മലയാളത്തിൽ കയ്യൊപ്പിട്ട മഹാകവി
------------------------------
മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിത അടിമുടി കേരളീയമാണ്.പ്രണയം, ജീവിതം, മരണം,പ്രകൃതി, രാഷ്ട്രം എന്നൊക്കെയുള്ള കള്ളികളിൽ നിന്നുകൊണ്ട് പിയുടെ കവിതയിലേക്ക് ആസ്വാദനവിമാനം പറപ്പിക്കാമെങ്കിലും അതെല്ലാം സഞ്ചരിക്കുന്നത് കേരളീയതയുടെ ആകാശത്തിലൂടെത്തന്നെയാണ്. പുഴകളെയും മലകളെയും കുറിച്ചുപറഞ്ഞാൽ കേരളീയമാവുകയില്ല. നിളാനദി, സഹ്യപർവ്വതം എന്നുതന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. നദികൾ, കായലുകൾ തുടങ്ങിയ മനോഹാരിതകൾ പേരെടുത്തുതന്നെ പറയേണ്ടതുണ്ട്. മഹാകവി പി.അതു ഭംഗിയായി നിർവഹിച്ചു.
മഹാകവി പി.കുഞ്ഞിരാമൻ നായർ, ഓണത്തെക്കുറിച്ചുമാത്രം അമ്പതോളം കവിതകളാണ് എഴുതിയിട്ടുള്ളത്. ഓണസ്പർശമുള്ള കവിതകൾക്ക് കണക്കില്ല. ഓണം മാത്രമല്ല, വിഷുവും തിരുവാതിരയും മകരക്കൊയ്ത്തും കൊച്ചിക്കായലും വള്ളംകളിയും പൂക്കളവും എഴുത്തച്ഛനും പൂന്താനവും വള്ളത്തോളും കുമാരനാശാനും ചങ്ങമ്പുഴയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ശ്രീ നാരായണഗുരുവും അബ്ദുൽ റഹ്മാൻ സാഹിബും കേളപ്പനും പുന്നശ്ശേരി നമ്പിയും എ ഡി ഹരിശർമ്മയും മൂർക്കോത്ത് കുമാരനും കുറ്റിപ്പുറത്ത് കേശവൻ നായരും സഞ്ജയനും ജാലവിദ്യക്കാരൻ വാഴക്കുന്നവും കുറൂരമ്മയും അടക്കം തലങ്ങും വിലങ്ങും കേരളീയമാണ് പി യുടെ കാവ്യനിരീക്ഷണങ്ങൾ. കേരളത്തിനു പുറത്തേക്ക് കണ്ണുപായിച്ചപ്പൊഴെല്ലാം അദ്ദേഹം കേരളത്തിലെ ഏതെങ്കിലും പുഴയോരത്തു നിൽക്കുകയായിരുന്നു.അതെ ചന്ദ്രഗിരി മുതൽ നെയ്യാർ വരെയുള്ള എല്ലാ പുഴകളും മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ഉറ്റബന്ധുക്കൾ ആയിരുന്നു.
മാതൃഭാഷയുടെ മഹത്ത്വം ഉയർത്തിപ്പിടിച്ച മഹാകവി മറുനാടൻ ഭാഷകളെ വിരുന്നുകാരികളായിട്ടാണു കണ്ടത്. മാതൃഭാഷ വീട്ടമ്മയും. വിരുന്നുകാരികൾക്ക് മുറ്റമടിക്കേണ്ട ഗതികേടിലെത്തിയ മാതൃഭാഷയെന്ന വീട്ടമ്മയെകുറിച്ച് മഹാകവി രോഷാകുലൻ ആകുന്നുണ്ട്.കയ്യൊപ്പുപോലും മലയാളത്തിലിട്ട തനി കേരളീയനായിരുന്നു അദ്ദേഹം. ഒപ്പിടേണ്ടിവരുന്ന ചെറുക്ലാസ്സുകളിൽ മലയാളം പാടില്ലെന്നൊരു ബോധംതന്നെ കുട്ടികളിൽ സൃഷ്ടിക്കാൻ കേരളീയസമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെയുള്ള ചില ചെറുത്തുനിൽപ്പ് ബോധവൽക്കരണങ്ങൾ ചിലയിടങ്ങളിൽ നടക്കുന്നുമുണ്ട്. എന്നാൽ മഹാകവിക്ക് അക്കാര്യത്തിൽ ലേശവും സംശയവും ഉണ്ടായില്ല.
കേരളീയ ഗ്രാമവും കൃഷിയും കൃഷിക്കാരനും കേരളസംസ്ക്കാരമെന്ന ചെന്തെങ്ങിൻ കരിക്കും മഹാകവി മനസ്സിൽ സൂക്ഷിച്ചു. ആ വികാരം വരുംതലമുറയ്ക്ക് പകരാനും അദ്ദേഹത്തിന് കഴിഞ്ഞു. റഷ്യയെയും ചീനയെയും നോക്കി, സ്വന്തസംസ്ക്കാരം തിളയ്ക്കുന്ന ഭാഷയാലാണ് അവർ ചിന്തകൾ കൊയ്തേറ്റിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തെ കുറിച്ച് അഭിമാനം കൊണ്ടകവി എപ്പോഴും കേരളീയതയിൽ കാലൂന്നി നിൽക്കുകയായിരുന്നു.
കേരളീയത വിവിധ ഭാവങ്ങളിൽ മഹാകവിയുടെ രചനകളിൽ ഇഴയൊരുക്കുന്നുണ്ട്. പ്രാണനും പ്രാണനാമോണപ്പൂവ്, കേരള കർഷകഗ്രാമം, പച്ചസ്സാരിയുടുത്ത വയൽ, ചിങ്ങപ്പൊൻവെയിൽ നാളങ്ങൾ, മഞ്ഞ പിഴിഞ്ഞ ഓണപ്പുടവ, പ്രാണനിൽ തേൻ തുടിക്കാൻ വരുന്ന ഓണനാളുകൾ, ജാലകത്തിൽ വന്ന ഓണനിലാവ്, ഇങ്ങനെ നീളുന്നതാണ് മഹാകവിയുടെ കേരളസ്പർശം.
ഇതിനുമപ്പുറം കേരളീയത മുഖ്യവിഷയമാകുന്ന അമ്പതിലേറെ കവിതകൾ മഹാകവി പി കുഞ്ഞിരാമൻ നായർ എഴുതിയിട്ടുണ്ട്. നഗ്നകേരളം എന്ന കവിത, ഇന്ത്യയേയും കേരളത്തേയും വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ്. കേരളീയതയുടെ അപചയങ്ങളിൽ ദുഃഖിക്കുകയും ഉൽക്കർഷങ്ങളിൽ സന്തോഷിക്കുകയും ചെയ്ത കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. ഇന്ത്യൻ ദേശീയതയിൽ എത്രത്തോളം കേരളീയതയുണ്ട്? മദ്രാസികളെന്നും ലുങ്കിവാലകളെന്നുംവിളിച്ച് പരിഹസിക്കുന്നവർക്ക് അതു തിരിച്ചറിയാൻ കഴിയില്ല. മനസ്സിലാക്കാനുള്ള സന്നദ്ധതയില്ലാത്തവർക്കും കണ്ണടച്ച് ഇരുട്ടാക്കുന്നവർക്കുമുള്ള അഭയഗുഹയാണ് പരിഹാസം. ദേശീയതയിൽ അടിയുറച്ചു നിന്നുകൊണ്ടുതന്നെ കേരളീയതയുടെ മഹിമയും മഹാബലിത്വവും ഉയർത്തിപ്പിടിക്കാൻ നമുക്ക് മഹാകവി പിയെ മാതൃകയാക്കാവുന്നതാണ്.
- കുരീപ്പുഴ ശ്രീകുമാർ