Wednesday 17 October 2018

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കില്ല



ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും ഗോഗ്വാ വിളികളും ഖേദകരമാണ്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവര്‍ മിതവും സൗമ്യവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്ത്രീവിരുദ്ധര്‍ ആക്രോശങ്ങളും അട്ടഹാസങ്ങളുമായി തെരുവിലും ചാനല്‍ചര്‍ച്ചകളിലും നിറയുകയാണ്.

വാസ്തവത്തില്‍ ഉയര്‍ന്നുവരേണ്ട ചര്‍ച്ച അന്ധവിശ്വാസങ്ങള്‍ ശരിയോ തെറ്റോ എന്നുള്ളതായിരുന്നു. സാംസ്‌കാരിക കേരളം പോരാടി നേടിയ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലുള്ള ആശങ്ക ഉയര്‍ന്നുവരുന്നില്ല. അന്ധവിശ്വാസങ്ങളും യുക്തിബോധവും തമ്മിലുള്ള ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകുന്നില്ല.

അലര്‍ച്ചകളിലും ഭീഷണികളിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഖദര്‍ധാരിയായ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റേയും ഒരു സിനിമാനടന്റേയും പ്രസംഗങ്ങളായിരുന്നു. ശബരിമല ദര്‍ശനത്തിനു വരുന്ന അമ്മമാരേയും സഹോദരിമാരേയും രണ്ടായി വലിച്ചുകീറി കൊലപ്പെടുത്തണമെന്നു സിനിമാതാരത്തിന്റെ ആഹ്വാനം അദ്ദേഹം മാപ്പുപറഞ്ഞതോടെ നമുക്കു മറക്കാം. എന്നാല്‍ മുന്‍ നിയമസഭാംഗം കൂടിയായ ഖദര്‍ധാരിയുടെ പ്രസംഗം ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്നതായിരുന്നു. തിലകന്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ”ഒരു സ്ത്രീയും ശബരിമലയില്‍ പോകരുത് എന്നു ഞാന്‍ പറയുന്നില്ല. അവിടെ വരുന്ന സ്ത്രീകളെ പുലി പിടിക്കും. പുരുഷനും പിടിക്കും.” ഇതിലടങ്ങിയിരിക്കുന്ന ഭീഷണി ബലാല്‍ഭോഗത്തിന്റേതു കൂടിയാണല്ലോ.

പുരുഷന്‍ പിടിച്ചാലും പുലി പിടിക്കുകയില്ല. ശബരിമലയില്‍ മനുഷ്യരല്ലാതെ കാണുന്ന മറ്റൊരു ജീവി കഴുതകളാണ്. ഒറ്റപുലിയെപോലും ശബരിമലയിലേയ്ക്കുള്ള സഞ്ചാരവീഥിയില്‍ കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല പുലിയും മനുഷ്യനും തമ്മില്‍ കഥകളിലെങ്കിലും ഒരു സ്‌നേഹബന്ധം നിലനില്‍ക്കുന്നുണ്ട്. നാടന്‍ പാട്ടുകളില്‍ പുലി, പുലിയച്ഛനാണ്.

വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും എന്ന കവിതയില്‍ പുലി അമ്മാളുവെന്ന യുവതിയുടെ രക്ഷകയാണ്. പുലിക്കുഞ്ഞുങ്ങളെ ഓമനിച്ച അമ്മാളുവിനെ പുലി സല്‍ക്കരിക്കുകയും പുലിപ്പുറത്തുകയറി ഏഴാങ്ങളമാരുടെയും വീട്ടില്‍ കൊണ്ടുചെല്ലുകയും ചെയ്യുന്നു. ഒന്നാമത്തെ ആങ്ങളേ എന്റെ പൊന്നാങ്ങളേ ഒന്നിങ്ങുവന്നെന്നെ ഏറ്റുവാങ്ങൂ എന്ന വിലാപസ്വരം ആറ് ആങ്ങളമാരും നിരസിച്ചു. ആങ്ങളമാരുടെ സ്ത്രീവിരുദ്ധതയ്ക്ക് അവരുടെ ഭാര്യമാരായ സ്ത്രീകള്‍ തന്നെയാണ് കാരണക്കാരായത്. ഏറ്റവും ഇളയ ആങ്ങള അമ്മാളുവിനെ ഏറ്റുവാങ്ങി. യഥാസമയം അമ്മാളുവിന്റെ വിവാഹം നടത്തുമെന്നും വിവാഹത്തിന് പുലിയെക്കൂടി ക്ഷണിക്കുമെന്നുമുള്ള കരാറില്‍ പുലി അമ്മാളുവിനെ നിലത്തിറക്കികൊടുക്കുന്നു. കാക്ക ചെറുമക്കളുടെ കല്യാണം കഴിപ്പിച്ചിട്ടും അമ്മാളുവിനെ അനുയോജ്യനായ ഒരു പുരുഷന് ഏല്‍പിച്ചുകൊടുക്കുവാന്‍ ആങ്ങളമാര്‍ ശ്രദ്ധിച്ചില്ല. വളരെ കാലത്തിനുശേഷം ഒരു വൃദ്ധപുരുഷന് അമ്മാളുവിനെ നല്‍കുന്നു. പുലിയെ വിളിച്ചതുമില്ല. ആദ്യരാത്രിയില്‍, കാവല്‍ നിന്ന കൊമ്പനാനയേയും കിടിലന്‍ നായയേയും തൃണവല്‍ഗണിച്ച് പുലി അമ്മാളുവിനെ കൊണ്ടുപോയി. സ്വന്തം വനസാമ്രാജ്യത്തിലെത്തിച്ച് രക്ഷപ്പെടുത്തുന്നു.
യുവതികളുടെ ഇറച്ചിയിലോ ആര്‍ത്തവരക്തത്തിലോ പുലികള്‍ക്ക് താല്‍പര്യവുമില്ല.

ശബരിമല അയ്യപ്പന്റെ കാര്യത്തിലാണെങ്കില്‍ പുലി അയ്യപ്പനെ അനുസരിച്ച് രാജമാതാവിന് പാലുകൊടുക്കാന്‍ വരുന്നുണ്ട്. രാജമാതാവിന്റെ അസുഖം മാറാന്‍ പുലിപ്പാല് വേണമെന്നായിരുന്നല്ലോ കുബുദ്ധികളായ കൊട്ടാരം വൈദ്യന്‍മാരുടെ നിര്‍ദേശം. പുലിക്കുഞ്ഞുങ്ങളേയും കൂട്ടി ഈറ്റപ്പുലിയുടെ പുറത്ത് കയറി വരുന്ന അയ്യപ്പന്റെ കാഴ്ച പുലിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ അടയാളമാണ്.

ബലാല്‍ഭോഗകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു പുലിയും കേരളത്തിലെ ജയിലുകളിലില്ല. എന്നാല്‍ ഗോവിന്ദച്ചാമിയടക്കം നിരവധി പുരുഷന്‍മാരുണ്ടുതാനും. ചേതന  തീര്‍ഥഹള്ളി, മന്ദാക്രാന്ദ സെന്‍ തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരോട് ഹിന്ദുമത തീവ്രവാദികള്‍ ഉയര്‍ത്തിയ അതേ ഭീഷണിയാണ് പുരുഷന്‍ പിടിക്കുമെന്ന മുന്നറിയിപ്പിലൂടെ ആവര്‍ത്തിക്കപ്പെട്ടത്.

ശബരിമലയില്‍ നടക്കുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള സമരമല്ല. ദുരാചാര സംരക്ഷണ സമരമാണ്. ഹരിവരാസനം എഴുതിയത് ഒരു വനിതയാണെങ്കില്‍ അയ്യപ്പസന്നിധിയില്‍ എത്തി പ്രാര്‍ഥനാ ഗീതങ്ങളാലപിക്കുവാന്‍ വനിതകളെ അനുവദിക്കണം. വനിതകളുടെ ഒരു പ്രശ്‌നവും ശബരിമല ദര്‍ശനത്തില്‍ കൂടി പരിഹരിക്കപ്പെടുകയില്ലെങ്കിലും അവരുടെ സഞ്ചാരസ്വാതന്ത്ര്യമോ ആരാധനാ സ്വാതന്ത്ര്യമോ നിഷേധിക്കുന്നത് സംസ്‌കാര കേരളത്തിന് ചേര്‍ന്ന നടപടിയല്ല.

അണ്ഡോല്‍പാദന ശേഷിയുള്ളവരെ പ്രവേശിപ്പിക്കാതിരിക്കുവാന്‍ പറയുന്ന മറ്റൊരു ന്യായം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയെന്നതാണ്. അയ്യപ്പന്‍ മാത്രമല്ല എല്ലാ വിഗ്രഹങ്ങളും പഞ്ചലോഹമോ കല്ലോ തടിയോകൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിക്കാതെ മറ്റൊരു മാര്‍ഗവും ഈ വിഗ്രഹത്തിനില്ല.

മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് സമ്മതിക്കേണ്ടി വന്നതുപോലെ ആര്‍ത്തവം അശുദ്ധമല്ലെന്ന് ഭാവിയില്‍ വര്‍ഗീയ രാഷ്ട്രീയ കൊട്ടാരം വൈദ്യന്‍മാര്‍ക്ക് സമ്മതിക്കേണ്ടി വരും. ശബരിമല പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കേരളത്തെ പ്രാകൃതയുഗത്തിലേക്ക് നയിക്കുന്നതാണ്. ലോകത്തിനുമുന്നില്‍ അപരിഷ്‌കൃത പ്രദേശം എന്ന വിളിപ്പേരിലേക്ക് കേരളത്തെ ഇകഴ്ത്തുവാനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
(ജനയുഗം)

1 comment:

  1. അതെ ..
    'മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് സമ്മതിക്കേണ്ടി വന്നതുപോലെ ആര്‍ത്തവം അശുദ്ധമല്ലെന്ന് ഭാവിയില്‍ വര്‍ഗീയ രാഷ്ട്രീയ കൊട്ടാരം വൈദ്യന്‍മാര്‍ക്ക് സമ്മതിക്കേണ്ടി വരും. ശബരിമല പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കേരളത്തെ പ്രാകൃതയുഗത്തിലേക്ക് നയിക്കുന്നതാണ്. ലോകത്തിനുമുന്നില്‍ അപരിഷ്‌കൃത പ്രദേശം എന്ന വിളിപ്പേരിലേക്ക് കേരളത്തെ ഇകഴ്ത്തുവാനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്...!'

    ReplyDelete