സത്‌നാം സിങ്: കേരളം ലജ്ജിക്കുന്നു | |||
സിദ്ധാര്‍ഥ രാജകുമാരനെ ശ്രീബുദ്ധനാക്കിയ സ്ഥലമാണ് ബിഹാറിലെ ഗയ. തന്നെ നിരന്തരം
പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കപിലവാസ്തു വിട്ട്
സിദ്ധാര്‍ഥന്‍ ഗയയിലെത്തിയത്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയ
പ്രശ്‌നങ്ങളൊന്നുപോലും കുടുംബപരമായിരുന്നില്ല.
കുടുംബപരമല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് സത്‌നാം സിങ് ഗയ വിട്ട്
കേരളത്തിലെത്തിയത്. ബുദ്ധന് ഗയ ബോധോദയമാണ് സമ്മാനിച്ചതെങ്കില്‍ സത്‌നാംസിങ്ങിന്
കേരളം അതിദാരുണമായ മരണമാണ് നല്‍കിയത്. സ്വാഭാവിക മരണമോ അപകടമരണമോ അല്ല. കൊടും
ക്രൂരമായ നരഹത്യ.
സത്‌നാംസിങ്ങിന്റെ മരണയാത്ര ആരംഭിക്കുന്നത് അമൃതാനന്ദമയി മഠത്തില്‍ നിന്നാണ്.
അമൃതാനന്ദമയിയുടെ വേദിയിലേക്ക് ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ഉറക്കെ
പറഞ്ഞുകൊണ്ട് കടന്നുചെല്ലാന്‍ ശ്രമിച്ച സത്‌നാംസിങ്ങിനെ ജില്ലാജയിലും
ചിത്തരോഗാശുപത്രിയും കടന്ന് ശവക്കിടക്കയിലാണ് കാണുന്നത്.
അമൃതാനന്ദമയി മഠത്തെ
ഒഴിവാക്കിക്കൊണ്ടുള്ള അനേ്വഷണത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അതൃപ്തി
പ്രകടിപ്പിച്ചിട്ടുണ്ട്. അനേ്വഷണം നടക്കട്ടെ.
മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സുധാമണിയുടെ
അമൃതാനന്ദമയിയിലേക്കുള്ള യാത്രക്കിടയിലും ഇപ്പോഴും പ്രചാരത്തിലുള്ള ഒരു പ്രധാന
സംഗതിയുണ്ട്. അത് അവര്‍ ദൈവമാണെന്നതാണ്.
ദൈവത്തിന്റെ യോഗ്യതകളായി സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത് ദൈവം എല്ലാ
കാര്യങ്ങളും അറിയാവുന്ന ആളാണെന്നാണ്. അങ്ങനെയെങ്കില്‍ അമൃതാനന്ദമയിക്ക് ഇത് നേരത്തേ
അറിയാന്‍ കഴിയാഞ്ഞതെന്ത്?
ജാതിമത ഭേദമെന്യേ ആരാധിക്കുന്നവര്‍ക്കെല്ലാം
ആശ്ലേഷാനന്ദമയിയായിട്ടുള്ള ഈ ദൈവത്തിന് ബിസ്മില്ലാഹി റഹ്മാനി റഹിം എന്നു കേട്ടത്
നിര്‍മമതയോടെ സഹിക്കാന്‍ കഴിയാത്തതെന്ത്?
അമൃതാനന്ദമയി മഠത്തില്‍ ഹിന്ദു
ദൈവങ്ങളേയുള്ളൂ എന്നും അധികം ദൂരത്തല്ലാത്ത അന്‍വാര്‍ശ്ശേരിയില്‍ ഇസ്ലാം
ദൈവമേയുള്ളൂ എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അമൃതാനന്ദമയി മുന്നോട്ട്
വയ്ക്കുന്ന എല്ലാ ആശയങ്ങളും ഹിന്ദുമത മാലിന്യം പുരണ്ടതാണ്. അവിടെ ബിസ്മില്ലാഹി
ദഹിക്കുകയില്ല. മതസ്ഥാപനങ്ങളെല്ലാം ചെയ്യുന്നത് സ്വന്തം മതമഹത്വം പഠിപ്പിക്കുകയും
അതുവഴി അന്യമത സ്പര്‍ദ്ധ ജനിപ്പിക്കുകയുമാണ്.
മറ്റൊരു പ്രധാന കാര്യം മഹത്തുക്കളുടെ മാപ്പുനല്‍കാനുള്ള സന്നദ്ധതയാണ്.
കുരിശില്‍ തറച്ചവര്‍ക്ക് മാപ്പുനല്‍കണമെന്നായിരുന്നല്ലോ യേശു ദൈവത്തോട് പറഞ്ഞത്.
സത്‌നാം സിങ്ങിനു മാപ്പുകൊടുക്കാനുള്ള മഹാമനസ്‌കത അമൃതാനന്ദമയിക്കില്ലാതെ
പോയതെന്തുകൊണ്ട്?
നഷ്ടപ്പെടാന്‍ സ്വത്തുള്ളവര്‍ക്കാണ് മാപ്പ് നല്‍കാന്‍ കഴിയാതെ
വരുന്നത്. ശതകോടീശ്വരിയായ അമൃതാനന്ദമയിക്ക് മാപ്പു നല്‍കുക എന്ന മഹനീയ ധര്‍മ്മം
അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല.
അമൃതാനന്ദമയിയെക്കുറിച്ച് അവരുടെ ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത്
സ്‌നേഹമയിയും കരുണാമയിയുമായ അമ്മയെന്നാണ്.
ഒഴുകിയെത്തുന്ന സമ്പത്തുകൊണ്ട് ചെറു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
അവര്‍ക്ക് ആ വകയിലെങ്കിലും അവകാശപ്പെടാമായിരുന്ന ഇത്തരം വിശേഷണങ്ങള്‍
സത്‌നാംസിങ്ങിന്റെ ദാരുണ മരണത്തോടെ അന്യമായി. കരുണാമയിയോ സ്‌നേഹമയിയോ
ആയിരുന്നെങ്കില്‍ മനോവിഭ്രാന്തി ബാധിച്ച സത്‌നാമിനെ കൊലയ്ക്കു കൊടുക്കാതെ
സംരക്ഷിക്കുമായിരുന്നു. കരുണാമയിയില്‍ നിന്നും ആലിംഗനാനന്ദമയിയിലേക്കുള്ള പതനമാണ്
ഇവിടെ സംഭവിച്ചത്.
അമൃതാനന്ദമയിയെ അവരുടെ അനുയായികള്‍ സംബോധന ചെയ്യുന്നത് അമ്മയെന്നാണ്. ആ
സംബോധനയ്ക്ക് അവര്‍ തീരെ അര്‍ഹയല്ലെന്ന് സത്‌നം സംഭവം തെളിയിച്ചു. മക്കളെ കൊലയ്ക്കു
കൊടുക്കാതിരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണല്ലോ അമ്മമാര്‍. മക്കളുടെ
തെറ്റുകള്‍ക്കു മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്നാണല്ലോ നമ്മള്‍
മനസ്സിലാക്കിയിട്ടുള്ളത്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. അതിനാല്‍
സത്‌നാംസിങ്ങിന്റെ കാര്യത്തില്‍ അമൃതാനന്ദമയി മഠത്തില്‍ സംഭവിച്ചതെന്തെന്നും
അനേ്വഷിക്കേണ്ടതുണ്ട്.
അമൃതാനന്ദമയി മഠം ചികിത്സാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പണമിറക്കി പണം
കൊയ്യുന്ന ഒരു ഹിന്ദുമത സ്ഥാപനമാണ്. കാരുണ്യം, സ്‌നേഹം, ദയ തുടങ്ങിയവ ഇത്തരം
സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്.
സത്‌നാം, ഭ്രാന്താശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ഇഴഞ്ഞു നീങ്ങി വെള്ളം തേടി
മരിക്കുന്ന ഒരു അനുജന്‍ എന്റെ മനസ്സിനെ കീറിമുറിക്കുന്നുണ്ട്. സത്‌നാം കേരളം
ദു:ഖിക്കുന്നു. ലജ്ജിക്കുന്നു.
|
Thursday, 13 September 2012
Subscribe to:
Post Comments (Atom)
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ, സാമുദായിക - വിഭാഗീയ സംഘടനയോയാണ് സത്നാംസിംഗിനെ കൊലപ്പെടുത്തിയതെങ്കില്‍ എന്തെല്ലാം ഭൂകമ്പം ഇതിനകം ഉണ്ടാകുമായിരുന്നു! ഇതില്‍നിന്നു വെളിവാകുന്നത്, സമകാലീന കേരളത്തില്‍ചില മനുഷ്യദൈവങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ക്കു മാത്രമല്ല, കൊല്ലിനും കൊലക്കും കൂടി കെല്‍പ്പുണ്ടെന്നുള്ളതാണ്! ഏറ്റവും ദുരൂഹം (വിചിത്രവും), ഒരു ഇല പൊഴിഞ്ഞാല്‍പ്പോലും ഓടിയെത്തി വട്ടംകൂടുന്ന ചാനെലുകള്‍ക്കും പത്രങ്ങള്‍ക്കും ( മാധ്യമം ഒഴികെ ) ഇതൊരു 'സെന്‍സേഷണല്‍' വാര്‍ത്തയേ അല്ലായിരുന്നുള്ളതാണ്! കൂടാതെ, സ്ഥാനത്തും അസ്ഥാനത്തും ഉച്ചൈസ്തരം ചാടിവീഴുന്ന Human Rights കമ്മീഷനും നിശബ്ദത മാത്രം!
ReplyDeleteഈ മൃഗീയകൃത്യത്തില്‍ ലജ്ജമാത്രമല്ല, ശ്രീകുമാര്‍; കേരളത്തിന്റെ നിഷ്ക്രിയത്വതില്‍, നിസ്സംഗതയില്‍ നമുക്ക് ദുഖവും ആത്മനിന്ദയും ധാര്‍മ്മികരോഷവും കടിച്ചിറക്കാം. ഒന്നാലോചിച്ചുനോക്കൂ, നമ്മുടെയൊരു സുഹൃത്തോ, ബന്ധുവോ, ഇനിയാരെങ്കിലുമല്ലെന്കില്‍തന്നെയോ ഗയയിലോ ധര്‍ഭംഗയിലോ സമസ്തിപ്പൂരിലോവെച്ച് കൊല്ലപ്പെട്ടാല്‍, ഇതുതന്നെയാണ് അവിടെയും സംഭവിക്കുന്നതെങ്കില്‍, നമുക്കെങ്ങനെ അനുഭവപ്പെടും?