Tuesday, 14 July 2026

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

-------------------------------------------------------------------------------------

ദില്ലിയിലെ ജന്തർമന്ദറിൽ നടക്കുന്ന അസാധാരണ സമരത്തിൽ നിന്നും മാധ്യമക്കണ്ണുകൾ മെല്ലെമെല്ലെ അകന്നുപോകുമ്പോഴും സമരകാരണം കത്തിജ്വലിച്ചു നിൽക്കുകയാണ്. നീറ്റു പരീക്ഷയിൽ കേന്ദ്ര സർക്കാരിനാൽ വഞ്ചിക്കപ്പെട്ട് മരണത്തിലേക്ക് സ്വയം വലിച്ചെറിഞ്ഞ പൊന്നുമക്കളുടെ രക്ഷിതാക്കളിൽ മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളുടെയും മനസ്സിൽ സമരം അണയാത്ത ജ്വാലയായി ആളിക്കത്തുകയാണ്.


ഇന്ത്യൻ യുവത്വത്തെ അഴുക്കിലുണ്ടാകുന്ന കൂറകളെന്ന് വിളിച്ച് ആക്ഷേപിക്കുവാൻ ഒരു ന്യായാധിപന് ഭരണഘടനയിലെ ഏത് വകുപ്പാണ് ബലം നൽകിയത് എന്ന ചോദ്യം നിലനിൽക്കുമ്പോൾത്തന്നെ, ആക്ഷേപത്തെ ആയുധമായി സ്വീകരിച്ചുകൊണ്ടുള്ള പ്രക്ഷോഭമാണ് ഡൽഹിയിൽ തുടങ്ങിയത്. അവർ പ്രതിരോധത്തിനായി സ്വീകരിച്ചത് ഭരണഘടനയും ഡോ. അംബേദ്കറുടെ ചിത്രവുമാണ്. സി.ജെ.പിയുടെ സ്ഥാപകൻ വിദേശത്തുനിന്നു എത്തിയതുതന്നെ ഭരണഘടനയുടെ പതിപ്പുമായാണ്. അറസ്റ്റു ചെയ്യുന്നെങ്കിൽ ഭര ഘടനസഹിതമേ യുവാവിനെ അറസ്റ്റുചെയ്യാൻ കഴിയുമായിരുന്നുള്ളു. സമരം പ്രഖ്യാപിച്ചതിനുശേഷം, രക്ഷകർത്താക്കളുടെ സാന്നിധ്യം വലുതായി ഉണ്ടായില്ല. ..എസ്.എഫ്, ..എസ്.യു, എസ്.എഫ്.. തുടങ്ങിയ വിദ്യാർഥിസംഘടനാപ്രതിനിധികളും ആനി രാജയെപ്പോലെയുള്ള ചില മുതിർന്ന നേതാക്കളും മാത്രമാണ് സമരമുഖത്തെത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അധർമ്മമാണ് പ്രധാനമെന്നു കരുതുന്നവർ ആക്രമിക്കുകയും ചെയ്തു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ധാർമ്മികതയൊന്നും ഒരു ഫാസിസ്റ്റു ഭരണകൂടത്തോട് പറഞ്ഞിട്ടു കാര്യവുമില്ലല്ലോ. സമരത്തിന്റെ മുഖം കൂടുതൽ രക്താഭമായത് സോനം വാങ്ചുക്ന്റെ ഇടപെടലോടുകൂടിയാണ്.


സോനം വാങ് ചുക്, ലഡാക്കിനു കിട്ടിയ ചുവന്ന മുത്തുമാത്രമല്ല. ലോകത്തിനു കിട്ടിയ സ്നേഹസൂര്യനാണ്. അദ്ദേഹത്തിന്റെ ഇടപെടൽ അത്രമാത്രം മഹത്തരമാണ്. മണ്ണിനെ കുറിച്ചും മനുഷ്യനെക്കുറിച്ചും തികഞ്ഞ അവബോധമുള്ള വാങ് ചുക്ന്റെ ഇന്നുവരെയുള്ള ജീവിതം സാദൃശ്യങ്ങൾ ഇല്ലാത്തതാണ്. ശൈത്യകാലത്ത് ജലത്തെ കൃത്രിമ ഹിമാനികളായി സംരക്ഷിക്കുകയും ജലക്ഷാമകാലത്ത് അതുപ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നുള്ള അദ്ദേഹത്തിന്റെ കണ്ടെത്തൽ ലോകം ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. പ്രകൃതിവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാണ്. മലയിടിഞ്ഞും മണ്ണുതാഴ്‌ന്നുമുള്ള അപകടങ്ങൾ ഏതുനിമിഷവും സംഭവിക്കാവുന്ന ഹിമാലയത്തിന്റെ താഴ് വര, എങ്ങനെ യുക്തിപൂർവം മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്താമെന്നുള്ള സ്നേഹചിന്തയും കരുതലുമാണ് വാങ്ചുക്കിനെ കണ്ടെത്തലുകളിലേക്ക് നയിച്ചത്. അദ്ദേഹത്തിനു ലഭിച്ച മാഗ്സസെ പുരസ്ക്കാരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. വാങ്ചുക്ആണ്, പരീക്ഷയിലെ വഞ്ചനയിൽ നൊന്തും ഇനിയുമൊരു പരീക്ഷണത്തിന് നിന്നുകൊടുക്കാൻ വയ്യെന്നും എഴുതിവച്ച് സ്വയം മരിച്ച ഇന്ത്യൻമക്കളെ ഓർത്തുകൊണ്ട് ഇനിയുള്ളവരുടെ സുരക്ഷക്കായി നിരാഹാരവ്രതം ആരംഭിച്ചത്.


സിനിമയിൽ കുടുങ്ങിയ പുതിയ തലമുറയ്ക്ക് രാജ്കുമാർ ഹിരാനിയുടെ ത്രീ ഇഡിയറ്റ്സിലെ ഒരു കഥാപാത്രമായിപ്പോലും വാങ്ചുക്നെ പരിചയമുണ്ട്. എന്നാൽ കരുണയില്ലാത്ത ഭരണകൂടത്തിന് വാങ് ചുക്ന്റെ ജീവൻ ഒരു പ്രശ്നമല്ല. അവർ തെലുങ്കുനാടിനായി പട്ടിണികിടന്നു മരിച്ച പോറ്റി ശ്രീരാമുലുവിനെ ഓർത്തു അഹങ്കരിക്കുന്നുണ്ടാവാം. അല്ലെങ്കിൽ ഇറോം ശർമിളയെ ഓർത്ത് ചിരിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കുരുതിയെ മാതൃകയാക്കാമെന്ന് സൈനികശക്തിയെ മനസ്സിൽ വച്ചുകൊണ്ട് പുഞ്ചിരിക്കുന്നുണ്ടാവാം. എന്നാൽ ലോകമനസ്സാക്ഷി സോനം വാങ് ചുക്ന്റെ ജീവനൊപ്പമാണ്. ഡൽഹിയിലെ യൂണിയൻ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം പൊലിഞ്ഞുപോയ മക്കളുടെ വിഫലമാക്കപ്പെട്ട സ്വപ്നങ്ങൾക്കൊപ്പമാണ്. സമരക്കാരുടെ കൈകളിലുള്ളത് ഇന്ത്യയുടെ ദേശീയപതാകയാണ്. അതുമാനിച്ചെങ്കിലും സമരയുവാക്കളുടെ ആവശ്യം ശ്രദ്ധിക്കുകയും സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കുകയും വേണം.

  • കുരീപ്പുഴ ശ്രീകുമാർ