Thursday 29 June 2017

രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും


രാഷ്ട്രീയ പ്രവർത്തനം മഹത്തായ ഒരു ജീവിതരീതിയാണ്‌. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകികളാണ്‌ നല്ല രാഷ്ട്രീയ പ്രവർത്തകർ. മഹാത്മാഗാന്ധി, ലെനിൻ, ഹോച്ചിമിൻ, മാവോസേത്തുങ്ങ്‌ തുടങ്ങിയവരെ ലോകം ആദരിക്കുന്നത്‌ അവർ രാഷ്ട്രീയ പ്രവർത്തകരായിരുന്നതുകൊണ്ടാണ്‌. മഹാത്മാഗാന്ധിക്കാകട്ടെ, തന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി രക്തസാക്ഷിയും ആകേണ്ടിവന്നു.

ഉന്നതദർശനവും മൂല്യബോധവും വച്ചുപുലർത്തേണ്ട രാഷ്ട്രീയ നേതാക്കൾ ആൾദൈവങ്ങളുടെ ശിഷ്യന്മാരാകുന്നത്‌ ഒട്ടും അഭികാമ്യമല്ല. ശാസ്ത്രപ്രതിഭയായിരുന്ന രാഷ്ട്രപതി എംപിജെ അബ്ദുൾ കലാം ഒരു ആൾദൈവത്തിനെ കാണാൻ ചെന്നപ്പോൾ അവർ പ്രായംകൂടിയ അദ്ദേഹത്തെ മോനേ എന്നാണ്‌ വിളിച്ചത്‌. അന്ന്‌ കൊല്ലം ജില്ലാ കളക്ടറായിരുന്ന ബി ശ്രീനിവാസനേയും ഈ ആൾദൈവം മോനേ എന്നു വിളിച്ചു. അങ്ങനെ വിളിക്കരുതെന്നും ഞാനീ ജില്ലയിലെ കളക്ടറാണെന്നും പറഞ്ഞ്‌ അദ്ദേഹം ആ വാത്സല്യദുഗ്ധം നിരസിക്കുകയായിരുന്നു.

ഈ ആൾദൈവം ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വ്യവസായം തുടരുന്നതാണ്‌ കേരളം കണ്ടത്‌. കച്ചവടത്തിനും ധനസമ്പാദനത്തിനുമുള്ള തന്ത്രമാണ്‌ അവർക്ക്‌ ആത്മീയത. ഇത്‌ രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയേണ്ടതാണ്‌.
പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്ന തീവണ്ടിക്ക്‌ പാലക്കാട്‌ എക്സ്പ്രസ്‌ എന്നു പേരിടുന്നതിനു പകരം അമൃതാ എക്സ്പ്രസ്‌ എന്ന്‌ പേരിട്ടതിൽ ആൾ ദൈവഭക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്ടലാക്കുകൂടി ഉണ്ടായിരുന്നല്ലോ. കേന്ദ്ര മന്ത്രിസഭയെ സ്വാധീനിക്കുന്നതിൽ വിജയിച്ച ചന്ദ്രസ്വാമിയുടെ കുതന്ത്രങ്ങൾ സുവിദിതമാണ്‌. നഗ്നസന്യാസിക്കുമുന്നിൽ കുമ്പിട്ടുനിൽക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രം അപഹാസ്യതയാണ്‌ സൃഷ്ടിക്കുന്നത്‌.

ഒരു ഇടത്തരം മജീഷ്യനായിരുന്ന സായിബാബയുടെ ഭക്തഗണത്തിൽ ന്യായാധിപന്മാർ പോലുമുണ്ടായിരുന്നു. ഭക്തിവ്യവസായികളായ ആൾദൈവങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയനേതൃത്വം മുതിരും എന്നതിൽ ഒരു സംശയവും വേണ്ട. അത്‌ ജനവിരുദ്ധമായിരിക്കുകതന്നെ ചെയ്യും. ജനങ്ങൾ അംഗീകരിച്ച്‌ ആദരിക്കുന്ന നേതാക്കളോട്‌ പ്രത്യേകിച്ച്‌ ഒരു ആദരവും ആൾദൈവങ്ങൾ കാട്ടാറില്ല. അവർ ഇരിപ്പിടത്തിൽ നിന്ന്‌ എഴുന്നേൽക്കുകയില്ല. കൈമുത്തേണ്ടവർ അടുത്ത്‌ മുട്ടുകുത്തിയിരുന്ന മുത്തി ആശീർവദിക്കപ്പെടുകയേ മാർഗമുള്ളു.

എല്ലാ ആൾദൈവങ്ങളും ഏതെങ്കിലും മതത്തിന്റെ വക്താവോ സ്വന്തം മതസ്രഷ്ടാവോ ആയിരിക്കും. കോടികളുടെ സമ്പാദ്യമാണ്‌ ഇവർക്ക്‌ ഉള്ളത്‌. രാഷ്ട്രീയ നേതാക്കന്മാർ ആൾദൈവങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്നത്‌ അനുഗ്രഹിക്കപ്പെടാനല്ല. അനുയായികളുടെ വോട്ടു പ്രതീക്ഷിച്ചാണ്‌. അതിനുവേണ്ടി അധികാരത്തിലെത്തുന്നവർ നടത്തുന്ന ആൾദൈവ പ്രീണനങ്ങൾ രാഷ്ട്രനന്മയ്ക്ക്‌ വിരുദ്ധമായിരിക്കും. പഞ്ചാബിലെ ആത്മീയാചാര്യനെ വളർത്തിയെടുത്തവർക്ക്‌ സുവർണക്ഷേത്രത്തിൽ കയറി വെടിവച്ചു കൊല്ലേണ്ടിവന്നതും ഒടുവിൽ വെടിയേറ്റു മരിക്കേണ്ടിവന്നതും ഞെട്ടലോടുകൂടി മാത്രമേ ഇന്ത്യക്ക്‌ ഓർമിക്കാൻ കഴിയൂ. ആൾദൈവ പ്രീണനം തീർത്തും ഒഴിവാക്കിയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പിൻഗാമികളാകുവാനുള്ള യോഗ്യത ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം എന്നേ ഒഴിവാക്കി.

ഓരോ ദിവസവും രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചുവരുന്നതായാണ്‌ നമ്മൾ കാണുന്നത്‌. കാഞ്ചിയിലെ ശങ്കരാചാര്യരെ ചെന്നുകാണുന്നതിനു പകരം അറസ്റ്റ്‌ ചെയ്തു കൽത്തുറുങ്കിലടച്ച ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ ശോഭ ചരിത്രത്തിൽ ഒറ്റപ്പെട്ടതായിരിക്കും.


Saturday 24 June 2017

കൃഷി


പതിനാലുകാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
സ്കൂളില്‍ പോണം.

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
ട്യൂഷനു പോണം

മതങ്ങളും കോടതികളും
മീശപിരിച്ചു
വയലിനോടു ചോദിച്ചിട്ടു വേണോ
കൃഷിയിറക്കാന്‍!

വിവാഹമഹോത്സവം


നഗരത്തില്‍
ധനികരുടെ
വിവാഹമഹോത്സവം.

വധു
ആഭരണശാല
വരന്‍
പട്ടാംബരധാരി.

കര്‍മ്മിയോ
കാവി പുതച്ച
സന്യാസിപ്പൂച്ച.

ഹാരം പകരും മുന്‍പ്
മൈക്കിലൂടെ
സൗമ്യഭാഷണം.

- ഇനി
കന്യാദാനം.
ആശീര്‍വദിക്കുക-

വധു ഒന്ന് ഊറിച്ചിരിച്ചു
വരന്‍റെ മുഖത്ത് ആശ്വാസം
കന്യകനെന്നു
പറഞ്ഞില്ലല്ലോ.

കാര്യമറിഞ്ഞ
കരിങ്കുഴലുകള്‍
അടിച്ചുപൊളിച്ചു.

പെപ്പേപെപ്പേപെപ്പേ
പേപെപെപെപ്പേപെപ്പേ,,,


കല്ല്യാണം

 
മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറി വിട്ട്
കാറ്റുകൊള്ളാനിരുന്നപ്പോള്‍ 
കടല്‍ പറഞ്ഞു.

ഇത്രേമൊക്കെയായില്ലേ 
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.
ക്യാഷും കാറും 
ജാതിയും ജാതകവും 
നോക്കാതെയോ?

കടലമ്മേ കടലമ്മേ 
കളിയല്ല കല്ല്യാണം.

മാര്യേജ് ബ്യൂറോ


പള്ളിക്കല്യാണം.
ആകാശത്തേക്കു നോക്കി
പുരോഹിതന്‍ പറഞ്ഞു.

വധൂവരന്മാരെ
കണ്ടെത്തിയതും
കൂട്ടിച്ചേര്‍ത്തതും
ദൈവമാകുന്നു.

പിന്‍നിരയിലിരുന്ന്
ഒരാള്‍ ഊറിച്ചിരിച്ചു
മാര്യേജ് ബ്യൂറോ നടത്തുന്ന
ജോര്‍ജുകുട്ടിച്ചായന്‍.

ഗുവാഹട്ടി എക്സ്പ്രസ്


കൃത്യസമയം പാലിക്കുന്നു
ഗുവാഹട്ടി എക്സ്പ്രസ്.
അതിനാലിന്ന്
ഗണപതിയുടെ കല്ല്യാണം.

സത്യം തേടിപ്പോയ ഗണപതി
റയില്‍വേ സ്റ്റേഷനില്‍ നിന്നും
തുമ്പി ചുരുട്ടി തുമ്പിച്ചു വന്നു.

കൃത്യസമയം തന്നെ.
ഒരു ദിവസം
വൈകിയെന്നേയുള്ളൂ.

Friday 23 June 2017

വിധവന്‍


വിധവയെ കാണാന്‍
നിലാവു വന്നു
കഥയുമായ് പൂമണം
കൂടെ വന്നു
ഇരുളിന്‍റെ കമ്പിയില്‍
രാക്കിളിക്കൂട്ടങ്ങള്‍
നുണയുടെ തിരക്കഥ
നെയ്തിരുന്നു.

വിധവയെ കേള്‍ക്കുവാന്‍
കാറ്റു വന്നു
വിധവന്റെ നെടുവീര്‍പ്പി-
ലേറി വന്നു
ഒരു തിരിച്ചറിവിന്‍റെ സാക്ഷിയായി
പുരയില്‍ ശലഭങ്ങള്‍
കാത്തിരുന്നു.

വിധവയുടെ നെഞ്ചിലെ
പിഞ്ചുകുഞ്ഞ്
പുരുഷന്‍റെ താരാട്ടു
കേട്ടുറങ്ങി.

പുതിയ സായാഹ്നത്തില്‍
കടലോരത്ത്
ഇരു കുടുംബങ്ങളും
ചേര്‍ന്നിരുന്നു.

വിധവന്‍ സഭാര്യനായ്
സന്തുഷ്ടനായ്‌
വിധവ സനാഥയായ്
സംതൃപ്തയായ്.

തിരകളില്‍ നുരകളില്‍
മുങ്ങി നീര്‍ന്നു
വിധിയുടെ ചീഞ്ഞ
മൃതശരീരം.


Monday 19 June 2017

പെണ്‍പതാക


അടിമപ്പെണ്ണാക്കി മാറ്റിയ
മംഗലത്താലി
വലിച്ചു പൊട്ടിച്ചെറിഞ്ഞി-
ട്ടാര്‍ച്ചയെത്തുന്നേ
മനസ്സിന്‍റെ പെരുംകൊമ്പില്‍
കടിച്ച കാറ്റേ
ഇവള്‍ക്കായി മാമ്പഴങ്ങള്‍
നിരത്തേണമേ.

വയല്‍ത്തുണ്ടില്‍ പാട്ടു മിന്നിയ
പകല്‍നേരത്ത്
മുലക്കണ്ണില്‍ കയ്പുതേച്ചോ-
രമ്മയാണിവള്‍
അറയ്ക്കുള്ളില്‍ വിളക്കിന്റെ
തലകൊയ്തപ്പോള്‍
വിറച്ചും കൊണ്ടടിപ്പെട്ട
മൂര്‍ഛയാണിവള്‍
കിനാവിന്‍റെ വള്ളിതോറും
പിടിച്ച കാറ്റേ
ഇവള്‍ക്കായി പിച്ചകപ്പൂ
നിവര്‍ത്തേണമേ

അമാവാസിപ്പര്‍ദ്ദയിട്ട
പകലാണിവള്‍
മൊഴിചൊല്ലിക്കലാശിച്ച
മലര്‍ക്കൂമ്പിവള്‍
കിടാങ്ങളെ പോറ്റുവാന്‍
കൈ നീട്ടിയോളിവള്‍
ബിരിയാണിച്ചെമ്പില്‍ വീണു
പഴുത്തോളിവള്‍
അദൃശ്യ മക്കനയിട്ട
വെളുമ്പിക്കാറ്റേ
ഇവള്‍ക്കായി തെളിപാഠം
പകര്‍ത്തേണമേ

മനസ്സമ്മതം കൊടുത്ത
മാരനെക്കൊന്ന്
ഒരു വ്യാജന്‍ സ്യൂട്ടിലേറി
സമീപിച്ചപ്പോള്‍
പിതാവിന്‍റെ കനല്‍ക്കണ്ണി-
ലെരിഞ്ഞൊടുങ്ങി
ഒരു കുഞ്ഞാടായി കൂടെ
നടന്നോളിവള്‍
ഹൃദയത്തില്‍ കൂടുകൂട്ടും
തണുത്ത കാറ്റേ
ഇവള്‍ക്കായി മുകില്‍ഛത്രം
വിടര്‍ത്തേണമേ

വാളുകള്‍ തൂക്കി നില്‍ക്കുന്ന
വാകയെപ്പോലെ
വേനല്‍ തിന്നു തണല്‍പ്പായ
വിരിച്ചോളിവള്‍
മരിക്കാനായ് ഒതളങ്ങ
കടിച്ചു തുപ്പി
മരണത്തിന്‍ വിഷക്കൂട്
പൊളിച്ചോളിവള്‍
പലദേശം കണ്ടുവന്ന
കറുമ്പന്‍ കാറ്റേ
ഇവള്‍ക്കായി സുരക്ഷാവീ-
ടൊരുക്കേണമേ

ഇടംകയ്യില്‍ പെണ്‍‌പതാക
മുദ്ര സ്വാതന്ത്ര്യം
വലംകാലില്‍ കാരിരുമ്പു-
കടിച്ച ദൈന്യം
വയറ്റത്ത് ചവിട്ടേറ്റ
കരിനീലിപ്പ്
പുറത്താകെ ബീഡിത്തീയാല്‍
വരഞ്ഞൊരിന്ത്യ
വാക്കില്‍ ബ്ലെയ്ഡ്, വെളിപാട്
നോക്കിലോ തോക്ക്
നേര്‍ക്കുനേര്‍ക്ക് വരുന്നോര്‍ക്ക്
പേക്കിനാച്ചോറ്.

തീരമാകെ ചീറി വന്ന
തകര്‍പ്പന്‍ കാറ്റേ
ഇവള്‍ക്കായി ചെമ്പന്‍പട്ട്
വിരിക്കേണമേ.

Thursday 15 June 2017

Mx.

മിസ്സല്ല,മിസ്സിസ്സുമല്ല
മിസ്റ്ററുമല്ലെന്റെ ചങ്ങാതി
പേടയില്‍ കലയാണ്‌
പൂവനില്‍ പിടയാണ്
പൂര്‍ണതയാണിത്‌ മിക്സ്.

ആണിന്നധീശത്വമില്ല
പെണ്ണിന്‍ വിധേയത്വമില്ല
വീട്ടുഗുഹയില്‍ കരഞ്ഞും ഭയന്നും
ഉള്ളിലെ അങ്കക്കളത്തില്‍ കിതച്ചും
സ്നേഹവും സമ്മതം ചൊല്ലലും പൂക്കുന്ന
ശീതളച്ഛായകള്‍ തേടി
മല്ലികപ്പൂവായ് വിടര്‍ന്ന, തീ മിക്സ്.

കാമന്റെ മുന്നിലും
മാമന്റെ പിന്നിലും
കുണ്ടനിടവഴിതോറും കുനിയാതെ
ആണിനും പെണ്ണിനുമപ്പുറത്തായൊരു
ധീരപതാകയായ് പാറുമീ മിക്സ്.

നോവുണ്ട്,രോഗങ്ങളുണ്ട്
ദാഹം,വിശപ്പ്‌,ഭയം
അനാരോഗ്യം
മോഹമഹാനദി പായും മനസ്സ്
ഏതൊരാള്‍ക്കും ഒപ്പമാകുന്നു മിക്സ്.

നെറ്റിയിലൊന്നു ചുംബിച്ചു ഞാനെന്‍റെ
മുദ്രകള്‍ പങ്കു വെക്കുന്നു
മിക്സിന്റെ ജീവിതയുദ്ധത്തിലെന്റെ
പട്ടണം തീ പിടിക്കട്ടെ.

Wednesday 14 June 2017

കണ്ടവരുണ്ടോ?

കണ്ടവരുണ്ടോ നിലാവിനെ
പാവത്തി,
ഉണ്ടായിരിക്കാം ഭയന്നും പകച്ചും
കണ്ടുപിടിച്ചെന്നു വേർത്തും വിയർത്തും
രണ്ടും കഴിച്ച് മുകിൽപ്പൊന്തക്കുള്ളിൽ

ക്രൂരവെളിച്ചം സ്രവിക്കും നഗരമേ
കണ്ടുവോ നീ പണ്ടു നിന്നെ-
പ്പുതച്ചുമ്മ വച്ച നിലാവിനെ?

നിന്നെക്കുളിപ്പിച്ചു തോർത്തി
അമ്മക്കയ്യാൽ
നുള്ളുരാസ്നാദി തിരുമ്മിയുരുമ്മി
നിന്നെയുറക്കിയുറങ്ങാതരികത്ത്
നിന്നുറക്കം തൂങ്ങി വീണ നിലാവിനെ?

കണ്ടവരുണ്ടോ സുഗന്ധിപ്പൂങ്കാറ്റിനെ?
പെൺകൊടി
ഉണ്ടായിരീക്കാം അനങ്ങാതെ മൂളാതെ
ശ്വാസം വിണ്ടാതെ മിണ്ടാതെ
കണ്ണടച്ചാകെ നിലച്ചു
പുകക്കുഴൽക്കണ്ണിൽ
പൂക്കളെയൊക്കെ മറന്ന്
ഉണ്ണാതിരിക്കുകയാവാം മനസ്സിനെ
കൊന്നു മരിച്ചു മരവിച്ച്

ചണ്ടിക്കാറ്റൂതി രസിക്കും നഗരമേ
കണ്ടുവോ നീയിളം പിച്ചകക്കാറ്റിനെ?

കണ്ടവരുണ്ടോ പച്ചവെള്ളത്തെ?
പൂച്ചക്കുട്ടി
ഉണ്ടായിരിക്കാം മുതുമുത്തിതന്നോർമ്മയിൽ
പണ്ടു ചിലച്ചു ചലിച്ച വഴികളെ
നെഞ്ചോടു ചേർത്തൊളി-
ച്ചേതോ വിദൂര ഗ്രാമത്തിലെ
കുന്നിന്റെയോരത്ത്
രാക്കണ്ണടയ്ക്കാതെ
ഒളിനഖം കാട്ടാതെ
പമ്മിപ്പതുങ്ങി-
യിരുട്ടിന്റെ ഊട്ടയിൽ
ഉണ്ടായിരിക്കാം
വീട്ടുകാരിതന്നോമന.

ഭൂഗർഭലായനിയൂറ്റിക്കുടിക്കുന്ന
ഭീകരരൂപിയാം നഗ്നനഗരമേ
നീ കണ്ടുവോ അമൃതായ വെള്ളത്തിനെ?

കണ്ടവരുണ്ടോ
കരുണയെ സത്യത്തെ
ചങ്ങാതിയെ പ്രണയത്തെ
വിശ്രാന്തിയെ
കൊമ്പത്തു കണ്ണുരസും ഇണമാനിനെ
അന്യരെ സ്നേഹിച്ചുണരും മനുഷ്യരെ?

മെഡിക്കൽ കോളജിലെ മൃതദേഹ പാഠപുസ്തകങ്ങൾ


യുക്തിബോധമുള്ള മനുഷ്യസ്നേഹികൾ പുതിയ തലമുറയ്ക്ക്‌ പഠിക്കാനായി നൽകിയ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ പ്രസിദ്ധമാണ്‌. മൃതദേഹങ്ങൾ സ്വാശ്രയ മെഡിക്കൽ കോളജിന്‌ വിറ്റതിനെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭം അവിടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌.

ഇപ്പോൾ മീഡിയവൺ ചാനൽ ലോകത്തെ അറിയിച്ച വാർത്ത മൃതദേഹങ്ങളെ അനാദരിക്കുന്നു എന്നതാണ്‌. പഠനത്തിനുപയോഗിച്ചു കഴിഞ്ഞ മൃതശരീരങ്ങൾ മാന്യമായി സംസ്കരിക്കുന്നതിന്‌ പകരം തെരുവുനായ്ക്കൾ കടിച്ചുകീറത്തക്ക വിധം ഉപേക്ഷിക്കുകയാണുണ്ടായത്‌.

മെഡിക്കൽ കോളജിൽ കൊടുത്തിട്ടുള്ള മൃതശരീരങ്ങൾ കടലിൽ ഒഴുകി വന്നതൊന്നുമല്ല. മനുഷ്യരാശിയെക്കുറിച്ച്‌ കരുതലുള്ള മഹാമനസ്കർ അവരുടെ അച്ഛനമ്മമാരുടെ ആഗ്രഹം നിറവേറ്റാനായി നൽകിയതാണ്‌. ചന്ദനമുട്ടികൾ അടുക്കി കത്തിച്ചുകളയുകയോ ഈട്ടിത്തടിയാൽ പെട്ടികൂട്ടി കുഴിച്ചിടുകയോ ചെയ്യുന്നതിന്‌ പകരം മനുഷ്യർക്ക്‌ പ്രയോജനപ്പെടട്ടെ എന്ന്‌ കരുതിയാണ്‌ മൃതശരീരങ്ങൾ നൽകിയിട്ടുള്ളത്‌.

മൃതദേഹങ്ങളെ സംബന്ധിച്ച്‌ രജിസ്റ്റർ സൂക്ഷിക്കണമെന്നും അനാട്ടമി വകുപ്പ്‌ മേധാവിയുടെ ചുമതലയിൽ പഠനാനന്തരം സംസ്കരിക്കണമെന്നും ചട്ടമുണ്ട്‌. ഇതൊന്നും പാലിക്കാതെയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പ്‌ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞത്‌.

മൃതശരീരങ്ങളോടുള്ള അനാദരവ്‌ എന്നാൽ പട്ടാളക്കാരോട്‌ ശത്രുരാജ്യം കാണിക്കുന്ന ക്രൂരത മാത്രമല്ല. ഒരു മൃതശരീരത്തേയും ആരും അനാദരിക്കരുത്‌. ശരീരത്തിന്റെ സ്വകാര്യതകളിലേക്ക്‌ ഒരാളുടെ സമ്മതമില്ലാതെ കടന്നുകയറുന്ന കുളിപ്പിക്കൽ ചടങ്ങു മുതൽ അനാദരവ്‌ ആരംഭിക്കുന്നു. മാലിന്യം നീക്കം ചെയ്യാൻ വയറ്റത്തു ചവിട്ടുന്നതും വീർത്തു തുടങ്ങുന്നതുവരെ പ്രാർഥിക്കുന്നതും അനാദരവു തന്നെയാണ്‌.

മൃതശരീരങ്ങൾ പഠനാവശ്യത്തിന്‌ വേണ്ടി ദാനം ചെയ്യുന്നതിനെ എതിർക്കുന്നത്‌ മതങ്ങളാണ്‌. പരലോകം എന്ന അബദ്ധവിശ്വാസമാണ്‌ ശാസ്ത്രവിരുദ്ധമായി പ്രവർത്തിക്കാൻ മതങ്ങളെ പ്രേരിപ്പിക്കുന്നത്‌. മതാതീതമായി ചിന്തിച്ചവരാണ്‌ സ്വന്തം മൃതശരീരം പഠിക്കാനായി നൽകണമെന്ന്‌ അവകാശികളോട്‌ പറഞ്ഞിട്ടുള്ളത്‌.

കാസർകോട്ടെ മുൻ ഇടതുപക്ഷ ലോകസഭാംഗം രാമണ്ണറെയുടെയും, സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ്‌ ഇടമറുകിന്റേയും, ഡോ. എൻ എം മുഹമ്മദാലിയുടേയും, ഫാദർ അലോഷ്യസ്‌ ഫെർണാണ്ടസിന്റേയും, ക്യാപ്റ്റൻ ലക്ഷ്മിയുടേയും, ഡോ. എ ടി കോവൂരിന്റെയും തെരുവത്ത്‌ രാമന്റേയും മറ്റും ശരീരദാനം മാതൃകാപരം ആയിരുന്നു.

അത്തരം വലിയ മനുഷ്യരെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അനന്തര തലമുറയുടെ മൃതദേഹങ്ങളാണ്‌ അപമാനിക്കപ്പെട്ടിരിക്കുന്നത്‌. സാക്ഷര കേരളത്തിന്റെ മുഖത്ത്‌ പറ്റിയ മാലിന്യമായിപോയി ഈ പ്രവൃത്തി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാൻ മന്ത്രിസഭാ തലത്തിൽ അതിവേഗ നടപടികളുണ്ടാവേണ്ടതാണ്‌.

ശരീരദാനത്തിന്‌ പേരു രജിസ്റ്റർ ചെയ്തവരുടെ ഒരു വലിയ നിര ഇന്നു കേരളത്തിലുണ്ട്‌. മൃതശരീരം പഠനത്തിന്‌ വിട്ടുകൊടുത്തവരുടെ  ബന്ധുക്കളെ മാത്രമല്ല,   സമ്മതപത്രം നൽകിയവരെക്കൂടി കോഴിക്കോട്‌ മെഡിക്കൽ കോളജിന്റെ ഈ നടപടി ഞെട്ടിച്ചിരിക്കുകയാണ്‌.

ഡോക്ടർമാരാരും മൃതദേഹം കൊടുക്കാത്തതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ വിദേശത്തു ജോലി ചെയ്യുന്ന മലയാളിയായ ഒരു ലേഡി ഡോക്ടർ പറഞ്ഞത്‌ അസ്ഥികൾ തട്ടിക്കളിച്ചാണ്‌ ഞങ്ങൾ പഠിച്ചത്‌. അതുപോലെ ഞങ്ങളുടെ അസ്ഥി മറ്റാരും തട്ടിക്കളിക്കേണ്ട എന്നു കരുതിയാണ്‌ എന്നായിരുന്നു. ഡോക്ടർമാരുടെ ഈ മനോഭാവവും മാറേണ്ടതുണ്ട്‌.

Monday 5 June 2017

പെരുങ്കള്ളൻ


രാത്രി..
കുത്തിച്ചുട് കുത്തിച്ചുടെന്നൊരു
പേപ്പക്ഷി തപ്പുകൊട്ടുമ്പോൾ
ഘോരവിശപ്പാൽ കരിഞ്ഞ പാവം കള്ളൻ
പാതയോരത്തു പമ്മുന്നു
വീടാണ്, വീടിന്നടുക്കളയിൽ വെറും
ചോറെങ്കിലും കാണുമല്ലോ
വാതിൽ തുറക്കുന്നു കള്ളൻ അടുപ്പിലെ
ചേരത്തണുപ്പിൻ മുകളിൽ
വായിൽ ചിലന്തി വല കെട്ടിവച്ചൊരു
പാവം പഴങ്കലം മാത്രം
പത്താമ്പുറം തപ്പി കിട്ടിയ തീപ്പെട്ടി
കത്തിച്ചു കൈമറയ്ക്കുള്ളിൽ
മറ്റൊരു വാതിൽ, നിലത്തു കിടക്കുന്ന-
തച്ഛനുമമ്മയുമാകാം
മക്കളാകാം രണ്ടു കുട്ടികൾ മദ്ധ്യത്തു
സ്വപ്നങ്ങളുണ്ടുറങ്ങുന്നു
കള്ളനൊരൈഡിയ കമ്മലോ മാലയോ
ഉള്ളതെല്ലാം സ്വന്തമാക്കാം
ഹോട്ടലിൽച്ചെന്നവനൽകി,വയർനിറ-
ച്ചാഹരിക്കാം യാത്രയാകാം
അച്ഛന്റെ കൈവിരൽ ശൂന്യം മക്കൾക്കില്ല
മിഞ്ചിയോ പാദസരമോ
അമ്മയെ തപ്പാൻ തുടങ്ങി, മൂക്കുത്തിയോ
പൊൻവളയോ തടഞ്ഞില്ല
എന്നാലരയിലെ നൂലിൽകരുതിയ
നാലായ് മടക്കിയ നോട്ട്
കൂരിരുൾ പോത്തുകൾ മേയുന്ന പാതയി-
ലോടിക്കിതയ്ക്കുന്നു കള്ളൻ
പാതവിളക്കിൻ വെളിച്ചത്തിൽ നിന്നയാൾ
നോട്ടു നിവർത്തിനോക്കുന്നു

നോട്ടല്ല നോട്ട് ബുക്കു കീറിയ പേപ്പറിൽ
കാട്ടുറുമ്പായ് മലയാളം

പട്ടിണി, വയ്യ ജീവിക്കുവാൻ, പോകുന്നു
ഞങ്ങൾ സ്വയം മരിക്കുന്നു
കള്ളൻ ഭയപ്പാമ്പു തീണ്ടിവിറയ്ക്കുന്നു
മുന്നിലൊരു പെരുങ്കള്ളൻ.

Thursday 1 June 2017

കേരളത്തിലെ കാവുകളും കോൺക്രീറ്റ്‌ ദൈവസൗധങ്ങളും


  യുവകലാസാഹിതിയുടെ ചടയമംഗലം മണ്ഡലം സമ്മേളനം കാഞ്ചനമാലയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന അസാധാരണ പ്രണയിനിയാണല്ലോ കാഞ്ചനമാല.

കോഴിക്കോട്‌ ജില്ലയിൽ താമസിക്കുന്ന അവർ രാവിലെ തന്നെ കൊല്ലത്തെത്തി. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടെ ജീവിതം ഹൃദിസ്ഥമാക്കിയ സ്ത്രീജനങ്ങൾ രാവിലെ മുതൽ തന്നെ അവരെ കാണാനും ഫോട്ടോയെടുക്കാനും എത്തിത്തുടങ്ങി. കരിങ്ങന്നൂർ ജങ്ങ്ഷനിൽ അവർ പങ്കെടുത്ത സമ്മേളനം സ്ത്രീസാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ നടന്ന കവിയരങ്ങിലും എഴുത്തുകാരികൾക്കായിരുന്നു പ്രാമുഖ്യം.

പ്രണയിച്ച കുറ്റത്തിന്‌ ആറ്റിൽച്ചാടി മരിക്കുകയോ തല്ലിക്കൊന്ന്‌ പുഴയിലെറിയപ്പെടുകയോ ചെയ്യുന്ന കേരളത്തിൽ ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയുടെ സാന്നിധ്യം സമാനതകളില്ലാത്തതാണ്‌.

രാവിലെ കരിങ്ങന്നൂരിലെത്തിയ കാഞ്ചനമാലയ്ക്കും കൂട്ടുകാരിക്കും ഒരു ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ടായി. അവരെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ കൊണ്ടുപോവുകയും ചെയ്തു. വൈകിട്ട്‌ കാഞ്ചനമാലയെ കണ്ടപ്പോൾ വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച്‌ അവരോട്‌ പറയുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിത്‌. ഓയൂർ മുതൽ ചെറിയവെളിനല്ലൂർ വരെയുള്ള വിശാലമായ പ്രദേശത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു വെളിനല്ലൂർ. പാറക്കൂട്ടങ്ങളിൽ നിന്ന്‌ എടുത്തുചാടി സ്വപ്നത്തിലെന്നപോലെ ചിരിക്കുന്ന ഇത്തിക്കരയാറിന്റെ തീരത്താണ്‌ ഈ ക്ഷേത്രം. ആര്യാധിനിവേശത്തിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായ ക്ഷേത്രമാകയാൽ ഇണ്ടിളയപ്പൻ എന്ന ഒരു ദ്രാവിഡ ദൈവത്തേയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്‌. കഥകളിക്ക്‌ പ്രാധാന്യമുള്ള ഇവിടെ ബാലിവിജയം ആടാൻ പാടില്ല.
കാർഷിക പ്രദേശമായിരുന്നതിനാൽ ചെറിയ കതിരുകാളകളെ കെട്ടി ചുമലിൽ വച്ച്‌ നൃത്തം ചെയ്യുമായിരുന്നു. വിപുലമായ കാളച്ചന്തയും മണൽ വാണിഭവും ദളിതരുടെ മുടിയാട്ടവും മരം കൊട്ടിയുള്ള പാട്ടും ഇസ്ലാം മതവിശ്വാസികളുടെ മത്സ്യക്കച്ചവടവും എല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരളം കാവുകളിലെ ആരാധനകളാൽ ഗ്രാമീണ ചാരുതയുള്ളതായിരുന്നു. എന്നാലിന്ന്‌ കോൺക്രീറ്റ്‌ ദൈവസൗധങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു.

പണച്ചാക്കുകളുമായി വരുന്ന ദൈവവ്യവസായികൾ ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരക്ഷേത്രങ്ങൾക്ക്‌ സിന്ധുനദീതട സംസ്കാരം മുതലുള്ള കള്ളച്ചരിത്രം ചമയ്ക്കും. വമ്പൻ പൊങ്കാലകൾ സ്പോൺസർ ചെയ്യും. നൂറു കൊമ്പനാനകളേയും ഒരു കുഴിയാനയേയും അണിനിരത്തി ഗജമേള സംഘടിപ്പിക്കും. ദൈവരൂപങ്ങളുടെ കൂറ്റൻ പ്രതീകങ്ങളുണ്ടാക്കി വൈദ്യുതി ദുർവിനിയോഗം ചെയ്യും. കിലോമീറ്ററുകൾ ചുറ്റളവിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച്‌ വിദ്യാർഥികളുടെ പഠനത്തിലുള്ള ഏകാഗ്രത നശിപ്പിക്കും. രോഗികളേയും വയോജനങ്ങളേയും ബുദ്ധിമുട്ടിക്കും. വെടിക്കെട്ടുകൾ പൊട്ടിച്ച്‌ നിരപരാധികളെ കാലപുരിക്ക്‌ അയയ്ക്കും. കുബേരപ്പിരിവ്‌ നടത്തും. ധനികര്‍, ധനികര്‍ക്കായി അന്നദാനം പോലും ഏര്‍പ്പാടാക്കും. ഇടയിലക്കാടിലും ഒണ്ടിക്കാവിലും മറ്റും കണ്ടിരുന്ന ശാന്തതയോ ശാലീനതയോ ഈ ഭക്തിവ്യവസായ കേന്ദ്രങ്ങളിൽ ഇല്ല.

സ്തൂപങ്ങളിൽ പരതിയാൽ ബുദ്ധരൂപങ്ങൾ പോലും കണ്ടെത്താവുന്ന വെളിനല്ലൂർ ക്ഷേത്രത്തിലെ സന്ദർശനം സന്തോഷകരമായിരുന്നെന്ന്‌ കാഞ്ചനമാല പറഞ്ഞപ്പോൾ പുതുമയും പഴമയും തമ്മിലുള്ള താരതമ്യത്തിലേയ്ക്കുകൂടി അവർ വിരൽചൂണ്ടുകയായിരുന്നു.ചരിത്ര സ്മാരകങ്ങള്‍ ആക്കാവുന്ന ആരാധനാലയങ്ങളില്‍ നിന്നും ആധുനിക ധനനിക്ഷേപകേന്ദ്രങ്ങളിലേക്കുള്ള ദൈവവ്യവസായികളുടെ മാറ്റം ആശങ്കാജനകമാണ്.