Monday 31 December 2018

നക്ഷത്രയുദ്ധം


നക്ഷത്രയുദ്ധം തുടങ്ങുകയാണിനി
സ്വപ്നങ്ങളെല്ലാം വറുത്തുകൊറിക്കുക
രക്തംപുരണ്ട വെളുത്തതൂവാലകൾ
നെറ്റിയിൽകെട്ടി തിരിഞ്ഞു നടക്കുക


കത്തുന്നു കൂടാരമെല്ലാം മനസ്സിന്റെ
ഭിത്തിയിൽതൂങ്ങും കറുത്ത കലണ്ടറിൽ
അക്കങ്ങളെല്ലാം കപാലങ്ങളായ്, പ്രാണ-
മുദ്രകളെല്ലാം തുറിച്ചനേത്രങ്ങളായ്. 
മങ്ങുന്നു ചന്ദ്രപ്രസാദം മറക്കുന്നു 
തിങ്കളും ചൊവ്വയും ചോരപ്പതാകയും
തുമ്പതൻ തുമ്പിലെ തൂമഞ്ഞുതുള്ളിയും
തുമ്പിച്ചിറകിൻ സുതാര്യ സൌന്ദര്യവും 

വിണ്ണോളമുള്ള തോൽച്ചെണ്ടയിൽനിന്നൊരു
സംഗരത്തിന്റെ പകക്കൊട്ടു കേൾക്കുവാൻ
കർണ്ണങ്ങൾരണ്ടും തരിച്ചവരാണു നാം
കണ്ണുകൾക്കപ്പുറം കണ്ടവരാണു നാം


ജിപ്സികൾ പാട്ടും പറക്കലും നിർത്തിയി-
ന്നെത്തിയതേതോ മണൽക്കാട്ടിലാണുപോൽ
കാവൽനക്ഷത്രമേ ശിക്ഷിച്ചുകൊള്ളുക
പാതയിൽ പാപം വിതച്ചോരിടയരെ

നക്ഷത്രയുദ്ധം തുടങ്ങുകയാണിനി 
വെട്ടിപ്പൊളിക്കുകീ ശാന്തിഗേഹങ്ങളെ
രോഗാഗ്നിയിൽ ദ്രവ്യമാക്കാതെ നമ്മളീ
യാഗധേനുക്കളെ കൊല്ലുക മറ്റൊരു 
ജീവിതത്തിന്റെ മഴത്തോറ്റമില്ലിനി 
തീക്കൊളുത്തീടുകീ പന്തലിന്നുള്ളിലെ 
കോലാഹലങ്ങളൊടുക്കട്ടെ, നേരിന്റെ 
നേരെ വിഷാസ്ത്രം തൊടുത്തവരാണു നാം 

ബുദ്ധന്റെ മാർബിൾ പ്രതിമപോലാണിന്നു 
സത്യങ്ങൾ കൽപ്പെട്ടിരിക്കുന്നു നിശ്ചലം 
കൊത്തുന്നു ചുണ്ടിൽ കരിമ്പാമ്പുകൾ ചോര - 
യിറ്റിച്ച ചായകുടിക്കുന്നു സന്ധ്യകൾ 
കുത്തുന്നുനെഞ്ചിൽ കുറുമ്പിന്റെയമ്പുകൾ 
പൊത്തുകൾക്കുള്ളിൽ ദുരന്തതുടർച്ചകൾ 
ചാട്ടവാറാലടിയേറ്റുവാങ്ങീടുക 
പാട്ടിൽ ച്ചതിക്കെണിവെച്ചവരാണു നാം 

നക്ഷത്രയുദ്ധം തുടങ്ങിക്കഴിഞ്ഞതാ 

രക്ഷപ്പെടാൻ പഴുതില്ല നമുക്കിനി.

Thursday 27 December 2018

പത്തിപ്പാട്ട്


തെളിയരുതൊന്നും കണ്ണുകളിൽ
കവിതേ ചൊല്ലു തിരസ്കരണി
മൊഴിയരുതൊന്നും കാതുകളിൽ
കവിതേ ചൂടുക മൌനവ്രതം.
തൂവൽത്തൊപ്പിയണിഞ്ഞകലെ
ഗോത്രത്തലവൻ വന്നതുപോൽ
സൂര്യനുദിച്ചു കലക്കുമ്പോൾ
പാടരുതമ്മേ ഗായത്രി.
ആളുംസ്ഥലവും നോക്കാതെ
നായകളിണചേരുംപോലെ
പേമഴ തോരുന്നേയില്ല
കാലിൽ കൊത്തീ ശീതത്തീ.
കണ്ണിൽ കത്തിതറച്ചതുപോൽ
പൊങ്ങിപ്പടരുമലർച്ചകളിൽ
എങ്ങും സ്വാതന്ത്ര്യത്തിന്റെ
പല്ലവി ബ്യൂഗ്ൾ വായിപ്പൂ.
ജനഗണമനയിൽ പൂക്കാതെ
ജയിലിൽപോയ സഖാവിന്റെ
കുടിലിൽ കണ്ടൂ ടാഗോറിൻ
ഹൃദയസ്നേഹ മുഖഛായ.
വെയിലേ വെയിലേ വാക്കിന്റെ
കുയിലിൻ തൊണ്ട തരിക്കുമ്പോൾ
വെറുതേ ചത്തുമലക്കാതെ
ഒരുവരി മറുവരി പാടൂന്നേ..
പാട്ടിലിരിപ്പൂ പട്ടാങ്ങ്
പാട്ടിലിരിപ്പൂ പ്രതിഷേധം
പാട്ടിലിരിക്കും ദു:ഖങ്ങൾ
പത്തിവിടർത്തി കൊത്തുന്നു.

Wednesday 26 December 2018

യുക്തിലാവണ്യത്തിന്‍റെ കാവ്യമുദ്രകള്‍



കവി പി മധുസൂദനന്‍ വിട പറഞ്ഞു. ആരവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മരണം. വലിയ ആശയങ്ങളുള്ള കുട്ടിക്കവിതകളാല്‍ കേരളീയ ബാല്യത്തിന് സുപരിചിതനാണ് പി മധുസൂദനന്‍. ജീവിതത്തിലുടനീളം ശാസ്ത്രബോധവും യുക്തിലാവണ്യവും പ്രതിഫലിപ്പിച്ചു.

വൃക്കരോഗത്തില്‍ നിന്നും രക്ഷപ്പെട്ട മധുസൂദനന്‍ അര്‍ബുദത്തിന് കീഴ്‌പ്പെടുകയായിരുന്നു.

ഏതു കവിതയുടേയും കാരണവേര് സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയാണ്. ലിപികളില്‍ തളയ്ക്കാത്ത നാട്ടുകവിതകള്‍ മുതല്‍ ഏറ്റവും പുതിയ സര്‍ഗാനുഭവങ്ങള്‍ വരെ ഈ കാരണവേരില്‍ പൊട്ടിമുളയ്ക്കുന്നതാണ്.

യുക്തിബോധം സൃഷ്ടിക്കുന്ന ലാവണ്യധാരയില്‍ ഗദ്യത്തോടടുത്തു നില്‍ക്കുന്ന വരണ്ട രചനാരീതിയും ഫലഭൂയിഷ്ഠതയുള്ള മറ്റൊരു രചനാരീതിയും കാണാം. വരണ്ട രചനാരീതിക്ക് ഉദാഹരണം വയലാറിന്റെ ”രണ്ടു കാലിലും മലപോലെ മന്തുളള കുണ്ടുണ്ണി മേനോന്‍ നടന്നു പതുക്കനെ” എന്ന വരികളാണെങ്കില്‍ ജലസമൃദ്ധമായ രണ്ടാം ധാരയ്ക്കും ഉദാഹരണം വയലാര്‍ കവിത തന്നെ. ”ഭൂമിയെ വന്നു വലംവച്ചൊരുനാള്‍ പൂന്തിങ്കള്‍ക്കല പാടി” എന്നെഴുതുമ്പോഴും ”തങ്കത്താഴികക്കുടമല്ല താരാപഥത്തിലെ രഥമല്ല ചന്ദ്രബിംബം കവികള്‍ പുകഴ്ത്തും സ്വര്‍ണ മയൂരമല്ല” എന്നെഴുതുമ്പോഴും യുക്തിബോധത്തിന്റെ വസന്തശ്രീയാണ് ദൃശ്യമാകുന്നത്.

പൊട്ടക്കിണറ്റിന്റെ കരയില്‍ വളരുന്ന പന്നല്‍ച്ചെടിയുടെ കൊമ്പിന്മേല്‍ പതുങ്ങിനിന്ന പച്ചപ്പശുവിന് ഒരു സംശയമുണ്ടായി. എന്റെ ലോകം ചെടികളുടേതാണല്ലോ. അതിനുമപ്പുറം ഒരു ലോകമുണ്ടോ എങ്കില്‍ ആ ലോകത്ത് എന്തെല്ലാമുണ്ട്. പൊട്ടക്കിണറ്റിലെ തവളയ്ക്കും ഇതേ സംശയമുണ്ടാകുന്നു. കിണറിനും കിണറ്റുമീനിനും പായല്‍ക്കാടുകള്‍ക്കും അപ്പുറം എന്തായിരിക്കും? പൂമ്പാറ്റയ്ക്കും ഇങ്ങനെയൊരു സംശയമുണ്ടായി. പൂവിനപ്പുറം എന്തായിരിക്കും? പൂങ്കുരുവിയും മനുഷ്യനുമൊക്കെ ഉത്തരം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു. കാറ്റലയും കടലലയും ഏറ്റു പറയുന്നു. അതിനുമപ്പുറം എന്താണ്?

ഈ രീതിയിലുള്ള ഒടുങ്ങാത്ത അന്വേഷണമാണ് മധുസൂദനന്‍ സൗന്ദര്യത്തിലധിഷ്ഠിതമായ ഭൗതികതയില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് സൃഷ്ടിക്കുന്നത്.

വേനലേറ്റു കരിയുന്ന കുരുന്നു പുല്ലുകള്‍ അതിജീവിക്കുന്ന കഥയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും കരിമേഘത്തിന്റെ സൈന്യങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു.

മുക്കുറ്റിപ്പൂവില്‍ ഒരു ആകാശം ദര്‍ശിക്കുന്ന അത്യപൂര്‍വമായ സൂക്ഷ്മത പി മധുസൂദനന്‍ എന്ന കവിക്ക് സ്വന്തമാണ്. മുക്കുറ്റിപ്പൂവിന്റെ ആകാശത്ത് എന്തെല്ലാമുണ്ട്? മഞ്ഞക്കിളികളും മഞ്ഞിന്‍കണങ്ങളും മുടിക്കെട്ടഴിച്ചാടുന്ന കരിമ്പനക്കന്യകമാരും പരിമളം ചൊരിയുന്ന ഏഴിലംപാലകളും എല്ലാം മുക്കുറ്റിപ്പൂവിന്റെ ആകാശത്തിലുണ്ട്.

മണംകൊണ്ടും നിറംകൊണ്ടും പൂവും, പാട്ടും പറക്കലും കൊണ്ട് കിളിയും, നിലാവു കൊണ്ട് പൂര്‍ണ ചന്ദ്രനും പറയുന്നത് ഞാനിവിടെയുണ്ട് എന്നതാണ്. അതിനാല്‍ എല്ലാ കുട്ടികളോടും ഞാനിവിടെയുണ്ട് എന്ന് ഉറക്കെച്ചൊല്ലുവാന്‍ കവി ഉത്തേജിപ്പിക്കുന്നു.

മറുവശം കാണാനും കവി മറക്കുന്നില്ല. നിറം, മണം, മധുരം, മൃദുത്വം എന്നിവയെല്ലാമുണ്ടെങ്കിലും പാട്ടുപാടാന്‍ പൂവിന് സ്വരങ്ങളില്ലല്ലോ എന്ന മറുവശവും ബോധ്യപ്പെടുത്തുന്നുണ്ട്. മഹാകവി വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കള്‍ വായിച്ചിട്ട് മധുസൂദനന്റെ ലില്ലിപ്പൂക്കളിലെത്തുമ്പോള്‍ മറ്റൊരു സൗന്ദര്യലോകം പൂവിട്ടു നില്‍ക്കുന്നതു കാണാം. മഴയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും പൊന്തിവന്ന കുന്തങ്ങളെ ഇളവെയില്‍ ചുംബിച്ച് പട്ടുള്ളതൂവാലകളാക്കിയതാണ് ലില്ലിപ്പൂക്കളെന്ന് മധുസൂദനന്‍ പറയുമ്പോള്‍ സൗന്ദര്യാധിഷ്ഠിത ഭൗതികതയുടെ കണ്‍കെട്ടുവിദ്യയാണ് പ്രകടമാകുന്നത്.

കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളിലാണ് മധുസൂദനന്‍ എഴുതിയിരുന്നത്. കുട്ടികള്‍ നെഞ്ചേറ്റിയെങ്കിലും മുതിര്‍ന്നവരുടെ കാവ്യലോകം ഈ കവിയെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചിട്ടില്ല.

Thursday 13 December 2018

ആറാം തിരുമുറിവു മുതല്‍ കിത്താബുവരെ



നാടകം കാണുക എന്നുള്ളത് നാടകാസ്വാദകരുടെ അവകാശമാണ്. നാടകം നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ ആ അവകാശനിഷേധമാണ് നടക്കുന്നത്.

ആദ്യമുണ്ടായ കലാരൂപം നാടകമാണ്. മൃഗവേട്ടക്കും മറ്റുമായി താവളം വിട്ടുപോയ ആളുകള്‍ തിരിച്ചുവന്ന് ഉണ്ടായ കാര്യങ്ങള്‍ നടിച്ചുകാണിക്കുന്നതിലൂടെയാണ് നാടകത്തിന്റെ ആവിര്‍ഭാവം. തുടങ്ങിയ കാലത്ത് നാടകത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ചില ശബ്ദങ്ങളും ആംഗ്യങ്ങളും ശരീരഭാഷകൊണ്ടുള്ള വിവരണങ്ങളും ഒക്കെയാണ് അരങ്ങില്‍ അനുഭവമായി മാറിയത്. എന്തായാലും ഏതു നാടകത്തിനും ക്ലൈമാക്‌സ് ഉണ്ടാകാതെ വയ്യ. അതാകട്ടെ, ജിജ്ഞാസയിലൂടെ സഞ്ചരിക്കുന്നതുമാണ്. നാടകീയത എന്ന വാക്കുതന്നെ ട്വിസ്റ്റുകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്.

കെ ടി മുഹമ്മദിന്റെ ഇതുഭൂമിയാണ് എന്ന നാടകം ആരംഭിക്കുന്നത് പര്‍ദ്ദയിട്ട ഒരു രൂപം രംഗത്തുവരുന്നതോടുകൂടിയാണ്. പര്‍ദ്ദക്കുള്ളിലുള്ളത് സ്ത്രീയല്ല. അമ്പരപ്പിക്കല്‍ കൊണ്ട് കാണികളുടെ ശ്രദ്ധ ആദ്യംതന്നെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണിത്. മുസ്‌ലിം സാമൂദായിക നാടകം എന്നുതന്നെയാണ് കെ ടി സ്വന്തം നാടകത്തെ വിശേഷിപ്പിച്ചത്. ഈ നാടകംകൊണ്ട് ആരേയും വേദനിപ്പിക്കുവാന്‍ ഇടയാവരുതെന്ന് ഞാനുദ്ദേശിച്ചതുകൊണ്ട് പ്രയോജനമില്ല എന്നും അദ്ദേഹം നാടകാരംഭത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മുടിനാരേഴായ് കീറീട്ട് എന്ന പാട്ട് ഈ നാടകത്തിലുള്ളതാണ്. മതം ഇപ്പോള്‍ ദൈവത്തെ രക്ഷിക്കാനുള്ള ഉപാധിയാണെന്നും ദൈവം സര്‍വശക്തനാകയാല്‍ സ്വന്തം രക്ഷ മനുഷ്യന്റെ കയ്യില്‍ ഏല്‍പിക്കുകയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. വി ടി ഭട്ടതിരിപ്പാടിനെപ്പോലെ കെ ടി മുഹമ്മദും സ്വന്തം സമൂഹത്തെ പരിഷ്‌കരിക്കാന്‍ വേണ്ടിയാണ് നാടകത്തെ പ്രയോജനപ്പെടുത്തിയത്. കെ ടിയുടെ ജന്മനാടായ മഞ്ചേരിയില്‍പ്പോലും അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് വൈകി മാത്രമേ സ്വീകാര്യത ലഭിച്ചുളളു.

നാടകം കളിച്ച സ്ത്രീ നരകത്തില്‍ പോകും എന്നാക്രോശിച്ചുകൊണ്ട് നിലമ്പൂര്‍ ഐഷയെ ലക്ഷ്യം വച്ച് അരങ്ങിലേക്ക് വെടിയുണ്ട ഉതിര്‍ക്കുകപോലുമുണ്ടായി. ആ സംഭവം സമീപകാലത്ത് ശബരിമലയില്‍ കേട്ട അടിച്ചുകൊല്ലടാ അവളെ എന്ന ആക്രോശവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരേയുള്ള പുരുഷന്റെ മേല്‍ക്കോയ്മാ പ്രകടനമാണ്.

മതത്തിന്റെ എതിര്‍പ്പുകാരണം പ്രേക്ഷകരെ കാണാന്‍ അനുവദിക്കാതിരുന്ന ശ്രദ്ധേയമായ ഒരു നാടകമായിരുന്നു. പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. വിശ്വവിഖ്യാതനായ ഗ്രീക്കു സാഹിത്യകാരന്‍ കസാന്‍ദ്ദ് സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന രചനയാണ് ആറാം തിരുമുറിവിന് പ്രചോദനമായത്. ക്രിസ്തുമതത്തെയും കര്‍ത്താവിനെയും നിന്ദിക്കുന്നു എന്നാരോപിച്ച് വലിയ കോളിളക്കങ്ങളുണ്ടായി. ആ നാടകം കണ്ടിട്ടില്ലാത്ത പാവപ്പെട്ട കന്യാസ്ത്രീകളടക്കമുള്ളവരെ തെരുവിലിറക്കാന്‍ സഭാ നേതൃത്വത്തിന് കഴിഞ്ഞു. കളിക്കാന്‍ തീരുമാനിച്ചിടത്തെല്ലാം നിരോധനാജ്ഞയുണ്ടായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി തെലുങ്കു കവി ഗദ്ദര്‍ അടക്കമുള്ളവര്‍ കേരളത്തിലെത്തി പ്രതിഷേധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു പ്രശ്‌നമാക്കി അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുമുന്നണി അധികാരത്തില്‍ വന്നെങ്കിലും നാടകം നിരോധിക്കപ്പെട്ടു. കാണാനും വിലയിരുത്താനുമുള്ള കാണികളുടെ അവകാശം നിഷേധിക്കപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി തവണ നാടകാവതരണത്തില്‍ മുന്നില്‍ വന്നിട്ടുണ്ട്. ശ്രദ്ധേയനായ ഗായകന്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അധ്യാപക വൃന്ദവും രക്ഷകര്‍ത്താക്കളും കലോത്സവത്തില്‍ കുട്ടികളെ എത്തിക്കാന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. അധ്യാപകര്‍ തന്നെ സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് സ്വരുക്കൂട്ടിയും നാടക റിഹേഴ്‌സലുകളില്‍ ശ്രദ്ധിച്ചും പ്രഗത്ഭരായ സംവിധായകരെ ക്ഷണിച്ചു വരുത്തി കളരികള്‍ സംഘടിപ്പിച്ചുമാണ് കുട്ടികളുടെ നാടകത്തെ കലോത്സവ വേദിയിലെത്തിക്കുന്നത്. ഇത്തവണയും കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ മേമുണ്ട സ്‌കൂളിന്റെ നാടകം സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തില്ല.

ഉണ്ണി ആര്‍ ന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കിത്താബ്. മതബോധവും ഈശ്വരവിശ്വാസവുമുള്ള സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാമോ എന്നതാണ് പ്രമേയം. ഉണ്ണി ആര്‍ ന്റെ കഥയില്‍ അങ്ങനെയൊരു ആഗ്രഹം തോന്നുന്ന റസിയ എന്ന പെണ്‍കുട്ടി ആണ്‍കൂട്ടിന്റെ ബൈക്കിന്റെ പിന്നില്‍ കയറി ഒരു കുറ്റിക്കാട്ടില്‍ച്ചെന്ന് ആഗ്രഹം നിറവേറ്റുകയായിരുന്നു മദ്യപാനികളുടെ സാന്നിധ്യത്തില്‍. ആ കഥയില്‍ നിന്നും പരിശുദ്ധവും മഹനീയവുമായ ഒരു വ്യതിയാനമാണ് ഈ നാടകത്തിലുള്ളത്. ബുര്‍ഖയണിഞ്ഞ പെണ്‍കുട്ടികള്‍ പ്രേക്ഷകര്‍ക്കുപോലും പ്രാര്‍ഥനയുടെ ആത്മാര്‍ഥത ബോധ്യപ്പെടുന്ന രീതിയില്‍ വാങ്കു വിളിക്കുകയാണ്.

അവതരണത്തിലും ആശയത്തിലും മികച്ചുനിന്ന ഈ നാടകം സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവായപ്പോള്‍ നല്ല നാടകം കാണാനുള്ള സന്ദര്‍ഭമാണ് നഷ്ടപ്പെട്ടത്. ഇ കെ അയമുവിന്റെയും കെ ടി മുഹമ്മദിന്റെയും പി എം രാജിന്റെയും കേരളപുരം കലാമിന്റെയും മറ്റും നാടകങ്ങള്‍ സമാധാനത്തോടെയും സഹിഷ്ണുതയോടെയും കണ്ട കേരളീയ സഹൃദയലോകം ഈ നാടകത്തെയും സ്വീകരിക്കുമായിരുന്നു.

കുട്ടികള്‍ക്കു ലഭിക്കുമായിരുന്ന ഗ്രേഡ് മാര്‍ക്ക് നഷ്ടപ്പെട്ടത് കണക്കാക്കിയില്ലെങ്കില്‍ പോലും മേമുണ്ട സ്‌കൂളിന്റെ കിരീടത്തില്‍ അണിയിക്കാമായിരുന്ന ഒരു പൊന്‍തൂവലാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

കലാസൃഷ്ടികളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെയും ശാന്തതയോടെയും സമീപിക്കുവാന്‍ കേരളത്തിലെ മതസമൂഹം സന്നദ്ധമാകേണ്ടിയിരിക്കുന്നു.

Wednesday 28 November 2018

‘അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ സവിധത്തില്‍ വന്നീടരുതത്രേ’


സാമൂഹ്യ പുരോഗതിക്കു വേണ്ടിയുള്ള സമരങ്ങളെല്ലാം തന്നെ താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുമെന്നുള്ളത് ചരിത്ര യാഥാര്‍ഥ്യമാണ്. സമരത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കേണ്ടവര്‍ തന്നെ സമരത്തെ എതിര്‍ക്കും എന്നുള്ളതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലവെ ഇല്ലൈ എന്നു പ്രഖ്യാപിച്ച ഇ വി രാമസ്വാമി നയിച്ച വൈക്കം സത്യഗ്രഹം താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്തു. പി കൃഷ്ണപിള്ളയും, കെ കേളപ്പനും, എ കെ ഗോപാലനും നയിച്ച ഗുരുവായൂര്‍ സമരവും പരാജയത്തിലൂടെ ശാശ്വത വിജയത്തിലെത്തി. മാറ് മറയ്ക്കാനുള്ള വിലക്ക് നീങ്ങിയിട്ടുപോലും കുറേ സ്ത്രീകള്‍ കുറേ കാലത്തേയ്ക്ക് മാറ് മറയ്ക്കാതെ തന്നെ വീടുകളില്‍ കഴിഞ്ഞുകൂടി. ഇന്നാകട്ടെ, മാറ് മറയ്ക്കാത്തവരായി ആരും തന്നെ കേരളത്തില്‍ ഇല്ലല്ലോ.

പുന്നപ്ര വയലാര്‍ സമരത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താന്‍ അന്നത്തെ ഭരണകൂടത്തിന് കഴിഞ്ഞു. എന്നാല്‍ കാലക്രമേണ പരദേശികള്‍ ഒഴിഞ്ഞുപോകുകയും തൊഴിലാളി പീഡനം ഒടുങ്ങുകയും ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ സമരത്തെ മാമൂല്‍വാദികള്‍ പേശീബലംകൊണ്ടും മുള്ളുവേലികൊണ്ടും എതിര്‍ക്കുകയായിരുന്നു. എതിര്‍ത്തവരാരും ഇന്ന് ചരിത്രത്തിലില്ല. മുള്ളുവേലിയും ഇല്ല. അഹൈന്ദവര്‍ക്കെതിരെയുള്ള മുള്ളുവേലി അധികകാലം നിലനില്‍ക്കുകയുമില്ല.

ഗുരുവായൂര്‍ സത്യഗ്രഹികള്‍ കവി കെ ടി രാമുണ്ണി മേനോനെഴുതിയ കവിത ചൊല്ലിക്കൊണ്ടാണ് സമരം നടത്തിയത്.
”പ്രണതവത്സലാ ഭഗവാനേ കൃഷ്ണാ
പ്രണയവാരിധേ മുകില്‍ വര്‍ണാ
അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ
സവിധത്തില്‍ വന്നീടരുതത്രേ
തടയണമങ്ങേക്കിവരെയന്നാകില്‍
ഭടര്‍ വേണോ മുള്ളു മറ വേണോ?”
സത്യഗ്രഹികളെ തടയണമെങ്കില്‍ ഗുരുവായൂരപ്പന് നേരിട്ടാകാമല്ലോ എന്നാണ് ഈ കവിതയിലെ ധ്വനി.

സമരം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മഹാത്മാഗാന്ധി ഇടപെട്ട് പിന്‍വലിപ്പിക്കുകയും ചെയ്തു. എന്നാലും എല്ലാ ഭക്തര്‍ക്കും ഗുരുവായൂരില്‍ പ്രവേശനം ലഭിച്ചില്ല. അതിന് പിന്നെയും കാത്തിരിക്കേണ്ടതായി വന്നു.

പയ്യന്നൂരെ ക്ഷേത്രത്തിനു സമീപമുള്ള വഴിയിലൂടെ ദളിതര്‍ക്ക് നടക്കാന്‍ പാടില്ലായിരുന്നു. കെ എ കേരളീയന്റെയും എ കെ ഗോപാലന്റെയും നേതൃത്വത്തില്‍ പ്രകടനം നടത്തിയ ദളിതരെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടമാണ് ഉലക്കകളുമായെത്തി തല്ലിയോടിക്കാന്‍ ശ്രമിച്ചത്. കേരളീയനും എകെജിക്കും മറ്റും തല്ലുകിട്ടിയെങ്കിലും പില്‍ക്കാലത്ത് ആ വഴിയും എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുകൊടുക്കുകയാണുണ്ടായത്.

സമരത്തെ എതിര്‍ത്തവരെല്ലാം മുന്നോട്ടുവച്ചത് ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ആശയമായിരുന്നു. ആചാരത്തിന്റെ പേരില്‍ അയ്യങ്കാളിയുടെ സമൂഹത്തിന് വിദ്യാഭ്യാസം പോലും നിഷേധിച്ചു. അയ്യങ്കാളി പ്രഖ്യാപിച്ച പൊതു പണിമുടക്കുപോലും അനിശ്ചിതമായി നീണ്ടുപോയതല്ലാതെ ഉടനടി ഫലം കണ്ടില്ല. അയ്യങ്കാളിയുടെ മനുഷ്യാവകാശ സ്വപ്‌നവും കാലക്രമേണ സഫലമാകുന്നതാണ് കേരളം കണ്ടത്.

മനുഷ്യവിരുദ്ധമായ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടെങ്കില്‍ മാത്രമേ സമൂഹത്തിന് പുരോഗതിയുണ്ടാവുകയുള്ളു. ആചാരങ്ങളുടെ പേരിലാണ് മനുഷ്യനെ അകറ്റി നിര്‍ത്തിയിരുന്നത്. ദാഹജലം പോലും നിഷിദ്ധമാക്കിയിരുന്നത്, സ്ത്രീകളെ അന്തര്‍ജനങ്ങളാക്കിയിരുന്നത്; അടിമകളാക്കിയിരുന്നത്.

ആചാരങ്ങള്‍ ലംഘിച്ചതോടെ അമ്പലങ്ങളില്‍ മാത്രമല്ല വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പൊതുവഴികളിലും എല്ലാം മനുഷ്യസാന്നിധ്യമുണ്ടായതായി ചരിത്രം നമ്മോട് പറയുന്നു.

Tuesday 20 November 2018

അലസം


ഉറങ്ങണമെന്നു കടല്‍
നിലവിട്ടു നടക്കണമെന്നു മലകള്‍
എങ്കിലീ ക്ഷുഭിതസഞ്ചാരം നിറുത്തി നിശ്ചലം
കിടക്കണമെന്നു പുഴകള്‍
മാനം വിട്ടൊരുദിനം മണ്ണില്‍
ഒരു മൈതാനത്ത്
കളിക്കാര്‍ക്കൊപ്പരം പറക്കണമെന്നു
മടുത്ത തോല്‍ചന്ദ്രന്‍.

അലസദുര്‍ഭൂതം പിടിക്കയാലെല്ലാം
പഴയതുപോലെ.
അതുകൊണ്ടാകാം ഞാന്‍
വെളുപ്പിനെയൊട്ടും  നടക്കാതിങ്ങനെ
ഇവിടെ കമ്പ്യൂട്ടര്‍ കളിച്ചിരിക്കുന്നു.

Wednesday 14 November 2018

ക്ഷേത്ര ഭണ്ഡാരത്തിലെ നിരോധിത നോട്ടുകള്‍


നോട്ടുനിരോധനം പൂര്‍ണപരാജയമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. കള്ളപ്പണം പിടികൂടിയില്ല എന്നുമാത്രമല്ല നിയമനിര്‍മാണ സഭകളുമായി ബന്ധമുള്ള സമ്പന്നന്മാര്‍ പോലും കോടികള്‍ കീശയിലാക്കിക്കൊണ്ട് സമുദ്രാതിര്‍ത്തി കടന്നുപോകുകയും ചെയ്തു.

നോട്ടുനിരോധനമുണ്ടാക്കിയ ദുരിതങ്ങള്‍ ചില്ലറയല്ല. ഒരു മുന്‍കരുതലുമില്ലാതെ പൊടുന്നനെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണല്ലോ ഈ ജനവിരുദ്ധതീരുമാനം ഇടിത്തീപോലെ വന്നുവീണത്. മുണ്ടുമുറുക്കിയുടുത്ത് അണ്ണാറക്കണ്ണന്‍ മാങ്ങാണ്ടി ശേഖരിക്കുന്നതുപോലെ കരുതിവച്ച പണമെല്ലാം ഒറ്റനിമിഷം കൊണ്ട് ബീഡി കത്തിക്കുവാനുള്ള കടലാസുകളായി മാറി. ബാങ്കുകള്‍ക്ക് മുന്നില്‍ ഒട്ടകവരി നിന്ന് നിരപരാധികള്‍ വലഞ്ഞു. പാവം പൗരന്‍ ബോധംകെട്ടുവീണു. ചിലര്‍ സ്വയം മരിച്ചു. പെന്‍ഷന്‍ വാങ്ങി ചികിത്സയ്ക്കുവേണ്ടി പണം കരുതിവച്ചവര്‍ ഭ്രാന്താവസ്ഥയിലെത്തി. വഞ്ചിക്കപ്പെട്ട ജനത നെട്ടോട്ടമോടി.

നോട്ടുപിന്‍വലിക്കലിനെ തുഗ്ലക്കു നടപടിയായി അടയാളപ്പെടുത്തിയ ജ്ഞാനപീഠപുരസ്‌കാര ജേതാവ് എം ടി വാസുദേവന്‍ നായര്‍ ആക്ഷേപിക്കപ്പെട്ടു. സാമ്പത്തിക വിദഗ്ധന്മാരെ നവമാധ്യമങ്ങളില്‍ തെറിമലയാളത്താല്‍ അഭിഷേകം ചെയ്തു.

പ്രാദേശിക ബാങ്കുകള്‍ നിരസിച്ചാല്‍ റിസര്‍വ് ബാങ്കുകള്‍ നോട്ടു മാറിക്കൊടുക്കും എന്നായിരുന്നു വാഗ്ദാനം. റിസര്‍വ് ബാങ്കില്‍ ചെന്നപ്പോള്‍ ചെന്നൈയിലെ റിസര്‍വ് ബാങ്കില്‍ പോയാലെ നടക്കൂ എന്നായി. പ്രധാനമന്ത്രിയുടെ വാഗ്ദാനലംഘനം മൂലമാണ് സമ്പാദ്യം ബാങ്കിലെത്തിക്കാന്‍ കഴിയാതെ പോയതെന്ന് ചില പൗരന്മാരെങ്കിലും കാരണമെഴുതിക്കൊടുത്തു. ബാങ്കില്‍ കൊടുക്കാം പക്ഷേ, അത്രയും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. വിവാഹങ്ങള്‍ മുടങ്ങി. തീര്‍ഥാടനങ്ങള്‍ പോലും മാറ്റിവയ്ക്കപ്പെട്ടു. കൃഷിയും വ്യവസായവുമെല്ലാം ത്രിശങ്കുസ്വര്‍ഗത്തിലായി.

സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കയ്യിലുള്ള അധ്വാനഫലം എവിടെ കൊടുക്കാം എന്ന ചിന്തയിലായി ജനങ്ങള്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ദൈവമായതിനാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ ഭക്തജനങ്ങള്‍ തീരുമാനിച്ചു. ഗാനഗന്ധര്‍വന്റെ പ്രിയദേവതയായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ 22 മാസത്തിനിടെ ഭണ്ഡാരപ്പെട്ടിയില്‍ വീണത് പതിനൊന്നര ലക്ഷത്തിന്റെ കറന്‍സികളാണ്. നവരാത്രി ആഘോഷത്തിനുവന്നവര്‍ കയ്യിലുണ്ടായിരുന്ന നോട്ടുകളെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെ കാണിക്കപ്പെട്ടികളില്‍ നിന്നും ഇതുപോലെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഈ നോട്ടുകളൊന്നും മാറി നല്ല പണമാക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല. ദൈവം കൊടുത്താലും നിരോധിത നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബാങ്കുകള്‍.

ഇവിടെയൊരു ചിന്തയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാരിനെക്കാളും മുകളിലാണ് ദൈവമെങ്കില്‍ ഈ പണം മാറാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഉത്തരം വളരെ ലളിതമാണ്. ദൈവം ഭരണഘടനയ്ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മേലെയല്ല. സര്‍ക്കാര്‍ ഉത്തരവു തെറ്റാണെങ്കില്‍ തിരുത്തിപ്പിക്കാനുള്ള ഒരധികാരവും ദൈവത്തിനില്ല. ജനങ്ങള്‍ വിചാരിച്ചെങ്കില്‍ മാത്രമെ സര്‍ക്കാരിനെ സമ്മതിദാനാവകാശം ഉപയോഗിച്ച് ബോധവല്‍ക്കരിക്കാന്‍ സാധിക്കൂ. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വോട്ടവകാശമില്ലാത്ത ദൈവങ്ങള്‍ക്ക് സാധിക്കില്ല. രക്തമിറ്റുന്ന നാക്കോ, ശൂലമോ, ചക്രമോ, ഗദയോ ഒന്നും വിലപ്പോവില്ല. ആയുധധാരികളല്ലാത്ത ജനങ്ങളുടെ കൈയില്‍ വോട്ടവകാശം എന്ന മൂര്‍ച്ചയുള്ള ആയുധമുള്ളതിനാല്‍ ജനങ്ങള്‍ക്കു മാത്രമേ തിരുത്തല്‍ ശക്തിയാകാന്‍ സാധിക്കൂ.

എടുക്കാത്ത നോട്ടുകള്‍ എണ്ണിക്കുഴയുന്ന ക്ഷേത്ര ജീവനക്കാരെ രക്ഷപ്പെടുത്താനായി എടുക്കുന്ന നോട്ടുകള്‍ മാത്രമേ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാവൂ എന്ന് എഴുതിവയ്ക്കാവുന്നതാണ്. സാക്ഷരരായ ഭക്തരെങ്കിലും അതു വായിക്കുമല്ലൊ.
എടുക്കാത്ത നോട്ടുകള്‍ മാറ്റിനല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് മൂകാംബിക ക്ഷേത്ര ട്രസ്റ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവപ്രീതിക്കായി അതു ചെയ്യുകയോ പ്രായശ്ചിത്തം ചെയ്യുകയോ ഉണ്ടാകുമായിരിക്കാം.

Wednesday 31 October 2018

പുഴയുടെ മനസ്സ്


പുഴയുടെ മനസ്സിൽ
പുരാണങ്ങൾ പുഷ്പങൾ
പഴയ വീഞ്ഞിൻ ലഹരി നുരയും നിലാവുകൾ
വിപിനക്കിനാവുകൾ
ജീവിതാസക്തികൾ
പ്രണയമധുരം നുകർന്നലയുന്ന ജിപ്സികൾ
പിതൃഗോത്രസംഗീതസാന്ദ്രമാം സന്ധ്യകൾ
രതിരയം രാകിവെളുപ്പിച്ച രാവുകൾ

പുഴയുടെ മനസ്സിൽ
വനത്തിലേക്കോടുന്ന യുവനൃപൻ
മണ്ണിന്റെ പെൺകുട്ടി, അമ്പുകൾ
കന്യകയുപേക്ഷിച്ചൊരാൺകുട്ടി
മൃത്യുവിൽ ധന്യതനേടുന്ന നൈരാശ്യരാശികൾ
കുതിരയോട്ടത്തിൽ തെറിച്ച ചെങ്കോലുകൾ
പതിരുവിളഞ്ഞു പാൽവറ്റിയ ബന്ധങ്ങൾ

പുഴയുടെ മനസ്സിൽ മഹാനാഗമസ്തകം-
കുസൃതിനൃത്തത്താൽ തളർത്തിയൊരുണ്ണിതൻ
കഥകൾ പറഞ്ഞു പോകുന്ന വാർദ്ധക്യങ്ങൾ
നെടുകെ പിളർന്ന കലപ്പകൾ, കാലങ്ങൾ
ബലിഘട്ടമണിയുന്ന പച്ചപ്പവിത്രങ്ങൾ
ഹിമപാളികൾ, ചോരയുറയുന്ന ശൈത്യങ്ങൾ

പുഴയുടെ മനസ്സിലൊരു ചക്രവര്‍ത്തി
സ്നേഹദുരിതങ്ങൾ കൽപിച്ച മണിമന്ദിരം
വെറുംജനതയുടെ രക്തമുണ്ണാറുള്ള കല്ലുകൾ
വസുദേവവീഥികൾ
പ്രളയപ്രതീക്ഷകൾ
മതിലുകെട്ടും മഞ്ഞമോഹങ്ങൾ
ഭൂമിയെ പ്രണയിച്ചവർതീർത്ത
നഗരസന്നാഹങ്ങൾ.

പുഴയുടെ മനസ്സിൽ
കൊടുങ്കാറ്റിൽ വീഴുന്ന ഭരണകൂടങ്ങൾ
മുന്നേറുന്ന രോഷങ്ങൾ
കടവത്തു മൂകനായ് നിന്ന സിദ്ധാർത്ഥന്റെ
കദനങ്ങൾ
കവി വാഴുമുടജങ്ങൾ ഉൺമകൾ
എരിതീയിലഭയമില്ലാതസ്തമിക്കുന്ന
നിലവിളികൾ
ആദിത്യഗായത്രിതൻ പൊരുൾ

പുഴയുടെ മനസ്സിലിരു കവികൾ
ശവങ്ങളായുയരുന്നു
കവിതകൾ സമയമായ്മാറുന്നു
പുഴയിൽ ഓർഫ്യൂസിന്റെ നാദം ലയിക്കുന്നു
പുതിയൊരാൾ ഓളങ്ങളിൽ താമസിക്കുന്നു
പുഴയുടെ മനസ്സിന്‍ ചരിത്രവ്യാസത്തിലെൻ
ഹൃദയവും ദു:ഖഘടികാരവും മുങ്ങുന്നു

നാസ്തികരുടെയും ആസ്തികരുടെയും മീശ


സഹിഷ്ണുതയുള്ളത് ആര്‍ക്കാണ്? നാസ്തികര്‍ക്കോ ആസ്തികര്‍ക്കോ? സഹിഷ്ണുത തീരെയില്ലാത്തത് ആര്‍ക്കാണ്? ആസ്തികര്‍ക്കോ നാസ്തികര്‍ക്കോ. സഹിഷ്ണുത പാലിക്കാന്‍ കഴിയാത്തവര്‍ ആസ്തികരാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ആസ്തികരില്‍ തന്നെ ആക്രമണോത്സുകരായ ആസ്തികരും സമാധാനപ്രിയരും ഉണ്ട്. സമാധാന പ്രിയരില്‍ നിന്ന് സമൂഹത്തിന് അപകടമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു ശരിയില്‍ മാത്രം വിശ്വസിക്കുന്ന മൃദു ആസ്തിക സമൂഹത്തില്‍ നിന്ന് കൊമ്പും കോമ്പല്ലുമുള്ള അക്രമാസക്തരിലേക്കുള്ള ദൂരം അത്ര വലുതൊന്നുമല്ല.

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് എസ് ഹരീഷ്. അദ്ദേഹത്തിന്റെ മീശ എന്ന നോവലിലെ ചില സങ്കല്‍പ വര്‍ത്തമാനങ്ങള്‍ അക്രമികളായ ഭക്തരില്‍ തീയാളി കത്തിച്ചു. സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ തെറിമലയാളം കൊണ്ട് കുളിപ്പിച്ചു. വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ കയ്യേറ്റ ഭീഷണികളുണ്ടായി.

യഥാര്‍ഥ ഭക്തരെ സംബന്ധിച്ച് മീശയിലെ പരാമര്‍ശങ്ങള്‍ അവഗണിക്കാവുന്നതേയുള്ളു. രാവിലെ നടക്കാനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങള്‍ ഭക്തകളെക്കുറിച്ച് സംസാരിക്കുന്നു. ഭക്തകള്‍ അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നതിനു പിന്നില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയാറാണെന്നുള്ള ബോധപൂര്‍വമല്ലാത്ത പ്രഖ്യാപനമാണത്രേ ഉള്ളത്. നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തതിന്റെ കാരണം അസൗകര്യം അറിയിക്കാനാണത്രേ. ലൈംഗികതയുടെ കാര്യത്തില്‍ ആശാന്മാരായിരുന്ന പുരോഹിതന്മാരെയാണ് ഇവിടെ കഥാപാത്രം ലക്ഷ്യം വച്ചത്. ഒപ്പം സഞ്ചരിക്കുന്ന കഥാപാത്രം ഈ വ്യാഖ്യാനത്തെ മണ്ടത്തരം എന്നു പറഞ്ഞ് തള്ളിക്കളയുന്നു. വ്യാഖ്യാതാവ് അധികം വൈകാതെ ഹൃദയാഘാതം മൂലം മരിക്കുന്നു. എന്നാല്‍ വ്യാഖ്യാനങ്ങള്‍ ആസ്തികവേഷധാരികളെ പ്രകോപിപ്പിക്കുകയും സുപ്രിംകോടതി വരെ പോയി വാദിച്ച് തോറ്റ് നാണംകെടാന്‍ അവസരമൊരുക്കുകയും ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ കത്തിക്കപ്പെട്ടു. നോവല്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന് അത് തുടരാന്‍ കഴിയാതെയുമായി.

നാസ്തികതയെക്കുറിച്ച് വിശദമായ ചില പരാമര്‍ശങ്ങള്‍ ഈ നോവലിലുണ്ട്. ലോകത്തിലെ ഏറ്റവും അബദ്ധ ദര്‍ശനമാണ് യുക്തിവാദം എന്നും അത് തലയില്‍ കയറുന്നവന്റെ ഭാവനയും സഹജവികാരങ്ങളുമൊക്കെ നശിക്കുമെന്നും പരാമര്‍ശമുണ്ട്. ഒരു യുക്തിവാദി എങ്ങനെയാണ് കഥയും കവിതയും വായിക്കുക എന്നുവരെ ചോദിക്കുന്നുണ്ട്. ഭാര്യയോടൊപ്പം കിടക്കുമ്പോഴെങ്കിലും യുക്തിബോധം പ്രവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയുമുണ്ട്. യുക്തിവാദിയും ഹിറ്റ്‌ലറും തമ്മില്‍ വ്യത്യാസമില്ലെന്നും തീരുമാനിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി മീശ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ നിരീശ്വവാദികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എഴുത്തിലും വായനയിലും വിശാലമായി സഞ്ചരിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള. ഡോ. പി വി വേലായുധന്‍ പിള്ള. ചങ്ങമ്പുഴ, തിരുനെല്ലൂര്‍, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്, പവനന്‍, തോപ്പില്‍ ഭാസി എന്നിവരെയൊക്കെ മനസില്‍ വച്ചുകൊണ്ടുതന്നെയാണ് കേരളത്തിലെ നാസ്തികസമൂഹം എഴുത്തുകാരനൊപ്പം നിലകൊണ്ടത്. അവര്‍ ഒരു അക്രമത്തിനും പോയില്ല. ഈശ്വരവിശ്വാസിയല്ലാത്ത നാടകകൃത്ത് എന്‍ എന്‍ പിള്ളയെ ഈ നോവല്‍ പ്രകാശിപ്പിച്ചുനിര്‍ത്തുന്നു എന്നതുകൊണ്ടുമല്ല, ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും അക്രമരാഹിത്യത്തിലും അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്.

വാസ്തവത്തില്‍ ഭക്തരെ പ്രകോപിപ്പിച്ചത് നോവലിലെ രതിപരാമര്‍ശമേ അല്ല. ദളിതരായ പവിയാന്റെയും ചെല്ലയുടെയും മകന്‍ വാവച്ചന്‍ മീശവച്ചതുതന്നെയാണ് പ്രശ്‌നം. തെറിയഭിഷേകം നടത്തിയവരും കേസിനു പോയവരുമൊന്നും ദളിതരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നന്നായി പഠിച്ചെഴുതിയ മനുഷ്യപക്ഷ രചനയാണ് മീശ എന്ന നോവല്‍. ആക്രമണകാരികളേയും സമാധാന പ്രിയരേയും ആസ്തികരെന്നും നാസ്തികരെന്നും അടയാളപ്പെടുത്തുന്നതിലും ഈ നോവല്‍ പ്രസാധനം സഹായിച്ചു.

Wednesday 17 October 2018

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കില്ല



ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും ഗോഗ്വാ വിളികളും ഖേദകരമാണ്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവര്‍ മിതവും സൗമ്യവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്ത്രീവിരുദ്ധര്‍ ആക്രോശങ്ങളും അട്ടഹാസങ്ങളുമായി തെരുവിലും ചാനല്‍ചര്‍ച്ചകളിലും നിറയുകയാണ്.

വാസ്തവത്തില്‍ ഉയര്‍ന്നുവരേണ്ട ചര്‍ച്ച അന്ധവിശ്വാസങ്ങള്‍ ശരിയോ തെറ്റോ എന്നുള്ളതായിരുന്നു. സാംസ്‌കാരിക കേരളം പോരാടി നേടിയ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലുള്ള ആശങ്ക ഉയര്‍ന്നുവരുന്നില്ല. അന്ധവിശ്വാസങ്ങളും യുക്തിബോധവും തമ്മിലുള്ള ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുന്നില്ല.

അലര്‍ച്ചകളിലും ഭീഷണികളിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഖദര്‍ധാരിയായ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റേയും ഒരു സിനിമാനടന്റേയും പ്രസംഗങ്ങളായിരുന്നു. ശബരിമല ദര്‍ശനത്തിനു വരുന്ന അമ്മമാരേയും സഹോദരിമാരേയും രണ്ടായി വലിച്ചുകീറി കൊലപ്പെടുത്തണമെന്നു സിനിമാതാരത്തിന്റെ ആഹ്വാനം അദ്ദേഹം മാപ്പുപറഞ്ഞതോടെ നമുക്കു മറക്കാം. എന്നാല്‍ മുന്‍ നിയമസഭാംഗം കൂടിയായ ഖദര്‍ധാരിയുടെ പ്രസംഗം ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്നതായിരുന്നു. തിലകന്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ”ഒരു സ്ത്രീയും ശബരിമലയില്‍ പോകരുത് എന്നു ഞാന്‍ പറയുന്നില്ല. അവിടെ വരുന്ന സ്ത്രീകളെ പുലി പിടിക്കും. പുരുഷനും പിടിക്കും.” ഇതിലടങ്ങിയിരിക്കുന്ന ഭീഷണി ബലാല്‍ഭോഗത്തിന്റേതു കൂടിയാണല്ലോ.

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കുകയില്ല. ശബരിമലയില്‍ മനുഷ്യരല്ലാതെ കാണുന്ന മറ്റൊരു ജീവി കഴുതകളാണ്. ഒറ്റപുലിയെപോലും ശബരിമലയിലേയ്ക്കുള്ള സഞ്ചാരവീഥിയില്‍ കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല പുലിയും മനുഷ്യനും തമ്മില്‍ കഥകളിലെങ്കിലും ഒരു സ്‌നേഹബന്ധം നിലനില്‍ക്കുന്നുണ്ട്. നാടന്‍ പാട്ടുകളില്‍ പുലി, പുലിയച്ഛനാണ്.

വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും എന്ന കവിതയില്‍ പുലി അമ്മാളുവെന്ന യുവതിയുടെ രക്ഷകയാണ്. പുലിക്കുഞ്ഞുങ്ങളെ ഓമനിച്ച അമ്മാളുവിനെ പുലി സല്‍ക്കരിക്കുകയും പുലിപ്പുറത്തുകയറി ഏഴാങ്ങളമാരുടെയും വീട്ടില്‍ കൊണ്ടുചെല്ലുകയും ചെയ്യുന്നു. ഒന്നാമത്തെ ആങ്ങളേ എന്റെ പൊന്നാങ്ങളേ ഒന്നിങ്ങുവന്നെന്നെ ഏറ്റുവാങ്ങൂ എന്ന വിലാപസ്വരം ആറ് ആങ്ങളമാരും നിരസിച്ചു. ആങ്ങളമാരുടെ സ്ത്രീവിരുദ്ധതയ്ക്ക് അവരുടെ ഭാര്യമാരായ സ്ത്രീകള്‍ തന്നെയാണ് കാരണക്കാരായത്. ഏറ്റവും ഇളയ ആങ്ങള അമ്മാളുവിനെ ഏറ്റുവാങ്ങി. യഥാസമയം അമ്മാളുവിന്റെ വിവാഹം നടത്തുമെന്നും വിവാഹത്തിന് പുലിയെക്കൂടി ക്ഷണിക്കുമെന്നുമുള്ള കരാറില്‍ പുലി അമ്മാളുവിനെ നിലത്തിറക്കികൊടുക്കുന്നു. കാക്ക ചെറുമക്കളുടെ കല്യാണം കഴിപ്പിച്ചിട്ടും അമ്മാളുവിനെ അനുയോജ്യനായ ഒരു പുരുഷന് ഏല്‍പിച്ചുകൊടുക്കുവാന്‍ ആങ്ങളമാര്‍ ശ്രദ്ധിച്ചില്ല. വളരെ കാലത്തിനുശേഷം ഒരു വൃദ്ധപുരുഷന് അമ്മാളുവിനെ നല്‍കുന്നു. പുലിയെ വിളിച്ചതുമില്ല. ആദ്യരാത്രിയില്‍, കാവല്‍ നിന്ന കൊമ്പനാനയേയും കിടിലന്‍ നായയേയും തൃണവല്‍ഗണിച്ച് പുലി അമ്മാളുവിനെ കൊണ്ടുപോയി. സ്വന്തം വനസാമ്രാജ്യത്തിലെത്തിച്ച് രക്ഷപ്പെടുത്തുന്നു.
യുവതികളുടെ ഇറച്ചിയിലോ ആര്‍ത്തവരക്തത്തിലോ പുലികള്‍ക്ക് താല്‍പര്യവുമില്ല.

ശബരിമല അയ്യപ്പന്റെ കാര്യത്തിലാണെങ്കില്‍ പുലി അയ്യപ്പനെ അനുസരിച്ച് രാജമാതാവിന് പാലുകൊടുക്കാന്‍ വരുന്നുണ്ട്. രാജമാതാവിന്റെ അസുഖം മാറാന്‍ പുലിപ്പാല് വേണമെന്നായിരുന്നല്ലോ കുബുദ്ധികളായ കൊട്ടാരം വൈദ്യന്‍മാരുടെ നിര്‍ദേശം. പുലിക്കുഞ്ഞുങ്ങളേയും കൂട്ടി ഈറ്റപ്പുലിയുടെ പുറത്ത് കയറി വരുന്ന അയ്യപ്പന്റെ കാഴ്ച പുലിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ അടയാളമാണ്.

ബലാല്‍ഭോഗകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു പുലിയും കേരളത്തിലെ ജയിലുകളിലില്ല. എന്നാല്‍ ഗോവിന്ദച്ചാമിയടക്കം നിരവധി പുരുഷന്‍മാരുണ്ടുതാനും. ചേതന  തീര്‍ഥഹള്ളി, മന്ദാക്രാന്ദ സെന്‍ തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരോട് ഹിന്ദുമത തീവ്രവാദികള്‍ ഉയര്‍ത്തിയ അതേ ഭീഷണിയാണ് പുരുഷന്‍ പിടിക്കുമെന്ന മുന്നറിയിപ്പിലൂടെ ആവര്‍ത്തിക്കപ്പെട്ടത്.

ശബരിമലയില്‍ നടക്കുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള സമരമല്ല. ദുരാചാര സംരക്ഷണ സമരമാണ്. ഹരിവരാസനം എഴുതിയത് ഒരു വനിതയാണെങ്കില്‍ അയ്യപ്പസന്നിധിയില്‍ എത്തി പ്രാര്‍ഥനാ ഗീതങ്ങളാലപിക്കുവാന്‍ വനിതകളെ അനുവദിക്കണം. വനിതകളുടെ ഒരു പ്രശ്‌നവും ശബരിമല ദര്‍ശനത്തില്‍ കൂടി പരിഹരിക്കപ്പെടുകയില്ലെങ്കിലും അവരുടെ സഞ്ചാരസ്വാതന്ത്ര്യമോ ആരാധനാ സ്വാതന്ത്ര്യമോ നിഷേധിക്കുന്നത് സംസ്‌കാര കേരളത്തിന് ചേര്‍ന്ന നടപടിയല്ല.

അണ്ഡോല്‍പാദന ശേഷിയുള്ളവരെ പ്രവേശിപ്പിക്കാതിരിക്കുവാന്‍ പറയുന്ന മറ്റൊരു ന്യായം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയെന്നതാണ്. അയ്യപ്പന്‍ മാത്രമല്ല എല്ലാ വിഗ്രഹങ്ങളും പഞ്ചലോഹമോ കല്ലോ തടിയോകൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിക്കാതെ മറ്റൊരു മാര്‍ഗവും ഈ വിഗ്രഹത്തിനില്ല.

മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് സമ്മതിക്കേണ്ടി വന്നതുപോലെ ആര്‍ത്തവം അശുദ്ധമല്ലെന്ന് ഭാവിയില്‍ വര്‍ഗീയ രാഷ്ട്രീയ കൊട്ടാരം വൈദ്യന്‍മാര്‍ക്ക് സമ്മതിക്കേണ്ടി വരും. ശബരിമല പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കേരളത്തെ പ്രാകൃതയുഗത്തിലേക്ക് നയിക്കുന്നതാണ്. ലോകത്തിനുമുന്നില്‍ അപരിഷ്‌കൃത പ്രദേശം എന്ന വിളിപ്പേരിലേക്ക് കേരളത്തെ ഇകഴ്ത്തുവാനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
(ജനയുഗം)

Tuesday 9 October 2018

മദ്ധ്യം



ഇനിയെനിക്കു ജീവിതം
പകുതി വെന്ത ഭുപടം

തുടരെയോടിയാടിവന്നു
കുതറിനിന്നു തീ പിടിച്ചു
നിലവിളിച്ചു കരിപുതച്ചു
പതറിവീണ വാഹനം

ഇനിയെനിക്കു ജീവിതം
സിനിമപോലെ ദാരുണം

മുഖമടച്ചു മുനയൊടിഞ്ഞു
മുറികൾ കത്തി മുടിയെരിഞ്ഞു
മിഴിയുടഞ്ഞു സിരതകർന്നു
വികൃതമായൊരാലയം

ഇനിയെനിക്കു ജീവിതം
കിണറുപോലെ ഭീതിദം

കൊടിപിടിച്ചു വിരലൊടിഞ്ഞു
നട നടന്നു നടു തളർന്നു
കനവിൽനിന്നു കയറു തിന്നു
വിഫലമായ യൗവ്വനം

ഇനിയെനിക്കു ജീവിതം
പുലിപിടിച്ച ജാതകം

അടിതകർന്നു ജനലുടഞ്ഞു
പൊടി തളിച്ചു പുകപൊതിഞ്ഞു
കനലുവീണു തൊലിചുളിഞ്ഞു
തലചെരിഞ്ഞ ഗോപുരം

ഇനിയെനിക്കു ജീവിതം
ശ്രുതിയഴിഞ്ഞ ഗീതകം

സ്വരമടഞ്ഞു ലയമൊഴിഞ്ഞു
കഠിനജീവരയമയഞ്ഞു
മൃദുലവാക്കു പെയ്തകന്നു
ശിഥിലമായ മദ്ദളം

ഇനിയെനിക്കു ജീവിതം
ഉടൽ വെടിഞ്ഞ ശീർഷകം

നരകഗോളയാത്രയർദ്ധ-
ദൂരവൂം നടന്നു തീർത്തു
വെയിൽകുടിച്ചു വഴിതിര-
ഞ്ഞമർഷമാർന്ന വിപ്ളവം

ഇനിയുമെന്റെ ജിവിതം
മരണമിട്ട പാദുകം

Wednesday 3 October 2018

ഉൻമാദി



അക്കരെ
വൻമലത്തെങ്ങിൻ കുടന്നയിൽ
കള്ളുകുടംപോലെ ചന്ദ്രൻ

തെന്നിത്തെറിച്ച
നുരപ്പൂക്കൾ താരകൾ
കള്ളീച്ചകൾപോൽ ഗ്രഹങ്ങൾ

രാത്രിക്കിതെന്തൊരുന്മാദം
വശംകെട്ടു പാട്ടുപാടുന്നു രാപ്പക്ഷി. 

കാറ്റ്
മരിച്ചില്ല മാറിമാറിപ്പിടി-
ച്ചേറ്റുപാടിത്തകർക്കുമ്പോൾ, 

മണ്ണിൻമരപ്പാളി
മൂടിമരിച്ചു ഞാൻ 
എങ്ങനെയില്ലാതാകും?

ശബരിമലയില്‍ മങ്ക സൂര്യോദയം



ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായിട്ട് എണ്‍പതിലേറെ മകരവിളക്ക് മഹോത്സവം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് ശബരിമലയില്‍ സ്ത്രീ-പുരുഷ വ്യത്യാസമന്യേ ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രവേശിക്കാമെന്ന സ്ഥിതിയുണ്ടായത്. ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് നിരവധി സമരങ്ങളാല്‍ ഉത്തരം മുട്ടിപ്പോയ ഭരണാധികാരിയായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത് പരമോന്നത നീതിപീഠമാണ്.

ജാതി വ്യവസ്ഥയുടെ എല്ലാ ശ്രേണിയിലുംപെട്ട സ്ത്രീകള്‍ക്ക് എക്കാലത്തും പലതരം വിലക്കുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സവര്‍ണ സ്ത്രീകള്‍ മണ്ണാപ്പേടി, പുലപ്പേടി, പഴുക്കയേറ് തുടങ്ങിയ പീഡനാനുഭവങ്ങള്‍ക്ക് ഇരയായിരുന്നുവെങ്കില്‍ അവര്‍ണ സ്ത്രീകള്‍ മുലക്കരം തുടങ്ങിയ വിചിത്ര നികുതികള്‍ക്കും തമ്പുരാന്മാരുടെ ലൈംഗിക ദാഹത്തിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.

അണ്ഡോല്‍പാദന ശേഷിയുള്ളവരുടെ ശബരിമല പ്രവേശത്തെ എതിര്‍ക്കുന്നവരുണ്ട്. അവര്‍ എതിര്‍ക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അവരുടെ വര്‍ഗസ്വഭാവമായ മനുഷ്യവിരുദ്ധത തിരിച്ചറിയപ്പെടുകയുള്ളു. മാറുമറയ്ക്കാനുള്ള പുരോഗമനവാദികളായ സ്ത്രീകളുടെ സന്നദ്ധതയെ സ്ത്രീകളെക്കൊണ്ടുതന്നെ എതിര്‍പ്പിക്കുന്നതില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടുണ്ട്. ജീവിതസമരം അടക്കമുള്ള പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ ഈ പ്രതിലോമ ചരിത്രം പറഞ്ഞുതരുന്നുണ്ട്.

മതപരമായ ദുരാചാരങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് മനുഷ്യസമൂഹം മുന്നോട്ടു വന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല ഉദാഹരണം സതിയാണ്. ഹിന്ദുമതക്കാരുടെ മൂന്നു ദൈവങ്ങളില്‍ ഒരാളായ പരമേശ്വരന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സതിയെ സമൂഹത്തില്‍ പവിത്രമാക്കിയത്. ഭര്‍ത്താവ് മരിച്ച സ്ത്രീയെ പച്ച ജീവനോടെ കത്തിച്ചുകൊല്ലുന്നതാണ് സതി. പുരുഷന്മാരാണ് ദൈവവല്‍ക്കരിക്കപ്പെട്ട ഈ മതഭീകരതയ്‌ക്കെതിരേ രംഗത്തുവന്നത്. രാജാറാം മോഹന്‍ റോയിയെ നമ്മള്‍ ഓര്‍ക്കുന്നത് സതി നിരോധനവുമായി ബന്ധപ്പെട്ടാണല്ലോ. സതിയെ അനുകൂലിക്കുന്ന സ്ത്രീകളെ ഇക്കാലത്തും രൂപപ്പെടുത്തിയെടുക്കാന്‍ പുരുഷന് കഴിയുന്നുണ്ട്. നിരോധനത്തിനു ശേഷം സ്വതന്ത്ര ഭാരതത്തില്‍ പോലും സതിയുടെ പേരില്‍ സ്ത്രീകള്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും സതി നിയമവിരുദ്ധമായതോടെ ഈ പെണ്‍കൊലപാതകങ്ങളെ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഋതുമതിയായാല്‍ ആ പെണ്‍കുട്ടിയെ ചില പൂജകളൊക്കെ നടത്തി അപമാനിക്കുന്ന രീതിയും ഇപ്പോഴില്ല. ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിന്റെ പൂമുഖത്തൊന്നും പ്രവേശനമില്ലാത്ത കാലവും കഴിഞ്ഞു. ആര്‍ത്തവം പ്രകൃതിദത്തമാണ്. പുതിയൊരു ജീവന്റെ സാന്നിധ്യവും സന്നദ്ധതയുമറിയിക്കുന്ന മഹനീയമായ ശരീര പ്രക്രിയയാണത്. സ്ത്രീകളുടെ ആ മഹത്വത്തെയാണ് ഇതുവരെ നിരസിക്കപ്പെട്ടിരുന്നത്.
ബാലവിവാഹത്തെ കേരളത്തില്‍ കെട്ടുകല്യാണം എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ആ അസംബന്ധം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സഞ്ചയനം, കുളി തുടങ്ങിയ അനാചാരങ്ങളും വലിയതോതില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കോടിയണിയിക്കല്‍, വായ്ക്കരി തുടങ്ങിയ അനാചാരങ്ങളും മാറി വരുന്നുണ്ട്. ചന്ദ്രഗ്രഹണ ദിവസം, ചന്ദ്രനെ പാമ്പു വിഴുങ്ങുകയാണെന്ന ധാരണയില്‍ മടലുവെട്ടി മണ്ണിലടിക്കുന്ന ഹൈന്ദവ വിഡ്ഢിത്തം സമ്പൂര്‍ണമായും ഇല്ലാതായി. അനാചാരങ്ങളെ ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.

ശബരിമലയില്‍ പോകുന്നതുകൊണ്ട് സ്ത്രീകളുടെ തൊഴിലില്ലായ്മയോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും പരിഹരിക്കപ്പെടുകയില്ല. ദേവസ്വം ബോര്‍ഡുജീവനക്കാര്‍ക്ക് വേതനം കൊടുക്കുന്നത് ദൈവങ്ങളാരുമല്ലല്ലോ. പക്ഷേ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.

Wednesday 26 September 2018

പോസ്റ്റുമോർട്ടം


തുടിയും കലപ്പയും
ശബ്ദിച്ചപ്പോൾ 
ദളിതമൃതദേഹം
പിന്നെയും
പോസ്റ്റുമോർട്ടം ചെയ്യപ്പെട്ടു.
ഉദരത്തിൽ നിന്നും
കണ്ടെടുത്തത്
ആദ്യത്തെ
പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Manage

മറഞ്ഞൊരാൾ


കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കീ
മുന്തിരിക്കള്ളു മോന്തീ

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റടുക്കെന്തിയേടീ
എന്റെ പാട്ടെന്തിയേടീ

ഏപ്പിൽ പിടിച്ചുകൊണ്ടേ
ഏങ്ങലടിച്ചുകൊണ്ടേ
ഏഴിലം പാലമൂട്ടിൽ
ഏറ്റിരിക്കുന്നതാര്

എന്റെ തെങ്ങെന്തിയേടീ
എന്റെ തേറെന്തിയേടീ
എന്റെ ക്ടാവെന്തിയേടീ
എന്റെ ന്ലാവെന്തിയേടീ

മുണ്ടകൻ ചുണ്ടു ചോന്നോ
മൂവാണ്ടൻ മാവു പൂത്തോ
വേറ്റേമ്മാനെന്തിയേടീ
കറ്റകെട്ടെന്തിയേടീ

ആറ്റെറമ്പത്തിരുന്ന്
കാറ്റുകൊള്ളുന്ന കല്ലേ
എന്റെയാറെന്തിയേടീ
എന്റെ മീനെന്തിയേടീ

നെഞ്ചത്തു കൈപിണച്ചേ
കൊങ്ങയിൽ വാക്കുടഞ്ഞേ
കന്നാരക്കാട്ടിൽ നിന്ന്
കോട്ടുവായിട്ടതാര്

മൺകൂജയെന്തിയേടീ
കൺമഷിയെന്തിയേടീ
മെത്തപ്പായെന്തിയേടീ
പുത്തരിയെന്തിയേടീ

രാമച്ചമെന്തിയേടീ
രാപ്പാടിയെന്തിയേടീ
കാവുകളെന്തിയേടീ
മാവുകളെന്തിയേടീ

ചുറ്റുമതിൽപ്പുറത്ത്
ചുറ്റിനടന്നുകൊണ്ട്
തെക്കെപ്പുറത്തുവന്ന്
ചൂളമടിച്ചതാര്?..

ചാണകമെന്തിയേടീ
ചാരവുമെന്തിയേടീ
നഞ്ചില്ലാത്തക്കാളിയും
വെണ്ടയുമെന്തിയേടീ

വഴുതനയെന്തിയെടീ
പയർവള്ളിയെന്തിയേടീ
ചെഞ്ചീരയെന്തിയേടീ
കാന്താരിയെന്തിയേടീ

പുളിമരമെന്തിയേടീ
തണുവെള്ളമെന്തിയേടീ
കളിവള്ളമെന്തിയേടീ
മഴമേഘമെന്തിയേടീ

മുറ്റത്തുവന്നുനിന്ന്
മൂത്രമൊഴിച്ചതാര്
കാണാമറ ചമച്ച്
കാര്യം പറഞ്ഞതാര്.

കടല്‍ക്കണ്ണ്


കാട്ടെരിക്ക് പൂത്തുലഞ്ഞ
ഡിസംബര്‍ മാനം
നോക്കിനില്‍ക്കെ രാക്കടലിന്‍
മനസ്സിലൂടെ
പണ്ടു താഴ്ന്ന കപ്പലിലെ
കറുത്ത പെണ്ണിന്‍
കണ്ണു രണ്ടും തിളങ്ങുന്ന
രത്നമായ് നീങ്ങി
ഉഷ്ണവെള്ളപ്രവാഹത്തില്‍
മുങ്ങിനീര്‍ന്നപ്പോള്‍
കണ്ണൊരെണ്ണം തെളിമാന-
ചന്ദ്രനായ് മാറി
മറ്റൊരെണ്ണം സൂര്യനായി
കുട നീര്‍ത്തപ്പോള്‍
കാട്ടെരിക്കിന്‍ പൂക്കളെല്ലാം
ഭൂമിയിലെത്തി.

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ
നീർത്ത കരിമ്പടമെന്നു ഞാൻ
ടാറിട്ട റോഡെന്നു നീ
നാരകം പൂത്തതാണെന്നു ഞാൻ
നക്ഷത്രമെന്നു നീ
പതയും ഷാമ്പെയിൻ മഴയെന്നു ഞാൻ
ജലപാതമെന്നു നീ
സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവർ നമ്മൾ
പിന്നെ നാമൊന്നിച്ച നേരം
പൊൻപണക്കൂമ്പാരമെന്നു നീ..

Friday 21 September 2018

കറിയാച്ചന്റെ സംശയം


പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തിൽ തറച്ചു

മണ്ണിൽനിന്നെടുക്കപ്പെട്ട നീ
മണ്ണിനോടു ചേരുന്നതുവരെ
നെറ്റിയിലെ വിയർപ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും

ഗൃഹസന്ദർശനവേളയിൽ
കറിയാച്ചൻ ചോദിച്ചു
അച്ചനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?
Manage

Wednesday 19 September 2018

ഉൾച്ചിരി


പള്ളിയിൽ പരന്ന്
പള്ളിക്കൂടത്തിലുരുണ്ട്
ദുനിയാവിന്റെ ദുസ്ഥിതി
ആദാമിൽനിന്നെന്ന് അഛൻ
ആൾക്കുരങ്ങിൽനിന്നെന്ന് മാഷ്
ഉത്ഭവത്തിന്റെ ദുർഗ്ഗതി
പാമ്പു വിഴുങ്ങിയെന്ന് മുത്തശ്ശി
ഭൂമിയുടെ നിഴലെന്നച്ഛൻ
ഉണ്ണിക്കുട്ടന്റെ ഉൾച്ചിരി

Wednesday 5 September 2018

ലൈക്ക്


രണ്ടു ബസ്സ്‌
ഇരുപത് കാറ്
ഇരുനൂറ് ബൈക്ക്
എല്ലാരും കൂടി
എങ്ങോട്ടാ?
ഞങ്ങടെ ഫ്രണ്ട്
പക്കി ഇത്തിക്കരയുടെ കവിത
ഇന്ന് ഫേസ്ബുക്കില്‍
പോസ്റ്റിയിട്ടുണ്ട്.
ലൈക്കിടാന്‍ പോകുന്നു.
അതിനു താഴെ
ഒരു മരുഭൂമി
എഴുത്തച്ഛന്‍റെ കവിത.

ആര്‍ഭാടരഹിതമാകട്ടെ ഉത്സവങ്ങള്‍



പ്രളയാനന്തര കേരളത്തില്‍ സ്‌കൂള്‍ കലോത്സവത്തിനും ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും പ്രസക്തിയുണ്ടോ?

സാഹിത്യത്തേയും കലയേയും പ്രാണവായുവായി കരുതാത്ത ഒരു സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകാം. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, കവിതയുടെ ഉത്ഭവം തന്നെ സങ്കടത്തില്‍ നിന്നാണ്. ആനന്ദക്കണ്ണീരിന് രാമപുരത്ത് വാര്യര്‍ സംശയത്തിന്റെ ആനുകൂല്യമേ നല്‍കിയിട്ടുള്ളു.

ചലച്ചിത്രോത്സവം ഡിസംബറിലാണ് നടത്തേണ്ടത്. ഇനിയുള്ള രണ്ടരമാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ നവകേരള നിര്‍മിതിയില്‍ നമുക്ക് വളരെയേറെ മുന്നിലെത്താന്‍ കഴിയും. വടക്കും കിഴക്കും നിന്ന് ഞെക്കിക്കൊല്ലാനും മുക്കിക്കൊല്ലാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഒഴുക്കിനോ സഹായിക്കാനുള്ള സന്മനസിനോ കുറവൊന്നും സംഭവിച്ചിട്ടില്ല.

പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ സന്നദ്ധസംഘടനകളുടെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. നേരിട്ടു പരിചയമില്ലാത്ത കുഞ്ഞുമക്കള്‍ക്ക് നോട്ടെഴുതിക്കൊടുക്കുവാനുള്ള നവമാധ്യമങ്ങളിലെ പരിശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മദ്രസ തന്നെ സ്‌കൂളാക്കി മാറ്റിയതും സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുമായി അധ്യാപകര്‍ തുണിക്കടയില്‍ പോയി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയതും കണ്ണുനിറയുന്ന വാര്‍ത്തകളായിരുന്നു. പൊതുവിദ്യാലയമാക്കി മാറ്റിയ മതവിദ്യാലയത്തിന്റെ ചുമലുകള്‍ നിഷ്‌ക്കളങ്കവും ലളിതവും ആകര്‍ഷകവുമായ ചിത്രങ്ങളാല്‍ അലംകൃതമായത് ഒരു സെക്കുലര്‍ കവിഭാവനയല്ല. കേരളത്തില്‍ സംഭവിച്ചതുതന്നെയാണ്.

കവികളും കലാകാരന്മാരും അവരുടെ മാധ്യമങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. ആലപ്പുഴയിലെ ക്യാമ്പുകളില്‍ നടന്ന സാന്ത്വന ഗാനമേളയും ആലുവ യു സി കോളജില്‍ നടന്ന ജയചന്ദ്രന്‍ തകഴിക്കാരന്റെയും മറ്റും നാടന്‍ പാട്ടുമേളയും കൊല്ലം നഗരത്തിലെ തെരുവോരത്ത് ഇരുപതിലധികം കവികള്‍ നടത്തിയ സമാശ്വാസ കവിയരങ്ങും ഉദാഹരണങ്ങള്‍ മാത്രം.  പോളി വര്‍ഗീസ് അമേരിക്കയില്‍ നടത്തിയ മോഹന വീണക്കച്ചേരിയും എ ആര്‍ റഹ്മാന്റെ ഡോണ്ട്വറി, ഡോണ്ട്വറി കേരള എന്ന മുസ്തഫപ്പാട്ടും കേരളത്തിലെ പ്രളയത്തോട് ലോകകലാസമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ്.

പ്രവാസി മലയാളികള്‍ ഓണാഘോഷത്തിന്റെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുകയും ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്തു.

പ്രവാസി മലയാളികളുടെ ഈ കേരളസ്‌നേഹം നമുക്കു പാഠമാകേണ്ടതാണ്. ഘോഷയാത്രകളും ആര്‍ഭാടങ്ങളും ഒഴിവാക്കി കലോത്സവങ്ങള്‍ നടത്താവുന്നതേയുള്ളു. കലോത്സവവേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുവാന്‍ പാസ് ഏര്‍പ്പെടുത്താവുന്നതേയുള്ളു. ഇതുവഴി വലിയൊരു തുക നവകേരള നിര്‍മിതിക്കായി സമാഹരിക്കുകയും ചെയ്യാം. മത്സരത്തിന്റെ അശ്രീകര രീതികള്‍ പിന്നണിയിലുണ്ടെങ്കിലും കലോത്സവം മുടങ്ങാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. യേശുദാസിനെയും മഞ്ജുവാര്യരേയുമൊക്കെ നമുക്ക് കിട്ടിയത് കലോത്സവവേദികളിലൂടെയാണെന്ന് മറക്കാന്‍ പാടില്ല.

കലോത്സവവേദികളില്‍ പ്രളയം സംബന്ധിച്ച നിരവധി കലാരൂപങ്ങള്‍ ഉണ്ടാവുകയും ചരിത്രപരമായ ദൗത്യനിര്‍വഹണം നടക്കുകയും ചെയ്യും. ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും ആര്‍ഭാടമൊഴിവാക്കിയുള്ള പച്ചക്കൊടികാട്ടേണ്ടതുണ്ട്.

Thursday 30 August 2018

ഫീനിക്സ്പക്ഷിയെപ്പോലെ കേരളം


മുന്‍പരിചയമില്ലാത്ത അതിഭീകരമായ പ്രളയത്തെ കേരളം അതിജീവിക്കുകയാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ അടിപതറാത്ത നിലപാടുകളും നിര്‍ദേശങ്ങളുമാണ് കേരളത്തെ ഉയര്‍ത്തിയെടുക്കാന്‍ സഹായിച്ചത്.

പ്രളയാനന്തരം ഗൗരവമുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്. ആദ്യദിവസങ്ങളില്‍ ഇടുക്കി ഡാമിലെ അഞ്ചു ഷട്ടറുകളും മെല്ലെമെല്ലെ തുറക്കുകയും ഒരു നിശ്ചിത അളവു ജലം പുറത്തുവിട്ടതിനുശേഷം രണ്ട് ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്തു. മുന്നറിയിപ്പുകളും രക്ഷാസംവിധാനങ്ങളുമെല്ലാം കൃത്യമായിത്തന്നെ ഉണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മഹാമാരി സൃഷ്ടിക്കുകയും ഷട്ടറുകളെല്ലാം വീണ്ടും തുറക്കേണ്ടിവരികയും ചെയ്തു. കേരളത്തിലുടനീളമുള്ള അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നു. കാലപ്പഴക്കംകൊണ്ട് ആശങ്കയുയര്‍ത്തിയിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പരീക്ഷണവസ്തുവാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്രയും ഡാമുകള്‍ കേരളത്തിന് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രതിവര്‍ഷം വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്കുപോലും ഈ പ്രളയത്തെ നേരിടാന്‍ കഴിഞ്ഞില്ല. ബാണാസുരസാഗര്‍ തുറന്നുവിട്ടതോടെ വയനാടുജില്ല അക്ഷരാര്‍ഥത്തില്‍ അപകടാവസ്ഥയിലായി. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കയ്യേറ്റങ്ങളും വനനശീകരണവും പാറഖനനവും ഒഴിവാക്കാന്‍ കേരളത്തിന് കഴിയാതെപോയി.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തി മലയോര പ്രദേശത്തുണ്ടായ പ്രക്ഷോഭങ്ങള്‍ കേരളീയര്‍ മറന്നിട്ടില്ല. പുലികളെയും രാജവെമ്പാലകളെയും ഇറക്കിവിട്ട് വന്തവാസികളെ ഇല്ലാതാക്കുവാനുള്ള ഗൂഢശ്രമമാണെന്നുപോലും ഗിരിപ്രഭാഷണങ്ങളുണ്ടായി. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കീരിക്കരയിലെ സെന്റ് തോമസ് ദേവാലയം പ്രളയത്തില്‍ തകര്‍ന്നുവീണു. ഇനിയെങ്കിലും പരിസ്ഥിതിലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണം.
തീര്‍ത്തും ഒറ്റപ്പെട്ടുപോയ മറ്റൊരു പ്രദേശം മൂന്നാര്‍ ആണ്. അവിടത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും പുതിയ നിര്‍മ്മിതികള്‍ തടയാനുമുള്ള അടിയന്തര നടപടികളുണ്ടാകണം.
പമ്പാനദി ഗതിമാറി ഒഴുകി. ശബരിമല ഒറ്റപ്പെട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യമുണ്ടായതിനാല്‍ ധര്‍മ്മശാസ്താവ് കോപിച്ചതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ശാസ്ത്രബോധത്തില്‍ നിന്നും യുക്തിചിന്തയില്‍ നിന്നും കേരളീയര്‍ എത്രമാത്രം ദുരീകരിക്കപ്പെട്ടുവെന്ന് ഞെട്ടലോടെ തിരിച്ചറിയേണ്ടതുണ്ട്. ഹെലികോപ്ടര്‍ വഴി വസ്ത്രങ്ങള്‍ വിതരണം ചെയ്ത കൂട്ടത്തില്‍ സ്ത്രീകള്‍ക്കാവശ്യമുള്ള അടിവസ്ത്രങ്ങളും നാപ്കിനുകളും ശബരിമലയില്‍ ഇട്ടുകൊടുത്തത് സ്ത്രീപ്രവേശനത്തിന് അയ്യപ്പന്‍ അനുകൂലിക്കുന്നതുകൊണ്ടാണെന്ന് വേണമെങ്കില്‍ ഒരു പ്രളയാനന്തര ചിരിയോടെ വിലയിരുത്താം.

ഔഷധം പാടില്ലെന്നും പ്രാര്‍ഥനകൊണ്ട് ലോകത്തെ രക്ഷപ്പെടുത്താമെന്നും പ്രചരിപ്പിക്കുന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് ഒരു സ്ഥാപനം എന്ന നിലയില്‍ ഏറ്റവും വലിയ ദുരന്തം ഉണ്ടായത്. പശുവും പന്നിയും താറാവുമടക്കം മൂവായിരത്തോളം മിണ്ടാപ്രാണികളാണ് അവിടെ ചത്തൊടുങ്ങിയത്. ആയിരത്തി അഞ്ഞൂറിലധികം മനുഷ്യര്‍ രക്ഷിക്കണമെന്ന് മറ്റു മനുഷ്യരോട് യാചിച്ചു. മൂന്നുപേര്‍ മരിച്ചു. ദൈവത്തിന്റെ അനുമതിയോടെയാണോ ഈ ദുരന്തമുണ്ടായത്. സാംസ്‌കാരിക കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു.
സുനാമി മരണത്തെ അതിജീവിച്ച മൂവായിരത്തോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചത്. കേരളത്തിന്റെ തീരദേശ കാവല്‍സേനയെ ശക്തമാക്കുകയും സൈനികര്‍ക്ക് ലഭിക്കുന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. കേരളം കുഞ്ഞാലിമരയ്ക്കാരുടെ നാടാണ്. കേരളത്തിന് ശക്തമായ ഒരു ജലദുരന്ത നിവാരണ സംഘത്തെ രൂപപ്പെടുത്താവുന്നതേയുള്ളു.

കേരള സംസ്ഥാനം കൂടുതല്‍ ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും വാങ്ങേണ്ടതായിട്ടുണ്ട്. ജില്ലാന്തര ഗതാഗതത്തിനും ചരക്കുകള്‍ കൊണ്ടുപോകാനും ഒക്കെ ഇതുപകരിക്കും. ദുരിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ഇവ ഉപയോഗിക്കാം.


യോഗാഭ്യാസം പഠിപ്പിക്കുന്നതിനേക്കാളും അത്യാവശ്യം വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കുകയാണ്. തെക്കുവടക്കു നീണ്ടുകിടക്കുന്ന കടലും നാല്‍പ്പത്തിനാലു നദികളും നിരവധി കായലുകളും ഉള്ള കേരളത്തില്‍ നീന്തലറിയാത്ത ഒരു മലയാളിയും ഉണ്ടാകരുത്.
കേരളത്തോടുള്ള കേന്ദ്ര നിലപാട് പുനഃപരിശോധിക്കണം. അപ്രതീക്ഷിത ദുരന്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം നല്‍കിയില്ലെന്നു മാത്രമല്ല മഹാബലിയുടെ മനസുള്ള ദാനശീലരായ മറുനാട്ടുകാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍പോലും ലഭിക്കാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മനുഷ്യവിരുദ്ധമായ ഒരു നിലപാടാണിത്.
പ്രളയം കേരളത്തിന് ഒരു പാഠമാണ്. മുന്‍ കരുതലിന്റെയും തിരിച്ചറിവിന്റെയും ജീവിതപാഠം.

Tuesday 14 August 2018

കെ.ആര്‍.മീരയുടെ കവിത

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

–––––
കെ.ആര്‍.മീര 

Wednesday 8 August 2018

ജീവിക്കാന്‍ ചിതയൊരുക്കി ഒരു വീട്ടമ്മ


കേരളം അവിശ്വസനീയമായ പല സമരങ്ങളും കണ്ടിട്ടുണ്ട്. ഉടുപ്പിടാന്‍ വേണ്ടിയുള്ള സ്ത്രീസമരം, ഉപ്പു കുറുക്കി സമരം, അടുപ്പുകൂട്ടി സമരം, ആറടി മണ്ണിനുവേണ്ടിയുള്ള നില്‍പ്പുസമരം, കാലുകടഞ്ഞു പൊട്ടാറാവുമ്പോള്‍ ഒന്നിരിക്കാന്‍ വേണ്ടിയുള്ള ഇരിപ്പുസമരം, അങ്ങനെ വരും തലമുറയ്ക്കു വിശ്വസിക്കാന്‍ പ്രയാസമായ നിരവധി ജീവിതസമരങ്ങള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മാനാത്തുപാടത്തു നടക്കുന്ന ഒരു വീട്ടമ്മയുടെ സമരം.

വിറകും ചിരട്ടയും ഉപയോഗിച്ച് ചിതയുണ്ടാക്കി അതിനുമുകളില്‍ വെള്ളത്തുണി വിരിച്ച് സാമ്പ്രാണിത്തിരികളും കത്തിച്ചുവച്ചാണ് പാവപ്പെട്ട ആ വീട്ടമ്മ സമരം നടത്തുന്നത്. ആകെക്കൂടി സ്വന്തമായുള്ള ഒരു ചെറിയ വീടും അല്‍പസ്ഥലവും മനുഷ്യസ്‌നേഹം കാട്ടിയതിനു വിലയായി പിടിച്ചെടുത്ത് തെരുവിലിറക്കുകയാണെങ്കില്‍ ഒതുക്കിവച്ചിരിക്കുന്ന ചിത സ്വയം കത്തിച്ച് മരിക്കുമെന്നാണ് പ്രീതാഷാജി എന്ന ഈ വീട്ടമ്മയുടെ തീരുമാനം.

ചേരനല്ലൂര്‍ സ്വദേശി സാജന്‍ എന്ന ആള്‍ക്ക് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി ലോഡ്കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ ലോണെടുക്കേണ്ടിവന്നു. കൂട്ടുകാരനായ ഷാജിയാണ് ജാമ്യം നിന്നത്. കടബാധ്യത പലിശസഹിതം പെരുകി ഇപ്പോള്‍ രണ്ടരക്കോടിയോളമായത്രെ. ലോണെടുത്തയാള്‍ അടച്ചില്ല. സര്‍ഫാസി നിയമപ്രകാരം ഷാജിയുടെ വീടും പുരയിടവും ബാങ്കുകള്‍ ലേലം ചെയ്തു. കൃഷ്ണഭഗവാന്റെ പേരിലുള്ള ആ ബാങ്ക് ഇല്ലാതായപ്പോള്‍ കടംതിരിച്ചുപിടിക്കാനുള്ള ചക്രായുധം എച്ച്ഡിഎഫ്‌സിയുടെ നിയന്ത്രണത്തിലായി.

സര്‍ഫാസി നിയമം വായ്പയെടുത്ത് രക്ഷപ്പെടാമെന്നു വിചാരിക്കുന്ന പാവം മനുഷ്യരെ കുടുക്കി ഒഴിവാക്കുന്ന കെണിയാണ്. അതനുസരിച്ച് ഭീമമായ തുക അടയ്ക്കാന്‍ കഴിയാതെ ബാങ്കിനെ വിശ്വസിച്ചവര്‍ വഴിയാധാരമാകും. വീടും പുരയിടവും ലേലത്തില്‍ പിടിച്ച സമ്പന്നര്‍ക്ക് അനുകൂലമായി നീതിന്യായവ്യവസ്ഥയും നിലകൊണ്ടിരിക്കുകയാണ്.
ഇതിനെതിരെയാണ് ഷാജിയുടെ ഭാര്യ പ്രീത വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം തുടങ്ങിയത്. പിന്നീട് സമരച്ചിത ബാങ്കിന്റെ മുന്നിലേക്ക് മാറ്റി.

നമ്മുടെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. പാവങ്ങള്‍ക്കുവേണ്ടിയോ പണക്കാര്‍ക്കുവേണ്ടിയോ? മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ കഴിയാത്ത പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും പിടികൂടിയ പട്ടിണിക്കാശെല്ലാം കൂടി കൂട്ടിവച്ചപ്പോള്‍ കോടികളുടെ അവിശ്വസനീയ ധനമാണ് കാണാന്‍ കഴിഞ്ഞത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മൊബൈല്‍ സന്ദേശങ്ങള്‍ക്കുപോലും പണം ഈടാക്കുകയാണ്. ബാങ്കിലേക്ക് പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും കൈനഷ്ടം ഉറപ്പ്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബാങ്കുകള്‍ നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ കയ്യില്‍ നിന്നുമാണ് ചുമട്ടുതൊഴിലാളിക്ക് നോക്കുകൂലി ആവശ്യപ്പെടാന്‍ സന്ദര്‍ഭം കിട്ടിയിരുന്നതെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ബാങ്കിന്റെ ഉരുക്കുമുഷ്ടികളിലാണ്.

എല്ലാവരെക്കൊണ്ടും അക്കൗണ്ടെടുപ്പിച്ചതിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാരിക്കുഴി രൂപപ്പെടുത്തിയത്. കോടീശ്വരന്മാരാകട്ടെ, ശതകോടികള്‍ വെട്ടിച്ചുകൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നു.

ഇവിടെയാണ് പ്രീതാഷാജി എന്ന വീട്ടമ്മയുടെ ചോരയും കണ്ണുനീരും കാവല്‍നില്‍ക്കുന്ന ചിതകൂട്ടി സമരം മനഃസാക്ഷിയെ മുറിപ്പെടുത്തുന്നത്. കൂട്ടുകാരനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ കെണിയില്‍പ്പെട്ടത് എന്നോര്‍ക്കുമ്പോള്‍ ജാമ്യം നില്‍ക്കാനും ഇനി ആളിനെ കിട്ടാതെവരും. മനുഷ്യസ്‌നേഹം എന്ന വലിയ ആശയമാണ് ഇവിടെ മുറിവേറ്റുവീഴുന്നത്.

വാസ്തവത്തില്‍ ചിതയിലെരിയേണ്ടത് സര്‍ഫാസി നിയമത്തിലെ ദരിദ്ര ജനവിരുദ്ധതയാണ്. ജാമ്യം നിന്നുപോയ സ്‌നേഹനിധികളായ പാവങ്ങളല്ല

Thursday 2 August 2018

കടലേറ്റം


വെളുത്തവാവിനു
വെല്ലുവിളിക്കും
സമുദ്രമേലാളന്‍

ഭയന്നു കുരിശു
വരയ്ക്കും പാവം
മത്സ്യത്തൊഴിലാളി

ഇടയ്ക്കു വള്ളം
തിരപ്പുറത്തൊരു
തെക്കന്‍ കരകാട്ടം

കറുത്ത കുഞ്ഞിന്‍
കരച്ചിലായൊരു
ജീവിത സന്ദേശം

പകര്‍ത്തി വയ്ക്കാന്‍
കഴിയാതങ്ങനെ
പാതിര നില്‍ക്കുമ്പോള്‍

പൊടുന്നനെയൊരു
ഭ്രാന്തത,കാവല്‍
ഭടന്‍റെ രൂപത്തില്‍

കടന്നുവന്നീ
കടുത്ത കാഴ്ചകള്‍
കയ്യിലൊതുക്കുന്നു

പതുക്കെ നേരം
വെളുത്തു വരുമോ
തണുത്ത മീന്‍കാറ്റേ?

Wednesday 1 August 2018

ഫ്ലൂട്ട്


തുടുമാനച്ചുണ്ടത്ത്
തരിതരിയായ് തെളിയുന്നു
ഒരു കള്ളച്ചിരി പോലെ
മഴവില്ല്

വെയിലത്തും മറയത്തും
കുരുവിക്കുഞ്ഞലയുമ്പോള്‍
പെരുതായിപ്പെയ്യുന്നു
മുകില്‍മെയ്യ്‌

വയലില്ലാക്കാലത്ത്
ഫയല്‍ പൂക്കും നേരത്ത്
ഇടിമിന്നല്‍ചോദ്യങ്ങള്‍
പടരുമ്പോള്‍

ഒരു മൂകമുഖംമൂടി
തരുമോയെന്നാരായും
പുതുബാല്യം വന്നെന്നെ
കൊല്ലുന്നു.

എവിടേക്കീ സഞ്ചാരം
കുതിരേ,നീ നില്‍ക്കെന്നു
ഹൃദയത്തിലിരുന്നാരോ
ചോക്കുമ്പോള്‍

ഗതികെട്ട കാലത്തില്‍
ശ്രുതി തെറ്റിക്കേഴുന്നു
വെറുതെയെന്‍ ഫ്ലൂട്ടിലെ
ഗദ്ഗദങ്ങള്‍ 

Monday 30 July 2018

വേട്ട



ഗുന്തര്‍ ഗ്രാസ് 
എന്നെ തുറിച്ചു നോക്കിപ്പറഞ്ഞു 
എവിടെയോ കണ്ടു മറന്നത് പോലെ 
ഞാനും സൂക്ഷിച്ചു നോക്കി 
എവിടെയോ കണ്ടിട്ടുള്ളത് പോലെ 

തലയില്‍ മിന്നല്‍ തറച്ചപ്പോള്‍
ഞാന്‍ പറഞ്ഞു 
ഓര്‍മ്മ വരുന്നുണ്ട് 
സിന്ധുനദിയുടെ തീരത്തുനിന്നും 
ന്‍റെ കറുമ്പിയേം പിടിച്ച് 
ഏനോടിയ ഓട്ടം.

മുറിഞ്ഞു രക്ഷപ്പെട്ട മൃഗത്തിന് 
ഓര്‍മ്മയുടെ തകരച്ചെണ്ട 

Wednesday 25 July 2018

കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുത്


ജെസ്സിയെ വായനക്കാരുടെ ഹൃദയത്തിലെത്തിച്ചതില്‍ ഈ വരിക്ക് മുഖ്യപങ്കുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇവിടെ നഗ്നം എന്ന പദത്തിനര്‍ഥം വിവസ്ത്ര എന്നല്ല. കുമ്പസാരക്കൂട്ടില്‍ മറയില്ലാതെ സത്യം പറയുന്നു എന്നാണ്. എന്നാല്‍ സമീപകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുതേ എന്ന് പറയാന്‍ തോന്നിപ്പോകുന്നു.

ബിഷപ്പും വൈദികരുമൊക്കെ പ്രതികളായ ബലാല്‍ഭോഗ കേസുകളാണ് നിയമവ്യവസ്ഥയുടെ മുന്നിലെത്തിയിരിക്കുന്നത്. അച്ഛനെ മാത്രമല്ല, പള്ളിയിലച്ചനെയും വിശ്വസിക്കാന്‍ പാടില്ലെന്ന് സ്ത്രീപക്ഷത്തുനിന്നുള്ള ആശങ്കകള്‍ വെളിപ്പെടുത്തുന്നു. അച്ഛന്മാരാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ നാടുകൂടിയാണല്ലോ സാക്ഷരകേരളം.

ഒരാള്‍ കുമ്പസരിക്കുന്നത് എന്തിനാണ്? ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ജീവിതത്തിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ പാപമായി കരുതുന്നവര്‍ ഇനി അത്തരം ഘട്ടങ്ങളെ ഇച്ഛാശക്തിയോടെ അതിജീവിക്കും എന്നു തീരുമാനിക്കുന്നതിനുപകരം കുമ്പസാരക്കൂട്ടില്‍ അഭയം പ്രാപിക്കുകയാണ്. പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ പ്രായശ്ചിത്തമാകും എന്നും മരണാനന്തരമുള്ള കുറ്റവിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും മതപാഠശാലകള്‍ പഠിപ്പിക്കുന്നുണ്ട്.

ദൈവത്തിന് തിരക്കുള്ളതിനാലാവാം പുരോഹിതന്മാരെയാണ് പാപങ്ങള്‍ കേള്‍ക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ സംഭവിക്കുന്നത് പുരുഷന്മാരായ പുരോഹിതന്മാര്‍കൂടി സ്ത്രീകള്‍ ചെയ്ത പാപങ്ങള്‍ അറിയുന്നു എന്നുള്ളതാണ്. ചെറുമോഷണങ്ങള്‍, അതിരുതോണ്ടലുകള്‍ തുടങ്ങിയവയൊക്കെ പുരോഹിതന്മാര്‍ മാപ്പാക്കിക്കൊടുക്കുമെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഭക്തകളെ പിന്നെയും പാപം ചെയ്യാന്‍ അവര്‍ പ്രേരിപ്പിച്ചേക്കാമെന്ന് ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങള്‍ സൂചിപ്പിക്കുന്നു. മനഃസമാധാനത്തിനുള്ള ആശ്വാസവാക്കുകള്‍ സമ്മാനിക്കുന്ന പുരോഹിതന്മാരെക്കൂടി ഈ കുറ്റവാളികള്‍ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഡെറ്റോള്‍ പ്രയോഗം കുറച്ചുകൂടി ഫലവത്താണെന്ന് കരുതുന്നതില്‍ തെറ്റില്ല.

അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ ഒരു നിര്‍ദേശം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ കുമ്പസാരം കേള്‍ക്കാന്‍ സ്ത്രീകളെ അനുവദിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കുട്ടിക്കാലം മുതല്‍തന്നെ മതം അടക്കമുള്ള വ്യവസ്ഥിതിയോടു പോരാടിയിട്ടുള്ള അഡ്വ. ഇന്ദുലേഖയുടെ അഭിപ്രായം നൂറുനൂറനുഭവങ്ങള്‍ പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ.

കര്‍ത്താവിന്റെ മണവാട്ടിമാര്‍ പോലും ചൂഷണത്തിനിരയാകുന്നു എന്ന വെളിപ്പെടുത്തല്‍ വിശ്വാസികളുടെ ചിന്താജാലകങ്ങള്‍ തുറപ്പിക്കേണ്ടതാണ്. സഭാവസ്ത്രം ഉപേക്ഷിച്ച നിരവധി കന്യാസ്ത്രീകളുടെ കഥകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മഠങ്ങളിലെ പീഡാനുഭവങ്ങളില്‍ മനംനൊന്ത് ജീവിതംതന്നെ വേണ്ടെന്നുവച്ചവരും മഠം ഉപേക്ഷിച്ചവരും കേരളത്തില്‍ ധാരാളമുണ്ടല്ലോ. അപ്പോള്‍ വനിതകളെ ഏല്‍പ്പിക്കുന്നതും അത്ര ഭംഗിയുള്ളകാര്യമല്ല എന്ന് തോന്നിപ്പോകും.

പ്രബലമായ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ നിയമവ്യവസ്ഥയുടെ ഒരു വലിയ പ്രത്യേകത അത് ദൈവനാമത്തില്‍ ആരംഭിക്കുന്നില്ല എന്നതാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുതന്നെ സമര്‍പ്പിച്ച ഒരു നിയമവ്യവസ്ഥയാണിത്. ദൈവാധിഷ്ഠിത മതങ്ങളുടെ ദുഷ്‌ചെയ്തികള്‍ സ്വാനുഭവങ്ങളിലൂടെ മനസിലാക്കിയ ഡോ. അംബേദ്ക്കറായിരുന്നല്ലോ ഭരണഘടനാശില്‍പി.

ഇന്ത്യയുടെ ഭരണഘടനയും ശിക്ഷാനിയമങ്ങളും അപ്രസക്തമാകുന്ന രീതിയില്‍ മതനിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ? കാനോന്‍, ശരിയത്ത്, മനുനിയമങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ നിയമമാണ് പിന്തുടരേണ്ടത്. അങ്ങനെയായാല്‍ കുമ്പസാരക്കൂട്ടില്‍ നഗ്നരാകുന്നതിന് മുമ്പുതന്നെ കുറ്റവാളികള്‍ തടവറയ്ക്കുള്ളില്‍ അടയ്ക്കപ്പെടും.

Wednesday 11 July 2018

ഫിലിപ്പൈന്‍സ് പ്രസിഡന്റും ദൈവവും



കുഞ്ഞുറുമ്പു മുതല്‍ കൂറ്റന്‍ തിമിംഗിലം വരെയുള്ള ജീവികളടക്കം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതില്‍ ദൈവത്തിന് ഒരു പങ്കുമില്ലെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും തന്നെ സംശയമില്ല. ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിക്കുകയും പിന്നീട് ഡാര്‍വിന്‍ പറഞ്ഞതുപോലെ പരിണമിച്ചുവരികയും ചെയ്തു എന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. മതവിദ്യാലയങ്ങളില്‍ ഭൂമി പരന്നതാണെങ്കിലും മറ്റു വിദ്യാലയങ്ങളില്‍ ഭൂമി ഉരുണ്ടുതന്നെയാണിരിക്കുന്നതെന്ന് ഗലീലിയോയെ പീഡിപ്പിച്ചവര്‍ പോലും ഇന്ന് സമ്മതിക്കുന്നുണ്ട്. കേന്ദ്ര സ്ഥാനത്തുനിന്നും ഭൂമിയെ മാറ്റുകയും പകരം സൂര്യനെ സ്ഥാപിക്കുകയും ചെയ്തുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

പല രാജ്യങ്ങളുടെയും ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നുണ്ട് എങ്കിലും ജാതി വ്യവസ്ഥയാല്‍ പീഡിപ്പിക്കപ്പെട്ട ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നില്ല. ചൈനയടക്കമുള്ള ചില രാജ്യങ്ങള്‍ നാസ്തികരാജ്യങ്ങളാണെന്ന് ഭരണഘടനാപ്രകാരം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ദൈവത്തിന് പ്രാമുഖ്യമില്ലാത്ത രാജ്യങ്ങളില്‍ ധാരാളം പ്രാര്‍ഥനാലയങ്ങള്‍ ഉണ്ട്. ചരിത്രബോധമുള്ള ആ രാജ്യത്തെ ഭരണാധികാരികള്‍ അതൊന്നും പൊളിച്ചുകളഞ്ഞിട്ടില്ല. അവിടേക്ക് പ്രാര്‍ഥിക്കാന്‍ പോകുന്നവരുടെ എണ്ണം തീരെ കുറവാണ്. അത്യാകര്‍ഷകമായി പണിതുയര്‍ത്തിയ ഒരു ആളില്ലാപ്പള്ളി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത് ഹോചിമിന്‍ സിറ്റിയില്‍ കണ്ടതോര്‍ക്കുന്നു.

നിരീശ്വരവാദികളായ രാഷ്ട്രത്തലവന്മാര്‍ നിരവധിയുണ്ടെങ്കിലും അവരാരും തന്നെ സ്ഥാനത്യാഗം മുന്‍നിര്‍ത്തിയുള്ള ഒരു വെല്ലുവിളി നടത്തിയിട്ടില്ല. ഇവിടെയാണ് ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെയുടെ ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നത്. ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റു പദം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നു.

നിരവധി ദ്വീപസമൂഹങ്ങള്‍ ചേര്‍ന്ന ഒരു ചെറുരാജ്യമാണ് ഫിലിപ്പൈന്‍സ്. രാഷ്ട്രീയ കാരണങ്ങളാലും അന്യനാടുകളില്‍പ്പോയി കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പിനോകളാലും പണ്ടേ ശ്രദ്ധേയമാണ് ആ രാജ്യം. വെളുത്ത് ഉയരം കുറഞ്ഞ ഫിലിപ്പിനോ അഭിമാനികളും നന്മയുള്ളവരുമാണ്. കണക്കനുസരിച്ച് ഫിലിപ്പൈന്‍സ് ജനതയില്‍ എണ്‍പതു ശതമാനവും ക്രിസ്തുമത വിശ്വാസികളുമാണ്. കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്പെടുമെന്ന് ഉരുവിടേണ്ടവര്‍. അവരുടെ രാഷ്ട്രപതിയാണ് തന്റെ നാസ്തികത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദാവാ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്ന് സെല്‍ഫിയോ ഫോട്ടോയോ സഹിതം ആരെങ്കിലും തെളിയിച്ചാല്‍ പ്രസിഡന്റ് പദം രാജിവയ്ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തികച്ചും ശാസ്ത്രബോധമുള്ള ഒരു ഭരണാധികാരിയുടെ ഉജ്ജ്വലമായ ചിന്തയാണ് ആ പ്രഖ്യാപനത്തില്‍ മുഴങ്ങിക്കേട്ടത്.

ശാസ്ത്രതാല്‍പ്പര്യം ഉണര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണഘടയാണ് ഇന്ത്യയ്ക്കുള്ളത്. യുക്തിബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന നാസ്തികനായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി. ആ കസേരയില്‍ ഇപ്പോഴിരിക്കുന്ന വ്യക്തിയാകട്ടെ ശാസ്ത്രബോധമുള്ളവരുടെ ഒരു സമ്മേളനത്തില്‍ പറഞ്ഞത് അതിപുരാതന കാലത്തുതന്നെ ഇന്ത്യക്കാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്. ഗണപതി എന്ന ഐതിഹ്യ കഥാപാത്രത്തിന്റെ ആനത്തല ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുയായികളാകട്ടെ, തവളക്കല്യാണം, ചന്ദ്രപ്പൊങ്കാല, മൃഗബലിയാഗം, നാരീപൂജ, കുരങ്ങുദൈവസേവ ഇവയ്‌ക്കെല്ലാം കാവല്‍ നില്‍ക്കുകയുമാണ്.

ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ശാസ്ത്രബോധത്തോടെയുള്ള പരസ്യപ്രഖ്യാപനത്തെ അഭിവാദ്യം ചെയ്യേണ്ടതുണ്ട്. പ്രസിഡന്റ് പദത്തില്‍ തുടരാന്‍വേണ്ടി ദൈവത്തിന് നേര്‍ച്ച വാഗ്ദാനം ചെയ്യുകയല്ലല്ലോ അദ്ദേഹം ചെയ്തത്. രാഷ്ട്രത്തലവന്മാര്‍ യുക്തിബോധത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏറ്റവും കുറഞ്ഞത് മനുഷ്യനെ കൊല്ലാനായി ഭരണകൂടം കരുതിവച്ചിരിക്കുന്ന ആണവായുധങ്ങള്‍ പുരാണത്തിലെ ആഗ്നേയാസ്ത്രത്തിന്റെ പിന്‍തുടര്‍ച്ചയാണെന്ന് പറയാതിരിക്കാനുള്ള ശാസ്ത്രബോധമെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

Monday 9 July 2018

അല്‍പ്പനേരം


അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
പൊക്കുടന്റെ കണ്ടല്‍മക്കളില്ല
ടീച്ചര്‍ നട്ട തേന്മാവുകളില്ല
മേധ കാത്ത പുഴക്കരുത്തില്ല.

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
വൃത്തിയുള്ളതായൊന്നുമേയില്ല
മാമ്പഴങ്ങള്‍ കുടിയൊഴിഞ്ഞേ പോയ്‌
കാടുകാത്ത കിരാതന്‍ മറഞ്ഞു പോയ്‌

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ചുക്കുകാപ്പിക്കലം സര്‍പ്പഗേഹം
വീടുകള്‍ മൃത്യുവാര്‍ക്കും കളിസ്ഥലം
പാതകള്‍ കുഴിബോംബിന്നിരിപ്പിടം

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ആമിവെച്ച പ്രണയച്ചോറില്ല
ആയിഷയുടെ പൊന്നുമോനില്ല
ആരുമില്ല,ഇലത്തുടിപ്പില്ല

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ബദ്ധവൈരികളായ് മതഭീകരര്‍
കൊല്ലുവാനും ബാലാല്‍ഭോഗകേളീ-
വല്ലഭത്വപ്പതാക നാട്ടാനും
മന്ത്രവും പടക്കങ്ങളുമായി
മന്ത്രവാദികളായലറുന്നു.

അല്‍പ്പനേരം കഴിയാതിരിക്കാന്‍
നിസ്സഹായത കാവല്‍ നില്‍ക്കുന്നു.

Friday 6 July 2018

അപ്പുറം


പാളത്തിനപ്പുറം കുഞ്ഞിപ്പള്ളി 
പള്ളിക്കു നിഴലായി കന്യാമഠം
മഠത്തിന്‍റെയോരത്തനാഥാലയം 
അനാഥര്‍ക്കുമപ്പുറം ബാര്‍ ഹോട്ടല് 
ബാറിന്നയല്‍വാസി അംഗന്‍വാടി
അംഗന്‍വാടിക്കൂട്ടൊരാട്ടുമില്ല്
മില്ലിനുമപ്പുറം സുരതാലയം 
അവിടുന്നു നോക്കിയാല്‍ വെള്ളച്ചാട്ടം 
വെള്ളത്തിനപ്പുറം മണ്‍കുടില് 
കുടിലില്‍ പനിക്കുന്ന കുഞ്ഞുമക്കള്‍ 
മക്കള്‍ക്കു കാവലായ് പാവമമ്മ
അമ്മയ്ക്കു കൂട്ട് കറമ്പിനായ
നായയ്ക്കുമമ്മയ്ക്കും മക്കള്‍ക്കും കാവലായ് 
നാവു വരണ്ട മരണമൃഗം.

Wednesday 27 June 2018

ശയന പ്രദക്ഷിണം എന്ന വൃഥാവ്യായാമം


കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്‍റെ മനോഹരമായ തീരത്ത് ഒരു ക്ഷേത്രമുണ്ട്. ഇരുപത്തെട്ടാം ഓണ ദിവസം അവിടെ ഒരു പ്രത്യേക നേര്‍ച്ചയുണ്ട്. ഉരുള്‍നേര്‍ച്ച. കന്നുകാലികള്‍ക്കു വേണ്ടിയാണ് ഈ നേര്‍ച്ച അര്‍പ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് അവിടെ പോകുന്നത് ആഹ്ളാദകരമായ ഒരു അനുഭവം ആയിരുന്നു.

ആ ദിവസം പെരുമഴയുണ്ടാകും. അവിടെ നിന്നും വാങ്ങാന്‍ കഴിയുന്ന രണ്ട് വസ്തുക്കള്‍, കമ്പിളിനാരങ്ങയും ഗഞ്ചിറയുമായിരുന്നു. ഫുട്‌ബോളിന്‍റെ വലിപ്പമുള്ള പച്ചകമ്പിളി നാരങ്ങ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അതിനുള്ളിലെ വലിയ അല്ലികളിലെ മധുരം മറക്കാനാകാത്തത്. ഭജനയ്ക്കും കരടികളിക്കുമാണ് ഗഞ്ചിറ ഉപയോഗിച്ചിരുന്നത്.

കൊല്ലം നഗരത്തില്‍ നിന്നുപോലും ധാരാളം ആളുകള്‍ ഉരുള്‍നേര്‍ച്ചയ്ക്ക് എത്തുമായിരുന്നു. യാത്രികരുടെ ആധിക്യംമൂലം അഷ്ടമുടിക്കായലില്‍ ബോട്ടു മുങ്ങി മരണം പോലുമുണ്ടായിട്ടുണ്ട്. അക്കാലത്ത് അഷ്ടമുടിക്കായലിന്റെ പരിസരപ്രദേശം എള്ളും നെല്ലും കൃഷി ചെയ്യുന്ന വയലുകളാല്‍ സമൃദ്ധമായിരുന്നു. മിക്ക വീടുകളിലും കാലിത്തൊഴുത്ത് ഉണ്ടായിരുന്നു.
കന്നുകാലി സമ്പത്തിനാല്‍ സമൃദ്ധമായ ഒരു പ്രദേശം. കന്നുകാലികളുടെ ആരോഗ്യവും ആയുസും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഔഷധ പ്രയോഗത്തിനോടൊപ്പം ഉരുള്‍നേര്‍ച്ചയും നടത്തിയിരുന്നത്.

പരമഭക്തിയോടെ നടത്തിയ ഈ ശയനവഴിപാടിന് ശേഷമുള്ള പുതിയ കാലം ഞെട്ടിപ്പിക്കുന്നതാണ്. കൃഷി പൂര്‍ണമായും ഇല്ലാതായി. എള്ളും നെല്ലുമെല്ലാം നാടന്‍പാട്ടില്‍ അവശേഷിച്ചു. കന്നുകാലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചായയുണ്ടാക്കാനുള്ള പാല്‍ വാങ്ങാനായി ജനങ്ങള്‍ മില്‍ക്ക് ബൂത്തുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നു. കാലിത്തൊഴുത്തുകള്‍ പ്ലേ സ്‌കൂളുകളായി ആധുനികവല്‍ക്കരിക്കപ്പെട്ടു. ശയനപ്രദക്ഷിണംകൊണ്ട് കന്നുകാലികള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു മെച്ചവും ഉണ്ടായില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ കെ പി രാമനുണ്ണി ഒരു ക്ഷേത്രത്തില്‍ നടത്തിയ ശയന പ്രദക്ഷിണത്തിന് മറ്റൊരു മാനമുണ്ട്. സ്വന്തം കന്നുകാലികള്‍ക്കു വേണ്ടിയും സ്വന്തം കാര്യങ്ങള്‍ നേടുന്നതിനുംവേണ്ടിയാണ് ഭക്തജനങ്ങള്‍ ഉരുള്‍നേര്‍ച്ച നടത്തുന്നതെങ്കില്‍ രാമനുണ്ണി ഇന്ത്യയെ ഞെട്ടിപ്പിച്ച ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് എല്ലാ ഹിന്ദു മതാചാരങ്ങളും അനുഷ്ഠിച്ചുകൊണ്ട് ശയനപ്രദക്ഷിണം നടത്തിയത്. കശ്മീരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് എട്ട് വയസുള്ള ഒരു ബാലികയെ എട്ട് പുരുഷ കാപാലികര്‍ ചേര്‍ന്ന് ബലാല്‍ഭോഗം ചെയ്ത് കൊന്നതാണ് ഈ ഉരുള്‍നേര്‍ച്ചക്ക് കാരണമായ സംഭവം. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഈ ഉരുള്‍സമരത്തിനെതിരെയും രംഗത്തിറങ്ങിയിരുന്നു.

ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് സാമൂഹ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ ബോധവല്‍ക്കരണമോ പരിഹാരമോ സംഭവിക്കുമോ. പ്രസ്തുത ക്രൂരകൃത്യത്തിനു സാക്ഷി നിന്ന കശ്മീര്‍ ക്ഷേത്രത്തിലെ ദൈവത്തിന്റെയെങ്കിലും കണ്ണുതുറപ്പിക്കാന്‍ ഇതിനു കഴിയുമോ?

പാചകവാതകത്തിനു വില കൂട്ടുമ്പോള്‍ വീട്ടമ്മമാര്‍ തെരുവില്‍ ചെന്ന് പൊങ്കാലയിടുന്നത് ഒരു സമരമാര്‍ഗമാണ്. എന്നാല്‍ ഈ ആശയമുന്നയിച്ചുകൊണ്ട് ചക്കുളത്തുകാവിലോ ആറ്റുകാലിലോ പൊങ്കാലയിട്ടാല്‍ ഭക്തജനങ്ങളടക്കം ചിരിക്കുകയേ ഉള്ളൂ.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മുംബൈയില്‍ ഗണേശോത്സവത്തിന് ബാലഗംഗാധര തിലകന്‍ പിന്തുണ നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗണേശോത്സവം കൊണ്ടല്ല. എന്നാല്‍ ഇന്ന് ഗണേശോത്സവം ഭീകരമായ പരിസരമലിനീകരണത്തിന്റേയും മതപരമായ അന്ധവിശ്വാസത്തിന്റേയും മഹോത്സവമായി മാറിക്കഴിഞ്ഞു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അക്കാലത്തെ ഒരു വിപ്ലവ പ്രവര്‍ത്തനം ആയിരുന്നെങ്കിലും ഇക്കാലത്ത് മതാതീത സംസ്‌കാരമുള്ളവര്‍ക്ക് മനസമാധാനത്തോടെ അവിടെ പ്രവേശിക്കാന്‍ കഴിയില്ല. ഒരു ഹിന്ദു മതസ്ഥാപനത്തിന്റെ സ്വഭാവത്തിലേക്ക് അരുവിപ്പുറം എത്തിക്കഴിഞ്ഞു. അവിടെയാണ് കീഴാളക്കുഞ്ഞുങ്ങളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി സരസ്വതീ ദേവിയുടെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം കര്‍ഷകത്തൊഴിലാളി സമരം പ്രഖ്യാപിച്ച അയ്യങ്കാളി പ്രിയപ്പെട്ടവനായി മാറുന്നത്.

അനുഷ്ഠാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള സമരമാര്‍ഗങ്ങള്‍ ഭാവികാലത്ത് അത്യാപത്തുകള്‍ക്ക് വഴിവയ്ക്കും. പൂണൂല്‍ ധരിക്കുകയല്ല, പൂണൂല്‍ പൊട്ടിച്ചുകൊണ്ടാണ് വിപ്ലവകാരികള്‍ ചരിത്രത്തില്‍ മാതൃകയായിട്ടുള്ളത്.

നോക്കൂ, കര്‍ണാടകത്തിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി സവര്‍ണരുടെ എച്ചിലിലയില്‍ കിടന്നുരുണ്ടാല്‍ ജാതിവ്യവസ്ഥ മാത്രമല്ല, അപമാനകരമായ അനാചാരങ്ങള്‍ കൂടി ബലപ്പെടുകയേ ഉള്ളൂ.

Wednesday 13 June 2018

വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍


കേരളത്തിന്‍റെ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ മാസം ഒന്നാം തീയതിയാണ്. അന്ന് കുട്ടികളെ വരവേല്‍ക്കാന്‍ പെരുമഴയുമെത്തും. കാലചക്രം തിരിയുന്നതിനുസരിച്ച് സ്‌കൂള്‍ വര്‍ഷാരംഭം അപൂര്‍വമായിട്ടെങ്കിലും വെള്ളി ദിവസം വന്നുപെടാറുണ്ട്. അന്ന് വിദ്യാലയങ്ങള്‍ തുറന്നു കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തുകയില്ല. ജൂണ്‍ ഒന്നാംതീയതി വെള്ളിയാഴ്ചയാണ് വരുന്നതെങ്കില്‍ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍  നാലിലേക്ക് നീട്ടിവയ്ക്കും. ഇപ്പോഴത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് ജൂണ്‍ ഒന്നിനുതന്നെ ആദ്യത്തെ വിദ്യാലയാനുഭവം കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു.

എന്തുകൊണ്ടാണ് വെള്ളിയാഴ്ചകളില്‍ ഇത്രയും കാലം വിദ്യാലയങ്ങള്‍ തുറക്കാതിരുന്നത്. എല്ലാം തീരുമാനിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങള്‍ പറയുവാനുണ്ട്. കാസര്‍കോട്ടെയോ വയനാട്ടിലെയോ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തെക്കന്‍ ജില്ലകളിലെ അധ്യപകര്‍ക്ക് നേരിടുന്ന ചില അസൗകര്യങ്ങളാണ് പ്രധാനം. അവര്‍ക്ക് മെയ് 31നുതന്നെ യാത്ര തിരിക്കേണ്ടിവരുന്നു. ഒന്നാം വിദ്യാലയ ദിനത്തിലാകട്ടെ പ്രവേശനോത്സവവും സമ്മേളനവും മറ്റും കഴിഞ്ഞാല്‍ കുറച്ചുസമയമേ പ്രവര്‍ത്തിക്കേണ്ടതുള്ളു. പിന്നെയുള്ള രണ്ടുദിവസം അകാരണമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും. രണ്ട് മാസത്തെ അവധിക്കുശേഷമാണ് ഈ അസൗകര്യം ഉണ്ടാവുന്നത് എന്നോര്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചിരിവരും.
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് ജൂണ്‍ ഒന്നാം തീയതി ഒരു വര്‍ഷം വെള്ളിയാഴ്ചതന്നെ വന്നു. അന്ന് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് നാലാം തീയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഹിന്ദുമത വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച നല്ല ദിവസമല്ല. വെള്ളിയാഴ്ചയ്ക്കു മാത്രമല്ല ചൊവ്വാഴ്ചയ്ക്കും ഈ അയിത്തമുണ്ട്. മംഗളകര്‍മ്മങ്ങളൊന്നും വെള്ളിയാഴ്ച ആരംഭിച്ചാല്‍ ശരിയാകുകയില്ല എന്ന അന്ധവിശ്വാസമാണ് ഒരു പ്രധാന കാരണം. ഈ അന്ധവിശ്വാസം മറ്റു മതങ്ങളില്‍ ഇല്ല. സി എച്ച് മുഹമ്മദ്‌കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മഴക്കാലം ഒഴിവാക്കാന്‍ വേണ്ടി മധ്യവേനലവധിയില്‍ വ്യത്യാസം വരുത്തി ഏപ്രിലില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ജൂണില്‍ അടച്ചിടുകയും ചെയ്തു. ആ വര്‍ഷം കാലവര്‍ഷം ഒരു പണി പറ്റിച്ചു. ജൂണ്‍ മാസത്തില്‍ മഴ പെയ്തതേയില്ല. ജൂലൈ മാസത്തില്‍ പെരുമഴ നനഞ്ഞുകൊണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്തു. എന്തായാലും സ്‌കൂള്‍ കലണ്ടറിലെ ആദ്യദിവസം ജൂണ്‍ ഒന്നായിത്തന്നെ ക്രമീകരിക്കപ്പെട്ടു.

അന്ധവിശ്വാസങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃകാഭരണരീതി കൈക്കൊള്ളുവാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ഐക്യജനാധിപത്യ മുന്നണി ഭരണകാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിക്കുവാന്‍ ഒരു മന്ത്രിയും തയ്യാറായില്ല. പതിമൂന്ന് എന്ന അക്കം ശുഭകരമല്ല എന്ന ഇറക്കുമതി ചെയ്യപ്പെട്ട അന്ധവിശ്വാസത്തിന്‍റെ ഫലമായിരുന്നു അത്. ഇപ്പോഴത്തെ ഒരു മന്ത്രിസഭാംഗത്തിന് പതിമൂന്നാം നമ്പര്‍ വാഹനമുണ്ട്. അര്‍ഥരഹിതമായ ഈശ്വര പ്രാര്‍ഥനയ്ക്കുപകരം ഒരു കേരളഗാനം വേണമെന്ന നിലപാടും അഭിനന്ദനാര്‍ഹമാണ്. വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍ ഹര്‍ഷാരവത്തോടെ മഴ വന്നു. പ്രവേശനോത്സവത്തിന്റെ മേളക്കൊഴുപ്പോടെ കുഞ്ഞുങ്ങള്‍ സ്‌കൂളിലെത്തി. എല്ലാ കുട്ടികള്‍ക്കും അന്ധവിശ്വാസരഹിതമായ ഒരു സഫല വിദ്യാര്‍ഥി ജീവിതം ആശംസിക്കുന്നു.

Wednesday 30 May 2018

പ്രണയം മതാതീതമാണ്



കേരളം വീണ്ടും ദുരഭിമാനക്കൊലയാല്‍ അപമാനിതയായിരിക്കുന്നു. നിലമ്പൂരിലെ ജാത്യാഭിമാനക്കൊലപാതകത്തിന്റെ നൊമ്പരമടങ്ങും മുമ്പേ കോട്ടയത്തും അത് ആവര്‍ത്തിച്ചിരിക്കുന്നു.

ഹിന്ദുസമുദായത്തിലേതാണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെയാണ് കീഴാള വിഭാഗത്തില്‍പ്പെടുന്ന ഒരു പട്ടാളക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം പിതാവുതന്നെ നിലമ്പൂരില്‍ കൊലപ്പെടുത്തിയത്. കോട്ടയത്താകട്ടെ, ക്രിസ്തീയത പാലിച്ചുപോരുന്ന ഒരു ഇസ്‌ലാം-ക്രൈസ്തവ ദമ്പതികളുടെ മകള്‍ ദളിത് സമൂഹത്തില്‍ നിന്നും ക്രൈസ്തവതയിലേക്ക് ചേക്കേറിയ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചതാണ് ദുരഭിമാനക്കൊലയ്ക്ക് കാരണമായത്.

കഠിനമായ നവോത്ഥാന പരിശ്രമങ്ങളിലൂടെ ഇത്തരം മനുസംസ്‌കാരത്തെ അകറ്റിനിര്‍ത്തിയവരാണ് കേരളീയര്‍. വാവിട്ടു കരയുന്ന നീനു എന്ന നവവധുവിനോട് നമ്മള്‍ എന്തുപറയും? ആ കണ്ണുനീരിന് സാക്ഷരകേരളത്തോട് ചോദിക്കാന്‍ അനവധി ചോദ്യങ്ങളുണ്ട്.

പ്രണയത്തിന് ജാതിയോ മതമോ ഇല്ല. പ്രണയം നൈസര്‍ഗികവും ജാതിമതങ്ങള്‍ കൃത്രിമവുമാണ്. ജാതിയും മതവും മാത്രമല്ല ധനസ്ഥിതിയോ പ്രായവ്യത്യാസമോ ഒന്നും പ്രണയത്തെ ബാധിക്കാറില്ല.

കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി സമൂഹം നല്‍കിയിട്ടുള്ള ചില വിലക്കുകള്‍ പാലിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. സഹോദരീ സഹോദരന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും രതിക്കതീതമായ ഒരു ബന്ധം ഉദാത്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നത് ഈ വിലക്കുകളെ മാനിക്കുന്നതുകൊണ്ടാണ്. അതും സമൂഹത്തിന്റെ സൃഷ്ടിയായതിനാല്‍ ചില നിരീക്ഷണങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും. സഹ്യപര്‍വതത്തിനു പടിഞ്ഞാറുള്ള ജനങ്ങളില്‍ അമ്മയുടെ സഹോദരന്റെ മകനുമായി പെണ്‍കുട്ടിക്ക് വിവാഹബന്ധം ആകാമെങ്കില്‍ കിഴക്കുള്ളവരുടെ സ്ഥിതി വേറെയാണ്. അവിടെ അമ്മയുടെ സഹോദരന്‍ തന്നെയാണ് മുറച്ചെറുക്കന്‍.

ഇങ്ങനെ ചില നിബന്ധനകള്‍ക്ക് സമൂഹം വിധേയമായിട്ടുണ്ടെങ്കിലും ജാതിമത വിലക്കുകളെ ആരും അംഗീകരിച്ചില്ല. പറയ സമുദായത്തില്‍പ്പെട്ട ഒരു യുവതിക്ക് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഒരു പുരുഷനില്‍ നിന്നും ഉണ്ടായ കുട്ടികളാണല്ലോ ഐതിഹ്യത്തിലെ കേരളീയര്‍.

കെവിന്‍ ജോസഫിന്റെ മരണത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പന്താടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സവര്‍ണ സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉല്‍പന്നം തന്നെയാണ് ദുരഭിമാനക്കൊലകള്‍ എന്നതാണ്.

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളതിന്റെ ഒരു ശതമാനം പോലും മിശ്രവിവാഹിതര്‍ വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഇല്ല. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാക്കളായ വയലാര്‍ രവിയുടെയും മേഴ്‌സി രവിയുടെയും മകന് ഗുരുവായൂരിലുണ്ടായ അനുഭവത്തെ പ്രശ്‌നവല്‍ക്കരിക്കാനോ അതുവഴി മതാതീത സാമൂഹ്യബോധത്തെ പ്രസരിപ്പിക്കുവാനോ ആ സംഘടനയ്ക്ക് കഴിഞ്ഞില്ല. നോക്കൂ, മതങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നിരവധി വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുത്ത നെഹ്‌റു കുടുംബത്തെ അഭിവാദ്യം ചെയ്യുന്ന സംഘടനയുടെ കാര്യമാണിത്. തീവ്ര വലതുപക്ഷ രാഷ്ട്രീയസംഘടനയാകട്ടെ ഇത്തരം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അര്‍ഹതയുള്ളവരുമാണ്.

കേരളത്തിലെ ദളിതര്‍ ക്രിസ്തുമാര്‍ഗത്തിലേക്ക് ചേക്കേറിയത് ഹിന്ദുമതക്കാരുടെ പീഡനം അസഹ്യമായതുകൊണ്ടാണ്. എന്നാല്‍ അവിടെയും അവര്‍ക്ക് രക്ഷയുണ്ടായില്ല. പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളും വയലാറിന്റെ ഇത്താപ്പിരി തുടങ്ങിയ കവിതകളും ഈ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നവയാണ്.

യാഥാസ്ഥിതിക ക്രൈസ്തവരാകട്ടെ ക്‌നായി തോമയുടെ കാലം വരെയുള്ള പാരമ്പര്യം പറയുകയും ഹിന്ദുമതത്തിലെ സവര്‍ണരില്‍ നിന്നും ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരാണെന്ന് ദുരഭിമാനം കൊള്ളുകയും ചെയ്യാറുണ്ട്.

ക്രിസ്തുമതത്തില്‍ എത്ര വിഭാഗങ്ങളുണ്ടെന്ന് സാക്ഷാല്‍ യഹോവയ്ക്കുപോലും അറിയാമെന്നു തോന്നുന്നില്ല. സ്വയം പ്രഖ്യാപിത പോപ്പുമാരും പട്ടാളത്തിന്റെ ലക്ഷണം കാണിക്കുന്ന പ്രചാരകരും ഒക്കെയുള്ള ഒരു അത്ഭുത ലോകമാണത്. മറ്റ് മതത്തിലുള്ള വിഭാഗീയതകളേക്കാള്‍ ശക്തമാണ് ക്രൈസ്തവര്‍ തമ്മിലുള്ള ശത്രുതയെന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ക്രൈസ്തവദേവാലയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മതങ്ങളെയോ വര്‍ഗീയ രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ മാനുഷിക പ്രണയത്തിനൊപ്പം നില്‍ക്കുന്നവരായി കാണാന്‍ കഴിയില്ല. എന്നാല്‍ മറ്റു പ്രസ്ഥാനങ്ങള്‍ സ്വന്തം അണികളെ ശുദ്ധീകരിക്കുക തന്നെ വേണം.

ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം എന്ന ഉള്‍ക്കാഴ്ച യുവാക്കള്‍ക്കുണ്ടായാല്‍ മാത്രമേ ദുരഭിമാനക്കൊലകളില്‍ നിന്നും കേരളത്തിന് മുക്തി പ്രാപിക്കാന്‍ സാധിക്കൂ. പ്രണയം ഒരു കുറ്റകൃത്യമല്ല. പ്രണയിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടാനും പാടില്ല.

Wednesday 16 May 2018

ഒരാള്‍ക്ക് എത്ര ചെരുപ്പുകള്‍ വേണം

തു ഭാഷയിലേയും ഐതിഹ്യങ്ങളില്‍ ചെരുപ്പുകള്‍ക്ക് സ്ഥാനമുണ്ട്. പറക്കുന്ന ചെരുപ്പുകള്‍, അദൃശ്യമായ ചെരുപ്പുകള്‍, മുന്‍വശം പൊങ്ങിയ കിന്നരിച്ചെരുപ്പുകള്‍…. അങ്ങനെ നിരവധി ചെരുപ്പുകള്‍ ഐതിഹ്യങ്ങളില്‍ കാണാം.

ഇന്ത്യന്‍ പുരാണങ്ങളില്‍ പാദുകപൂജപോലുമുണ്ട്. വനവാസത്തിനു പോകുന്ന ശ്രീരാമന്റെ പാദുകങ്ങളെയാണ് സഹോദരന്‍ ഭരതന്‍ അയോധ്യയുടെ ഭരണഭാരം ഏല്‍പിക്കുന്നത്. മഹാഭാരതത്തിലാണെങ്കില്‍ ധര്‍മപുത്രരുടെ ചെരുപ്പ് ഒരു പട്ടി കൊണ്ടുപോകുന്നുണ്ട്. പാഞ്ചാലിയുമൊത്തുള്ള ഓരോ ഭര്‍ത്താവിന്റെയും സംഗമമുറിക്കുമുന്നില്‍ ചെരുപ്പായിരുന്നു അടയാളമായി വച്ചിരുന്നത്. ഒരു നായ ആ ചെരുപ്പ് കൊണ്ടുപോകുകയും രണ്ടാമൂഴക്കാരനായ ഭീമസേനന്‍ മുറിക്കുള്ളില്‍ പ്രവേശിച്ച് അരുതാത്തതുകാണുകയും ചെയ്യുന്നുണ്ടല്ലോ. ശപിക്കപ്പെട്ട നായകള്‍ പരസ്യരതിയിലേര്‍പ്പെടുന്നത് ഈ കഥയുടെ അവശേഷിപ്പാണത്രേ.
സെന്‍ബുദ്ധിസ്റ്റ് കഥയില്‍ പ്രജകളുടെ കാലില്‍ കല്ലും മുള്ളും കൊള്ളാതിരിക്കാനായി ഒരു രാജാവ് പാതകളായ പാതകളെല്ലാം തോലുവിരിക്കാന്‍ തീരുമാനിക്കുന്നുണ്ട്. ബുദ്ധ ഭിക്ഷുവിന്റെ നിര്‍ദേശപ്രകാരം, പാതയില്‍ വിരിക്കാന്‍ തീരുമാനിച്ചിരുന്ന മൃഗചര്‍മം മുറിച്ച് തോല്‍ ചെരുപ്പുകളായി മനുഷ്യര്‍ക്ക് കൊടുക്കുകയായിരുന്നു.
മൃഗങ്ങള്‍ക്കാണെങ്കില്‍ പ്രകൃതി തന്നെ പാദങ്ങളെ പ്രബലപാദുകങ്ങളായി മാറ്റിയിട്ടുണ്ട്.
ഐതിഹ്യങ്ങളില്‍ ചെരുപ്പുകളുണ്ടെങ്കിലും അധികം മനുഷ്യരും ചെരുപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. പാലപോലെയുള്ള മരങ്ങളുടെ ഭാരമില്ലാത്ത തടികൊണ്ട് മെതിയടിയുണ്ടാക്കിയാണ് ജനങ്ങള്‍ പാദത്തെ രക്ഷിച്ചിരുന്നത്. ധനികര്‍ ഈ മെതിയടി ദന്തംകൊണ്ടും മറ്റും ആഢ്യത്വം ഉള്ളതാക്കിയിരുന്നു. തോല്‍ച്ചെരുപ്പിന് ഒരു പരമിതിയുണ്ടായിരുന്നത് വെള്ളത്തില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നതാണ്. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര എന്ന കടങ്കഥയുണ്ടായത് അങ്ങനെയാണ്. റബര്‍ ചെരുപ്പുകള്‍ വികസിപ്പിച്ചെടുത്തതോടെ വെള്ളക്കെട്ടിലൂടെയും നടക്കാമെന്നായി.
ഒരു ജോഡി ചെരുപ്പുവാങ്ങി പരമാവധി ഉപയോഗിക്കുക എന്നത് നമ്മുടെ ശീലമായിരുന്നു. ഇട്ടുതേഞ്ഞ ചെരുപ്പിന്റെ ഉപ്പൂറ്റിയിലുണ്ടായ ദ്വാരത്തിലൂടെ ആണി തറഞ്ഞുകയറിയ അനുഭവം എനിക്ക് സമ്മാനിച്ചത് എന്റെ ദാരിദ്ര്യമായിരുന്നു.
ഇപ്പോഴാകട്ടെ ധനികരുടെ വീട്ടില്‍ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും നിറയെ ചെരുപ്പുകളാണ്. അധികം ഉപയോഗിക്കാതെ തന്നെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന ചെരുപ്പുകള്‍. തെരുവുകളിലെവിടെയും എറിയപ്പെട്ട ചെരുപ്പുകള്‍ കാണാം. ഓടകള്‍ വൃത്തിയാക്കുമ്പോള്‍ ചെരുപ്പുകളുടെ വന്‍ശേഖരം തന്നെ കണ്ടെത്താറുണ്ട്. പ്രഭാതസവാരിക്കും ഓഫീസ് യാത്രയ്ക്കും വീട്ടിനുള്ളിലും മുറിയിലും പ്രത്യേകം പ്രത്യേകം ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരാള്‍ക്കുതന്നെ അസംഖ്യം ചെരുപ്പുകളുണ്ട്. പ്രമേഹ രോഗികള്‍ക്കും, പ്രഷര്‍, വാതം തുടങ്ങിയ വൈഷമ്യങ്ങളുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ചെരുപ്പുകളുണ്ട്. വീട്ടില്‍ കുമിഞ്ഞുകൂടുന്ന ചെരുപ്പുകള്‍ ഇപ്പോള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും അസൗകര്യങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകള്‍ യഥാവിധി സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ ഒരു ജോഡി ചെരുപ്പുവാങ്ങിയാല്‍ പരമാവധി ഉപയോഗിക്കുവാനുള്ള മാനസികാവസ്ഥയും മലയാളി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ചെരുപ്പും കുടയുമില്ലാതെ പൊരിവെയിലില്‍ നെട്ടോട്ടമോടുന്ന പാവങ്ങളുടെ മുന്നിലാണ് ശരാശരി മലയാളി ചെരുപ്പുപത്രാസുമായി ജീവിക്കുന്നതെന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്.

സുപ്രഭാതം


മദ്യശാല തുറക്കുന്നതേയുള്ളൂ
ബുദ്ധിജീവി, അധ്യാപകൻ, മാന്ത്രികൻ
ഗുഹ്യരോഗി, പ്രാസംഗകൻ, യാചകൻ
ഒക്കെയും വന്നിരിക്കുന്നതേയുള്ളൂ
ഭിത്തിയിൽ സിൽക്ക് പുഞ്ചിരിക്കുന്നു
മദ്യശാല തുടങ്ങുന്നതേയുള്ളൂ

ഗ്രന്ഥശാല തുറക്കുന്നതേയില്ല

വിക്ടർ യൂഗോ, നെരൂദ, കവാബത്ത
മുക്തിബോധ്, ഖണ്ഡേക്കർ, ചങ്ങമ്പുഴ
സുപ്രിയർ കാത്തിരിക്കുന്നതേയുള്ളു
പുസ്തകത്തിൽ പൂക്കാലം മുഴങ്ങുന്നു
ഗ്രന്ഥശാല തുടിക്കുന്നതേയില്ല

ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
സുപ്രഭാതം തിനന്തോം തിനന്തിനോം

Friday 4 May 2018

കൈലാസൻ


മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ ചിരിചിന്നി
അയലിന്റെ വലപിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി കൈലാസൻ

മണലിന്റെ മരണത്തിൽ
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നദിവറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിൻ മാറത്ത്
നിർവീര്യച്ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേപോയ് കൈലാസൻ.

ഗ്രഹജാലം നക്ഷത്രം
കുഴലിൻമേൽ കണ്ണാടി
ഹൃദയത്തിൽ ടാഗോറും
വനഫൂലും ഇക്ബാലും
തലതല്ലും കടലായി
സിരയേറി തുള്ളുമ്പോൾ
മുടികത്തും തീയായി
ഇമതോറും മുത്തുമ്പോൾ
വിരലറ്റം ബ്രഷാക്കി
ലിപിയുന്നു കൈലാസൻ

ആകാശം മിഠായി
സാറാമ്മ കനവായി
സുഹറാന്റെ കൈപ്പടത്തിൽ
മഞ്ചാടി മൈലാഞ്ചി
തോമാന്റെ തോളത്ത്
പൊൻകുരിശിൻ മിന്നായം
അകലങ്ങൾ ബന്ധിക്കും
കനകത്തിൻ കണ്ണിയായി
നെടുനാമ്പായ് പോസ്റ്ററിലെ
നിണവരയായ് കൈലാസൻ

ഭൂലോകം നാവിൽവെച്ച്
പുകയാതെ പുകയുന്നു
ദു:ഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴിരണ്ടും രണ്ടാൾക്ക്
വഴിച്ചൂട്ടായ് നൽകുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസൻ
കുഞ്ഞാടായ് കൊടുമരണം
പച്ചിലയായ് കൈലാസൻ

Thursday 3 May 2018

ഒരു ഗ്രാമത്തില്‍ ഒരു പൈതൃക വീഥി


ജാതിവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളായ അയിത്തമടക്കമുള്ള ഹീനരീതികളും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ ഭാവിതലമുറ ആസ്വദിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേരളീയ ഗ്രാമങ്ങള്‍. പരസ്പര സ്‌നേഹത്താലും വയലുകളാലും പൂമരങ്ങളാലും പക്ഷികളാലും ചെറുജീവികളാലും സമൃദ്ധമായിരുന്നു നമ്മുടെ ഗ്രാമങ്ങള്‍.

ഗ്രാമവിശുദ്ധിയെപ്പറ്റി മഹാകവി വൈലോപ്പിള്ളിയടക്കം നിരവധി കവികള്‍ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. നഗരം, നാട്യപ്രധാനമാണെന്നും നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണെന്നും സാക്ഷ്യപ്പെടുത്തിയത് കുറ്റിപ്പുറത്തു കേശവന്‍ നായരാണ്. നമ്മുടെ ഉറവിടം നാട്ടിന്‍പുറത്തെ പ്രകൃതി മാത്രമല്ല മനുഷ്യര്‍ കൂടിയാണ്. മനുഷ്യര്‍ മാറുമ്പോള്‍ നമ്മുടെ നിറവും മാറും പ്രകൃതിയുടെ മുഖവും മാറും.

കൂടുതല്‍ നന്മയിലേക്ക് പരിണമിക്കുന്നതിനു പകരം തിന്മയിലേക്കാണ് മനുഷ്യന്‍ മാറുന്നതെങ്കില്‍ പ്രകൃതി വികൃതിയാകും. വന്മരങ്ങളെല്ലാം മുറിച്ച് കടല്‍ കയറ്റി അയയ്ക്കും. നദികളില്‍ മാലിന്യത്തുരുത്തുകള്‍ രൂപം കൊള്ളും. മഴ വിട പറയും. തടാകങ്ങളുടെ അടിത്തട്ട് കാല്‍പന്തു കളിക്കാനുള്ള മൈതാനമാകും.

ആഗോളവല്‍ക്കരണം സുഖസമൃദ്ധിയിലേക്കുള്ള വിനാശകരമായ ആസക്തി വിത്തുകള്‍ വിതച്ചിട്ടുണ്ട്. മനുഷ്യര്‍ മാറിയിട്ടുണ്ട്. ഉദയത്തിനു മുന്‍പ് ഗ്രാമങ്ങളില്‍ കേട്ടുകൊണ്ടിരുന്ന പൂങ്കോഴിയുടെ കാഹളം കൈഫോണുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചെമ്മണ്‍ പാതകള്‍ കീലുടുത്ത് വാഹനങ്ങളെ പേറുവാന്‍ സന്നദ്ധരായി കഴിഞ്ഞു. തെങ്ങുകളെല്ലാം മണ്ഡരി ചുംബിച്ച് നശിച്ചു കഴിഞ്ഞു. പുഴയുടെ ഉറവിടങ്ങള്‍പോലും അടഞ്ഞുപോയിരിക്കുന്നു. വീടുകള്‍ക്കു ചുറ്റും വന്‍ മതിലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത വീട്ടിലെ അജ്ഞാതന്റെ മരണം ചാനലിലൂടെ മാത്രം അറിയുന്നത് സാധാരണമായിക്കഴിഞ്ഞു. നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായി. വിശന്നു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനുപോലും ഫലം നല്‍കാന്‍ കഴിയാത്ത റബര്‍ മരങ്ങള്‍ കോട്ടെരുമകളെ നിറച്ചുകഴിഞ്ഞു. പുരാണ ഗ്രന്ഥങ്ങളിലും തലയിണയുറകളിലും അവ താമസമാക്കിക്കഴിഞ്ഞു.

അരി കായ്ക്കുന്ന മരമേതെന്ന് കുഞ്ഞുങ്ങള്‍ ചോദിച്ചുതുടങ്ങി. ഇനിയും ഇങ്ങനെ മുന്നോട്ടുപോയാല്‍ ഗ്രാമമനുഷ്യനെ നഗരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുംഇപ്പോള്‍ത്തന്നെ കൃഷിയിടങ്ങള്‍ കാണുവാനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പഠനയാത്രകള്‍ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ മാറ്റങ്ങളേയും തടയാന്‍ സാധ്യമല്ല മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിനാശകരമായ മാറ്റങ്ങളില്‍ നിന്നും മാറിനടക്കേണ്ടതുണ്ട്. ആധുനിക രീതിയില്‍ സജ്ജീകരിക്കപ്പെട്ട പാതകള്‍ ആവശ്യമാണ്. എന്നാല്‍ ഉള്ള കൃഷിയിടങ്ങള്‍ സംരക്ഷിക്കുകയും വേണം. മാറിയ കാലം രോഗങ്ങളുടെ പൂക്കാലമാണ്. ആശുപത്രികള്‍ ആവശ്യമാണ്. എന്നാല്‍ രോഗങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുവാന്‍ ആരോഗ്യകരമായ ഒരു ജീവിതരീതി ശീലിക്കേണ്ടതുണ്ട്.

കല്‍പാത്തി അടക്കം പല പ്രദേശങ്ങളിലേയും പൈതൃക പ്രാധാന്യം അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ ഓരോ ഗ്രാമത്തിലും ഓരോ പൈതൃകത്തെരുവ് സൂക്ഷിക്കാവുന്നതാണ്. പുതിയ തലമുറയ്ക്ക് കാണാനും അവിടെയിരുന്ന് ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും അത് ഉപകരിക്കും. പൈതൃക വീഥിയുടെ ഇരുപുറവുമുള്ള വസതികളും കിണറുകളും അപൂര്‍വം കൊള്ളുകളും കയ്യാലകളും സംരക്ഷിക്കുവാന്‍ പ്രദേശവാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. പൗരാണിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രശാലകളും സംഗീത ശാലകളും അവിടെ വേണ്ടതാണ്.
ക്രൂരമായ ഭൂതകാല ജീവിതവും ആ തെരുവില്‍ നിന്ന് ശില്‍പരചനകളിലൂടെ മനസിലാക്കാന്‍ സന്ദര്‍ഭമൊരുക്കേണ്ടതുണ്ട്. വൈക്കത്തും മറ്റും നഗരത്തിന്റെ നടുക്കുപോലും ചില പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

നാം ജീവിക്കുന്ന പട്ടണമോ പുതുക്കപ്പെട്ട നാട്ടിന്‍പുറമോ പണ്ട് എങ്ങനെയായിരുന്നുവെന്ന് വരും തലമുറയ്ക്ക് മനസിലാക്കുവാന്‍ ഇത്തരം പൈതൃകത്തെരുവുകള്‍ സഹായിക്കുകതന്നെ ചെയ്യും.