മണ്ഡലകാലം മൈക്കിന്റെ പൂക്കാലം
------------------------------
വൃശ്ചികം ഒന്നുമുതൽ എല്ലാ ഹിന്ദുമതാരാധനാലയങ്ങളിലെയും ഉച്ചഭാഷിണികൾ
ആവുന്നത്ര ഉച്ചത്തിൽ അലറിത്തുടങ്ങിയിരിക്കുകയാണ്. ഭക്തിയുടെ മാർഗ്ഗം ഉച്ചഭാഷിണിയല്ലല്ലോ. ആരാധനാലയങ്ങളിലും പരിസരത്തും ശാന്തിയും സ്വസ്ഥതയും ഉണ്ടാകണമെങ്കിൽ നിശബ്ദമായ അന്തരീക്ഷമാണല്ലോ അഭികാമ്യം. സങ്കൽപ്പദൈവങ്ങൾ പോലും ഉച്ചഭാഷിണിയുടെ ശല്യം സഹിക്കാനാവാതെ ഒന്നടങ്കം നാടുവിട്ടു പോയിരിക്കാനാണ് സാധ്യത. ഉച്ചഭാഷിണിയും ദൈവസങ്കല്പവുമായി യാതൊരു ബന്ധവുമില്ല. ഉച്ചഭാഷിണി കണ്ടുപിടിക്കുന്നതിനു മുൻപേ തന്നെ കേരളത്തിൽ ദൈവസങ്കല്പവും ആരാധനാലയങ്ങളും ഒക്കെയുണ്ട്. ഉച്ചഭാഷിണിയെക്കുറിച്ച് ക്ഷേത്രാചാര ഗ്രന്ഥങ്ങളിലെങ്ങും ഒരു പരാമര്ശവുമില്ല.
ശബ്ദമലിനീകരണം മറ്റു പരിസ്ഥിതി മലിനീകരണ പ്രവർത്തനം പോലെ വളരെ ഗൗരവത്തോടെതന്നെയാണ് നമ്മുടെ നിയമവ്യവസ്ഥ കണ്ടിട്ടുള്ളത്. കൃത്യമായ നിയമനടപടികളും ശിക്ഷാരീതികളുമെല്ലാം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുമുണ്ട് .ഇതെല്ലാം മതതീവ്രവാദ രാഷ്ട്രീയത്തോടുള്ള ഭയപ്പാടുമൂലം അസാധുവാക്കപ്പെടുകയാണ്. എത്രകൈകളും ആയുധങ്ങളുമുണ്ടെങ്കിലും സങ്കൽപ്പദൈവങ്ങളെ ഭക്തർക്ക് ഭയമില്ല. എന്നാൽ അവരെ ഭയപ്പെടുത്തി ബധിരരാക്കുന്നത് സങ്കൽപ്പ ദൈവങ്ങളുടെ കാവൽക്കാരാണ്. ദൈവമില്ലെന്നും നരകവും അവിടത്തെ തിളച്ച വെളിച്ചെണ്ണപ്പാത്രവും മുടിനാരേഴായി കീറിക്കെട്ടിയ പാലവും ബാർ അറ്റാച്ച്ഡ് സ്വർഗ്ഗവും അവിടത്തെ ചുവന്നപരവതാനി വിരിച്ച സുന്ദരിത്തെരുവുകളും ഭാവനയാണെന്നു നന്നായറിയാവുന്നത് പാവം ഭക്തജനങ്ങൾക്കല്ല. അന്ധവിശ്വാസങ്ങളെ മൊത്തമായും ചില്ലറയായും കച്ചവടം ചെയ്‌ത് ജീവിക്കുന്ന ദൈവ സെക്യൂരിറ്റിക്കാർക്കാണ്.
അവർ പ്രവാസികളിൽ നിന്നും നേർച്ചപ്പണം സ്വീകരിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ വരെ കേൾക്കത്തക്ക രീതിയിൽ മൈക്ക് പ്രവർത്തിപ്പിക്കും. അതവരുടെ വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ്.അമേരിക്കൻ മലയാളിയാണ് സംഭാവന നല്കിയതെങ്കിൽ അമേരിക്കയിൽ കേൾക്കുവോളം മൈക്കുവയ്ക്കും.
ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ,ഓഫീസുകൾ എന്നിവ പോലെത്തന്നെ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അവയുടെ നൂറ് മീറ്റർ ചുറ്റളവിൽ ശബ്ദയന്ത്രങ്ങളൊന്നും പ്രവർത്തിപ്പിക്കാൻ പാടില്ല.മറ്റു സ്ഥലങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ ഡെസിബെൽ അളവുകളും നിയമവ്യവസ്ഥയിലുണ്ട്.
വ്യവസായ മേഖലയിൽ എഴുപത്തഞ്ച് ഡെസിബെൽ വരെയും ഭവനമേഖലയിൽ അമ്പത്തഞ്ച് ഡെസിബെൽ വരെയും അനുവദനീയമാണ്.ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) റൂൾ 2000 ഇപ്പോഴും നിലവിലുണ്ട്.ഇതനുസരിച്ചാണ് കേരളാ പോലീസിന്റെ ലൗഡ് സ്പീക്കർ ലൈസൻസ് നിബന്ധനകൾ. കുട്ടികൾ പരാതിപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകേണ്ടതാണ്.ബാലാവകാശ കമ്മീഷന്റെ സുവ്യക്തമായ ഉത്തരവും നിലവിലുണ്ട്. നിയമം ലംഘിച്ചാൽ അഞ്ചു വര്ഷം തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷയായിട്ടുണ്ട്.
ഉപകരണങ്ങൾ പൊലീസിന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കാവുന്നതുമാണ്.അമിതമായ ശബ്ദം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനു ഹാനികരമാകയാലാണ് പ്രധാനമായും ഈ നിയമങ്ങളൊക്കെ നിർമ്മിച്ചിട്ടുള്ളത്.വ്യക്തി
ഏത് അധികാരിക്കും പരാതികൊടുക്കാനുള്ള അവകാശം പൗരർക്കുണ്ട്. സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ലാ കളക്റ്റർക്കും സംസ്ഥാന പോലീസ് സേനാ മേധാവിക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കും ഒക്കെ പരാതി സമർപ്പിക്കാവുന്നതാണ്. എവിടെനിന്നെങ്കിലും പൗരാവകാശം സംരക്ഷിച്ചു കിട്ടുമെന്ന് ഉറപ്പാക്കാവുന്നതാണ്. ആലപ്പുഴയിലെ പി പി സുമനൻ, കൊല്ലത്തെ മനു തുടങ്ങിയവർ ശബ്ദമലിനീകരണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുള്ളവരാണ്. ഇവരുടെ നേതൃത്വത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
ഇങ്ങനെ പ്രതികരിക്കുന്നവർക്കെതിരെ അമ്പലക്കമ്മിറ്റിക്കാർ ഭക്തജനക്കൂട്ടായ്മ എന്നൊക്കെയുള്ള കള്ളപ്പേരുകളിൽ പോസ്റ്റർ അടിച്ചു ഒട്ടിക്കാറുണ്ട്.
നാമജപഘോഷയാത്രപോലും സംഘടിപ്പിച്ചെന്നു വരും. അതൊക്കെ അവർ മുന്നോട്ടുവയ്ക്കുന്ന സംഹാരശക്തിസ്വരൂപിണിയായ ദൈവസങ്കല്പത്തിന്റെ ശക്തിരാഹിത്യത്തിനു തെളിവായിമാത്രമേ മാറുകയുള്ളൂ.
മണ്ഡലകാലം മൈക്കുവച്ചുകെട്ടി അഹങ്കരിച്ച് ആഘോഷിക്കുമ്പോൾ ചവിട്ടിയരയ്ക്കപ്പെടുന്നത്
മനുഷ്യന്റെ സമാധാനമാണ്. സ്വസ്ഥജീവിതം ആഗ്രഹിക്കാത്ത മനുഷ്യരില്ല. കിടപ്പുരോഗികളെ സംബന്ധിച്ചാണെങ്കിൽ തടവറയ്ക്കു ചുറ്റും സിംഹഗർജ്ജനം ഉണ്ടായാലത്തെ അനുഭവമായിരിക്കും. എഴുത്തുകാർക്ക് വായിക്കുന്നതിലുള്ള ശ്രദ്ധയും എഴുത്തിലുള്ള ഏകാഗ്രതയും വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാർത്ഥികൾക്ക് ശബ്ദരഹിതയും സ്വസ്ഥവുമായ അന്തരീക്ഷം പഠനത്തിന് അത്യാവശ്യമാണ്. മൈക്കുകൾ മിതമായിരിക്കട്ടെ. ശാന്തമായ കേരളം നമ്മുടെ അവകാശമാണ്.
കുരീപ്പുഴ
Wednesday, 20 November 2024
മണ്ഡലകാലം മൈക്കിന്റെ പൂക്കാലം
Monday, 4 November 2024
സനുക്രിസ്റ്റോ എന്ന പ്രവാസിയുടെ തുടർജീവിതം
സനുക്രിസ്റ്റോ എന്ന പ്രവാസിയുടെ തുടർജീവിതം
-------------------------------------------------------------
കൊല്ലത്തെ അഞ്ചാലുംമൂട്ടിനടുത്തുള്ള മതിലിൽ കൊച്ചുതൊടിയിൽ മിന്നാരത്തിൽ സനുക്രിസ്റ്റോ അബുദാബിയിൽ ജോലിചെയ്യുകയായിരുന്നു. കുടുംബത്തോടും നാടിനോടും ജോലിസ്ഥലമായ അറബിരാജ്യത്തിനോടും സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്ന ക്രിസ്റ്റോ ഒരു ദിവസം ഓഫീസിലേക്ക് പോകവേ പൊടുന്നനെ ശരീരം തളർന്നു. ഉടൻതന്നെ അബുദാബിയിലെ എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ആശുപത്രിയിൽ എത്തിക്കപ്പെട്ടെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചു. യൂനാനികാലത്തെ മരുന്നും മന്ത്രവുമൊന്നുമല്ല ഇപ്പോൾ അറബ് രാജ്യങ്ങളിലുള്ളത്. മോഡേൺ മെഡിസിനാണ്. എന്നിട്ടും ക്രിസ്റ്റോ കൈവിട്ടുപോയി. അവിടെയാണ് ക്രിസ്റ്റോയുടെ തുടർജീവിതം ആരംഭിച്ചത്.
ആശുപത്രി അധികൃതർ, ക്രിസ്റ്റോയുടെ ആന്തരികാവയവങ്ങൾ സഹജീവികൾക്ക് പ്രയോജനപ്പെടുത്താനായി നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടുന്നു. ക്രിസ്റ്റോയുടെ ഭാര്യ പ്രിയദർശിനിയും മക്കളും സമ്മതിക്കുന്നു. അങ്ങനെയാണ് ക്രിസ്റ്റോവിനു മരണാനന്തര ജീവിതം ലഭിക്കുന്നത്. പ്രവാസിലോകത്തെ മഹത്തായ മാതൃകയായി സനുക്രിസ്റ്റോ മാറി.
അപരിഷ്കൃതമായ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന മതങ്ങൾ അവയവദാനത്തെയോ ശരീരദാനത്തെയോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതൊക്കെ ദൈവനിശ്ചയത്തിനു വിരുദ്ധമാണെന്നുതന്നെ അവർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന പുരോഹിതരും പ്രഭാഷകരും ജീവിതം പ്രതിസന്ധിയിലാകുമ്പോൾ അന്യരക്തം സ്വീകരിക്കാൻ സന്നദ്ധരാകുന്നു. ഏതു ശസ്ത്രക്രിയയ്ക്കും വൃക്കരോഗ ചികിത്സയ്ക്കും മറ്റു മനുഷ്യരുടെ രക്തം അത്യാവശ്യമാണ്. ആശുപത്രിയോട് ചേർന്നുള്ള രക്തബാങ്കുകളിൽ മതപരമായ വേർതിരിവുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇത്തരം ചികിത്സകളുടെ ആരംഭകാലത്ത് സ്വന്തംമതത്തിലുള്ളവരുടെ രക്തം മാത്രമേ സ്വീകരിക്കാവൂ എന്ന ചില കടുംപിടുത്തങ്ങൾ എല്ലാ മതക്കാരും പുലർത്തിയിരുന്നു. ക്രമേണ അതുമാറി. ഇവിടെയെങ്കിലും മനുഷ്യൻ മതാതീതനായി. മതേതരരോഗങ്ങളാണ് ലോകത്തുള്ളത്. പ്ളേഗ് മുതൽ കോവിഡ് വരെയുള്ള എല്ലാ രോഗങ്ങളും മതമോ രാജ്യാതിർത്തികളോ കണക്കാക്കാതെയാണ് പിടിമുറുക്കിയത്. ഒരുകഷ്ണം സോപ്പും ഒരുതുണ്ടു തുണിയും ഉപയോഗിച്ച് കോവിഡിനെ പ്രതിരോധിക്കാമെന്നു നമ്മളെ പഠിപ്പിച്ചു സഹായിച്ചത് മതങ്ങളല്ല, സയൻസാണ്. അക്കാലത്ത് മാളത്തിലൊളിച്ച അത്ഭുത ദൈവരോഗശുശ്രൂഷക്കാരും ആലിംഗനസ്വാമിനിമാരും പിഞ്ഞാണത്തിലെഴുത്തുകാരും സഹതാപം അർഹിച്ച കഥാപാത്രങ്ങളാണ്.
അവയവമാറ്റം ആദ്യമായി നടന്നത് ഇന്ത്യയിലാണോ? അല്ല. അതിനു ഐതിഹ്യേതരമായ പിൻബലമൊന്നുമില്ല. ഗണപതിത്തല ചൂണ്ടിക്കാട്ടിക്കൊണ്ട് പ്ലാസ്റ്റിക് സർജറി അടക്കമുള്ള ശാസ്ത്രമുന്നേറ്റങ്ങൾ ഭാരതത്തിലാണ് ആരംഭിച്ചതെന്ന് ഏത് പ്രധാനമന്ത്രി പറഞ്ഞാലും സ്‌കൂളിൽ പോയിട്ടുണ്ടെന്ന ഒറ്റക്കാരണത്താൽ നമ്മളത് വിശ്വസിക്കില്ല. ആറ്റംബോംബ് കമ്പനി മുതൽ അണ്ടിയാപ്പീസുവരെ ദിവസേന ഉദ്ഘാടനം ചെയ്യേണ്ടിവരുന്ന നമ്മുടെ പാവം രാഷ്ട്രീയക്കാർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. കുരുക്ഷേത്ര യുദ്ധഭൂമിയോട് ചേർന്ന് ആശുപത്രികളോ രക്തബാങ്കുകളോ ഇല്ലല്ലോ. ഛേദിക്കപ്പെട്ട രാവണശീർഷങ്ങൾ തുന്നിച്ചേർക്കാതെതന്നെ മുളച്ചു വന്നു എന്നാണു കവിസങ്കല്പം. ഒറ്റയാളിന് പത്തുതലകളും മുന്നൂറ്റിയിരുപത് പല്ലുകളും സങ്കൽപ്പിക്കാൻ കഴിഞ്ഞ മഹാകവിക്ക് ആശുപത്രിയും ഡോക്ടറും നേഴ്‌സും ഓക്സിജൻ കിറ്റടക്കമുള്ള ഉപകരണങ്ങളും ഇല്ലാതെ തലമുളച്ചെന്നൊക്കെ സങ്കൽപ്പിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
ദക്ഷിണാഫ്രിക്കയിലെ ഡോ ക്രിസ്ത്യൻ ബർണാഡാണ് ഹൃദയം മറ്റൊരാളിനു മാറ്റിവച്ച് വിനയപൂർവം ചരിത്രം കുറിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കണ്ണും വൃക്കയും കരളുമടക്കം പല അവയവങ്ങളും മനുഷ്യജീവിതത്തിന് പ്രയോജനപ്പെടുത്താം. അത് സയൻസിന്റെ കണ്ടെത്തലാണ്. സയൻസിന്റെ കണ്ടെത്തൽ സമ്മതിക്കുക വഴിയാണ് ഒരാൾക്ക് തുടർ ജീവിതം സാധ്യമാകുന്നത്. ഇപ്പോഴാണെങ്കിൽ കേരളത്തിലും ഹൃദയമടക്കമുള്ള അവയവങ്ങൾ മാറ്റിവയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. പോലീസിന്റെയും ബഹുജനങ്ങളുടെയുമെല്ലാം സമ്പൂർണ്ണ സഹകരണം ഇത്തരം കാര്യങ്ങൾക്ക് കേരളത്തിൽ ലഭിക്കുകയും ചെയ്യും. മതമൗലിക വാദത്തിന്റെ തുരുമ്പിച്ച പരിചയൊന്നു മാറ്റിയാൽ മതി, സയൻസ് അതിന്റെ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊള്ളും.
അവയവദാനം മനുഷ്യന്റെ മഹദ്കർമ്മങ്ങളിലൊന്നാണ്. അതാണ് സനുക്രിസ്റ്റോയെ മറ്റുള്ളവരിലൂടെ ജീവിക്കാൻ പ്രാപ്തനാക്കിയത്.
49
Wednesday, 23 October 2024
നാസ്തികം
നാസ്തികം
---------------
സ്നേഹപൂർണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൗന്ദര്യ സൂചകം
നീലഗോളമുൾചേർന്ന ഗാലക്സിയിൽ
ജ്വാലകൾ വകഞ്ഞെത്തിയ ജാഗരം
എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാലനാനാത്വത്തിലുണ്മതൻ
നേർമുഖം കാട്ടുമൂർജ്ജപ്രചോദനം
ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോൽ സൂക്ഷ്മം സഹായകം
കാലബോധത്തിൽ നിന്നുയിർക്കൊള്ളുമീ
കാവ്യതീവ്രമാമുത്തരം നാസ്തികം
ഭാവസാന്ദ്ര മഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയാൽ സാഗരാതിർത്തികൾ
ചൂണ്ടിടുന്ന സഞ്ചാരിതൻ സൗഹൃദം
ഭൗതികത്തിന്റെയുൽപ്പന്നമാത്മാവ്
ലൗകികത്തിന്റെ ലീലയീ കൽപ്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നൽകി ജ്വലിക്കുന്ന നാസ്തികം
അന്ധകാരത്തോടേറ്റു മുട്ടുന്നവർ-
ക്കിന്ധനം മനസ്‌പന്ദനം നാസ്തികം
വജ്രനക്ഷത്രമാർഗ്ഗം സുധായനം
ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം
മിത്തിനുത്ഭവശൃംഗം മനസ്സെന്ന
രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം
മൃത്യുവിന്റെ അജ്ഞാതപ്രദേശത്ത്
വെട്ടമായ്‌വന്ന ശാസ്ത്രാവബോധനം
അബുദാശങ്കയാലെന്റെ തൊണ്ടയിൽ
കൽക്കരിത്തീ ചുവന്നു കനക്കവേ
നിർഭയം വന്നു ശസ്ത്രക്രിയാ മുറി-
ക്കപ്പുറത്തു കടത്തിയ നാസ്തികം
നിസ്തുലം നിത്യകാമിതം നിസ്സീമ-
സ്വപ്നമേഖല ചൂടും ഋതോത്സവം
അക്ഷരം അശ്രുബിന്ദുവിന്നർത്ഥമായ്
സ്വസ്ഥജീവിതം ചൂണ്ടുന്ന നാസ്തികം
ഉൾപ്പൊരുൾ തേടിയോരോ ചതുപ്പിലും
അഗ്‌നിബാധിച്ചു ഞാനലഞ്ഞീടവേ
ദുഃഖഹേതുക്കൾ ചൊല്ലി അസാധ്യമാം
മുക്തിതന്ന ബോധിത്തണൽ നാസ്തികം
സ്നേഹപൂർണ്ണം സുധീരം സുനാസ്തികം
Monday, 21 October 2024
കാഥികൻ സാംബശിവനും വെടി വഴിപാടും
കാഥികൻ സാംബശിവനും വെടി വഴിപാടും
-----------------------------------------------------
പല ആരാധനാലയങ്ങളിലും ഇന്നും നിലനിൽക്കുന്ന തികച്ചും പ്രാകൃതമായ ഒരു നേർച്ചയാണ് വെടി. ഒറ്റവെടി,ഇരട്ടവെടി, കൂട്ടവെടി എന്നിങ്ങനെ പാവം ഭക്തജനങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചു വിവിധ വെടിവഴിപാടുകൾ ഉണ്ട്. അമ്പലപ്പറമ്പിൽ നടത്തിയിരുന്ന കഥാപ്രസംഗപരിപാടിക്കിടയ്ക്ക് കാഥികസമ്രാട്ട് പ്രൊഫ.വി.സാംബശിവൻ ഈ പ്രാകൃത നേർച്ചയെ നന്നായി പരിഹസിച്ചിരുന്നു. ഭക്തൻ ആവലാതി പറയുന്നതിനിടയ്ക്ക്, കുംഭകർണ്ണകുറുപ്പായ ദൈവം ഉറങ്ങിപ്പോകുന്നു. ദൈവത്തെ ഉണർത്തി ബാക്കി ആവലാതികൂടി പറയാൻ വേണ്ടിയാണ് ഇടയ്ക്കിടെ വെടി പൊട്ടിക്കുന്നതെന്നാണ് സാംബൻ പരിഹസിച്ചത്. ഭഗവാനുറക്കമാണല്ലോ ...ഠോ...ഒറ്റവെടി... ഇരുപത്തഞ്ചു പൈസ.. ഭഗവാനുണർന്നു...പപ്പനാവൻ തന്റെ ആവലാതി പറഞ്ഞു....എന്റെ കൊച്ചിന്റെ.....ഭഗവാനുറങ്ങി..ഠോ... വയറിളക്കം ...പിന്നേം ഭഗവാനുറങ്ങി ഠോ... മാറിക്കിട്ടണേ ...ഠോ... എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ദൈവത്തെ ഇടയ്ക്കിടെ വെടിവച്ചുണർത്തി പറയണം. വേദിക്കനുസരിച്ചു ഭക്തരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം മാറ്റം വരുത്തമായിരുന്നു. സദസ്യർ പൊട്ടിച്ചിരിച്ചും കയ്യടിച്ചും ഈ പരിഹാസം, വെടി വഴിപാടുള്ള അമ്പലപ്പറമ്പിൽ ഇരുന്നുതന്നെ ആസ്വദിച്ചു. കുറെ ആളുകളുടെ മനസ്സിൽ ഇതിന്റെ അർത്ഥശൂന്യത തറച്ചിട്ടുണ്ടാകും. അവർ ദൈവത്തെ വെടിവച്ചിടുന്നതിൽ നിന്നും പിന്തിരിഞ്ഞിട്ടുമുണ്ടാകും.എന്നാൽ ഈ പ്രാകൃത നേർച്ച ഇപ്പോഴും തുടരുന്നു എന്നതാണ് സാക്ഷരകേരളത്തിന്റെ മുഖത്തുള്ള മാലിന്യം.
ശബ്ദമുണ്ടാക്കി മൃഗങ്ങളെയും പക്ഷികളെയും അകറ്റാമെന്നത് നമ്മുടെ പൂർവികരുടെ ആദ്യത്തെ കണ്ടെത്തലുകളിൽ ഒന്നാണ്. മൃഗങ്ങളും പക്ഷികളും ശബ്ദത്താൽ പ്രസാദിച്ച് ഉപദ്രവിക്കാത്തതാണെന്നു ഏതോ വഴിത്തിരിവിൽ വച്ച് മനുഷ്യർ വിചാരിച്ചിട്ടുണ്ടാകും. കബന്ധ മാതൃകയിലുള്ള അമ്പലക്കൊടിപോലെ ഒരു പക്ഷേ ഈ ഭയാനകശബ്ദവും ഒരു അടയാളമായി മാറിയിട്ടുണ്ടാകും ഭരണിത്തെറിക്കും മനുഷ്യത്തൂക്കത്തിനും എതിരെയൊക്കെ കേരളത്തിൽ സമരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രാകൃത വെടിവയ്‌പ്പ് ഇപ്പോഴും തുടരുകയാണ്. സർക്കാർ ആണെങ്കിൽ ദേവസ്വങ്ങൾക്കുള്ള വമ്പൻ വരുമാനമാർഗം എന്ന നിലയിൽ ഈ പ്രാകൃത ആചാരം അനുവദിച്ചിട്ടുമുണ്ട്. ശബരിമലയിലൊക്കെ വമ്പൻ തുകയ്ക്കാണല്ലോ വെടിവയ്ക്കാനുള്ള അവകാശം ലേലത്തിൽ പോകുന്നത്.
നിയമമനുസരിച്ചു ആരാധനാലയങ്ങൾ ആശുപത്രിപോലെ ശബ്ദരഹിതമേഖലയാണ് . അവിടെ വലിയ മുഴക്കങ്ങൾ ഉണ്ടാക്കാൻ പാടില്ല. പല ആരാധനാലയങ്ങളിലും ഈ വ്യവസ്ഥലംഘിച്ചു ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ചോദിക്കാനും പറയാനും ആളുള്ളിടത്ത് ശബ്ദം കുറച്ചും പ്രവർത്തിപ്പിക്കുന്നുണ്ട്. ഭക്തിക്ക് വേണ്ട സമാധാന അന്തരീക്ഷത്തെ കുറിച്ചൊക്കെ വിവരമുള്ള സ്വാമിമാർ പോലും പറഞ്ഞിട്ടുണ്ടെങ്കിലും വഞ്ചിപ്പെട്ടിയിൽ നോട്ടമുള്ള കമ്മിറ്റിക്കാർക്ക് അതൊന്നും ബാധകമല്ലല്ലോ. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വെടിയും വെടിക്കെട്ടും അടക്കമുള്ള എല്ലാ കൊടുംമുഴക്കങ്ങൾക്കും ബാധകമാക്കേണ്ടതാണ്.
ശബരിമല, ഓച്ചിറ,കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ വിസ്തൃതമായ ചുറ്റുപ്രദേശം ഉള്ളതിനാൽ പരിസരവാസികൾക്കു ബുദ്ധിമുട്ടു ഉണ്ടാകില്ലായിരിക്കാം. എന്നാൽ ഭക്തരുടെ ഏകാഗ്രത എന്നൊന്നുണ്ടെങ്കിൽ അതിനെ ഭഞ്ജിക്കുമല്ലോ. വെടിക്ക് പരമപ്രാധാന്യമുള്ള ചില തെരുവോരക്ഷേത്രങ്ങളുണ്ടാക്കുന്ന മലിനീകരണം വളരെ വലുതാണ്.യുദ്ധപ്രദേശത്തുകൂടി പോകുന്ന പ്രതീതിയാണ് അവിടെയുള്ളത്. വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയെ ഒരു ഞെട്ടലോടെ മാറ്റിമറിക്കാൻ ഈ വെടിയൊച്ചകൾ കാരണമാകും. ഒരിക്കൽ കുമിളിയിലെ ഒരു ക്ഷേത്രപരിസരത്ത് സായിപ്പിനോടൊപ്പം സൊറപറഞ്ഞിരുന്ന മദാമ്മ, വെടിമുഴക്കം കേട്ട് മലർന്നുവീണത് മറ്റുവിനോദ സഞ്ചാരികൾ കണ്ടുഞെട്ടിയത് ഓർത്തുപോകുന്നു. അമ്പല പരിസരത്ത് താമസിക്കുന്ന കിടപ്പുരോഗികൾക്കും രണ്ടും മൂന്നും തവണ ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടുന്ന പ്രമേഹരോഗികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടാണ്. പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ വെടിയൊച്ചകൾ ബുദ്ധിമുട്ടുണ്ടാക്കും,.
പുറ്റിങ്ങൽ ഭഗവതിയെ കരുവാക്കി വെടിക്കെട്ടുനടത്തുകയും നൂറിലധികം ആളുകളെ കൊല്ലുകയും ചെയ്ത സംഭവത്തിന് ശേഷം വെടിക്കെട്ട് നടത്തുന്നതിന് ചില നിബന്ധനകൾ ഉണ്ടായിട്ടുണ്ട്. അതിനേക്കാൾ പ്രധാനം വെടിവഴിപാടും മറ്റും നിയമം മൂലം നിരോധിക്കുകയാണ്.
ഈ പ്രാകൃതാചാരം ഒരു പരിഷ്കൃതസമൂഹത്തിനു യോജിച്ചതേയല്ല. നരബലി,മൃഗബലി,പക്ഷിബലി ഇവയൊക്കെ നിരോധിച്ച സമൂഹമാണ് കേരളീയസമൂഹം.വളരെ അപൂർവമായി ഇവ ഇപ്പോഴും അരങ്ങേറുന്നെങ്കിലും നിയമപരമായി ഇത് കുറ്റകൃത്യം തന്നെയാണ്.
ശബരിമലയിൽ വെടിവഴിപാടിന് സമയക്ലിപ്തതയുണ്ട്. സന്താനസൗഭാഗ്യത്തിനായി സന്തതിയില്ലാത്ത മാളികപ്പുറത്തിനു വെടി നടത്തുന്ന ഭക്തജനങ്ങൾക്ക് ഒരിക്കൽ കൂടി സ്‌കൂളിൽ പോകാനുള്ള സൗകര്യം വേണ്ടതാണെന്നു പോലും തോന്നിപ്പോകും.ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാഭ്യാസവും പരീക്ഷയ്ക്ക് വേണ്ടിയല്ല അതെന്ന തിരിച്ചറിവും സമൂഹത്തിനു ഉണ്ടാകേണ്ടിയിരിക്കുന്നു. അവിടെ വെടി വഴിപാടുപോലെയുള്ള പ്രാകൃത ആചാരങ്ങൾക്ക് പ്രസക്തിയില്ലാതാകും. ഭാരവാഹികളുടെ കുടിലചിന്തകൾക്ക് കടിഞ്ഞാണിടാൻ വെടിവഴിപാട് നിരോധിക്കുന്നത് നല്ലതാണ്.
54
Monday, 7 October 2024
ആയിരം രൂപയ്ക്ക് ബുദ്ധിയുള്ള കുട്ടി
ആയിരം രൂപയ്ക്ക് ബുദ്ധിയുള്ള കുട്ടി
----------------------------------------------
വിദ്യാരംഭസീസൺ ആയതോടെ എഴുത്തിനിരുത്തേണ്ട കുട്ടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്.തുഞ്ചൻ പറമ്പ് മുതൽ ആശാൻ സ്മാരകം വരെയുള്ള സാംസ്ക്കാരിക സ്ഥാപനങ്ങളും ഗ്രന്ഥശാലകളും പത്രസ്ഥാപനങ്ങളും ഏതാണ്ട് മത്സരബുദ്ധിയോടെ തന്നെ രംഗത്തുണ്ട്.
ഹിന്ദുമത വിശ്വാസികൾക്ക് ഇങ്ങനെയൊരു ഉത്സവസാധ്യത ഉണ്ടെന്നുകണ്ടപ്പോൾ മറ്റുമതസ്ഥാപനങ്ങളും വിദ്യാരംഭം തുടങ്ങി. സ്വന്തം മതത്തിൽ നിന്നും കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഹിന്ദുമന്ത്രം എഴുതിക്കാൻ പോകുന്നവരുടെ പ്രവാഹത്തിന് തടയിടാനായാണ് മറ്റുമതക്കാരും സമീപകാലത്ത് പരസ്യവിദ്യാരംഭപദ്ധതി ആരംഭിച്ചത്. ബോണസ് വാങ്ങുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഓണം ആഘോഷിക്കരുതെന്നും പെരുന്നാൾ വിഭവങ്ങൾ അയൽക്കാർക്ക് കൈമാറരുതെന്നും മറ്റും റീൽസിടുന്ന മതപ്രഭാഷണജീവനക്കാർ ഒരു പ്രതിരോധ പ്രവർത്തനം എന്നനിലയിൽ ഈ ദുരാഘോഷത്തെ വരവേൽക്കുന്നുണ്ട്. അതിൽ ഏറ്റവും കൗതുകമുണ്ടാക്കിയത് മലങ്കര ഓർത്തഡോക്സ് സഭക്കാരുടെ പരസ്യമാണ്. മലങ്കര സഭാരത്നം ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ശവകുടീരത്തിനുമുന്നിൽ വച്ച് പുരോഹിത ശ്രേഷ്ഠൻ റമ്പാൻ തന്നെയാണ് ആദ്യക്ഷരം കുറിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് കൂടുതൽ ബുദ്ധി ലഭിക്കുമെന്നും പരസ്യത്തിലുണ്ട്. രജിസ്‌ട്രേഷൻ ഫീസ് വെറും ആയിരം രൂപമാത്രം. പഴയ മുപ്പതു വെള്ളിക്കാശിനു തുല്യം. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് പിന്നീട് സംഘാടകർ അവകാശപ്പെട്ടിട്ടുണ്ട് .
എന്താണ് വിദ്യാരംഭം? പുസ്തകങ്ങൾ ഒന്നിലധികം ദിവസം പൂജവച്ചിട്ട് തിരിച്ചെടുക്കുന്ന പ്രഭാതത്തിൽ ഹിന്ദുമതത്തിലെ സവർണ്ണ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് കാരണവന്മാരോ പൂജാരിമാരോ കൈവിരൽ ബലമായിപിടിച്ച് അരിയിൽ എഴുതിപ്പിക്കുന്നതാണ് ചടങ്ങ്. ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്ത, കാവ്യഭാവന മാത്രമായ ഇന്ത്യൻ വിദ്യാദേവത സരസ്വതിയുടെ തിരുമുമ്പിലാണ് ഈ അഭ്യാസം നടത്തുന്നത്. നാലുകൈയുള്ള ഒരു വിചിത്ര സങ്കൽപ്പമാണ് സരസ്വതി. സാരിയും ബ്ലൗസുമണിയിച്ച് രാജാരവിവർമ്മ വരച്ചെടുത്ത സരസ്വതി അനങ്ങാൻ തുടങ്ങിയത് നിർമ്മിതബുദ്ധിയുടെ വരവോടുകൂടിയാണ്. ബലപ്രയോഗത്തിലൂടെ പിഞ്ചുകുഞ്ഞുങ്ങളുടെ നാരങ്ങാ അല്ലിപോലെയുള്ള വിരലുകൾ കൊണ്ട് എഴുതിപ്പിക്കുന്നത് മാതൃഭാഷയായ അമ്മമലയാളമല്ല.സാധാരണമനുഷ്യരാരും ഉപയോഗിക്കാത്ത ശുദ്ധസംസ്കൃതമാണ്. ഹരി ശ്രീ ഗണപതയെ നമ: എന്നാണാ ഹിന്ദുമന്ത്രം. ഇപ്പോൾ അൽപ്പം പുരോഗമനം ബാധിച്ചവർ അമ്മയെന്നും അച്ഛനെന്നും മറ്റും എഴുതിപ്പിച്ച് ജാള്യത മറയ്ക്കുന്നുണ്ട്.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളിൽ നടത്തുന്ന ഈ ബലപ്രയോഗം സവർണ്ണഹിന്ദു സമൂഹത്തിലെ ആൺകുട്ടികൾക്ക് മാത്രമുള്ളതായിരുന്നു. ആ ദിവസത്തോടെ അവരുടെ അക്ഷരപരിചയം ഉപബോധമനസ്സിൽ നിന്നുപോലും അപ്രത്യക്ഷമാകും. പിന്നീട് മാൻ മാർക്ക് കുടയെന്നെങ്കിലും വായിക്കണമെങ്കിൽ പള്ളിക്കൂടത്തിൽ പോയ ആരുടെയെങ്കിലും സഹായം അവർക്ക് വേണമായിരുന്നു. കീഴാളജനതയ്ക്ക് അക്ഷരബോധം നിരോധിച്ചിരുന്നു. ഇതിനെതിരെ കൃഷിത്തൊഴിലാളികളായ അവർ പണിമുടക്കിയത് ചരിത്രമാണല്ലോ. അതിനാൽ അയ്യൻകാളിയുടെ പിന്മുറക്കാർ സരസ്വതിക്ക് പകരം പഞ്ചമിയെ മനസ്സിൽ വിചാരിച്ചുകൊണ്ട് സർക്കാർ സ്‌കൂളിലേക്ക് പോകുന്നതാണ് ഉചിതം. സവർണ്ണരോ അവർണ്ണരോ ആയ ഒരു പെൺകുട്ടിക്കുപോലും അക്ഷരം പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. മതജീവിതത്തിനു വേദപുസ്തകവായന അത്യാവശ്യമാകയാൽ മിഷനറിമാരാണ് സ്ത്രീവിദ്യാഭ്യാസത്തിനു മുൻകൈ എടുത്തത്. ഇസ്‌ലാം മതത്തിൽ പെട്ടുപോയ പെൺകുഞ്ഞുങ്ങൾക്ക് സമീപകാലത്തുമാത്രമേ ഈ സൗകര്യം നൽകിയിട്ടുള്ളൂ. ഇതാണ് പശ്ചാത്തലം എന്നിരിക്കെ വിദ്യാരംഭകേന്ദ്രങ്ങളിലേക്ക് പാവം കുഞ്ഞുങ്ങളെ ബലമായി കൊണ്ടുപോകേണ്ട കാര്യമില്ല.
പത്രസ്ഥാപനങ്ങളും മറ്റും പാവം കുഞ്ഞുങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്.ഈ സർട്ടിഫിക്കറ്റല്ല, ജനന സർട്ടിഫിക്കറ്റാണ് സ്‌കൂളിൽ ചേരുമ്പോൾ ഹാജരാക്കേണ്ടത്. വിദ്യാരംഭസർട്ടിഫിക്കറ്റിന് ആക്രിക്കടലാസ്സിന്റെ വിലപോലും സ്‌കൂൾ അധികൃതർ കൽപ്പിക്കുന്നില്ല.ഇംഗ്ലീഷ് മീഡിയത്തിൽ സീറ്റ് ബുക്ക് ചെയ്തിട്ട് നടത്തുന്ന ഈ വിദ്യാരംഭം ഒരു ഹാസ്യാനുഭവമാണ്.
ഏകദിനഗുരുക്കന്മാർക്ക് വലിയ പ്രതിഫലവും ലഭിക്കുന്നുണ്ട്. വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയാണ് ഇതിനുപിന്നിലുള്ളത്. ജാതിയും മതവും അവയുടെ വാണിജ്യമുദ്രകളായ സങ്കൽപ്പകഥാപാത്രങ്ങളും വോട്ടായിമാറും എന്നചിന്തയുള്ള വർഗീയരാഷ്ട്രീയപ്പാർട്ടികൾക്ക് ഇതുമൊരു ചാകര. അല്ലാതെ വിജയദശമി ദിനത്തിലെ വിദ്യാരംഭം കൊണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒരു ഗുണവും ഉണ്ടാവുകയില്ല. ആയിരം രൂപയും അത്രയും സമയവും നഷ്ടമാകുമെന്നേയുള്ളു. കുഞ്ഞുങ്ങളുടെ ബുദ്ധി വികസിക്കാൻ മത വിദ്യാരംഭം ഒരു മാർഗ്ഗമേയല്ല.
52
- കുരീപ്പുഴ ശ്രീകുമാർ
ഇലയട
ഇലയട
---------
ഇലയിൽ നീയെന്നെ കിടത്തി
മലർവിരൽത്തുമ്പാൽ പരത്തി
ലവണവും മധുരവും ചേർത്ത്
ലഹരി ചൂടിച്ചു ചിരിച്ചു
തിരുനെറ്റിയിൽ നിന്നുവീണ വിയർപ്പിന്റെ
കണികയാൽ ഞാനുല്ലസിച്ചു
ഒടുവിൽ നീ പൊള്ളുന്ന
ചട്ടിയിലേക്കിട്ട്
അതിഗൂഢമായ് പുഞ്ചിരിച്ചു.
ഇലയാട, മാംസം,ഉൾവെല്ലവും വെന്തിട്ടും
പറയാതെതന്നെ കിടന്നു
മരണവും സന്തോഷമാണെനിക്ക്
പശിതീർന്നു നീ നടക്കുമ്പോൾ.
04 /10 /2024
Wednesday, 2 October 2024
ബൊമ്മ
ബൊമ്മ
----------
അറിയാനില്ലൊരുപായം
അതീവസുന്ദര നടനം
മാന്ത്രിക വചനം
യാന്ത്രിക ചലനം
അരയ്ക്കു കെട്ടിയ കാണാച്ചരടിൽ
കൊരുത്തനക്കും വിരലേ
അഴിച്ചു നോക്കൂ, തിരിഞ്ഞു ഞാൻ നിൻ
മുഖത്തുതന്നെ തകർക്കും.
ഞാനും നീയും നമ്മളുമെല്ലാം
ആരുടെ കയ്യിലെ ബൊമ്മ?
- കുരീപ്പുഴ ശ്രീകുമാർ