Tuesday, 24 February 2026

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

-----------------------------------
പതിനെട്ടാം നൂറ്റാണ്ടിലാണ്. വള്ളുവനാട്ടെ ലക്കിടിയിൽ നിന്നും ഒരു കലാസംഘം യാത്രതിരിക്കുകയാണ്. ചമയപ്പെട്ടിയും മിഴാവുമൊക്കെയായി. കൂത്താണ് കല. അവതരിപ്പിക്കേണ്ടത് തെക്ക് തെക്ക് ചെമ്പകശ്ശേരിയിലാണ്. ഇന്നത്തെ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. കലാകാരന്റെ പേരിനെക്കാൾ പ്രധാനം ജാതിയായിരുന്നു. ചാക്യാർ. അദ്ദേഹം കൂത്തുതുടങ്ങി. ഇടയ്ക്ക് മിഴാവ് കൊട്ടേണ്ടയാൾ യാത്രാക്ഷീണം കൊണ്ടാകാം  മയങ്ങിപ്പോയി. രാജാവിനെപ്പോലും പരിഹസിക്കാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നകാലം. മിഴാവിനു പിന്നിൽ മയങ്ങിയിരിക്കുന്ന നമ്പ്യാർ പരിഹസിക്കപ്പെടുകയും കൂത്തുകാരന്റെ കുത്തേറ്റു പുറത്താവുകയും ചെയ്തു. അദ്ദേഹം കല്യാണസൗഗന്ധികം എഴുതിയുണ്ടാക്കി. ലളിതവേഷധാരിയായി അമ്പലത്തിനു പുറത്ത് തുള്ളൽ എന്ന പുതിയ കലാരൂപം അരങ്ങേറി. അതോടെ കൂത്തിന്റെ ആപ്പീസുപൂട്ടി. മ്യൂസിയത്തിൽ ഒതുങ്ങി. ശീതനും പറയനും ഓട്ടനും കേരളത്തിന്റെ കളിത്തട്ടുകൾ അടക്കിഭരിച്ചു. കുഞ്ചൻനമ്പ്യാരുടെ മരണശേഷവും ആ കലാരൂപം കേരളത്തിലും പുറംനാടുകളിലെ മലയാളി സമൂഹങ്ങളിലും ജീവിതം നേടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും ഓട്ടൻതുള്ളൽ ജനശ്രദ്ധയാകർഷിക്കുന്ന ഇനമായി.

ഇരുപതാം നൂറ്റാണ്ടിൽ,വടക്കു വടക്ക് കാഞ്ഞങ്ങാട്ട് മലബാർ രാമൻ നായർ എന്ന കലാപ്രതാപിയായ തുള്ളൽക്കാരനുണ്ടായി. പ്രധാനമന്ത്രിയും സാഹിത്യ അക്കാദമിയുടെ പ്രഥമപ്രസിഡന്റുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രശംസയ്ക്ക് അദ്ദേഹം പാത്രമായി.  ഇരുപതാം നൂറ്റാണ്ടിലെ വടക്കിന്റെ കുഞ്ചൻനമ്പ്യാരായി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പരിപാടികഴിഞ്ഞു തിരിച്ചുപോകവേ കൊല്ലത്തുവച്ച് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. 1960 ൽ ആയിരുന്നു ഈ മരണം. 

1971ൽ കൊല്ലം ജില്ലയിലെ താമരക്കുടിയിൽ കരുണാകരൻ എന്ന ഒരു ചിത്രകലാ അദ്ധ്യാപകനും കുഞ്ചൻ നമ്പ്യാർക്ക് ഉണ്ടായതുപോലെ ഒരു അപമാനം നേരിടേണ്ടിവന്നു. താമരക്കുടിയിലെ  തുള്ളൽക്കാരനായിരുന്ന ഗോപാലപിള്ളയാശാന്റെ കൂടെ ആകാശവാണിയിൽ തുള്ളലവതരിപ്പിക്കാൻ പക്കമേളക്കാരനായി കരുണാകരനും പോയി. മൃദംഗമായിരുന്നു അദ്ദേഹത്തിന്റെ വാദ്യം. ഒരു രൂപപോലും പ്രതിഫലം കൊടുത്തില്ലെന്നു മാത്രമല്ല, ജാതിപറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. കരുണാകരൻ സ്വന്തം ജ്യേഷ്ഠന് ദക്ഷിണകൊടുത്തിട്ട് വീട്ടുമുറ്റത്ത് തുള്ളൽ അവതരിപ്പിച്ചു. മുപ്പതാം വയസ്സിലായിരുന്നു ഈ അരങ്ങേറ്റം. പിന്നീട് താമരക്കുടി മഹാദേവർക്ഷേത്രത്തിൽ വേഷഭൂഷാദികളോടെയുള്ള ആദ്യ അവതരണം. പക്കമേളക്കാരൻ ഗോപാലനായിരുന്നു ഗുരു. പിന്നെ അരനൂറ്റാണ്ടിലധികക്കാലം താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ജൈത്രയാത്രയാണ് കേരളം കണ്ടത്. കുഞ്ചൻ നമ്പ്യാർ കൃതികളെല്ലാം ഹൃദിസ്ഥം. എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണം. അയ്യായിരത്തിലധികം വേദികളിൽ മാസ്റ്ററുടെ ചിലങ്ക കിലുങ്ങി. ഹനുമാനും കുബേരനും ഗണപതിയുമെല്ലാം മാസ്റ്ററിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സദസ്സുകളെ സമ്പന്നമാക്കി. സ്കൂൾ കലോത്സവവേദികളിൽ മാസ്റ്ററുടെ ശിഷ്യർ ആസ്വാദകരെ അമ്പരപ്പിച്ചു. ഉത്സവപ്പറമ്പുകളും മറ്റുവേദികളും മാസ്റ്ററുടെ നൃത്തമികവിൽ മറന്നിരുന്നു.

കരുണാകരൻ മാസ്റ്ററെ തേടി പുരസ്ക്കാരങ്ങൾ നിരയായി വന്നു. കലാമണ്ഡലം അവാർഡ്, കുഞ്ചൻനമ്പ്യാർ പുരസ്ക്കാരം, കലാമണ്ഡലം ഹൈദരലി പുരസ്ക്കാരം തുടങ്ങി നൂറിലധികം പുരസ്ക്കാരങ്ങൾ.

ഞാനദ്ദേഹത്തെ ഒടുവിൽ കണ്ടത്, പ്രവേശനോത്സവഗാനമെഴുതിയ വിദ്യാർത്ഥിനിയായ ഭദ്രഹരിയെ അനുമോദിക്കാൻ താമരക്കുടി ശിവവിലാസം സ്കൂളിൽ ചേർന്ന മീറ്റിങ്ങിൽ വച്ചാണ്. കൗമാരകവിയെ അനുമോദിക്കാൻ ഒരു തുള്ളൽക്കവിതയുമായാണ് വാത്സല്യനിധിയായ മാസ്റ്റർ എത്തിയത്. ഭദ്രഹരിയെ അകമഴിഞ്ഞു അനുമോദിക്കാൻ തെക്കിന്റെ കുഞ്ചൻനമ്പ്യാരായ കരുണാകരൻ മാസ്റ്റർ ഒട്ടും പിശുക്ക് കാട്ടിയില്ല. വാർദ്ധക്യത്തെ മറന്നുകൊണ്ട്, യോഗം അവസാനിച്ച നട്ടുച്ചവരെ മാസ്റ്റർ വേദിയിലിരുന്നു.

താമരക്കുടി കരുണാകരൻ മാസ്റ്റർ ജീവിതത്തിന്റെ വേദിയിൽ നിന്നും വിടവാങ്ങി. തുള്ളൽക്കലയുടെ പ്രചാരകനും ഗുരുവുമായ മാസ്റ്റർ, മലയാളികളുടെ സ്മരണയിലേക്ക് കുഞ്ചൻനമ്പ്യാർക്കൊപ്പം ഇരിപ്പുറപ്പിച്ചു. 



No comments:

Post a Comment