Wednesday, 22 October 2025

അന്ധവിശ്വാസ സംരക്ഷണ യാത്രകൾ

അന്ധവിശ്വാസ സംരക്ഷണ യാത്രകൾ

---------------------------------------------------------

പ്രാകൃതകേരളത്തെക്കുറിച്ച് സിനിമയെടുക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പണച്ചെലവില്ലാതെ അത് സാധിക്കാൻ കഴിയുന്നത് ഇപ്പോഴാണ്. അന്ധവിശ്വാസ സംരക്ഷണജാഥകൾ അരങ്ങുതകർക്കുന്ന കേരളം. ക്യാമറ തെരുവിലേക്ക് തിരിച്ചുവച്ചാൽ മാത്രം മതി. പ്രാകൃതകേരളം ചിത്രീകരിക്കാൻ കഴിയും. സതി നിരോധിക്കാൻ പാടില്ല, ഞങ്ങൾക്ക് ചിതയിൽ ചാടി മരിക്കണം എന്നാക്രോശിച്ചുകൊണ്ട് പണ്ട് ഉത്തരേന്ത്യയിലും മറ്റും നടത്തപ്പെട്ട സ്ത്രീകളുടെ അന്ധവിശ്വാസസംരക്ഷണ ജാഥകളെ ഓര്മിപ്പിക്കുന്നതാണ് ഇപ്പോൾ കാണുന്ന ഈ ജാഥകൾ. ഞങ്ങളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ട് സമീപകാലത്ത് നടത്തപ്പെട്ട ജാഥകളെയും ഇത് ഓർമ്മിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ കയ്യിൽ നിന്നും ചട്ടുകം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞിട്ട്, അവരെത്തന്നെ ചട്ടുകമാക്കുന്ന പുരുഷതന്ത്രമാണ് ഇതിന്റെയൊക്കെപിന്നിൽ പ്രവർത്തിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായപ്പോൾ ഞങ്ങളെ ക്ഷേത്രത്തിൽ കയറ്റരുതേയെന്നുപറഞ്ഞ് കേരളത്തിലെ ദളിതരാരും തെരുവിലിറങ്ങിയില്ല. അക്കാലത്തെ സാമൂഹ്യബോധത്തിൽ നിന്നും കേരളം വളരെ പിന്നിലേക്ക് പോയെന്നാണ് ഇപ്പോഴത്തെ ജാഥകൾ തെളിയിക്കുന്നത്. കേഴുക മമ നാടേയെന്ന് ആയിരം വട്ടം പറയേണ്ടിയിരിക്കുന്നു.

ശബരിമലയിൽ സംഭവിച്ച സ്വർണ്ണക്കൊള്ള സംബന്ധിച്ച അന്വേഷണങ്ങൾ അതിനു ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ നടത്തും. പ്രശ്‌നം കോടതിയിലെത്തുകയും വിസ്തരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അത് നിയമത്തിന്റെ വഴി. എന്നാൽ ഈ സമയത്ത് ചിന്തിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. അത് ഈ സ്വർണ്ണക്കൊള്ള നടന്നപ്പോൾ എല്ലാം അറിയുന്ന ശബരിമല ശ്രീ ധർമ്മശാസ്താവ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമാണ്. മഹാനായ അയ്യങ്കാളി, അന്ധവിശ്വാസ സംരക്ഷണകേന്ദ്രങ്ങളായ ക്ഷേത്രങ്ങളൊന്നും സ്ഥാപിക്കാത്ത നവോത്ഥാന നായകനാണ്. അദ്ദേഹം സ്വന്തം ജനങ്ങളോട് ഒരിക്കൽ ചോദിച്ചത്, നിനക്ക് വിശക്കുമ്പോൾ നിന്നെ സഹായിക്കാത്ത ദൈവത്തിന് നീയെന്തിനാണ് പണം കൊടുക്കുന്നത് എന്നാണ്. ആ പണം കൊണ്ട് നിന്റെ കുഞ്ഞിന്റെ വിശപ്പടക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുത്തുകൂടെ എന്നാണ് അദ്ദേഹം ചോദിച്ചത്. മലയാളിയുടെ ചിന്തയിലേക്ക് തൊടുത്തുവിട്ട ഈ ചോദ്യം ഇപ്പോഴും പ്രസക്തമാണെന്ന് ക്ഷേത്രങ്ങളിലെ പണക്കൂമ്പാരങ്ങൾ വിളിച്ചുപറയുന്നുണ്ട്.

കാട്ടിൽ നിന്നും ഈറ്റപ്പുലിയെ മെരുക്കി, അതിന്റെ പുറത്തുകയറി, സ്ക്കൂട്ടറോടിക്കുന്ന ലാഘവത്തോടെ സഞ്ചരിച്ച് പന്തളം വരെയെത്തിയ ദൈവത്തിനു ഈ സ്വർണ്ണക്കൊള്ള കാണാൻ കഴിയാഞ്ഞതെന്തുകൊണ്ട്? ഈ ചോദ്യം ഉന്നയിക്കുമ്പോൾ, വിശ്വാസികളെല്ലാം യുക്തിവാദികൾ ആകുന്നതുകാണാം. ദൈവം ഒരു സങ്കൽപ്പമല്ലേ, ദൈവത്തിനു അതൊന്നും കഴിയില്ല, മനുഷ്യരാണ് അതുചെയ്യേണ്ടതെന്ന യുക്തിയിലേക്ക് അവർ സഞ്ചരിക്കുകയും മനുഷ്യരുടെ അധികാര സ്ഥാനങ്ങളിലേക്ക് അന്ധവിശ്വാസ സംരക്ഷണ യാത്രനടത്തുകയും ചെയ്യും.

മകരവിളക്ക് എന്ന ഭൂലോകതട്ടിപ്പിനെ തുറന്നുകാട്ടിയപ്പോഴും ഇതായിരുന്നു സ്ഥിതി. ചിലപ്രകാശകണികകൾ അന്നുമാത്രം സംയോജിച്ച് മകരജ്യോതിയാവുകയാണെന്ന് വാചകമടിച്ച സന്യാസിമാർ പോലും അന്നുണ്ടായിരുന്നു. ഒടുവിൽ മനുഷ്യർ പൊന്നമ്പലമേട്ടിൽ പോയി, മകരവിളക്ക് കത്തിച്ച സമയത്ത് അമിട്ടും പടക്കവും പൊട്ടിച്ചും, കോടതിയുടെ മുന്നിൽ ഈ വിഷയം എത്തിച്ചുമൊക്കെയാണ് ആ തട്ടിപ്പ് തുറന്നുകാട്ടപ്പെട്ടത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന പാർട്ടികൾ സമൂഹത്തോട് ചെയ്യുന്നത് ഏറ്റവും വലിയ കുറ്റകൃത്യമാണ്. കേരളത്തിൽ കഴിഞ്ഞനൂറ്റാണ്ടിൽ നടന്ന അവിശ്വസനീയമായ നവോത്ഥാന മുന്നേറ്റങ്ങളെയാണ് അവർ പരിഹസിക്കുന്നത്.

മലയരയ സമൂഹത്തിന്റെ വളരെക്കാലമായുള്ള ആവശ്യമാണ്, ശബരിമലയിൽ പൂജാകർമ്മങ്ങൾ ചെയ്യുവാനുള്ള അവകാശം വിട്ടുകിട്ടണമെന്നുള്ളത്. ഇപ്പോൾ പോലും അതാരും ചെവിക്കൊണ്ടിട്ടില്ല. പ്രാകൃത സനാതന ധർമ്മമനുസരിച്ച് ബ്രാഹ്മണർ തന്നെയാണ് ഇപ്പോഴും പൂജകൾ ചെയ്യുന്നത്. പുരോഗമന ഭരണകൂടങ്ങൾക്കുപോലും ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ദേവസ്വംബോർഡാകട്ടെ സവർണ്ണ ഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലുമാണ്. ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം പോറ്റിമാരുടെ മോഷണം തുടരുകതന്നെ ചെയ്യും. ശ്രീകോവിലിൽ പ്രവേശനമുള്ള ബ്രാഹ്മണർക്ക് ധർമ്മശാസ്താവ് ഒരു പഞ്ചലോഹവിഗ്രഹം മാത്രമാണെന്നും, സ്വർണ്ണപ്പാളിയോ വാതിലോ ഇനി വിഗ്രഹംതന്നെയോ എടുത്തുമാറ്റിയാൽ ദൈവീകനടപടികൾ ഉണ്ടാവുകയില്ലെന്നും നന്നായറിയാം. ഇത്തരം സന്ദർഭങ്ങളിലാണ് അത് നീതന്നെയാണ് തുടങ്ങിയ കഞ്ചാവുന്യായങ്ങൾ പുറത്തുവരുന്നത്. നവീനകേരളം ഇത് തിരിച്ചറിയേണ്ടതുണ്ട്.

എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സർവ്വശക്തനാണ് ശബരിമല അയ്യപ്പനെന്ന അന്ധവിശ്വാസം അനുസരിച്ചാണെങ്കിൽ ഈ കവർച്ച അദ്ദേഹത്തിന്റെ അറിവോടെ നടന്നതായിരിക്കുമല്ലോ. അപ്പോൾപിന്നെ അന്വേഷിച്ചിട്ടും അന്ധവിശ്വാസ സംരക്ഷണ ജാഥനടത്തിയിട്ടും ഒരുകാര്യവുമില്ല. എല്ലാം അയ്യപ്പനിശ്ചയം എന്നു സമാധാനിക്കാവുന്നതേയുള്ളു. കാര്യങ്ങൾ അങ്ങനെയൊന്നുമല്ലെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് കള്ളനെ പിടിക്കണമെന്ന് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്.

Tuesday, 7 October 2025

മൂകാഭിനയത്തെ ഭയക്കുന്നവർ

മൂകാഭിനയത്തെ ഭയക്കുന്നവർ

-----------------------------------------------

മൂകാഭിനയത്തെ ഭയക്കുന്നവർ ശരിയായ നാടകം കണ്ടാൽ ഭയന്നു മുള്ളുമല്ലോ. കാസർകോട്ടെ കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് കലോത്സവവേദിയിൽ കുട്ടികളുടെ മൂകാഭിനയം കണ്ട് അദ്ധ്യാപകർ ഭയന്നു കർട്ടനിട്ടത്. ഭാരതാംബയ്ക്കെന്തെങ്കിലും ഏനക്കേടുണ്ടാകുമോ എന്ന ഭയമാണോ അവരെ ഭരിച്ചത്? എന്തായാലും കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും കുട്ടികളുടെ മൂകാഭിനയം വീണ്ടും അരങ്ങിലെത്തിക്കുകയും ചെയ്തു.

സ്ക്കൂൾ കലോത്സവവേദികൾ എക്കാലത്തും മതേതരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും കേളീരംഗമായിട്ടുണ്ട്. മുതിർന്നവരുടെ സമൂഹം ക്രിസ്ത്യാനികൾക്ക് സംവരണം ചെയ്തിരുന്ന മാർഗ്ഗം കളിയും മുസ്ലീങ്ങൾക്കായി ഒതുക്കി നിർത്തിയിരുന്ന ഒപ്പനയും ഹിന്ദുക്കൾക്കായി പരിമിതപ്പെടുത്തിയിരുന്ന തിരുവാതിരയും വിവിധ മത വിശ്വാസികളുടെ വീട്ടിൽ നിന്നും വരുന്നകുട്ടികൾ ഒന്നിച്ച് അവതരിപ്പിച്ച് മതത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞത് സ്കൂൾ കലോത്സവ വേദികളിലാണ്. നെറ്റി ചുളിയാതെ മുഴുവൻ കുട്ടികളെയും വേദിയിലെത്തി കെട്ടിപ്പുണരാൻ സമൂഹത്തിനു സന്ദർഭം ഒരുക്കിയത് ആ കുഞ്ഞുമക്കളാണ്. അവർ കുമ്പളസ്കൂളിൽ പുതിയൊരദ്ധ്യായം രചിച്ചിരിക്കുന്നു.

കുമ്പള സ്കൂളിൽ അവതരിപ്പിച്ച മൈമിന്റെ വിഷയം പലസ്തീൻ ആയിരുന്നു. അവിടെ ഗാസയിൽ ആഹാരത്തിനായി അമ്മമാരും കുഞ്ഞുങ്ങളും പുരുഷന്മാരും അനുഭവിക്കുന്ന ദുരിതം. അവരുടെ മേൽ ബോംബ് വർഷിക്കുന്ന മനുഷ്യത്വവിരുദ്ധത. നരഹത്യ കഴുകൻചിറകു വിരിച്ചിടത്തുനിന്നും ബോംബാക്രമണത്തിൽ കൊലചെയ്യപ്പെട്ട കുഞ്ഞിനെ ഉയർത്തിക്കാട്ടുന്ന അമ്മ. ഒരു വാക്കുപോലും ഉരിയാടാതെ അതിഭംഗിയായി ഈ ആശയം വേദിയിൽ അവതരിപ്പിക്കപ്പെട്ടു. അപ്പോഴാണ് രണ്ടു മാഷന്മാർക്ക് രാജ്യാഭിമാനം അണപൊട്ടിയത്. ഇന്ത്യ ആരോടൊപ്പമാണ്? ഘാതകരോടൊപ്പമോ ഇരകൾക്കൊപ്പമോ? അവരെ പിന്തുണയ്ക്കാൻ പുറത്ത് കയ്യിൽ ചരടുകെട്ടിയ ഒരു സംഘവും ഉണ്ടായിരുന്നു. അവർ മൈം ആകാം പലസ്തീൻ ആകരുതെന്ന് അട്ടഹസിച്ചു. ഗാസയിലെ കാര്യം അവതരിപ്പിക്കുന്നിടത്ത് പലസ്തീനെന്തുകാര്യം എന്നവർ ആക്രോശിച്ചു. പലസ്തീനിലുള്ളതല്ല ഗാസ യെന്ന യഹൂദ ഭീകരതയാണ് ആ ആൾക്കൂട്ടത്തെ അപ്പോൾ നയിച്ചത്. മൈം മുഴുമിപ്പിക്കുന്നതിനു മുൻപ് കർട്ടനിട്ടു. യുവജനോത്സവം പാതിവഴിയിൽ അവസാനിപ്പിച്ചു. മൂന്നു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും അടങ്ങുന്ന കലാസംഘം തങ്ങൾ ചെയ്ത തെറ്റ് എന്തെന്നറിയാതെ വിഷമിച്ചു. വന്നുകണ്ട മാധ്യമപ്രവർത്തകരോട്, യുദ്ധത്തിനെതിരെയും മനുഷ്യത്വത്തിനും വേണ്ടിയുമാണ് ഈ വിഷയം മൈമിനായി തെരഞ്ഞെടുത്തതെന്ന് കുട്ടികൾ വേദനയോടെ പറഞ്ഞു. കുട്ടികളെ വേദനിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യത്വവാദികളും കലാസ്നേഹികളും രംഗത്തുവന്നു. പി.ടി.എ കൂടി. ബഹളം കണ്ടു പകച്ചുപോയ സ്‌കൂൾ മേധാവിടീച്ചർ പൊട്ടിക്കരഞ്ഞു. സഹാധ്യാപികമാർ കണ്ണീരു തുടച്ചു. അദ്ധ്യാപകർ ചെയ്തത് ശരിയല്ലെന്ന് പി.ടി.എ വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. അടുത്തൊരു ദിവസം അതേ മൈം അവതരിപ്പിക്കപ്പെട്ടു.അദ്ധ്യാപകർ മുടക്കിയ കലോത്സവം തുടർന്നു നടന്നു.

മൈമിനെതിരെ രംഗത്തുവന്നത് ഹിന്ദുമത തീവ്രവാദികളാണ്. അവർ പാലസ്തീനിലെ നരഹത്യയിൽ ആഹ്ലാദിക്കുന്നവരാണെന്നു തെളിഞ്ഞു. ഇതുവരെയുള്ള വാർത്തകൾ അനുസരിച്ച് മനുഷ്യപക്ഷം വിജയിച്ചിരിക്കയാണ്. വാസ്തവത്തിൽ കുമ്പളയിൽ അരങ്ങേറിയത് ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു ദുർമുഖം കൂടിയാണ്. ഇന്ത്യയുടെ ഇരട്ടത്താപ്പ്, ഇവിടെ വ്യക്തമായിരിക്കുന്നു. ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള മാരകവസ്തുക്കൾ വാരിവിതറുന്ന ഡ്രോണുകൾ ഇന്ത്യാ ഗവണ്മെന്റിന്റെ അരുമയായ അദാനിയുടെ കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ഒരു ഇടതുപക്ഷ പാർലമെന്റംഗം തുറന്നു പറഞ്ഞിരിക്കുന്നു. ഉന്നതതലത്തിൽ ഇസ്രായേലിനു മൗനസമ്മതം നൽകുന്നു. താഴെത്തലത്തിൽ അത് പച്ചയായി പ്രകടിപ്പിക്കപ്പെടുന്നു. ഇതിന്റെ ഒരു പതിപ്പാണ് കുമ്പളയിൽ നമ്മൾ കണ്ടത്.


ആ കുട്ടികൾക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായാൽ പലസ്തീന്റെ വേദന കൂടുതൽ ശ്രദ്ധിക്കപ്പെടും. അതുവഴി കേരളം മനുഷ്യത്വത്തിന്റെ സ്നേഹപതാകകൾ ഉയർത്തിപ്പിടിക്കും. അരങ്ങത്തെത്തുന്ന കലാരൂപങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് കേരളത്തിൽ ആദ്യമല്ല. കണിയാപുരം രാമചന്ദ്രന്റെ ഭഗവാൻ കാലുമാറുന്നു, പി.എം.ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് ഇവ അമിതമതവിശ്വാസികളാൽ ആക്രമിക്കപ്പെട്ട നാടകങ്ങളാണ്. കണിയാപുരത്തിന്റെ ഭഗവാൻ കാലുമാറുന്നു എന്ന നാടകം, ജനകീയ സന്നദ്ധഭടന്മാരുടെ സംരക്ഷണയിൽ കേരളത്തിലുടനീളം അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുനാടകങ്ങളും ഇരുട്ടിലേക്ക് എറിയപ്പെട്ടു. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം അമിതമതവാദികളാണ് ഈ നാടകങ്ങളെ എതിർത്തത്. മറ്റുമതവാദികൾ ഈ നാടകങ്ങളെ അനുകൂലിച്ചതുമില്ല. എന്നാൽ കുമ്പളയിലെ കുട്ടികളുടെ കലാപ്രകടനത്തെ സംരക്ഷിക്കുന്നതിൽ ജനാധിപത്യപരമായ ഒരു യോജിപ്പ് കാണുന്നുവെന്നത് ശ്രദ്ധേയമാണ്.