Wednesday, 26 December 2018

യുക്തിലാവണ്യത്തിന്‍റെ കാവ്യമുദ്രകള്‍



കവി പി മധുസൂദനന്‍ വിട പറഞ്ഞു. ആരവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മരണം. വലിയ ആശയങ്ങളുള്ള കുട്ടിക്കവിതകളാല്‍ കേരളീയ ബാല്യത്തിന് സുപരിചിതനാണ് പി മധുസൂദനന്‍. ജീവിതത്തിലുടനീളം ശാസ്ത്രബോധവും യുക്തിലാവണ്യവും പ്രതിഫലിപ്പിച്ചു.

വൃക്കരോഗത്തില്‍ നിന്നും രക്ഷപ്പെട്ട മധുസൂദനന്‍ അര്‍ബുദത്തിന് കീഴ്‌പ്പെടുകയായിരുന്നു.

ഏതു കവിതയുടേയും കാരണവേര് സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയാണ്. ലിപികളില്‍ തളയ്ക്കാത്ത നാട്ടുകവിതകള്‍ മുതല്‍ ഏറ്റവും പുതിയ സര്‍ഗാനുഭവങ്ങള്‍ വരെ ഈ കാരണവേരില്‍ പൊട്ടിമുളയ്ക്കുന്നതാണ്.

യുക്തിബോധം സൃഷ്ടിക്കുന്ന ലാവണ്യധാരയില്‍ ഗദ്യത്തോടടുത്തു നില്‍ക്കുന്ന വരണ്ട രചനാരീതിയും ഫലഭൂയിഷ്ഠതയുള്ള മറ്റൊരു രചനാരീതിയും കാണാം. വരണ്ട രചനാരീതിക്ക് ഉദാഹരണം വയലാറിന്റെ ”രണ്ടു കാലിലും മലപോലെ മന്തുളള കുണ്ടുണ്ണി മേനോന്‍ നടന്നു പതുക്കനെ” എന്ന വരികളാണെങ്കില്‍ ജലസമൃദ്ധമായ രണ്ടാം ധാരയ്ക്കും ഉദാഹരണം വയലാര്‍ കവിത തന്നെ. ”ഭൂമിയെ വന്നു വലംവച്ചൊരുനാള്‍ പൂന്തിങ്കള്‍ക്കല പാടി” എന്നെഴുതുമ്പോഴും ”തങ്കത്താഴികക്കുടമല്ല താരാപഥത്തിലെ രഥമല്ല ചന്ദ്രബിംബം കവികള്‍ പുകഴ്ത്തും സ്വര്‍ണ മയൂരമല്ല” എന്നെഴുതുമ്പോഴും യുക്തിബോധത്തിന്റെ വസന്തശ്രീയാണ് ദൃശ്യമാകുന്നത്.

പൊട്ടക്കിണറ്റിന്റെ കരയില്‍ വളരുന്ന പന്നല്‍ച്ചെടിയുടെ കൊമ്പിന്മേല്‍ പതുങ്ങിനിന്ന പച്ചപ്പശുവിന് ഒരു സംശയമുണ്ടായി. എന്റെ ലോകം ചെടികളുടേതാണല്ലോ. അതിനുമപ്പുറം ഒരു ലോകമുണ്ടോ എങ്കില്‍ ആ ലോകത്ത് എന്തെല്ലാമുണ്ട്. പൊട്ടക്കിണറ്റിലെ തവളയ്ക്കും ഇതേ സംശയമുണ്ടാകുന്നു. കിണറിനും കിണറ്റുമീനിനും പായല്‍ക്കാടുകള്‍ക്കും അപ്പുറം എന്തായിരിക്കും? പൂമ്പാറ്റയ്ക്കും ഇങ്ങനെയൊരു സംശയമുണ്ടായി. പൂവിനപ്പുറം എന്തായിരിക്കും? പൂങ്കുരുവിയും മനുഷ്യനുമൊക്കെ ഉത്തരം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു. കാറ്റലയും കടലലയും ഏറ്റു പറയുന്നു. അതിനുമപ്പുറം എന്താണ്?

ഈ രീതിയിലുള്ള ഒടുങ്ങാത്ത അന്വേഷണമാണ് മധുസൂദനന്‍ സൗന്ദര്യത്തിലധിഷ്ഠിതമായ ഭൗതികതയില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് സൃഷ്ടിക്കുന്നത്.

വേനലേറ്റു കരിയുന്ന കുരുന്നു പുല്ലുകള്‍ അതിജീവിക്കുന്ന കഥയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും കരിമേഘത്തിന്റെ സൈന്യങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു.

മുക്കുറ്റിപ്പൂവില്‍ ഒരു ആകാശം ദര്‍ശിക്കുന്ന അത്യപൂര്‍വമായ സൂക്ഷ്മത പി മധുസൂദനന്‍ എന്ന കവിക്ക് സ്വന്തമാണ്. മുക്കുറ്റിപ്പൂവിന്റെ ആകാശത്ത് എന്തെല്ലാമുണ്ട്? മഞ്ഞക്കിളികളും മഞ്ഞിന്‍കണങ്ങളും മുടിക്കെട്ടഴിച്ചാടുന്ന കരിമ്പനക്കന്യകമാരും പരിമളം ചൊരിയുന്ന ഏഴിലംപാലകളും എല്ലാം മുക്കുറ്റിപ്പൂവിന്റെ ആകാശത്തിലുണ്ട്.

മണംകൊണ്ടും നിറംകൊണ്ടും പൂവും, പാട്ടും പറക്കലും കൊണ്ട് കിളിയും, നിലാവു കൊണ്ട് പൂര്‍ണ ചന്ദ്രനും പറയുന്നത് ഞാനിവിടെയുണ്ട് എന്നതാണ്. അതിനാല്‍ എല്ലാ കുട്ടികളോടും ഞാനിവിടെയുണ്ട് എന്ന് ഉറക്കെച്ചൊല്ലുവാന്‍ കവി ഉത്തേജിപ്പിക്കുന്നു.

മറുവശം കാണാനും കവി മറക്കുന്നില്ല. നിറം, മണം, മധുരം, മൃദുത്വം എന്നിവയെല്ലാമുണ്ടെങ്കിലും പാട്ടുപാടാന്‍ പൂവിന് സ്വരങ്ങളില്ലല്ലോ എന്ന മറുവശവും ബോധ്യപ്പെടുത്തുന്നുണ്ട്. മഹാകവി വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കള്‍ വായിച്ചിട്ട് മധുസൂദനന്റെ ലില്ലിപ്പൂക്കളിലെത്തുമ്പോള്‍ മറ്റൊരു സൗന്ദര്യലോകം പൂവിട്ടു നില്‍ക്കുന്നതു കാണാം. മഴയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും പൊന്തിവന്ന കുന്തങ്ങളെ ഇളവെയില്‍ ചുംബിച്ച് പട്ടുള്ളതൂവാലകളാക്കിയതാണ് ലില്ലിപ്പൂക്കളെന്ന് മധുസൂദനന്‍ പറയുമ്പോള്‍ സൗന്ദര്യാധിഷ്ഠിത ഭൗതികതയുടെ കണ്‍കെട്ടുവിദ്യയാണ് പ്രകടമാകുന്നത്.

കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളിലാണ് മധുസൂദനന്‍ എഴുതിയിരുന്നത്. കുട്ടികള്‍ നെഞ്ചേറ്റിയെങ്കിലും മുതിര്‍ന്നവരുടെ കാവ്യലോകം ഈ കവിയെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചിട്ടില്ല.

1 comment:

  1. കവി പി മധുസൂദനനെ
    ഇതുവരെ വായിച്ചിട്ടില്ലായിരുന്നു
    അദ്ദേഹത്തിന് ആദരാജ്ഞലി നേരുന്നു

    ReplyDelete