എന്‍മകജെ എന്ന നോവലിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ
ഭീകരചിത്രം വായനക്കാരെ ബോധ്യപ്പെടുത്തിയ അംബികാസുതന്‍ മാങ്ങാട്ടാണ് പെരിയയിലെ
മഹാത്മാ ബഡ്‌സ് സ്‌കൂളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. എന്‍ഡോസള്‍ഫാന്‍
ഭീകരത്വത്തിന് ഇരയായ കുഞ്ഞുങ്ങള്‍ പകല്‍സമയം കഴിഞ്ഞുകൂടുന്നത് അവിടെയാണ്.
അമ്പതിലധികം കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളാണത്. ആകസ്മികമായി ഞങ്ങള്‍
ചെന്നപ്പോള്‍ ഇരുപതിലധികം കുട്ടികള്‍ ഉണ്ടായിരുന്നു. അധ്യാപിക ദീപയും രണ്ട്
ആയമാരും.
ബഡ്‌സ് സ്‌കൂളിലെ കുട്ടികളെല്ലാവരും ജനിതക വൈകല്യം സംഭവിച്ചവരാണ്.
ബുദ്ധിവികസിക്കാത്തവര്‍, ശാരീരികവളര്‍ച്ച നേടാത്തവര്‍.
മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചെയ്യുന്നതെന്താണെന്ന് കുഞ്ഞുങ്ങള്‍ക്ക്
അറിയില്ല. ചിലര്‍ ദീപ ടീച്ചറെ ചുറ്റിപ്പിടിച്ച് കരയുന്നു. അടുത്ത നിമിഷം
പൊട്ടിച്ചിരിക്കുന്നു. പൊടുന്നനെ പൊട്ടിക്കരയുന്നു. എന്തെല്ലാം കഴിക്കാമെന്നുള്ള
തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ കല്ലും മണ്ണും അരുതാത്തതെന്തും തിന്നുന്നവര്‍.
ഒറ്റനിമിഷം പോലും ശ്രദ്ധതിരിക്കാനാകാതെ പൂര്‍ണ്ണ ശുശ്രൂഷയില്‍ മുഴുകി നില്‍ക്കുന്ന
അധ്യാപികയും ആയമാരും.
ബുദ്ധി വികസിച്ചിട്ടില്ലാത്ത കുട്ടികള്‍ കേരളത്തിന്റെ ഏറ്റവും വലിയ
പ്രശ്‌നങ്ങളിലൊന്നാണ്. അവര്‍ക്കുവേണ്ടി നിരവധി സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്.
എന്നാല്‍ കാസര്‍കോട്ടെ ബഡ്‌സ് സ്‌കൂളിലെത്തുന്ന ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍
പറയാതെ പറയുന്നത് ഞങ്ങളെ നിങ്ങള്‍ മനപ്പൂര്‍വം ശിക്ഷിച്ചതല്ലേ എന്നാണ്.
ജനങ്ങളെ ഭരണകൂടം വിഷമഴ പെയ്യിച്ചു ശിക്ഷിച്ചതിന്റെ ബാക്കിപത്രങ്ങളാണ്
ഈ കുഞ്ഞുങ്ങള്‍. ഇവരാരും എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കാലത്ത് ഉണ്ടായിരുന്നവരല്ല.
അവരുടെ മാതാപിതാക്കള്‍ വിഷം കുടിച്ചതിന്റെ ശിക്ഷയാണ് ഈ കുഞ്ഞുങ്ങള്‍
അനുഭവിക്കുന്നത്. പുഴുക്കുത്ത് ഏല്‍പ്പിക്കപ്പെട്ട പൂമൊട്ടുകള്‍.
ഈ നിരപരാധികളോട് എന്താണ് പറയുക. എന്തു പറഞ്ഞാലും അവര്‍ അങ്ങനെയല്ല
മനസ്സിലാക്കുന്നത്. ഞാന്‍ ഓരോരുത്തരെയും വേദനയോടെ ശ്രദ്ധിച്ചു. അവര്‍ക്ക് വേദനയും
സന്തോഷവുമൊന്നും അറിയില്ല. ഈ കുഞ്ഞുങ്ങളെ മുന്‍പരിചയമുണ്ടായിട്ടുപോലും അംബികാസുതന്‍
മാങ്ങാട്ടിന്റെ മുഖത്ത് മനസ്സിലെ വിഷമം നിഴലിച്ചിരുന്നു. പ്രകാശന്‍ മടിക്കൈ, ബിജു
കാഞ്ഞങ്ങാട്, സുഷമ എന്നിവരും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ അനിഷ്ടതകള്‍
ഓര്‍ത്തുനില്‍ക്കുന്നു.
ഞാന്‍ വാവാവം എന്ന് താരാട്ട് പാടി. ബഹളം വയ്ക്കുന്ന
കുട്ടികളെ ഉറക്കത്തിലേക്ക് വീഴ്ത്താന്‍ പറ്റിയ നാടന്‍ താരാട്ടാണല്ലോ അത്. എന്നാല്‍
ബഡ്‌സ് സ്‌കൂളിലെ പല കുട്ടികളും ഈ പാട്ടിന്റെ ഈണം പോലും ശ്രദ്ധിച്ചില്ല. അവര്‍
അവരുടെ ലോകത്തു നിന്നും ഇറങ്ങി വന്നതേയില്ല.
ഇനിയും പിറക്കാനിരിക്കുന്ന തലമുറകളോട് പോലും ചെയ്ത കുറ്റകൃത്യമായിരുന്നു
എന്‍ഡോസള്‍ഫാന്‍ വിഷമഴ. കേരളത്തിന്റെ ഹിരോഷിമ കാസര്‍കോട്ടാണ്. ബഡ്‌സ് സ്‌കൂളിലെ
കുഞ്ഞുങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്?
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ അമ്മമാര്‍ സമരത്തിലാണ്.
വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ സമരമല്ലാതെ മറ്റു
മാര്‍ഗ്ഗമില്ലല്ലൊ. എന്‍ഡോസള്‍ഫാന്‍ ലോകതലത്തില്‍ നിരോധിക്കപ്പെട്ടപ്പോഴെങ്കിലും
അപരാധം തിരിച്ചറിഞ്ഞ് ജനങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ
ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
പറങ്കിയണ്ടി സംരക്ഷിച്ച് സായിപ്പിനും മദാമ്മയ്ക്കും തിന്നാന്‍
കൊടുക്കുന്നതിനായിരുന്നല്ലോ മനുഷ്യന്റെ ശ്വാസകോശത്തിലും ജനിതക വ്യവസ്ഥകളിലും വിഷമഴ
പെയ്യിച്ചത്. ഇതിനു കാര്‍മ്മികത്വം വഹിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോടികളുടെ
ലാഭമുണ്ടാക്കിയല്ലോ. പ്രായശ്ചിത്തമായി കാസര്‍കോട്ടെ പാവം രോഗബാധിതരെ സഹായിക്കേണ്ട
ഉത്തരവാദിത്വം കോര്‍പ്പറേഷനുണ്ട്.
ബഡ്‌സ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത് ദുഷ്‌കരമാണ്. തുച്ഛമായ ശമ്പളം.
അസൗകര്യങ്ങള്‍ മാത്രമുള്ള അന്തരീക്ഷം. മനുഷ്യ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്
അധ്യാപകരും ആയമാരും ഇവിടെ തുടരുന്നത്.
മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ നിന്നിറങ്ങി പെരിയ നവോദയ സ്‌കൂളിലെത്തി. അച്ചടക്കം
ചൂഴ്ന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കവിത ചൊല്ലുമ്പോഴും മനസ്സു നിറയെ
പൂമൊട്ടുകളായിരുന്നു. ജീവിതം നിരസിക്കപ്പെട്ട പൂമൊട്ടുകള്‍.
|
Friday, 14 September 2012
പുഴുക്കുത്തേറ്റ പൂമൊട്ടുകള്‍ കരയുന്നു ചിരിക്കുന്നു
Subscribe to:
Post Comments (Atom)
നമുക്കുചുറ്റും നിറയുന്ന ഈ വിഷക്കുമിളകള്‍ എത്ര തലമുറകളോളം പാറി നടക്കും
ReplyDeleteവിടരാനിരിക്കുന്ന പിഞ്ചുപൂവുകല്‍ക്കെങ്കിലും നന്മയുണ്ടാകട്ടെ
ആശംസകള്‍
അതെ ഗോപന്‍.ഭയാനകമാണ് കാസര്‍കോട്ടെ സ്ഥിതി.
Delete