Friday, 4 May 2018

കൈലാസൻ


മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ ചിരിചിന്നി
അയലിന്റെ വലപിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി കൈലാസൻ

മണലിന്റെ മരണത്തിൽ
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നദിവറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിൻ മാറത്ത്
നിർവീര്യച്ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേപോയ് കൈലാസൻ.

ഗ്രഹജാലം നക്ഷത്രം
കുഴലിൻമേൽ കണ്ണാടി
ഹൃദയത്തിൽ ടാഗോറും
വനഫൂലും ഇക്ബാലും
തലതല്ലും കടലായി
സിരയേറി തുള്ളുമ്പോൾ
മുടികത്തും തീയായി
ഇമതോറും മുത്തുമ്പോൾ
വിരലറ്റം ബ്രഷാക്കി
ലിപിയുന്നു കൈലാസൻ

ആകാശം മിഠായി
സാറാമ്മ കനവായി
സുഹറാന്റെ കൈപ്പടത്തിൽ
മഞ്ചാടി മൈലാഞ്ചി
തോമാന്റെ തോളത്ത്
പൊൻകുരിശിൻ മിന്നായം
അകലങ്ങൾ ബന്ധിക്കും
കനകത്തിൻ കണ്ണിയായി
നെടുനാമ്പായ് പോസ്റ്ററിലെ
നിണവരയായ് കൈലാസൻ

ഭൂലോകം നാവിൽവെച്ച്
പുകയാതെ പുകയുന്നു
ദു:ഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴിരണ്ടും രണ്ടാൾക്ക്
വഴിച്ചൂട്ടായ് നൽകുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസൻ
കുഞ്ഞാടായ് കൊടുമരണം
പച്ചിലയായ് കൈലാസൻ

1 comment:

  1. മണലിന്റെ മരണത്തിൽ കൊടികുത്തും കനലായി
    ഫയലെല്ലാം മലയാളം വയലിന്റെ ലയമേളം
    നദിവറ്റും കാലത്ത് പ്രതിഷേധക്കലിയായി
    മതബോംബിൻ മാറത്ത് നിർവീര്യച്ചിമ്മാനി
    നടനടയായ് നാട്ടിന്റെ നടുവേപോയ് കൈലാസൻ...!

    ReplyDelete