ഏതു ഭാഷയിലേയും ഐതിഹ്യങ്ങളില്‍ ചെരുപ്പുകള്‍ക്ക് സ്ഥാനമുണ്ട്. പറക്കുന്ന ചെരുപ്പുകള്‍, അദൃശ്യമായ ചെരുപ്പുകള്‍, മുന്‍വശം പൊങ്ങിയ കിന്നരിച്ചെരുപ്പുകള്‍…. അങ്ങനെ നിരവധി ചെരുപ്പുകള്‍ ഐതിഹ്യങ്ങളില്‍ കാണാം.
ഇന്ത്യന്‍ പുരാണങ്ങളില്‍ പാദുകപൂജപോലുമുണ്ട്. വനവാസത്തിനു പോകുന്ന ശ്രീരാമന്റെ പാദുകങ്ങളെയാണ് സഹോദരന്‍ ഭരതന്‍ അയോധ്യയുടെ ഭരണഭാരം ഏല്‍പിക്കുന്നത്. മഹാഭാരതത്തിലാണെങ്കില്‍ ധര്‍മപുത്രരുടെ ചെരുപ്പ് ഒരു പട്ടി കൊണ്ടുപോകുന്നുണ്ട്. പാഞ്ചാലിയുമൊത്തുള്ള ഓരോ ഭര്‍ത്താവിന്റെയും സംഗമമുറിക്കുമുന്നില്‍ ചെരുപ്പായിരുന്നു അടയാളമായി വച്ചിരുന്നത്. ഒരു നായ ആ ചെരുപ്പ് കൊണ്ടുപോകുകയും രണ്ടാമൂഴക്കാരനായ ഭീമസേനന്‍ മുറിക്കുള്ളില്‍ പ്രവേശിച്ച് അരുതാത്തതുകാണുകയും ചെയ്യുന്നുണ്ടല്ലോ. ശപിക്കപ്പെട്ട നായകള്‍ പരസ്യരതിയിലേര്‍പ്പെടുന്നത് ഈ കഥയുടെ അവശേഷിപ്പാണത്രേ.
സെന്‍ബുദ്ധിസ്റ്റ് കഥയില്‍ പ്രജകളുടെ കാലില്‍ കല്ലും മുള്ളും കൊള്ളാതിരിക്കാനായി ഒരു രാജാവ് പാതകളായ പാതകളെല്ലാം തോലുവിരിക്കാന്‍ തീരുമാനിക്കുന്നുണ്ട്. ബുദ്ധ ഭിക്ഷുവിന്റെ നിര്‍ദേശപ്രകാരം, പാതയില്‍ വിരിക്കാന്‍ തീരുമാനിച്ചിരുന്ന മൃഗചര്‍മം മുറിച്ച് തോല്‍ ചെരുപ്പുകളായി മനുഷ്യര്‍ക്ക് കൊടുക്കുകയായിരുന്നു.
മൃഗങ്ങള്‍ക്കാണെങ്കില്‍ പ്രകൃതി തന്നെ പാദങ്ങളെ പ്രബലപാദുകങ്ങളായി മാറ്റിയിട്ടുണ്ട്.
ഐതിഹ്യങ്ങളില്‍ ചെരുപ്പുകളുണ്ടെങ്കിലും അധികം മനുഷ്യരും ചെരുപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. പാലപോലെയുള്ള മരങ്ങളുടെ ഭാരമില്ലാത്ത തടികൊണ്ട് മെതിയടിയുണ്ടാക്കിയാണ് ജനങ്ങള്‍ പാദത്തെ രക്ഷിച്ചിരുന്നത്. ധനികര്‍ ഈ മെതിയടി ദന്തംകൊണ്ടും മറ്റും ആഢ്യത്വം ഉള്ളതാക്കിയിരുന്നു. തോല്‍ച്ചെരുപ്പിന് ഒരു പരമിതിയുണ്ടായിരുന്നത് വെള്ളത്തില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നതാണ്. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര എന്ന കടങ്കഥയുണ്ടായത് അങ്ങനെയാണ്. റബര്‍ ചെരുപ്പുകള്‍ വികസിപ്പിച്ചെടുത്തതോടെ വെള്ളക്കെട്ടിലൂടെയും നടക്കാമെന്നായി.
ഒരു ജോഡി ചെരുപ്പുവാങ്ങി പരമാവധി ഉപയോഗിക്കുക എന്നത് നമ്മുടെ ശീലമായിരുന്നു. ഇട്ടുതേഞ്ഞ ചെരുപ്പിന്റെ ഉപ്പൂറ്റിയിലുണ്ടായ ദ്വാരത്തിലൂടെ ആണി തറഞ്ഞുകയറിയ അനുഭവം എനിക്ക് സമ്മാനിച്ചത് എന്റെ ദാരിദ്ര്യമായിരുന്നു.
ഇപ്പോഴാകട്ടെ ധനികരുടെ വീട്ടില്‍ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും നിറയെ ചെരുപ്പുകളാണ്. അധികം ഉപയോഗിക്കാതെ തന്നെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന ചെരുപ്പുകള്‍. തെരുവുകളിലെവിടെയും എറിയപ്പെട്ട ചെരുപ്പുകള്‍ കാണാം. ഓടകള്‍ വൃത്തിയാക്കുമ്പോള്‍ ചെരുപ്പുകളുടെ വന്‍ശേഖരം തന്നെ കണ്ടെത്താറുണ്ട്. പ്രഭാതസവാരിക്കും ഓഫീസ് യാത്രയ്ക്കും വീട്ടിനുള്ളിലും മുറിയിലും പ്രത്യേകം പ്രത്യേകം ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരാള്‍ക്കുതന്നെ അസംഖ്യം ചെരുപ്പുകളുണ്ട്. പ്രമേഹ രോഗികള്‍ക്കും, പ്രഷര്‍, വാതം തുടങ്ങിയ വൈഷമ്യങ്ങളുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ചെരുപ്പുകളുണ്ട്. വീട്ടില്‍ കുമിഞ്ഞുകൂടുന്ന ചെരുപ്പുകള്‍ ഇപ്പോള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും അസൗകര്യങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകള്‍ യഥാവിധി സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ ഒരു ജോഡി ചെരുപ്പുവാങ്ങിയാല്‍ പരമാവധി ഉപയോഗിക്കുവാനുള്ള മാനസികാവസ്ഥയും മലയാളി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ചെരുപ്പും കുടയുമില്ലാതെ പൊരിവെയിലില്‍ നെട്ടോട്ടമോടുന്ന പാവങ്ങളുടെ മുന്നിലാണ് ശരാശരി മലയാളി ചെരുപ്പുപത്രാസുമായി ജീവിക്കുന്നതെന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന
ReplyDeleteചെരുപ്പുകള്‍ യഥാവിധി സംസ്‌കരിക്കാനുള്ള
സംവിധാനം ഉണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ
ഒരു ജോഡി ചെരുപ്പുവാങ്ങിയാല്‍ പരമാവധി ഉപയോഗിക്കുവാനുള്ള മാനസികാവസ്ഥയും മലയാളി വളര്‍ത്തിയെടുക്കേണ്ടതുണ്ട് ....