Wednesday 19 July 2023

നഷ്ടത്തിലോടുന്ന ദൈവാലയങ്ങള്‍

 നഷ്ടത്തിലോടുന്ന  ദൈവാലയങ്ങള്‍ 

---------------------------------------------------------

ലോകത്ത് പലരാജ്യങ്ങളിലും പ്രാര്‍ഥനാലയങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പ്രാര്‍ഥനയിലൂടെ മോക്ഷപ്രാപ്തിയെന്ന ആശയം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപുലമായ സ്ഥലസൌകര്യങ്ങളുള്ള പ്രാര്‍ഥനാലയങ്ങള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വാടകയ്ക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ട്.വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വിജനമായ ആരാധനാലയങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മറ്റും മോചിതരായപ്പോള്‍ ആരാധന അവസാനിപ്പിച്ചവരാണ്. പ്രാര്‍ഥന  കൊണ്ട് അര്‍ഥമില്ലെന്നറിയാമെങ്കിലും ഭരണകൂടത്തെ ഭയന്ന് പ്രാര്‍ഥിക്കുന്ന രാജ്യങ്ങളുമുണ്ട്.


ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാരതീയ ദര്‍ശനമാണ് ചാര്‍വാകദര്ശനം. അവര്‍ പറയുന്നതു ഒരു നിമിഷം പോലും പ്രാര്‍ഥിച്ചു പാഴാക്കരുതെന്നാണ്..

അസഭ്യസ്തോത്രങ്ങള്‍ പാടി ആരാധിക്കാനായിട്ട് കൊടുങ്ങല്ലൂരിന് പോകരുതേയെന്ന് ആഹ്വാനം ചെയ്യുന്ന ഒരു കവിതതന്നെ സഹോദരന്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. 


കേരളത്തില്‍ പഴയതുപോലെയുള്ള വ്രതാനുഷ്ഠാനങ്ങളും മലകയറാനുള്ള പദയാത്രയുമൊന്നും ഇപ്പോഴില്ല. മൈക്ക് സെറ്റ് വാങ്ങാന്‍ പണമുള്ളവര്‍ അമ്പലം കൂടി തുടങ്ങുമെന്ന വിചിത്രമായ ഒരു രീതിയാണിപ്പോള്‍ ഉള്ളത്. അവിടേക്ക് ഭക്തജനങ്ങള്‍ പല ലക്ഷ്യങ്ങളോടെ എത്തുന്നുണ്ട്. എന്നാല്‍ ഭണ്ഡാരങ്ങള്‍ പഴയതുപോലെ കവിഞ്ഞൊഴുകുന്നില്ല. അമ്പലപ്രമാണിമാരുടെ ധനമോഹം സഫലീകരിക്കുന്നു ണ്ടെങ്കിലും അതിമോഹം നടക്കുന്നില്ല. ആ രീതിയില്‍ വിവേകമുള്ള ഒരു സമൂഹമായി നമ്മള്‍ ക്രമേണ മാറുന്നുണ്ട്.


എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഒരു സങ്കടം ഭക്തജനങ്ങളുടെ സംഭാവന എല്ലാ ക്ഷേത്രങ്ങളിലും സമൃദ്ധമായി കിട്ടുന്നില്ല എന്നാണ്.ആയിരത്തിലധികം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്.ഇടതുപക്ഷ ഭരണകൂടം ഉണ്ടാകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളൊക്കെ സത്യസന്ധമായും ശ്രദ്ധയോടെയും നടക്കാറാണ് പതിവ്. ഭക്തിപ്രകടനമൊന്നും നടത്താത്ത ദേവസ്വം ചുമതലയുള്ള മന്ത്രിമാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തനങ്ങള്‍ .നിരീക്ഷിക്കാറുമുണ്ട്..അതിനാല്‍ ഇപ്പോഴത്തെ ഭരണസമിതി പറയുന്ന കാര്യങ്ങള്‍ നമ്മള്‍ വിശ്വാസത്തിലെടുക്കേണ്ടതാണ്. 


ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളെന്ന വരുമാന സ്രോതസ്സുകളില്‍നിന്നു വളരെ കുറച്ചു സമ്പത്തുമാത്രമേ ലഭിക്കുന്നുള്ളൂ. ശബരിമല, ചെട്ടികുളങ്ങര,മലയാലപ്പുഴ, ഏറ്റുമാന്നൂര്‍, കൊട്ടാരക്കര, വൈക്കം,തിരുവല്ലം,വര്‍ക്കല,തൃക്കടവൂര്‍ തുടങ്ങിയ ഏതാനും മോക്ഷോത്പന്നശാലകളില്‍ നിന്നുമാത്രമേ കഴിഞ്ഞു കൂടാനുള്ള വരുമാനം കിട്ടുന്നുള്ളൂ. മറ്റുക്ഷേത്രങ്ങളെല്ലാം നഷ്ടത്തിലാണോടുന്നത്.


ശബരിമലയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡിലെ എല്ലാ ജീവനക്കാരുടെയും ശമ്പളവും മറ്റും നല്‍കുന്നത്. ആ തുറന്നു പറച്ചില്‍ നന്നായി. ശബരിമലയിലെ കാശെടുത്താണ് റോഡും പാലവും പണിയുന്നതെന്നുപോലും പ്രചരിപ്പിക്കപ്പെടുന്ന നാടാണിത്. നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ പൂട്ടാന്‍ ഒരിക്കല്‍ അന്നത്തെ സര്ക്കാര്‍ പട്ടിക തയ്യാറാക്കിയിരുന്നു. അന്നാണ് സ്ക്കൂള്‍ബാര്‍ എന്ന കവിതയുണ്ടായത്. ഇവിടെ ക്ഷേത്രങ്ങള്‍ പൂട്ടുന്നില്ല.പകരം ഭാഗ്യാന്വേഷികളായ പാവങ്ങളെ പ്രലോഭിപ്പിക്കാനായി കാര്യസിദ്ധിപൂജ തുടങ്ങിയ പൂജകളും പ്രാകൃത ഹിന്ദുമതാചാരമായ ഹോമങ്ങളും ആകര്‍ഷകമായ വഴിപാടുകളും മറ്റും നടത്തുമത്രേ. 


വിദ്യാലയങ്ങള്‍ പോലെയല്ല ആരാധനാലയങ്ങള്‍. ലാഭകരമല്ലെങ്കില്‍ പൂട്ടിയാലും ഒരു കുഴപ്പവുമില്ല. പ്രശ്നം ഭക്ത അജഗണങ്ങളുടെ വേഷമിട്ട് മതരാഷ്ട്രീയ ചെന്നായ്ക്കള്‍ ഏറ്റെടുക്കാന്‍ വരുമെന്നതാണ്. ആരാധനാലയങ്ങള്‍ക്ക് പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമാണിത്. നഷ്ടത്തിലോടുന്ന  ആരാധനാലയങ്ങള്‍ ക്രമേണ വിദ്യാലയങ്ങളാക്കി മാറ്റാവുന്നതാണ്. നാരായണഗുരു പറഞ്ഞതും അതാണല്ലോ.



Wednesday 5 July 2023

മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍

 മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍ 

---------------------------------------------------------------
മനുഷ്യനു കൃഷി അത്യാവശ്യമാണ്. കൃഷിക്ക് മഴയും അത്യാവശ്യമാണ്. നെല്ല് ഗോതമ്പ് ചോളം തുടങ്ങി വിശാലമായ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നകര്‍ഷകന്‍ ഭൂമിയെ എന്നപോലെ ആകാശത്തെയും നിരീക്ഷിക്കും. കാര്‍മേഘങ്ങളെ കാളിദാസകൃതിയിലെന്നപോലെ പ്രതീക്ഷിക്കും.

മഴപെയ്തില്ലെങ്കിലോ പിന്നെ മന്ത്രവാദവും പൂജയുമൊക്കെ ആരംഭിക്കുകയായി. വരുണനാണ് മഴയുടെയും കടലടക്കമുള്ള വന്‍ ജലസംഭരണികളുടെയും ഉടമസ്ഥന്‍. അദ്ദേഹത്തെ പ്രീണിപ്പിച്ചാല്‍ മഴ പെയ്യും എന്നാണ് പഴമക്കാരുടെ ധാരണ.എന്നാല്‍ വരുണനെയും ഇന്ദ്രനെയുമൊക്കെ പ്രീണിപ്പിക്കാനായി യാഗമൊന്നും നടത്താതെ ആയുധമുപയോഗിച്ച് അമ്പാടിയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കണ്ട ബലരാമകഥയുമുണ്ട്. ജലസേചനം എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി അതാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പ്രകൃതി സമ്പത്തിന്റെ അധിപന്‍മാരായ ദൈവങ്ങള്‍ പരസ്പരം പിണങ്ങിയതിനാല്‍ അമ്പാടിയില്‍ മഴയുണ്ടായില്ല. ദ്വാരകയില്‍ നിന്നും വന്ന ബലഭദ്രനോട് ഗോപജനത പരാതിപറഞ്ഞു. പശുക്കള്‍ അംബേയെന്ന് വിളിക്കുന്നത്, കിടാവിനു പോലും കുടിക്കാനുള്ള പാല്‍ ചുരത്താന്‍ കഴിയാത്തതിലുള്ള ആവലാതിയാണ്. പശുവിന് തിന്നാന്‍ പുല്ലില്ല. കുഞ്ഞിക്കുരുവികളുടെ പാരവശ്യം പാടത്തു മാറ്റൊലിക്കൊള്ളുകയാണ്.എന്തുപരിഹാരം? ബലരാമന്‍ സ്മോളു കഴിച്ചുകൊണ്ട്  ചിന്തിച്ചു. കുമിളപോലെ പരിഹാരമാര്‍ഗ്ഗം പൊന്തിവന്നു.അമ്പാടിയിലൂടെ ഒഴുകാന്‍  കാളിന്ദിയോട് പോയിപ്പറഞ്ഞു. കള്ളിന്‍റെ തികട്ടലല്ലേ, കാളിന്ദി കണക്കാക്കിയില്ല. അദ്ദേഹം കലപ്പകൊണ്ടുവന്ന് കാളിന്ദിയെ അമ്പാടിയിലൂടെ വലിച്ചിഴച്ചു. കുറച്ചു നാളുകള്‍ക്കകം ഗോവര്‍ദ്ധനത്താഴ്വരയിലെ  ജീവിതം പച്ചപിടിച്ചു.

ബലഭദ്രനെപ്പോലുള്ള വി ഐ പികളെ എല്ലാര്‍ക്കും കിട്ടില്ലല്ലോ. അവര്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ പരിഹാരം കണ്ടത്, അര്‍ദ്ധരാത്രിയില്‍ നഗ്നരായ സ്ത്രീകളെക്കൊണ്ട് പാടം ഉഴുതുമറിക്കണം എന്നാണ്. മറ്റ് ചില പ്രദേശങ്ങളില്‍ തവളകളെ കല്ല്യാണം കഴിപ്പിച്ചു. മധുവിധുവിന്റെ ആഹ്ളാദത്തില്‍ തവളകള്‍ ആനന്ദത്താല്‍ കരയുകയും ആ കരച്ചില്‍ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നു അവര്‍ കരുതി.
ഇ.വി.രാമസ്വാമിയുടെ ജന്മനാടായ തമിഴകത്ത് മന്ത്രവും തന്ത്രവുമെല്ലാം കളയുകയും മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുകയും ചെയ്തു.

ഏറ്റവും ചെലവേറിയ വരള്‍ച്ചാദുരിതനിവാരണ പദ്ധതിയാണ് യാഗം. ലക്ഷങ്ങളോ കോടികളോ ഒക്കെയാണ് ഒരു യാഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. യാഗാവസാനം മഴപെയ്യുമത്രേ. മഴ പെയ്യാന്‍ സാധ്യതയുള്ള കേരളം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളാണ്  അടിസ്ഥാനരഹിതമായ ഈ പദ്ധതിക്കു തെരഞ്ഞെടുക്കാറുള്ളത്. മഴ പെയ്യാനായി രാജസ്ഥാനിലാരും യാഗം നടത്താറില്ല.

മഴ പെയ്യിക്കാനായി പ്രബുദ്ധകേരളത്തിലെ പ്രബുദ്ധപാലക്കാട്ടെ പ്രബുദ്ധകോട്ടായിയില്‍ നടന്ന ഒരു പ്രകടനമാണ് ഈയിടെ പൊട്ടിച്ചിരിപ്പിച്ചത്. അതെ, പ്രസിദ്ധരായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും കവി രാജിടീച്ചറുടെയും മറ്റും സ്വന്തം നാട്ടില്‍. ഇടതുഭരണമുള്ള പഞ്ചായത്തിലാണ് ഫോക് ലോറില്‍ പെടുത്തേണ്ടുന്ന രസകരമായ ഈ സംഭവം നടന്നത്. വൈക്കോലും കമ്പും കൊണ്ട് ഒരു മനുഷ്യരൂപം കെട്ടിയുണ്ടാക്കി വസ്ത്രങ്ങളണിയിക്കുക. അത് കൊടുംപാപിയാണ്. കൊടുംപാപിയെ ഒരു ശവമഞ്ചത്തില്‍ കിടത്തി. നാട്ടുകാര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് ആ ശവമഞ്ചം പ്രദേശമാകെ വലിച്ചുകൊണ്ടു നടന്നു. സ്ത്രീവേഷം കെട്ടിയ ഒരാളാണ് ഈ വിലാപയാത്രയ്ക്ക് നേതൃത്വം നല്കിയത്. കുറേ ആളുകള്‍ കൂട്ടനിലവിളിയുമായി ഒപ്പം നടന്നു.ഉപ്പിലി,അയറോട്, കരിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള മൂന്നു പാടശേഖരസമിതിക്കാരാണ് ഇത് സംഘടിപ്പിച്ചത്. രണ്ടു ദിവസം കൊടുംപാപിയെ വലിച്ചിഴച്ച് നടന്നു.മൂന്നാം ദിവസം ചേന്നങ്കാട് വച്ച് കത്തിച്ചു. തുടര്ന്ന് ഗംഭീരമായ സദ്യയും നടത്തി.

കൊടുംപാപിദഹനം മഴപെയ്യാന്‍ കാരണമായില്ലെങ്കിലും കേരളത്തിന്‍റെ ഫോക് ലോര്‍ പുസ്തകത്തിലേക്ക് ഒരു അദ്ധ്യായം സംഭാവനചെയ്യാന്‍ ഇതിന് കഴിഞ്ഞു. ചെയ്തവര്‍ക്ക് ഇത് ഫോക് ലോര്‍ ആണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നെയുള്ളൂ. പൊറാട്ട് നാടകവും കൊങ്ങന്‍ പടയും കണ്യാര്‍ കളിയും വേലയും കാളയും ശിങ്കാരിയും ഒക്കെ ഫോക് ലോര്‍ ആണെങ്കില്‍ ഇതും ഫോക് ലോറില്‍ പെടും.

പക്ഷേ പ്രശ്നം അതല്ല. പാടശേഖരസമിതിക്കാര്‍, മഴപെയ്യുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ ശവഘോഷയാത്ര നടത്തിയത്! അ വിശ്വാസത്തെയാണ് പ്രബുദ്ധകേരളം അന്ധവിശ്വാസമെന്ന് വിളിക്കുന്നത്. അത്തരം അബദ്ധധാരണകളെയാണ് ആലത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ബ്രഹ്മാനന്ദശിവയോഗിയും നിര്‍മ്മലാനന്ദ യോഗിയും മറ്റും  തളിപ്പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.