Wednesday 25 July 2018

കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുത്


ജെസ്സിയെ വായനക്കാരുടെ ഹൃദയത്തിലെത്തിച്ചതില്‍ ഈ വരിക്ക് മുഖ്യപങ്കുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇവിടെ നഗ്നം എന്ന പദത്തിനര്‍ഥം വിവസ്ത്ര എന്നല്ല. കുമ്പസാരക്കൂട്ടില്‍ മറയില്ലാതെ സത്യം പറയുന്നു എന്നാണ്. എന്നാല്‍ സമീപകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുതേ എന്ന് പറയാന്‍ തോന്നിപ്പോകുന്നു.

ബിഷപ്പും വൈദികരുമൊക്കെ പ്രതികളായ ബലാല്‍ഭോഗ കേസുകളാണ് നിയമവ്യവസ്ഥയുടെ മുന്നിലെത്തിയിരിക്കുന്നത്. അച്ഛനെ മാത്രമല്ല, പള്ളിയിലച്ചനെയും വിശ്വസിക്കാന്‍ പാടില്ലെന്ന് സ്ത്രീപക്ഷത്തുനിന്നുള്ള ആശങ്കകള്‍ വെളിപ്പെടുത്തുന്നു. അച്ഛന്മാരാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ നാടുകൂടിയാണല്ലോ സാക്ഷരകേരളം.

ഒരാള്‍ കുമ്പസരിക്കുന്നത് എന്തിനാണ്? ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ജീവിതത്തിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ പാപമായി കരുതുന്നവര്‍ ഇനി അത്തരം ഘട്ടങ്ങളെ ഇച്ഛാശക്തിയോടെ അതിജീവിക്കും എന്നു തീരുമാനിക്കുന്നതിനുപകരം കുമ്പസാരക്കൂട്ടില്‍ അഭയം പ്രാപിക്കുകയാണ്. പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ പ്രായശ്ചിത്തമാകും എന്നും മരണാനന്തരമുള്ള കുറ്റവിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും മതപാഠശാലകള്‍ പഠിപ്പിക്കുന്നുണ്ട്.

ദൈവത്തിന് തിരക്കുള്ളതിനാലാവാം പുരോഹിതന്മാരെയാണ് പാപങ്ങള്‍ കേള്‍ക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ സംഭവിക്കുന്നത് പുരുഷന്മാരായ പുരോഹിതന്മാര്‍കൂടി സ്ത്രീകള്‍ ചെയ്ത പാപങ്ങള്‍ അറിയുന്നു എന്നുള്ളതാണ്. ചെറുമോഷണങ്ങള്‍, അതിരുതോണ്ടലുകള്‍ തുടങ്ങിയവയൊക്കെ പുരോഹിതന്മാര്‍ മാപ്പാക്കിക്കൊടുക്കുമെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഭക്തകളെ പിന്നെയും പാപം ചെയ്യാന്‍ അവര്‍ പ്രേരിപ്പിച്ചേക്കാമെന്ന് ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങള്‍ സൂചിപ്പിക്കുന്നു. മനഃസമാധാനത്തിനുള്ള ആശ്വാസവാക്കുകള്‍ സമ്മാനിക്കുന്ന പുരോഹിതന്മാരെക്കൂടി ഈ കുറ്റവാളികള്‍ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഡെറ്റോള്‍ പ്രയോഗം കുറച്ചുകൂടി ഫലവത്താണെന്ന് കരുതുന്നതില്‍ തെറ്റില്ല.

അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ ഒരു നിര്‍ദേശം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ കുമ്പസാരം കേള്‍ക്കാന്‍ സ്ത്രീകളെ അനുവദിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കുട്ടിക്കാലം മുതല്‍തന്നെ മതം അടക്കമുള്ള വ്യവസ്ഥിതിയോടു പോരാടിയിട്ടുള്ള അഡ്വ. ഇന്ദുലേഖയുടെ അഭിപ്രായം നൂറുനൂറനുഭവങ്ങള്‍ പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ.

കര്‍ത്താവിന്റെ മണവാട്ടിമാര്‍ പോലും ചൂഷണത്തിനിരയാകുന്നു എന്ന വെളിപ്പെടുത്തല്‍ വിശ്വാസികളുടെ ചിന്താജാലകങ്ങള്‍ തുറപ്പിക്കേണ്ടതാണ്. സഭാവസ്ത്രം ഉപേക്ഷിച്ച നിരവധി കന്യാസ്ത്രീകളുടെ കഥകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മഠങ്ങളിലെ പീഡാനുഭവങ്ങളില്‍ മനംനൊന്ത് ജീവിതംതന്നെ വേണ്ടെന്നുവച്ചവരും മഠം ഉപേക്ഷിച്ചവരും കേരളത്തില്‍ ധാരാളമുണ്ടല്ലോ. അപ്പോള്‍ വനിതകളെ ഏല്‍പ്പിക്കുന്നതും അത്ര ഭംഗിയുള്ളകാര്യമല്ല എന്ന് തോന്നിപ്പോകും.

പ്രബലമായ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ നിയമവ്യവസ്ഥയുടെ ഒരു വലിയ പ്രത്യേകത അത് ദൈവനാമത്തില്‍ ആരംഭിക്കുന്നില്ല എന്നതാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുതന്നെ സമര്‍പ്പിച്ച ഒരു നിയമവ്യവസ്ഥയാണിത്. ദൈവാധിഷ്ഠിത മതങ്ങളുടെ ദുഷ്‌ചെയ്തികള്‍ സ്വാനുഭവങ്ങളിലൂടെ മനസിലാക്കിയ ഡോ. അംബേദ്ക്കറായിരുന്നല്ലോ ഭരണഘടനാശില്‍പി.

ഇന്ത്യയുടെ ഭരണഘടനയും ശിക്ഷാനിയമങ്ങളും അപ്രസക്തമാകുന്ന രീതിയില്‍ മതനിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ? കാനോന്‍, ശരിയത്ത്, മനുനിയമങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ നിയമമാണ് പിന്തുടരേണ്ടത്. അങ്ങനെയായാല്‍ കുമ്പസാരക്കൂട്ടില്‍ നഗ്നരാകുന്നതിന് മുമ്പുതന്നെ കുറ്റവാളികള്‍ തടവറയ്ക്കുള്ളില്‍ അടയ്ക്കപ്പെടും.

1 comment:

  1. അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ
    ഒരു നിര്‍ദേശം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ
    കുമ്പസാരം കേള്‍ക്കാന്‍ സ്ത്രീകളെ അനുവദിക്കണം
    എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കുട്ടിക്കാലം
    മുതല്‍തന്നെ മതം അടക്കമുള്ള വ്യവസ്ഥിതിയോടു പോരാടിയിട്ടുള്ള
    അഡ്വ. ഇന്ദുലേഖയുടെ അഭിപ്രായം നൂറുനൂറനുഭവങ്ങള്‍ പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ.

    ReplyDelete