Friday 23 September 2016

ധീര രക്തസാക്ഷി നങ്ങേലിയുടെ സ്മാരക ശിൽപ്പം വേണം


പുരുഷമേൽക്കോയ്മയുടെ പതാക പാറുന്ന കേരളീയ സമൂഹത്തിൽ സ്ത്രീശരീരം എക്കാലവും ഒരു വിചാരണവസ്തു ആയിരുന്നു. മേൽവസ്ത്രം ധരിക്കാമോ മറക്കുടയില്ലാതെ നടക്കാമോ, പൊതുസ്ഥലങ്ങളിൽ ഇടപെടാമോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാമോ തുടങ്ങി അനേകം വിചാരണകളാണ്‌ സ്ത്രീസമൂഹം നേരിട്ടത്‌.

കീഴാള സ്ത്രീകൾക്കാണെങ്കിൽ കൂടുതൽ വിലക്കുകൾ പൊതുസമൂഹം കൽപ്പിക്കുകയുണ്ടായി. മറക്കുടയോ പുതപ്പോ ഉപയോഗിച്ച്‌ പുറത്തിറങ്ങാൻ പാടില്ലായിരുന്നു. മേൽവസ്ത്രം ധരിക്കാൻ ഒരു കാരണവശാലും പാടില്ലായിരുന്നു. പണിയെടുത്താൽ കൂലിയില്ലായിരുന്നു. തമ്പുരാക്കന്മാരുടെ ലൈംഗികാക്രമണവും സാധാരണയായിരുന്നു.
മണ്ണാപ്പേടി, പുലപ്പേടി എന്നിവ സവർണ കുടുംബങ്ങളിൽ പിറന്നുപോയ സ്ത്രീകൾക്കെതിരെ പ്രയോഗിച്ച നെറികേടുകൾ ആയിരുന്നു. ഉത്തരകേരളത്തിൽ ഉണ്ടായിരുന്ന പഴുക്കയേറും പിറന്ന വീട്ടിൽ നിന്നും പെണ്ണിനെ പുറത്താക്കാനുള്ള അടവായിരുന്നു.

ഇതിൽ ഏറ്റവും നീചമായി കണക്കാക്കേണ്ടത്‌ കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള മുലകൾക്ക്‌ നികുതി കൊടുക്കണം എന്നുള്ളതായിരുന്നു. സവർണവിഭാഗത്തിൽപ്പെടുന്ന സ്ത്രീകളെ ഈ വിചിത്ര നികുതിയിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു. അടിസ്ഥാനവർഗത്തിൽപ്പെട്ട സ്ത്രീകൾക്ക്‌ മാത്രം നൽകേണ്ടിയിരുന്ന ഈ നികുതിക്കെതിരെ പെൺമനസുകളിൽ രോഷം ആളിക്കത്തിയിരുന്നു.

മേൽവസ്ത്രം ധരിക്കാൻ പാടില്ല എന്ന ദുരാചാരം ഒരു സദാചാരമായിത്തന്നെ കുടുംബങ്ങളിൽ നടപ്പാക്കുവാൻ മുതിർന്ന സ്ത്രീകൾ തന്നെ ശ്രദ്ധിച്ചിരുന്നു. സി വി കുഞ്ഞിരാമന്റെ ഭാര്യ പകൽസമയത്ത്‌ റൗക്കയിട്ടതിന്‌ അവരുടെ അമ്മ തല്ലിയത്‌ സദാചാരത്തിന്റെ വനിതാ പൊലീസായി സ്ത്രീകൾ പ്രവർത്തിച്ചുവെന്നതിന്‌ തെളിവാണ്‌. ഭർത്താവിനോടൊപ്പം ചിലവഴിക്കേണ്ട രാത്രികാലങ്ങളിലായിരുന്നു അവർ മാറുമറയ്ക്കാനുള്ള വസ്ത്രം ധരിച്ചിരുന്നത്‌.

മേൽക്കുപ്പായവും ആഭരണവും ധരിക്കാൻ വേണ്ടി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലത്തുതന്നെ പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്‌ ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക്‌ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു. ഉടുപ്പിടാൻ വേണ്ടി നടത്തിയ പെരിനാട്‌ കലാപവും ആ കലാപഭൂമിയിൽ വച്ച്‌ നഷ്ടപ്പെട്ടുപോയ ഗോപാലദാസും കീഴാളചരിത്രത്തിലെ പ്രധാന ഏടുകളാണ്‌. വെങ്ങാനൂരിൽ നിന്നും അയ്യങ്കാളി വില്ലുവണ്ടിയിൽ റൗക്കകളുമായി വന്നാണ്‌ പെരിനാട്‌ കലാപം വിജയകരമായി അവസാനിപ്പിച്ചത്‌.

ചേർത്തലയിലെ നങ്ങേലിയാണ്‌ മുലക്കരത്തിനെതിരെ പ്രതിഷേധിച്ച്‌ രക്തസാക്ഷിത്വം വരിച്ചത്‌. കരംപിരിക്കാൻ വന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുന്നിൽ നിലവിളക്ക്‌ കത്തിച്ചുവച്ച്‌ തൂശനിലയും ഇട്ടു. നങ്ങേലി സ്വന്തം മാറ്‌ അരിവാൾകൊണ്ട്‌ അറുത്ത്‌ ആ ഇലയിൽ വയ്ക്കുകയും പിന്നോട്ട്‌ മറിഞ്ഞുവീണ്‌ മരിക്കുകയും ചെയ്തു. അവരുടെ ഭർത്താവ്‌ കണ്ടൻ നങ്ങേലിയുടെ ചിതയിൽ ചാടി മരിച്ചു.

മനക്കേടം കേശവൻ വൈദ്യരുടെ വൈദ്യശാലയുടെ പിറകിലായിരുന്നു നങ്ങേലിയുടെ വീട്‌. കേരളചരിത്രത്തിൽ ചോരകൊണ്ടെഴുതിയ ഈ സംഭവം അവിടെയാണുണ്ടായത്‌. പിന്നീട്‌ ഈ സ്ഥലം മുലച്ചിപ്പറമ്പ്‌ എന്ന്‌ അറിയപ്പെട്ടു. 1803ൽ ആയിരുന്നു ഈ സംഭവം. നങ്ങേലിയുടെ കൊച്ചുമകൾ ലീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. മുലച്ചിപ്പറമ്പ്‌ ക്രമേണ മനോരമക്കവലയായി.

സ്ത്രീകളുടെ മാനം രക്ഷിക്കാൻ വേണ്ടി നങ്ങേലി ചെയ്ത ഈ ധീരപ്രവർത്തനത്തിന്‌ സമാനതകൾ ഇല്ല. അന്ന്‌ തിരുവിതാംകൂർ ഭരിച്ചിരുന്നത്‌ സേതു പാർവതിഭായി എന്ന സ്ത്രീയായിരുന്നിട്ടും മുലക്കരം നീക്കം ചെയ്തില്ല. ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത ഈ നികുതിയും നങ്ങേലിയുടെ രക്തസാക്ഷി
ത്വവും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂലം തിരുനാൾ രാമവർമ രാജാവാണ്‌ മുലക്കരം പിൻവലിച്ചത്‌.

സ്ത്രീശാക്തീകരണ ചരിത്രത്തിൽ ചോരച്ചിത്രമെഴുതിയ ഈ സംഭവം നടന്ന സ്ഥലത്ത്‌ നങ്ങേലിയുടെ പ്രവൃത്തിയെ ആസ്പദമാക്കിയുള്ള ശിൽപ്പം സ്ഥാപിക്കണമെന്നാണ്‌ പുരോഗമനവാദികൾ ആവശ്യപ്പെടുന്നത്‌. അഞ്ച്‌ ചതുരശ്രമീറ്റർ സ്ഥലം മാത്രമേ ഇതിനാവശ്യമായിട്ടുള്ളൂ. നങ്ങേലിയുടെ ഈ ധീരപ്രവൃത്തിയെ ടി മുരളിയെന്ന ചിത്രകാരൻ കാൻവാസിലാക്കിയിട്ടുണ്ട്‌. അതിനെ ആസ്പദമാക്കി ശിൽപ്പം നിർമിക്കാവുന്നതാണ്‌. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള എന്‍ എം ശശിയുടെ നിവേദനം സ്ഥലത്തെ നിയമസഭാംഗം കൂടിയായ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ മേശപ്പുറത്തുണ്ട്‌. സമരത്തിന്റെ തീനാളങ്ങളിലൂടെ നടന്നുവന്ന മന്ത്രി അനുകൂലമായി പരിഗണിക്കുമെന്നുതന്നെ കരുതുന്നു.

നങ്ങേലിക്ക്‌ സ്മാരകം വേണമെന്ന ആവശ്യത്തിന്‌ നവമാധ്യമങ്ങളിൽ വലിയ സ്വീകാ
ര്യത ലഭിച്ചിട്ടുണ്ട്‌. ഒറ്റദിവസം കൊണ്ടുതന്നെ ആയിരത്തോളം ആളുകൾ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ ലൈക്ക്‌ ചെയ്യുകയും നാനൂറിലധികം ആളുകൾ സ്വന്തം പേജുകളിലേയ്ക്ക്‌ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. അഭിമാനികളായ മലയാളികൾ നങ്ങേലിയോട്‌ കടപ്പെട്ടിരിക്കുന്നു.

Sunday 11 September 2016

ഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രമല്ല


ഗുരുമന്ദിരത്തെ ക്ഷേത്രമായി കാണാനാവില്ലെന്ന്‌ കേരള ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നു. നാരായണഗുരു സാമൂഹികപരിഷ്കർത്താവും വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തയാളുമാണെന്നും ദൈവത്തിന്റെ അവതാരമല്ലെന്നുമുള്ള മുൻ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.ആലപ്പുഴ ജില്ലയിലെ കരുമാടിയിലെ നാലു സെന്റ്‌ വസ്തു ലേലത്തിൽ പിടിച്ചവർക്ക്‌ വിട്ടുകൊടുക്കണം എന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌ ഹൈക്കോടതി ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടുള്ളത്‌.

ഭാവികേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വഴിവികസനതടസം നാരായണഗുരു ക്ഷേത്രങ്ങളായിരിക്കും. ഒരു സാധാരണ ഹിന്ദുക്ഷേത്രത്തിന്റെ എല്ലാ പകിട്ടുകളോടും കൂടിയാണ്‌ ഗുരുക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്‌. അമാനുഷികമായ ഒരു കഴിവും ഇല്ലാതിരുന്ന, മലയാളത്തിലെ പ്രമുഖ ബഹുഭാഷാകവിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു നാരായണഗുരു. ഗുരുവിനെത്തന്നെ ദൈവമാക്കി സാധാരണ ഹിന്ദുക്ഷേത്രങ്ങളിലെ വഴിപാടുകളും നേർച്ചപ്പെട്ടിയും സ്ഥാപിച്ച്‌ അദ്ദേഹത്തെ നിന്ദിക്കുകയാണല്ലോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന്‌ ഉദ്ഘോഷിച്ച അദ്ദേഹത്തിന്റെ അനുയായികൾ എന്ന്‌ അവകാശപ്പെടുന്നവർ നമ്പൂതിരി മുതൽ നായാടിവരെയുള്ളവരെ ജാതീയമായി സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ ഏറ്റവും വലിയ ഗുരുനിന്ദ ആയിരുന്നു. അവർ തന്നെയാണ്‌ ഗുരുക്ഷേത്രങ്ങളുണ്ടാക്കി അവിടെ ചതയദിന പൂജയും മറ്റും ഏർപ്പെടുത്തിയിട്ടുള്ളത്‌.

പൊതുവഴികൾക്കരികിലുള്ള ക്ഷേത്രങ്ങൾ ഒഴിവാക്കണമെന്ന സുപ്രിം കോടതിയുടെ നിർദേശം പോലും പാലിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല. എത്ര വഴികളാണ്‌ പുറമ്പോക്കു ദൈവങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ അടയപ്പെട്ടിരിക്കുന്നത്‌. തലസ്ഥാന നഗരിയിലെ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ ഹാളിനടുത്തുള്ള ഒരൊറ്റ ക്ഷേത്രം മാറ്റിസ്ഥാപിച്ചാൽ പ്രധാന റോഡിലെ വലിയ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ കഴിയും. അതുപോലും സാധിക്കാത്ത കേരളത്തിലാണ്‌ വഴിയരികിൽ നാരായണഗുരു ക്ഷേത്രങ്ങൾ ഉണ്ടായിവരുന്നത്‌.

കൊല്ലം നഗരത്തിൽ കപ്പലണ്ടി മുക്കിൽ ഉണ്ടായിരുന്ന ക്ഷേത്രം മേയറുടെ ഇടപെടൽ മൂലം മാറ്റി സ്ഥാപിച്ചു. അതോടുകൂടി അവിടെ വലിയ വികസനമാണ്‌ ഉണ്ടായത്‌. കടുംപിടുത്തം ഉപേക്ഷിച്ച്‌ ക്ഷേത്രം മാറ്റാൻ തയാറായ ക്ഷേത്രഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നു.

1917 ൽ നാരായണഗുരു നൽകിയ സന്ദേശത്തിൽ ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്‌ എന്ന്‌ കൃത്യമായും പറഞ്ഞിട്ടുണ്ട്‌. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന്‌ കരുതിയിരുന്നുവെന്നും അനുഭവം നേരേമറിച്ചാണെന്നും ആ സന്ദേശത്തിലുണ്ട്‌. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നുവെന്ന്‌ ഈ സന്ദേശത്തിൽ നാരായണഗുരു നിരീക്ഷിക്കുന്നു. ജനങ്ങൾക്ക്‌ നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ നിർമിച്ചുകൊള്ളാൻ അദ്ദേഹം അനുവദിക്കുന്നുമുണ്ട്‌. അങ്ങനെയാണെങ്കിൽ നാരായണഗുരുവിന്റെ അനുയായികൾ എന്നു പറഞ്ഞുനടക്കുന്നവർ നേതൃത്വം കൊടുക്കുന്ന വമ്പൻ അമ്പലങ്ങളെ എങ്ങനെയാണ്‌ സാധൂകരിക്കാൻ കഴിയുക!

ക്ഷേത്രങ്ങളുണ്ടാക്കി അതിൽ തന്റെ പ്രതിമതന്നെ സ്ഥാപിച്ച്‌ കർപ്പൂരം കൊളുത്തി പൂജിക്കണമെന്ന്‌ അടുത്ത അനുയായികളോടുപോലും ഗുരുപറഞ്ഞിട്ടില്ല. നാരായണഗുരു കണ്ടിട്ടുള്ള ഒറ്റ പ്രതിമയേ അദ്ദേഹത്തിന്റേതായി കേരളത്തിലുള്ളു. അത്‌ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്രതിമയാണ്‌. ആ പ്രതിമ കണ്ടപ്പോൾ സരസനായ ഗുരു പറഞ്ഞത്‌, ഇത്‌ കൊള്ളാമല്ലോ ആഹാരമൊന്നും വേണ്ടല്ലോ എന്നായിരുന്നു. പ്രതിമാ നിർമാണത്തെ നർമബോധത്തോടെ കണ്ട ഗുരുവിനെയാണ്‌ ഇപ്പോൾ ദൈവമാക്കിയിരിക്കുന്നത്‌.

ക്ഷേത്രങ്ങൾക്ക്‌ പകരം വിദ്യാലയങ്ങളാണ്‌ ഉണ്ടാക്കേണ്ടത്‌. മനുഷ്യനെ നന്നാക്കാനുള്ള മരുന്ന്‌ അറിവുമാത്രമാണെന്ന്‌ പറഞ്ഞ നാരായണഗുരുവിന്റെ അനുയായികൾ സ്വന്തം പേരിൽ വമ്പൻ ഫീസു വാങ്ങുന്ന ഹൈടെക്‌ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതാണല്ലോ പിൽക്കാലത്ത്‌ കേരളം കണ്ടത്‌. നാരായണഗുരുവിന്റെ സങ്കൽപത്തിൽ കോഴപ്പള്ളിക്കൂടങ്ങൾ ഇല്ലായിരുന്നു.

ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ ജാതിയും മതവും ദൈവവും മനുഷ്യന്‌ ആവശ്യമില്ലാത്തതാണെങ്കിൽ നാരായണഗുരുവിന്റെ പേരിൽ സ്ഥാപിക്കുന്ന ഗുരുക്ഷേത്രങ്ങൾക്ക്‌ അർഥമില്ലാതെയാകും.
ഗുരുക്ഷേത്രങ്ങൾ മുന്നോട്ടല്ല, പിന്നോട്ടാണ്‌ ജനങ്ങളെ നയിക്കുന്നത്‌. ഗുരുവും ശിഷ്യനും പോരാടിത്തോൽപ്പിച്ച അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കുവാനേ ഈ ക്ഷേത്രനിർമാണം ഉതകുകയുള്ളു.