കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്‍റെ മനോഹരമായ തീരത്ത് ഒരു ക്ഷേത്രമുണ്ട്. ഇരുപത്തെട്ടാം ഓണ ദിവസം അവിടെ ഒരു പ്രത്യേക നേര്‍ച്ചയുണ്ട്. ഉരുള്‍നേര്‍ച്ച. കന്നുകാലികള്‍ക്കു വേണ്ടിയാണ് ഈ നേര്‍ച്ച അര്‍പ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് അവിടെ പോകുന്നത് ആഹ്ളാദകരമായ ഒരു അനുഭവം ആയിരുന്നു.
ആ ദിവസം പെരുമഴയുണ്ടാകും. അവിടെ നിന്നും വാങ്ങാന്‍ കഴിയുന്ന രണ്ട് വസ്തുക്കള്‍, കമ്പിളിനാരങ്ങയും ഗഞ്ചിറയുമായിരുന്നു. ഫുട്‌ബോളിന്‍റെ വലിപ്പമുള്ള പച്ചകമ്പിളി നാരങ്ങ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അതിനുള്ളിലെ വലിയ അല്ലികളിലെ മധുരം മറക്കാനാകാത്തത്. ഭജനയ്ക്കും കരടികളിക്കുമാണ് ഗഞ്ചിറ ഉപയോഗിച്ചിരുന്നത്.
കൊല്ലം നഗരത്തില്‍ നിന്നുപോലും ധാരാളം ആളുകള്‍ ഉരുള്‍നേര്‍ച്ചയ്ക്ക് എത്തുമായിരുന്നു. യാത്രികരുടെ ആധിക്യംമൂലം അഷ്ടമുടിക്കായലില്‍ ബോട്ടു മുങ്ങി മരണം പോലുമുണ്ടായിട്ടുണ്ട്. അക്കാലത്ത് അഷ്ടമുടിക്കായലിന്റെ പരിസരപ്രദേശം എള്ളും നെല്ലും കൃഷി ചെയ്യുന്ന വയലുകളാല്‍ സമൃദ്ധമായിരുന്നു. മിക്ക വീടുകളിലും കാലിത്തൊഴുത്ത് ഉണ്ടായിരുന്നു.
കന്നുകാലി സമ്പത്തിനാല്‍ സമൃദ്ധമായ ഒരു പ്രദേശം. കന്നുകാലികളുടെ ആരോഗ്യവും ആയുസും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഔഷധ പ്രയോഗത്തിനോടൊപ്പം ഉരുള്‍നേര്‍ച്ചയും നടത്തിയിരുന്നത്.
പരമഭക്തിയോടെ നടത്തിയ ഈ ശയനവഴിപാടിന് ശേഷമുള്ള പുതിയ കാലം ഞെട്ടിപ്പിക്കുന്നതാണ്. കൃഷി പൂര്‍ണമായും ഇല്ലാതായി. എള്ളും നെല്ലുമെല്ലാം നാടന്‍പാട്ടില്‍ അവശേഷിച്ചു. കന്നുകാലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചായയുണ്ടാക്കാനുള്ള പാല്‍ വാങ്ങാനായി ജനങ്ങള്‍ മില്‍ക്ക് ബൂത്തുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നു. കാലിത്തൊഴുത്തുകള്‍ പ്ലേ സ്‌കൂളുകളായി ആധുനികവല്‍ക്കരിക്കപ്പെട്ടു. ശയനപ്രദക്ഷിണംകൊണ്ട് കന്നുകാലികള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു മെച്ചവും ഉണ്ടായില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ കെ പി രാമനുണ്ണി ഒരു ക്ഷേത്രത്തില്‍ നടത്തിയ ശയന പ്രദക്ഷിണത്തിന് മറ്റൊരു മാനമുണ്ട്. സ്വന്തം കന്നുകാലികള്‍ക്കു വേണ്ടിയും സ്വന്തം കാര്യങ്ങള്‍ നേടുന്നതിനുംവേണ്ടിയാണ് ഭക്തജനങ്ങള്‍ ഉരുള്‍നേര്‍ച്ച നടത്തുന്നതെങ്കില്‍ രാമനുണ്ണി ഇന്ത്യയെ ഞെട്ടിപ്പിച്ച ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് എല്ലാ ഹിന്ദു മതാചാരങ്ങളും അനുഷ്ഠിച്ചുകൊണ്ട് ശയനപ്രദക്ഷിണം നടത്തിയത്. കശ്മീരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് എട്ട് വയസുള്ള ഒരു ബാലികയെ എട്ട് പുരുഷ കാപാലികര്‍ ചേര്‍ന്ന് ബലാല്‍ഭോഗം ചെയ്ത് കൊന്നതാണ് ഈ ഉരുള്‍നേര്‍ച്ചക്ക് കാരണമായ സംഭവം. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഈ ഉരുള്‍സമരത്തിനെതിരെയും രംഗത്തിറങ്ങിയിരുന്നു.
ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് സാമൂഹ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ ബോധവല്‍ക്കരണമോ പരിഹാരമോ സംഭവിക്കുമോ. പ്രസ്തുത ക്രൂരകൃത്യത്തിനു സാക്ഷി നിന്ന കശ്മീര്‍ ക്ഷേത്രത്തിലെ ദൈവത്തിന്റെയെങ്കിലും കണ്ണുതുറപ്പിക്കാന്‍ ഇതിനു കഴിയുമോ?
പാചകവാതകത്തിനു വില കൂട്ടുമ്പോള്‍ വീട്ടമ്മമാര്‍ തെരുവില്‍ ചെന്ന് പൊങ്കാലയിടുന്നത് ഒരു സമരമാര്‍ഗമാണ്. എന്നാല്‍ ഈ ആശയമുന്നയിച്ചുകൊണ്ട് ചക്കുളത്തുകാവിലോ ആറ്റുകാലിലോ പൊങ്കാലയിട്ടാല്‍ ഭക്തജനങ്ങളടക്കം ചിരിക്കുകയേ ഉള്ളൂ.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മുംബൈയില്‍ ഗണേശോത്സവത്തിന് ബാലഗംഗാധര തിലകന്‍ പിന്തുണ നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗണേശോത്സവം കൊണ്ടല്ല. എന്നാല്‍ ഇന്ന് ഗണേശോത്സവം ഭീകരമായ പരിസരമലിനീകരണത്തിന്റേയും മതപരമായ അന്ധവിശ്വാസത്തിന്റേയും മഹോത്സവമായി മാറിക്കഴിഞ്ഞു.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അക്കാലത്തെ ഒരു വിപ്ലവ പ്രവര്‍ത്തനം ആയിരുന്നെങ്കിലും ഇക്കാലത്ത് മതാതീത സംസ്‌കാരമുള്ളവര്‍ക്ക് മനസമാധാനത്തോടെ അവിടെ പ്രവേശിക്കാന്‍ കഴിയില്ല. ഒരു ഹിന്ദു മതസ്ഥാപനത്തിന്റെ സ്വഭാവത്തിലേക്ക് അരുവിപ്പുറം എത്തിക്കഴിഞ്ഞു. അവിടെയാണ് കീഴാളക്കുഞ്ഞുങ്ങളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി സരസ്വതീ ദേവിയുടെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം കര്‍ഷകത്തൊഴിലാളി സമരം പ്രഖ്യാപിച്ച അയ്യങ്കാളി പ്രിയപ്പെട്ടവനായി മാറുന്നത്.
അനുഷ്ഠാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള സമരമാര്‍ഗങ്ങള്‍ ഭാവികാലത്ത് അത്യാപത്തുകള്‍ക്ക് വഴിവയ്ക്കും. പൂണൂല്‍ ധരിക്കുകയല്ല, പൂണൂല്‍ പൊട്ടിച്ചുകൊണ്ടാണ് വിപ്ലവകാരികള്‍ ചരിത്രത്തില്‍ മാതൃകയായിട്ടുള്ളത്.
നോക്കൂ, കര്‍ണാടകത്തിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി സവര്‍ണരുടെ എച്ചിലിലയില്‍ കിടന്നുരുണ്ടാല്‍ ജാതിവ്യവസ്ഥ മാത്രമല്ല, അപമാനകരമായ അനാചാരങ്ങള്‍ കൂടി ബലപ്പെടുകയേ ഉള്ളൂ.
പുതുമോഡി ചികയുന്നവരൊക്കെ പഴമയ്ക്കു പ്രാധാന്യം നൽകി, ഫാഷനെന്ന പോലെ ഒളിഞ്ഞും തെളിഞ്ഞും അങ്ങോട്ടു തന്നെ തിരിച്ചു പോകാൻ നിൽക്കുന്നു. കണ്ടറിയാം, എന്താവും റിസൾട്ടെന്ന്.
ReplyDeleteഅനുഷ്ഠാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള
ReplyDeleteസമരമാര്‍ഗങ്ങള്‍ ഭാവികാലത്ത് അത്യാപത്തുകള്‍ക്ക്
വഴിവയ്ക്കും.