നാലിലാംകണ്ടത്തിലെ നെല്ലിമരങ്ങളും പള്ളിക്കരയിലെ തീവണ്ടിയും
------------------------------ ------------------------------------------------------
കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും എല്ലാം കൊടുക്കുന്ന രീതിയുള്ളതിനാൽ മിക്ക വിദ്യാലയങ്ങളിലും ചെറിയ പച്ചക്കറിത്തോട്ടങ്ങളുണ്ട്. ചില സ്കൂളുകളിൽ വലിയ പന്തലിട്ട് കോവലും പാവലും മറ്റും പടർത്തിയിട്ടുണ്ട്. വഴുതന, വെണ്ട,തക്കാളി, വിവിധയിനം മുളകുകൾ ഇവയും ഇപ്പോൾ സ്കൂൾ വളപ്പുകളിൽ കൃഷി ചെയ്യുന്നുണ്ട്. ആഹാരാവശിഷ്ടങ്ങളും പച്ചിലകളും മറ്റും ഉപയോഗിച്ച് വളവും ഉൽപ്പാദിപ്പിക്കുന്നുണ്ട്. അപൂർവ്വം സ്കൂളുകളിൽ മീൻകുളങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. കരി മീൻ കറി സഹിതമുള്ള ഉച്ചഭക്ഷണം ചില സ്കൂളുകളിലെങ്കിലും ലഭ്യമാണ്.ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് കാസർകോട് ജില്ലയിലെ നാലിലാംകണ്ടം ഗവ.യു.പി.സ്കൂളിൽ കണ്ടത്.
രക്തസാക്ഷിഗ്രാമമെന്ന് ചുവന്ന കേരളത്തിൽ അടയാളപ്പെട്ടിട്ടുള്ള കയ്യൂരിനു സമീപം സ്ഥിതിചെയ്യുന്ന നാലിലാംകണ്ടം ഗവ.യു.പി.സ്കൂളിനു അഞ്ചര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. വിദ്യാഭാസസൗകര്യങ്ങൾ തീരെയില്ലാതിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യം മാനിച്ച് ഭൂപ്രഭുവായ ജോർജ് തോമസ് കൊട്ടുകാപ്പള്ളി സൗജന്യമായി നൽകിയതാണ് ഈ സ്ഥലം. അറുപതുവർഷം മുൻപ് സ്ഥാപിക്കപ്പെട്ട ഈ സ്കൂളിന്റെ മുറ്റത്തും പരിസരത്തും, അന്നത്തെ ദീർഘദർശികളായ അദ്ധ്യാപകരും ജനങ്ങളും ചേർന്ന് അമ്പതിലധികം നെല്ലിത്തൈകൾ നട്ടു. മലയാളത്തിന്റെ പ്രിയകവി ഓ.എൻ.വിയുടെ പ്രിയവൃക്ഷമാണല്ലോ നെല്ലി. എല്ലാ നെല്ലിയും തഴച്ചുവളർന്നു. നിറയെ കായ്ച്ചു. ഇപ്പോഴാകട്ടെ അമ്പതുവയസ്സിലെറെ പ്രായമുള്ള കൂറ്റൻ നെല്ലിമരങ്ങൾ ആകാശത്ത് പച്ചപ്പന്തലൊരുക്കി കുട്ടികൾക്ക് ആശ്വാസം നൽകുന്നു. അതിഥികളെ വരവേൽക്കുന്നു. എല്ലാ നെല്ലിമരങ്ങളും സമൃദ്ധമായി കായ്ച്ചിട്ടുണ്ട്. കുട്ടികളുടെ ദിവസമായ നവമ്പർ പതിനാലാം തിയതിയാണ് വിളവെടുപ്പ്. നൂറ്റിയെൺപത് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഒരോ വിദ്യാർഥിക്കും ബാഗ് നിറയെ നെല്ലിക്കകൾ വീട്ടിൽ കൊണ്ടുപോകാം. പലവർഷങ്ങളിലും ക്വിന്റൽ കണക്കിന് നെല്ലിക്കയാണ് ലഭിച്ചിട്ടുള്ളത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അച്ചാറിനും ഇതേ നെല്ലിക്ക ഉപയോഗിക്കുന്നു. ഒരു കൃത്രിമ വളവും ചേർക്കാതെ സ്വാഭാവികമായി പ്രകൃതി സമ്മാനിക്കുന്ന ഔഷധമുത്തുകൾ. അമ്പതിലേറെ വസന്തങ്ങൾ കണ്ട ആമലകീതരുക്കൾ ആയതിനാൽ അതിലെ അമൃതഫലങ്ങൾ തുഞ്ചൻ പറമ്പിനെ ഓർമ്മിപ്പിക്കുമാറ് മധുരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്രയധികം നെല്ലിമരങ്ങളുള്ള ഒരു സ്കൂൾ കോമ്പൗണ്ട് കേരളത്തിൽ വേറെയില്ല.
നെല്ലിമരങ്ങൾ മാത്രമല്ല, മാവുകളും മുസമ്പി അടക്കമുള്ള മറ്റു ഫലവൃക്ഷങ്ങളും ഈ സ്ക്കൂൾ പരിസരത്തുണ്ട്. വിദ്യാർത്ഥികളുടെ ഭക്ഷണത്തിന് ഇവയെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സ്കൂളിലെ മറ്റൊരു കൗതുകം സ്വാഭാവിക വനമാണ്. അവിടെ കാട്ടുമരങ്ങളും പുല്ലും മറ്റു സസ്യങ്ങളും യഥേഷ്ടം വളരുന്നു. പന്നി, മുയൽ, കുറുനരി, അണ്ണാൻ, കീരി തുടങ്ങിയ ജീവികളും ഇവിടെ മനുഷ്യന്റെ വധഭീഷണി കൂടാതെ കഴിയുന്നു. പറവകൾ പേടിയില്ലാതെ ഇവിടെ ജീവിക്കുന്നു. മയിലുകൾ ധാരാളമുള്ളതിനാൽ പാമ്പുകൾ ഇവിടെ കുറവാണ്. മറ്റൊരിടം ഔഷധസസ്യങ്ങളുടെ വാസസ്ഥലമാണ്. സ്കൂളിൽ പച്ചത്തുരുത്ത് രൂപപ്പെടുത്തിയതിനുള്ള സർക്കാർ പുരസ്ക്കാരവും നാലിലാംകണ്ടം സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്. സ്കൂൾ പരിസരം ചിത്രങ്ങൾ കൊണ്ടും ശിൽപ്പങ്ങൾ കൊണ്ടും ആകർഷകമാക്കിയിട്ടുണ്ട്. ഏതാണ്ടൊരു ശാന്തിനികേതൻ അന്തരീക്ഷം ഈ സ്കൂളിനുണ്ട്. ഹെഡ് മാസ്റ്റർ മാധവൻ മാഷും മറ്റ് അദ്ധ്യാപകരും ഈ സ്കൂൾ പരിസരം ഹരിതാഭയുള്ളതാക്കി നിലനിർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മറ്റു വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസവകുപ്പും ശ്രദ്ധിക്കേണ്ടതാണ്.
പട്ടണമദ്ധ്യത്ത് വാഹനപ്പുകയേറ്റ് വിങ്ങിനിൽക്കുന്ന സ്കൂളുകളെക്കാളും നല്ലത് ഗ്രാമീണവിദ്യാലയങ്ങളാണ്. ആരോഗ്യമുള്ള പുതുതലമുറ ഗ്രാമീണവിദ്യാലയങ്ങളിൽ നിന്നാണ് വളർന്നു വരുന്നത്. നാലിലാംകണ്ടം സ്കൂളിലെ നെല്ലിമരങ്ങളോട് യാത്രചോദിച്ചിറങ്ങിയതിന്റെ അടുത്ത ദിവസമാണ് നീലേശ്വരം പള്ളിക്കര സെയ്ന്റ് ആൻസ് എ.യു.പി.സ്കൂളിൽ രവീന്ദ്രൻ നീലേശ്വരത്തിന്റെ വാക്കിലുറയുന്ന നേർക്കാഴ്ചകൾ എന്ന കാവ്യസമാഹാരം പ്രകാശിപ്പിക്കാൻ പോയത്. ഉന്നതമായ മനുഷ്യാവബോധമൂള്ള കവിതകൾ. പക്ഷേ എന്റെ മനസ്സമാധാനം കെടുത്തിയത് ആ സ്കൂൾ റെയിൽവെട്രാക്കിനു തൊട്ടടുത്താണ് എന്ന അവിശ്വസനീയമായ യാഥാർത്ഥ്യമാണ്.പിഞ്ചു കുഞ്ഞുങ്ങൾ പകൽ മുഴുവൻ കുസൃതിക്കുടുക്കകളാകുന്ന സ്കൂളിനു തൊട്ടരികിലൂടെ ഒരു സുരക്ഷാമതിലുമില്ലാതെ പാഞ്ഞുപോകുന്ന തീവണ്ടികൾ. പെരുമൺ ദുരന്തമുണ്ടാകുന്നതിനു മുൻപ് ആ റെയിൽ പാലത്തിൽ വച്ച് മരിക്കേണ്ടിവന്ന കുഞ്ഞുങ്ങൾ എന്റെ ഓർമ്മയിലേക്കെത്തി. പെരുമൺ ദുരന്തത്തിനു ശേഷമാണ് അവിടെ നടപ്പാലം ഉണ്ടാകുന്നത്. എത്രയോ വർഷമായി ഇതിങ്ങനെ തുടരുന്നു. ഒരു അപകടവും ഉണ്ടായിട്ടില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. എത്രയും വേഗം സുരക്ഷാക്രമീകരണങ്ങൾ അവിടെ ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
രണ്ടു സ്കൂളുകൾ. രണ്ടു പരിസരങ്ങൾ. ഒരുപാട് ചിന്തിപ്പിച്ച ദിവസമായിരുന്നു അത്.