Wednesday 31 October 2018

പുഴയുടെ മനസ്സ്


പുഴയുടെ മനസ്സിൽ
പുരാണങ്ങൾ പുഷ്പങൾ
പഴയ വീഞ്ഞിൻ ലഹരി നുരയും നിലാവുകൾ
വിപിനക്കിനാവുകൾ
ജീവിതാസക്തികൾ
പ്രണയമധുരം നുകർന്നലയുന്ന ജിപ്സികൾ
പിതൃഗോത്രസംഗീതസാന്ദ്രമാം സന്ധ്യകൾ
രതിരയം രാകിവെളുപ്പിച്ച രാവുകൾ

പുഴയുടെ മനസ്സിൽ
വനത്തിലേക്കോടുന്ന യുവനൃപൻ
മണ്ണിന്റെ പെൺകുട്ടി, അമ്പുകൾ
കന്യകയുപേക്ഷിച്ചൊരാൺകുട്ടി
മൃത്യുവിൽ ധന്യതനേടുന്ന നൈരാശ്യരാശികൾ
കുതിരയോട്ടത്തിൽ തെറിച്ച ചെങ്കോലുകൾ
പതിരുവിളഞ്ഞു പാൽവറ്റിയ ബന്ധങ്ങൾ

പുഴയുടെ മനസ്സിൽ മഹാനാഗമസ്തകം-
കുസൃതിനൃത്തത്താൽ തളർത്തിയൊരുണ്ണിതൻ
കഥകൾ പറഞ്ഞു പോകുന്ന വാർദ്ധക്യങ്ങൾ
നെടുകെ പിളർന്ന കലപ്പകൾ, കാലങ്ങൾ
ബലിഘട്ടമണിയുന്ന പച്ചപ്പവിത്രങ്ങൾ
ഹിമപാളികൾ, ചോരയുറയുന്ന ശൈത്യങ്ങൾ

പുഴയുടെ മനസ്സിലൊരു ചക്രവര്‍ത്തി
സ്നേഹദുരിതങ്ങൾ കൽപിച്ച മണിമന്ദിരം
വെറുംജനതയുടെ രക്തമുണ്ണാറുള്ള കല്ലുകൾ
വസുദേവവീഥികൾ
പ്രളയപ്രതീക്ഷകൾ
മതിലുകെട്ടും മഞ്ഞമോഹങ്ങൾ
ഭൂമിയെ പ്രണയിച്ചവർതീർത്ത
നഗരസന്നാഹങ്ങൾ.

പുഴയുടെ മനസ്സിൽ
കൊടുങ്കാറ്റിൽ വീഴുന്ന ഭരണകൂടങ്ങൾ
മുന്നേറുന്ന രോഷങ്ങൾ
കടവത്തു മൂകനായ് നിന്ന സിദ്ധാർത്ഥന്റെ
കദനങ്ങൾ
കവി വാഴുമുടജങ്ങൾ ഉൺമകൾ
എരിതീയിലഭയമില്ലാതസ്തമിക്കുന്ന
നിലവിളികൾ
ആദിത്യഗായത്രിതൻ പൊരുൾ

പുഴയുടെ മനസ്സിലിരു കവികൾ
ശവങ്ങളായുയരുന്നു
കവിതകൾ സമയമായ്മാറുന്നു
പുഴയിൽ ഓർഫ്യൂസിന്റെ നാദം ലയിക്കുന്നു
പുതിയൊരാൾ ഓളങ്ങളിൽ താമസിക്കുന്നു
പുഴയുടെ മനസ്സിന്‍ ചരിത്രവ്യാസത്തിലെൻ
ഹൃദയവും ദു:ഖഘടികാരവും മുങ്ങുന്നു

നാസ്തികരുടെയും ആസ്തികരുടെയും മീശ


സഹിഷ്ണുതയുള്ളത് ആര്‍ക്കാണ്? നാസ്തികര്‍ക്കോ ആസ്തികര്‍ക്കോ? സഹിഷ്ണുത തീരെയില്ലാത്തത് ആര്‍ക്കാണ്? ആസ്തികര്‍ക്കോ നാസ്തികര്‍ക്കോ. സഹിഷ്ണുത പാലിക്കാന്‍ കഴിയാത്തവര്‍ ആസ്തികരാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ആസ്തികരില്‍ തന്നെ ആക്രമണോത്സുകരായ ആസ്തികരും സമാധാനപ്രിയരും ഉണ്ട്. സമാധാന പ്രിയരില്‍ നിന്ന് സമൂഹത്തിന് അപകടമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു ശരിയില്‍ മാത്രം വിശ്വസിക്കുന്ന മൃദു ആസ്തിക സമൂഹത്തില്‍ നിന്ന് കൊമ്പും കോമ്പല്ലുമുള്ള അക്രമാസക്തരിലേക്കുള്ള ദൂരം അത്ര വലുതൊന്നുമല്ല.

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് എസ് ഹരീഷ്. അദ്ദേഹത്തിന്റെ മീശ എന്ന നോവലിലെ ചില സങ്കല്‍പ വര്‍ത്തമാനങ്ങള്‍ അക്രമികളായ ഭക്തരില്‍ തീയാളി കത്തിച്ചു. സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ തെറിമലയാളം കൊണ്ട് കുളിപ്പിച്ചു. വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ കയ്യേറ്റ ഭീഷണികളുണ്ടായി.

യഥാര്‍ഥ ഭക്തരെ സംബന്ധിച്ച് മീശയിലെ പരാമര്‍ശങ്ങള്‍ അവഗണിക്കാവുന്നതേയുള്ളു. രാവിലെ നടക്കാനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങള്‍ ഭക്തകളെക്കുറിച്ച് സംസാരിക്കുന്നു. ഭക്തകള്‍ അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നതിനു പിന്നില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയാറാണെന്നുള്ള ബോധപൂര്‍വമല്ലാത്ത പ്രഖ്യാപനമാണത്രേ ഉള്ളത്. നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തതിന്റെ കാരണം അസൗകര്യം അറിയിക്കാനാണത്രേ. ലൈംഗികതയുടെ കാര്യത്തില്‍ ആശാന്മാരായിരുന്ന പുരോഹിതന്മാരെയാണ് ഇവിടെ കഥാപാത്രം ലക്ഷ്യം വച്ചത്. ഒപ്പം സഞ്ചരിക്കുന്ന കഥാപാത്രം ഈ വ്യാഖ്യാനത്തെ മണ്ടത്തരം എന്നു പറഞ്ഞ് തള്ളിക്കളയുന്നു. വ്യാഖ്യാതാവ് അധികം വൈകാതെ ഹൃദയാഘാതം മൂലം മരിക്കുന്നു. എന്നാല്‍ വ്യാഖ്യാനങ്ങള്‍ ആസ്തികവേഷധാരികളെ പ്രകോപിപ്പിക്കുകയും സുപ്രിംകോടതി വരെ പോയി വാദിച്ച് തോറ്റ് നാണംകെടാന്‍ അവസരമൊരുക്കുകയും ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ കത്തിക്കപ്പെട്ടു. നോവല്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന് അത് തുടരാന്‍ കഴിയാതെയുമായി.

നാസ്തികതയെക്കുറിച്ച് വിശദമായ ചില പരാമര്‍ശങ്ങള്‍ ഈ നോവലിലുണ്ട്. ലോകത്തിലെ ഏറ്റവും അബദ്ധ ദര്‍ശനമാണ് യുക്തിവാദം എന്നും അത് തലയില്‍ കയറുന്നവന്റെ ഭാവനയും സഹജവികാരങ്ങളുമൊക്കെ നശിക്കുമെന്നും പരാമര്‍ശമുണ്ട്. ഒരു യുക്തിവാദി എങ്ങനെയാണ് കഥയും കവിതയും വായിക്കുക എന്നുവരെ ചോദിക്കുന്നുണ്ട്. ഭാര്യയോടൊപ്പം കിടക്കുമ്പോഴെങ്കിലും യുക്തിബോധം പ്രവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയുമുണ്ട്. യുക്തിവാദിയും ഹിറ്റ്‌ലറും തമ്മില്‍ വ്യത്യാസമില്ലെന്നും തീരുമാനിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി മീശ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ നിരീശ്വവാദികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എഴുത്തിലും വായനയിലും വിശാലമായി സഞ്ചരിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള. ഡോ. പി വി വേലായുധന്‍ പിള്ള. ചങ്ങമ്പുഴ, തിരുനെല്ലൂര്‍, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്, പവനന്‍, തോപ്പില്‍ ഭാസി എന്നിവരെയൊക്കെ മനസില്‍ വച്ചുകൊണ്ടുതന്നെയാണ് കേരളത്തിലെ നാസ്തികസമൂഹം എഴുത്തുകാരനൊപ്പം നിലകൊണ്ടത്. അവര്‍ ഒരു അക്രമത്തിനും പോയില്ല. ഈശ്വരവിശ്വാസിയല്ലാത്ത നാടകകൃത്ത് എന്‍ എന്‍ പിള്ളയെ ഈ നോവല്‍ പ്രകാശിപ്പിച്ചുനിര്‍ത്തുന്നു എന്നതുകൊണ്ടുമല്ല, ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും അക്രമരാഹിത്യത്തിലും അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്.

വാസ്തവത്തില്‍ ഭക്തരെ പ്രകോപിപ്പിച്ചത് നോവലിലെ രതിപരാമര്‍ശമേ അല്ല. ദളിതരായ പവിയാന്റെയും ചെല്ലയുടെയും മകന്‍ വാവച്ചന്‍ മീശവച്ചതുതന്നെയാണ് പ്രശ്‌നം. തെറിയഭിഷേകം നടത്തിയവരും കേസിനു പോയവരുമൊന്നും ദളിതരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നന്നായി പഠിച്ചെഴുതിയ മനുഷ്യപക്ഷ രചനയാണ് മീശ എന്ന നോവല്‍. ആക്രമണകാരികളേയും സമാധാന പ്രിയരേയും ആസ്തികരെന്നും നാസ്തികരെന്നും അടയാളപ്പെടുത്തുന്നതിലും ഈ നോവല്‍ പ്രസാധനം സഹായിച്ചു.

Wednesday 17 October 2018

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കില്ല



ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും ഗോഗ്വാ വിളികളും ഖേദകരമാണ്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവര്‍ മിതവും സൗമ്യവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്ത്രീവിരുദ്ധര്‍ ആക്രോശങ്ങളും അട്ടഹാസങ്ങളുമായി തെരുവിലും ചാനല്‍ചര്‍ച്ചകളിലും നിറയുകയാണ്.

വാസ്തവത്തില്‍ ഉയര്‍ന്നുവരേണ്ട ചര്‍ച്ച അന്ധവിശ്വാസങ്ങള്‍ ശരിയോ തെറ്റോ എന്നുള്ളതായിരുന്നു. സാംസ്‌കാരിക കേരളം പോരാടി നേടിയ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലുള്ള ആശങ്ക ഉയര്‍ന്നുവരുന്നില്ല. അന്ധവിശ്വാസങ്ങളും യുക്തിബോധവും തമ്മിലുള്ള ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുന്നില്ല.

അലര്‍ച്ചകളിലും ഭീഷണികളിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഖദര്‍ധാരിയായ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റേയും ഒരു സിനിമാനടന്റേയും പ്രസംഗങ്ങളായിരുന്നു. ശബരിമല ദര്‍ശനത്തിനു വരുന്ന അമ്മമാരേയും സഹോദരിമാരേയും രണ്ടായി വലിച്ചുകീറി കൊലപ്പെടുത്തണമെന്നു സിനിമാതാരത്തിന്റെ ആഹ്വാനം അദ്ദേഹം മാപ്പുപറഞ്ഞതോടെ നമുക്കു മറക്കാം. എന്നാല്‍ മുന്‍ നിയമസഭാംഗം കൂടിയായ ഖദര്‍ധാരിയുടെ പ്രസംഗം ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്നതായിരുന്നു. തിലകന്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ”ഒരു സ്ത്രീയും ശബരിമലയില്‍ പോകരുത് എന്നു ഞാന്‍ പറയുന്നില്ല. അവിടെ വരുന്ന സ്ത്രീകളെ പുലി പിടിക്കും. പുരുഷനും പിടിക്കും.” ഇതിലടങ്ങിയിരിക്കുന്ന ഭീഷണി ബലാല്‍ഭോഗത്തിന്റേതു കൂടിയാണല്ലോ.

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കുകയില്ല. ശബരിമലയില്‍ മനുഷ്യരല്ലാതെ കാണുന്ന മറ്റൊരു ജീവി കഴുതകളാണ്. ഒറ്റപുലിയെപോലും ശബരിമലയിലേയ്ക്കുള്ള സഞ്ചാരവീഥിയില്‍ കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല പുലിയും മനുഷ്യനും തമ്മില്‍ കഥകളിലെങ്കിലും ഒരു സ്‌നേഹബന്ധം നിലനില്‍ക്കുന്നുണ്ട്. നാടന്‍ പാട്ടുകളില്‍ പുലി, പുലിയച്ഛനാണ്.

വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും എന്ന കവിതയില്‍ പുലി അമ്മാളുവെന്ന യുവതിയുടെ രക്ഷകയാണ്. പുലിക്കുഞ്ഞുങ്ങളെ ഓമനിച്ച അമ്മാളുവിനെ പുലി സല്‍ക്കരിക്കുകയും പുലിപ്പുറത്തുകയറി ഏഴാങ്ങളമാരുടെയും വീട്ടില്‍ കൊണ്ടുചെല്ലുകയും ചെയ്യുന്നു. ഒന്നാമത്തെ ആങ്ങളേ എന്റെ പൊന്നാങ്ങളേ ഒന്നിങ്ങുവന്നെന്നെ ഏറ്റുവാങ്ങൂ എന്ന വിലാപസ്വരം ആറ് ആങ്ങളമാരും നിരസിച്ചു. ആങ്ങളമാരുടെ സ്ത്രീവിരുദ്ധതയ്ക്ക് അവരുടെ ഭാര്യമാരായ സ്ത്രീകള്‍ തന്നെയാണ് കാരണക്കാരായത്. ഏറ്റവും ഇളയ ആങ്ങള അമ്മാളുവിനെ ഏറ്റുവാങ്ങി. യഥാസമയം അമ്മാളുവിന്റെ വിവാഹം നടത്തുമെന്നും വിവാഹത്തിന് പുലിയെക്കൂടി ക്ഷണിക്കുമെന്നുമുള്ള കരാറില്‍ പുലി അമ്മാളുവിനെ നിലത്തിറക്കികൊടുക്കുന്നു. കാക്ക ചെറുമക്കളുടെ കല്യാണം കഴിപ്പിച്ചിട്ടും അമ്മാളുവിനെ അനുയോജ്യനായ ഒരു പുരുഷന് ഏല്‍പിച്ചുകൊടുക്കുവാന്‍ ആങ്ങളമാര്‍ ശ്രദ്ധിച്ചില്ല. വളരെ കാലത്തിനുശേഷം ഒരു വൃദ്ധപുരുഷന് അമ്മാളുവിനെ നല്‍കുന്നു. പുലിയെ വിളിച്ചതുമില്ല. ആദ്യരാത്രിയില്‍, കാവല്‍ നിന്ന കൊമ്പനാനയേയും കിടിലന്‍ നായയേയും തൃണവല്‍ഗണിച്ച് പുലി അമ്മാളുവിനെ കൊണ്ടുപോയി. സ്വന്തം വനസാമ്രാജ്യത്തിലെത്തിച്ച് രക്ഷപ്പെടുത്തുന്നു.
യുവതികളുടെ ഇറച്ചിയിലോ ആര്‍ത്തവരക്തത്തിലോ പുലികള്‍ക്ക് താല്‍പര്യവുമില്ല.

ശബരിമല അയ്യപ്പന്റെ കാര്യത്തിലാണെങ്കില്‍ പുലി അയ്യപ്പനെ അനുസരിച്ച് രാജമാതാവിന് പാലുകൊടുക്കാന്‍ വരുന്നുണ്ട്. രാജമാതാവിന്റെ അസുഖം മാറാന്‍ പുലിപ്പാല് വേണമെന്നായിരുന്നല്ലോ കുബുദ്ധികളായ കൊട്ടാരം വൈദ്യന്‍മാരുടെ നിര്‍ദേശം. പുലിക്കുഞ്ഞുങ്ങളേയും കൂട്ടി ഈറ്റപ്പുലിയുടെ പുറത്ത് കയറി വരുന്ന അയ്യപ്പന്റെ കാഴ്ച പുലിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ അടയാളമാണ്.

ബലാല്‍ഭോഗകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു പുലിയും കേരളത്തിലെ ജയിലുകളിലില്ല. എന്നാല്‍ ഗോവിന്ദച്ചാമിയടക്കം നിരവധി പുരുഷന്‍മാരുണ്ടുതാനും. ചേതന  തീര്‍ഥഹള്ളി, മന്ദാക്രാന്ദ സെന്‍ തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരോട് ഹിന്ദുമത തീവ്രവാദികള്‍ ഉയര്‍ത്തിയ അതേ ഭീഷണിയാണ് പുരുഷന്‍ പിടിക്കുമെന്ന മുന്നറിയിപ്പിലൂടെ ആവര്‍ത്തിക്കപ്പെട്ടത്.

ശബരിമലയില്‍ നടക്കുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള സമരമല്ല. ദുരാചാര സംരക്ഷണ സമരമാണ്. ഹരിവരാസനം എഴുതിയത് ഒരു വനിതയാണെങ്കില്‍ അയ്യപ്പസന്നിധിയില്‍ എത്തി പ്രാര്‍ഥനാ ഗീതങ്ങളാലപിക്കുവാന്‍ വനിതകളെ അനുവദിക്കണം. വനിതകളുടെ ഒരു പ്രശ്‌നവും ശബരിമല ദര്‍ശനത്തില്‍ കൂടി പരിഹരിക്കപ്പെടുകയില്ലെങ്കിലും അവരുടെ സഞ്ചാരസ്വാതന്ത്ര്യമോ ആരാധനാ സ്വാതന്ത്ര്യമോ നിഷേധിക്കുന്നത് സംസ്‌കാര കേരളത്തിന് ചേര്‍ന്ന നടപടിയല്ല.

അണ്ഡോല്‍പാദന ശേഷിയുള്ളവരെ പ്രവേശിപ്പിക്കാതിരിക്കുവാന്‍ പറയുന്ന മറ്റൊരു ന്യായം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയെന്നതാണ്. അയ്യപ്പന്‍ മാത്രമല്ല എല്ലാ വിഗ്രഹങ്ങളും പഞ്ചലോഹമോ കല്ലോ തടിയോകൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിക്കാതെ മറ്റൊരു മാര്‍ഗവും ഈ വിഗ്രഹത്തിനില്ല.

മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് സമ്മതിക്കേണ്ടി വന്നതുപോലെ ആര്‍ത്തവം അശുദ്ധമല്ലെന്ന് ഭാവിയില്‍ വര്‍ഗീയ രാഷ്ട്രീയ കൊട്ടാരം വൈദ്യന്‍മാര്‍ക്ക് സമ്മതിക്കേണ്ടി വരും. ശബരിമല പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കേരളത്തെ പ്രാകൃതയുഗത്തിലേക്ക് നയിക്കുന്നതാണ്. ലോകത്തിനുമുന്നില്‍ അപരിഷ്‌കൃത പ്രദേശം എന്ന വിളിപ്പേരിലേക്ക് കേരളത്തെ ഇകഴ്ത്തുവാനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
(ജനയുഗം)

Tuesday 9 October 2018

മദ്ധ്യം



ഇനിയെനിക്കു ജീവിതം
പകുതി വെന്ത ഭുപടം

തുടരെയോടിയാടിവന്നു
കുതറിനിന്നു തീ പിടിച്ചു
നിലവിളിച്ചു കരിപുതച്ചു
പതറിവീണ വാഹനം

ഇനിയെനിക്കു ജീവിതം
സിനിമപോലെ ദാരുണം

മുഖമടച്ചു മുനയൊടിഞ്ഞു
മുറികൾ കത്തി മുടിയെരിഞ്ഞു
മിഴിയുടഞ്ഞു സിരതകർന്നു
വികൃതമായൊരാലയം

ഇനിയെനിക്കു ജീവിതം
കിണറുപോലെ ഭീതിദം

കൊടിപിടിച്ചു വിരലൊടിഞ്ഞു
നട നടന്നു നടു തളർന്നു
കനവിൽനിന്നു കയറു തിന്നു
വിഫലമായ യൗവ്വനം

ഇനിയെനിക്കു ജീവിതം
പുലിപിടിച്ച ജാതകം

അടിതകർന്നു ജനലുടഞ്ഞു
പൊടി തളിച്ചു പുകപൊതിഞ്ഞു
കനലുവീണു തൊലിചുളിഞ്ഞു
തലചെരിഞ്ഞ ഗോപുരം

ഇനിയെനിക്കു ജീവിതം
ശ്രുതിയഴിഞ്ഞ ഗീതകം

സ്വരമടഞ്ഞു ലയമൊഴിഞ്ഞു
കഠിനജീവരയമയഞ്ഞു
മൃദുലവാക്കു പെയ്തകന്നു
ശിഥിലമായ മദ്ദളം

ഇനിയെനിക്കു ജീവിതം
ഉടൽ വെടിഞ്ഞ ശീർഷകം

നരകഗോളയാത്രയർദ്ധ-
ദൂരവൂം നടന്നു തീർത്തു
വെയിൽകുടിച്ചു വഴിതിര-
ഞ്ഞമർഷമാർന്ന വിപ്ളവം

ഇനിയുമെന്റെ ജിവിതം
മരണമിട്ട പാദുകം

Wednesday 3 October 2018

ഉൻമാദി



അക്കരെ
വൻമലത്തെങ്ങിൻ കുടന്നയിൽ
കള്ളുകുടംപോലെ ചന്ദ്രൻ

തെന്നിത്തെറിച്ച
നുരപ്പൂക്കൾ താരകൾ
കള്ളീച്ചകൾപോൽ ഗ്രഹങ്ങൾ

രാത്രിക്കിതെന്തൊരുന്മാദം
വശംകെട്ടു പാട്ടുപാടുന്നു രാപ്പക്ഷി. 

കാറ്റ്
മരിച്ചില്ല മാറിമാറിപ്പിടി-
ച്ചേറ്റുപാടിത്തകർക്കുമ്പോൾ, 

മണ്ണിൻമരപ്പാളി
മൂടിമരിച്ചു ഞാൻ 
എങ്ങനെയില്ലാതാകും?

ശബരിമലയില്‍ മങ്ക സൂര്യോദയം



ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായിട്ട് എണ്‍പതിലേറെ മകരവിളക്ക് മഹോത്സവം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് ശബരിമലയില്‍ സ്ത്രീ-പുരുഷ വ്യത്യാസമന്യേ ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രവേശിക്കാമെന്ന സ്ഥിതിയുണ്ടായത്. ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് നിരവധി സമരങ്ങളാല്‍ ഉത്തരം മുട്ടിപ്പോയ ഭരണാധികാരിയായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത് പരമോന്നത നീതിപീഠമാണ്.

ജാതി വ്യവസ്ഥയുടെ എല്ലാ ശ്രേണിയിലുംപെട്ട സ്ത്രീകള്‍ക്ക് എക്കാലത്തും പലതരം വിലക്കുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സവര്‍ണ സ്ത്രീകള്‍ മണ്ണാപ്പേടി, പുലപ്പേടി, പഴുക്കയേറ് തുടങ്ങിയ പീഡനാനുഭവങ്ങള്‍ക്ക് ഇരയായിരുന്നുവെങ്കില്‍ അവര്‍ണ സ്ത്രീകള്‍ മുലക്കരം തുടങ്ങിയ വിചിത്ര നികുതികള്‍ക്കും തമ്പുരാന്മാരുടെ ലൈംഗിക ദാഹത്തിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.

അണ്ഡോല്‍പാദന ശേഷിയുള്ളവരുടെ ശബരിമല പ്രവേശത്തെ എതിര്‍ക്കുന്നവരുണ്ട്. അവര്‍ എതിര്‍ക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അവരുടെ വര്‍ഗസ്വഭാവമായ മനുഷ്യവിരുദ്ധത തിരിച്ചറിയപ്പെടുകയുള്ളു. മാറുമറയ്ക്കാനുള്ള പുരോഗമനവാദികളായ സ്ത്രീകളുടെ സന്നദ്ധതയെ സ്ത്രീകളെക്കൊണ്ടുതന്നെ എതിര്‍പ്പിക്കുന്നതില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടുണ്ട്. ജീവിതസമരം അടക്കമുള്ള പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ ഈ പ്രതിലോമ ചരിത്രം പറഞ്ഞുതരുന്നുണ്ട്.

മതപരമായ ദുരാചാരങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് മനുഷ്യസമൂഹം മുന്നോട്ടു വന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല ഉദാഹരണം സതിയാണ്. ഹിന്ദുമതക്കാരുടെ മൂന്നു ദൈവങ്ങളില്‍ ഒരാളായ പരമേശ്വരന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സതിയെ സമൂഹത്തില്‍ പവിത്രമാക്കിയത്. ഭര്‍ത്താവ് മരിച്ച സ്ത്രീയെ പച്ച ജീവനോടെ കത്തിച്ചുകൊല്ലുന്നതാണ് സതി. പുരുഷന്മാരാണ് ദൈവവല്‍ക്കരിക്കപ്പെട്ട ഈ മതഭീകരതയ്‌ക്കെതിരേ രംഗത്തുവന്നത്. രാജാറാം മോഹന്‍ റോയിയെ നമ്മള്‍ ഓര്‍ക്കുന്നത് സതി നിരോധനവുമായി ബന്ധപ്പെട്ടാണല്ലോ. സതിയെ അനുകൂലിക്കുന്ന സ്ത്രീകളെ ഇക്കാലത്തും രൂപപ്പെടുത്തിയെടുക്കാന്‍ പുരുഷന് കഴിയുന്നുണ്ട്. നിരോധനത്തിനു ശേഷം സ്വതന്ത്ര ഭാരതത്തില്‍ പോലും സതിയുടെ പേരില്‍ സ്ത്രീകള്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും സതി നിയമവിരുദ്ധമായതോടെ ഈ പെണ്‍കൊലപാതകങ്ങളെ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഋതുമതിയായാല്‍ ആ പെണ്‍കുട്ടിയെ ചില പൂജകളൊക്കെ നടത്തി അപമാനിക്കുന്ന രീതിയും ഇപ്പോഴില്ല. ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിന്റെ പൂമുഖത്തൊന്നും പ്രവേശനമില്ലാത്ത കാലവും കഴിഞ്ഞു. ആര്‍ത്തവം പ്രകൃതിദത്തമാണ്. പുതിയൊരു ജീവന്റെ സാന്നിധ്യവും സന്നദ്ധതയുമറിയിക്കുന്ന മഹനീയമായ ശരീര പ്രക്രിയയാണത്. സ്ത്രീകളുടെ ആ മഹത്വത്തെയാണ് ഇതുവരെ നിരസിക്കപ്പെട്ടിരുന്നത്.
ബാലവിവാഹത്തെ കേരളത്തില്‍ കെട്ടുകല്യാണം എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ആ അസംബന്ധം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സഞ്ചയനം, കുളി തുടങ്ങിയ അനാചാരങ്ങളും വലിയതോതില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കോടിയണിയിക്കല്‍, വായ്ക്കരി തുടങ്ങിയ അനാചാരങ്ങളും മാറി വരുന്നുണ്ട്. ചന്ദ്രഗ്രഹണ ദിവസം, ചന്ദ്രനെ പാമ്പു വിഴുങ്ങുകയാണെന്ന ധാരണയില്‍ മടലുവെട്ടി മണ്ണിലടിക്കുന്ന ഹൈന്ദവ വിഡ്ഢിത്തം സമ്പൂര്‍ണമായും ഇല്ലാതായി. അനാചാരങ്ങളെ ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.

ശബരിമലയില്‍ പോകുന്നതുകൊണ്ട് സ്ത്രീകളുടെ തൊഴിലില്ലായ്മയോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും പരിഹരിക്കപ്പെടുകയില്ല. ദേവസ്വം ബോര്‍ഡുജീവനക്കാര്‍ക്ക് വേതനം കൊടുക്കുന്നത് ദൈവങ്ങളാരുമല്ലല്ലോ. പക്ഷേ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.