Tuesday, 24 March 2026

സാംസ്ക്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ..

സാംസ്ക്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ..

------------------------------------------------------------------

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തൃശൂർ നിവാസികളോട് തെല്ലൊരു അസൂയ എനിക്കുണ്ട്. സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരെ സമ്മതിദായകർക്ക് ഒരു കവിയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയക്കാൻ സന്ദർഭം കിട്ടിയിരിക്കുന്നു. കൊല്ലം, ചവറ, നെടുവത്തൂർ, ചടയമംഗലം മണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച എനിക്ക് നല്ല സ്ഥാനാർത്ഥികളെ കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു കവിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞിട്ടില്ല. അതാണ് അസൂയയ്ക്ക് കാരണം. അസൂയയൊക്കെ മാറ്റിവച്ചിട്ട് ആലങ്കോട് ലീലാകൃഷ്ണൻ എന്നകവിയെ സ്വീകരിച്ച് നിയമസഭയിലേക്ക് അയക്കണമെന്ന് തൃശൂരെ വോട്ടർമാരോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

ആലങ്കോട് ലീലാകൃഷ്ണൻ, തൃശൂർ നിവാസികളുടെ പ്രതിനിധിയാകാൻ എന്തുകൊണ്ടും യോഗ്യനാണ്. കൗമാരകാലം മുതലേ കവി.നല്ല ഓർമ്മശക്തിയുള്ള കാഥികൻ. പി.ഭാസ്ക്കരനും വയലാറും ഒ.എൻ.വിയും മുതൽ റഫീക്ക് അഹമ്മദും ഹരിനാരായണനും അൻവർ അലിയും വരെയുള്ളവരുടെ സിനിമാപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും നാടൻപാട്ടുകളും അതിന്റെ സംഗീതപരമായ സങ്കീർണ്ണതകളെ ഇഴയഴിച്ചു പറയാൻ കഴിവുള്ള പ്രഭാഷകൻ. കേരളചരിത്രവും സാംസ്ക്കാരികചരിത്രവും ഒരുപോലെ വഴങ്ങുന്ന പ്രസംഗകൻ. മുണ്ടുടുത്തു നടക്കുന്ന ശുദ്ധനായ മലയാളി. ഒരു ദുശ്ശീലവുമില്ലാത്ത നല്ലവനായ  ചങ്ങാതി. ബാങ്ക് ജീവനക്കാരൻ ആയിരുന്നതിനാൽ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ സമർത്ഥൻ. ഇളങ്കോവടികളുടെയും വൈലോപ്പിള്ളിയുടെയും ആറ്റൂരിന്റെയും പിന്മുറക്കാരൻ.കൈരളി ചാനലിലെ മാമ്പഴം പരിപാടിയിൽ വിധികർത്താവായി ഇരുന്ന് നൂറുകണക്കിനു കവിതകളെ വിലയിരുത്തിയ സൗന്ദര്യശാസ്ത്രകാരൻ. ചലച്ചിത്ര തിരക്കഥാകൃത്ത്. യുവകലാസാഹിതിയുടെ വർഗീയവിരുദ്ധ സാംസ്ക്കാരികയാത്രയെ കേരളം മുഴുവൻ നയിച്ച നായകൻ. പത്മപ്രഭാ പുരസ്ക്കാരമടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയ അതുല്യപ്രതിഭ. ആർക്കും എപ്പോഴും സമീപിക്കാവുന്ന, അകലം ഒട്ടുമില്ലാത്ത നിഷ്ക്കളങ്കനായ മനുഷ്യൻ. മേക്കപ്പിടാത്ത ശരിയായ സ്നേഹിതൻ. പലസ്തീനടക്കം എവിടെയെല്ലാം കുഞ്ഞുങ്ങളും അമ്മമാരും കൊല്ലപ്പെട്ടുവോ അതിനു കാരണമായ യുദ്ധവെറിയെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത ലോകസ്നേഹി. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനത്തെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ ആലങ്കോട് ലീലാകൃഷ്ണനല്ലാതെ ആർക്കാണ് യോഗ്യത!

തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, പി.ഗോവിന്ദപ്പിള്ള, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, പ്രൊഫ.എം.കെ.സാനു, കടമ്മനിട്ട രാമകൃഷ്ണൻ, പിരപ്പൻകോട് മുരളി തുടങ്ങിയ പ്രതിഭകളെ നിയമസഭയിൽ എത്തിച്ച ചരിത്രം കേരളത്തിനുണ്ട്. കേരളസാംസ്ക്കാരിക ചരിത്രത്തിൽ ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടം നടന്നത് തലശ്ശേരിയിലാണ്. ലോക്സഭയിലേക്കായിരുന്നു മത്സരം. ഇടതുപക്ഷ സ്ഥാനാർത്ഥിയായി കവിയും കഥാകൃത്തും സഞ്ചാരിയുമായ സാക്ഷാൽ എസ്.കെ.പൊറ്റെക്കാട്ട് റോസാപ്പൂ ചിഹ്നത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി നുകം വച്ചകാള ചിഹ്നത്തിൽ സാക്ഷാൽ സുകുമാർ അഴീക്കോടും ഏറ്റുമുട്ടി. അന്നത്തെ പ്രധാന എഴുത്തുകാരും നേതാക്കന്മാരുമെല്ലാം കോൺഗ്രസ്സിനെതിരെ അണിനിരന്നു. പൊറ്റെക്കാട്ടിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള സംയുക്തപ്രസ്താവന 1957 മാർച്ച് ഒന്നിലെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. പി.കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ് ബഷീർ,പൊൻകുന്നം വർക്കി, ഒളപ്പമണ്ണ, വയലാർ രാമവർമ്മ, കെ.മാധവനാർ, തെരുവത്ത് രാമൻ, പ്രേംജി,എം.എസ്.ദേവദാസ്,എം.വി.ദേവൻ, ഡി.എം. പൊറ്റെക്കാട്ട്, കെ.ദാമോദരൻ, പി.ടി.ഭാസ്ക്കരപ്പണിക്കർ, ജോസഫ് മുണ്ടശ്ശേരി, എൻ.വി.കൃഷ്ണവാര്യർ, എം.ടി.വാസുദേവൻനായർ എന്നിവരാണ് ആ പ്രസ്താവനയിൽ ഒപ്പിട്ടത്. വാശിയേറിയ മത്സരത്തിൽ അഴീക്കോട് തോറ്റു. എസ്.കെ പൊറ്റെക്കാട്ട് ലോക്സഭാംഗമായി. പിൽക്കാലത്ത് സുകുമാർ നടത്തിയ ഒരു സത്യപ്രസ്താവന ഇപ്പോഴും പ്രസക്തമാണല്ലൊ." കോൺഗ്രസ്സുകാരനായി മരിക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ ഞാൻ മരിക്കുന്നതിനു മുൻപേ കോൺഗ്രസ്സ് മരിച്ചുപോയി." ശരിയാണ് ഇന്നതിന്റെ ദുർബ്ബലപ്രേതം മാത്രമേ അവശേഷിക്കുന്നുള്ളൂ. പിൽക്കാലത്ത് ബന്ധുബലത്തിൽ അതിൽ കയറിക്കൂടിയവർ കേരള വിരുദ്ധരായ ബി.ജെ.പിക്കാരായി മാറുകയാണുണ്ടായത്. 

തൃശൂരിന്റെ കിരീടം സാംസ്ക്കാരികമഹിമയുടെതാണ്. അതുകൊണ്ടുതന്നെ തൃശൂരിന്റെ പ്രതിനിധി കവിയായ ആലങ്കോട് ലീലാകൃഷ്ണൻ തന്നെയാവണം.

 

Thursday, 12 March 2026

ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്  / 2024/മാർച്ച്/ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 

-----------------------------------------------------------------------------------------------------

ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ  വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.

അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ? 

ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.

ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍ 

ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി. 

ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു. 

പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍  അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.

അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.

കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.

ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും  തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്  കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.

കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം

കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.

മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.

യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.  കോണ്‍ഗ്രസ്സുകാരനായ   ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.

യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.

അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.

സ്വന്തം  വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.

പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം  സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍  രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്. 

വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.

ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട്  പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.

ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.

മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍ 

നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും  അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍ കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ്  ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.

ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ  അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു. 

പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.

ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല. കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.

പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു  പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 

യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.

Wednesday, 11 March 2026

താളപ്പൊലിമയിൽ ഫോക് ലോർ അക്കാദമി

താളപ്പൊലിമയിൽ ഫോക് ലോർ അക്കാദമി
-----------------------------------------------------
കൊല്ലം ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളുടെ മുറ്റത്ത് കെട്ടിയ ചെറിയ ഓലപ്പന്തലിലിരുന്ന് ദാരികനെയും കാളിയെയും കുറിച്ച് പാടിയിരുന്ന ഗായകനാണ് കണ്ണനല്ലൂരെ ചെല്ലപ്പൻ നായർ. തോറ്റം പാട്ടിലെ നൂറുകണക്കിനു വരികൾ അദ്ദേഹത്തിന് കാണാപ്പാഠം. തോറ്റംപാട്ടിനെ കുറിച്ചുണ്ടായിരുന്ന ഒരു അന്ധവിശ്വാസം അത് എഴുതി സൂക്ഷിക്കാൻ പാടില്ല എന്നതായിരുന്നു. ഇന്നത് മാറിയിട്ടുണ്ട്. ഡോ.ഭാസിരാജ് തുടങ്ങിയ വിശ്വാസികളായ കോളജ് അദ്ധ്യാപകർ തന്നെ അവ പകർത്തിയെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാലും തോറ്റംപാട്ട് നേരിൽ കേൾക്കുമ്പോഴാണ് അതിന്റെ പൊലിമ നമുക്ക് ബോധ്യപ്പെടുന്നത്. ആചാരത്തിന്റെ ഒരു പ്രശ്നം, ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അത് ഒരുവശത്തങ്ങനെ നടന്നുപോകും എന്നതാണ്. തലക്കെട്ടും കൈമണിയുമായി നിറുത്താതെ പാടുന്ന ഗായകർക്ക് ഇടയ്ക്കിടയ്ക്ക് ജീരകവെള്ളം കൊടുക്കുന്ന പദ്ധതി മാത്രമേ അമ്പലക്കമ്മിറ്റിക്കുള്ളു. പ്രതിഫലം അവലും പഴവും. ആ കലാകാരന്റെ കുടുംബം എങ്ങനെ പുലരും എന്നത് ഭദ്രകാളിക്കോ സഹഭൂതഗണങ്ങൾക്കോ ഒരു പ്രശ്നമേയല്ല. ഈ വിരുദ്ധ സാഹചര്യത്തിലാണ് ആചാര്യനായ  ചെല്ലപ്പൻ നായർ, പാടിയത്. എൺപതിലധികം വർഷം പാട്ടുപാടിയ ചെല്ലപ്പൻ നായരെ, കേരള ഫോക് ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചു.ദൈവവിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന കേരളത്തിന്റെ ആദരവ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ ആ മഹാഗായകന്റെ മുഖത്തും മനസ്സിലും പൂത്തുലഞ്ഞ തൃപ്തിയുടെ അടയാളങ്ങൾ ഒരു മൂവിക്യാമറയിലും പകർത്താൻ കഴിയുന്നത് ആയിരുന്നില്ല. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ ഫോക് ലോർ അക്കാദമി പ്രവർത്തിക്കുന്നത്. ദൈവം പോലും ശ്രദ്ധിക്കാത്ത പ്രഗൽഭകലാപ്രതിഭകളെ അക്കാദമി കണ്ടെത്തി ആദരിക്കുന്നു.

ഒ.എസ്.ഉണ്ണികൃഷ്ണന്റെയും എ.വി.അജയകുമാറിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ഫോക് ലോർ അക്കാദമി, വിവിധ നാടൻ കലാകാരന്മാരെ ആദരിക്കുന്നത് കൂടാതെ നിരവധി ശ്രദ്ധേയമായ പരിപാടികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തിരുവനന്തപുരത്തു നടത്തിയ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റിവൽ.ആറ് രാജ്യങ്ങളിൽ നിന്നും പതിനഞ്ചു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാപ്രതിഭകളും കരകൗശല വിദഗ്ദ്ധരും അവിടെ സമ്മേളിച്ചു. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫെസ്റ്റിവൽ നടക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവവും നാടകോത്സവവും കണ്ടിട്ടുള്ള കേരളീയർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ഗദ്ദികയെന്ന ഗോത്രകലാ രൂപത്തെ പൊതുമലയാളത്തിന്റെ ശ്രദ്ധയിൽ എത്തിച്ച കലാകാരനും ഫോക് ലോർ അക്കാദമിയുടെ മുൻഅദ്ധ്യക്ഷനുമായിരുന്ന പി.കെ കാളന്റെ പേരിലുള്ള ആർട്ട് ഗാലറി പ്രവർത്തനനിരതമാക്കിയതും കോട്ടയത്ത് രംഗവേദിയും ആർട്ട് ഗാലറിയും സ്ഥാപിച്ചതും എല്ലാ ജില്ലകളിലും ഗോത്രകലാരൂപങ്ങൾ അവതരിപ്പിച്ചതും ആദിമം ലിവിംഗ് മ്യൂസിയം എന്ന പരിപാടി സംഘടിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ കോളജുകളിലും സ്ക്കൂളുകളിലും സംഘടിപ്പിച്ച ഫോക് ലോർ ക്ലബ്ബുകൾ, നാടൻ കലാരൂപങ്ങളുടെ വർണ്ണപ്പൊലിമ പുതിയ തലമുറയിൽ എത്തിക്കാൻ സഹായിച്ചു. സ്കൂൾ കലോത്സവത്തിൽ ഗോത്രകലകൾ അവതരണസാധുതയുള്ള ഇനമായി പ്രഖ്യാപിച്ചതോടെ, ഗോത്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന കലകൾ സംബന്ധിച്ച അയിത്തം വിദ്യാർത്ഥികൾ തകർത്തെറിഞ്ഞു. പണിയരുടെയും കാണിക്കാരുടെയും കുറിച്യരുടെയും കലാരൂപങ്ങൾ, ജാതിവ്യത്യാസമോ മതവ്യത്യാസമോ കൂടാതെ കലോത്സവവേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇതിന് പ്രോത്സാഹനം നൽകുന്നരീതിയിലാണ് അക്കാദമി പ്രവർത്തിച്ചത്.

കലാകാരന്മാരുടെ ജീവിതം എന്നും ഒരു പ്രശ്നമാണ്. നാടകവും കഥാപ്രസംഗവും അവതരിപ്പിച്ചാൽ മാന്യമായ പ്രതിഫലം ലഭിക്കും. കഥകളികലാകാരർക്കും മാന്യമായ പ്രതിഫലം ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ തോറ്റംപാട്ടും പുള്ളുവൻ പാട്ടും അടക്കമുള്ള അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർക്ക് മാന്യമായ പ്രതിഫലം ലഭിക്കാറില്ല. രോഗാവസ്ഥയിലുള്ള മുന്നൂറിലധികം കലാകാരർക്കാണ്, പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിൽക്കൂടിയും  ചികിത്സാസാസഹായം നൽകാൻ അക്കാദമിക്ക് സാധിച്ചത്. തൃശൂരിൽ കലാഭവൻ മണി സ്മാരക നാടൻകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചതും കർക്കിടപ്പെരുമ എന്ന നാടോടിവിജ്ഞാനീയ പരിപാടിയും കണ്ണൂരിൽ നടന്ന ദേശീയ ഫോക് ലോർ ഫെസ്റ്റിവലും അക്കാദമിയുടെ പ്രവർത്തങ്ങളെ ശ്രദ്ധേയമാക്കി.ദക്ഷിണേന്ത്യയിലെ മികച്ച ഫോക് ലോർ പ്രവർത്തനത്തിനുള്ള ആന്ധ്രാ ദ്രവീഡിയൻ യൂണിവേഴ്സിറ്റിയുടെ പുരസ്ക്കാരം കേരളത്തിന്റെ ഫോക് ലോർ അക്കാദമിക്കാണ് ലഭിച്ചത് എന്ന വസ്തുത എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്നതാണ്.