പുതിയ പ്രതിഭകളെ കണ്ടെത്തുകയും ഭാവനാപൂര്‍ണമായ പ്രകാശപ്രദേശങ്ങളിലേക്ക്
പത്രപ്രവര്‍ത്തനത്തെ നയിക്കുകയും ചെയ്ത അപൂര്‍വവ്യക്തികളില്‍ പ്രഥമഗണനീയനാണ്
കാമ്പിശ്ശേരി കരുണാകരന്‍. കേസരി ബാലകൃഷ്ണപിള്ള, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍
തുടങ്ങി ചുരുക്കം പേരുകളേ ആ ഗണത്തില്‍ ഓര്‍മ്മിക്കാനുള്ളൂ.
ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കേരളീയ സമൂഹത്തിന് യുക്തിയുടെ
നന്മകള്‍ കാട്ടിക്കൊടുത്തു. പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരെ അപരിചിത
മേഖലകളിലേക്ക് സഞ്ചരിപ്പിച്ചു. സ്ത്രീപക്ഷ ചിന്തകള്‍ കേരളത്തിന്റെ
മുമ്പിലവതരിപ്പിച്ചു.
എന്നാല്‍ പത്രാധിപര്‍ മാത്രമായിരുന്നില്ല കാമ്പിശ്ശേരി. സാഹസികനായ രാഷ്ട്രീയ
പ്രവര്‍ത്തകനും അന്ധവിശ്വാസങ്ങളെ കത്തിച്ചുകളഞ്ഞ നാസ്തികനും നര്‍മ്മത്തിന്റെ
മര്‍മ്മമറിഞ്ഞ എഴുത്തുകാരനും ഒക്കെയായിരുന്നു അദ്ദേഹം.
അതിനുമപ്പുറം
കാല്‍നൂറ്റാണ്ടിലേറെക്കാലം മലയാള നാടക ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന
അഭിനേതാവുമായിരുന്നു കാമ്പിശ്ശേരി. ചരിത്രം മാറ്റിയെഴുതിയ നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ ജനഹൃദയങ്ങളിലെത്തിച്ചത്
കാമ്പിശ്ശേരിയായിരുന്നു.
അഭിനയത്തെ ജീവിതത്തിലേക്ക് മാറ്റിയ സന്ദര്‍ഭങ്ങളും
അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരാളില്‍ സന്നിവേശിക്കാനുള്ള കഴിവാണല്ലോ ഏതു നടനും
ആവശ്യമായിട്ടുള്ളത്.
ഈ കഴിവിനൊരു നല്ല ഉദാഹരണം തോപ്പില്‍ഭാസിയുമായി അദ്ദേഹം നടത്തിയ പന്തയമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കാമ്പിശ്ശേരിയെ
വീട്ടുതടങ്കലിലാക്കി. കാമ്പിശ്ശേരി വീട് നില്‍ക്കുന്ന കരവിട്ട് എങ്ങും പോകാന്‍
പാടില്ല. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരുമുണ്ടായിരുന്നു. പൊലീസുകാര്‍
കാവലിരിക്കുന്ന സ്ഥലത്ത്കൂടി അവരറിയാതെ കടന്നുപോകണമെന്നതായിരുന്നു പന്തയം.
കാമ്പിശ്ശേരി കപ്പടാ മീശയുപേക്ഷിച്ച് മുഖത്ത് ലേശം കരിയും പുരട്ടി മുഷിഞ്ഞ ചെറു
മുണ്ടുമുടുത്ത് ഒരു വെട്ടുകത്തിയില്‍ തേങ്ങ കൊത്തിയെടുത്ത് കടന്നുപോവുക മാത്രമല്ല,
പൊലീസുകാരെ ചെന്നുകണ്ട് വര്‍ത്തമാനം പറയുകയും ചെയ്തു.
ഈ സ്വയം പരിശീലനം നടത്തിയ
കാമ്പിശ്ശേരി ആയിരക്കണക്കിനു രാത്രികളാണ് നാടകാഭിനയത്തിനായി മാറ്റിവച്ചത്. ഇത്രയും
നാടക-സിനിമാഭിനയ പരിചയമുള്ള ഒറ്റ പത്രാധിപരും കേരളത്തിലുണ്ടായിട്ടില്ല.
അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന സിനിരമ വൈക്കം മുഹമ്മദ്
ബഷീറിന്റേതടക്കം പ്രശംസ നേടിയിരുന്നല്ലോ.
അഭിനയ ചിന്തകള്‍ എന്ന പുസ്തകം കാമ്പിശ്ശേരിയില്‍ നിന്നും മലയാളത്തിനു കിട്ടിയ
വലിയ അനുഭവനിധിയും ദര്‍ശനവുമാണ്.
അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാമ്പിശ്ശേരി പത്തുകല്‍പനകള്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെ കല്‍പന, അഭിനയമെന്നത് ഒരു കൂട്ടുകച്ചവടമാണ്
എന്നാണ്. നടന്മാര്‍ അനേ്യാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒന്നാം
കല്‍പനയിലുള്ളത്.
സംഭാഷണവും അഭിനയവും റിഹേഴ്‌സലിനേക്കാള്‍ കുറയുകയോ കൂടുകയോ ചെയ്യരുതെന്നാണ്
രണ്ടാം നിയമം.
മൂന്നാം നിയമം അനുകരണത്തിനെതിരെയും നാലാം നിയമം ഭാവിയെപ്പറ്റി അഭിനേതാവ്
അജ്ഞതഭാവിക്കണമെന്നുമാണ്. കഥാപാത്രത്തിന് ഇനിയെന്തു സംഭവിക്കുമെന്ന്
കാണികള്‍ക്കറിയില്ല. എന്നാല്‍ അഭിനേതാവിനറിയാമല്ലോ. ഈ അറിവ് മറക്കാതിരുന്നാല്‍
അഭിനേതാവിന്റെ പ്രകടനം പാളും.
അഞ്ചാം കല്പനയായി ഏതു നടനും ശബ്ദവിന്യാസത്തിലും അംഗചലനത്തിലും പരിശീലനം
നേടേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.
അരങ്ങത്തെ നടപ്പുമാത്രമല്ല, നില്‍പ്പുകൂടി നടീനടന്മാര്‍ പരിശീലിക്കണമെന്നതാണ്
ആറാം കല്പന.
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നതാണ് ഏഴാം കല്പന. വീണയോ തബലയോ
തോക്കോ കൈകാര്യം ചെയ്യേണ്ട നടന്‍ അത് അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കൈകാര്യം
ചെയ്യുന്നതായി അഭിനയിക്കാനെങ്കിലും അറിഞ്ഞിരിക്കണമെന്നു സാരം.
ചുറ്റുപാടില്‍ നിന്ന് പഠിക്കണമെന്നതാണ് എട്ടാം പാഠം.
ഒന്‍പതാം നിയമത്തില്‍ ശൂന്യനിമിഷങ്ങളെ അഭിനയിക്കാതിരുന്നു നേരിടുന്ന വിദ്യയാണ്
പറയുന്നത്.
അഭിനേതാവിന് വായനയിലും സഞ്ചാരത്തിലും താല്‍പ്പര്യമുണ്ടാകണമെന്നതാണ്
കാമ്പിശ്ശേരി നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം നിയമം.
ഓരോ കല്പനയിലും വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്.
അഭിനേതാവറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതുമാത്രമല്ല. എന്നാല്‍ ഇതറിയാതെ മുന്നോട്ട്
പോകാനും സാധ്യമല്ല.
മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു
കല്പനകള്‍.
|
Monday, 23 July 2012
കാമ്പിശ്ശേരിയുടെ പത്ത് കല്പനകള്‍
Subscribe to:
Post Comments (Atom)
കമ്പിശ്ശേരിയെ കുറിച്ച് ഇത്രേം കാര്യങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചതിന് നന്ദി.....ഇനിയും പ്രതീക്ഷിക്കുന്നു....
ReplyDeleteസന്യാസിയുടെ വേഷത്തില്‍ കാമ്പിശ്ശേരി കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ പ്രസംഗിച്ചിട്ടുണ്ട്.ഒരാളിന് മാത്രം ആളെ പിടികിട്ടി.എമ്മെന്!
ReplyDeletePost vaayichu
ReplyDeleteനന്ദിസജിം.
Deleteഹൃസ്വമെങ്കിലും വളരെ പ്രയോജനകരമായ ലേഖനം.
ReplyDeleteകാമ്പിശ്ശേരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് ഉതകും. നന്ദി മാഷേ.
കാമ്പിശ്ശേരി ഒരു വന്കരയാണ്.ഏറെ അറിയാനുള്ളത്.
Delete