കൃപാസനസ്ഥരുടെ ദിവ്യാനുഭവങ്ങൾ
------------------------------
ഡോ. എ.ടി.കോവൂരിന്റെ ഡയറിക്കുറിപ്പുകളിലൂടെ കേരളീയസമൂഹത്തെ അന്ധവിശ്വാസവിമോചനത്തിന്റെ പാതയിലെത്തിച്ചത് കാമ്പിശ്ശേരി പത്രാധിപരായിരുന്ന ജനയുഗം വാരികയായിരുന്നു. പിന്നീട് പ്രഭാത് ബുക്ക് ഹൗസ് പുസ്തകമാക്കിയപ്പോൾ കേരളീയയുവത്വം അത് സ്വന്തമാക്കാൻ മത്സരിക്കുകയായിരുന്നു. ആ പുസ്തകം കേരളീയരിലുണർത്തിയ സത്യാന്വേഷണാവേശം അത്ഭുതകരമായിരുന്നു. അക്കാലത്ത് റിലീസ് ചെയ്ത പുനർജ്ജന്മം എന്ന സിനിമ, ഡോ.എ.ടി.കോവൂരിന്റെ ഡയറിക്കുറിപ്പിനെ അവലംബിച്ചായിരുന്നു. ഇന്നും പ്രസക്തമായ ഒരു മനഃശാസ്ത്രപ്രമേയമായിരുന്നു അതിന്റെ ഉള്ളടക്കം. നിഴലിനു നാഡീസ്പന്ദനമുണ്ടോ നിഴലിനു ഹൃദയമുണ്ടോ തുടങ്ങിയ ലാവണ്യരശ്മികൾ അടങ്ങിയ ചോദ്യങ്ങൾ വയലാർ ഗാനരൂപേണ ഉയർത്തിയത് ആ ചിത്രത്തിലൂടെയായിരുന്നു. അത്തരം ശാസ്ത്രാവബോധമുള്ള പുസ്തകങ്ങളെയും മറ്റുകലാരൂപങ്ങളെയും മറികടന്നു കൊണ്ടാണ് കൃപാസനം പോലുള്ള പ്രസിദ്ധീകരണങ്ങളുടെ വളർച്ച .
കൃപാസനം വഴി, മാതാവുമായി നടത്തിയ ഉടമ്പടികൾ വലിയ ചില രാഷ്ട്രീയകാലുമാറ്റങ്ങൾക്കുവരെ ഇടയായിട്ടുണ്ടല്ലോ. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമെല്ലാം ആൾദൈവങ്ങളുടെ മുന്നിൽ കുമ്പിട്ടുനിൽക്കുന്ന ഈ കാലത്ത് കൃപാസനപ്രസക്തി വർധിച്ചുവരുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പക്ഷെ അത്, ഭരണഘടനാപരമായി ശാസ്ത്രാവബോധം വളർത്തേണ്ടുന്ന പൗരന്റെ കർത്തവ്യങ്ങളെയാണ് അപ്രസക്തമാക്കുന്നത്. ഒരു ദൈവം കൂടി എന്ന കവിതയിൽ വയലാർ പറയുന്നതുപോലെ പുതുതായി ഉദിച്ചുയരുന്ന അമാനുഷികപ്രഭാവങ്ങളുടെ വാണിജ്യരീതി അത്ഭുതപ്രകടനങ്ങളാണല്ലോ. സമീപഭൂതകാലത്ത് ജീവിച്ചുപോയ നവോത്ഥാനനായകരിൽ പോലും ഈ അത്ഭുതങ്ങൾ അടിച്ചേൽപ്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ തട്ടിന്മേൽ പാവപ്പെട്ട മനുഷ്യരെ കയറ്റണമെങ്കിൽ ചുരുങ്ങിയപക്ഷം അന്തരീക്ഷത്തിൽ നിന്നും ഒരു നുള്ളു ഭസ്മമെങ്കിലും എടുത്തുകാണിക്കണമെന്ന് ആത്മീയവ്യവസായികൾക്ക് നന്നായിട്ടറിയാം.
അച്ചടിമാധ്യമത്തിൽ മാത്രമല്ല, സാമൂഹികമാധ്യമങ്ങളിലും കൃപാസനം സജീവമാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി അവർ ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുകയും കേവലമതവിശ്വാസത്തിനപ്പുറത്തെ ദൈവീക അത്ഭുതങ്ങളിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുന്നു. അനുഭവസാക്ഷ്യങ്ങളാണ് ചൂണ്ടയായി ഉപയോഗിക്കുന്നത്. കൃപാസനം എന്ന പ്രസിദ്ധീകരണം മതപരിവർത്തനം ലക്ഷ്യമാക്കിയുള്ളതല്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നുണ്ട്. അതിനേക്കാൾ അപകടകരമാണല്ലോ സയൻസിന്റെ വെളിച്ചത്തിൽ നിന്നും മനുഷ്യനെ ഇരുട്ടിലേക്ക് മാറ്റി നിർത്തുന്നത്.
അനുഭവസാക്ഷ്യങ്ങൾ ശ്രദ്ധിച്ചാൽ, കേരളത്തിൽ ആശുപത്രികളും കോടതികളും ഒന്നും വേണ്ടെന്നു തോന്നിപ്പോകും. ആശുപത്രികൾ ഇന്ന് വ്യവസായസ്ഥാപനങ്ങൾ ആണെന്നും രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും, ഈ സ്ഥാപനങ്ങളുടെ ഉടമകൾ ദൈവാത്ഭുതങ്ങൾ പ്രചരിപ്പിക്കുന്നവർ ആണെന്നുമുള്ളത് പരസ്യമായകാര്യമാണല്ലോ. രോഗങ്ങൾ മാത്രമല്ല, ഏത് ആഗ്രഹങ്ങളും മാതാവുമായി കൃപാസനം വഴിയുള്ള ഉടമ്പടിയിലൂടെ നടത്തിക്കിട്ടുമത്രേ. കൃപാസനത്തിന്റെ ഒരു ലക്കത്തിൽ, ഒരു അമേരിക്കൻ മലയാളി വനിത പറഞ്ഞിട്ടുള്ളത്, ഈ ഉടമ്പടിയിലൂടെയാണ് അവർക്ക് അമേരിക്കയിൽ ജോലികിട്ടിയത് എന്നാണ്! കൃപാസനത്തിലെ ഉടമ്പടിയെടുത്ത് വെഞ്ചരിച്ച നേർച്ചവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിച്ചപ്പോൾ കുട്ടികളുണ്ടായ അനുഭവം ഒന്നിലധികം ആളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷാർജയിലെത്തിയ കൃപാസനവികാരിയെ കണ്ടുപ്രാർത്ഥിച്ചപ്പോൾ കൊള്ളാവുന്ന ജോലിലഭിച്ചെന്നും ബാങ്കിൽ നിന്നെടുത്ത വായ്പയുടെ അടവുതുക കുറച്ചുകിട്ടിയെന്നും മുട്ടിൽ നിന്നു കരഞ്ഞുകൊണ്ട് വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുകയും വെഞ്ചരിച്ച ഉപ്പും ഉടമ്പടിത്തൈലവും പുരട്ടുകയും ചെയ്തപ്പോൾ കൊഴിച്ചിൽ മാറി സമൃദ്ധമായി മുടി കിളിർത്തെന്നുമൊക്കെ പലരും ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിശ്വാസങ്ങൾ മൂത്തുമൂത്ത്, കൃപാസനത്തിലിരുന്നാൽ മൂലക്കുരു മാറുമെന്നുവരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ദൈവമാജിക്കുകളുടെ ഉറവിടം ഫഹദ് ഫാസിൽ അഭിനയിച്ച ട്രാൻസ് എന്ന സിനിമയിൽ തുറന്നു കാട്ടുന്നുണ്ട്.
ഇങ്ങനെയുള്ള ദൈവികഅത്ഭുതങ്ങളിലൂടെ രോഗങ്ങൾ മാറുകയും കേസുകൾ തീർപ്പാക്കപ്പെടുകയും ചെയ്യുന്നത് അസാധ്യമാണെന്നാണ് ഡോ.എ.ടി. കോവൂർ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം നടത്തിയ അന്വേഷണങ്ങളിലൂടെ തെളിയിച്ചിട്ടുള്ളത്. നമ്മൾ പിന്തുടരേണ്ടത് സയൻസിന്റെ മാർഗമാണ്. അന്ധവിശ്വാസത്തിന്റെ മാർഗ്ഗങ്ങളല്ല.