Tuesday 2 February 2021

അപ്പോള്‍ കുഞ്ചന്‍ നമ്പ്യാരെ എന്തു ചെയ്യും?


സങ്കടവാര്‍ത്തകളുടെ കുത്തൊഴുക്കാണ് അടുത്തകാലത്ത് ഉണ്ടായത്.അപൂര്‍വമായി ചില ആശ്വാസ വാര്‍ത്തകളും.

കേരളത്തില്‍ വീണ്ടും ജാതിക്കൊല നടന്നു. ജാതിയെയും മതത്തെയും തുറന്നു കാട്ടുകയും ആ മനുഷ്യവിരുദ്ധതയെ സമ്പൂര്‍ണ്ണമായി തള്ളിക്കളയുകയും ചെയ്ത ബ്രഹ്മാനന്ദ ശിവയോഗിയുടെ  ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു പാലക്കാട് ജില്ല. ആലത്തൂരുള്ള അദ്ദേഹത്തിന്‍റെ ആസ്ഥാനത്ത് അന്ധവിശ്വാസത്തിന്‍റെ ശിലാരൂപങ്ങളില്ല. അതിനാല്‍ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രതിമാപൂജ മലയാളനാട്ടിലൊരിടത്തുമില്ല.

പാലക്കാടു ജില്ലയിലെ തേങ്കുറിശ്ശിയിലാണ് ജാതിക്കൊല നടന്നത്.
താഴ്ന്ന ജാതിയില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു യുവാവ് ഉയര്ന്ന
ജാതിയില്‍ പെട്ടുപോയ ഒരു യുവതിയെ പ്രണയിക്കുകയും ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ചു വിവാഹിക്കുകയും ചെയ്തു. ഇതായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അനീഷും ഹരിതയും
ചെയ്ത അപരാധം. 

അനീഷിന്റെ മൃതദേഹത്തില്‍ വീണുകൊണ്ടുള്ള ഹരിതയുടെ     ഹൃദയം    തകര്‍ന്ന നിലവിളി കേരളീയ പുരോഗമന സംസ്ക്കാരത്തിന്‍റെ ഹരിതത്വത്തിനേറ്റ ആഘാതം തന്നെയാണ്. പാലക്കാട്ട് ജീര്‍ണ്ണ ഹിന്ദു സംസ്ക്കാരത്തിന്‍റെ രാഷ്ട്രീയസംഘത്തിനു കൊടികെട്ടാന്‍ കഴിഞ്ഞു എന്നത്    ഈ  ജാതിക്കൊലയുടെ പശ്ചാത്തലത്തില്‍ കൂടി വായിക്കേണ്ടതാണ്.

മറ്റൊരു സങ്കടവാര്‍ത്ത ആന്ധ്രയില്‍ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള മാതാപിതാക്കള്‍ ചേര്‍ന്ന് സ്വന്തം പെണ്‍ മക്കളെ കൊന്നു. കൊല്ലപ്പെട്ട ഓമനകള്‍ ഉടന്‍ പുനര്‍ജ്ജനിക്കും എന്ന അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇരുപതു വയസ്സു കഴിഞ്ഞ വിദ്യാ സമ്പന്നരായ മക്കളെയാണ് കൊന്നത്.

വിദ്യാഭാസം കൊണ്ട് ഈ ദമ്പതികള്‍ എന്തുനേടി? തീര്‍ച്ചയായും അന്ധവിശ്വാസങ്ങളെ ബോധ്യപ്പെടുത്തുകയും യുകതിചിന്തയാല്‍ മനസ്സ് ശുദ്ധീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയൂ.    

ഗോറയുടെയും സരസ്വതി ഗോറയുടെയും നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയ നീക്കങ്ങള്‍ നടന്ന മണ്ണാണ് തെലുങ്കു നാട്. ശാസ്ത്രീയതയെ രാഷ്ട്രീയവുമായി ഇണക്കി ചേര്‍ത്തുകൊണ്ട് സി.രാജേശ്വരറാവുവും പി.സുന്ദരയ്യയും കൊണ്ടപ്പള്ളി സീതാരാമയ്യയുമടക്കമുള്ള ജനനേതാക്കള്‍ പ്രവര്‍ത്തിച്ച നാടാണ്. വിപ്ലവപോരാട്ട കവികളും ദിഗംബര കവിതയുമുള്ള നാടാണ്. 

അവിടെ കൃഷ്ണനായും ഹനുമാനായും വേഷം കെട്ടിയ ഒരു സിനിമാനടന്റെ രാഷ്ട്രീയവിജയം അന്ധവിശ്വാസ പുനസ്ഥാപനത്തിന് രാസവളമിട്ടു കൊടുത്തിട്ടുണ്ട്. രാഷ്ട്രീയം ഒരു നാട്ടിലെ നിരത്തുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകമാത്രമല്ല ചെയ്യുന്നത്. സാംസ്ക്കാരികവിളക്കുകള്‍ കൂടി  തെളിക്കേണ്ടതുണ്ട്. സാംസ്ക്കാരികവിളക്കുകള്‍ തെളിയുമ്പോള്‍ ആദ്യം അഴിഞ്ഞു വീഴുന്നത് അന്ധവിശ്വാസത്തിന്‍റെ ഇരുട്ടാണ്.

ആശ്വാസ വാര്‍ത്ത വന്നത് മധ്യപ്രദേശില്‍ നിന്നാണ്.ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി നിയമസഭാംഗം മാലിനി കൌറിന്‍റെ മകന്‍, ഹാസ്യകലാകാരന്മാര്‍ക്കെതിരെ കൊടുത്ത കേസ് പോലീസ് സ്റ്റേഷനില്‍ വച്ചുതന്നെ എട്ടുനിലയില്‍ പൊട്ടി. ഹിന്ദു രക്ഷാ സന്‍സ്ഥ നല്കിയ പരാതിയില്‍ നടന്‍ മുനവര്‍ ഫറൂക്കിയടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും മതിയായ തെളിവില്ലെന്നപേരില്‍ വിട്ടയക്കുകയും ചെയ്തു.

കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമെതിരെ സംഘ പരിവാര്‍ ഇന്ത്യയൊട്ടാകെ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ദൈവനിന്ദ. ഇക്കാര്യത്തില്‍ ഇന്നേവരെ ഒരു ദൈവവും പരാതിപ്പെട്ടിട്ടില്ല. സംഘികളുടെ ഗൂഡോദ്ദേശ്യത്തെ പ്രബുദ്ധരായ ജനങ്ങള്‍ കണക്കാക്കിയിട്ടുമില്ല.എങ്കിലും അക്രമവും പരാതിയും മുതലക്കണ്ണീര്‍ വാര്‍ക്കലും മുറയ്ക്ക് നടക്കുന്നുണ്ട്. ദൈവവിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ ഒരു നേര്‍ച്ചയും ആരാധനാലയങ്ങളില്‍ ആരും നടത്തിയിട്ടുമില്ല.

കുഞ്ചന്‍ നമ്പ്യാരടക്കമുള്ള എഴുത്തുകാരെ ഭക്തിയുടെ മുഖം മൂടിയിട്ടവര്‍ വായിച്ചിട്ടില്ല. കുബേരന്‍റെ ഊട്ടു പുരയിലെത്തിയ ഗണപതിയുടെ ഭക്ഷണപരാക്രമവും അവിഹിത ബന്ധത്തെ തുടര്‍ന്ന് ലിംഗ സമൃദ്ധിയോടെ കിടക്കുന്ന ദേവേന്ദ്രനെ ഉര്‍വശി കാണുന്നതുമൊക്കെ ഇവര്‍ വായിച്ചിരുന്നെങ്കില്‍ നമ്പ്യാര്‍ക്കെതിരെയും കേസ് കൊടുക്കുമായിരുന്നു. 

പ്രസിദ്ധ മലയാള ഹാസ്യസാഹിത്യകാരന്‍ പി. സുബ്ബയ്യപിള്ള, ഹിന്ദു ദൈവങ്ങളെ നര്‍മ്മഭാവനയുടെ വേദിയില്‍ നിറുത്തി പൊരിക്കുന്ന ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി  പുരസ്ക്കാരം നല്കി ആദരിച്ച എഴുത്തുകാരനാണ് പി.സുബ്ബയ്യാപിള്ള.അദ്ദേഹത്തിന്റെ ഹാസ്യപുരാണം എന്ന പുസ്തകത്തില്‍ പരമശിവന്‍, പാര്‍വതി, ബ്രഹ്മാവ്,സീത,ശ്രീകൃഷ്ണന്‍, മഹാലക്ഷ്മി തുടങ്ങി നാല്‍പ്പതോളം ദൈവങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ചിരിക്കുകയെന്നത് മനുഷ്യന്റെ സവിശേഷതയാണ്. ചിരി ഒരു ചികിത്സാ രീതി പോലുമാണ്.വ്യാജസ്തുതി എന്ന സാഹിത്യസങ്കേതം അനുസരിച്ചു രചിച്ചിട്ടുള്ള കവിതകളൊക്കെത്തന്നെ ചിരിഗുളികകളാണ്. അതു വായിച്ചൊന്നു പൊട്ടിച്ചിരിക്കണമെങ്കില്‍ പ്രാഥമികമായി മനുഷ്യനെങ്കിലും ആയിരിക്കണം. അല്ലെങ്കില്‍ കര്‍ത്താവിന്നെന്തിനാ പൊന്‍കുരിശെന്നു ചോദിച്ച തോമായേ തേടി ആണിയും കുരിശുമായി ബേപ്പൂരുവഴി ആളുകള്‍ ഇറങ്ങിപ്പുറപ്പെടും.

1 comment:


  1. ചിരിക്കുകയെന്നത് മനുഷ്യന്റെ സവിശേഷതയാണ്. ചിരി ഒരു ചികിത്സാ രീതി പോലുമാണ്.വ്യാജസ്തുതി എന്ന സാഹിത്യസങ്കേതം അനുസരിച്ചു രചിച്ചിട്ടുള്ള കവിതകളൊക്കെത്തന്നെ ചിരിഗുളികകളാണ്....

    ReplyDelete