോണയുടെ ഒരു കഥയാണ്. തൊട്ടപ്പന്‍ എന്ന പുസ്തകത്തിലുള്ളത്. ക്രിസ്തുമത സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും സമൂഹത്തിലെ ദാരിദ്ര്യഅവസ്ഥയെ കുറിച്ചും  സംസാരിക്കുന്ന ആ കഥ കെ.ബി.അജയകുമാര്‍ നാടകമാക്കുകയും ജോബ് മഠത്തിലിന്‍റെ സംവിധാനത്തില്‍ ഇരുപതോളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ദൈനം ദിന സജീവപ്രവര്‍ത്തനമുള്ള ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ നെയ്തല്‍ നാടക സംഘമാണ് അവതരിപ്പിച്ചത്.

തൃശൂരെ നാടകോത്സവത്തിനടക്കം ഈ നാടകം കളിച്ചു. അതിനു മുന്‍പു തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ ഈ നാടകം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് നതാലിയ. കമ്മ്യൂണിസ്റ്റ് കാരനായ പിതാവ് മരണമടഞ്ഞു. കുടുംബം നിത്യ ദാരിദ്ര്യത്തിലായി. ആഹാരത്തിന് പോലും മാര്‍ഗമില്ലാതായപ്പോള്‍ അമ്മ നതാലിയയെ കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കുന്നു. അവിടെയുണ്ടായ പീഡാനുഭവങ്ങളാണ് പിന്നെ നാടകത്തിലുള്ളത്. പ്രാചീനകലാരൂപമായ ചവിട്ട് നാടകത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം കണ്ടവരുടെ മനസ്സിലേക്ക് സിസ്റ്റര്‍ അഭയ അടക്കമുള്ള പീഡിതരായ നിരവധി മണവാട്ടികള്‍ കടന്നു വന്നിട്ടുണ്ട്.

വിമര്‍ശനാതീതമാണോ മതം? മതത്തെ അപഗ്രഥനത്തിന് വിധേയമാക്കരുതെന്നുണ്ടോ? ഇല്ല. കാരണം എല്ലാ മതസ്ഥാപകരും അവരുടെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്തവര്‍ ആയിരുന്നു.

മതസ്ഥാപനങ്ങളിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയാല്‍ എഴുത്തുകാരെ അഭിനന്ദിക്കുകയും തെറ്റുകള്‍ തിരുത്തുകയുമല്ലേ വേണ്ടത്? ഈ കഥാകാരനാണെങ്കില്‍ ക്രിസ്തുമതം സുപരിചിതമാണ് താനും.

എപ്പോഴെല്ലാം മതവിമര്‍ശനം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം മത വ്രണം വികാരപ്പെടുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ മതാതീത മനനുഷ്യാവബോധം സൃഷ്ടിക്കുമായിരുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിന് എതിരേ ഉണ്ടായ പ്രക്ഷോഭം മറക്കാറായിട്ടില്ല. മത സംഘടനകളാണ് അതിനു നേതൃത്വം നല്കിയത്. ഭരണകൂടം എക്കാലത്തും പരാജയപ്പെട്ടിട്ടുള്ളത് മത സമ്മര്‍ദങ്ങള്‍ക്ക് മുന്നിലാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിന് മതങ്ങള്‍ പുല്ലുവിലപോലും കൊടുത്തിട്ടില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ളതുമല്ല. കേരളാ സ്റ്റോറിയെന്ന സിനിമയെ തള്ളി പ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. മഠത്തില്‍ ലൈംഗിക പ്രശ്നങ്ങള്‍ പോലുമുണ്ടെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പോലും സമ്മതിച്ച സ്ഥിതിക്ക് ഒരു പുനര്‍ വിചിന്തനത്തിന് കേരളത്തിലെ പൌരോഹിത്യം തയ്യാറാകേണ്ടതാണ്. കേവലമൊരു നാടകത്തിനു മുന്നില്‍ തകര്‍ന്നു വീഴുന്നതാണോ മതത്തിന്‍റെ മണിമാളിക?

മതത്തിന്‍റെ എതിര്‍പ്പുമൂലം കളിയ്ക്കാന്‍ കഴിയാതെപോയ ഒരു നാടകമാണ് ആലപ്പുഴയില്‍ത്തന്നെ ഉണ്ടായിരുന്ന സൂര്യകാന്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്. നാടകം കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകളെയാണ് ആ പ്രക്ഷോഭത്തിന് മുന്നില്‍ നിറുത്തിയത്. സാഹിത്യ അക്കാദമി അവാര്ഡ് ജേതാവായ ജനകീയ നാടക കലാകാരന്‍ പി.എം ആന്‍റണി എഴുതിയ ആ നാടകം കാണുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു. 

മതക്രോധത്തിനിരയായ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരളപുരം കലാമിന്‍റെ ഫസഹ് നാടകം അവതരിപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജ് കത്തിച്ചതും നിലമ്പൂര്‍ ആയിഷയ്ക്കുനേരെ നിറയൊഴിച്ചതും അക്കാലത്തെ മത ഭീകരതയുടെ ഇളം മുളകളായിരുന്നു. മതക്രോധത്തിന് ഇരയായ നാടകങ്ങളില്‍ കെ.പി.എ സിയുടെ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം മാത്രമാണു റെഡ് വോളണ്ടിയേഴ്സിന്‍റെ കാവലില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പതാക പറപ്പിക്കേണ്ടത്? 

ജനപ്രിയതയാര്‍ന്ന ഒരു നാടകം പിന്‍വലിക്കേണ്ട ദുരവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭയാനകമാണ്. കുറെ ആളുകള്‍ സന്തോഷപ്പാര്‍ട്ടി നടത്തി വീഞ്ഞും പന്നിയിറച്ചിയും കഴിക്കുമെന്നല്ലാതെ ഇതുകൊണ്ട് സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.അത് സാംസ്ക്കാരിക മൂല്യങ്ങള്‍ക്ക് നേരെയുയര്‍ത്തുന്ന കൊലക്കത്തിയാണ്. ഇങ്ങനെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കേരളം ഉണ്ടാകട്ടെയെന്ന് ആശിക്കാം

Tuesday 16 May 2023

പാദസരം

 പാദസരം

-----------------

അപൂർവ സുന്ദര 

നെൽപ്പാടം

അതിൻ നടുക്കൊരു 

പുൽമാടം


അവിടൊരു റാന്തൽ വെട്ടത്തിൽ

തകരച്ചെണ്ട തലോടി

ഇരുട്ടൊരാനക്കൂട്ടം പോലെ

അടുത്തു വന്നതുകണ്ട്‌

ഇരിക്കയാണ്‌ യുവാവ്‌

അവന്റെ പാട്ടിൽ പാദസരം.


അകലെയൊരോലക്കുടിലിൽ

വയൽരാപ്പാട്ടിനു കാതോർത്ത്‌

കപ്പ പുഴുങ്ങി

കാന്താരിയുട-

ച്ചൊത്തിരി നേരം കാത്ത്‌

അടുപ്പിനരികിൽ

കിടന്നുറങ്ങി

പൊടിമീശക്കാരി

അവളുടെ കൂർക്കം സംഗീതം


കാവൽക്കാരനുമവളും വർണ്ണ-

ക്കിനാവിലപ്പോൾ സന്ധിച്ചു 

നെടുമങ്ങാടൻ കപ്പക്കഷണം 

മുളകുകുഴമ്പു പുരട്ടി

അവന്റെ നാവിൽ വച്ചപ്പോഴേ

കരളണിയിച്ചൂ പാദസരം 


അടുത്തപുലരിയിലാനക്കൂട്ടം 

പിരിഞ്ഞുപോകുന്നേരം

ഇളവൻകൊമ്പൻ തുമ്പിക്കയ്യിൽ 

കരുതിനടന്നൂ   ചെണ്ട

പിടിയാനയ്ക്കോ പാദസരം.


Tuesday 9 May 2023

പ്രൊഫ.നബീസാ ഉമ്മാള്‍ - അമ്മയും ഗുരുനാഥയും

 പ്രൊഫ.നബീസാ ഉമ്മാള്‍ - അമ്മയും ഗുരുനാഥയും 

---------------------------------------------------------------------------------
ചന്ദ്രബിംബം പോലെ ഉരുണ്ട മുഖം. തടിച്ച ശരീരം. വാത്സല്യത്തോടെയുള്ള പെരുമാറ്റം. പുതുതലമുറയെ അംഗീകരിക്കാനുള്ള മഹാമനസ്കത. പുതുകവികളുടെ  കവിതകള്‍ പോലും  ഓര്‍ത്തു പറയാനുള്ള അസാധാരണമായ കഴിവ്. പ്രസംഗവേദിയില്‍ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹം. നബീസാഉമ്മാള്‍ ടീച്ചര്‍, ആരും ആഗ്രഹിച്ചുപോകുന്ന മഹതിയായ അമ്മയുടെ പ്രതിരൂപമായിരുന്നു.

നിയമസഭാംഗമായിരുന്ന കാലത്താണ് നബീസാ ഉമ്മാള്‍ കോടിയേരി ദേശീയവായനശാലയില്‍ പ്രസംഗകയായി എത്തിയത്. അന്നവര്‍ സന്ദര്‍ശകഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു."കുറ്റാക്കുറ്റിരുട്ടിനെ പഴിക്കുന്നതിനെക്കാള്‍ ഭംഗി,കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ഒരു ചെറിയ നെയ്ത്തിരി കൊളുത്തി ആ പ്രഭാനാളത്തില്‍ ഇരുട്ടിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്" ഇത് അവര്‍ ജനങ്ങള്‍ക്ക് നല്കിയ സന്ദേശം മാത്രമല്ല, സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയ പ്രകാശ പദ്ധതികൂടി ആയിരുന്നു. 

പഠിക്കാന്‍ സമര്‍ത്ഥയായ ഒരു പെണ്കുട്ടി, സാമ്പത്തിക പരാധീനതകളെയും മതപരമായ വിലക്കുകളെയും അതിജീവിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ കഥ പ്രൊഫ.നബീസാഉമ്മാള്‍ ടീച്ചറുടെ ജീവിതമാണ്. മുസ്ലിം ,സമുദായത്തില്‍ നിന്നു ആദ്യമായി എം എ പാസ്സാകുന്ന സ്ത്രീയെന്ന ബഹുമതി അവര്‍ നേടി.

കേരളത്തിലെ വിവിധ സര്ക്കാര്‍ കോളജുകളില്‍ മലയാളം പഠിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ പ്രിന്‍സിപ്പാളുമായി.വിദ്യാര്‍ഥികളുമായി ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി അസാധാരണവും സ്നേഹത്തില്‍ അധിഷ്ഠിതവുമായ ഒരു ഗുരുശിഷ്യ ബന്ധം രൂപപ്പെടുത്തിയെടുത്തു.. കഴക്കൂട്ടത്തുനിന്നും ഹൃദയപക്ഷ സാരഥിയായി ടീച്ചര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നെടുമങ്ങാട് നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച ടീച്ചര്‍ നഗരസഭാ അദ്ധ്യക്ഷയുമായി..

ഉജ്വലപ്രസംഗകയായിരുന്നു നബീസാഉമ്മാള്‍. കേരളത്തിലെവിടെയുമുള്ള സാംസ്ക്കാരികവേദികള്‍ അവരുടെ സാന്നിധ്യത്താല്‍ സമ്പന്നമായി. 

തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തില്‍ ശൂദ്രരില്‍ താഴെയുള്ളവരെ പ്രവേശിപ്പിക്കാത്ത കാലം ഉണ്ടായിരുന്നല്ലോ. ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ നാരായണഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലും അയിത്തമുണ്ടായിരുന്നു. തീയര്‍ക്കപ്പുറമുള്ളവരെ പുതിയമ്പലത്തില്‍  പ്രവേശിപ്പിച്ചിരുന്നില്ല. ഗുരു തന്നെയാണ് അതിനു പരിഹാരമുണ്ടാക്കിയത്. ആ ക്ഷേത്രസന്നിധിയിലെ നബീസാഉമ്മാള്‍ ടീച്ചറുടെ പ്രസംഗം മനുവാദികളെ പ്രകോപിപ്പിച്ചു. അവര്‍, ക്ഷേത്രത്തില്‍ മുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഗുരുവിന്റെ ഉത്തമശിഷ്യനായിരുന്ന സ്വാമി ആനന്ദ തീര്‍ഥന്‍റെ സത്യാഗ്രഹത്തോടെയാണ് മനുഷ്യവിഭജനത്തിന്റെ മലിന ചിഹ്നമായ ആ ഫലകം അവിടെനിന്നും മാറ്റപ്പെട്ടത്. മനുഷ്യത്വത്തിന്റെ മണ്ണില്‍ ചുവടുറപ്പിച്ചുകൊണ്ട്, മനുഷ്യവിരുദ്ധതയ്ക്കെതിരെ വാക്കുകളുടെ പട നയിക്കുന്നതായിരുന്നു നബീസാ ഉമ്മാള്‍ ടീച്ചറുടെ പ്രസംഗങ്ങള്‍.

കഴക്കൂട്ടത്തെയും നെടുമങ്ങാട്ടെയും തെരഞ്ഞെടുപ്പുകാലം. ശിഷ്യരായ യുവതീയുവാക്കളാണ് ടീച്ചര്‍ക്കുവേണ്ടി പ്രചാരണത്തിറങ്ങിയത്. ഗുരുശിഷ്യ ബന്ധം, സമൂഹത്തിലേക്ക് പരന്നൊഴുകിയ ദിവസങ്ങളായിരുന്നു അത്. വോട്ട് അഭ്യര്‍ഥിക്കുന്നതിനിടയ്ക്ക് ഒപ്പമുള്ള ശിഷ്യരോട് വിശാപ്പായോ എന്തെങ്കിലും കഴിക്കേണ്ടെ എന്ന് അന്വേഷിക്കുന്ന  അമ്മയായിരുന്നു അവിടെയും നബീസാ ഉമ്മാള്‍ ടീച്ചര്‍. ശിഷ്യരെയൊക്കെ മോനെയെന്നും മോളെയെന്നും വിളിച്ച് ചേര്‍ത്തു നിര്‍ത്തിയ മഹാഗുരുനാഥ.

നബീസാ ഉമ്മാള്‍ ടീച്ചറുടെ ക്ളാസ്സില്‍ ഇരിക്കാനുള്ള അവസരം എനിക്കു ഉണ്ടായിട്ടില്ല. എന്നാല്‍ നിരവധി പ്രസംഗവേദികളില്‍ അവരുടെ ശ്രോതാവാവുകയും പുരോഗമന ആശയങ്ങളുടെ പതാകാവാഹകരായ  വാക്കുകളുടെ പടയോട്ടം അനുഭവിച്ചിട്ടുമുണ്ട്. രാഷ്ട്രീയക്കാരിയായ കോളജ് അധ്യാപികയെന്ന അസാധാരണ ബിരുദം ആദ്യം നേടിയവരുടെ മുന്‍ നിരയിലാണ് സ്നേഹനിധിയായ നബീസാഉമ്മാള്‍ ടീച്ചര്‍ നിലക്കൊള്ളുന്നത്. ടീച്ചറുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു.