Tuesday, 27 September 2011
ഓണത്തിനൊരു യുദ്ധവും ചരിത്രവിദ്യാര്‍ഥികളും
ഇരുട്ടുകെട്ടിയ പാറക്കെട്ടുകള്‍ തുരന്ന് ഉഷസിന്റെ തീവണ്ടി ചുരുട്ടു പുകയും ചൂളംവിളിയുമായി താഴ്‌വരയില്‍ ചുമച്ചുനിന്നു കഴിഞ്ഞപ്പോഴാണ് ചിങ്ങം വന്നത്. പ്രകൃതിയാകെ മാറി. നിലാവ് ഓണപ്പൂക്കളിലലയാന്‍ തുടങ്ങി. ഉത്രാട രാത്രിയാണ്. ചീനപ്പറവകള്‍ കാടുകളില്‍ ചിലമ്പുകെട്ടി ചിനച്ചുണര്‍ന്നിട്ടുണ്ട്. തുടുത്ത കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ ഒരാള്‍ വന്ന്, ആലപ്പുഴയുടെയും എറണാകുളത്തിന്റെയും അതിര്‍ത്തി പ്രദേശമായ അരൂരിനു സമീപം ഒരു കായല്‍തീരത്ത് ചങ്ങാടം കാത്തുനില്‍ക്കുന്നുണ്ട്. അത് മഹാബലിയാണ്.
കായലിലൂടെ ചെറുവഞ്ചികളില്‍ മീന്‍പിടുത്തക്കാര്‍ പാട്ടുംപാടിപ്പോകുന്നുണ്ട്. അവരുടെ പാട്ടിന്റെ മാറ്റൊലി ചീനവലത്തട്ടില്‍ കൂടുകൂട്ടുന്നുണ്ട്. മഹാബലി, ആ മീന്‍പിടുത്തക്കൂട്ടുകാരുമായി വാക്കുകള്‍ മാറുന്നുണ്ട്. അപ്പോഴാണ്, മറ്റൊരു തോണി തുഴഞ്ഞ് ഒരു താടിക്കാരന്‍ വൃദ്ധന്‍ വരുന്നത്. അയാള്‍ ഒരു ശ്ലോകം ചൊല്ലുന്നുണ്ട്. ശ്ലോകം കേട്ടാല്‍ അക്ഷരശ്ലോക പരീക്ഷയില്‍ മത്സരിക്കുന്നുവെന്നേ തോന്നൂ. കുതിരയുടെ തോളത്ത് കൈവിരല്‍ ഓടിച്ചുകൊണ്ട് മഹാബലി ആ ശ്ലോകം ശ്രദ്ധിച്ചു.
'നീരാഴിപ്പെരുമാള്‍, തിരക്കുതിരകള്‍ തുള്ളുന്ന തേരേറി വന്നീ രാമന്റെ പരശ്വധത്തിനരുളീ കാണിക്കയായ് കേരളം; പാരാവാര വിമുക്തയെ, സ്സുഭഗയാമീ യൂഴിയെ പിന്നെ വന്നാ രാണക്ഷയ പാത്രമാക്കിയിവിടെ ജ്ജീവിച്ചതിന്നേ വരെ?' ഇതായിരുന്നു ശ്ലോകം.
അമ്പരന്നുപോയി മഹാബലി. ഇത് നാട്ടുകാരാരുമല്ല. ഏതു കാട്ടാളനാണാവോ! മഹാബലി സംശയിച്ചു. വഞ്ചി കരയ്ക്കടുപ്പിച്ചു മുഖമുയര്‍ത്താതെ നടന്ന അയാളോട്, നിങ്ങളാരാണ്, ഈ രാത്രിയിലെന്തിനു വന്നു എന്നു ചോദിച്ചു മഹാബലി. കണ്ണിലെ ചെമ്പന്‍ വലക്കെട്ടു തുള്ളിച്ചു, കയ്യിലിരുന്ന മഴുകറക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. കേട്ടിട്ടുണ്ടാവണം നിങ്ങളെന്നെ ഭാര്‍ഗവരാമനെ. ഈ വെണ്‍മഴു എറിഞ്ഞല്ലോ കേരളക്കര നേടി ഞാന്‍.
മലയാള നാട്ടിലെ എന്റെ സഞ്ചാരവേളക്കിടയില്‍ ഇങ്ങനെയുള്ള സത്യനിഷേധങ്ങള്‍ കേട്ടിട്ടുണ്ടെന്നു മഹാബലി മറുപടി പറഞ്ഞു. ഭാര്‍ഗവരാമന്‍ ചൊടിച്ചു. എന്റെ കേരള സൃഷ്ടിയെ നിഷേധിക്കാന്‍ നിങ്ങളാരാണ്?
മഹാബലി പറഞ്ഞു, ഞാനാരുമല്ല. അതിന് ഈ നാട്ടില്‍ ചരിത്ര വിദ്യാര്‍ഥികളുണ്ട്. ആരോ പറഞ്ഞ കടംകഥ ശാസ്ത്രത്തിന്റെ കാലത്ത് സത്യമാവുകയില്ല.
പരശുരാമന്‍ കൂടുതല്‍ ക്രൂദ്ധനായി തെളിവു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയതാണീ ഭൂമി. അവര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. അധര്‍മത്തിന്റെ വേരു ചെത്താന്‍ എടുത്തതാണെന്നു പറഞ്ഞ് പരശുരാമന്‍ മഹാബലിയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു. കടന്നു പറയരുത്. നിങ്ങളാരാണെതിര്‍ക്കുവാന്‍ എന്നും ചോദിച്ചു പരശുരാമന്‍.
ഈ ചോദ്യത്തിനു മഹാബലി മറുപടി പറയുന്നത്, ഞാനാരാണെന്നറിയാന്‍ നിനക്കു മുന്‍പുണ്ടായ വാമനനോടു ചോദിക്കണമെന്നാണ്. പരശുരാമന്‍ ജനിക്കുന്നതിനു മുന്‍പ് ഈ നാടു ഭരിച്ചിരുന്ന മഹാബലിയാണു ഞാന്‍. മനുഷ്യനായ മഹാബലി. ഈ നാട്ടിലേക്കാദ്യമെത്തിയ ബ്രാഹ്മണനാണ് വാമനന്‍. പാതാളത്തിലേക്കു മഹാബലിയെ താഴ്ത്തിയ ഭൂദാനയജ്ഞ പ്രവര്‍ത്തകനായിരുന്നു വാമനന്‍.
അതില്‍ കാര്യമുണ്ടല്ലൊ. അവതാര കഥകളനുസരിച്ച് മഹാവിഷ്ണു ആദ്യം മത്സ്യമായാണവതരിച്ചത്. പിന്നീട് ആമയായി. പിന്നെ പന്നിയായി. അതിനുശേഷം നരസിംഹമായി. പിന്നെ വാമനനായി. അതിനും ശേഷമാണല്ലൊ പരശുരാമനായി അവതരിക്കുന്നത്. ഹിമയുഗങ്ങള്‍ക്കുശേഷമാണ് മനുഷ്യനും അവന്റെ സങ്കല്‍പശേഷികളും അവതരിച്ചതെന്നതിനാല്‍ മഹാവിഷ്ണു ദിനോസറായി അവതരിച്ചില്ല. ഏതു സങ്കല്‍പവും അറിവിന്റെ അടിസ്ഥാനത്തിലേ സാധ്യമാവുകയുള്ളു. വിവിധ ദേശങ്ങളിലെ മനുഷ്യര്‍ അവരുടെ സങ്കല്‍പശേഷി അനുസരിച്ചുണ്ടാക്കുന്ന കഥകളില്‍ പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയൊരു പൊരുത്തക്കേടാണ് വാമന പരശുരാമ അവതാര കഥകളും കേരളവുമായുള്ളത്. തികഞ്ഞ ഭൗതിക വാദിയായിരുന്ന വയലാര്‍ രാമവര്‍മ്മ ഈ പൊരുത്തക്കേടിനെ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുന്നത്. മിത്തുകളുടെ യുക്തി ഭദ്രതയുള്ള വിനിയോഗമാണ് മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന കവിതയിലുള്ളത്.
കവിതയില്‍ മഹാബലിയും പരശുരാമനും തമ്മില്‍ ഗംഭീര യുദ്ധം നടക്കുകയും പരശുരാമന്‍ എട്ടടി ദൂരേയ്ക്ക് തെറിച്ചുവീണു തോല്‍ക്കുകയും ചെയ്യുന്നു. ആ വഴിവന്ന ചരിത്ര വിദ്യാര്‍ഥികള്‍ നല്ല ഗവേഷണ വസ്തുവിനെ കണ്ടതുപോലെയാണ് പരശുരാമനെ നിരീക്ഷിച്ചത്. ഒന്നാമതായി പരദേശി വര്‍ഗത്തെ കേരളത്തിലെത്തിച്ച മൂപ്പില, കോടാലിയിപ്പോഴും കളഞ്ഞില്ലെന്നു പഠിച്ചുറപ്പിക്കുന്നു.
ചരിത്ര വിദ്യാര്‍ഥികള്‍ കേരളത്തില്‍ നന്നേ കുറഞ്ഞിരിക്കുന്നു. നമ്മുടെ മക്കളെല്ലാം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും സാങ്കേതിക വിദ്യാ വിദഗ്ധരുമാകയാല്‍ ചരിത്രം പഠിച്ചു ചോദ്യങ്ങളുന്നയിക്കുന്നത് ഇനിയാരാണ്? ഓണം കമ്പോളത്തിലൊതുങ്ങിപ്പോയത് അതുകൊണ്ടാണ്.
Subscribe to:
Post Comments (Atom)
തികച്ചും വാസ്തവികമായ ഒരു ഭാവന...സ്ഥാനീയ നിവാസികളുടെ മേലുള്ള വരതന്മാരുടെ (ഇവിടെ ആര്യന്മാരുടെ) കടന്നു കയറ്റം ആണല്ലോ ഇവിടെ മുഴച്ചു നില്‍ക്കുന്നത്.മഹാബലി സ്ഥാനീയ രാജാവും വാമനന്‍ വരത്തനും.ഇപ്പോള്‍ മാവേലി വന്നാല്‍ വല്ല കടക്കാരും പിടിച്ചു മുന്നില്‍ നിര്‍ത്തും..അത് കൊണ്ട് വേഷം ഒക്കെ മാറിയാ വരവ്..
ReplyDelete